Wednesday, 13 May 2015

ലീഗ് ബഹിഷ്കരണത്തിലേക്ക്...SDPI ലക്ഷ്യത്തിലേക്ക് അടുക്കുന്നുവോ..?

എസ്  ഡി പി ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ ഭ്രഷ്ട് കല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കുന്നു, ഓണ്‍ ലൈനില്‍ പോലും സൗഹൃദം വേണ്ട എന്നാണ് തിട്ടൂരം ... രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്ന ആപ്തവാക്യം കേട്ട് പഠിച്ച നമുക്കൊക്കെ വലിയ അമ്പരപ്പ്‌ തോന്നേണ്ട തീരുമാനമാണ് ലീഗ് എടുത്തിരിക്കുന്നത്, കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത ഈ 'ബഹിഷ്കരണ' യജ്ഞത്തിലേക്ക് എടുത്തുചാടാന്‍ ലീഗിനെ പ്രേരിപ്പിച്ച കാരണമെന്താണ്?
നമുക്ക് കണ്ടു പിടിക്കാം 


SDPI യില്‍ നിന്ന് തുടങ്ങാം,
. 2011 ല്‍  ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന എസ്  ഡി പി ഐ യുടെ ശക്തി പ്രകടനം വീക്ഷിച്ച ശേഷം റഫി മാര്‍ഗിലെ പത്രക്കാരുടെ ആസ്ഥാനമായ എന്‍ എസ് ബില്‍ടിങ്ങിലെ കാന്റീനില്‍ ഇരുന്ന് പത്രക്കാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയാണ്  എസ്‌  ഡി പി ഐ യെ ക്കുറിച്ചുള്ള എന്‍റെ ആദ്യത്തെ 'സീരിയസ്' ചര്‍ച്ച. 
യു പി യില്‍ നിന്ന് ആളുകളെ ദിവസക്കൂലി കൊടുത്ത് ലോറികളില്‍ കൊണ്ടുവന്നിറക്കിയാണ് ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം രാംലീല നിറക്കാറുള്ളത്, അത് കൊണ്ട് തന്നെ രാംലീലയില്‍ നടക്കുന്ന പരിപാടികളില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ അല്ലാതെ എത്ര ആളുകൂടി എന്ന കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ച യാവാറെ ഇല്ല. വരുന്നത് മിക്കവാറും ഒരേ ആളുകള്‍ തന്നെയായിരിക്കും, SDPI യുടെ പ്രകടനത്തില്‍ പക്ഷെ കണ്ടത് ഉശിരുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ചെറുപ്പക്കാര്‍ രാംലീല നിറഞ്ഞു കവിയുന്നത്ര!
പല രാഷ്ട്രീയ പാര്‍ട്ടികളുടെ ജനനവും മരണവും കണ്ട തലമുതിര്‍ന്ന പത്രക്കാരില്‍ പലരും  പറഞ്ഞു,
"ഇവര്‍ ആരാണെങ്കിലും ലക്ഷ്യം കാണും".
പോപ്പുലര്‍ ഫ്രെണ്ടിനെതിരെ ശക്തമായി നിലപാടെടുത്ത, ഞാന്‍ ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പോപ്പുലര്‍ ഫ്രെണ്ടിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച പി ചിദംബരം ആഭ്യന്തര മന്ത്രിക്കസേരയില്‍ ഇരിക്കുമ്പോഴാണ് ഈ ശക്തി പ്രകടനം നടന്നത്.

അടുത്ത ദിവസം പത്രങ്ങള്‍ വാര്‍ത്ത മുക്കുകയോ, അപ്രധാന മൂലകളില്‍ ഒതുക്കുകയോ ചെയ്തു, കാരണം പറയേണ്ടല്ലോ....,
അന്ന് കണ്ട SDPI യെ പിന്നെ പലേടത്തും കണ്ടു, ഉത്തരേന്ത്യന്‍ യാത്രകളില്‍ പല വന്‍നഗരങ്ങളിലും ഓഫീസുകളും കൊടികളും ചുവരെഴുത്തുകളും, ദലിതരും മുസ്ലിംകളും തിങ്ങിതാമാസിക്കുന്ന ചേരികളിലും ഗ്രാമങ്ങളിലും SDPI കുടിയേറിക്കഴിഞ്ഞു, 20 സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നു, പലേടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളെ ലഭിച്ചിരിക്കുന്നു

 ഇനി കേരളത്തിലേക്ക് വന്നാലോ... പല പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെയും കടത്തിവെട്ടുന്ന ശക്തി പ്രകടനങ്ങള്‍ സംസ്ഥാനത്തുടനീളം SDPI കാഴ്ച വെച്ചു കഴിഞ്ഞിരിക്കുന്നു..
ശക്തമായ തീവ്രവാദ മുദ്ര, മാധ്യമ തമസ്കരണം, കോട്ടക്കല്‍ പോലിസ് സ്റ്റേഷന്‍ ആക്രമണം, കൈവെട്ടു കേസ്, നാറാത്ത് തീവ്രവാദ പരിശീലനം തുടങ്ങി ഒരു സംഘടനയെ വേരോടെ പിഴുതെറിയാന്‍ പറ്റും വിധം പോലിസ് നടപടികളും അപസര്‍പ്പക കഥകളും പ്രചരിക്കുന്നതിനിടെ SDPI വളര്‍ന്നു, മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ SDPI യിലേക്ക് ചേക്കേറുന്ന നിരവധി ചടങ്ങുകള്‍ നടന്നു വരുന്നു. മഅദനിയുടെ പിടിപി യെപ്പോലെ ഒരാള്‍ക്കൂട്ട രാഷ്ട്രീയപ്പാര്‍ട്ടി അല്ല SDPI, ഏതെങ്കിലും ഒരു നേതാവിനെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടല്ല SDPI വളര്‍ന്നത്.
അടുത്ത കാലത്ത് കേരളം കണ്ട രാഷ്ട്രീയ അത്ഭുതമാണ് SDPI എന്ന് പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.

ബ്ലോഗന്‍ സുടാപ്പിയാണല്ലേ...?
ഇത് വരെ അല്ല, SDPI ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാട് എന്ത് എന്ന് ഇനിയും അറിയാന്‍ ഇരിക്കുന്നെയുള്ളൂ...,പക്ഷെ, ഇന്ന് കേരളത്തിലുള്ള മറ്റേതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കാള്‍ അപകടകരമാണ് SDPI എന്ന് വിശ്വസിക്കാന്‍ ഒരു ന്യായവും ഇല്ല.  വിശപ്പില്‍ നിന്ന് മോചനം, ഭയത്തില്‍ നിന്ന് മോചനം എന്ന മുദ്രാവാക്യത്തിന്‍റെ പ്രസക്തി മലയാളിക്ക് പിടികിട്ടില്ല.., അത് വിശപ്പിലും ഭയത്തിലും ജീവിക്കുന്നവര്‍ക്കെ മനസ്സിലാകൂ.., അങ്ങനെയുള്ളവര്‍ ഇന്ത്യയില്‍ ഉണ്ട്. കുറച്ചൊന്നുമല്ല, കോടികള്‍ തന്നെയുണ്ട്.

കേരളത്തില്‍..?
മുന്നണി രാഷ്ട്രീയത്തിന്‍റെ ഈറ്റില്ലമായ കേരളത്തില്‍ രണ്ടില്‍ ഒരു മുന്നണിയില്‍ കടന്നു കൂടാനുള്ള   സാധ്യതകള്‍ ആരായുകയാണ് SDPI.  അത് ഇന്നല്ലെങ്കില്‍ നാളെ നടക്കും,  വലതുമുന്നണിയിലെ ലീഗിന് പകരം ഇടതു മുന്നണിയില്‍ ഒരു മുസ്ലിം പാര്‍ട്ടി വേണമെന്ന ഇടതുമുന്നണിയുടെ ആഗ്രഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പി ഡി പി, നാഷണല്‍ ലീഗ്, ഇപ്പോള്‍ പി ടി എ റഹീം, കെടി ജലീല്‍ നേതൃത്വത്തിലുള്ള 'അവിലുംകഞ്ഞി' പരീക്ഷണങ്ങള്‍ ഒക്കെ നടത്തി മതിയായ ഇടതുമുന്നണിയുടെ കൈ SDPI യിലേക്ക് നീണ്ടുകൂടെ?   നാട് നീളെ  തെറിവിളിച്ചു നടന്ന പിള്ളയെയും മകനെയും സ്വീകരിക്കാമെങ്കില്‍ ഇടതു മുന്നണിക്ക്‌ SDPI യെ സ്വീകരിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല,

ഒരു നിയമസഭാ സീറ്റില്‍ ജയിക്കാന്‍ SDPI ഇനിയും എത്ര നാള്‍ കാത്തിരിക്കണം?
വെറും രണ്ട് എം പി മാരുണ്ടായി കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന്, പാര്‍ലമെന്റിന് പരിസരത്ത് തേരാപാര നടന്ന ബിജെ പി യാണ് ഇന്ന് നാട് ഭരിക്കുന്നത്., രാഷ്രീയ കാലാവസ്ഥ മാറിമറിയാന്‍ കൂടുതല്‍ സമയമൊന്നും വേണ്ട.
SDPI വന്നതിനു ശേഷം കേരളത്തില്‍ SDPI ശക്തിപ്പെടുകയാണ്‌, വര്‍ഗ്ഗീയ രാഷ്ട്രീയം കേരളത്തെ കാര്‍ന്ന് തിന്നുമോ..?
ഇതൊരു ന്യായമായ ഭയമാണ്, പക്ഷെ ഈ ഭയം ഇവിടത്തെ മുഖ്യധാര പാര്‍ട്ടി കള്‍ക്കൊന്നും ഇല്ല. മുസ്ലിംകള്‍ക്കെതിരെ നിരന്തരമായ പിശാചുവല്‍ക്കരണ പ്രചാരണങ്ങള്‍ സംഘപരിവാര്‍ നടത്തുമ്പോള്‍ മുഖ്യധാരയില്‍ നിന്ന് പ്രത്യേകിച്ച് അനക്കമൊന്നും കാണാറില്ല, എന്നല്ല പലരും എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ലവ് ജിഹാദ്, അഞ്ചാം മന്ത്രി, ശബരിമലയിലെ വരുമാനം കൊണ്ട് പൊതു ഖജനാവ് നിറക്കുന്നു എന്ന ആരോപണം, ഇപ്പോള്‍ പുറത്തു വന്ന യഹ് യ കമ്മുക്കുട്ടി അടക്കമുള്ള ചെറുപ്പക്കാരുടെ വ്യാജ തീവ്രവാദ കേസുകള്‍, ക്ഷേത്ര മുറ്റത്തു പശുവിനെ കൊന്നും മറ്റും വര്‍ഗ്ഗീയത ഇളക്കിവിടാനുള്ള  ശ്രമങ്ങള്‍ തുടങ്ങി...സംഘപരിവാര്‍ വര്‍ഗ്ഗീയ വേലിയേറ്റം ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ ഒന്നും മുഖ്യധാര മിണ്ടിയിട്ടില്ല, ലീഗ് പലപ്പോഴും നല്ല ഉറക്കം നടിച്ചു..,കേന്ദ്രത്തില്‍ ബി ജെ പി വന്നതോടെ അധികാരത്തോടൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള പലരും മുഖം മൂടി മാറ്റി വര്‍ഗ്ഗീയത തുറന്നു പ്രകടിപ്പിച്ചു വരുന്നു..., ഇങ്ങനെ ഒരു സാഹചര്യത്തില്‍ ബി ജെ പി യുടെ വളര്‍ച്ചക്ക് SDPI വളമാകുന്നു എന്ന ആരോപണം നിലനില്‍ക്കില്ല, പക്ഷെ ബി ജെ പി നിയമസഭാ സീറ്റ് നേടുന്ന സാഹചര്യം ഉണ്ടായാല്‍ അത് SDPI ക്ക് വളമാകും. മുസ്ലിംകള്‍ക്ക് വര്‍ഗ്ഗീയ  അരക്ഷിതാവസ്ഥ അനുഭവപ്പെട്ടാല്‍ ലീഗിനെ ആശ്രയിക്കുന്നതിനു പകരം SDPI യെ ആശ്രയിക്കാനാണ് സാധ്യത കൂടുതല്‍.

ലീഗിനെ തൊടാന്‍ ഇനിയും കുറെ കാത്തിരിക്കേണ്ടി വരില്ലേ SDPI ക്ക്?
വേണ്ടി വരില്ല എന്ന് തോന്നുന്നു, അതാണ്‌ ലീഗില്‍ നിന്നുള്ള ബഹിഷ്കരണ ആഹ്വാനം വ്യക്തമാക്കുന്നത്, സോഷ്യല്‍ മീഡിയയിലും മറ്റും SDPI യുമായി ഇടപഴകുന്നവരും മുട്ടാന്‍ ചെല്ലുന്നവരും പതുക്കെ ലീഗ് വിടുന്ന സാഹചര്യമുണ്ട് ഇപ്പോഴത്തെ ബഹിഷകരണ ആഹ്വാനം ഒരു സ്വയം പ്രതിരോധമാണ്.., കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയുന്ന ലീഗിന്‍റെ പരിഭ്രമമാണ് കാണുന്നത്.

ഇങ്ങനെ ഒരു ബഹിഷ്കരണാഹ്വാനം ലീഗ് പണ്ട് നടത്തിയിരുന്നു 1989 ല്‍. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അണികളെയും കൊണ്ട് പോകും എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ ബഹുമാന്യനായ പാണക്കാട് ശിഹാബ് തങ്ങള്‍ വക പ്രസ്താവന വന്നു, കാന്തപുരത്തെ ബഹിഷ്കരിക്കണം, കാന്തപുരം ഏറണാകുളത്ത് നടത്തുന്ന സമ്മേളനത്തില്‍ പോലും പങ്കെടുക്കരുത് എന്ന് ആഹ്വാനമുണ്ടായി...,
നടന്നതോ..കാന്തപുരത്തിന്റെ എറണാകുളം സമ്മേളനം ഒരു വന്‍ വിജയമായിരുന്നു...., പാണക്കാട്ടു നിന്നുള്ള ബഹിഷ്കരണാഹ്വാനത്തിന് മുസ്ലിം സമുദായം പുല്ലുവില കല്‍പ്പിച്ചില്ല എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള കാന്തപുരത്തിന്റെ വളര്‍ച്ച...ഇന്ന് കാന്തപുരത്തിന്റെ പൊതു പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാന്‍   ലീഗ് മന്ത്രിമാര്‍ കാത്തിരിക്കുന്ന കാലം വന്നിരിക്കുന്നു..., ബഹിഷ്കരണ ക്കാര്‍ അറിയുമോ ഈ അങ്ങാടി വാണിഭം?
SDPI ലക്ഷ്യത്തോടടുക്കുന്നു എന്ന് തന്നെയാണ് ലീഗിന്‍റെ ഭയം നമ്മോട് പറയുന്നത്.
SDPI വന്നാല്‍ നാട് നന്നാകുമോ..?
എപ്പം നന്നായിന്നു ചോദിച്ചാല്‍ മതി, ഇന്നത്തെ രാഷ്ട്രീയ അവസ്ഥയില്‍ ഏതപ്പന്‍  വന്നാലും കണക്കാ..., നാട് നന്നാവാന്‍ നാട്ടാര് നന്നാവണം.., ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ തന്നെ ലഭിക്കും. പണ്ടേ അതങ്ങനെയാണ്.
   
         


      

6 comments:

 1. ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ തന്നെ ലഭിക്കും. പണ്ടേ അതങ്ങനെയാണ്.

  ReplyDelete
 2. ബ്ലോഗന്‍ ഒരു സുഡാപിക്കാരനല്ല. അത് നിശ്പക്ഷമായ എഴുത്തില്‍ നിന്ന് മനസ്സിലായി. പക്ഷെ ശേഷമുള്ളതില് നിന്ന് ബ്ലോഗന്‍ ഒരു കാന്തപുരം ഉസ്താദിന്‍റെ അനുയായി ആണെന്നും മനസ്സിലായി. സിറാജിന്‍റെ ഡല്‍ഹി ലേഖകന്‍ ആയിരുന്നു അല്ലേ..

  ReplyDelete
 3. കാലം തേടുനുണ്ട് ഒരു പുതിയ മാറ്റത്തിന് ശരിക്കും ജനങ്ങളില്‍ നിന്ന് അവരുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരനത്തിനു വേണ്ടി ഉയര്‍ന്നു വരുന്ന ഒരു ജനാധിപത്യ സംവിധാനത്തെ .ആ നിലയിലേക്ക് സുടാപ്പികള്‍ എത്തിയാല്‍ ജനം അവരെ ഏറ്റെടുക്കുക തന്നെ ചെയ്യും .

  ReplyDelete
 4. ഇതൊന്നും കാണാനും കേള്‍ക്കനും ഇനി ലീഗുണ്ടാവില്ലല്ലോ എന്നോര്‍ക്കുംബോ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് കേറുകയാണു. കണ്ണടച്ചാല്‍ എല്ലം ശുഭം.

  ReplyDelete
 5. വായനക്കാരുടെ ചോദ്യങ്ങൾ...മറുപടിയും.
  =======================================
  SDPI യുടെ അക്രമ രാഷ്ട്രീയത്തെ താങ്കൾ പിന്തുണക്കുകയാണോ?
  SDPI യുടെ എന്നല്ല ഒരാളുടെയും അക്രമ രാഷ്ട്രീയത്തെ ഞാൻ പിന്തുണക്കുന്നില്ല, SDPI രൂപീകരിക്കപ്പെട്ട ശേഷമുള്ള കഴിഞ്ഞ ആറു വര്ഷത്തെ രാഷ്ട്രീയ അക്രമങ്ങളുടെ കണക്കെടുക്കുക, എസ് ഡി പി ഐ യുടെ സ്ഥാനം, മറ്റു പാർട്ടികളെ അപേക്ഷിച്ചു ബഹുദൂരം പിന്നിൽ ആയിരിക്കും, സമാധാനത്തിന്റെ വെള്ളരിപ്പ്രാവ് കളായ ലീഗിനേക്കാൾ ഒരുപാട് പിന്നിൽ.
  എസ് ഡി പി ഐ ഉയര്ത്തുന്ന ദളിത്‌- ആദിവാസി പ്രേമം വെറും തട്ടിപ്പല്ലേ..? ബി ജെ പി യുടെ മുസ്ലിം മഞ്ച് പോലെ?
  ആയിരിക്കാം, അതിനിയും തെളിയിക്കപ്പെടെണ്ടതാണ്, ആദിവാസികൾക്കും ദളിതുകൾക്കും വേണ്ടി ചെയ്യാവുന്ന പലതും SDPI ചെയ്തിട്ടില്ല എന്ന് തന്നെയാണ് എന്റെ പക്ഷം, ജനപക്ഷ സമരങ്ങളിൽ ജമാ അത്തെ ഇസ്ലാമിയുടെ സോളിടാരിറ്റി ക്കുള്ള പ്രാധിനിത്യം പോലും SDPI ക്കില്ല എന്നതാണ് യാഥാർത്ഥ്യം..
  ലീഗ് ഒരു കാലഹരണപ്പെട്ട പാര്ട്ടിയാണ്, അതിനി വേണ്ട എന്നാണോ താങ്കളുടെ നിലപാട്?
  ഒരിക്കലും അല്ല, ലീഗ് മുസ്ലിം സമുദായത്തിന് ഒരു പാട് സേവനങ്ങൾ ചെയ്തിട്ടുണ്ട്, പക്ഷെ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് എങ്കിലുമായി ലീഗ് വ്യക്തി താൽപര്യങ്ങൾ മാത്രമുള്ള പ്രമാണിമാരുടെ തടവറയിലാണ്., മുസ്ലിം സമുദായത്തിന്റെ വളർച്ചയോടൊപ്പം ബുദ്ധിപരമായി വളരാൻ ലീഗിന് കഴിഞ്ഞിട്ടില്ല.., പ്രാദേശിക തലത്തിലെ നേതാക്കൾ മിക്കവാറും വെറും പൌഡർ കുട്ടപ്പന്മാരാണ്. അധികാരം കയ്യിൽ ഉണ്ട് എന്ന ഒറ്റബലത്തിലാണ് ആൾക്കൂട്ടം ലീഗിനോടൊപ്പം നിൽക്കുന്നത്, അഞ്ചു കൊല്ലം കൂടുമ്പോൾ ഭരണത്തിൽ വരാമെന്ന മുന്നണി രാഷ്ട്രീയത്തിന്റെ ഗ്യരന്റിയാണ് അണികളെ പിടിച്ചു നിർത്തുന്നത്. ലീഗ് ഇല്ലാതാവും എന്നോ ആവണം എന്നോ പറയുന്നില്ല, പക്ഷെ ലീഗ് SDPI ബലാബലത്തിലെക്ക് കേരളത്തിലെ മുസ്ലിം രാഷ്ട്രീയം എത്തിപ്പെടാൻ ഇനി ഏറെ താമസം ഉണ്ടാവില്ല, ലീഗ് അത് മനസ്സിലാക്കിയിട്ടുണ്ട്, അവസാനത്തെ അടവാണ് 'സാമൂഹ്യ ബഹിഷ്കരണം"
  താങ്കൾ ഉന്നയിക്കുന്ന കാര്യങ്ങൾ ഇവിടെ കാലങ്ങളായി നിലനിൽക്കുന്നവയാണ്, ഇന്ന് വരെ ലീഗിന് ബഹിഷ്കരിക്കണം എന്ന് തോന്നിയിട്ടില്ല..?
  ശരിയാണ്, SDPI യുടെ നാട്ടൊരുമ എന്ന പരിപാടിക്ക് കിട്ടുന്ന ജനപിന്തുണയാണ് ലീഗിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.., സുടാപ്പിയെ ആരും അടുപ്പിക്കില്ല എന്ന ലീഗിന്റെ ധാരണ പൊളിച്ചെഴുതുന്ന രീതിയിലുള്ള പിന്തുണയാണ് മത രാഷ്ട്രീയ ഭേദമന്യേ നാട്ടൊരുമ ക്ക് കിട്ടികൊണ്ടിരിക്കുന്നത് , നിഷ്പക്ഷമതികളായ ആരും ഇത് സമ്മതിക്കും.

  ReplyDelete
 6. മുസ്ലിം ലീഗിനെ നശിപ്പിക്കുന്നത്‌ ആപാർട്ടിക്കുള്ളിൽ തന്നെയുള്ള ചിലപണച്ചാക്കുകളാണു.സമുദായത്തിന്റെ പേരിൽ രൂപീകരിച്ച്‌ ആദ്യകാലത്ത്‌ എാതാണ്ടോക്കൊ ചെയ്തൊതൊഴിച്ചാൽ ഇവരെക്കൊണ്ട്‌ വലിയകാര്യമൊന്നും സമുദായത്തിലെ സാധാരണക്കാർക്ക്‌ കിട്ടിയിട്ടില്ല.മതേതര പരിവേഷം കിട്ടാൻ പാർട്ടി പത്രത്തിന്റെ മലയാളപ്പരു മാത്രംകൊണ്ടാവില്ല എന്ന് മനസ്സിലാക്കിയ നേതാക്കൾ ന്യായമായ വിഷയങ്ങളിൽ പോലും സമുദായത്തോടൊപ്പം നിൽക്കാതെ മാറിനിന്ന ചരിത്രമേയുള്ളൂ.എറ്റവും ഒടുവിൽ നാദാപുരം പ്രശ്നത്തിലും നാം കണ്ടു.ലീഗ്‌ എന്നും അതിന്റെ രൂപീകരണഘട്ടത്തിലെ പോലെ നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ കുറച്ചൊന്നുനല്ലന്ന് നേതാക്കൾ മനസ്സിലാക്കി ആർജ്ജവത്തോടെ,തന്റേടത്തോടെ സത്യത്തിന്റെ പക്ഷത്ത്‌ നിൽക്കാൻ ലീഗ്‌ പക്വത കാണിക്കണം.കാളവണ്ടിയുഗത്തിന്റെ സ്മരണയിൽ അഭിമാനംകൊണ്ട്‌ തങ്ങളുടെ ആലയത്തിൽ കെട്ടാൻ ഇവരെയുള്ളു എന്നരീതിയിൽ ലീഗിനു മൂക്കുകയറിട്ട്‌ വിരട്ടുന്ന ഞാഞ്ഞൂലുകളുടെ പിടിയിൽ നിന്നും ലീഗ്‌ മാറി സമുദായസംഘടനകളോടുള്ള അയിത്തം മാറ്റി അവരെ കൂടെ നിർത്തി പ്രവർത്തിക്കണം.പരിവാറുകാർ പോലും ആദരിച്ച മുഹമ്മദലി ശിഹാബ്‌ തങ്ങൾ നേതൃത്വം നൽകിയിരുന്ന പാർട്ടി പാർട്ടി ഇനിയും നെട്ടല്ലുനിവർത്തിയില്ലെങ്കിൽ അവിടെ എസ്‌.ഡി.പി.ഐ വരും.ഇവർ വേരുറപ്പിച്ചാൽ സമുദായത്തിനു ലാഭത്തേക്കാളുപരി നഷ്ടമായിരിക്കും ഫലം.കേരളത്തിൽ ബിജെപി ശക്ത്മായ സാനിധ്യമറിയിക്കുന്നത്‌ ചൂണ്ടിക്കാട്ടി എസ്‌.ഡി.പി.ഐ വെറുതെയിരിക്കില്ല.രണ്ട്‌ വർഗ്ഗീയധാരകളും വളർന്നാൽ കൊച്ചു കേരളത്തിനു അതിന്റെ പ്രത്യാഘാതം താങ്ങാവുന്നതിലപ്പുറവുമാറ്റിരിക്കും.

  ReplyDelete