Thursday 9 May 2013

കര്‍ണാടക കോണ്‍ഗ്രസ്സിനുള്ള താക്കീതാണ്, മോഡിക്കല്ല.


കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസ്സും 'മതേതരരും' വലിയ  സന്തോഷത്തിലാണ്, രാഹുല്‍ ഗാന്ധിയും എ കെ ആന്‍റണിയും തുടങ്ങി മഅദനി വരെയുള്ളവര്‍ക്ക് വിജയത്തിന്‍റെ പേറ്റന്‍റ് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു നടന്നത് , ഫൈനല്‍ വിജയം രാഹുലിന് തന്നെയെന്ന് അല്പമെങ്കിലും ബോധമുണ്ടെന്ന് കരുതിയിരുന്ന പത്രങ്ങള്‍ പോലും വെച്ചു കാച്ചുകയാണ്. യഥാര്‍ഥത്തില്‍ കര്‍ണാടക ആരെയാണ് താക്കീത് ചെയ്യുന്നത് ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്താണ് ? കോണ്‍ ഗ്രസ്സിന് തല്‍ക്കാലം ആഹ്ലാദിക്കാന്‍ വകയുണ്ടെങ്കിലും ലോക്സഭാ തെരെഞ്ഞെടുപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കര്‍ണാടക വിജയം നല്‍കുന്ന സന്ദേശം ശുഭകരമാണോ? കര്‍ണാടക ഫലത്തെ ഭയക്കേണ്ടത് മോഡിയോ അതോ കോണ്‍ഗ്രസ്സോ?


ഉത്തരങ്ങള്‍ കണ്ടെത്താന്‍ ചില ചെറിയ ചോദ്യങ്ങള്‍കൂടി ചോദിക്കാം
ഇത്തവണ കര്‍ണാടക തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരിഗണക്ക് എടുത്ത വിഷയം എന്തായിരുന്നു?
ഉത്തരം : അഴിമതി
അപ്പോള്‍ വര്‍ഗ്ഗീയത?
വര്‍ഗ്ഗീയത ചിലവായില്ല, എന്നു മാത്രമല്ല വര്‍ഗ്ഗീയത എപ്പോഴും ചിലവാകുന്ന ഒരു ചരക്കല്ല.
നേതാക്കളുടെ സ്വാധീനം?
അങ്ങനെ ഒന്നുണ്ടായിരുന്നു, വോട്ടര്‍മാര്‍ക്ക് വിവരം വെച്ചു , ഓരോ ദിവസവും നേതാക്കളുടെ സ്വാധീനം കുറഞ്ഞു വരുന്നു, എന്തു പറയുന്നു എന്നല്ല എന്തു ചെയ്യുന്നു എന്ന്‍ നോക്കി വോട്ട് കുത്താന്‍ ജനങ്ങള്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു.
അപ്പോള്‍ രാഹുല്‍ ഗാന്ധി?
രാഹുല്‍ ഇഫക്ട് കൊണ്ടാണ് കര്‍ണാടകയില്‍  ജയിച്ചതെങ്കില്‍, യുപിയില്‍ തോറ്റതോ? അതിന്‍റെ ഉത്തരവാദിത്വം രാഹുല്‍ ഏറ്റെടുക്കുമോ...
അഴിമതി കാണിക്കാത്തവര്‍ ആരുണ്ട്?
ആരും ഇല്ലെങ്കില്‍ ജനം കിട്ടാവുന്നവന് കുത്തും , ചെകുത്താന് പകരം കടല്‍ എന്നാലും ചെകുത്തനെ തുടരാന്‍ അനുവദിക്കില്ല.
2004 മുതല്‍ 2007 വരെ ദേവഗൌഡയുടെയും മകന്‍റെയും പേക്കൂത്ത് ആയിരുന്നു കര്‍ണാടകയില്‍ മൂന്ന്‍ വര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാര്‍, ധരംസിങ്, കുമാരസ്വാമി, യെദിയൂരപ്പ... വല്ലാതെ വെറുപ്പിച്ചപ്പോള്‍ ജനം ബിജെപിയെ പരീക്ഷിച്ചു ഫലം നാസ്തി.. മൂന്ന് മുഖ്യമന്ത്രിമാര്‍ വീണ്ടും, യെദിയൂരപ്പ, സദാനന്ദ ഗൌഡ, ജഗദീഷ് ഷെട്ടാര്‍, ഖനി മേഖലയില്‍ നിന്ന് മാത്രമല്ല നാട് മുഴുക്കെ അഴിമതിയുടെ ദുര്‍ഗന്ധം, ജനം വീണ്ടും മാറിക്കുത്തി. ജയം കോണ്‍ഗ്രസ്സിന്, ഇത് വരെയുള്ള ചരിത്രം വെച്ചു കോണ്‍ഗ്രെസ്സ്  കൂടാരത്തില്‍ നിന്ന് അടിപിടിയും ബഹളവും കേള്‍ക്കാം. നാറുന്ന അഴിമതി ക്കഥകള്‍ പുറത്തു വരും.. അടുത്ത ഊഴം മറ്റാര്‍ക്കെങ്കിലും..

കോണ്‍ഗ്രസ്സ് എന്തിന് പേടിക്കണം? മോഡി ഫാക്ടര്‍ എല്‍ക്കില്ല എന്നു മനസ്സിലായില്ലേ?
കോണ്‍ഗ്രസ്സ് പേടിക്കണം, മോഡി ഫാക്റ്റര്‍ രണ്ടു വിധം ഉണ്ട്
ഒന്ന്‍., വര്‍ഗ്ഗീയ മുഖം, ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയ 'ഹിന്ദു ഇന്ത്യ' എന്ന മുദ്രാവാക്യം മുഴക്കുന്നവരുടെ നേതാവായ മോഡി.
രണ്ട് . വികസന / അഴിമതിവിരുദ്ധ മുഖം. മോഡിയുടെ വികസനം/അഴിമതിവിരുദ്ധത  ഒരു മിഥ്യ യാണെന്ന്‍ മഹാഭൂരിപക്ഷത്തിനും അറിയാം, മോഡിയുടെ വികസനം പൊള്ളയാണെന്ന് സ്ഥാപിക്കുന്ന സ്റ്റോറികളും പഠനങ്ങളും   ഇന്ത്യയില്‍ എല്ലാ ഭാഷകളിലും ഇറങ്ങുന്നുണ്ട് മലയാളത്തില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം  മോഡിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്. പക്ഷേ വന്‍കിട കോര്‍പ്പറേറ്റ് സ്ഥപനങ്ങളുടെ അകമഴിഞ്ഞ പിന്തുണ മോഡിക്കുണ്ട്, ഗുജറാത്തിന്‍റെ മണ്ണും വെള്ളവും വിഭവങ്ങളും വാരിക്കൊടുത്തതിനുള്ള ഉപകാര സമരണ ദേശീയ അന്തർ ദേശീയ മാധ്യമങ്ങളിലൂടെ അവര്‍ നിര്‍വ്വഹിക്കുന്നുണ്ട്. മോഡിയുടെ വികസനം തരക്കേടില്ല, മോഡിയാണ് വികസനം, മോഡി വന്നാല്‍ വികസനം വരും, മോഡി അഴിമതിക്കാരനല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് വെറും ബി ജെ പ്പിക്കാര്‍ മാത്രമല്ല , അബ്ദുല്ല കുട്ടിയും, ഷിബു ബേബി ജോണും, കെ എം ഷാജിയും വരെ പരസ്യമായി മോഡിയെ വികസന നായകനായി അംഗീകരിക്കുന്നു, സ്വകാര്യമായി മിക്ക ഇടത് വലതു നേതാക്കളും അങ്ങനെ  കരുതുന്നു, മോഡിയുടെ മീഡിയ മാനേജ്മെന്‍റ് കാര്‍ വാങ്ങുന്ന കാശിന് നന്നായി പണിയെടുക്കുന്നു എന്നു ചുരുക്കം.  പക്ഷേ കോണ്‍ഗ്രസ്സ്  പാര്‍ട്ടി ഇപ്പൊഴും മോഡിയിലെ വര്‍ഗ്ഗീയ വാദിക്ക് പിന്നാലെയാണ്, ജയിക്കാന്‍ പോകുന്നത് വികസന മോഡിയാണ്.  

2002 ലെ തെരെഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി  അധികാരത്തില്‍ വന്നത് വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ടാണ്, എന്നാല്‍ രണ്ടാമതും മൂന്നാമതും മോഡി വന്നത് വര്‍ഗ്ഗീയതയുടെ പുറത്തു കയറിയല്ല, ഗ്രാമങ്ങളിലെ വികസനവും ജീവിതവും ഗോവിന്ദ യാണെങ്കിലും, ചാനലുകാര്‍ക്ക് നല്ല ചിത്രങള്‍ പകര്‍ത്താന്‍ പറ്റും വിധം വന്‍കിട നഗരങ്ങളില്‍ നല്ല റോഡുകള്‍ മോഡി ഉണ്ടാക്കി വെച്ചിട്ടുണ്ട്, വിദേശ കമ്പനികള്‍ക്കു  ടോള്‍ കൊടുത്തിട്ടെങ്കിലും ഒരു നല്ല റോഡില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നു ഇന്ത്യന്‍ ജനത. മോഡി അത് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തില്‍ വന്നത് വികസനം മുന്നോട്ട് വെച്ചാണ്.  അഴിമതി വിരുദ്ധ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ്.

ഇന്ത്യന്‍ ജനത മുഖവിലക്കെടുക്കുന്ന ഏറ്റവും വലിയ പ്രശ്നം അഴിമതിയാണ്. ആ യാഥാര്‍ഥ്യമാണ് കര്‍ണാടകയിലെ സെമി ഫൈനലില്‍ വീണ്ടും വിളിച്ച് പറഞ്ഞത്.
ഈ സൂചന കോണ്‍ ഗ്രസ്സിന് നല്‍കുന്ന സന്ദേശം എന്താണ്?
ഇന്ത്യ കണ്ട എക്കാലത്തെയും അഴിമതിക്കോമരങ്ങള്‍ വാഴുന്നത് യു പി എ മന്ത്രി സഭയില്‍ അല്ലേ?
സാധാരണക്കാരന്റെ ജീവിതം വിലക്കയറ്റം കൊണ്ട് ദുസ്സഹമാക്കിയ, ഇന്ത്യന്‍ ജനതക്ക് ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയ മന്‍മോഹന്‍ സിംഗ്  മന്ത്രിസഭയാണ് നാടുഭരിക്കുന്നത്.
കര്‍ണാടകയിലെപ്പോലെ അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ജനത തയ്യാറായല്‍  കോണ്‍ഗ്രസ്സ് തൂത്തെറിയപ്പെടും

 വീണ്ടും തുടരാന്‍ അനുവദിക്കാന്‍ ജനങ്ങളോട് എന്തു ന്യായമാണ് കോണ്‍ഗ്രസ്സ് പറയുന്നത് ?
രാഹുല്‍ വരുമെന്നോ?
രാഹുല്‍ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള നേതാവാണ് എന്ന്‍ അംഗീകരിച്ച് കൊണ്ട് തന്നെ ചോദിക്കട്ടെ,
എന്തു ക്വാളിറ്റിയാണ് ഇന്ത്യന്‍ ജനത ഇയാളില്‍ കാണേണ്ടത്?
ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ഏതെങ്കിലും ഒരു പ്രശ്നത്തില്‍ രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ?
മാവോയിസവും, തീവ്ര വാദവും മുതല്‍ കൂടംകുളം വരെയുള്ള ഒട്ടനവധി ജനകീയ-രാഷ്ട്രീയ പ്രശ്നങ്ങളില്‍ രാഹുലിന്റെ നിലപാട് എന്താണ്?
അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തോടുള്ള രാഹുലിന്റെ സമീപനം എന്താണ്?
രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന, കോര്‍പ്പറേറ്റ് വിരുദ്ധ , പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളുടെ നേതാക്കളില്‍ എത്രപേരോട് രാഹുല്‍ സംസാരിച്ചിട്ടുണ്ട്?
ഇറോം ഷര്മിളയും ബിനായെക് സെന്നുമൊക്കെ ആരാണെന്ന്‍ രാഹുലിനറിയുമോ?
സകല സുഖ സൌകര്യങ്ങളും വലിച്ചെറിഞ്ഞു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവങ്ങളോടൊപ്പം ജീവിക്കുന്ന അവര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഡോക്ടര്‍ ബിനായക് സെന്നിനെപ്പോലുള്ളവര്‍ എന്തു പറയുന്നു എന്ന്‍ കേള്‍ക്കാന്‍ രാഹുല്‍ തുനിഞ്ഞിട്ടുണ്ടോ?
പാര്‍ലമെന്റില്‍ ജനങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വിളിച്ച് പറഞ്ഞ് ജനങ്ങളുടെ മനസ്സുകളിലേക്ക് ചേക്കേറിയ ഒരു പാട് നേതാക്കള്‍ ഉണ്ട് നമുക്ക്, ഇന്ന് വരെ പാര്‍ലമെന്റില്‍ ഒരു ജനകീയ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ രാഹുല്‍ ?
പിന്നെന്ത് ജനകീയ നേതാവാണ് ഹേ ഇയാള്‍ ?
120 കോടി വരുന്ന ജനങ്ങളെ നയിക്കാന്‍ എന്തു യോഗ്യതയാണ് രാഹുലിനുള്ളത്?
ഉപജാപകരുടെ പിടിയില്‍ നട്ടംതിരിയുന്ന മറ്റൊരു രാജീവിനെ ഏത് ഇന്ത്യക്കാരനാണ് ആഗ്രഹിക്കുന്നത് ? രാജ്യത്തെ ജനങ്ങളോട് ഒരു കൂറുമില്ലാത്ത കൂറും ചോറും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കടിയറ വെച്ച മന്‍മോഹനെപ്പോലെ മറ്റൊരു നപുംസകത്തെയാണോ രാഹുലില്‍ കാണേണ്ടത്?  

ആണ്ടിലൊരിക്കല്‍ തട്ടുകടയില്‍ നിന്ന് ദോശകഴിച്ചും, ദലിത് കുടിലില്‍ കിടന്നുറങ്ങിയും ഉഡായിപ്പ് കാണിക്കുന്ന, യൂത്ത് കോണ്‍ഗ്രസ്സില്‍ മാനേജ്മെന്‍റ് തിയറികള്‍ നടപ്പാക്കിയും, ആരൊക്കെയോ എഴുത്തിക്കൊടുക്കുന്ന പ്രസംഗങ്ങള്‍ തപ്പിത്തടഞ്ഞു നോക്കിവായിച്ചുമാണോ രാഹുല്‍ ജനകീയനാകുന്നത്?
ഇന്ത്യന്‍ ജനതയുടെ മനസ്സറിയുന്ന അവരോട് മുഖത്ത് നോക്കി സംസാരിക്കാന്‍ അറിയുന്ന, അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഒരു നേതാവിനെയാണ് ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത്..
ഇങ്ങനെ ഒരു നേതാവിനുള്ള ക്വാളിറ്റികള്‍ രാഹുല്‍ ഗാന്ധിയില്‍ ഇനിയും കണ്ടുതുടങ്ങിയിട്ടില്ല

മോഡിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് ഇന്നും മുന്നോട്ട് വെക്കുന്നത് ഗുജറാത്ത് കലാപമാണ്, ഗുജറാത്ത് കലാപത്തിന്റെ 'കാറ്റ്' പൂര്‍ണ്ണമായും പോയിട്ടില്ല എങ്കിലും 'അഴിമതി'യുടെ റേറ്റിങ്  അതിലും മുഖലിലാണ്, മോഡിയുടെ വികസനം പൊള്ളയാണെന്ന് തുറന്ന് കാണിക്കാന്‍ പോലും കോണ്‍ഗ്രസ്സിന് സാധിക്കുന്നില്ല. കാര്യങ്ങള്‍ ഇക്കണക്കിന് പോയാല്‍ അടുത്ത പ്രാധാനമന്ത്രി മോഡി തന്നെയാണ് അതിലാര്‍ക്കും സംശയം വേണ്ട , കര്‍ണാടകയുടെ പച്ചയില്‍ രാഹുലിന് കുപ്പായം തുന്നാന്‍ ഓര്‍ഡര്‍ കൊടുക്കുന്നവര്‍ തിരിച്ചറിയുക, കര്‍ണാടക കോണ്‍ ഗ്രസ്സിന് നല്‍കുന്നത് താക്കീതാണ്, അഴിമതി കണ്ടും കേട്ടും  മടുത്ത ജനം, അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രത്തിലെ കോണ്‍ ഗ്രസ്സ് സര്‍ക്കാരിനെതിരെ ഏത് ചെകുത്താനും വോട്ട് ചെയ്യും.
സെമി ഫൈനൽ തീർന്നിട്ടില്ല, ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും സെമികൾ നടക്കാനുണ്ട്, ഡൽഹിയും, രാജസ്ഥാനും മധ്യപ്രദേശും ഉൾപ്പടെ നിർണ്ണായക മേഖലകളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ്സിന് 'പണി കിട്ടും' എന്ന് പ്രവചിക്കാൻ പാഴൂർപ്പടി വരെ പോകേണ്ട കാര്യമില്ല, മണ്ണും ചാരി നിൽക്കുന്ന ആം ആദ്മി ക്കാർ ചില സംസ്ഥനങ്ങളില്‍ എങ്കിലും പെണ്ണും കൊണ്ട് പോകാനുള്ള സാധ്യതയും ഒട്ടും കുറവല്ല.    

ഇലക്ഷന്‍ കാലത്ത്  കുറെ 'പ്രീണന'ക്കസര്‍ത്തുകള്‍ നടത്തി, സച്ചാര്‍ കമ്മറ്റി, ആ കമ്മറ്റി, ഈ കമ്മറ്റി..ഇപ്പം ദേ, വായിലേക്കൊഴിച്ച് തരാം എന്ന്‍ മോഹിപ്പിച്ച് ന്യൂനപക്ഷ വോട്ടുകള്‍ വാങ്ങി ജയിച്ച ശേഷം അഞ്ചു വര്‍ഷം കിട്ടാവുന്നത്ര ചവിട്ടിക്കൂട്ടി വീണ്ടും പ്രീണന ക്കസര്‍ത്തുമായി ചെല്ലുന്ന,  കലാപരിപാടികള്‍  ഇനി ചെലവാകില്ല എന്നാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്, അവിടെയുള്ള കാക്കാമാര്‍ക്കും, മുല്ലമാര്‍ക്കും വരെ വിവരം വെച്ചു തുടങ്ങിയിരിക്കുന്നു. ഇക്കാര്യമൊക്കെ രാഹുല്‍ജിയോട് ആര് പറഞ്ഞ് കൊടുക്കും? ഹൈബി ഈഡനും, വിഷ്ണുനാഥും, ടി സിദ്ധീക്കുമൊക്കെ യുവരാജാവിന്‍റെ ഉത്തരവുകള്‍ കേട്ട് റാന്‍ മൂളുകയല്ലാതെ അങ്ങോട്ടൊന്നും ഉരിയാടറില്ല എന്നാണ് കേള്‍വി.

വാല്‍കഷ്ണം :-
കോണ്‍ഗ്രസ്സ് കര്‍ണാടകയില്‍ ജയിച്ചതിന് കേരളത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ പി ഡി പ്പിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയട്ടെ, ഖദറിനുള്ളിലെ കാക്കിട്രൌസറിനെതിരെ മുദ്രാവാക്യം വിളിക്കേണ്ട ഗതികേട് അവര്‍ക്ക് വരാതിരിക്കട്ടെ.  
                                       
     

3 comments:

  1. ഇന്ത്യന്‍ ജനത മുഖവിലക്കേടുക്കുന്ന ഏറ്റവും വലിയ പ്രശ്നം അഴിമതിയാണ്. ആ യാഥാര്‍ഥ്യമാണ് കര്‍ണാടകയിലെ സെമി ഫൈനലില്‍ വീണ്ടും വിളിച്ച് പറഞ്ഞത്.
    ഈ സൂചന കോണ്‍ ഗ്രസ്സിന് നല്‍കുന്ന സന്ദേശം എന്താണ്?
    ഇന്ത്യ കണ്ട എക്കാലത്തെയും അഴിമതിക്കോമരങ്ങള്‍ വാഴുന്നത് യു പി എ മന്ത്രി സഭയില്‍ അല്ലേ?
    സാധാരണക്കാരന്റെ ജീവിതം വിലക്കയറ്റം കൊണ്ട് ദുസ്സഹമാക്കിയ, ഇന്ത്യന്‍ ജനതക്ക് ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയാണ് നാടുഭരിക്കുന്നത്.
    കര്‍ണാടകയിലെപ്പോലെ അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ജനത തയ്യാറായല്‍ കോണ്‍ഗ്രസ്സ് തൂത്തെറിയപ്പെടും

    ReplyDelete
  2. വളരെ നല്ല പോസ്റ്റ്‌ സുഹൃത്തേ....ഞാന്‍ ഇത് കോപ്പി പേസ്റ്റ് ചെയ്ത് ഈ സത്യാവസ്ഥകള്‍ എന്നെക്കൊന്റ്റ്‌ പറ്റാവുന്ന അത്രയും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയുന്നതില്‍ താങ്കള്‍ക്ക് വിരോധം ഉണ്ടാവില്ല എന്ന് കരുതുന്നു... സമാന ഹൃദയാ... സലാം

    ReplyDelete
  3. Wow, amazing post, blogans prediction become ture 100%., very very good post,

    ReplyDelete