Friday 21 February 2014

കേരളത്തില്‍ ഭരണമാറ്റം ആസന്നം; ആരാവും അടുത്ത മുഖ്യമന്ത്രി?

ഇടത്-വലത് മുന്നണികള്‍ മാറി മാറി അഞ്ചു വര്‍ഷം വീതം ഭരിക്കുക എന്ന കേരളമോഡലിന് തിരശ്ശീല വീഴാന്‍പോകുന്നു. ഏതാനും മാസങ്ങളായി അടക്കം പറച്ചിലുകള്‍ മാത്രമായിരുന്ന ഭരണമാറ്റ ചര്‍ച്ച   കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയിലാണ് വല്ലാതെ ചൂടുപിടിച്ചത്. ടി പി വധത്തിലെ ഗൂഡാലോചന സി ബി ഐ അന്വേഷിക്കട്ടെയെന്ന് തീരുമാനിച്ചതോടെ സര്‍ക്കാരിനെ താഴെ ഇറക്കാതെ നിവര്‍ത്തിയില്ലെന്ന്  സി പി എം തിരിച്ചറിഞ്ഞിരിക്കുന്നു, ഒരു തെരെഞ്ഞെടുപ്പിലേക്ക് എടുത്തുചാടാനുള്ള 'ബുദ്ധിമോശം' കാണിക്കാന്‍ സി പി എം ഒരുക്കമല്ല, കയ്യാലപ്പുറത്ത് ഇരിക്കുന്ന ഉമ്മഞ്ചാണ്ടി സര്‍ക്കാരിനെ മറിച്ചിട്ട് ഒരു പുതിയ തട്ടിക്കൂട്ടിനുള്ള ശ്രമമാണ് നടക്കുന്നത്.   തിരുവനന്തപുരത്ത് നടക്കുന്ന ഭരണമാറ്റ .അണിയറ നാടകത്തിലെ  വിദൂഷകന്‍റെ റോള്‍ പി സി ജോര്‍ജ്ജിനാണ്, അണിയറയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടാം. 


പിണറായി വിജയന്‍ : അടുത്ത കേരള മുഖ്യന്ത്രി ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ  പിണറായി വിജയന്‍.  ലാവലിന്‍ കേസില്‍ കുറ്റവിമുക്തനായി 'ശക്തനായി തിരിച്ചു വന്ന കേരളത്തിലെ ഏറ്റവും പ്രബലനായ രാഷ്ട്രീയ നേതാവാണ് വിജയന്‍. അഞ്ചുവര്‍ഷം ഉമ്മഞ്ചാണ്ടിയുടെ വെറുപ്പിക്കല്‍ പൂര്‍ണ്ണമായാല്‍ പുഷ്പം പോലെ അധികാരം കയ്യില്‍ വരുമെന്നുറപ്പ്, പാര്‍ട്ടി മാത്രമല്ല, സിനിമക്കാരും, പത്രക്കാരും അടങ്ങുന്ന അനുയായി വൃന്ദം മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ പിണറായി തന്നെ എന്ന്‍ ഉറക്കെ പ്രഖ്യാപിച്ച് കാത്തിരിക്കുന്നതിനിടയിലാണ് ടി പി വധത്തിലേ സി ബി ഐ ഇടപെടല്‍ വരുന്നത്, ടി പി - സോളാര്‍ കേസുകളില്‍  പരസ്പരം സഹകരിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുമായുണ്ടാക്കിയ 'കരാര്‍ ' ചെന്നിത്തലയില്‍ തട്ടി തരിപ്പണമായതോടെയാണ് സി ബി ഐ ചിത്രത്തിലേക്ക് വന്നത്, ഭരണം സ്വന്തം കയ്യിലോ, വേണ്ടപ്പെട്ടവരുടെ കയ്യിലോ അല്ലാത്ത കാലത്ത് ഒരു സി ബി ഐ അന്വേഷണം വന്നാല്‍ പണി പാളും. ഗൂഡാലോചന കേസില്‍ പേരുപുറത്ത് വന്നാല്‍ കാത്തു വെച്ച കസ്തൂരി മാമ്പഴം കോടിയേരി കൊത്തിപ്പോകും, കൊടിയേരികൂടി പ്രതിസ്ഥാനത്ത് വരാന്‍ സാധ്യത ഉള്ളതിനാല്‍  ഒരു പക്ഷേ മാമ്പഴം കിട്ടുക ഐസകിനോ, ബേബിക്കോ, ഒരു പക്ഷേ മണ്ണും ചാരിനിന്ന എസ് ആര്‍ പി ക്കോ ആയിരിക്കും, ടി പി കേസ് ഗൂഡാലോചനയുടെ കൂടെ ശുകൂര്‍, ഫസല്‍ തുടങ്ങിയ വധങ്ങളുടെ ഗൂഡാലോചന കൂടി പുറത്തുവന്നാല്‍ മാമ്പഴം മാത്രമല്ല മാവുതന്നെ കയ്യില്‍ നിന്ന് പോകാന്‍ ഇടയുണ്ട്, ഉമ്മഞ്ചാണ്ടി സര്‍ക്കാരിനെ മറിച്ചിട്ട് താന്‍ പറയുന്നിടത്ത് നില്‍ക്കുന്ന ഒരു ഇടക്കാല മുഖ്യമന്ത്രിയെ അവരോധിക്കാന്‍ പിണറായി സമ്മതം മൂളിക്കഴിഞ്ഞു, പിണറായിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നത് കടകം പള്ളി സുരേന്ദ്രനാണ് , ജയരാജനും (വെടികൊണ്ട) സജീവ സാന്നിധ്യം വഹിക്കുന്നു. 

കെ എം മാണി ; വയസ്സ് 81, അഞ്ചുപതിറ്റാണ്ട് നീളുന്ന പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ബാക്കിയുള്ള ഏക മോഹം മുഖ്യമന്ത്രി പദം, പലപ്പോഴും അത് തുറന്ന് പറഞ്ഞിട്ടുണ്ട്, മാണിക്ക് മുഖ്യമന്ത്രിയാവാന്‍ ഇതുപോലൊരു അവസരം ഇനി വരാനില്ല, യു ഡി എഫ് വിട്ടാല്‍ എല്‍ ഡി എഫ് പിന്തുണക്കും, കോടിയേരിയുമായി നേരിട്ടു തന്നെ ചില പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു, ആകെയുള്ള ഒരു പ്രശ്നം ജോസ് മോനാണ്, ജോസ്മോന്‍റേ രാഷ്ട്രീയ ഭാവിയെപ്പറ്റി ചെറിയൊരാശങ്കയുണ്ട് , സഖാക്കള്‍ കാര്യം കഴിഞ്ഞാല്‍ പടിക്കുപുറത്തിരുത്തുമെന്ന കാര്യം ആന്‍റണിക്കുപോലും അറിയാവുന്നതാണ്, ലോക് സഭാ ഇലക്ഷന്‍ കഴിയുന്നത് വരെ കാത്തിരിക്കുകയാണ്, ജോസ്മോന്‍ ജയിച്ചാല്‍ , കേന്ദ്രത്തില്‍ യു പി എ, അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പിന്തുണക്കുന്ന മൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ ജോസ്മോന് ഒരു മന്ത്രി പദം എന്നൊരു മോഹമുണ്ട്, ജോസ്മോന് ജയിക്കാനുള്ള സാധ്യത വളരെക്കുറവാണെങ്കിലും  മാണിയിലെ സ്നേഹമുള്ള 'അപ്പന്‍' പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് , മുന്നണിയില്‍ നിന്ന് പിരിയാന്‍ ഒരു കാരണം വേണം, ജോസ്മോന്‍ തോറ്റാല്‍  ഉത്തരവാദിത്തം കോണ്‍ഗ്രസ്സില്‍ ആരോപിച്ച് മാണി യു ഡി എഫില്‍ നിന്നിറങ്ങി , മുഖ്യമന്ത്രിക്കസേരയിലേക്ക് കയറും. തെരെഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലെങ്കില്‍ കയറിപ്പിടിക്കാന്‍ കസ്തൂരി രംഗനുണ്ട്.  

പി ജെ ജോസഫ് : ഒരു പാട് കാലം ഇടത് സഹയാത്രികനായിരുന്ന ജോസഫ്, വലത്തോട്ട് വന്നിട്ട്
കുറഞ്ഞകാലമേ ആയിട്ടുള്ളൂ,  വലതിനെക്കാള്‍  ഇടതാണ് തനിക്കുപറ്റിയ തട്ടകം എന്ന്‍ ഇതിനിടെ മനസ്സിലാക്കുകയും, അത് പറയുകയും ചെയ്തിട്ടുണ്ട്, സി പി എം ഒരു സന്നിഗ്ദ  ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ പഴയ വൈരങ്ങള്‍ മറന്ന് ഒപ്പം കൂടാന്‍ എളുപ്പമാണ്, മാണിയുമായുളള ബന്ധം അത്രരസത്തിലല്ല, പിരിഞ്ഞേ പറ്റൂ, മാണികൂടി ഇടത്തോട്ട് വരുന്നതില്‍ വലിയ താല്‍പര്യം ഒന്നും ഇല്ല, പക്ഷേ എല്‍ ഡി എഫ്നു മാണിയെയാണ് കൂടുതല്‍ താല്‍പര്യം, മാണിവന്നാലും ഇല്ലെങ്കിലും ജോസഫ് പോകും, മാണി കൂടി വന്നാല്‍ എല്‍ ഡി എഫില്‍ ചെന്ന ശേഷമാകും പിരിയല്‍,  മഞ്ജു-ദിലീപ് പിരിയല്‍ പോലെ 'സ്മൂത്തായി' കാര്യം നടക്കും, മന്ത്രി സ്ഥാനത്ത് ഉണ്ടാവുകയും  തന്‍റെ ഇഷ്ടവകുപ്പുകളായ വിദ്യാഭ്യാസവും മാരാമത്തും തന്നെ കിട്ടുകയും ചെയ്യും, മാണി വന്നില്ലെങ്കില്‍ പിരിയുന്നത് ഉര്‍വ്വശി-മനോജ് സ്റ്റയിലില്‍ ആവും, കൂറുമാറ്റവും കോടതിയും..... ജഗപൊകയാവും ..

പി സി ജോര്‍ജ്ജ് :- ജോര്‍ജ്ജിന് യുഡി എഫും യു ഡി എഫിന് ജോര്‍ജ്ജിനെയും മടുത്തിട്ട് കാലം കുറെയായി, തെറിവിളിയും പൂരപ്പാട്ടുമായി നടക്കുന്ന പി സി ക്കും, ഇടത് പാരമ്പര്യം വേണ്ടുവോളമുണ്ട് പല നേതാക്കളുടെയും അരമന രഹസ്യങ്ങള്‍ കയ്യിലുണ്ട് എന്നതാണ് പി സി യുടെ വിജയ രഹസ്യം
ശെല്‍വനെ യുഡിഎഫിലേക്ക് ചാടിക്കാന്‍ കാര്‍മ്മികത്വം വഹിച്ച പി സിയെ ക്കൊണ്ട് മാണിയെ എല്‍ ഡി എഫില്‍ എത്തിച്ച് മധുരപ്രതികാരം ചെയ്യാന്‍ പോവുകയാണ് സി പി എം, മുള്ളിനെ മുള്ളുകൊണ്ടല്ല, മുരിക്കുകൊണ്ട് എടുക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 

ഈ നാല് കഥാപാത്രങ്ങള്‍ ചേര്‍ന്ന് കാര്യം വെടിപ്പാക്കും, ചില അപ്രധാന കഥാപാത്രങ്ങള്‍ ഇടക്കിടെ വന്നും പോയും ഇരിക്കുമെങ്കിലും തട്ടിലെ സജീവ സാന്നിധ്യം ഇവരുടേത് തന്നെയാവും, വീരേന്ദ്രകുമാറിനെ ശ്രേയാംസിന് മന്ത്രിപദം വാഗ്ദാനം ചെയ്ത് സംഘം സമീപിച്ചതായാണ് വിവരം, വീരന്‍ മനസ്സ് തുറന്നിട്ടില്ല, ഇടത് ഘടക കക്ഷികളില്‍ എല്ലാവര്‍ക്കും നൂറുവട്ടം സമ്മതം, ജോസഫ് ഗ്രൂപ്പ് മുണ്ട് മുറുക്കിയുടുത്താണ് നില്‍പ്,  ഏത് നിമിഷവും ചാടും സി പി എം പുറത്തു നിന്ന് പിന്തുണക്കുന്ന മന്ത്രിസഭ എന്നൊരു 'തുറുപ്പ് ചീട്ട്' ഇറങ്ങിയിട്ടുണ്ട്, അങ്ങനെ വന്നാല്‍ ഘടക കക്ഷികളിലെ ഓരോ എം എല്‍ എ യും മാന്ത്രിമാരവും... ജലീലും...റഹീമും വരെ സ്വപ്നങ്ങള്‍ നെയ്തു തുടങ്ങിയിരിക്കുന്നു.
       
ഇനി അപ്പുറത്തെ സ്ഥിതിയോ? മുഖ്യമന്ത്രിക്ക് ഈ നീക്കങ്ങള്‍ എല്ലാം അറിയാം, പക്ഷേ പുള്ളിക്കാരന്‍ നിസ്സംഗനാണ്, സുധാകരനെയും, സതീശനെയും പാര്‍ട്ടി നേതൃത്വത്തില്‍ ഇരുത്തിക്കൊണ്ടുള്ള ഭരണം അറുബോറന്‍ പരിപാടിയാണെന്ന് കുഞ്ഞൂഞ്ഞു തിരിച്ചറിഞ്ഞിരിക്കുന്നു, പാറമടയും, ബാറും,  വിമാനത്താവളവും ഒന്നും പറ്റില്ലെങ്കില്‍ പിന്നെ ചാണ്ടിക്ക്  എന്തോന്നിനാ ഭരണം?  ഉമ്മഞ്ചാണ്ടിയില്‍ നിന്ന് 'പ്രേക്ഷകര്‍' ചിലത് പ്രതീക്ഷിക്കുന്നില്ലേ? 
രമേശന്‍ നായര് തോളത്തിരുന്ന് ചെവി മാത്രമല്ല തല തന്നെ അറുത്തു മാറ്റാന്‍ ശ്രമം നടത്തുകയാണ്, സോളാര്‍ കേസിലും ചെന്നിത്തലയെക്കാള്‍ വിശ്വസിക്കാവുന്നത് മാണിയെയും പിണറായിയെയുമാണ്... പോകുണെങ്കില്‍ പോട്ടെ പുല്ല്.... എന്ന ഭാവത്തിലാണ് മുഖ്യമന്ത്രി, ഭരണം നിലനിര്‍ത്താന്‍ അഹോരാത്രം പാടുപെടുന്ന ഒരാളെയുള്ളൂ, കേരള രാഷ്ട്രീയത്തിന്‍റെ അഭിനവ ഭീഷ്മാചാര്യന്‍ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി, ലോക് സഭാ തെരെഞ്ഞെടുപ്പിന് ശേഷവും യു ഡി എഫ് ഭരണം നിന്നാല്‍ അതിന്‍റെ ക്രെഡിറ്റ് കുഞ്ഞാലിക്കുട്ടിക്ക് മാത്രമായിരിക്കും, 

140 അംഗ സഭയില്‍ 73 പേര്‍ വലത്തും, 67 പേര്‍ ഇടത്തുമാണ്,  ഇടത്തോട്ടുള്ള വണ്ടിയില്‍ 4 പേര്‍ കേറിയായാല്‍ ഭരണം ഇടത്തോട്ട് മറിയും, മാണിയുടെ കൂടെയുള്ള 9 പേരും വണ്ടിയില്‍ കേറിയാലോ, മാണി മന്ത്രിസഭ ഒരു 'മഹാഭൂരിപക്ഷ' സഭയാകും. 

വാല്‍കഷ്ണം : - 
മാണി മറുകണ്ടം ചാടിയാല്‍  മുഖ്യമന്ത്രി മാണി തന്നെ, അച്ചായന്‍ വന്നില്ലെങ്കിലോ? 
ആരാവും? . 
വെറുതെയാണോ പി സി ജോര്‍ജ്ജ് പള്ളികളായ പള്ളികളിലും, അമ്പലങ്ങളായ അമ്പലങ്ങളിലും, കാണിക്കയിട്ടും,  തുലാഭാരം നടത്തിയും, ഉരുളി കമഴ്ത്തിയും, ഉടുതുണി......യും , എന്‍റെ ഒടയ തംബുരാനെ....        ....
സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...                 

2 comments:

  1. താല്പര്യമുള്ള വിഷയമാണ്. പക്ഷേ തെളിവുകളുടെ പിൻബലമില്ലാത്ത ഇത്തരം പങ്കുവെക്കലുകൾ ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ഊഹം പറച്ചിൽ മാത്രമായേ കാണാനാവൂ. തെളിവുകൾ ഹാജരാക്കാത്തതുകൊണ്ട്, ഇത് നേരിടാൻ മറിച്ചുള്ള പ്രചരണങ്ങൾ കൊണ്ട് സാധ്യമാവുകയും ചെയ്യും.

    ReplyDelete
    Replies
    1. തെരെഞ്ഞെടുപ്പിന് ശേഷം പത്രക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍ പോകുന്ന വാര്‍ത്തയാണിത്, തെളിവുകള്‍ ഇല്ലാത്തതുകൊണ്ടാണ് 'മുഖ്യധാരയില്‍' എഴുതാന്‍ കഴിയാത്തത് , അടക്കം പറച്ചിലുകള്‍ക്ക് തെളിവുണ്ടാക്കുക പ്രയാസകരമല്ലേ 'തിരുവനന്തപുരം രാഷ്ട്രീയത്തിലെ' കുറച്ചുകാലമായുള്ള അടക്കം പറച്ചില്‍ ആണിത്, ഇരു തലമൂര്‍ച്ചയുള്ള വിഷയമായത് കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊടാന്‍ ഒരാശങ്കയുണ്ട് ഏതാനും ദിവസങ്ങളായി സംഗതി ഒന്ന് ചൂടുപിടിച്ചിട്ടുണ്ട്, കാത്തിരുന്ന്‍ കാണുക

      Delete