Wednesday 12 March 2014

അമൃതാനന്ദമയിയെ കല്ലെറിയുന്നവരോട്....

അമൃതാനന്ദമായിക്കെതിരെ, മുന്‍ സന്തത സഹചാരി ഗെയില്‍ ട്രേഡ്  വെല്‍ പുസ്തകത്തിലൂടെ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ എങ്ങുമെത്താതെ എന്നാല്‍ പിടിവിടാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, കേരളീയ സമൂഹത്തില്‍ നിന്ന് അമ്മയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരുടെ മനസ്ത്ഥിതി എന്താണ്?
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,
കണ്ണൂരുകാരനായ ഒരു പ്രമുഖ ബിസിനസ്സുകാരന്റെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ മാനേജരാണ് കക്ഷി.
മാനേജരുടെ വിശാലമായ ഓഫീസിലേക്ക് കയറിയപ്പോള്‍ അന്തം വിട്ടുപോയി, അമൃതാനന്ദമയിയുടെ ഒരു കൊച്ചു ക്ഷേത്രം തന്നെ,
"ഇതെന്തെഡേയ് ഇത്?"
"അളിയാ, എന്‍റെ മുതലാളി ഭയങ്കര അമ്മ ഭക്തനാണ്, അങ്ങേര് ബിസിനസ്സില്‍ പച്ചപിടിക്കാതെ പിടുത്തം വിട്ടു നടക്കുന്ന കാലത്ത് ഒരിക്കല്‍ ആരോ പറഞ്ഞിട്ട് അമ്മയെ പോയി കണ്ടു, അനുഗ്രഹം വാങ്ങി വന്നതില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, തന്‍റെ എല്ലാ ഐശ്വര്യങള്‍ക്കും കാരണം അമ്മയാണെന്നാണ് മുതലാളിയുടെ ഉറച്ച വിശ്വാസം"
"അപ്പോ നീയോ, നീയും അമ്മ ഭക്തനായോ"?
"ഞാന്‍ മുതലാളി ഭക്തനാണ്, ജീവിച്ച് പൊട്ടെഡേയ്"
ഒരു അഞ്ചുവര്‍ഷം കൂടി പിറകോട്ട്,
കൊല്ലം ജില്ലയിലെ കായം കുളത്തിനടുത്ത് ഒരു കോഴിക്കോട് ഉണ്ട്, അവിടെ ഒരു പഴയ സുഹൃത്ത് രാജുവിന്‍റെ വീട്ടിലേക്ക്, രാജുവിന്‍റെ കൂടെ.
വഴിയില്‍ അമ്മയുടെ ഒരു വലിയ കട്ടൌട്ട് കണ്ടപ്പോള്‍ ഞാന്‍
"ഏതായാലും ദൈവം തൊട്ടടുത്ത് തന്നെ ഉള്ളത് കൊണ്ട്, ഒരു വിഷമം വന്നാല്‍ പേടിക്കാനില്ലല്ലോ, ഇവിടെയൊക്കെ ഭൂമിക്കെന്താ വില?"
ഒന്ന് പോഡേയ്, ദൈവം കോപ്പ്, അവളുടെ അയല്‍പക്കത്താ ഞാന്‍ ജീവിച്ചത്, പന്ന #$$%$#% , എന്തോന്ന് കണ്ടിട്ടാ കൊറേ ലെവന്‍മാരു കൂടെ ക്കൂടിയിരിക്കുന്നത് ? പണ്ട് ഒരു പണി കിട്ടിയതായിരുന്നു, നമ്മടെ ഒരു കൂട്ടുകാരന്‍ വക, വകയിലൊരു പെണ്ണും പിള്ള നഴ്സായി ഒണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു, ഇല്ലേ വീര്‍ത്തേനെ..."
രാജു പറഞ്ഞ കഥകള്‍ ഇവിടെ എഴുതിയാല്‍ ഇന്ത്യാവിഷന്‍, റിപ്പോര്‍ടര്‍, മീഡിയാ വണ്‍ ചാനലുകരോടൊപ്പം കേസിന് നടക്കേണ്ടി വരും, അത് കൊണ്ട് നോം ഒന്നും കേട്ടിട്ടില്ല്യ....
നമ്മുടെ വിഷയം അതല്ല
മേല്‍പ്പറഞ്ഞ രണ്ടനുഭവങ്ങളില്‍ നിന്ന് അമൃതാനന്ദമായിയോടുള്ള സമൂഹത്തിന്‍റെ സമീപനം ബോധ്യപ്പെടും.

1. ഭക്തര്‍ : - അവര്‍ക്ക് അമ്മയില്‍ നിന്ന് ചില നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ദുബായികാരന്‍ മുതലാളിയെപ്പോലെ, അമ്മയുടെ അടുത്ത് പോയ എല്ലാവരും എന്തേ മുതലാളിമാര്‍ ആയില്ല എന്നൊന്നും ഭക്തരോട് ചോദിക്കുന്നതില്‍ ഒരു പ്രസക്തിയുമില്ല, അമ്മക്ക് ദിവ്യശേഷി ഉണ്ട് എന്നു വിശ്വസിക്കുന്ന, അമ്മയെക്കൊണ്ട് മനസ്സമാധാനം അനുഭവിക്കുന്ന, അമ്മയെക്കൊണ്ടേ രക്ഷയുള്ളൂ  എന്ന് വിശ്വസിക്കുന്ന ആരാധകരായ ഒരു പറ്റം മനുഷ്യര്‍ ഉണ്ട്...അത് അംഗീകരിച്ചേ പറ്റൂ

2. ഭക്തി അഭിനയിക്കുന്നവര്‍ : എന്‍റെ ദുബായി സുഹൃത്തിനെപ്പോലെ, അവര്‍ക്ക് അമ്മയില്‍ വിശ്വാസമൊന്നുമില്ല പക്ഷേ അവര്‍ക്ക് ഭക്തി അഭിനയിക്കുന്നത് കൊണ്ട് അവര്‍ക്ക്ലാഭമുണ്ട്, മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങി...ആന്റണിയും.. ചാണ്ടിയും..ആര്യാടനും മോഡിയും വരെ ആ ലിസ്റ്റില്‍ പ്പെടും.                                                    

3. അമ്മ വിരോധികള്‍: സുധാമണി ഒരു ഇന്‍റര്‍നാഷണല്‍ ഉഡായിപ്പ് ആണ് എന്ന് തെളിവ് സഹിതം വിശ്വസിക്കുന്നവര്‍, പെണ്ണും, പണവും, ലഹരിയും കൊണ്ട് സുഖിക്കുന്നവരുടെ താവളമാണ് വള്ളിക്കാവ് എന്ന് വിശ്വസിക്കുന്നവര്‍. രാജുവിനെപ്പോലെ,   ഗെയില്‍ പുസ്തകം എഴുത്തുന്നതിന് മുമ്പേ, അമ്മയുടെ തനി നിറം അവര്‍ക്കറിയാം, കള്ളപ്പണത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന അമ്മയെക്കുറിച്ച് ഇവരൊക്കെ ഇതിന് മുമ്പും .അവര്‍ എഴുതുകയും പറയുകയും ഒച്ചവെക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം ഇതാണ്?
അമ്മ തങ്കക്കുടമാണ് എന്ന് ഭക്തര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ എന്തു കൊണ്ട് അവര്‍ ഒരു അന്വേഷണം ആവശ്യപ്പെടുന്നില്ല, ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലെങ്കില്‍ ആശ്രമം അന്വേഷകര്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ വാതിലുകള്‍ കൊട്ടിയടക്കുന്നത് എന്തിന്?
ചോദ്യം തികച്ചും ന്യായാമല്ലേ....?
പക്ഷേ ഇതില്‍ ഒരു അന്യായം ഉണ്ട്. അതെന്താണ്?
മുകളില്‍ വിവരിച്ച മൂന്നു വിഭാഗം ആളുകള്‍ നമ്മുക്കിടയിലെ ഓരോ പ്രസ്ഥാനത്തിന്റെയും വ്യക്തിയുടെയും പിന്നിലുണ്ട്, ഭക്തര്‍, അഭിനേതാക്കള്‍, വിരോധികള്‍

നമുക്ക് സി പി എമ്മിനെ എടുക്കാം
സി പി എമ്മിന് മാത്രമേ നല്ല ഭരണവും ഐശ്വര്യവും കൊണ്ടുവരാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ഭക്തരുണ്ട്, മൂന്ന്‍ പതിറ്റാണ്ട് തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ചിട്ട് എന്തുണ്ടാക്കി എന്ന ചോദ്യത്തിന് അവരുടെ മുമ്പില്‍ ഒരു പ്രസക്തിയുമില്ല, അവര്‍ ഭക്തരാണ്.
ഭക്തി അഭിനയിക്കുന്ന ചിലര്‍ അകത്തും പുറത്തും ഉണ്ട്, ഈ അഭിനേതാക്കളില്‍ ചിലരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക് സഭാ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കാണാം, അവര്‍ക്ക് പാര്‍ട്ടിയെക്കൊണ്ട് നേട്ടമുണ്ട്. അത് കൊണ്ട് അവര്‍ ഭക്തി അഭിനയിക്കുന്നു
ഈ പണ്ടാരമടങ്ങിയ പാര്‍ട്ടിയെ കെട്ടു കെട്ടിക്കാതെ നാട്ടില്‍ ഒരു സമാധാനവും ഉണ്ടാവില്ല എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്നവര്‍ ഉണ്ട്, ബിജെപി, ലീഗ്, കോണ്‍ഗ്രസ്സ്.
ടി പി കൊല്ലപ്പെടുന്നതിന് മുമ്പും ഇവര്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ഇനി അമ്മയോട് ചോദിച്ച ചോദ്യം മുമ്പ് സി പി എമ്മിനോട് ചോദിക്കപ്പെട്ട ചോദ്യമാണ്.
ലാവലിന്‍ കേസില്‍ നിങ്ങള്‍ നിരപരാധികള്‍ ആണെങ്കില്‍ എന്തേ ഒരു സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല? ടി പി വധത്തില്‍ നിങ്ങള്‍ കുറ്റക്കാര്‍ അല്ലെങ്കില്‍ എന്തേ നിങ്ങള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല?
അവര്‍ക്കും അമ്മയുടെ അതേ നിലപാടായിരുന്നു... ഡല്‍ഹിയില്‍ നിന്ന് വക്കീലുമാരെ ഇറക്കി സി പി എം സി ബി ഐ അന്വേഷണത്തെ എതിര്‍ത്തു , അമ്മ ചെയ്തതുപോലെ.
ഇനി സി പി എമ്മിന്‍റെ സ്ഥാനത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വെച്ചു നോക്കൂ...ആറ് പതിറ്റാണ്ട് ഇന്ത്യ ഭരിച്ച് മുടിച്ച കോണ്‍ഗ്രസ്സിനും ഭക്തരും, അഭിനേതാക്കളും, വിരോധികളും ഉണ്ട്.
രാജ്യത്തിന്‍റെ സ്വസ്ഥതയും സമാധാനവും നഷ്ട്ടപ്പെടുത്തിയ ബി ജെ പി യെ എടുത്താലും ഇത് തന്നെ സ്ഥിതി, ലീഗോ മറ്റേതിങ്കിലും കക്ഷികളെയോ എടുത്ത് നോക്കൂ...അവര്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ .. വാ അന്വേഷിച്ചോ എന്ന് പറഞ്ഞ് വാതില്‍ തുറന്നവര്‍ ആരാണ്?
നിങ്ങള്‍ യോഹന്നാനെയോ, കാന്തപുരത്തെയോ എടുക്കൂ...ഇത് തന്നെയല്ലേ സ്ഥിതി? മോഡിക്കും രാഹുലിനും ഉണ്ട്, ഭക്തരും, അഭിനേതാക്കളും വിരോധികളും.  

ഇനി സ്വയം ഒന്ന് വിലയിരുത്തി നോക്കൂ... ഇപ്പറഞ്ഞ മൂന്നു കൂട്ടരില്‍ എവിടെയെങ്കിലും നിങ്ങളുമുണ്ടാകും, ചിലയിടങ്ങളില്‍ ഭക്തരുടെ റോളില്‍, ചിലപ്പോള്‍ ഭക്തി അഭിനയിക്കുന്നവരുടെ റോളില്‍, പലപ്പോഴും വിരോധകളുടെ റോളില്‍....
ആര് ആരെയാണ് തിരുത്തേണ്ടത്? ഇരുട്ടുകൊണ്ട് ഏത് ഓട്ടയാണ് നാം അടക്കാന്‍ ശ്രമിക്കുന്നത്?
ഇത് പറയുമ്പോള്‍ പാഞ്ഞുവരുന്ന ഒരു ആരോപണ ശരമുണ്ട്
"ചിലവന്മാര്‍ ഇങ്ങനെയാണ്, അവര്‍ അമ്മയെ പറയുമ്പോള്‍, കാന്തപുരത്തെയും യോഹന്നാനെയും പറയും.. സി പി എമ്മിനെയും ലീഗിനെയും പറയും, അരാജകവാദികള്‍"!!!
സുഹൃത്തേ, ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോഴേ സമാനമായ മറ്റ് വിഷയങ്ങള്ക്കും പ്രസക്തിയുള്ളൂ, അപ്പഴേ അത് പറയാന്‍ ഇടമുണ്ടാകൂ...

എന്താണ് പരിഹാരം?
കതിരില്‍ വളം വെക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്, അത് പരിഹാരമല്ല, ഒരു അന്ധവിശ്വാസത്തില്‍ നിന്ന് കൊണ്ട് മറ്റൊരു അന്ധവിശ്വാസത്തെ എതിര്‍ക്കാനോ ഇല്ലാതാക്കാനോ കഴിയില്ല, മത വിശാസവും മതഅന്ധവിശ്വാസവും രണ്ടാണ്, രാഷ്ട്രീയ വിശ്വാസവും രാഷ്ട്രീയഅന്ധവിശ്വാസവും രണ്ടാണ്, ഇത് പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇഴപിരിഞ്ഞിരിക്കുന്നു., അവനവന്‍ നില്‍ക്കുന്ന അന്ധവിശ്വാസത്തിന്‍റെ പൊട്ടക്കിണറ്റില്‍ നിന്ന് ഓരോരുത്തരും പുറത്ത് വരട്ടെ, അങ്ങനെ പുറത്ത് വന്നവരുടെ ശബ്ദം നാം ഇടക്കിടെ കേള്‍ക്കുന്നുണ്ട്, അത്തരം ശബ്ദങ്ങല്‍ക്കേ ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയൂ...

ആള്‍ ദൈവ അന്ധവിശ്വാസവും രാഷ്ട്രീയ അന്ധവിശ്വാസവും തുല്യമാണെന്നോ?
അല്ല, രാഷ്ട്രീയ അന്ധവിശ്വാസമാണ് കൂടുതല്‍ ആപല്‍ക്കരം, സ്വാതന്ത്ര്യം നേടി ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും, കോടിക്കണക്കിന് മനുഷ്യരെ പട്ടിണിയില്‍ ആഴ്ത്തിയത് രാഷ്ട്രീയ അന്ധവിശ്വാസമാണ്, നല്ല കക്കൂസുകള്‍ ഇലാത്തവന്‍ ആറ്റം ബോംബില്‍ അഭിരമിക്കുന്നതിന് കാരണം രാഷ്ട്രീയ അന്ധവിശ്വാസമാണ്.
അമ്മമാരെ എന്തു ചെയ്യും?
സകല അമ്മമാര്‍ക്കും പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ട്, ആ താല്‍പര്യങ്ങളെ തുറന്നു കാണിക്കണം, അമ്മയുടെ ആശ്രമത്തില്‍ സി ഐ എ ചാരന്മാര്‍ ഉണ്ട് എന്ന് ഒരു ഭക്തന്‍ തുറന്നു പറഞ്ഞതിനെക്കാള്‍ വലുതല്ല, അമ്മ ലൈംഗീക വേഴ്ച നടത്തുന്നു എന്ന തുറന്നു പറച്ചില്‍, ഇത് രണ്ടും വക തിരിച്ചു മനസ്സിലാക്കാനുള്ള ശേഷി കേരളീയ സമൂഹം നേടും വരെ എല്ലാം വെറും അധരവ്യായാമം മാത്രം. പൂര്‍വ്വാശ്രമ ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിച്ച വ്യക്തികളും പാര്‍ട്ടികളും നമുക്കിടയില്‍ വീര്‍ത്ത് വണ്ണം വെച്ച് വിലസുന്നത് ആളെ പറ്റിച്ചു തന്നെയാണ്. പറ്റിക്കപ്പെടുന്നവന് ബോധം വരാത്തിടത്തോളം കാലം അത് തുടര്‍ന്നു കൊണ്ടിരിക്കും, നുള്ളിക്കളയാം എന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രം.              


ആത്മഗതം
"നമ്മള്‍ നന്നാകുവാന്‍ എന്തു നല്ലൂ...
നല്ലൊരു ചൂല് മനസ്സിനല്ലൂ..."
--കുഞ്ഞുണ്ണി മാഷ്                                                  
       
            

5 comments:

  1. നല്ല വിശകലനം

    ReplyDelete
  2. എത്ര ശരിയായ വീക്ഷണം!

    ReplyDelete
  3. nikshpaksha veekshanam,good job bro

    ReplyDelete
  4. ഒറ്റവാക്കിൽ - തെറ്റെന്നു തോന്നുമ്പോൾ മാറിച്ചിന്തിക്കാൻ കഴിയാത്ത മാനസികാവസ്ഥയെ അന്തത എന്ന് വിളിക്കണം [കൃഷ്ണകൃഷ്‌ ]

    ReplyDelete
  5. /അമ്മക്കെതിരെയുള്ള അരോപണങ്ങൾ തെളിയിക്കപ്പെടട്ടെ.അലാതെ ഒരു വ്യക്തിയെ തേജാവധം ചെയ്യുന്നതിനോട്‌ യോചിക്കാനാവില്ല.അമ്മയെ പറയുമ്പോൾ കാന്തപുരത്തെയും യോഹന്നാനെയും പറയുന്നതിന്റെ രസതന്ത്രവും മനസ്സിലാകുന്നില്ല.ആത്മീയ നേതാക്കളോട്‌ കളിക്കുന്നത്‌ കുട്ടിക്കളിയല്ല.അവർ തെറ്റ്‌ ചെയ്തതിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.കണ്ണടച്ച്‌ വിമർശ്ശിക്കുന്ന രീതി ആർക്കും ഭൂഷണമല്ല.

    ReplyDelete