Monday, 15 September 2014

റൈറ്റ് തിങ്കേര്‍സ്; സോഷ്യല്‍ മീഡിയയുടെ നേര്‍ചിത്രവും നുറുങ്ങുവെട്ടവും

സോഷ്യല്‍ മീഡിയ എന്ന വാക്ക് നമുക്ക് പരിചിതമായിട്ട് ഏറെയൊന്നും ആയിട്ടില്ല, ഫേസ്ബുക്കും ട്വിറ്ററും 'പൊതു' ചുമരുകള്‍ നിര്‍മ്മിച്ച് 'പരസ്യം പതിക്കുക' എന്നെഴുതി വെച്ചതോടെയാണ് സോഷ്യല്‍ മീഡിയ എന്ന പ്രയോഗത്തിന് വ്യാപ്തി കൈവന്നത്. ഓരോ വ്യക്തിക്കും  ചിന്തകളും അഭിരുചികളും  പരസ്യപ്പെടുത്താന്‍ കിട്ടിയ ചുമരുകളില്‍ കണ്ടുമുട്ടിയ സമാന പരസ്യങ്ങളാണ് ലോകത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന പുതിയ ശക്തിയായി പരിണമിച്ചത്. ജനകീയ വിപ്ലവങ്ങളും തെരെഞ്ഞെടുപ്പ് വിജയങ്ങളും സോഷ്യല്‍ മീഡിയയുടെ അക്കൌണ്ടില്‍ വരവ് വെക്കപ്പെട്ടത് വളരെ പെട്ടെന്നാണ്, ലോകത്തെല്ലായിടത്തും എല്ലാഭാഷകളിലും സര്‍വ്വത്ര അതിര്‍വരമ്പുകളെയും തകര്‍ത്തുകൊണ്ടുള്ള മനുഷ്യന്‍റെ കൂടിച്ചേരല്‍  മനുഷ്യ കുലത്തിന്‍റെ അത് വരെയുള്ള സ്വഭാവിക ഒഴുക്കിനെ ഒന്നു പിടിച്ചു കുലുക്കിയപ്പോള്‍ ഇരുട്ടിന്‍റെ ശക്തികള്‍ ഒന്ന് വിറച്ചുപോയി, ഏകാധിപതികളില്‍ തുടങ്ങി വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് പഴയ പോലെ ഉറങ്ങാന്‍ പറ്റാതായി, മടിയില്‍ കനമുള്ളവര്‍ക്കെല്ലാം പേടികലശലായ നാളുകളില്‍  മാന്യതയുടെ മുഖം മൂടികള്‍ കൊഴിഞ്ഞു വീണത് കൂട്ടത്തോടെയാണ്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും മാത്രമല്ല വിശുദ്ധ പശുക്കളായ മാധ്യമങ്ങള്‍ വരെ ഉടുതുണി വലിച്ചു കീറപ്പെട്ട ജാള്യതയില്‍ മുഖത്തോട് മുഖം നോക്കി നിന്നുപോയ നാളുകള്‍ പക്ഷേ പെട്ടെന്നവസാനിച്ചു, ആരാണോ സോഷ്യല്‍ മീഡിയയെ ഭയപ്പെട്ടിരുന്നത് അവരെല്ലാം അതിന്‍റെ വക്താക്കളായി മാറുകയും മറ്റൊരു ചൂഷണോപാധിയായി സോഷ്യല്‍ മീഡിയയെ മാറ്റിയെടുക്കുകയും ചെയ്തത് വളരെപ്പെട്ടെന്നാണ്.



ഇന്‍റര്‍നെറ്റ് സാക്ഷരതയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന മലയാളി സമൂഹത്തില്‍ സോഷ്യല്‍ മീഡിയാ ചുമരില്‍ ഏറ്റവുമധികം ഒട്ടിച്ച പരസ്യങ്ങള്‍ തമാശയും തെറിയുമാണ്. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിച്ച് കമ്മറ്റികള്‍ തുടങ്ങിയതോടെ തെരുവിലെ അന്തരീക്ഷ മലിനീകരണം അല്‍പം കുറയുകയും ചെളി മുഴുവനും 'ഐ-ചുമരുകളില്‍' വാരിയെറിയുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ വിപ്ലവങ്ങള്‍ക്കൊന്നും വേദിയാകാന്‍ മലയാളിയുടെ ചുമരുകള്‍ക്ക് കാര്യമായി സാധിച്ചിട്ടില്ല,
പൊതുവേ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയമെന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതുമില്ല, ഇതിന്  അപവാദം എന്നു പറയാവുന്ന, സമൂഹത്തിനു നേര്‍ക്ക് കണ്ണാടി ഉയര്‍ത്തിവെച്ച് സ്വന്തം മുഖം എത്ര വികൃതമാണെന്ന് തിരിച്ചറിയാന്‍ ഇടനല്‍കുന്ന ചില കൂട്ടായ്മകള്‍ മലയാളികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയ ഒരു ഗ്രൂപ്പാണ് റൈറ്റ് തിങ്കേര്‍സ് 75000 ത്തിലേറെ മെമ്പര്‍മാരുള്ള മലയാളത്തിലെ ഏറ്റവും സജീവമായ ഈ ഫേസ് ബുക്ക് ഗ്രൂപ്പ് മലയാളിയുടെ സോഷ്യല്‍ മീഡിയാ അഭിരുചിയുടെ ഒരു നേര്‍ ചിത്രം കൂടിയാണ്, മനസാക്ഷിയുടെ നെരിപ്പോടില്‍ കെട്ടുപോകാന്‍ കാത്തിരിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയെ അണയാതെ ഊതികത്തിച്ചുക്കൊണ്ട് ചിലര്‍ ഉറക്കമിളിച്ച് ജാഗരൂകരായി ഇരിക്കുന്നുണ്ട് റൈറ്റ് തിങ്കേഴ്സില്‍.

മലയാളിയുടെ ഏറ്റവും വലിയ 'ആഗോള' പ്രശ്നം എന്നും മത-ജാതീയ താല്‍പര്യങ്ങളാണ്. വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിക്കുന്നതിന് മുമ്പും ശേഷവും അതങ്ങനെ തന്നെയായിരുന്നു. റൈറ്റ് തിങ്കേഴ്സിലും ഏറ്റവും വലിയ ചര്‍ച്ച എന്നും മതമാണ്, ദൈവം ഉണ്ടോ ഇല്ലേ...., ഉണ്ടെങ്കില്‍ ഏത് ദൈവമാണ് ശരി..., ഞങ്ങളുടെ ദൈവം എന്തു കൊണ്ട് കൂടുതല്‍ മഹാനാകുന്നു.... തുടങ്ങിയ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് എപ്പോഴും ഗ്രൂപ്പിനെ ശബ്ദമുഖരിതമാക്കുന്നത്. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയയെങ്കിലും എല്ലാവരുടെയും വഞ്ചികള്‍ തിരുനക്കരെ തന്നെയാണ്. മതമാകുന്ന നാളികേരത്തിനകത്ത് രുചികരമായ പാനീയവും കാമ്പും ഉണ്ടെന്ന് അനുഭവസ്ഥര്‍ ആരോ പറഞ്ഞ് കേട്ട അറിവുണ്ട് മിക്ക മതവാദികള്‍ക്കും. ഓരോരുത്തരും സ്വന്തം നാളികേരത്തിന്‍റെ മഹിമ പറയാന്‍ മല്‍സരിക്കുന്നതിനപ്പുറം അതിന്‍റെ രുചി അന്വേഷിക്കുന്നില്ല, അതിനവര്‍ക്ക് സമയവും സൌകര്യവുമില്ല, ചിലര്‍ അത് അടുത്ത ജന്മത്തില്‍ അനുഭവിക്കാനുള്ളതാണെന്ന് വിശ്വസിച്ച് ഓരോ നിമിഷവും തന്‍റെ നാളികേരത്തെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു,  മരണം വരെ. ചിലര്‍ക്കെല്ലാം ആരോ പറഞ്ഞ് കൊടുത്തിരിക്കുന്നു ചൂണ്ടു വിരലിന്റെ നഖം കൊണ്ടാണ് നാളികേരം പൊളിക്കേണ്ടതെന്ന്!, അവര്‍ രാവും പകലും അതിനു ശ്രമിക്കുന്നു, തലമുറകളായി അങ്ങനെ തന്നെ ചെയ്യുന്നു, മുന്‍ തലമുറകള്‍ ഇങ്ങനെയാണ് നാളികേരം പൊളിച്ചത് അത് കൊണ്ട് ഇങ്ങനെയേ പൊളിക്കാവൂ എന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. നാളികേരത്തിന്‍റെ രുചി അറിഞ്ഞ ആരെങ്കിലും ഉണ്ടോ ഇതൊന്നു പൊളിച്ച് തരാന്‍? എന്ന്‍ അന്വേഷിക്കാന്‍ പോലും ധൈര്യമില്ലാത്ത ഭീരുക്കളുടെ സ്വയം ഭോഗമാണ് മതകീയ  ചര്‍ച്ചകളുടെ ആകെത്തുക, ചിലര്‍ക്കത്തില്‍ ആനന്ദം കിട്ടുന്നുണ്ട്, അവര്‍ക്കത് ഉപേക്ഷിക്കുക സാധ്യമേയല്ല.

മലയാളിയുടെ രാഷ്ട്രീയ 'ബോധമാണ്' ഗ്രൂപ്പിലെ രണ്ടാമത്തെ 'ഐറ്റം'. സ്വന്തം പാര്‍ട്ടിയെ ഏത് പ്രതിസന്ധിയിലും ന്യായീകരിച്ച് രക്ഷപ്പെടുത്തുന്ന മിടുക്കന്‍മാര്‍! അവരുടെ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ തെറ്റ് പറ്റില്ല, അഥവാ അവര്‍ക്ക് പറ്റിയ തെറ്റാണ് ശരി!. അസാമാന്യ തൊലികട്ടിയും, കാല്‍പനീകതയുമുള്ള 'രാഷ്ട്രീയ' പോസ്റ്റുകളും അതിലേറെ ഗംഭീരമാകുന്ന പ്രതികരണങ്ങളും ഗ്രൂപ്പിനെ സജീവമാക്കി നിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഏത് പ്രതിസന്ധിയിലും relpy  ചെയ്യാന്‍ പാകത്തില്‍ തയ്യാറാക്കി വെച്ച ഇമേജുകളാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രധാന ആയുധം. മതകീയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും  ഒരു പൊതു സ്വഭാവമുണ്ട്, രണ്ടും തെറിവിളിയിലാണ് അവസാനിക്കുക. സ്വന്തം പക്ഷം (വലത് / ഇടത്) ഭരിക്കുമ്പോള്‍ ബസ്ചാര്‍ജ്ജ് കൂടിയാല്‍  അതിനു ന്യായീകരണം കണ്ടെത്തുകയും മറുപക്ഷം  ഭരിക്കുമ്പോള്‍ ചാര്‍ജ്ജ് കൂടിയാല്‍ സമരം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ ബോധത്തിന് അപ്പുറം മാനസിക വളര്‍ച്ചയെത്താത്ത 'രാഷ്ട്രീയക്കാര്‍' തന്നെയാണ് ഗ്രൂപ്പിലും ആധിപത്യം ചെലുത്തുന്നത്. മറ്റേ  പാര്ട്ടിയുടെ  നയങ്ങളെ എതിര്‍ക്കാന്‍ വേണ്ടി ആ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകന്‍ പെണ്ണ് കേസില്‍ പിടിക്കപ്പെട്ടതിന്റെ വാര്‍ത്ത  വിതരണം ചെയ്യുന്ന ഉത്തരാധുനീക രാഷ്ട്രീയ പ്രവര്‍ത്തനത്തെയും കണ്ടില്ലെന്നു നടിക്കാനാവില്ല.    

പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന രണ്ടുകൂട്ടരുണ്ട്, ഒന്ന് ആസ്ഥാന ബുദ്ധിജീവികള്‍ രണ്ട് ആസ്ഥാന അന്തം കമ്മികള്‍. മലയാളി സമൂഹത്തിന്‍റെ നേര്‍പതിപ്പാണ് ഈ രണ്ടു കൂട്ടരും. ഒന്നാമത്തെ കൂട്ടരെ മുഖ്യധാരക്കാര്‍ എന്നും വിളിക്കാം, വീട്ടില്‍ കയറി വന്ന് തെറി വിളിക്കുന്ന വരോട് ജഗതിശ്രീകുമാര്‍ ഏതോ ഒരു സിനിമയില്‍ ചോദിക്കുന്നുണ്ട് "ആണുങ്ങള്‍ ഇല്ലാത്ത നേരത്ത് വീട്ടില്‍ കയറിവന്ന് അലംബുണ്ടാക്കാന്‍ നാണം ഇല്ലെടാ നിനക്കൊന്നും?" - ഇതാണ് ആസ്ഥാന ബുദ്ധി ജീവി സ്റ്റൈല്‍! , സ്വന്തം ആണത്തത്തെ ക്കുറിച്ച് കേട്ടു കേള്‍വി പോലും ഉണ്ടാവില്ല, ഏത് പ്രതിസന്ധിയിലും ഉപദേശ നിര്‍ദേശങ്ങളുമായി വരും, വെടികളെല്ലാം ആകാശത്തേക്കാണ് വെക്കുക, ആളപായം ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു പത്രത്തില്‍ ഒരു ലേഖകന്‍ പേരുവെച്ച് ഒരു വേണ്ടാതീനം എഴുതി എന്നുവെക്കുക, ഈ പത്രക്കാര്‍ എന്നാണ് നന്നാവുക? ഇവരെന്താണ് ചെയ്യുന്നതെന്ന് ഇവരറിയുന്നുവോ? തുടങ്ങി രക്തം തിളപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകളയും. ചോദ്യത്തില്‍ പക്ഷേ എഴുതിയവനെയോ പത്രത്തെയോ പരമര്‍ശിക്കുകയേയില്ല. വെടി ആകാശത്തേക്കാണ്, കുറ്റം എല്ലാ പത്രക്കാര്‍ക്കും കൂടിയാണ്. ഒരുത്തന്‍റെ പേരുപറഞ്ഞു ആക്രമിച്ചു അവനെക്കൊണ്ട് ഒരു ശല്യം ഉണ്ടാക്കിവെക്കണ്ട എന്ന സാമാന്യ ബോധം തന്നെയാണ് ഇവരെ നയിക്കുന്നത്. അഥവാ ഒന്ന് ഉപദേശിക്കണം എന്ന് തോന്നിയാല്‍  തിരിച്ച് ഒരു ഉപദ്രവവും ചെയ്യില്ല എന്നുറപ്പുള്ള സാധുക്കളെയാവും ഉപദേശിക്കുക, മുഖ്യധാര മീഡിയയിലും ബ്ലോഗ്ഗര്‍മാരിലും എല്ലാം ഇത്തരം ഉപദേശകരെ കാണാം റൈറ്റ് തിങ്കേഴ്സിലും ഇക്കൂട്ടര്‍ക്ക് ഒരു പഞ്ഞവുമില്ല.

അന്തം കമ്മികള്‍ എന്നാല്‍ വടികൊടുത്ത് അടിവാങ്ങുന്നവര്‍, കൊടുക്കുന്നത് വടിയാണെന്നും, കിട്ടുന്നത് അടിയാണെന്നും തിരിച്ചറിയാന്‍ പോലും പറ്റാത്തവര്‍.! ചില പ്രത്യേക അജണ്ടകളോടെ ചിലരെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ചില തുരപ്പന്‍മാരുണ്ട്. അവര്‍  മതത്തെ വെല്ലുവിളിക്കുന്ന ഒരു പോസ്റ്റിടും, തെളിവായി ചില വേദ വാക്യങ്ങളും ഉദ്ധരിക്കും. അന്തം കമ്മികള്‍ കൂട്ടത്തോടെ ചാടിവീണ് ചര്‍ച്ചയില്‍ മുഴുകും, പോസ്റ്റിട്ടവന്‍ അവന്‍റെ പാട്ടിന് പോയിക്കാണും ചര്‍ച്ചിക്കാന്‍ വന്നവര്‍ തമ്മില്‍ മുടിഞ്ഞ വാഗ്വാദം നടക്കും, എവിടേയും എത്താതെ ചര്ച്ച പിരിയും പലപ്പോഴും വാദത്തിന് ചെന്ന 'മതവിശ്വാസി' നിലംപരിശായിട്ടുണ്ടാകും, കാരണം പോസ്റ്റുമാന്‍ ഉദ്ധരിച്ച വേദ വാക്യം തന്നെ വ്യാജമായിരിക്കും. ഇത് തിരിച്ചറിയാതെ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് അന്തം കമ്മികള്‍ ചെയ്യൂക, ഇനി ഒരു ദിവസത്തെ അധ്വാനം സമ്മാനിച്ച് പോയ പോസ്റ്റുമുതലാളി പിറ്റേന്ന് സമാന സ്വഭാവമുള്ള മറ്റൊരു പോസ്റ്റുമായി വരും അന്തം കമ്മികള്‍ വീണ്ടും ചാടിവീണ് 'ശശി' ആയിക്കൊണ്ടിരിക്കും... ആരാണ് പോസ്റ്റുമായി വരുന്നവന്‍ എന്താണിവന്‍റെ ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത     ഈ സസികളെ ഉപദേശിച്ച് നേരെയാക്കാം എന്ന് കരുതി ഇറങ്ങുന്നവനും ഇമ്മിണിബല്യ സസിയാകും. ലോകം വ്യത്യസ്തവും മനോഹരവുമാക്കാന്‍ ദൈവം സൃഷ്ടിച്ചു വെച്ചവര്‍ എന്ന് കരുതി ഈ അന്തം കമ്മികളോട് സഹതപിക്കുകയെ മാര്‍ഗ്ഗമുള്ളൂ...

പോകുന്ന വഴി കാണുന്നിടത്തൊക്കെ ഒന്ന് തോണ്ടിയും മാന്തിയും ലൈകും ഷെയറും നല്‍കുന്ന വഴിപോക്കാരായ ആവേശക്കമ്മറ്റിക്കാരാണ് ഏത് പ്രസ്ഥാനത്തിന്‍റെയൂം വിജയം. വഴിപോക്കര്‍ക്ക് റൈറ്റ് തിങ്കേഴ്സില്‍ ഒരു കുറവുമില്ല. ആര്‍ക്കും ഒരു പദ്രവും ചെയ്യാതെ കടന്നു പോകുന്ന 'പാവങ്ങളെ' നമുക്കും വെറുതെ വിടാം, എപ്പഴെങ്കിലും ഒരു സെല്‍ഫിയോ കല്യാണ ഫോട്ടോയോ ഷെയര്‍ ചെയ്ത് അവരും ജീവിച്ചു പോവട്ടെ.

റൈറ്റ് തിങ്കെഴ്സിനെ മറ്റ് ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും ഗ്രൂപ്പില്‍ പ്രതീക്ഷയുടെ നുറുങ്ങുവെട്ടം തെളിയിക്കുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ട്, അവരെ പരാമര്‍ശിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയയെ ഹൈജാക്ക് ചെയ്യാന്‍ അരയും തലയും മുറുക്കി ആളും അര്‍ത്ഥവുമായി ഇറങ്ങിയിരിക്കുന്ന ഇരുട്ടിന്‍റെ ശക്തികളെക്കുറിച്ച് പറയണം.

തുടരുന്നു                                                          

                       

8 comments: