Saturday 2 June 2012

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കണ്ടേ ?



സി പി എമ്മിനെ ആര് രക്ഷിക്കും?

ഇതൊരു രക്ഷപ്പെടേണ്ട സാധനമാണോ?

ബംഗാളില്‍ മുപ്പത് കൊല്ലം തുടര്‍ച്ചയായി ഭരിച്ചിട്ടും ഇവിടത്തെ വലത് പക്ഷ പിന്തിരിപ്പന്‍ ഭരണക്കാരെക്കാള്‍ മോശം ഭരണം കാഴ്ച വെച്ച ഒരു പാര്‍ട്ടിക്ക് ഇനിയും നിലനില്‍ക്കേണ്ടത് ആവശ്യമാണോ ?

കേരളത്തില്‍ പലതവണ ഭരണം ലഭിച്ചിട്ടും വലത് പക്ഷത്തെ പ്പോലെ മറ്റൊരു പക്ഷം എന്നതില്‍ കവിഞ്ഞ് എന്തു പ്രസക്തിയാണ് ഈ പാര്‍ട്ടി നേടിയത് ?


പാര്‍ട്ടി ഗ്രാമങ്ങളും, പാര്‍ട്ടി കാംപസ്സുകളും ഉണ്ടാക്കാന്‍ എത്ര നിരപരാധികളെയാണ് ഇവര്‍ കൊന്നുതള്ളിയതും  അടിച്ചു വീഴ്ത്തിയതും. ഈ അക്രമി സംഘം ഇനിയും ഇവിടെ വേണോ ?

നമ്മുടെ മാധ്യമങ്ങള്‍ പൊതുസമൂഹത്തില്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്ന 'പ്രസക്തമായ' ചോദ്യങ്ങള്‍ ആണിത്.

ഇന്നത്തെ നിലയില്‍ സി പി എം എന്ന പാര്‍ട്ടി നിലനില്‍ക്കണോ വേണ്ടേ എന്നത് ആ പാര്‍ട്ടിയുടെ മുതലാളിമാരുടെ മാത്രം പ്രശ്നമാണ്.
ആ കട പൂട്ടിപ്പോയാല്‍ നഷ്ടം മുതലാളിമാര്‍ക്ക് മാത്രം ജനം വേറെ കടയില്‍ കയറും.

പക്ഷേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍റെ ജനപക്ഷ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് നിലനില്‍ക്കേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. ഇല്ലെങ്കില്‍ ജാതി മത ശക്തികള്‍ കേരളത്തെ റാഞ്ചിക്കളയും. പണ്ടേ സ്വാമിജി ഭ്രാന്താലയം എന്ന്‍ വിളിച്ച നാടാണിത്. സുകുമാരന്‍ നായരും, വെള്ളാപ്പള്ളിയും, വൈദീക പ്രഭുക്കളും, തങ്ങന്‍മാരും, മുസ്ലിയാക്കന്മാരും....... സകല ഞാഞ്ഞൂലുകളും വിഷം വമിക്കുന്ന മുഴു ഭ്രാന്താലയം ആവാതെ നാടിനെ കാക്കാന്‍ മത ജാതി ചിന്തകള്‍ക്കപ്പുറം മനുഷ്യനെ അഭിമുഖീകരിക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ വേണം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
 കമ്യൂണിസത്തെ വ്യഭിചരിക്കുന്ന ആണും പെണ്ണും കേട്ട നേതാക്കളെ കെട്ടു കെട്ടിക്കാന്‍ പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് കഴിയണം.
പിണറായി, കൊടിയേരി.  ജയരാജാദികളെ  പടിക്ക് പുറത്ത് നിര്‍ത്താന്‍ വിപ്ലവ വീര്യമുള്ള യുവത ഉയര്‍ന്നു വരണം. ഇവരൊന്നും വെറും വ്യക്തികളല്ല, പാര്‍ട്ടിയില്‍ അടിഞ്ഞു കൂടിയ ചില സ്വഭാവ രീതികളും കൂടിയാണ്.
ഇല്ലായ്മ ചെയ്യേണ്ടത് ഇവര്‍ പാര്‍ട്ടിക്കകത്തേക്ക് വലിച്ചു കയറ്റിയ മാലിന്യത്തെയാണ്.
വി എസ്സിനെ പ്പോലെ ആണും പെണ്ണും കെട്ട ഒരു വിടുവായിത്ത ക്കാരനെ പകരം വെക്കാനല്ല,
ഉത്തരാധുനീക- ആഗോളീകരണ കാലത്തും ആഡംബരങ്ങളെ വലിച്ചെറിയാന്‍ ശേഷിയുള്ള, അധികാരത്തെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള പാവപ്പെട്ട മനുഷ്യന്‍റെ വികാര വിചാരങ്ങളെ നെഞ്ചിലേറ്റാന്‍ കെല്‍പ്പുള്ള പുതിയൊരു നേതൃത്വം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉയര്‍ന്നു വരണം.
കാലം അതാവശ്യപ്പെടുന്നുണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചവറ്റുകൊട്ടകളാണെന്ന് സ്വയം തെളിയിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ജനം വേറെ വഴിതേടും, നാടിനോട് കൂറുള്ള വിദ്യാ സമ്പന്നരായ യുവത്വം സടകുടഞ്ഞെഴുന്നേല്‍ക്കുക തന്നെ ചെയ്യും, അവരെ അരാഷ്ട്രീയ വാദത്തിന്റെ പുറമ്പോക്കിലേക്ക് എഴുതിത്തള്ളി 'സായൂജ്യമടയാമെന്ന്' കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്, ഇത് തിരിച്ചറിയാനും ഇനിയും മാറ്റത്തിന് തയ്യാറാവാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറം പകരാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയും, തിരിച്ചറിവിനുള്ള അവസാന അവസരവും അവരെ കടന്ന് പോവുകയാണ്, നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നെഞ്ചുറപ്പുള്ള ഒരു യുവത്വം കടന്ന് വരിക തന്നെചെയ്യും, ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന സാധാരണക്കാരന്‍ പട്ടുമെത്ത വിരിച്ച് ആ വിപ്ലവത്തെ സ്വീകരിക്കും.                
അത് യഥാര്‍ഥ്യമായില്ലെങ്കില്‍ രക്തസാക്ഷികള്‍ വെറും മിഥ്യ യാണെന്ന് പറയേണ്ടി വരും.
നാടിനും മനുഷ്യനും വേണ്ടി സ്വന്തം സ്വപ്നങ്ങളില്‍ ചൂടു ചോര വാരി പ്പൂശീയ രക്ത സാക്ഷികള്‍ സത്യമല്ലാതെ വരുമോ?,
 ഇല്ല രക്ത സാക്ഷിക്ക് മരണമില്ല. ഇങ്കിലാബ് സിന്ദാബാദ്.              


No comments:

Post a Comment