Sunday, 3 June 2012
സി പി എം കൊണ്ടറിയുന്നു
കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന് പഴമൊഴി,
പഴമൊഴിയില്‍ പതിരില്ലെന്ന് വേറൊരു പഴമൊഴി,
പോലീസിന്റെ മൊഴിയെടുക്കലും പത്രക്കാരുടെ മൊഴി എഴുതലും ഒക്കെ ജോറായിനടക്കുന്നു.
വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ ക്രൂരമായി വേട്ടയാടുന്നു എന്നാണ് പിണറായി യുടെ പരാതി.
സംഗതി ഒരു പരിധി വരെ സത്യവുമാണ്.
പക്ഷേ ഇങ്ങനെ ഒരു പരാതി പറയാന്‍ സി പി എമ്മിന് അര്‍ഹത യുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
കാരണം മാധ്യമങ്ങളുടെ ഈ സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുമ്പ് പലരും ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടുണ്ട്. അന്നൊക്കെ സി പി എമ്മും അതിന്‍റെ കീഴിലുള്ള പത്രമാധ്യമങ്ങളും വേട്ടക്കാരുടെ കൂടെ, ഒരല്‍പം മുന്‍പന്തിയില്‍ തന്നെയായിരുന്നു.
ഡി എച്ച് ആര്‍ എം എന്ന ദളിത് സംഘടനക്കെതിരെ ഇതേപോലൊരു വേട്ടയാടല്‍ നടന്നു.
ഒരു വഴിപോക്കന്‍റെ കൊലപാതകമാണ് വിഷയം.
ഇന്നും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആ കേസില്‍ ദളിത് പ്രവര്‍ത്തകരെ, സ്ത്രീകളെ അടക്കം പോലീസ് ചവിട്ടിയരച്ചു. അന്ന് ആ സംഘടനയെ കടിച്ചു കീറാന്‍ കഥ മെനഞ്ഞവരില്‍ ദേശാഭിമാനി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച അതേ കഥകള്‍ പാര്ട്ടി പത്രവും പ്രസിദ്ധീകരിച്ചു,
ഏഷ്യാനെറ്റിന്‍റെയും , മനോരമാ ന്യൂസിന്‍റെയും കഥകള്‍ പീപ്പ്ള് ചാനല്‍ കോപ്പിയടിച്ചു സംപ്രേഷണം ചെയ്തു.
അന്നൊന്നും ഇല്ലാത്ത നീതി ബോധമാണ് ഇപ്പോള്‍ പിണറായി സഖാവിന്
അദ്ധ്യാപകന്‍റെ കൈവെട്ടിയതു മായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രെണ്ടിനെതിരെ ഇതുപോലൊരു മാധ്യമ ആക്രമണം നടന്നു.
അന്നും വേട്ടക്കാരുടെ മുന്‍പന്തിയില്‍ പാര്ട്ടി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു.
ഒരു കൈവെട്ടിയപ്പോള്‍ ഉണ്ടായ പുകിലിനെക്കാള്‍ ഒട്ടും കുറയരുതല്ലോ മുഖത്ത് അന്‍പതിലേറെ വെട്ട് വെട്ടി കൊന്നുകളയുമ്പോള്‍ എന്ന്‍ മാധ്യമങ്ങള്‍ക്ക് തോന്നിയോ ?
മാധ്യമ വിചാരണയുടെയും 'പ്രതികളുടെ മൊഴികള്‍' പത്രക്കാര്‍ പോലീസുപോലും എഴുതുന്നതിന്റെ മുമ്പ് പകര്‍ത്തിയെഴുതുന്നതിന്റെയും ഒക്കെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
അത് ചോദിക്കേണ്ടത് പക്ഷേ പിണറായിയെപ്പോലെ ഒരു അല്‍പനല്ല,
സി പി എമ്മിനെപ്പോലെ നെറികേടിന് കൂട്ട് നില്ക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടിയും അല്ല.
നെഹ്രു പറഞ്ഞിട്ടുണ്ടത്രേ "താങ്കള്‍ പറയുന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കണമെന്നില്ല, പക്ഷേ താങ്കള്‍ക്ക് അത് പറയാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ താങ്കളോടൊപ്പം സമരം ചെയ്യും" - അതാണ് നീതി ബോധം.
നീതിയുടെ ഭാഗത്ത് നില്‍ക്കാന്‍ ആത്മാവിന് ബലം വേണം. ഇന്ന് സി പി എമ്മിന് നേരെ കുതിര കയറുമ്പോള്‍ കൈകൊട്ടി ചിരിക്കുന്ന മറ്റ് ചിലപാര്‍ട്ടികള്‍ ഉണ്ട്, അവരും നാളെ ഈ അവസ്ഥയില്‍ എത്തും. അന്ന് അവര്‍ വലിയ വായില്‍ പരിതപിക്കുന്നത് നമുക്ക് കേള്‍ക്കാം.
കരുണാകരന്‍ ആഭ്യന്തര മന്ത്രി യായിരിക്കെ ഗുരുവായൂരില്‍ ആര്‍ എസ് എസ്സുകാരന്‍ കൊല്ലപ്പെട്ടയുടനെ സി പി എമ്മാണ് അത് ചെയ്തത് എന്ന്‍ പ്രചരിപ്പിച്ച് അവസാനം അന്വേഷണം നടത്തിയപ്പോള്‍ സി പി എം അല്ല എന്ന് കണ്ടെത്തിയ കഥ ഇന്ന്‍ പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു.
ഇതിന് സമാനമായ ഒരു കഥ തലശേരിയില്‍ നടന്നത് പക്ഷേ സഖാവ് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഫസല്‍ വധം. ഫസല്‍ കൊല്ലപ്പെട്ട ഉടനെ അതിനു പിന്നില്‍ ആര്‍ എസ് എസ്സാണ് എന്ന് പ്രഖ്യാപിച്ചു ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, അന്വേഷണം നടത്തിയപ്പോള്‍ പ്രതി കൊടിയേരിയുടെ സ്വന്തം പാര്‍ട്ടിക്കാരന്‍, ഈ കഥ പക്ഷേ പിണറായിക്ക് ഓര്‍ത്തുവെക്കാന്‍ പറ്റിയെന്ന് വരില്ല .
കണ്ടാമൃഗത്തിന് പിണറായി വിജയന്‍റെ അത്ര തൊലിക്കട്ടി ഉണ്ടാകുമോ എന്ന്‍ ചോദിക്കേണ്ടതാണ്, കാണ്ടാമൃഗം എങ്ങാനും മാന നഷ്ടത്തിന് കേസ് കൊടുത്താലോ.?
ഏതായാലും പത്രങ്ങള്‍ അപസര്‍പ്പക കഥകള്‍ മെനയുന്നതിനെതിരെ സി പി എം കോടതിയില്‍ പോയത് നല്ല കാര്യമാണ്. കോടതിയില്‍ നിന്നു അനുകൂല വിധി ഉണ്ടായാല്‍ സി പി എമ്മിന് ഗുണകരമായില്ലെങ്കില്‍ പോലും ഭാവിയില്‍ മാധ്യമങ്ങളുടെ ചവിട്ടിക്കൂട്ടലിന് വിധേയമാകാന്‍ ഇടയുള്ള പലര്‍ക്കും വിധി പ്രയോജന പ്പെട്ടേക്കും.
Subscribe to:
Post Comments (Atom)
Very Good....tnx bro...
ReplyDelete