Thursday 7 February 2013

പിണറായി സഖാവിന് ഒരു റെഡ് സല്യൂട്ട്.

സി പി എമ്മിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കാരണം ലക്ഷക്കണക്കായ മലയാളികളെപ്പോലെ ബ്ലോഗനും ആ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.  പക്ഷേ മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടെയും ഇളയ മകനായി 1944 ല്‍ ജനിച്ച് ആയിരമായിരം ചോരച്ചാലുകള്‍ നീന്തിക്കയറിയ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി ഉയര്‍ന്ന  പിണറായി സഖാവിനെക്കുറിച്ച്  രണ്ടു വാക്ക് പറയാതിരിക്കാന്‍ വയ്യ. വിദ്യാര്‍ഥി - യുവജന രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന്‍, ഇരുപത്തിനാലാമത്തെ വയസ്സില്‍ സി പി എം ജില്ലാകമ്മിറ്റിയില്‍ എത്തി. ആദ്യമായി കേരള നിയമ സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെടുംബോള് വയസ്സ് 26. കൊണ്ടും കൊടുത്തും വിവാദങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും  ഊളിയിട്ടുകൊണ്ടുള്ള ജീവിതയാത്ര 68 ല്‍ എത്തിനില്‍ക്കുമ്പോഴും പിണറായി സഖാവിന് പകരക്കാരില്ല. പിണറായിക്ക് പകരം പിണറായി മാത്രം.

 കേരളത്തിലെ ഇടതു-വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ കെമിസ്ട്രി മനസ്സിലാക്കുക വളരെ എളുപ്പമാണ്. വലതുപക്ഷം ഭരണത്തില്‍ ഇരിക്കുമ്പോള്‍ അവര്‍ ചെയ്യുന്നതൊക്കെ ഇടതുപക്ഷത്തിന് 'കുറ്റം'. ഭരണം മാറിയാല്‍ ഇതേ കാര്യങ്ങള്‍ ഇടതുപക്ഷം ചെയ്യും അപ്പോള്‍ വലതുപക്ഷത്തിന് കുറ്റം.
വലതുപക്ഷ ഭരണത്തില്‍ ബസ്ചാര്‍ജ്ജ്-വൈദ്യുതി നിരക്ക് കൂട്ടിയാല്‍ ഇടതുപക്ഷ യുവജനങ്ങള്‍ പന്തം കൊളുത്തി തെരുവില്‍ ഇറങ്ങും വലതുപക്ഷ യുവജനക്കാര്‍ മിണ്ടില്ല.  ഇടതുപക്ഷ ഭരണകാലത്ത് ഇതേ ചാര്‍ജ്ജ് വര്‍ദ്ധന ഉണ്ടായാല്‍ ഇടതുപക്ഷ യുവജനങ്ങള്‍ മിണ്ടില്ല വലതുപക്ഷക്കാര്‍ പന്തം കൊളുത്തും.
വലതുപക്ഷവുമായി തെറ്റിയവന്‍ ഇടതിന് സ്വന്തം. ഇടതുമായി തെറ്റിയവന്‍ വലതിന് സ്വന്തം.
ശത്രുവിന്‍റെ ശത്രു മിത്രം. എന്ന തിയറിയില്‍ 'വെള്ളം ചേര്‍ക്കാത്ത  രാഷ്ട്രീയ നേതാക്കള്‍ക്ക് അപവാദ മാകുകയാണ് വിജയന്‍.,.      

2013 തുടങ്ങിയ ശേഷം 'വാര്‍ത്താ കേരളം' കറങ്ങുന്നത് പെരുന്നയിലെ എന്‍ എസ് എസ് കാര്യാലയത്തിന് ചുറ്റുമാണ്. കേരള രാഷ്ട്രീയം സുകുമാരന്‍ നായരിലേക്ക് ചുരുങ്ങിയിരിക്കുന്നു. കുര്യനിലേക്ക് പോയപ്പോഴും നായര്‍ കൂടെയുണ്ട്. സമദൂരവും ശരി ദൂരവും ആവശ്യത്തിന് പയറ്റി കാര്യം നേടുന്ന എന്‍ എസ് എസ്സ്, യു ഡി എഫിന്‍റെ അടിവയറ്റില്‍ ഒന്ന് തൊഴിച്ചു. നിലവിളിക്കാന്‍ പോലും കഴിയാതെ വായ പൊത്തിപ്പിടിച്ച് എന്‍ എസ് എസ്സിനെതിരെ ഒരു ശ്വാസം പോലും പുറത്തു വരാതിരിക്കാന്‍ യു ഡി എഫ് കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ഗോള്‍പോസ്റ്റ് കാലിയായിരുന്നു. കോണ്‍ഗ്രെസ്സിനിട്ട് ഒന്ന് കൊട്ടി നായന്‍മാര്‍ക്കും രക്ഷ ഇടതുപക്ഷത്തിലേ ഉള്ളൂ എന്ന്‍ പ്രസ്താവനക്ക് കാത്തിരുന്നവരെ ഞെട്ടിച്ചു കൊണ്ട് 'ജാതിക്കോമരങ്ങളെ പിടിച്ച് കെട്ടണം എന്ന് പിണറായി ആഹ്വാനം ചെയ്തു. സുകുമാരന്‍ നായരെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും പിണറായി സഖാവിന് സിന്ദാബാദ് വിളിക്കാന്‍ തോന്നിപ്പോയ പ്രസ്താവന.
രാഷ്ട്രീയക്കാരനല്ലേ നാളെ  മാറ്റിപ്പറയും എന്ന്‍ ചിലരെങ്കിലും പ്രതീക്ഷിച്ചിരിക്കാം...
 അടുത്ത ദിവസം "പിണറായിക്ക് എന്‍ എസ് എസ്സിനെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല. കേരളം ഉണ്ടാക്കാന്‍ പരശുരാമന്‍ എറിഞ്ഞ മഴുപോലും ഞങ്ങള്‍ എന്‍ എസ് എസ്സ് ആസ്ഥാനത്ത് നിന്ന് കൊടുത്തുവിട്ടതാണ് "എന്നൊരു പ്രസ്താവന വന്നു നായരുടെ വക. പിണറായി അതിനോടു പ്രതികരിച്ചു. "പല നായര്‍ നേതാക്കന്മാരെയും ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു നിര്‍ഗുണനെ കാണുന്നത് ആദ്യമായിട്ടാണ്. വെറുതെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ സുകുമാരന്‍ നായരേ, നിങ്ങളുടെ കയ്യില്‍ ഉള്ള നായര്‍ വോട്ടുകള്‍ അവിടെ വെച്ചോ, വിവരമുള്ള നായന്മാര്‍ ഞങ്ങള്‍ക്ക് വോട്ടുചേയ്തു കൊള്ളും" എന്നൊരുഗ്രന്‍ വെടിക്കെട്ട്. 

വെറും രണ്ട് സീറ്റിന്‍റെ ബലത്തില്‍ വലതുപക്ഷം 'കയ്യാലപ്പുറത്ത്' നില്‍ക്കുകയാണ്, പരമാവധി പേരെ പ്രീണിപ്പിച്ച് കൂടെനിര്‍ത്താന്‍ ശ്രമിക്കേണ്ട നേരത്ത് ബുദ്ധിയുള്ള ഒരു നേതാവ് ചെയ്യേണ്ട പണിയാണോ പിണറായി കാണിച്ചത്? അവിടെയാണ് പിണറായി വ്യത്യസ്തനായത്, ഉള്ള കാര്യം തുറന്നു പറഞ്ഞു. ബുദ്ധിയും ഭരണവും ഒന്നും പറയേണ്ടത് പറയാന്‍  തടസ്സമായില്ല. ഇന്ന് കേരള രാഷ്ട്രീയത്തില്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്താന്‍ ധൈര്യമുള്ള ഒരു നേതാവേ ഉള്ളൂ, അത് പിണറായി തന്നെയാണ്.

മനസ്സിലായി മൂപ്പിലാനേ ബ്ലോഗാ...വര്‍ഗീയ വാദിയായ തനിക്ക് പണ്ടേ കണ്ടുകൂടാത്ത നായന്മാരെ രണ്ട് ഭള്ള് പറഞ്ഞതിന്‍റെ സന്തോഷമല്ലേ ഇത്?

അല്ല. കാരണം  പിണറായിക്ക് സിന്ദാബാദ് വിളിക്കാന്‍ എനിക്കു തോന്നിയ മറ്റൊരു സംഭവം അഞ്ചെട്ട് മാസം മുമ്പ് അരങ്ങേറിയിരുന്നു. അന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആണ് പ്രതിക്കൂട്ടില്‍, എ പി സുന്നിക്ക് 'അരിവാള്‍' സുന്നി എന്ന ഒരു അപരനാമം പോലും ഉണ്ട്. അത്രക്കും ഇടത് പക്ഷത്തോട് സഹകരിക്കുന്ന, എല്‍ ഡി എഫിന് വോട്ട് ചെയ്യുന്ന 'ചരിത്രപരമായി' മുസ്ലീംലീഗിന്‍റെ ശത്രുപക്ഷത്തുള്ള കാന്തപുരം വിഭാഗം സുന്നികള്‍ പ്രവാചക കേശം സൂക്ഷിക്കാന്‍ 40 കോടിയുടെ പള്ളി പണിയാന്‍ തീരുമാനിച്ചത് വിവാദമായപ്പോള്‍ പിണറായി കാന്തപുരത്തിനെതിരെ തുറന്നടിച്ചു. അന്ന് കാണിച്ച ധൈര്യത്തിന്‍റെ പത്തിലൊന്ന് വരില്ല നായരെ ചീത്തവിളിക്കാന്‍ കാണിച്ച ധൈര്യം.  അന്നത്തെ പിണറായിയുടെ പ്രസ്താവനയോട്  ചില വിയോജിപ്പുകള്‍ തോന്നിയെങ്കിലും അത് പറയാന്‍ പിണറായി കാണിച്ച ആത്മവിശ്വാസവും ധൈര്യവും അഭിനന്ദിക്കേണ്ടതായി തോന്നിയിട്ടുണ്ട്.

അത് കൊണ്ട് സഖാവേ താങ്കള്‍ക്കു  കേരളീയ യുവത്വത്തിന്‍റെ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.,  ലാല്‍ സലാം. .. ലാല്‍ സലാം... ലാല്‍ സലാം.

ഇത്രയും പറഞ്ഞത് കൊണ്ട് ഇനി പിണറായി സഖാവിനെ കാലാ കാലവും  ആരാധിച്ചു കൊള്ളും എന്ന തെറ്റിദ്ധാരണ വേണ്ട, ചര്‍ച്ചമാറിയാല്‍ വീണ്ടും ചില വീട്ടു കാര്യങ്ങളുമായി  വീണ്ടും വരും അത് വരെ നന്ദി നമസ്കാരം.

ഇവിടെ തീര്‍ച്ചയായും പരാമര്‍ശിക്കേണ്ട മറ്റൊരു മഹാനുണ്ട്  ബ്ലോഗന്‍റെ സി ബി ഐ ഡയറിക്കുറിപ്പിന് അടിവരയിട്ടുകൊണ്ട്. പ്രസ്താവന നടത്തിയിരിക്കുന്നു കെ മുരളീധരന്‍., "നായന്‍മാര്‍ക്ക് വല്ല ഉറപ്പും കൊടുത്തിട്ടുണ്ടെങ്കില്‍ അത് പാലിക്കണം. സുകുമാരന്‍ നായര്‍ക്ക് വല്ല മനോവിഷമവും അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഹൈക്കമാണ്ട് ഇടപെട്ട് വേണ്ടത് ചെയ്യണം, രമേശുമായി സുകുമാരന്‍ 'ഹം  ദോനോം ദുശ്മന്‍' ആയ സ്ഥിതിക്ക്  ഒരു നല്ല നായരായി കാരണവരുടെ പ്രീതി നേടാന്‍ 'ഫാവി മുഖ്യമന്ത്രി'യുടെ ഒലിപ്പീര്'.

കൂലിപ്പണിക്കാരന്‍ കേളുവിന്‍റെ മകനും, മുന്‍ മുഖ്യമന്ത്രിയും മുന്തിയ തറവാട്ടുകാരനും ആയിരുന്ന കരുണാകരന്‍റെ മകനും 'നെഞ്ചുറപ്പിന്‍റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്ന്‍ നോക്കുക. ജാതിമഹിമയും കുലമഹിമയും ഒക്കെ വെറും മിഥ്യയാണെന്ന് പറയാന്‍ വേറെ തെളിവ് വല്ലതും വേണോ?          .        
                  

4 comments:

  1. കൂലിപ്പണിക്കാരന്‍ കേളുവിന്‍റെ മകനും, മുന്‍ മുഖ്യമന്ത്രിയും മുന്തിയ തറവാട്ടുകാരനും ആയിരുന്ന കരുണാകരന്‍റെ മകനും 'നെഞ്ചുറപ്പിന്‍റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്ന്‍ നോക്കുക. ജാതിമഹിമയും കുലമഹിമയും ഒക്കെ വെറും മിഥ്യയാണെന്ന് പറയാന്‍ വേറെ തെളിവ് വേണോ?

    ReplyDelete
  2. ഇലക്ഷന്‍ അടുത്ത സമയത്താണെങ്കില്‍ സഖാവ് കമ പോയിട്ട് ശ്വാസം വരെ കഴിക്കില്ല !!

    ReplyDelete
    Replies
    1. ഇലക്ഷന്‍ കാലതല്ലേ സഖാവു തോന്ന്യവാസം പറഞ്ഞ പള്ളീലച്ചനെ നികൃഷ്ട ജീവി എന്ന് വിളിച്ചത് . അതിന്റെ പേരില്‍ സി പി എമ്മിനെ വോട്ടില്‍ നഷ്ടവും വന്നു അന്ന് ..എന്നിട്ടും സഖാവു പറഞ്ഞ വാക്കില്‍ ഉറച്ചു നിന്നു ..അതാണ്‌ ഞങ്ങളുടെ ഇരട്ട ചങ്ക് ഉള്ള പിണറായി സഖാവ് ..അഭിമാനിക്കുന്നു ഇങ്ങനെ ഒരു നേതാവു നയിക്കുന്ന പ്രസ്ഥാനത്തിനു ഒപ്പം നില്‍ക്കുനതില്‍

      Delete
  3. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ കണ്ട കാലം മറന്നു

    ReplyDelete