Friday 14 March 2014

എം പി മാരെ തെരെഞ്ഞെടുക്കുമ്പോള്‍......

വീട്ടില്‍ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ ഒരു ടൂഷ്യന്‍ ടീച്ചറെ വേണമെന്ന് കരുതുക. എന്തായിരിക്കും നിങ്ങളുടെ മാനദണ്ഡം?. ടീച്ചര്‍ക്ക് നന്നായി കുക്ക് ചെയ്യാന്‍ അറിയണം, പട്ടിയെ കുളിപ്പിക്കാന്‍ അറിയണം, പാട്ടുപാടാന്‍ അറിയണം...ഒഴിവ് സമയത്ത് ടീച്ചര്‍ക്ക് ഇതൊക്കെ ചെയ്യാമല്ലോ... അത് കൊണ്ട് ഈ കഴിവുകളൊക്കെ പരിഗണിച്ച് ആകുമോ ടീച്ചറെ വെക്കുന്നത്? അതോ അവര്‍ക്ക് കണക്ക് പഠിപ്പിക്കാന്‍ അറിയുമോ എന്നാണോ അന്വേഷിക്കുക? അഞ്ചു കൊല്ലം ട്യൂഷന്‍ എടുക്കാന്‍ വന്ന ടീച്ചര്‍ വീണ്ടും ജോലിക്ക് അപേക്ഷിച്ചാല്‍ കണക്കില്‍ നയാപൈസയുടെ വിവരമില്ലാത്ത ടീച്ചറെ അവര്‍ നന്നായി പാട്ടുപാടും പിള്ളേര്‍ക്കൊരു നേരമ്പോക്കാകുമല്ലോ, അവര്‍ നന്നായി ബിരിയാണി യുണ്ടാക്കും നമുക്ക് ഉരുട്ടി വിഴുങ്ങാമല്ലോ എന്ന് കരുതി നിങ്ങള്‍ 'ട്യൂഷന്‍' ടീച്ചറാക്കി നിയമിക്കുമോ? അതോ കണക്കില്‍ അവര്‍ക്ക് എത്രത്തോളം വിവരമുണ്ട്, കുട്ടികളെ പഠിപ്പിക്കാന്‍ അറിയാമോ എന്ന കാര്യമാണോ ഏറ്റവും പ്രാഥമീകമായി പരിഗണിക്കുക?



ഇതെന്ത് മണ്ടന്‍ ചോദ്യമാണെടോ, കണക്ക് പഠിപ്പിക്കാന്‍ പിന്നെ പാട്ടും, കുക്കിംഗുമാണോ പരിഗണിക്കുക? ചോദ്യം അവിടെ നില്‍ക്കട്ടെ നമുക്ക് ലോക് സഭാ തെരെഞ്ഞെടുപ്പിലേക്ക് വരാം.
നാം എം പി മാരെ തെരെഞ്ഞെടുക്കാന്‍ പോകുന്നു.
എന്താണ് ഒരു എം പി യുടെ ഏറ്റവും പ്രധാന ഉത്തരവാദിത്ത്വം?
നാട്ടില്‍ റോഡുണ്ടാക്കുക, പാലമുണ്ടാക്കുക, സ്കൂളിന് മതിലുകെട്ടുക, കക്കൂസ് ഉണ്ടാക്കുക, ബസ് വെയിറ്റിംഗ് ഷെഡ് ഉണ്ടാക്കുക....... ഇതൊക്കെയാണോ?
നമ്മുടെ തെരെഞ്ഞെടുപ്പ് പ്രചരണവും അവകാശ വാദങ്ങളും കണ്ടാല്‍ ഇങ്ങനെയല്ലേ തോന്നുക.
ഞങ്ങളുടെ എം പി അവിടെ ആ വികസനം ഉണ്ടാക്കി, ഈ വികസനം ഉണ്ടാക്കി... മാങ്ങ ചെത്തി...ഉപ്പിലിട്ടു.... എന്തൊക്കെ അവകാശ വാദങ്ങളാണ്!!..  ട്യൂഷന്‍ ടീച്ചറായി  വന്നവള്‍ കുട്ടിയെ പഠിപ്പിച്ചോ എന്ന് ചര്‍ച്ച ചെയ്യാതെ പട്ടിയെ കുളിപ്പിച്ച യോഗ്യത പറഞ്ഞു കൊണ്ട് വീണ്ടും അവരെ ത്തന്നെ ടീച്ചറാക്കി വെക്കണം എന്നല്ലേ നാം വിളിച്ച് പറയുന്നത്?
എതിര്‍ ടീം  പറയുന്നത്  ടീച്ചര്‍ കണക്ക് പഠിപ്പിച്ചില്ല എന്നല്ല. പാട്ടുപാടിയത് നന്നായില്ല, ഇങ്ങനെയാണോ പട്ടിയെ കുളിപ്പിക്കുന്നത്? ഇതിലും നന്നായി നമ്മുടെ നേതാവ് പട്ടിയെകുളിപ്പിക്കും എന്നാണ്.
വീണ്ടും ചോദിക്കൂ.... എന്താണ് ഒരു എം പിയുടെ പ്രധാന ഉത്തരവാദിത്ത്വം?


നിയമനിര്‍മ്മാണം:- രാജ്യത്തിന്റെ നടത്തിപ്പിന് അതാത് കാലത്ത് ആവശ്യമായി വരുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുക, നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് പരിഷ്കരണം ആവശ്യമെങ്കില്‍ അത് ചെയ്യുക.
ഒരു നിയമം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പരിണിതികള്‍ സൂക്ഷമായി വിശകലനം ചെയ്ത് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യുക. ഭരണ നിര്‍വ്വഹണം തെറ്റായ ദിശയിലേക്ക് പോകുന്നുവെങ്കില്‍ ഇടപെടുക, ഇതൊക്കെയാണ്  ഒരു എം പി യുടെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്ത്വം
പാര്‍ലമെന്‍റ് ഉപസമിതികളിലും, സ്റ്റാന്‍റിങ് കമ്മറ്റികളിലും അഡ് ഹോക്ക് കമ്മിറ്റികളിലും ഒക്കെ നിയമ നിര്‍മ്മാണ സംബന്ധമായും ഭരണപരമായും ഒരു പാട് കാര്യങ്ങള്‍ എം പി ക്കു ചെയ്യാനുണ്ട്.
ഒരു എം പി യെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു നല്ല പാര്‍ലമെന്റേറിയന്‍ ആവാനുള്ള യോഗ്യതയല്ലേ ആദ്യം പരിഗണിക്കേണ്ടത്?
പക്ഷേ, നമ്മള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടോ? അഞ്ചു വര്ഷം പൂര്‍ത്തിയാക്കി തിരിച്ചു വന്ന എം പി മാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, എത്ര ബില്ലുകള്‍ അവതരിപ്പിച്ചു, എന്തിലൊക്കെ സഹകരിച്ചു എന്ന്‍ ആരെങ്കിലും ചോദിക്കുന്നുണ്ടോ, ചര്‍ച്ച ചെയ്യുന്നുണ്ടോ?
നമ്മുടെ ചോദ്യങ്ങള്‍ എം പി എന്തു വികസനം കൊണ്ട് വന്നു എന്നാണ്.
നാട്ടില്‍ റോഡ് ഉണ്ടാക്കലും സ്കൂളിന് ടോയിലറ്റ് നിര്‍മ്മിക്കലും ആരുടെ പണിയാണ്? അതൊക്കെ ചെയ്യാന്‍ 'എക്സിക്യൂട്ടിവ് ഉണ്ട്. അതിനുള്ള ഉദ്യോഗസ്ഥരും, പ്രാദേശിക ഭരണ കൂടങ്ങളും ഉണ്ട്.
ബഡ്ജറ്റ് തയ്യാറാക്കുമ്പോഴും, ഫണ്ടുകളും പദ്ധതികളും വിതരണം ചെയ്യുമ്പോഴും താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന് അര്‍ഹതപ്പെട്ടത് കിട്ടുന്നു എന്നുറപ്പാക്കാന്‍ എം പി മാര്‍ക്ക് കഴിയണം. ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് അയ്യോ പോയേ അവഗണിച്ചേ എന്ന്‍ മുതലക്കണ്ണീരൊഴുക്കാന്‍ അല്ലാതെ ബഡ്ജറ്റിന് മുമ്പ് പ്രാദേശിക ഭരണകൂടങ്ങളോടും ജനങ്ങളോടും ചര്‍ച്ചകള്‍ നടത്തി നാടിന്റെ ആവശ്യം അതാത് വകുപ്പ് മന്ത്രിമാരെ ബോധ്യപ്പെടുത്തി ആവശ്യമായ ഫണ്ടും പദ്ധതികളും നേടിയെടുക്കുന്ന ഒരു എം പി യുടെ പേര് പറയാനുണ്ടോ നമുക്ക്.?
പബ്ലിക്ക് ടോയ്ലാറ്റിനുമുകളില്‍ ബഹുമാനപ്പെട്ട ഉലഹന്നാന്‍ എം പി യുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം കൊണ്ട് പുതുക്കി പണിത കക്കൂസ് എന്നെഴുതി വെക്കുന്നതാണ്. എം പി യുടെ യോഗ്യത എന്ന്‍ നമ്മെ പഠിപ്പിച്ചത് ആരാണ്? പാര്‍ലമെന്‍റില്‍ വാ തുറക്കാത്ത എത്രയെത്ര 'ദേശീയ' നേതാക്കളെയാണ് നാം തെരെഞ്ഞെടുത്ത് വിട്ടത്. നടന്‍ ഇന്നസെന്‍റീന് പോലും എം പി യാകാന്‍ യോഗ്യതകാണുന്നു നാം, എന്തുണ്ടാക്കാനാണ് ഇവന്മാരൊക്കെ പാര്‍ലമെന്‍റില്‍ പോകുന്നത് എന്നൊരു ചോദ്യം എന്നാണ് നാം ചോദിക്കുക?
പണി അറിയാവുന്നവനെ തെരെഞ്ഞെടുക്കാനുള്ള സാമാന്യ രാഷ്ട്രീയ ബോധം എന്നാണ് നമുക്കുണ്ടാവുക?

അടുത്ത ആത്മഗതം ഇങ്ങനെയാണ്.
"നമ്മുടെ എം പി മാരൊന്നും മന്ത്രിമാരായിട്ടും ഒരു ഗുണവും ഇല്ല, തമിഴ് നാട്ടില്‍ നോക്കൂ.. ഒരു റെയില്‍വേ സഹ മന്ത്രി ഉണ്ടായപ്പോള്‍ എന്തു മാത്രം വികസനം, ബംഗാളില്‍ മമതയുടെ കാലം റെയില്‍വേ വികസനത്തിന്‍റെ സുവര്‍ണ്ണ കാലമായിരുന്നു. "
നിങ്ങള്‍ സുഹൃത്തുക്കളെല്ലാം കൂടി കുടുംബ സമേതം പാര്‍ട്ടിയില്‍ പങ്കെടുക്കുകയാണ് എന്നുകരുതുക . ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരുത്തന്‍  എല്ലാം കൂടി തന്‍റെ ഭാര്യയുടെയും മക്കളുടെയും പ്ലേറ്റിലേക്ക് വിളമ്പുന്നു, ഇറച്ചിക്കറിയിലെ കഷ്ണമെല്ലാം സ്വന്തം കുടുംബത്തിന്, ചാറു മാത്രം മറ്റുള്ളവര്‍ക്ക്. ഇങ്ങനെ വിളംബുന്നവനെ നിങ്ങള്‍ എന്തു വിളിക്കും,?
ചെറ്റ, സംസ്കാര ശൂന്യന്‍..... ഇങ്ങനെ ഒരു സംസ്കാര ശൂന്യനെ നിങ്ങള്‍ പുകഴ്ത്തുമോ.. അവസരം കിട്ടിയപ്പോള്‍ അവന്‍ കുറെ അവന്റെ കുടുംബത്തിന് കമഴ്ത്തിയതല്ലേ... എന്‍റെ ചാന്‍സുവരട്ടെ എല്ലാം കൂടി എന്‍റെ കുടുംബത്തിന്റെ പ്ലേറ്റിലേക്ക് ഇട്ടുക്കൊടുക്കും ഞാന്‍ എന്ന് നിങ്ങള്‍ തീരുമാനിക്കുമോ.....
ഇല്ലെങ്കില്‍ ആ ചെറ്റത്തരമാണ്, കെ എസ് ആര്‍ ടി സി യുടെ ഭരണം കിട്ടിയപ്പോള്‍ ബാലകൃഷ്ണപിള്ളയും, ഗണേശനും കൊട്ടാരക്കരയില്‍ കാണിച്ചത് എന്ന് തിരിച്ചറിയുക. പാലായില്‍ തേനും പാലും ഒഴുക്കുന്ന മാണിയും, പുതുപ്പള്ളിക്ക് വാരിക്കോരി കൊടുക്കുന്ന ചാണ്ടിയും ചെയ്യുന്നതും ഇത് തന്നെ. കേന്ദ്രമന്ത്രിമാരായപ്പോള്‍ സ്വന്തം നാട്ടിലേക്കു വാരിക്കൊണ്ടുപോയ ലാലുവും മമതയും അണ്ണന്‍മാരും നിങ്ങളുടെ റോള്‍ മോഡലാണോ എന്ന് തീരുമാനിക്കേണ്ടത് സ്വന്തം സംസ്കാരത്തില്‍ നിന്ന് കൊണ്ടാണ്.

രാജ്യത്തിന്‍റെ വിഭവങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹിക്കും വിധം വിതരണം നടത്തുന്നവരാണ് മന്ത്രിമാര്‍ ആവേണ്ടത്, കയ്യിട്ട് വാരുന്നവനല്ല.
രാജ്യത്തിന്റെ പൊതു താല്‍പ്പര്യങ്ങളെക്കുറിച്ച് ജാഗരൂകതയുള്ളവനാണ് എം പി ആവേണ്ടത്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ മെമ്പര്‍ ആകുന്നവന്‍റെ പ്രഥമ പരിഗണ ഇന്ത്യ യാവണം. സ്വന്തം നാട്ടിലെ ബസ് വെയിറ്റിംഗ് ഷെഡും, തനിക്ക് സീറ്റും വോട്ടും ഒപ്പിച്ചു തന്ന സ്വന്തം സമുദായത്തിന്‍റെ താല്‍പര്യങ്ങളുമല്ല അവനെ നയിക്കേണ്ടത്.
ഇതൊക്കെ ആരോട് പറയാന്‍?,
ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന ഭരണകര്‍ത്താക്കളെ ലഭിക്കും എന്ന്‍ പറഞ്ഞ മഹാന്‍ ആരാണ്?
ആരായാലും പ്രഭോ, അങ്ങേക്ക് കൂപ്പുകൈ.                                                                  
                                                  

4 comments:

  1. തെരഞ്ഞെടുക്കപ്പെടാന്‍ നില്‍ക്കുന്ന എല്ലാരും മേല്‍പ്പറഞ്ഞ വകയാണെന്ന് വയ്ക്കുക. (മിക്കവാറും അത് അങ്ങനെതന്നെയാണ് എല്ലാ മണ്ഡലങ്ങളിലും സംഭവിക്കുക. അതില്‍ ഒരു വോട്ട് കൂടുതല്‍ നേടുന്നവന്‍ ബിരിയാണി തിന്നും. അതാണ് മഹത്തായ ജനാധിപത്യം

    ReplyDelete
  2. നല്ല വിലയിരുത്തല്‍

    ReplyDelete
  3. ///ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന ഭരണകര്‍ത്താക്കളെ ലഭിക്കും എന്ന്‍ പറഞ്ഞ മഹാന്‍ ആരാണ്?///
    മുഹമ്മദ് നബി (സ) ആണ് ഇത് പറഞ്ഞത്,

    നല്ല വിലയിരുത്തല്‍

    ReplyDelete