Sunday 24 December 2017

വി ആർ അനൂപിൻറെ രാഷ്ട്രീയം കോൺഗ്രസിനോട് പറയുന്നത്.


വി ആർ അനൂപ് എന്ന കോൺഗ്രസ്സ് യുവനേതാവിനെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്, കോൺഗ്രസ്സ് എന്താവണം എന്താവരുത് എന്ന് അനൂപ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്, സി പി എമ്മിന്റെയും ബി ജെ പി യുടെയും കൊള്ളരുതായ്മകളെ സോഷ്യൽ മീഡിയയിൽ ചവിട്ടി അരക്കുന്നുണ്ട് അനൂപ്. പല യുവ കോൺഗ്രസ്സുകാരിലും കാണാനാവാത്ത , പാർട്ടിയേക്കാൾ രാജ്യത്തിൻറെ താല്പര്യങ്ങൾക്ക് ഊന്നൽനൽകുന്ന രാഷ്ട്രീയ ദിശാബോധം അനൂപിനുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി യിലെ ഒരു പ്രമുഖ നേതാവുമായി സംസാരിക്കാൻ അവസരമുണ്ടായി, ഗുജറാത്ത് തെരഞ്ഞെടുപ്പിന്  ശേഷമുള്ള രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അനൂപിൻറെ പേര് നേതാവ് പലതവണ പറഞ്ഞു, അനൂപ് ഉയർത്തുന്ന രാഷ്ട്രീയ നിലപാട് പല കോൺഗ്രസ്സ് നേതാക്കളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും കെപിസിസി നേതൃത്വം ത്രിശങ്കുവിൽ തന്നെയാണെന്നാണ്  ആ സീനിയർ നേതാവിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. 


കോൺഗ്രസ്സിൻറെ തിരിച്ചു വരവ് ആ പാർട്ടിക്കാർ അല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു കാലത്ത്, കൃത്യമായ രാഷ്ട്രീയ നിലപാടെടുക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസ്സിന് ദിശാ ബോധം നൽകാനും രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാനും കഴിയുന്ന യുവ നേതൃത്വം ആ പാർട്ടിയിൽ വളരുന്നു വെന്നത് ആശ്വാസകരമാണ്. താൽകാലിക രാഷ്ട്രീയ നേട്ടങ്ങൾ മാത്രം 'അജണ്ടയാക്കുന്ന' കോൺഗ്രസ്സ് പാർട്ടിക്ക് ഇത് അഴിച്ചു പണിയുടെ കാലമാണ്. ഇന്നലെകളിലെ രാഷ്രീയ പ്രവർത്തന പാരമ്പര്യവും നയങ്ങളും പോര, ഇന്ന് പാർട്ടിയെ മുമ്പോട്ട് കൊണ്ടുപോവാൻ എന്ന് രാഹുൽ ഗാന്ധി പലതവണ വ്യക്തമാക്കി കഴിഞ്ഞു, ഒരു സുപ്രഭാതത്തിൽ എല്ലാ ഭൂതകാല അടയാളങ്ങളും മായ്ച്ചുകളയുന്ന രാഷ്ട്രീയ മാജിക്കൊന്നും കാണിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ലെന്നിരിക്കെ പാർട്ടി ഇനി എങ്ങനെ മുന്നോട്ടു പോകണം, എന്തായിരിക്കണം കോൺഗ്രസ്സ് എന്ന കാര്യത്തിൽ സാധാരണ പ്രവർത്തകർ മുതൽ നേതാക്കൾ വരെയുള്ളവർക്ക് കൃത്യമായ ധാരണ വേണം. അവിടെയാണ് അനൂപ് പറയുന്ന രാഷ്ട്രീയം കോൺഗ്രസ്സ് പാർട്ടിക്ക് പ്രസക്തമാകുന്നത്. 

കോൺഗ്രസ്സ് എന്ത് രാഷ്ട്രീയനിലപാട് സ്വീകരിച്ച് മുന്നോട്ടു പോകണം എന്ന് തീരുമാനിക്കാൻ രണ്ടേ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മതി. ആരൊക്കെയാണ്  കോൺഗ്രസ്സിൻറെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത്? എന്താണ് അവർ കോൺഗ്രസ്സിൽ നിന്ന് പ്രതീക്ഷിക്കുന്നത്? 

മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് പാർട്ടിയെ ഇന്ത്യയിലെ സാധാരണക്കാരായ ആളുകൾ വെറുത്തു തുടങ്ങിയിരിക്കുന്നു,  ജനജീവിതം ദുസ്സഹമാക്കുന്ന നയവൈകല്യങ്ങളുടെ പേരിൽ, രാജ്യത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുന്ന ഭരണകൂട ഭീകരതയുടെ പേരിൽ. വെറും മൂന്ന് കൊല്ലം കൊണ്ട് മോഡി വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നു, 
ആർക്ക്? 
ഇനിയും ആർ എസ് എസ് ഉയർത്തുന്ന ഹിന്ദു  തീവ്രവാദം തലയിൽ കയറിയിട്ടില്ലാത്ത മനുഷ്യർക്ക്.! വർഗ്ഗീയത അകത്ത് കയറിയവർക്ക് നിത്യജീവിതത്തിലെ പ്രതിസന്ധികൾ പോലും ഒരു വിഷയമേ അല്ല. 'നമ്മൾ' അല്ലെങ്കിൽ 'അവർ' രണ്ടിലൊന്ന് തെരെഞ്ഞെടുക്കാനേ അവരെക്കൊണ്ട് കഴിയൂ. അതാണ് ഗുജറാത്തിൽ കണ്ടത്. അടിവരയിട്ട് മനസ്സിലാക്കുക ആർ എസ് എസ്സ് പതിറ്റാണ്ടുകൾ പണിയെടുത്ത് ഹിന്ദു രാജ്യം എന്ന സ്വപ്നം കുത്തിവെച്ച ഒരു മനുഷ്യനും കോൺഗ്രസ്സിന് വോട്ടു ചെയ്യില്ല. അവരുടെ ഉപബോധ മനസ്സുകളെ വർഗീയത അത്രയേറെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. 
കോൺഗ്രസ്സ് മുക്ത ഭാരതം എന്ന അജണ്ടയുമായി രാവും പകലും പണിയെടുക്കുന്ന  സംഘ് പരിവാറിനെ തടയാൻ കോൺഗ്രസ്സിന് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം, ആർ എസ് എസ് ഉയർത്തുന്ന ഹിന്ദു ദേശീയത ഇനിയും ആളുകളുടെ തലയിൽ കയറാതെ നോക്കുക. കയറിയവരെ അതിൽ നിന്ന്‌ ഇറക്കാനുള്ള പണി നോക്കുക, അത് മാത്രമാണ്.

അത് സാധ്യമാവണമെങ്കിൽ ഫാസിസം എങ്ങനെ ആളുകളുടെ മനസ്സിൽ കയറുന്നു എന്ന് മനസ്സിലാക്കണം. അത് രാഹുൽ ഗാന്ധിക്ക് മനസ്സിലായിട്ടുണ്ട് , കോൺഗ്രസ്സ് പ്രസിഡന്റായ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ അദ്ദേഹം അത് പറയുകയും ചെയ്തു. നുണ യാണ് ഫാസിസത്തിൻറെ അടിവേര്. നിരന്തരമായി നുണപറയുക. ആദ്യം അവർ ഒരു ശത്രുവിനെ സൃഷ്ടിക്കും പിന്നെ ആ ശത്രുവിനെക്കുറിച്ചു നുണപറഞ്ഞു പരത്തും, ഇന്ത്യയിൽ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റുകാരുമായിരുന്നു പ്രഖ്യാപിത ശത്രുക്കൾ. ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാൻ കോൺഗ്ഗ്രസ്സ് തടസ്സമാണെന്ന് വന്നപ്പോൾ കോൺഗ്രസ്സിനും നെഹ്‌റു കുടുംബത്തിനുമെതിരെ നുണകൾ പടച്ചു വിട്ടു. മാധ്യമങ്ങളെ പണം കൊടുത്തു വരുതിയിലാക്കി, അർണാബ് ഗോ സ്വാമിയെപ്പോലുള്ള വിലകൂടിയ മാധ്യമ പ്രവർത്തകരെ വിലക്ക് വാങ്ങിയാണ് നുണകൾ പെരുപ്പിച്ചത്. 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവിനെതിരെ എന്ത് മാത്രം ആരോപണങ്ങളൂം പുകമറയുമാണ് സൃഷ്ടിച്ചത് എന്നോർത്തു നോക്കൂ, അവർ ഭരണത്തിൽ വന്നതോടെ ആരോപണങ്ങളുമില്ല കേസുമില്ല..! കേരളത്തിൽ ക്രമസമാധാനം തകർന്നു, ജിഹാദി ചുവപ്പ് ഭീകരത ഹിന്ദുക്കളെ കൊല്ലുന്നു എന്ന നുണ ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നു, സത്യം എന്താണെന്ന് നമുക്കൊക്കെ അറിയാം. കേരളത്തിൽ കൊലപാതക രാഷ്ട്രീയത്തിൽ സി പി എമ്മിനോടൊപ്പം ഇഞ്ചോടിഞ്ച് ബി ജെ പി യുമുണ്ട്. 

നുണകളാണ് ബി ജെ പിയുടെ അടിത്തറ എന്ന് മനസ്സിലായെങ്കിൽ ആ നുണകൾ പൊളിച്ചു കൊണ്ടല്ലാതെ ബി ജെ പി യെ നേരിടാനാവില്ല എന്ന് മനസ്സിലാക്കാമല്ലോ, രണ്ടു തരം നുണകളാണ് ഫാസിസം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നത്. ഒന്ന് വർഗ്ഗീയ വിധ്വേഷം  ജനിപ്പിക്കാനും ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നുണകൾ. രണ്ട് തെരെഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നുണകൾ,

ഇതിൽ ആദ്യത്തേതാണ് ആപൽക്കരം. ഒരു ഉദാഹരണം പറയാം. ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും കിട്ടുന്ന വരുമാനം മുസ്ലിംകൾക്ക് ഹജ്ജിന് പോകാനുള്ള സബ്സിഡിയായും മറ്റും നൽകുന്നു എന്ന് സംഘപരിവാർ നേതാവ് ശശികലയും ഇപ്പോഴത്തെ ബി  ജെ പി പ്രസിഡണ്ട് കുമ്മനവും നാട് നീളെ പ്രസംഗിച്ചു നടന്നു, ഏതാണ്ട് പത്തു കൊല്ലത്തിലധികം.! ആ പറയുന്നത് ശരിയല്ല എന്നറിയാവുന്ന നിരവധി തവണ ദേവസ്വം ഭരിച്ച മന്തിമാരും ഉദ്യോഗസ്ഥന്മാരും അടക്കമുള്ളവർ മിണ്ടിയില്ല, ഇത് കേട്ട സാധാരണ ഹിന്ദുവിന് ശരിയാണല്ലോ എന്ന് തോന്നുക സ്വാഭാവികം, അങ്ങനെ തോന്നിയാൽ എന്താണ് സംഭവിക്കുക? മുസ്ലിംകളെ പ്രീണിപ്പിക്കുന്ന ഇടത് വലതു മുന്നണിക്ക് ഇനി വോട്ടു കൊടുക്കണ്ട, ബി ജെ പി ക്ക് കൊടുക്കാം എന്ന് തീരുമാനിക്കും. ഇങ്ങനെ ഒന്നും രണ്ടു മല്ല നിരവധി നുണകൾ. കുളം കലാക്കാനുള്ള ഏതു അവസരവും പ്രയോജനപ്പെടുത്തി കൊണ്ടാണ് ബി ജെ പി വോട്ട് നില ഉയർത്തുന്നത്, അറിഞ്ഞും അറിയാതെയും സി പി എമ്മും കോൺഗ്രസ്സും ബി ജെ പി യെ സഹായിച്ചു, മുസ്ലിംകൾ ഭരണ സ്വാധീനം ഉപയോഗിച്ച് വാരിക്കൊണ്ടു പോകുന്നു എന്ന കള്ള പ്രചാരണം കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് വ്യാപകമായി നടത്തി, സി പി എം അതിന് കൂട്ട് നിന്നു. കോൺഗ്രസ്സ് മൗനം പൂണ്ടു. 'ശബരിമല' നുണ വിടി ബൽറാമും മറ്റും നിയമസഭയിൽ പൊളിച്ചടുക്കിയത് ആ നുണ പത്ത് വർഷമെങ്കിലും  ഹിന്ദുവേദികളിലെ കയ്യടി നേടിയതിന് ശേഷമാണെന്നോർക്കണം 

യു ഡി എഫ് ഭരണകാലത്ത് കേരളത്തില്‍ ഉയര്‍ന്നു വന്ന ബിജെപി-മാധ്യമ ഗൂഡാലോചനയില്‍ നിന്ന് പൊട്ടി മുളച്ച വിദ്വേഷ പ്രചരണങ്ങളെ സി പി എം ഏറ്റെടുത്ത് വിജയിപ്പിച്ചതിന് എത്രയെത്ര ഉദാഹരണങ്ങള്‍ ഉണ്ട്. അഞ്ചാം മന്ത്രി, പച്ച സാരി, പച്ച ബോര്‍ഡ്, ചോദ്യപ്പേപ്പറിലെ ചന്ദ്രക്കല തുടങ്ങി ലീഗിനെ ഉന്നം വെച്ചു കൊണ്ട് വര്‍ഗ്ഗീയത കളിച്ചപ്പോള്‍ മുന്നില്‍ നിന്നത് സി പി എമ്മാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയില്‍ ജനസംഖ്യാനുപാതീകമായി അല്ലെങ്കില്‍ എം എല്‍ എ മാരുടെ എണ്ണത്തിന് ആനുപാതീകമായി മുസ്ലിം മന്ത്രിമാര്‍ ഉണ്ടായപ്പോള്‍, അന്ന് വരെ നായന്മാരും ക്രിസ്ത്യാനികളും പലപ്പോഴും ആനുപാതീകത്തിന് ഒരുപാട് മുകളിലും ഈഴവരും മുസ്ലിംകളും ആനു പാതീകത്തിന് ഒരു പാട് താഴെയുമായി നിരവധി മന്ത്രിസഭകള്‍   കടന്നു പോയപ്പോള്‍ അതില്‍ ഒരു വിധ അസുന്തുലിതത്വവും അനുഭവപ്പെടാത്തവര്‍ക്ക് ലീഗിന് ഒരു മന്ത്രിയെ കൂടുതല്‍ കിട്ടിയപ്പോള്‍ വയറിളകാനുള്ള കാരണം മനസ്സിലാക്കുന്നിടത്ത് സി പി എമ്മിന് പിഴച്ചു,കോൺഗ്രസ്സിനും പിഴച്ചു. ആ പിഴവാണ് ബി ജെ പിക്ക് കിട്ടിയ വോട്ടുകൾ. 

എന്തുകൊണ്ടാണ് ബി ജെ പി യുടെ കെണിയിൽ സി പി എമ്മും കോൺഗ്രസ്സിലെ ചിലരും വീണുപോയത്? ഉത്തരം ലളിതം, ബി ജെ പി പടച്ചു വിടുന്ന മുസ്ലിം വിരുദ്ധ നുണകൾ അവരും വിശ്വസിച്ചിട്ടുണ്ട് ! ബി ജെ പി പറയുന്നത് കുറെയൊക്കെ ശരിയാണെന്ന ബോധത്തിൽനിന്നാണ് അവരുടെ തീവ്ര ഹിന്ദുത്വത്തിന് പകരം മൃദു ഹിന്ദുത്വം ആകാം എന്ന ചിന്ത കോൺഗ്രസ്സിൽ ചിലർക്കുണ്ടാകുന്നത്. 

മുസ്ലിംകള്‍ എന്തൊക്കെയോ വാരിക്കൊണ്ട് പോകുന്നു എന്ന് ഹിന്ദുക്കളെ ‘ബോധ്യപ്പെടുത്താന്‍’ നടത്തുന്ന ഓപ്പറേഷന്‍ വിജയിപ്പിച്ചു കൊടുക്കാന്‍ പല കോൺഗ്രസ്സുകാരും   മുന്‍ നിരയില്‍ നിൽക്കുന്നു, ചിലർ മൗനം കൊണ്ട് പിന്തുണ നൽകുന്നു  കേരളം രൂപീകരിക്കപ്പെട്ട ശേഷം ഇന്ന് വരെ എല്ലാ-മത ജാതി വിഭാഗങ്ങളും സര്‍ക്കാറില്‍ നിന്ന് നേടിയെടുത്ത ആനുകൂല്യങ്ങളുടെ ധവളപത്രമിറക്കൂ..., അവകാശമുള്ളതിന്റെ നാലയലത്ത് പോലും മുസ്ലിംകള്‍ക്ക് കിട്ടിയിട്ടില്ല, വാരിക്കൊണ്ട് പോയത് മുസ്ലിംകളല്ല എന്ന് ചില മുസ്ലിം സംഘടനകള്‍ നിലവിളിച്ചു നോക്കിയെങ്കിലും മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ  കേട്ടതായി നടിച്ചില്ല. ഹിന്ദു ഭൂരിപക്ഷത്തിന് മുസ്ലിംകള്‍ വാരിക്കൊണ്ട് പോകുന്നു ഹിന്ദു ഐഡന്റിറ്റി യില്‍ സംഘടിക്കുകയെ രക്ഷയുള്ളൂ എന്ന സന്ദേശം കൊടുത്ത ദുഷ് പ്രചാരണങ്ങൾ അരങ്ങുതകർക്കുകയായിരുന്നു , തുടര്‍ന്ന് പച്ച ബോര്‍ഡ് പച്ച സാരി ചന്ദ്രക്കല തുടങ്ങിയ വിദ്യഭ്യാസ മന്ത്രിക്കോ പാര്‍ട്ടിക്കോ ഒരു വിധ ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ പോലും ‘മുസ്ലിം ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളായി പ്രച്ചരിപ്പിക്കപ്പെട്ടപ്പോള്‍ മുന്നില്‍ നിന്ന് കൊടുത്തവരിൽ കോൺഗ്രസ്സുകാരുമുണ്ട്. 

തെരെഞ്ഞെടുപ്പ് വന്നപ്പോൾ  ''വര്‍ഗ്ഗീയ' ലീഗിന് പകരം വര്‍ഗ്ഗീയ ബി ജെ പി യെ പുല്‍കാനാണ് ഭൂരിപക്ഷം താല്‍പര്യം പ്രകടിപ്പിച്ചത്. അതിൻറെ ഫലമാണ് പിന്നീട് നടന്ന തെരഞ്ഞടുപ്പിൽ കണ്ടത്. ബി ജെ പി കേരളനിയമസഭയിൽ അക്കൗണ്ട് തുറന്നത് ഈ നുണപ്രചാരണങ്ങളിൽ വീണുപോയ ആളുകളുടെ വോട്ടു കൊണ്ടാണ്. രഹസ്യമായും പരസ്യമായും ശാഖകൾവഴിയും മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്ന വിധ്വേഷ പ്രചാരണമാണ് ബി ജെ പി യുടെ മൂലധനം.


ഒന്നാമതായി കുറുക്കുവഴികൾ തേടാതിരിക്കുക, താൽകാലിക ലാഭം നോക്കി നിലപാടുകൾ എടുക്കാതിരിക്കുക, ബി ജെ പി യുടെ നുണകൾ പൊളിച്ചടുക്കുക. മുസ്ലിം പ്രീണനം എന്ന ഉമ്മാക്കിയാണ് എല്ലാകാലത്തും കോൺഗ്രസ്സിനെ തകർക്കാൻ ബി ജെ പി പ്രയോഗിച്ചത്, പല കോൺഗ്രസ്സുകാരും മുസ്ലിം പ്രീണനം ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു. പക്ഷെ മൻമോഹൻ സിംഗ് കണക്കുകൾ ഉദ്ധരിച്ചു പാർലമെന്റിൽ പറഞ്ഞത് അർഹിക്കുന്നതിന്റെ നാലിൽ ഒന്ന് പോലും മുസ്ലിം സമുദായത്തിന് കിട്ടിയിട്ടില്ല എന്നാണ്.

കൃത്യമായ ഡാറ്റ മുന്നിൽവെച്ച് കൊണ്ട് 'മുസ്ലിം പ്രീണനം' ബി ജെ പി ഉയർത്തുന്ന നുണയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും വരെ കോൺഗ്രസ്സ് വോട്ടുകൾ ബി ജെ പി   യിലേക്ക് ചോർന്നു കൊണ്ടിരിക്കും, ഇന്ത്യയിൽ ഫാസിസം കോൺഗ്രസ്സിനെ തകർക്കാൻ മുന്നിൽ നിർത്തിയ ശത്രുവാണ് മുസ്ലിംകൾ. മുസ്ലിംകൾക്കെതിരെ ആരോപണം ഉന്നയിക്കുക, കോൺഗ്രസ്സാണ് മുസ്ലിംകളെ പിന്തുണക്കുന്നത് എന്ന് നുണപറയുക, ഹിന്ദുക്കളെ കൂടെ നിർത്തുക. ഈ ഏർപ്പാടിനെ എങ്ങനെ പ്രതിരോധിക്കും എന്നതാണ് ചോദ്യം? മൃദു ഹിന്ദുത്വമാണ് കോൺഗ്രസ്സ് ഒരുപാട് കാലം പരീക്ഷിച്ചത്. ബിയറും ബ്രാണ്ടിയും തമ്മിലുള്ള ദൂരമാണ് മൃദു ഹിന്ദുത്വത്തിൽനിന്നു തീവ്ര ഹിന്ദുത്വത്തിലേക്കുള്ളത്. ബ്രാണ്ടിയെ തടയാൻ തത്കാലം ബിയർ കൊടുത്തു തൃപ്തിപ്പെടുത്താനുള്ള കോൺഗ്രസ്സ് തീരുമാനം കൊണ്ടുണ്ടായത് വിപരീത ഫലമാണ്. ബിയർ കുടിച്ചു പഠിച്ചവർ വളരെ വേഗം ബ്രാണ്ടിയിലേക്ക് മാറി.

മുസ്ലിം തീവ്രവാദത്തിന് നേരെ കണ്ണടക്കണമെന്നാണോ പറയുന്നത്? അങ്ങനെ പക്ഷം പിടിക്കുന്ന രാഷ്ട്രീയം ഭൂരിപക്ഷ പിന്തുണ നഷ്ട്ടപ്പെടുത്തില്ലേ..? ചോദ്യം പ്രസക്തമാണ്. 
കോൺഗ്രസ്സ് എല്ലാ തീവ്രവാദത്തെയും എതിർക്കണം, അത് എതിർക്കാൻ വേണ്ടി മാത്രമുള്ള എതിർപ്പാവരുത്, രാജ്യത്തിൻറെ നിലനിൽപ്പ് മുന്നിൽ കണ്ടുകൊണ്ടാവണം. വിടി പറഞ്ഞപോലെ ഇന്ത്യ ഭരിക്കാൻ ശക്തിയുള്ള ബി ജെ പി യെ എതിർക്കുന്നതും നോട്ടക്ക് പിന്നിൽ വോട്ടു വാങ്ങുന്ന സുടാപ്പിയെ എതിർക്കുന്നതും ഒരേപോലെയാവരുത്, ബി ജെ പി യെ ശക്തമായി എതിർക്കണം. മതേതരത്വ ബോധം നിലനിൽക്കുന്ന തെളിഞ്ഞ അന്തരീക്ഷത്തിലേ കോൺഗ്രസ്സിന് നിലനിൽപ്പുള്ളൂ, ബി ജെ പിക്കാവട്ടെ ചെളിവെള്ളം വേണം താമര വിരിയിക്കാൻ. കുളം കലക്കുന്ന നീക്കങ്ങൾ ബി ജെ പി നിരന്തരമായി നടത്തുമ്പോൾ മിണ്ടാതിരുന്നാൽ നഷ്ടം കോൺഗ്രസ്സിനാണ്. 
ഈ വിഷയത്തിൽ കോൺഗ്രസ്സ് എത്രത്തോളം മൗഢ്യത്തിലാണ് ജീവിക്കുന്നത് എന്നറിയാൻ ഒരു ഉദാഹരണം പറയാം. 
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഒരു സ്ത്രീ, ഡോക്ടർ ശ്വേത, ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുന്നു.
കാര്യം ഇതാണ്. 
ഹിന്ദുവായ ശ്വേതയും ക്രിസ്ത്യാനിയായ റിന്റോ ഐസക്കും പ്രണയത്തിലായിരുന്നു, ഈ പ്രണയം ഇഷ്ടപ്പെടാതിരുന്ന ശ്വേതയുടെ വീട്ടുകാർ സംഘപരിവാർ സംഘടനകളുടെ സഹായത്തോടെ ശ്വേതയെ തൃപ്പൂണിത്തുറയിലുള്ള ഘർവാപ്പസി കേന്ദ്രത്തിൽ എത്തിക്കുന്നു, മാസങ്ങളോളം തടവിലിട്ട് ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നു, മറ്റൊരു കേസ് മായി ബന്ധപ്പെട്ട് ഘർവാപ്പസി കേന്ദ്രത്തിൽ പോലീസ് എത്തിയപ്പോഴാണ് ഡോക്ടർ ശ്വേതക്ക് രക്ഷപ്പെടാൻ കഴിയുന്നത്. അവർ ഹൈക്കോടതിയിൽ കൊടുത്ത പരാതിയിലുള്ള കാര്യങ്ങളാണ് ഇതൊക്കെ. 
അതായത്, മിശ്രവിവാഹം കഴിച്ച നിരവധിപേർ ജീവിക്കുന്ന സാമൂഹ്യ  പ്രബുദ്ധതയുള്ള കേരളത്തിൽ മതവിശ്വാസികൾക്കിടയിൽ പരസ്പര ഭിന്നിപ്പും പ്രശ്നങ്ങളും ഉണ്ടാക്കാൻ ബി ജെ പി പിന്തുണയോടെ ഒരു കേന്ദ്രം പ്രവർത്തിക്കുന്നു, ശ്വേതയടക്കം നിരവധി പെൺകുട്ടികൾ അവിടെ പീഡിപ്പിക്കപ്പെട്ടതായി മൊഴി നൽകുന്നു, മത സൗഹാർദ്ധ അന്തരീക്ഷം (അതായത് കോൺഗ്രസ്സ് വോട്ട് ബാങ്ക്) തകർക്കാനുള്ള ബി ജെ പിയുടെ കുടില തന്ത്രമാണിതെന്ന് അറിയാത്തവർ ആരുമില്ല. പക്ഷെ എത്ര കോൺഗ്രസ്സ് നേതാക്കൾ ഈ വിഷയത്തെ ഗൗരവമായി എടുത്തു? ഒരു വി ആർ അനൂപും ചില പ്രാദേശിക യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകരും മാത്രം ! ബി ജെ പി കൊണ്ടുവരുന്ന വർഗ്ഗീയ ദ്രുവീകരണ ശ്രമങ്ങളെ എതിർത്താൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ഭയം കോൺഗ്രസ്സുകാരിൽ കുത്തിനിറക്കപ്പെട്ടിരിക്കുന്നു. ഈ ഭയമാണ് ഇന്ത്യ യൊട്ടുക്കും കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെടുത്തിയത്.  ആ തെറ്റ് ഇനിയും ആവർത്തിക്കരുത് എന്ന പാഠം ഗുജറാത്ത് തെരെഞ്ഞെടുപ്പ് കോൺഗ്രസ്സിന് നൽകുന്നുണ്ട്, മുസ്ലിംകൾ ഉൾപ്പടെ ബി ജെ പി അകറ്റി നിർത്തുന്നവരെ വിശ്വാസത്തിൽ എടുക്കാതെ ഹിന്ദുത്വ വോട്ട് ബാങ്കിനെ സ്വാധീനിക്കാം  എന്ന് വ്യാമോഹിച്ചപ്പോൾ കക്ഷത്തിലിരിക്കുന്നത് പോയി, ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, 

ഇവിടെയാണ് അനൂപ് പറയുന്ന രാഷ്ട്രീയം പ്രസക്തമാകുന്നത്, കോൺഗ്രസ്സ് ഇന്ത്യൻ ജനതയെ വിശ്വാസത്തിൽ എടുക്കുക, ഇവിടത്തെ സാധാരണക്കാരായ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിക്കുകാരുമൊന്നും തീവ്ര ചിന്താഗതിക്കാർ അല്ല, അതാത് മതങ്ങളിൽ ജനിച്ചത് കൊണ്ട് അവിടെ ജീവിക്കുന്ന വെറും മനുഷ്യരാണ്. അവരിൽ വർഗ്ഗീയത കുത്തിനിറക്കുകയാണ് ബി ജെ പി.  സോഷ്യൽ മീഡിയയും മറ്റു സ്വാധീനങ്ങളും ഉപയോഗപ്പെടുത്തി അവരത് ചെയ്തുകൊണ്ടേ ഇരിക്കുന്നു, ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ നഗര ഗ്രാമ വോട്ട് വ്യത്യാസം നോക്കുക,  
തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുന്നവരോട് മൃദു ഹിന്ദുത്വ വുമായി മത്സരിക്കാൻ പോകുന്നതിന് പകരം, ഏതു തരം വർഗ്ഗീയതയെയും പൊളിച്ചടുക്കുകയാണ് ചെയ്യേണ്ടത്, ഭൂരിപക്ഷ വർഗ്ഗീയതയും ന്യുനപക്ഷ വർഗ്ഗീയതയും ഒരേ തൂവൽ പക്ഷികളാണ് രണ്ടും തമ്മിലുള്ള അന്തർധാര ശക്തമാണ് എന്ന കാര്യം കോൺഗ്രസ്സ് എങ്കിലും മറക്കാതിരിക്കുക. 

മാർജിനലൈസ് ചെയ്യപ്പെട്ടവരോടൊപ്പം  നിൽക്കുക,മുസ്ലിംകളും ദളിതരും ഭീതിയനുഭവിക്കുന്ന കാലമാണ്, കോൺഗ്രസ്സ് കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക  മതേതര പക്ഷത്ത് ഉറച്ചു നിൽക്കുക. ബി ജെ പി യുടെ നുണകൾ മൃദു വാക്കി സ്വീകരിക്കുന്നതിന് പകരം പൊളിച്ചടുക്കുക. ഇന്ത്യൻ ജനതയുടെ മൂന്നിലൊന്ന് മാത്രമേ ഇപ്പോഴും ബി ജെ പി യെ വിശ്വാസത്തിൽ എടുത്തിട്ടുള്ളൂ... മഹാ ഭൂരിപക്ഷവും ഇപ്പുറത്താണ്, അവരെ കൂടെ നിർത്തുകയാണ് വേണ്ടത്.  ശക്തമായ മതേതര നിലപാടുമായി കോൺഗ്രസ്സ് മുന്നോട്ടു വന്നാൽ പൊതു ജനം കൂടെ നിൽക്കും, കാലക്രമത്തിൽ ബി ജെ പിയോടൊപ്പം പോയവർ നുണകൾ തിരിച്ചറിയുമ്പോൾ തിരിച്ചു വരും. വെറും ഭരണമല്ല, ഈ രാജ്യത്തിൻറെ നിലനിൽപാണ് ചർച്ചയാവേണ്ടത്, ആ ഉത്തരവാദിത്വമാണ് കോൺഗ്രസ്സിനുള്ളത്. താത്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കരുത്, വിടി ബൽറാം ഇക്കാര്യം പല തവണ പലയിടങ്ങളിൽ പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പക്ഷെ നേതൃത്വത്തിന് അത് കാര്യമായി ബോധ്യപ്പെട്ടിട്ടില്ല. അനൂപ് ഭാഷ കടുപ്പിച്ച് പറയുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്, ബൽറാമിന്റെ എം എൽ എ എന്ന 'പരിമിതി' അനൂപിന് ഇല്ലാത്തത് കൊണ്ടാവാം. കേരളത്തിലെ രാഷ്ട്രീയ ശത്രുവായ സി പി എമ്മിനെ മർമ്മം നോക്കി പ്രഹരിക്കുന്നതിൽ ഇരുവരും കാണിക്കുന്ന ജാഗ്രതയും എടുത്തു പറയേണ്ടതാണ്. സോഷ്യൽ മീഡിയയിൽ  സഖാക്കൾ പ്രതിപക്ഷ നേതാവായി കാണുന്നത് ബൽറാമിനെയാണെന്ന വസ്തുതകൂടി പറയേണ്ടതാണ്. 

അനൂപ് മാർ കോൺഗ്രസിൽ ഉയർന്നു വരട്ടെ. കടൽക്കിഴവന്മാരുടെ അധികാര രാഷ്ട്രീയത്തിൽ നിന്ന് യുവത്വത്തിൻറെ പുരോഗമന രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് മാറുമ്പോൾ അതെ യുവ നേതൃത്വം കേരളത്തിലും ഉയർന്നു വരട്ടെ. സാമൂഹ്യബോധവും നിലപാടുമുള്ള 'ചെറുപ്പക്കാരെയാണ് കോൺഗ്രസ്സിന് ആവശ്യം. നാടിനും


Related Posts 




3 comments:

  1. അനൂപ് മാർ കോൺഗ്രസിൽ ഉയർന്നു വരട്ടെ. കടൽക്കിഴവന്മാരുടെ അധികാര രാഷ്ട്രീയത്തിൽ നിന്ന് യുവത്വത്തിൻറെ പുരോഗമന രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് മാറുമ്പോൾ അതെ യുവ നേതൃത്വം കേരളത്തിലും ഉയർന്നു വരട്ടെ. സാമൂഹ്യബോധവും നിലപാടുമുള്ള 'ചെറുപ്പക്കാരെയാണ് കോൺഗ്രസ്സിന് ആവശ്യം. നാടിനും

    ReplyDelete
  2. തികച്ചും പക്ഷപാതപരമായ ലേഖനമെന്ന് മാത്രം പറയട്ടെ.തർക്കത്തിനില്ല.

    ReplyDelete
  3. അനൂപ് ദൈവം അങ്ങേക്ക് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ.... നമ്മുടെ രാജ്യത്തിനാവശ്യം അങ്ങയെപോലുള്ള ജനലക്ഷങ്ങളെയാണ്... അതെ മതേതരത്വവും ഒരു ചടങ്ങോ, സഹോദരമതസ്ഥാരെ അനുകരിക്കലോ അല്ല, മറിച്ചു സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതോടൊപ്പം സഹോദര മതസ്ഥനെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നതിലാണ്... അതെ കോൺഗ്രസ് രാഹുലിന്റെ നേത്രത്വത്തിൽ തിരിച്ചു വന്നേ മതിയാകു... നാടിന്റെ പോക്ക്, മോഡി, അമിത്ഷാ, മോഹൻഭഗവത്‍... ഇവർ രാജ്യത്തെ കടുത്ത വർഗീയ ചേരിതിരിവിലേക്കാണ് നയിക്കുന്നത്, ഇത് തുടർന്നാൽ ലോകം കണ്ട ഏറ്റവും ഭീകരമായ ആഭ്യന്തര കലാപത്തിലേക്ക്, ഒരാൾക്കും നിയന്ത്രിക്കാൻ കഴിയാത്ത വർഗീയ കലാപത്തിലേക്ക് രാജ്യം എത്തിപ്പെട്ടേക്കുമോ എന്ന് പോലും നാം ഭയപ്പെടേണ്ടിയിരിക്കുന്നു... ശക്തിയോടെ മുന്നേറുക... നമുക്കൊരുമിച്ചു സുന്ദരമായ ഇന്ത്യ , നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ പൂർവികർ സ്വപ്നം കണ്ട ഇനിടയെ ഒത്തൊരുമിച്ചു കെട്ടിപ്പടുക്കാം... ജയ് ഹിന്ദ്, ജയ് കോൺഗ്രസ്

    ReplyDelete