Tuesday, 10 July 2012
മുസ്ലിം വേട്ടയും, മുസ്ലിം നേതൃത്വവും
മുസ്ലിംയുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്നതിതിരെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കൂട്ടായ്മ ഉയര്‍ത്തിയ ചിലചിന്തകള്‍.
മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന കാടടച്ചുള്ള വേട്ടയില്‍ പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നവരില്‍ സാന്നിധ്യം കൊണ്ടും അസാനിധ്യം കൊണ്ടും ചിലര്‍ ശ്രദ്ധേയരായി. നയ്യാര്‍....... ,.. അഗ്നിവേശ്,.....അജിത്ത് സാഹി... സീമാ മുസ്തഫ... തുടങ്ങിയവര്‍ ഇതില്‍ സംബന്ധിച്ചത് ഇതൊരു മുസ്ലിം പ്രശ്നം ആയതിനാല്‍ അല്ല. ഇതൊരു മാനുഷീക പ്രശ്നം ആയതിനാല്‍ ആണ്, ആദിവാസികളുടെയും, നകസല്‍-, മാവോ ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട വരുടെയും മോചനത്തിന് അവര്‍ ഇത് പോലെ ഒത്തു ചേര്‍ന്നിട്ടുണ്ട്.
പങ്കെടുത്ത അടുത്ത വിഭാഗം രാഷ്ട്രീയക്കാരാണ്, ഫാറൂക് അബ്ദുല്ല, പാസ്വാന്‍, രാജ.. ബര്‍ദാന്‍.. ഹനുമന്ത റാവു തുടങ്ങിയവര്‍...
ഇവരുടെലക്ഷ്യം എന്താണ്? ഞങ്ങളും മുസ്ലിംകളുടെ കൂടെയുണ്ട് എന്ന്‍ കാണിക്കുക. അതില്‍ അപ്പുറം ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍, കാസ്മി, ഫസീഹ്, തുടങ്ങി ബട്ട്ല ഹൌസ് സംഭവം വരെ മന്ത്രി സഭയിലും പാര്‍ലമെന്‍റിലും ഒക്കെ നിരന്തരമായി ഉന്നയിക്കപ്പെടുമായിരുന്നു . ഇവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തു കൊണ്ട് തന്നെ നമുക്ക് ഇവരെ അഭിനന്ദിക്കാം, കാരണം ഇത്തരം ഒരു വേദിയില്‍ സാന്നിധ്യം അറിയിച്ചല്ലോ, ഫാറൂക്ക് അബ്ദുല്ല സംഘാടകര്‍ ക്ഷണിക്കുക പോലും ചെയ്യാതെ യാണ് പങ്കെടുത്തത് എന്നും വാര്‍ത്ത കണ്ടു, നല്ല കാര്യം.
അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായവരില്‍ മുന്‍പന്തിയില്‍ മുസ്ലിം ലീഗ് ആണ്. കേന്ദ്രത്തില്‍ സ്വന്തമായി ഒരു മന്ത്രിയും എംപിമാരും ഉള്ള അഖിലേന്ത്യാ പാര്‍ട്ടി. മാത്രമല്ല മുസ്ലിം ക്ഷേമമാണ് മുഖ്യ അജണ്ട. പക്ഷേ മുസ്ലിംകള്‍ നേരിടുന്ന ഇത്തരം ജീവല്‍ പ്രശ്നങ്ങളില്‍ ലീഗ് മിണ്ടിയ ചരിത്രമില്ല.( അഞ്ചാം മന്ത്രിയെ കിട്ടിയില്ലെങ്കില്‍ പക്ഷേ പാണക്കാട്ടെ തങ്ങള്‍ വരെ നേരിട്ടു ഗോദയില്‍ ഇറങ്ങും. ) ആരെങ്കിലും ലീഗിനെ തീവ്രവാദി പ്രസ്ഥാനം എന്ന് വിളിച്ച് കളയുമോ? നേതാക്കളെ അറെസ്റ്റ് ചെയ്ത് കളയുമോ? അയ്യഞ്ച് കൊല്ലം കൂടുംബോള് കേരളത്തില്‍ കയ്യിട്ട് വരാന്‍ കിട്ടുന്ന അവസരം കൈവിട്ടുപോകുമോ ? തുടങ്ങി ലീഗിന് ഒരു പാട് ബേജാറുകള്‍ ഉണ്ട്. ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സമുദായം നേരിടുന്ന ജീവല്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.
ശിഹാബ് തങ്ങള്‍ വ്യക്തിപരമായി നല്ല മനുഷ്യന്‍ ആണെന്ന്‍ കേട്ടിട്ടുണ്ട്, പക്ഷേ രാഷ്ട്രീയ മായി ലീഗ് ശണ്ഢീകരിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കാലത്താണ്, സി എച്ചിനെ പ്പോലുള്ള സമുദായ സ്നേഹികള്‍ ഇരുന്ന കസേരകളില്‍ ഒന്നാന്തരം ഫ്രൊഡുകളെ ഇരിക്കാന്‍ അനുവദിച്ചത് ശിഹാബ് തങ്ങള്‍ ആണ്.
ഇസ്ലാം ലീഗിന് ജീവവായു ആയിരുന്ന കാലം ഉണ്ടായിരുന്നു, ഞാന്‍ രാജ്യത്തെ സ്നേഹിക്കുന്നു, കാരണം അതെന്‍റെ പ്രവാചകന്‍റെ ചര്യയാണ്, ഞാന്‍ ഇതര മതസ്ഥരെ ബഹുമാനിക്കുന്നു... ഞാന്‍ മനുഷ്യനെ സ്നേഹിക്കുന്നു, രാജ്യപുരോഗതിക്കായ് പ്രവര്‍ത്തിക്കുന്നു... ഇതെല്ലാം എന്‍റെ പ്രവാചകന്‍റെ ഉപദേശങ്ങള്‍ ആണ് എന്ന് പറയാന്‍ കഴിഞ്ഞിരുന്ന നേതാക്കള്‍, അവരെ നാട് ബഹുമാനിച്ചിരുന്നു, ജാതിമത ഭേദമന്യേ. നിങ്ങള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടുക നീതിയുടെ ഭാഗത്ത് ഉറച്ച് നില്‍ക്കുക, നിങ്ങളെ വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ശക്തിയുള്ളവന്‍ അല്ലാഹു മാത്രമാണ് എന്ന്‍ വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്നു വിളിച്ച് പറയുന്നതില്‍ വിശ്വസിച്ചിരുന്ന, നേതാക്കളും അണികളും.....
ഇന്നത്തെ സ്ഥിതിയോ? അല്ലാഹു അങ്ങനെ പലതും പറയും , സ്വന്തം കാര്യം നോക്കിയാല്‍ അവനവന് നന്ന് എന്ന 'പ്രായോഗിക' നിലപാടല്ലേ ലീഗിന്‍റേത്? റജീനക്ക് കാശ് കൊടുക്കുന്ന കാര്യത്തില്‍ പടച്ചോന്‍ കൂടെ നിക്കൂല അതുകൊണ്ട് മൂപ്പരെ വിട്ടുകളയാം എന്ന ' ഈമാന്‍' ഉള്ള കുഞ്ഞാലികുട്ടി യും, അത്ര പോലും ഇല്ലാത്ത തങ്ങന്‍മാരും അല്ലേ ലീഗിനെ നയിക്കുന്നത്?
ലീഗ് നാളെ മുതല്‍ എന്‍ ഡി എഫ് ആകണം എന്നല്ല ഇപ്പറഞ്ഞതിന് അര്‍ത്ഥം.
പണക്കാട്ട് തങ്ങളുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി അഹമ്മദും, ലീഗ് എംപിമാരും, കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ഉള്‍പ്പെടുന്ന ഒരു സംഘം സോണിയാ ഗാന്ധിയെയും, മന്‍മോഹന്‍ സിങ്ങിനെയും സന്ദര്‍ശിച്ച്, സമുദായത്തോടുള്ള നീതികേട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും, അന്വേഷണ ഏജന്‍സികളെ രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്... എന്നൊരാവശ്യം ഉന്നയിച്ചു എന്ന് വെക്കുക. ഭരണമുന്നണിക്ക് അത് അവഗണിക്കാന്‍ കഴിയുമോ? മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കണ്ടില്ലെന്ന്‍ വെക്കാന്‍ ആകുമോ? ഇരകള്‍ക്ക് അത് എത്രത്തോളം ആത്മവിശ്വാസം നല്കും ? ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധം ചെറുപ്പക്കാരെ 'പക്വതയില്ലാത്തവരുടെ പിന്നില്‍ അണിനിരക്കുന്നതില്‍ നിന്ന്‍ പിന്തിരിപ്പിക്കില്ലേ
ഏതൊരു ജനവിഭാഗത്തിന്റെയും ഏറ്റവും അടിസ്ഥാന പ്രശ്നങ്ങളില്‍ ഒന്നാണ് ആത്മാഭിമാനം. സമുദായത്തിന് എതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് കുതിരകയറാന്‍ വരുന്നവരുടെ മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുന്നതിന്‍റെ പേരല്ല മതേതരത്വം. ഇന്ത്യാ രാജ്യത്തിന്‍റെ മതേതര, ജനാതിപത്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തന്നെ നീതികേടിനെതിരെ പ്രതികരിക്കാന്‍ കഴിയും, അത് പ്രയോജനപ്പെടുത്താന്‍ ധൈര്യം കാണിക്കാത്ത മുസ്ലിം സംഘടനകളില്‍ പ്രഥമ സ്ഥാനം ലീഗിനാണ്. നേതാക്കള്‍ പെണ്ണ് കേസില്‍ പെട്ടത് കൊണ്ടാണ്. ലീഗിന് ഇങ്ങനെ തല പൂഴ്ത്തേണ്ടി നില്‍ക്കേണ്ടി വരുന്നത് എന്ന്‍ ചിന്തിക്കുന്നവരെ കുറ്റം പറയാന്‍ ആകുമോ?
അഭാവം കൊണ്ട് ശ്രദ്ധേയരായവരില്‍ മറ്റൊരു വിഭാഗം രാജ്യത്തെ മുസ്ലിം പണ്ഡിതരാണ്. ഇത്തരം വിഷയങ്ങളില്‍ ഇതുവരെ ഒരു നിലപാടും എടുക്കാത്ത ഈ ആത്മീയ നേതാക്കന്മാരുടെ പ്രശ്നവും 'വയറ്റുപ്പിഴപ്പാണ്' , യതീം ഖാന കളുടെ മറവില്‍ ജോറായി നടക്കുന്ന 'ഖാന പീന' മുടങ്ങാതെ നോക്കേണ്ടതാണല്ലോ അവരുടെ സമുദായ പ്രവര്‍ത്തനം.
കേരളത്തില്‍ ഇക്കാര്യത്തില്‍ ഏറ്റവും വിമര്‍ശിക്കപ്പെടേണ്ടയാള്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.
വേറെ ചില ഊളന്‍മാര്‍ ലീഗിന്‍റെ പോക്കറ്റില്‍ ഉണ്ട്, അവര്‍ മിണ്ടിയാല്‍ എന്ത്? മിണ്ടിയില്ലെങ്കില്‍ എന്ത് ? 40 പണ്ഡിതന്മാര്‍ അടങ്ങുന്ന സഭക്കാണ് ഇവരുടെയും നേതൃത്വം. ഈ നാല്‍പ്പത് പേര്‍ പരസ്പരം കണ്ടിട്ടുണ്ടോ എന്നത് വേറെ കാര്യം.' കിത്താബ് തിരിയും' എന്നതിലപ്പുറം വെറും നിര്‍ഗുണ പരബ്രഹ്മങ്ങള്‍.
നാട്ടുകാരെ മൊത്തം തൌഹീദ് പടിപ്പിക്കാന്‍ നടക്കുന്ന അഭിനവ ചിംബാന്‍സികള്‍ ആണ് മറ്റൊരു കൂട്ടര്‍, വലിയ പാത്രത്തില്‍ എണ്ണ തിളപ്പിച്ച് മരിച്ച് ചെല്ലുന്നവരെ ഒക്കെ പൊരിച്ച് കളിയ്ക്കാന്‍ കാത്തിരിക്കുന്ന അല്ലാഹുവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം ഈ ചിംബാന്‍സികളുടെ കയ്യിലേ ഉള്ളൂ. ദുനിയാവിനെ പറ്റി അവര്‍ക്ക് വലിയ ചിന്തയൊന്നുമില്ല, ചിന്തിച്ചിട്ടും വലിയ പ്രയോജനവും ഇല്ല, ഇവരെയും നമുക്ക് വെറുതെ വിടാം
പക്ഷേ കാന്തപുരം വിമര്‍ശിക്കപ്പെടണം അദ്ദേഹം സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറിയാണ്, അതിലേറെ ഭരണാധികാരികള്‍ ശ്രദ്ധിക്കുന്ന ശബ്ദവുമാണ്. പക്ഷേ ഇത്തരം കാര്യങ്ങള്‍ ഒന്നും മുസ്ലിയാര്‍ മിണ്ടാറില്ല, എന്തിനാ ആവശ്യമില്ലാത്ത ഉപദ്രവങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത് എന്ന ചിന്തയാവും? ദുഷിച്ച പണ്ഡിതന്‍റെ ലക്ഷണങ്ങളില്‍ ഇമാം ഗസ്സാലി എണ്ണിപ്പറഞ്ഞ കാര്യങ്ങളില്‍ ഒന്ന്‍ 'അധികാരികളുടെ അന്യായങ്ങളോട് മൌനം പാലിക്കുന്നവന്‍ ' എന്നാണ് മുസ്ലിയാര്‍ക്ക് ഈ വിശേഷണം ചേരുന്നുണ്ടോ ? അതോ ഇമാം ഗസ്സാലിക്ക് കിതാബ് തിരിഞ്ഞിട്ടില്ലേ?
ഔദ്യോഗിക മുസ്ലിം സംഘടനകളും നേതാക്കളും മാളത്തില്‍ ഒളിക്കുന്നത്, വൈകാരീക മായി ചിന്തിക്കുന്ന, പക്വതയില്ലാത്ത ചെറുപ്പക്കാരെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കും, അത് നാടിന് ദോഷമായിത്തീരും എന്ന സാമാന്യ ബുദ്ധിയെങ്കിലും എന്നാവും രാഷ്ട്രീയ-പണ്ഡിത പ്രഭുക്കന്‍മാര്‍ക്ക് ഉണ്ടാവുക?
ഡല്‍ഹിയില്‍ നടന്ന സെമിനാറിന്‍റെ വാര്‍ത്ത മലയാളത്തില്‍ ''മുസ്ലിം' പത്രങ്ങളേ റിപ്പോര്‍ട് ചെയ്തിട്ടുള്ളൂ, മതേതര പത്രക്കാര്‍ അവരുടെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിച്ചു.
വാല്‍കഷ്ണം : മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അന്യായത്തില്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരില്‍ ഒട്ടേറെ പ്രമുഖര്‍ അമുസ്ലീംകള്‍ ആണ്. മുസ്ലിംകള്‍ അല്ലാത്ത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ അവരോടൊപ്പം സമരത്തിനിറങ്ങുന്ന മുസ്ലിംകള്‍ എത്രവരും, ജനസംഖ്യാനുപാതികമായ സംവരണം എങ്കിലും ഇക്കാര്യത്തില്‍ ഉണ്ടോ?
ഞമ്മന്‍റെ ന്യായം മാത്രമല്ലല്ലോ ന്യായം.
Subscribe to:
Post Comments (Atom)
well said
ReplyDeleteit is too late to read,, but still deserve a like for the post and a salute to Blogan. Well said Buddy..!!!
ReplyDeleteVery Good..!! I am also late.. I think the copy of this should be sent to all of our leaders.
ReplyDelete