Friday 15 March 2013

ശ്രീ. ഷാജന്‍, പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളര്‍ത്താതിരിക്കുക...

(മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ താലിബാനിസം വളര്‍ത്തുന്നു എന്ന അപകടകരമായ, വിഷലിപാതമായ,  അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന  കേരളവും താലിബാനിസത്തിലേക്ക് എന്ന മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഈ ബ്ലോഗ്ഗില്‍ ഷാജന്‍ സ്കറിയക്ക് സ്നേഹപൂര്‍വ്വം എന്ന ഒരു പ്രതികരണം എഴുതിയിരുന്നു, ശ്രീ ബ്ലോഗ്ഗന് സ്നേഹപൂര്‍വ്വം ഷാജന്‍ സ്കറിയ എന്ന തലക്കെട്ടില്‍  മറുനാടനില്‍ ഷാജന്‍ സ്കറിയ ഒരു മറുപടി എഴുതി. അതിനോടുള്ള  പ്രതികരണമാണ് ഈ കുറിപ്പ്)

ശ്രീ ഷാജന്‍ സ്കറിയ,
എന്‍റെ വിമര്‍ശനത്തെ വളരെ പോസിറ്റീവ് എടുത്ത താങ്കളുടെ സമീപനത്തെ അഭിനന്ദിക്കുന്നു....അതോടൊപ്പം ആരെയാണോ സമൂഹം ഒറ്റപ്പെടുത്തേണ്ടത് അവരെ കൊണ്ടുനടന്ന് നിക്ഷ്പക്ഷത 'തെളിയിക്കാനുള്ള' താങ്കളുടെ ശ്രമത്തോട് സഹതപിക്കുകയും ചെയ്യുന്നു.
ഗീബല്‍സിയന്‍ തിയറിയില്‍ വിശ്വസിക്കുന്ന പച്ചനുണകള്‍ എഴുതിപ്പിടിപ്പിച്ച് സമൂഹത്തില്‍ വിഷം വമിക്കുന്ന ഒരു ഹിന്ദു വലതുപക്ഷ എഴുത്തുകാരനെക്കൊണ്ട് കോളമെഴുതിക്കുകയും അതിനു തൂക്കം ഒപ്പിക്കാന്‍ ഒരു മുസ്ലിം തീവ്ര എഴുത്തുകാരനെ തേടുകയും ചെയ്യുന്നതിനോട് സഹതപിക്കുകയല്ലാതെ വേറെന്താണ് ചെയ്യേണ്ടത്?

താങ്കള്‍ മാത്രമല്ല, മുഖ്യധാരയില്‍ പോലും പലരും ചെയ്യുന്ന ഏര്‍പ്പാടാണിത്...ലക്ഷ്യം ഒന്ന് മാത്രമേയുള്ളൂ ...മതം ഒരു വീക്ക്നെസ്സ് ആയി കൊണ്ടുനടക്കുന്ന  വായനക്കാരെ പിടിക്കുക...
സെന്‍ട്രല്‍ ജയിലില്‍ അന്വേഷിച്ചാല്‍ തടിയന്‍റവിടെ നസീറിനെ കിട്ടും...ആയിരക്കണക്കിന്  വായനക്കാരെയും കിട്ടും.....

ഒഴുക്കിനോടൊപ്പം നീന്താന്‍ ആര്‍ക്കും പറ്റും. ഈ കെട്ട കാലത്ത് ഒഴുക്കിനെതിരെ നീന്താനാണ് ആര്‍ജ്ജവം വേണ്ടത്... ഒരു ബഹുസ്വര സമൂഹത്തില്‍ വിഷം വമിക്കുന്നവരെ അവഗണിക്കാനും നല്ലത് പറയുന്നവരെ,  നന്മകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുകയുമാണ് വേണ്ടത് . മുട്ടനാടുകളെ തിരഞ്ഞുപിടിച്ച് ഏറ്റുമുട്ടിക്കുകയും അതിന്‍റെ ചോര കാത്തിരിക്കുന്ന ചെന്നായ്ക്കളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യവും, വായനക്കാരുടെ ഇടപെടല്‍ പരിപോഷിപ്പിക്കലും ഒന്നുമല്ല.അതീ നാടിനോട് ചെയ്യുന്ന ക്രൂരതയാണ്. മതങ്ങള്‍ മനുഷ്യനെക്കാള്‍ മുന്തിയതാണെന്ന് വിശ്വസിക്കുന്ന ഒരു പറ്റം കുടിലമനസ്കരുടെ ചെളിവാരിയെറിയലിന് അവസരം നല്‍കുന്ന താങ്കളോട് കാലം പൊറുക്കും എന്നു വിശ്വസിക്കുന്നുവോ?

 പിറന്നുവീണത് അച്ചന്‍റെയും അമ്മയുടെയും അടുത്തയപ്പോള്‍ ഹിന്ദുവും, പപ്പയുടെയും മമ്മയുടെയും അടുത്തായപ്പോള്‍ കൃസ്ത്യാനിയും ഉമ്മയുടെയും ബാപ്പയുടെയും അടുത്തായപ്പോള്‍ മുസ്ലിമും ആയവരാണ് മഹാഭൂരിഭാഗം 'വിശ്വാസികളും', തന്‍റെ മതം നല്ലതാണ് നിങ്ങള്‍ മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കൂ എന്നാഹ്വാനം ചെയ്യുന്ന എത്ര മുസ്ലിംകള്‍ ഹിന്ദു-കൃസ്ത്യന്‍ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട് ? എത്ര ഹിന്ദുക്കള്‍ ഖുര്‍ആനും ബൈബിളും വായിച്ചിട്ടുണ്ട്? എത്ര കൃസ്ത്യാനികള്‍ ഖുര്‍ആനും  ഗീതയും വേദങ്ങളും വായിച്ചിട്ടുണ്ട്? ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ തന്നെ മറ്റവനെ എതിര്‍ക്കാന്‍ വല്ല തുംബും കിട്ടുമോ എന്നുനോക്കാനാണ്...സ്വയം സൃഷ്ടിക്കുന്ന പുകമറക്കകത്താണ് ഓരോ 'വിശ്വാസിയും'.    ഈ യഥാര്‍ത്യത്തില്‍ നിന്ന്കൊണ്ട് മതത്തെ സമീപിക്കുന്നവന് മാത്രമേ മറ്റ് മതക്കാരെ അംഗീകരിക്കാന്‍ കഴിയൂ ഈ ബ്ലോഗ്ഗിന്‍റെ തുടക്കത്തില്‍ തന്നെ ഈ ആശയം പങ്കുവെക്കാന്‍  ശ്രമിച്ചിട്ടുണ്ട്.    
                                 
*എന്‍റെ ബ്ലോഗര, നിങ്ങളുടെയും....

തീര്‍ത്തൂം നിര്‍ദ്ദോഷികള്‍ ആയ മതവിശ്വാസികളാണ് സമൂഹത്തിന്‍റെ ഭൂരിഭാഗവും, മതവിശ്വാസം മതവികാരത്തിലേക്ക് 'വളര്‍ന്നാല്‍ ആപല്‍ക്കരമാണ്, അത് മത വിരോധത്തിലേക്ക് കൂപ്പുകുത്തിയാല്‍ മാരകമാണ്.. പരസ്പരം കടിച്ചു കീറുന്ന മതവിരോധികളെ താലോലിച്ചുകൊണ്ട് എന്ത് നിക്ഷ്പക്ഷതയാണ് താങ്കള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്?

 മതങ്ങളെയും പാര്‍ട്ടികളെയും വിമര്‍ശിക്കണം... നിരന്തരമായ വിമര്‍ശനങ്ങളാണ് നാം ഇന്ന്‍ കാണുന്ന എല്ലാമതങ്ങളിലും പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയത്, ജീര്‍ണ്ണതകള്‍ നീക്കികൊണ്ടിരിക്കുന്നത്.. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്തുകതന്നെ വേണം പക്ഷേ അത് അധിക്ഷേപം ആവരുത്.
രാമായണത്തിലെ ലക്ഷ്മണന്‍ ജേഷ്ടന്‍ രാമനോടൊപ്പം കാട്ടില്‍ പോകാന്‍ വേണ്ടി, യുവതിയായ ഊര്‍മ്മിളയെ വര്‍ഷങ്ങളോളം തനിച്ചാക്കിയത് ശരിയായില്ല, എന്ന്‍ ഒരു ഫെമിനിസ്റ്റ് പറഞ്ഞാല്‍ നമുക്കതിനെ വിമര്‍ശനമായിക്കാണാം, എന്നാല്‍ ജേഷ്ടഭാര്യ സീതയില്‍ കണ്ണു വെച്ചാണ് ലക്ഷ്മണന്‍ കാട്ടില്‍ പോയത് എന്ന്‍ പറഞ്ഞാലോ... അത് അധിക്ഷേപമാണ്....അതിനുള്ള മറുപടി കരണകുറ്റി നോക്കി അടിക്കുകയാണ്.

 വിമര്‍ശകരെയല്ല, അധിക്ഷേപകരെവെച്ചാണ് താങ്കള്‍ എഴുതിക്കുന്നത്.... "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൌതുകം", പക്ഷേ കുറ്റം കൊതുകിന്‍റേതല്ല അതിന് പാല്‍ ആവശ്യമില്ല ചോരയാണ് വേണ്ടത്.. താങ്കള്‍ പാലുള്ള അകിടിലേക്ക് കൊതുകുകളെയാണ് ക്ഷണിക്കുന്നത്..അകിട് വൃത്തിയാക്കി കൊതുകുകളെ ഓടിക്കാത്തിടത്തോളം അവ ചോര ഊറ്റി കുടിക്കും മാരക രോഗങ്ങള്‍ പരത്തും...

നല്ല കുറെ വായനക്കാര്‍ താങ്കള്‍ക്കുണ്ട്... ആനുകാലികവിഷയങ്ങളോട്  നല്ലരീതിയില്‍ പ്രതികരിക്കുന്ന വിമര്‍ശനങ്ങള്‍ പോലും സരസമായി നടത്തുന്ന കമ്മന്‍റുകാര്‍ . താങ്കളുടെ പല ലേഖനങ്ങളെക്കാളും വായനക്കാരെ ആകര്‍ഷിക്കുന്നത്  ഇവരില്‍ പലരുടേയും കമ്മന്‍റുകള്‍ ആണെന്ന കാര്യം താങ്കള്‍ക്കും അറിയാതിരിക്കില്ലല്ലോ, കൊതുകുശല്യം വല്ലാതെ കൂടിയാല്‍ അവര്‍ വൃത്തിയും വെടിപ്പുമുള്ള വേറെ സ്ഥലം നോക്കിപ്പോകും കൂട്ടത്തില്‍ വായനക്കാരും.

പരിധിവിട്ടാല്‍  എന്തും അശ്ലീലമാണ്, മതവും രാഷ്ട്രീയവും സെക്സും എല്ലാം..  അശ്ലീലം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ 'ഇവിടെ' ധാരാളം ഉണ്ട്, അവരില്‍ താങ്കളെ കാണാതിരിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..

ബ്ലോഗന്‍.        

6 comments:

  1. നന്നായി ബ്ലോഗന്‍...,...വേണ്ടിടത്ത് കൃത്യസമയത്ത് താങ്കള്‍ നടത്തുന്ന ഇടപെടലുകള്‍ ഈ ബ്ലോഗ്ഗിനെ ശ്രദ്ധേയമാക്കുന്നു...തെറിവിളികള്‍ തമസ്കരിക്കുക......വളരെ അത്യാവശ്യമായ കാര്യമാണ് താങ്കള്‍ ചെയ്തത്......തുടരുക.....

    അനീഷ്

    ReplyDelete
  2. താങ്ങളുടെ ഈ അഭിപ്രായം വളരെ വിലപ്പെട്ടതാണ്‌ ഇതാണ് ഞങ്ങള്‍ വായനക്കാരും പറയാന്‍ ആഗ്രഹിച്ചത്

    ReplyDelete
  3. yes, what u said is 100% true

    ReplyDelete
  4. ഹ.. ഹ.. ഹാ ബ്ലോഗ താങ്കളെ മറുനാടന്‍ സന്കികള്‍ പാകിസ്ഥാനി ആക്കി എന്ന വിവരം സസന്തോഷം അറിയിക്കുന്നു.."പാകിസ്താന്‍ ബോഗന്‍" എന്ന് പുനര്‍ നാമവും ഇട്ടു.പോയി നോക്ക്...... ..മാത്രമല്ല ലീഗ് തീവ്രവാതിയും... "തന്‍റെ മതം നല്ലതാണ് നിങ്ങള്‍ മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കൂ എന്നാഹ്വാനം ചെയ്യുന്ന എത്ര മുസ്ലിംകള്‍ ഹിന്ദു-കൃസ്ത്യന്‍ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട് ? എത്ര ഹിന്ദുക്കള്‍ ഖുര്‍ആനും ബൈബിളും വായിച്ചിട്ടുണ്ട്? എത്ര കൃസ്ത്യാനികള്‍ ഖുര്‍ആനും ഗീതയും വേദങ്ങളും വായിച്ചിട്ടുണ്ട്? ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ തന്നെ മറ്റവനെ എതിര്‍ക്കാന്‍ വല്ല തുംബും കിട്ടുമോ എന്നുനോക്കാനാണ്"... താങ്കള്‍ എന്ത് എഴിതിയാലും താലിബാനിയും പാകിസ്ഥാനിയും ആക്കും ....ഹി ഹി ഹി..... അതിനു കുമാരന്മാരു ഒറ്റ കേട്ടാ....By.. Siru...

    ReplyDelete
    Replies
    1. siru,
      വെറുപ്പും വിദ്വേഷവും അലങ്കാരമായി കൊണ്ടുനടക്കുന്ന ആളുകള്‍ പണ്ടുമുതലേ ലോകത്തുണ്ട് . സ്വന്തം വര്‍ഗ്ഗീയ അജണ്ടക്ക് പാരയാകും എന്നുതോന്നുന്നവനെ തീവ്രവാദിയും വര്‍ഗ്ഗീയവാദിയും ആക്കി ഒച്ചവെക്കുന്നവന്റെ വിചാരം ഇതൊന്നും ആര്‍ക്കും മനസ്സിലാവില്ല എന്നാണ്, ഓരോ തെറിവിളിയും അവരുടെ മുഖം മൂടികള്‍ അഴിച്ചിടുകയാണ്.വായനക്കാര്‍ അത് തിരിച്ചറിയും....ഷാജന്‍ സ്കറിയയോട് പറയേണ്ടത് പറയുക എന്ന ഉദ്ദേശമേ ഈ കുറിപ്പ് കൊണ്ട് ഉണ്ടായിരുന്നുള്ളൂ, പക്ഷേ മാന്യന്‍മാര്‍ എന്ന്‍ ഞാന്‍ 'തെറ്റിദ്ധരിച്ചിരുന്ന' ചില ദേഹങ്ങളുടെ മുഖം മൂടി അഴിഞ്ഞുവീഴുന്നതുംകൂടി ഈ 'വിവാദത്തിനിടയില്‍' കാണാനിടയായി. എന്‍റെ മതവിശ്വാസത്തിനും, മതേതരവിശ്വാസത്തിനും ആരുടേയും 'സര്‍ടിഫിക്കറ്റിന്' അപേക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് അത് കാര്യമാക്കുന്നില്ല. ഇവരൊക്കെ വാസ്തവത്തില്‍ വര്‍ഗ്ഗീയത തലക്ക് പിടിച്ചവര്‍ ആണെങ്കില്‍, അവര്‍ക്ക് നല്ലബുദ്ധി ഉണ്ടാകട്ടെ എന്ന്‍ പ്രാര്‍ഥിക്കാം,ഇത്തരം സങ്കുചിത മനസ്കരില്‍ പെടുത്താതിരുന്നതിന് ഉടയ തംബുരനോട് നന്ദിപറയാം,

      Delete