Thursday, 23 October 2014

നെഹ്രു മുതല്‍ രാഹുല്‍ വരെ... ഉന്നം തെറ്റിയ വെടിയുണ്ടകള്‍ നെഹ്രു-ഗാന്ധി കുടുംബത്തെ വേട്ടയാടുന്നത് എന്തു കൊണ്ട്?

ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ സംഘപരിവാര്‍ 'ആക്രമണം' ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്, ഇന്ദിരയുടെയും രാജീവിന്‍റെയും പേരില്‍ രാജ്യത്തുള്ള സര്‍ക്കാര്‍ നിയന്ത്രിത സേവന പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു, അവരുടെ ജന്മദിനങ്ങളെ ഭരണകൂടം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു, ആ കുടുംബത്തിലെ ഇളം തലമുറക്കാരനെതിരെ  ബി ജെ പി നേതാക്കള്‍ ഒന്നു വീതം മൂന്ന് നേരം അധിക്ഷേപം ചൊരിയുന്നു, വിദേശി എന്നാക്ഷേപിക്കുന്നു, കുടുംബാധിപത്യം ഇന്ത്യയുടെ ശാപമാണെന്ന് മുറവിളികൂട്ടുന്നു, നെഹ്രു കുടുംബത്തെ മാറ്റിനിര്‍ത്തിയാല്‍ അല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല എന്ന്‍ ഓരിയിടുന്നു,  സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും അധിക്ഷേപങ്ങളുടെ അലയൊലി കോണ്‍ ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ നിന്ന്‍ തന്നെ മുഴങ്ങുന്നുണ്ട്, എല്ലാ പരാജയങ്ങള്‍ക്കും കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ന്യൂജനറേഷന്‍ നേതാക്കള്‍ പോലും അടക്കം പറയുന്നു... ,   സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഉടനീളം നെഹ്രു-ഗാന്ധി കുടുംബത്തിനെതിരെ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളും നടന്നതായി കാണാന്‍ കഴിയും, എന്തു കൊണ്ടാണിത്?ഇതിനുത്തരം കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പത്രം പറഞ്ഞു കഴിഞ്ഞു. കൊല്ലേണ്ടിയിരുന്നത്, ഗാന്ധിയെ അല്ല നെഹ്രുവിനെയാണ്, അതെ അതാണ് ശരി.
ഗാന്ധിയെ കൊന്നത് എന്തിനാണ്? ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി, ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുക... ആ ലക്ഷ്യത്തിന് വേണ്ടിയാണ് ആര്‍ എസ് എസ് രൂപീകരിച്ചതും, നിരന്തരം കലാപങ്ങള്‍ നടത്തിയതും, ബ്രിട്ടീഷുകാര്‍ക്ക് ദാസ്യ വേല ചെയ്തതും രാജ്യത്തെ രണ്ടായി വെട്ടിമുറിക്കാന്‍ അരങ്ങിലും അണിയറയിലും പണിയെടുത്തതും എല്ലാം ആ ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു, അതിന് തടസ്സം നിന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഗാന്ധിയെ കൊന്നു കളഞ്ഞത്. പക്ഷേ ഗോഡ്സെയുടെ ഉന്നം തെറ്റായിരുന്നു
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ ശക്തി ഗാന്ധിയല്ല നെഹ്രുവായിരുന്നു, ഹിന്ദു മഹാസഭ രൂപീകരിച്ചും കോണ്‍ ഗ്രസ്സ് പാര്‍ട്ടിയില്‍ നുഴഞ്ഞു കയറിയും നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കഠിന പ്രയത്നങ്ങള്‍ വൃഥാവിലാക്കിയത് നെഹ്രുവാണ്, വര്‍ഗ്ഗീയക്കോമരങ്ങളുടെ കയ്യില്‍ നിന്ന് രക്ഷിച്ചെടുത്ത രാജ്യത്തെ നടക്കാന്‍ പഠിപ്പിച്ചത് നെഹ്രുവാണ്, ദേശീയ നേതാക്കളുടെയെല്ലാം പിന്തുണയോടെ 16 വര്‍ഷം കൊണ്ട് നെഹ്രു പാകിയ അടിത്തറയിലാണ് ഇന്ന് നാം കാണുന്ന ഈ രാജ്യം, ആധുനീക ഇന്ത്യ സൃഷ്ടിക്കപ്പെട്ടത്

ബ്രിട്ടീഷുകാര്‍ ഊറ്റിയെടുത്ത ഖജനാവുമായി, വിഭജനത്തിന്‍റെ മുറിവുകളും, ഗാന്ധി വധത്തിന്റെ ശൂന്യതയും നിലനിന്നിരുന്ന അത്യധികം സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ നെഹ്രു ഇന്ത്യയെ നയിച്ചു, രണ്ടു ഡസനോളം ഭാഷകള്‍ സംസാരിക്കുന്ന വിവിധ നാട്ടുരാജ്യങ്ങളില്‍ അധിവസിച്ചിരുന്ന വ്യത്യസ്ഥ മത- ജാതി- വര്‍ഗ്ഗ- വര്‍ണ്ണ ക്കാരായ വ്യത്യമായ  ഭക്ഷണ-വസ്ത്ര രീതികള്‍ ഉള്ള  കോടിക്കണക്കിന് മനുഷ്യരെ ഇന്ത്യ യുടെ പതാകയ്ക്ക് കീഴില്‍ അണിനിരത്തി ശക്തമായ ഒരു ഫെഡറല്‍ സംവിധാനം വാര്‍ത്തെടുത്ത് ആധുനീക ഇന്ത്യയെ സൃഷ്ടിച്ചെടുത്ത,.  നെഹ്രുവിനെപ്പോലെ മറ്റൊരാള്‍ ലോക ചരിത്രത്തില്‍ വേറെയില്ല. ഇന്ത്യയെപ്പോലെ ഇത്രയേറെ വ്യത്യസ്തതകളോടെ ഒരുമിച്ച് കഴിയുന്ന വേറൊരു ജനവിഭാഗം ലോകത്തെവിടെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല, കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല, അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍, പ്രത്യേകിച്ചു ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാന്‍ ആര്‍ എസ് എസ് രാജ്യത്തുടനീളം നിരന്തരമായി വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ചു വിട്ട ഒന്നരപ്പതിറ്റാണ്ട് കാലത്ത് നാടിന് കാവല്‍നിന്നത് നെഹ്റുവിന്‍റെ നേതൃത്വത്തിലാണ്, പിന്നീട് രാജ്യം ഒന്നിച്ച് നിന്നത് ഇന്ദിരയുടെ പിന്നില്‍., വീണ്ടും ഒരു ഒന്നര പതിറ്റാണ്ട്, ഇടക്കാലത്ത് മാളത്തില്‍ നിന്ന് പഴയ കാളകൂടങ്ങള്‍ തല നീട്ടിയ 1977 മുതല്‍ 1980 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍, അപസ്വരങ്ങളുടെ ആ കാലഘട്ടത്തിന് ശേഷം വീണ്ടും ഇന്ദിരയിലൂടെ രാജ്യം രാജീവിലേക്ക്,

ഓരോ കാലത്തും നെഹ്രുവും, ഇന്ദിരയും, രാജീവും രാഷ്ട്രീയവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ക്ക് വിധേയരായി, ഇന്ദിരയും രാജീവും രക്തസാക്ഷികളായി, ഏതൊരു ഇന്ത്യക്കാരനും (സങ്കിപോലും) ഉള്ളിന്‍റെയുള്ളില്‍ സ്നേഹവും ആദരവും നല്‍കുന്ന നേതാക്കളാണിവര്‍,
പിന്നീട് രാജീവിന്‍റെ ചോരക്ക് പകരമായി കിട്ടിയ അഞ്ചു വര്‍ഷത്തെ അധികാരം കൈവിട്ട ശേഷം, ജനങ്ങള്‍ കോണ്‍ ഗ്രസ്സിനെ തഴഞ്ഞത് നീണ്ട പതിനഞ്ചു വര്‍ഷങ്ങളാണ്, നെഹ്രു കുടുംബം നിസ്സംഗരായി നിന്ന പതിനഞ്ചു വര്‍ഷം, ആ കുടുംബത്തില്‍ നിന്ന് 'വിദേശി' മുദ്രയുമായിപ്പോലും മറ്റൊരാള്‍, സോണിയാ ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍, കോടികള്‍ മുടക്കി ഇന്ത്യ തിളങ്ങുന്നു എന്ന് പാടി നടന്ന, സത്യപ്രതിഞ്ജക്കു ജോല്‍സ്യനെക്കണ്ട് മുഹൂര്‍ത്തം കുറിപ്പിച്ച വാജ്പേയിയെ പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞു വീണ്ടും രാജ്യം ഭരണം ഏല്‍പ്പിച്ചത് ഗാന്ധി നെഹ്രു- കുടുംബത്തിന്‍റെ കൈകളിലാണ്, പത്തുവര്‍ഷത്തിന് ശേഷം, മൻമോഹനെ മൗന   വ്രതത്തിലിരുത്തി ഘടക കക്ഷികൾ ചേർന്ന് ഖജനാവിലെ പണം കയ്യിട്ടു വാരുന്നത് കണ്ട്   അരിശം മൂത്ത ജനത ഒന്ന് മാറിച്ചിന്തിച്ചു, ചാടിയത് വറച്ചട്ടിയില്‍ നിന്ന് അടുപ്പിലേക്കാണ് എന്ന് തിരിച്ചറിയാന്‍ പക്ഷേ മൂന്ന് മാസം പോലും വേണ്ടി വന്നില്ല. ഇന്ന് ഭരിക്കുന്നവര്‍ക്കറിയാം നാളെ ഭരണം വഴുതിപ്പോകുന്നു വെങ്കില്‍ അതിന് കാരണക്കാര്‍ ഗാന്ധി കുടുംബമായിരിക്കും. കഴിഞ്ഞ അരനൂറ്റാണ്ട് ഭരണത്തിലേക്ക് വരുന്നത് തടഞ്ഞ അതെ ഗാന്ധി കുടുംബം. മറ്റൊരാള്‍ക്കും മോഡിയില്‍ നിന്ന് ഭരണം തിരിച്ചു പിടിക്കാന്‍ കഴിയില്ല

കാരണം, തെരെഞ്ഞെടുപ്പില്‍ ചിന്നങ്ങള്‍ ഉപയോഗിക്കുന്നത് പോലെ പ്രസക്തമാണ് ഗാന്ധി കുടുംബം. സ്ഥാനാര്‍ത്ഥിയുടെ പേരുകളെക്കാള്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാനാവുക ചിന്നങ്ങളെയാണ്, അത്തരത്തില്‍ വിവിധ ഭാഷക്കാരും വേഷക്കാരുമായി ചിതറിക്കിടക്കുന്ന 130 കോടി ഇന്ത്യന്‍ ജനതക്ക് തിരിച്ചറിയാവുന്ന ചിന്നമാണ് ഗാന്ധി കുടുംബം, അത് സോണിയയോ രാഹുലോ പ്രിയങ്കയോ..അടുത്ത തലമുറയോ ആവട്ടെ. ഓരോ ഇന്ത്യക്കാരനും അവരെ തിരിച്ചറിയും, അവരെ വിശ്വാസത്തില്‍ എടുക്കും, നിരവധി മതക്കാരും ജാതിക്കാരും ഭാഷക്കാരും ജീവിക്കുന്ന ഇന്ത്യയില്‍ തങ്ങളുടെ ശത്രുവല്ലയെന്ന് ഓരോരുത്തര്‍ക്കും ഉറപ്പിച്ച് പറയാന്‍ കഴിയുന്ന, ജനം തിരിച്ചറിയുന്ന വേറെ എത്രപേരുണ്ട്  ..? ആ കുടുംബത്തോളം ക്ലീന്‍ ഇമേജുള്ള മാറ്റരുണ്ട് ഇന്ത്യന്‍ നേതാക്കളില്‍?   കോടികള്‍ മുടക്കി അമേരിക്കയില്‍ നിന്ന് മാനേജ്മെന്‍റ് കമ്പനികളെ വരെ കൊണ്ടുവന്ന്, നിരവധി വര്‍ഷങ്ങള്‍ നീണ്ട കഠിന ശ്രമങ്ങള്‍ക്കും പൊറാട്ടു നാടകങ്ങള്‍ക്കും ശേഷമാണ് നരേന്ദ്രമോഡിയെ രാജ്യം മുഴുവനും അറിയപ്പെടുന്ന ഒരു 'ഛിന്നമാക്കിയെടുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞത്, അഞ്ചു നയാ പൈസ ചിലവില്ലാതെ രാഹുല്‍ ഗാന്ധിക്ക് അത് സ്വന്തമായിരുന്നു എന്നോര്‍ക്കുക,

ഇന്ത്യയില്‍ ഏതൊരു ദേശീയ പാര്‍ട്ടിക്കും, ഇത്തരം ഛിന്നങ്ങള്‍ അനിവാര്യമാണ്, അത് ഉണ്ടാക്കി എടുക്കുക ഒട്ടും എളുപ്പവുമല്ല, ബി ജെ പി യെ സംബന്ധിച്ചെടുത്തോളം 'ഗാന്ധി  'ഐക്കണ്‍' നശിപ്പിച്ചു കളയാതെ അധികാരം സുരക്ഷിതമല്ല . അതിനുള്ള ശ്രമങ്ങളാണ് നിരന്തരമായി മോഡി
ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്, അവര്‍ക്ക് കുഴലൂതാന്‍ എന്നത്തേയും പോലെ കോണ്‍ഗ്രസ്സില്‍ ആവശ്യത്തിന് സങ്കിത്തലകളെ ആര്‍ എസ് എസ് തിരുകിക്കയറ്റിയിട്ടുമുണ്ട്, രാഹുല്‍ ഒരു പക്ഷേ അനുഭവ സമ്പത്തുള്ള ഒരു നല്ല നേതാവ് അല്ലായിരിക്കാം, പക്ഷേ ഓരോ ഇന്ത്യക്കാരനും തിരിച്ചറിയുന്ന അവര്‍ ബഹുമാനിക്കുന്ന ഒരു പാരമ്പര്യം രാഹുലിന് സ്വന്തമാണ്, ഗാന്ധി കുടുംബത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവര്‍ കോണ്‍ഗ്രസ്സിനെയാണ് ലക്ഷ്യം വെക്കുന്നത്, അത് തിരിച്ചറിയാനും പ്രതിരോധിക്കാനും മറ്റാര്‍ക്കും പറ്റിയില്ലെങ്കിലും കോണ്‍ ഗ്രസ്സുകാര്‍ക്കെങ്കിലും സാധിക്കണം, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്‍റെ വിശ്വാസ്യത ഗാന്ധി കുടുംബത്തിന്‍റെ വിശ്വാസ്യതയാണ്.
ആര്‍ എസ് എസ്സ് ഏറ്റു പറഞ്ഞത് നൂറു ശതമാനം ശരിയാണ് അവര്‍ ഉന്നം വെക്കേണ്ടിയിരുന്നത്, നെഹ്രുവിനെയായിരുന്നു,

മറക്കാതിരിക്കുക,
രാഹുൽ ഇന്ത്യയെ നയിക്കുന്ന ഒരുകാലം വരും.
'മോഡി'ഫൈഡ് മാധ്യമങ്ങളുടെ നുണപ്രചരണങ്ങളെയും പപ്പു വിളികളെയും അതിജീവിച്ച് രാഹുൽ വരും.
ഇത്തിരി കൂടി കാത്തിരിക്കണം, മോഡിയുടെ പളപ്പ് ഒന്നുടങ്ങണമെങ്കിൽ അയാളെ ജനം തിരിച്ചറിയണം
കോർപറേറ്റ് കമ്പനികളുടെ കൂട്ടിക്കൊടുപ്പുകാരനാണ് അയാൾ എന്ന സത്യം ഇന്ത്യൻ ജനത തിരിച്ചറിയുന്ന ദിവസം എല്ലാ മാധ്യമ ചിലന്തി വലകളെയും അതിജീവിച്ച് രാഹുൽ തിരിച്ച് വരും. അതിനിടെ കോൺഗ്രസിൽ നിന്ന് കുറെ 'വെള്ളം' ബി ജി പി യിലേക്ക് ഒഴുകിപ്പോകാനുണ്ട്... കോൺഗ്രസിൽ കുടിയിരുത്തിയ ആർ എസ് എസ്സുകാർ ദൗത്യം പൂർത്തിയായി എന്ന് തെറ്റിദ്ധരിച്ച് മടങ്ങിപ്പോകാനുണ്ട്, ഒന്ന് കലങ്ങിത്തെളിഞ്ഞാൽ രാഹുൽ ഉയർന്നു വരും, ആ മനുഷ്യന്റെ പ്രസംഗം കേട്ടുനോക്കൂ...സൂക്‌ഷിച്ചു നോക്കൂ... ആ കണ്ണുകളിലെ ആത്മവിശ്വാസം

ആര്‍ എസ് എസ്സിന്റെ തോക്കുകളില്‍ ഇനിയും വെടിയുണ്ടകളുണ്ട്, തോക്കുകളും ഉണ്ടകളും അവര്‍ നന്നായി ആധുനീക വല്‍ക്കരിച്ചിട്ടുമുണ്ട്, ഗാന്ധിജിക്ക് പകരം വെടിയുണ്ടകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറുള്ള നെഞ്ചുകള്‍ നിരവധിയുണ്ടായിരുന്നു ഇന്ത്യയില്‍, നെഹ്റുവിനെ കൊല്ലാന്‍ കഴിയാതെ പോയ  ആർ എസ് എസ്സ് വെടിയുണ്ടകൾ  ചീറിപ്പാഞ്ഞു വരുമ്പോള്‍ രാഹുലിന് വേണ്ടി, രാജ്യത്തിന് വേണ്ടി നെഞ്ചിലേക്ക് ഏറ്റുവാങ്ങാൻ തയ്യാറുള്ള  ഒരു യുവത വളർന്നു വരാനുണ്ട്, അവർ വരും.

Related Posts
കര്‍ണ്ണാടക കോണ്‍ഗ്രസ്സിനുള്ള താക്കീതാണ്, മോഡിക്കല്ല


                                                                       
                 

2 comments:

  1. സന്ഘികളുടെ വളര്ച്ചയ്ക്ക് എന്നും തടസ്സം നെഹ്‌റു കുടുംബമായിരുന്നു . അത് കൊണ്ട് തന്നെ അവരെ തകർത്താൽ മാത്രമേ സന്ഘികൾക്ക് തങ്ങളുടെ ആധിപത്യം തുടരാൻ സാധിക്കുകയുള്ളൂ . വേറെ ഒരു ശക്തിക്കും സന്ഘികൾ ഉയര്ത്തുന്ന വര്ഗീയതയെ തളക്കാൻ ആവുകയില്ല എന്ന് അവര്ക്ക് ബോധ്യവും ഉണ്ട് . ദൌർഭാഗ്യവശാൽ നെഹ്‌റു കുടുംബത്തിലെ രണ്ടു പേരെ സന്ഘികൾ സ്വന്തമാക്കുകയും ചെയ്തു
    .ഇനി ബാക്കിയുള്ളവരെ ഇല്ലാതാക്കിയാൽ കാര്യങ്ങൾ വളരെ എല്ലുപ്പവും ആകും

    ReplyDelete
  2. ആരും പറയാൻ ഇഷ്ടപ്പെടാത്ത കാര്യമാണിത് നെഹ്‌റു കുടുംബത്തിനു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉള്ള സ്ഥാനത്തെ പോസിറ്റീവ് ആയി കാണാനുള്ള ശ്രമം ഉണ്ടാകേണ്ടതാണ്

    ReplyDelete