Tuesday 31 December 2013

പിണറായി സഖാവേ, നടുക്കടലിലും നക്കിക്കുടിക്കണോ ?

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍ , സംഗതി നായയെപ്പറഞ്ഞിട്ടു കാര്യമില്ല, ഗ്ലാസില്‍ ഒഴിച്ച് കുടിക്കാനോ സ്ട്രോവെച്ച് വലിച്ചു കുടിക്കാനോ അതിനു കഴിയില്ലല്ലോ? പക്ഷേ പിണറായി വിജയന്‍റെ കാര്യം അങ്ങനെയാണോ, അടുത്ത കേരള മുഖ്യമന്ത്രി എന്ന് ജനം ഏറെക്കുറെ വിധി എഴുതി വെച്ചിരിക്കുന്ന കഥാപാത്രമാണ്, ചലചിത്ര-മീഡിയ രംഗത്തുള്ള പലരും അതുറക്കെ പറഞ്ഞു കഴിഞ്ഞു. അഞ്ചു കൊല്ലം വലതുപക്ഷം വെറുപ്പിച്ചാല്‍ അടുത്ത അഞ്ചു വര്ഷം ഇടതുപക്ഷത്തിന് വെറുപ്പിക്കാന്‍ അവസരം കൊടുക്കുന്ന മലയാളിയുടെ പതിവ് രീതി അനുസരിച്ച് അടുത്ത ഭരണം ഇടതിനാണ്, ലാവ്ലിന്‍ പ്രേതത്തെ ഏതോ ഒരു 'ശുംഭന്‍' തല്‍ക്കാലത്തേക്ക് എങ്കിലും ആല്‍ മരത്തില്‍ തറച്ചതിനാല്‍ മുഖ്യമന്ത്രി പദം പാര്‍ട്ടിയുടെ 'മുഖ്യതന്ത്രിക്ക്' തന്നെ ലഭിക്കും,  എതിരുപറയാനോ ഒന്നു കണ്ണുരുട്ടാനോ പോലും ഒരു 'വെളിച്ചപ്പാടും' മുന്നോട്ട് വരാത്ത വിധം അനുകൂല സാഹചര്യമാണ്, അതായത് ഒരിടത്തിരുന്നു ഗ്ലാസില്‍ ഒഴിച്ചോ സ്ട്രോ വെച്ചോ ആസ്വദിച്ച് കുടിക്കാനുള്ള സാഹചര്യമാണ് മുമ്പില്‍ ഉള്ളത്. പക്ഷേ നക്കിയേ കുടിക്കൂ എന്ന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യും?

Saturday 14 December 2013

ആം ആദ്മിയുടെ ഡല്‍ഹി ഭരണം എത്രനാള്‍?

ഡല്‍ഹി  തെരെഞ്ഞെടുപ്പ് ഫലത്തിന്‍റെ തലേദിവസം തലസ്ഥാനത്തെ  പത്രപ്രവര്‍ത്തകരുടെ ആസ്ഥാനമായ ഐ എന്‍ എസ്  ബില്‍ഡിങ്ങിലെ കാന്റീനില്‍ ഇരുന്ന്‍ വൈകുന്നേരത്തെ ചായകുടിക്കുമ്പോള്‍ നാളത്തെ 'വിധിയില്‍ , എ എ പി എവിടെയെത്തും എന്ന ഒറ്റ ചര്‍ച്ചയാണ് എല്ലായിടത്തും കേട്ടത്. ഏറ്റവും വലിയ ശുഭാപ്തി വിശ്വാസികള്‍ പോലും 15 നും 20 നും ഇടക്ക് സീറ്റേ പ്രവചിച്ചുള്ളൂ , തലനാരിഴകീറി തെരെഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ സുഹൃത്ത് 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞു. ഫലം പക്ഷേ ഞെട്ടിച്ചു കളഞ്ഞു, 28 സീറ്റ് നേടി എ എ പി ഡല്‍ഹിയെ കയ്യിലെടുത്തു, ഒരാഴ്ചത്തെ സ്വാഭാവിക ആഘോഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ പത്രലോകത്തിന്റെ സ്വകാര്യ ചര്‍ച്ചകള്‍ 'ആം ആദ്മി എത്രനാള്‍ ? എന്ന ചോദ്യത്തിലേക്ക് മാറിയിരിക്കുന്നു.