Thursday 21 August 2014

ആദിവാസികളുടെ നില്‍പ്പ് സമരം മലയാളിയോട് പറയുന്നത്....

തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് പറയാറുണ്ട്, ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇത് നൂറു ശതമാനം ശരിയാണെന്ന് പറയേണ്ടി വരും. വയനാട്ടില്‍ നിന്നെത്തിയ കുറെ ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ്പ് സമരം തുടങ്ങിയത് ജൂലൈ 9 നാണ്. ഒന്നര മാസം പിന്നിട്ടപ്പോഴും അവര്‍ നില്‍പ്പ് തുടരുകയാണ്. രാഷ്ട്രീയ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന തെമ്മാടികള്‍ തിരിഞ്ഞു നോക്കുന്നില്ല, ആദിവാസികള്‍ ഇനി എന്തു ചെയ്യണം? എത്ര കാലം ഇങ്ങനെ നില്‍ക്കണം? ആദിവാസികളെ പ്രകോപിതരാക്കി വീണ്ടും തോക്കെടുക്കാനും  അക്രമം നടത്താനും പ്രേരിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന മാധ്യമപ്പരിഷകളെയും  ആദിവാസികള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാത്രം കടമയായി എഴുതിത്തള്ളിയ  പൊതു സമൂഹത്തെയും തിരണ്ടി വാലുകൊണ്ടടിക്കേണ്ട സമയം അതിക്രമിച്ചില്ലേ....?


Tuesday 19 August 2014

ബഷീറ് നല്ലവനാ... പക്ഷേ ആ സതീശന്‍.....?!

നൊസ്റ്റാള്‍ജിയയുടെ അനുഭൂതി തേടി പോകാന്‍ ഇഷ്ട്ടപ്പെടുന്ന ഒന്നാമത്തെ ഇടം എന്‍റെ ഹൈ സ്കൂളിന്‍റെ പരിസരം തന്നെയാണ്, നീണ്ട ഇടവേളക്ക് ശേഷം ഈയിടെ ആ വഴിയൊന്ന് പോകാന്‍ അവസരം ലഭിച്ചു. സ്കൂളും പരിസരവും ആകെ മാറിയിട്ടുണ്ടെങ്കിലും മാറാതെ നില്‍ക്കുന്ന ഒന്നുണ്ട്. ചന്ദ്രേട്ടന്‍റെ ചായക്കട. സ്കൂള്‍ കോമ്പൌണ്ടിനോട് ചേര്‍ന്നുള്ള സ്വന്തം വസ്തുവില്‍ ചന്ദ്രേട്ടന്‍ ചായക്കട തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായിക്കാണും, ജീവിക്കാന്‍ വേറെ 'വഴിയുള്ള' ചന്ദ്രേട്ടന് പിള്ളാര്‍ക്ക് വേണ്ടി മാത്രമുള്ള ആ ചായക്കട കുട്ടികളില്ലാത്തതിന്റെ ദുഖം മറക്കാനുള്ള ഒറ്റമൂലിയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ചോറ് പൊതിയും, വലിയ ടെസ്റ്റ് ബുക്കുകളും തുടങ്ങി 'വിലപ്പെട്ട' പലതും സൂക്ഷിച്ചിരുന്നത് ചന്ദ്രേട്ടന്‍റെ കടയിലാണ്, പോകുമ്പോഴും വരുമ്പോഴും സ്ഥിരമായി അവിടെ ഹാജര്‍ വെക്കും. ഇത്തവണത്തെ യാത്രയും അവിടെ ഹാജര്‍ വെച്ചു കൊണ്ട് തുടങ്ങാം എന്ന്‍ തീരുമാനിച്ചു, സ്കൂളിന്‍റെ പരിസരത്തുള്ള 'ക്ലാസ്സ്മേറ്റ്സില്‍' പലരും ഇന്നും മുടങ്ങാതെ അവിടെ ഒപ്പുവെക്കുന്നവരാണ്, എല്ലാവരെക്കുറിച്ചുമുള്ള 'അടിസ്ഥാന വിവരങ്ങള്‍' ചന്ദ്രേട്ടനില്‍ നിന്ന് ലഭിക്കും.

Wednesday 13 August 2014

മലയാള മാധ്യമങ്ങളും മൂന്ന് പെണ്ണുങ്ങളും; ഒരു മത സൌഹാര്‍ദ്ദ ചരിതം

വല്ലാത്തൊരു സ്ഥിതിയിലാണ് മലയാളത്തിലെ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും തൊട്ടതിനും പിടിച്ചതിനുമൊക്കെ സമൂഹത്തിലെ 'മാന്യന്‍മാര്‍' മാധ്യമങ്ങളെ പഴിചാരുകയാണ്, നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു, ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു... എന്തൊക്കെ ആരോപണങ്ങളാണ്!! മാധ്യമ പ്രവര്‍ത്തകന്‍റെ ഐഡന്‍റിറ്റി കഴുത്തില്‍ തൂക്കി ഒറ്റക്ക് നടക്കാന്‍ പോലും പേടിയായി തുടങ്ങിയിരിക്കുന്നു, ഏത് നിമിഷവും സഹികെട്ട ജനം കൈവെക്കുമെന്ന അവസ്ഥയാണ്! സോഷ്യല്‍ മീഡിയയിലെ ആക്റ്റിവിസ്റ്റുകള്‍ക്കാണെങ്കില്‍ രാവിലെ എഴുന്നേറ്റാല്‍ പല്ല് തേക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ രണ്ടു തെറിവിളിച്ചില്ലെങ്കില്‍ അന്ന് ശോദന കിട്ടില്ല എന്നായിരിക്കുന്നു, പത്രക്കാര്‍ക്കോ ചാനലുകാര്‍ക്കോ വല്ല അബദ്ധവും പറ്റിയാല്‍ വിളിച്ചു കൂവാന്‍ ആക്രാന്തം കാണിക്കുന്ന ഇവന്മാരൊന്നും നല്ലത് കണ്ടാല്‍ മിണ്ടില്ല, അടുത്തയിടെ മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഒരു മത സൌഹാര്‍ദ്ദ യജ്ഞ്ജത്തെ അവഗണിച്ചു കളഞ്ഞ 'മാന്യന്മാരോടുള്ള' പകയാണ് ഈ പോസ്റ്റ് 

Friday 1 August 2014

വി ടി ബലറാം വേട്ടയാടപ്പെടുമ്പോള്‍....

തൃത്താല എം എല്‍ എ യും കോണ്‍ ഗ്രസ്സിന്റെ യുവനേതാക്കളില്‍ പ്രമുഖനുമായ വി ടി ബലറാം സോഷ്യല്‍ മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹത്തെ അറിയാം, 140 എം എല്‍ എ മാരുള്ള കേരളത്തില്‍ എല്ലാ മലയാളികള്‍ക്കും പേരുപറഞ്ഞാല്‍ അറിയാവുന്ന വിരലില്‍ എണ്ണാവുന്ന എം എല്‍ എ മാരില്‍ ഒരാളാണ് അദ്ദേഹം. പതിറ്റാണ്ടുകളായി നിയമസഭയില്‍ ഇരിക്കുന്ന തെക്കന്‍ കേരളത്തില്‍ ഉള്ള പല നേതാക്കളുടെയും പേരുപറഞ്ഞാല്‍ മലബാറുകാര്‍ക്ക് അറിയില്ല, മലബാറിലെ 'പ്രമുഖരായ' പല നേതാക്കളെയും പറഞ്ഞാല്‍ തെക്കുള്ളവര്‍ക്കും അറിയില്ല, പലതവണ മന്ത്രിമാരും, പ്രമുഖ പാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനം വഹിച്ചവരുമായ ചിലരെ മാത്രമേ കേരളത്തിന് 'മൊത്തത്തില്‍' പരിചയമുള്ളൂ , ഈ സുപ്രസിദ്ധര്‍ക്കൊപ്പം വി ടി ബലറാം എങ്ങനെ സ്ഥാനമുറപ്പിച്ചു എന്ന് പഠിക്കേണ്ടതാണ്
(വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ അമ്മയെ തല്ലിയാല്‍ അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്‌)