Wednesday 19 February 2014

SDPI മഅദനിയെ മല്‍സരിപ്പിക്കണം.

ഇതെന്തെഡേയ് ഇത്.... ഒരുമാതിരി അലുവയും മത്തിക്കറിയും പോലെ, സി പി എം വി എം സുധീരനെ മല്‍സരിപ്പിക്കണം എന്ന് പറയും പോലെ, പി‌ഡി‌പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ വേറൊരു പാര്‍ട്ടി മല്‍സരിപ്പിക്കണമെന്നോ? അതെ അത് തന്നെയാണ് കാര്യം.
മഅദനിയെക്കുറിച്ച്   ഒരു വിശദീകരണം ആവശ്യമില്ലല്ലോ.... പത്ത് വര്‍ഷം ചെയ്യാത്ത കുറ്റത്തിന് വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുക, വീണ്ടും അതെ നിയമ വ്യവസ്ഥിതിയില്‍ വിചാരണ തടവുകാരനായി വര്‍ഷങ്ങള്‍ ,  ശരീരത്തെ വിവിധ രോഗങ്ങള്‍ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുമ്പോള്‍ 'ജാമ്യം' നല്‍കാന്‍ ഉന്നത നീതി പീഢം കനിയാതിരിക്കുക, ഒരു വികലാംഗന്‍ എന്ന പരിഗണ പോലും കൊടുക്കാതെ പീഡിപ്പിക്കുക.... ഇന്ത്യയില്‍ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതീകം മഅദനിതന്നെയാണ്, കൊല്ലപ്പെട്ടവര്‍ നിരവധിയുണ്ടാവാം, ജയില്‍വാസം അനുഭവിക്കുന്നവര്‍ ആയിരക്കണക്കിനുണ്ട്, പക്ഷേ ഒരു പൊതു പ്രവര്‍ത്തകന്‍ ഭരണകൂടത്തിന്‍റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്നതിന് മഅദനിയെക്കാള്‍ ക്രൂരമായ ഉദാഹരണങ്ങള്‍ വേറെയില്ല, സുപ്രീം കോടതി വരെ എത്തിനില്‍ക്കുന്ന, പലതവണ തള്ളിയും മാറ്റിവെച്ചും ഒരു പ്രതീക്ഷയുമില്ലാതെ കിടക്കുന്ന ജാമ്യാപേക്ഷ മാത്രമാണ് 'ദുനിയാവില്‍ ' ആ മന്‍ഷ്യന്‍റെ പ്രതീക്ഷ. 
ഇന്ത്യന്‍ മനസാക്ഷിയുടെയും സുപ്രീം കോടതിയുടെയും കണ്ണുതുറപ്പിക്കാന്‍ മഅദനിക്കു മുമ്പില്‍ ഇനി ഒരു വഴിയേ ഉള്ളൂ.... ലോക് സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുക. 


മഅദനി മല്‍സരിച്ചാല്‍ ജയിക്കുമോ? ആര് മല്‍സരിപ്പിക്കും ? ലോക്സഭയിലേക്ക് മല്‍സരിക്കുക ചെറിയകാര്യമാണോ? ആര് ? എങ്ങനെ ? എവിടെ .... തുടങ്ങിയ ചോദ്യങ്ങള്‍ക്ക് എല്ലാം  കൂടിയുള്ള ഉത്തരമാണ് SDPI. 
ഇന്നലെ പെയ്ത മഴയില്‍ മുളച്ച സുഡാപ്പിയോ? 
അതെ സുഡാപ്പി തന്നെ, മഴ പെയ്തത് എന്നാണെന്നോ മുളച്ചുവന്നത് എപ്പോഴാണെന്നോ ഉള്ളതിനെക്കാള്‍ പ്രസക്തമാണ് ഇന്ന് അവര്‍ എന്താണ് എന്നത്. മൂന്നു ദിവസം മുമ്പ് ഫെബ്രുവരി പതിനേഴിന് കേരളത്തിലുടനീളം നടന്ന 'പോപ്പുലര്‍ ഫ്രണ്ട് ഡേയ്' കണ്ട ആരും സമ്മതിക്കേണ്ടി വരുന്ന ഒരു കാര്യമുണ്ട്,  വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വെല്ലുവിളിക്കാനുള്ള സംഘടനാപരമായ ശേഷി SDPI നേടിയെടുത്തിട്ടുണ്ട്. 'തീവ്രവാദത്തിന്‍റെ' ചാപ്പയും മുഖ്യധാരാ മാധ്യമങ്ങളുടെ അവഗണനയും ആക്രമണവും അതിജീവിച്ചു കൊണ്ട് ഇത്രയധികം വളര്‍ന്ന ഒരു പ്രസ്ഥാനത്തെ എഴുതി തളളാന്‍ നിക്ഷ്പക്ഷമായി രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ആര്‍ക്കും കഴിയില്ല. 
കേരളത്തില്‍ നിന്ന് നിയമസഭയിലേക്കൊ ലോക്സഭയിലേക്കൊ മല്‍സരിച്ച് ജയിക്കാന്‍ SDPI വളര്‍ന്നു എന്നല്ല പറയുന്നത്, അതിനവര്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വന്നേക്കാം, പക്ഷേ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അടുക്കും ചിട്ടയുമുള്ള തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അവര്‍ക്ക് കഴിയും. ജയിലില്‍ കിടന്ന്‍ മല്‍സരിച്ച സ്ഥാനര്‍ത്തിയെ നല്ല ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചെടുത്ത കേരളത്തിലെ ഏക പാര്‍ട്ടിയും SDPI തന്നെയാണ്  

മഅദനി മല്‍സരിക്കാന്‍ തയ്യാറാവുമോ? 
SDPI ശ്രമിച്ചാല്‍ ഒരു പക്ഷേ കാര്യം നടക്കും, തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനവും പ്രചരണവും ഏറ്റെടുക്കാന്‍ SDPI ഒരുക്കമാണെങ്കില്‍ ,  സാധ്യതയെ മഅദനിക്കു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മഅദനി  തയ്യാറാവുക തന്നെ ചെയ്യും. 
SDPI ക്കു ഇതുകൊണ്ടെന്ത് നേട്ടം?
ഒരുപാട് നേട്ടങ്ങള്‍ ഉണ്ട്, മഅദനി തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ ദേശീയ തലത്തില്‍ എന്നല്ല അന്തരാഷ്ട്ര തലത്തില്‍ തന്നെ അത് വലിയ ചര്‍ച്ചയാവും, ജയിച്ചാലും തോറ്റാലും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായിരിക്കും മഅദനിയുടേത്, SDPI ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്ന്, നിരപരാധികളുടെ ജയില്‍വാസമാണ് ഈ വിഷയത്തെ പൊതു ശ്രദ്ധയില്‍ എത്തിക്കാന്‍ തെരെഞ്ഞെടുപ്പ് ഉപകാരപ്പെടും, നിരവധി നിരപരാധികളായ ചെറുപ്പക്കാര്‍ക്ക് അത് ഗുണകരമാവും. 

ഭീകര വാദിയായി മുദ്രകുത്തപ്പെട്ട മഅദനിയെ സപ്പോര്‍ട്ട് ചെയ്താല്‍ SDPI യെ ഭീകരവാദികളായി വീണ്ടും ചാപ്പകുത്തില്ലേ? 
അതിന് ചാപ്പകുത്താന്‍ ഇനിയെവിടെ ഇടം, "ഞാന്‍ ഭരണത്തില്‍ നിന്ന് പോകുന്നതിന്റെ മുമ്പ് പോപ്പുലര്‍ ഫ്രണ്ടിനെ കെട്ടുകെട്ടിക്കും" എന്ന്‍ കേന്ദ്ര ആഭ്യന്തരന്‍ ആയിരുന്ന ചിദംബരം നേരിട്ട് പറഞ്ഞതാണ്, അതിലും വലിയ ചാപ്പ ഇനി കുത്താന്‍ ഉണ്ടോ... മഅദനി സ്വതന്ത്രനായി മല്‍സരിക്കുകയും SDPI പിന്തുണക്കുകയും ചെയ്താല്‍ അതൊരു ഒന്നൊന്നര മല്‍സരം തന്നെ ആയിരിക്കും.   
എവിടെ മല്‍സരിക്കും?
മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ മലപ്പുറമോ പൊന്നാനിയോ ആവും സുരക്ഷിതം. ഓരോ മുസ്ലിമിന്റെയും മനസ്സില്‍ ഒരു നീറുന്ന നെരിപ്പോടായി ജീവിക്കുകയാണ് മഅദനി, ആ മഅദനിക്കു ഒരു വോട്ട് കൊടുക്കാന്‍ സാധിച്ചാല്‍ പാണക്കാട് തങ്ങള്‍ വരെ ചെയ്തുപോകും. എന്തിന് മുസ്ലിംകള്‍ മാത്രം മഅദനിയുടെ വിഷയത്തില്‍ മുസ്ലിംകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എത്രയെത്ര അമുസ്ലീംകള്‍ ഉണ്ട്, ഒരു നീതികേടിനോട് പ്രതികരിക്കാനുള്ള അവസരം നീതിയില്‍ വിശ്വസിക്കുന്ന ഒരാളും വെറുതെ കളയില്ല. മലപ്പുറം ജില്ലയിലെ അമുസ്ലീംകള്‍ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ആര്‍ എസ് എസ്സും വലതുപക്ഷ മാധ്യമങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിട്ടും മുസ്ലിം വിരുദ്ധ വികാരം കാര്യമായി ഏശാത്ത പ്രദേശമാണ് മലപ്പുറം ജില്ല.     

SDPI രാഷ്ട്രീയ ഭാവിയുണ്ടോ എന്നൊരു ചോദ്യത്തിന് കൂടി പ്രസക്തിയുണ്ട്, ഉണ്ട് എന്ന്  ഉത്തരം പറഞ്ഞാല്‍ മുസ്ലിം ലീഗുകാര്‍ ചിരിക്കും, ചിരിക്കണം, കേരളത്തില്‍ ലീഗിന്‍റെ വളര്‍ച്ചക്ക് തടയിടാന്‍ SDPI ക്കൂ തല്‍ക്കാലം ഒന്നും സാധിക്കില്ല എന്നുതന്നെ ഉറപ്പിച്ച് പറയാം, പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്, കേരളത്തിന് പുറത്ത് ലീഗ് വെറും വട്ടപ്പൂജ്യമാണ്, SDPI അങ്ങനെയല്ല, വരുന്ന തെരെഞ്ഞെടുപ്പില്‍ അവര്‍ക്ക് ശക്തമായ സ്വാധീനം ഉള്ള തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങി എവിടെനിന്നെങ്കിലും രണ്ടേ രണ്ടു എം പി മാരെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ കളി മാറും, പല സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യം അതിന് അനുകൂലമാണ്. 

വാല്‍കഷ്ണം:- സുഡാപ്പിയെ തെറിവിളിച്ചു പോസ്റ്റിട്ടിരുന്ന ബ്ലോഗാ രായ്ക്കുരാമാനം കളം മാറിയോ?
ഒരു കളവും മാറിയിട്ടില്ല, പോപ്പുലര്‍ ഫ്രണ്ടിനോട് പലകാര്യങ്ങളിലും ശക്തമായ വിയോജിപ്പുണ്ട്, അതെ സമയം SDPI ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട് എന്ന കാര്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല, 
നമ്മള്‍ വെറുതെ കണ്ണടച്ച് പിടിച്ചാലും കാലം അത് തെളിയിക്കും.       



                               

1 comment:

  1. പക്ഷെ മദനിയെ നോട്ടമിട്ടിരിക്കുന്നവര്‍ ചില്ലറക്കാരല്ല. ശക്തന്മാരായ ശത്രുക്കളും നിസംഗരായ പൊതുജനവും ആണ് മദനിയ്ക്ക് എതിരെ!

    ReplyDelete