Wednesday, 13 June 2012

മൈനയും ഹമീദും പിന്നെ മാതൃഭൂമിയും
(മാതൃഭൂമിയില്‍ മൈനാ ഉമൈബാന്‍ എന്ന 'എഴുത്തുകാരിയുടെ' കിടിലന്‍ സ്ത്രീപക്ഷ ലേഖനങ്ങളില്‍ ഒന്ന്‍ വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം. ) 

മൈ നത്താത്ത യുടെ ലേഖനത്തിലേക്കുള്ള ലിങ്ക് 
(http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-275453)

പുരുഷാധിപത്യത്തിനെതിരെയുള്ള വിലാപങ്ങള്‍ എന്നാണ് തുടങ്ങിയത് ?
 ഹവ്വ തന്നെ തുടങ്ങിവെച്ചിട്ടുണ്ടാകും. 
ഇനിയും എഴുതിയും പറഞ്ഞും തീരാതെ വിലാപങ്ങള്‍ തുടരുക തന്നെയാണ്. ലോകാവാസാനത്തോടെ അവസാനിച്ചെങ്കില്‍ ആയി.
 മൈനയുടെ  എഴുത്തുകളില്‍ മിക്കവയിലും പൊതുവായി രണ്ടു വിഷയങ്ങള്‍ കടന്നു വരാറുണ്ട് ഒന്ന്. പുരുഷ വിരുദ്ധത (എല്ലാ പുരുഷന്മാരെയും അല്ല, എന്ന മുന്‍കൂര്‍ ജാമ്യം കോപ്പി പേസ്റ്റ് ആയി സ്ഥിരം കാണാം)
 രണ്ട് മുസ്ലിം വിരുദ്ധത. മുസ്ലിം ജീവിത രീതിയെ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മിക്ക ലേഖനങ്ങളിലും വിമര്‍ശിച്ചു കാണുന്നു. 

പുരുഷന്‍ എതിര്‍ക്കപ്പെടേണ്ടവന്‍ അല്ല, ലോകത്തെ എല്ലാ പുരുഷന്മാരും സല്‍ഗുണ സമ്പന്നരാണ്. എന്ന അഭിപ്രായം വെളിവുള്ള ആര്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല.
മുസ്ലിംകള്‍ ഒരു കാര്യത്തിലും എതിര്‍ക്കപ്പെടേണ്ടവരേ  അല്ല, പത്തരമാറ്റ് ശുദ്ധമായ സംസ്കാര ചിത്തരാണ് എന്നൊരു വാദം മുസ്ലിംകള്‍ക്കുപോലും ഉണ്ടാവില്ല.

ചില പ്രത്യേക വിഷയങ്ങള്‍ എഴുതുന്നതു കൊണ്ട് മാത്രം എഴുതാനിടം കിട്ടുന്ന എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ട്.
ഇതില്‍ ഒന്നാമന്‍ ഹമീദ് ചേന്നമങ്ങലൂര്‍ ആണ്.
ഭൂലോകത്തെ ഏതൊരു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിനെ മുസ്ലിം വിരുദ്ധ പശ്ചാത്തലത്തില്‍ എങ്ങനെ അവതരിപ്പിക്കാം എന്ന കാര്യത്തില്‍ ഹമീദിനുള്ള മിടുക്ക് അസാമാന്യമാണ്.
മാതൃഭൂമിയാണ്. ഹമീദിന്‍റെ സ്പോണ്‍സര്‍, '
ആനുകാലികങ്ങള്‍' എന്നറിയപ്പെടുന്ന വാരികകളില്‍ പ്രത്യേകിച്ച് മാതൃഭൂമിയില്‍ ഈ കാലത്തിനും പ്രായത്തിനും ഇടക്ക് ഹമീദ് എഴുതിയിട്ടുള്ള ലേഖനങ്ങള്‍ ഒന്നു സമാഹരിച്ചാല്‍ 'നാനാത്വത്തിലെ ഏകത്വം' കണ്ട് നാം ഞെട്ടും.
 നാനാജാതി വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ മുസ്ലിം വിരുദ്ധത എന്ന ഏകത്വത്തില്‍ എത്തിനില്‍ക്കുന്നു.

അടുത്ത കാലത്ത് കോഴിക്കോട്ട് യുക്തിവാദികളുടെ  നേത്ര്ത്വത്തില്‍ കാന്തപുരം മുസ്ലിയാരുടെ 'ആത്മീയ തട്ടിപ്പിനെതിരെ ഒരു സംഗമം നടന്നു.
ഹമീദ് ഘോരമായ ഒരു പ്രസംഗം ചെയ്തു.
പ്രധാന ഉള്ളടക്കം ഇതാണ്.
 കേരളത്തില്‍ വിദ്യാലയങ്ങളെക്കാള്‍ ആരാധനാലയങ്ങള്‍ വളര്‍ന്ന് വരുന്നു . എണ്‍പതുകള്‍ മുതലാണ് ഇത് തുടങ്ങിയത്, മുസ്ലിംകള്‍ നാടുനീളെ അറബിപ്പണം കൊണ്ട് പള്ളിയുണ്ടാക്കി തുടങ്ങി യപ്പോള്‍ ഗത്യന്തരമില്ലാതെ മറ്റ് മതക്കാരും അതിനിറങ്ങി.
ഞങ്ങള്‍ യുക്തിവാദികള്‍ പറയുന്നത് നിങ്ങളൊക്കെ ഒരു ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞു പിന്തുടരും അതാണ് ഞങ്ങളുടെ മിടുക്ക്,
 വെള്ളിയാഴ്ച പള്ളിയിലെ പ്രസംഗം മലയാളത്തില്‍ ആക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു ഇപ്പോള്‍ നിങ്ങള്‍ അങ്ങനെ ആക്കികൊണ്ടിരിക്കുന്നു.
ഇനി ബാങ്ക് മലയാളത്തില്‍ ആക്കണം എന്ന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു നിങ്ങള്‍ ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞാല്‍ അങ്ങനെ ആക്കും.
ഇതാണ് ഹമീദിന്‍റെ യുക്തി,
അബ്ദുല്‍ ഹമീദ് എന്ന തന്‍റെ പേര് എന്തു കൊണ്ട് മലയാളത്തില്‍ ആക്കുന്നില്ല എന്ന്‍ ആരോ ചോദിച്ചത്രേ,
 ആക്കുന്നത് കൊണ്ട് വിരോധമില്ല എന്നായിരുന്നു മറുപടി,
 പിന്നെന്ത് കൊണ്ട് മാറ്റുന്നില്ല.? ഈ പേരില്‍ ആണ് എല്ലാം ഉള്ളത് ഈ അറബി പേര് പോയാല്‍ ഹമീദിന് പകരം വാസുദേവന്‍ എന്നായാല്‍ മാതൃഭൂമി വേറെ ആളെ തിരയും.

മുസ്ലിം വിവാഹ സംബ്രദായത്തെ അതൊരു കരാര്‍ ആണ് എന്ന് പറഞ്ഞു കളിയാക്കുന്ന ഹമീദ് സ്വന്തം മകളുടെ/മകന്‍റെ കല്യാണത്തിന് തലയില്‍ കര്‍ച്ചീഫ് കെട്ടി പള്ളിയിലെ മുക്രിയുടെ കൈപിടിച്ച് ടി കരാര്‍ ഏറ്റു ചൊല്ലിയതിനെ  ശ്രീ ഓ അബ്ദുല്ല കണക്കിന് കളിയാക്കിയിട്ടുണ്ട്.

ഹമീദിന്‍റെ കൂടെ ഒരു വണ്ടിക്ക് കെട്ടാന്‍ പറ്റുന്ന ഒത്ത 'ഉരു' വാണ് താന്‍ എന്ന്‍ മൈന ഉമൈബാന്‍ നിരന്തരം തെളിയിക്കുന്നു        

 കുട്ടിക്കാലത്ത് വികൃതി കാണിച്ച 'അവനെയും' , നടി വിവാഹിതയായതിനെക്കുറിച്ച് കമ്മന്‍റടിച്ച 'അവനെയും' ഒക്കെ പുരുഷന്‍റെ പ്രതീകങ്ങളാക്കി പുരുഷനെതിരെ  വികാരം കൊള്ളുകയാണ് മഹതി.
പ്രസവിച്ച കുഞ്ഞിനെ കുപ്പതൊട്ടിയില്‍ വലിച്ചെറിയുന്ന സ്ത്രീക്കും, പെണ്‍വാണിഭങ്ങളില്‍ ഇടനിലക്കാരിയാകുന്ന സ്ത്രീക്കും, സീരിയല്‍-സിനിമ മേഖലകളിലെ അറിയപ്പെടുന്ന 'നക്ഷത്ര വേശ്യകള്‍ക്കും' സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം എന്ന ആനുകൂല്യം അനുവദിക്കുന്ന ഫെമിനിസ്റ്റ് (?)കള്‍ പുരുഷന് ആരായാലും അവന്‍റെ പ്രവര്‍ത്തിയെ ലോക പുരുഷന് മേല്‍ വെച്ചുകെട്ടാന്‍ മടിക്കുന്നില്ല.
     
മദ്രസ്സാധ്യാപകന്‍ താന്‍ വരച്ച ചിത്രം, താന്‍ പെണ്ണായതിനാല്‍   കീറി വലിച്ചെറിഞ്ഞു എന്ന്‍ പരിതപ്പിക്കുകയും അതേപോലൊരു ചിത്രം  ഒരു ആണ്‍  കുട്ടി വരച്ചപ്പോള്‍ അതിനെ പ്രശംസിച്ചു എന്നും എഴുതുംബോള്‍ 'പച്ചക്കളം എന്ന്‍ വായനക്കാരന് തോന്നിപ്പോകുന്നില്ലേ?

തനിക്ക് ഊമകത്തുകള്‍ വരുന്നു, തലയില്‍ തട്ടമിടാന്‍ പറയുന്നു...അടങ്ങി വീട്ടില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.... മൈനയുടെ സ്ഥിരം പല്ലവികള്‍ ആണ് ഇതൊക്കെ....
ഊമകത്തുകള്‍ അയക്കുന്ന ഭീരുവിനെക്കാള്‍, മാനസീക രോഗിയെക്കാള്‍ ഭേദമാണോ അതില്‍ അമര്‍ഷം കൊള്ളുന്ന ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരിയുടെ വിലാപങ്ങള്‍ ?        .

മുസ്ലിം വിഷയങ്ങളെ പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധയാണ്. അകക്കാമ്പില്ലാത്ത ഇത്തരം 'എഴുത്തുകാരെ വളര്‍ത്തുന്നത്' ഇവര്‍ എന്തു ചവര്‍ എഴുതിയാലും പ്രതികരണങ്ങള്‍ വരും, ശ്രദ്ധിക്കപ്പെടും. ഉത്തരാധുനീക കാലത്ത് 'മഹാനായ' എഴുത്തുകാരന്‍ എന്നാല്‍ കൂടുതല്‍ പ്രസിദ്ധി കിട്ടുന്നവന്‍ എന്നാണല്ലോ,
 പ്രസിദ്ധി, സുപ്രസിദ്ധി യാണോ കുപ്രസിദ്ധിയാണോ എന്ന് ആര് നോക്കുന്നു ?


Tags : maina umaibaan, Hameed chennamangaloor, Mathrubhoomi, feminism,

Friday, 8 June 2012

വീണ്ടും ചില 'വീട്ടു' കാര്യങ്ങള്‍


('ശത്രുക്കള്‍' പിണറായിക്ക് 'നല്‍കിയ' വീടുകളില്‍ ചിലത് ) 
കേരള ചരിത്രത്തില്‍ പലവീടുകളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്.
രാഷ്ട്രീയ വിവാദത്തിന് സ്ഥിരം വേദിയായ ഒരേയൊരു വീടെ നമ്മുടെ ഓര്‍മയിലുള്ളൂ. അത് പിണറായി വിജയന്റെ വീടാണ്,

രമ്യ ഹര്‍മ്മം എന്നും, കൊച്ചു കൂര എന്നും ശത്രുക്കളും മിത്രങ്ങളും മാറി മാറി വിശേഷിപ്പിക്കുന്ന ആ വീട്,
 മഹാ ശ്വേതാ ദേവിയുടെ പ്രസ്ഥാവനയോടെ വീണ്ടും ചര്‍ച്ചയില്‍ എത്തുകയാണ്.
തന്‍റെ വീട് കാണാന്‍ ആയമ്മയെ സഖാവ് ക്ഷണിക്കുക കൂടി ചെയ്തിരിക്കുന്നു.

വീട് വിവാദത്തിന്‍റെ പിന്നില്‍ സത്യത്തില്‍ ആരാണ്?
സംശയമെന്ത്, വലത് പക്ഷ മൂരാച്ചികളും സിണ്ടികേറ്റ് പത്രങ്ങളും.

വിവാദത്തിന് ഇത്ര വളം വെച്ച് കൊടുത്തത് ആരാണ്?
സംശയംവേണ്ട, വിജയന്‍ സഖാവും പാര്‍ട്ടിയും.

പിണറായിയുടെ വീട് ഒരല്‍പം വലുതായിപ്പോയി എന്നത് കേരള രാഷ്ട്രീയത്തെ ഒട്ടും ബാധിക്കേണ്ട കാര്യമല്ല.
അതൊരു ബൂര്‍ഷ്വയുടെ രമ്യഹര്‍മത്തിന് തുല്യമാണെങ്കില്‍ പക്ഷേ അതൊരു വിഷയം തന്നെയാണ്. കമ്മ്യൂണിസം വെറും വോട്ടുപിടുത്തവും തെരെഞ്ഞെടുപ്പും അധികാരവും മാത്രമല്ലല്ലോ അതൊരു ജീവിത രീതി കൂടിയല്ലേ ?

സിണ്ടികേറ്റ്കാര്‍ പറയുന്ന പോലെ ഒരു രമ്യഹര്‍മ്മ മാണോ സഖാവിന്‍റെ വീട്?
അല്ലെന്നും തലശേരി - മമ്പറം റൂട്ടില്‍ പിണറായി എന്ന ഗ്രാമത്തില്‍ റോഡിലൂടെ പോകുന്ന ആര്‍ക്കും കാണാവുന്ന ഒരു വീടാണ് ഇതെന്നും സോഷ്യല്‍ മീഡിയ കളില്‍ കമ്മ്യൂണിസ്റ്റുകാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
സിണ്ടികെറ്റ് പത്രങ്ങള്‍ക്ക് സ്വതന്ത്രമായി ചെന്ന്‍ ഒരു ഫോട്ടോ എടുത്ത് കൊടുക്കാന്‍ പാകത്തിന് റോഡരികിലുള്ള ഒരു വീടിനെക്കുറിച്ചാണത്രേ ഇത്രേം വലിയ പുകില്.

ഇവിടെയാണ് പാവം ജനം കുടുങ്ങുന്നത്, അങ്ങ് ബംഗാളില്‍ ഇരിക്കുന്ന മഹാ ശ്വേതാ ദേവിയെ സഖാവ് വീട് കാണാന്‍ വിളിക്കുന്നു.
ഇത് നിങ്ങള്‍ ആ വിചാരിച്ച മൊതലൊന്നും അല്ല എന്നു ബോധ്യപ്പെടുത്താന്‍. ഇതേ ബോധ്യം കേരളീയര്‍ക്ക് നല്‍കാന്‍ പക്ഷേ സഖാവിന് ഒരു വൈക്ലബ്യം ഉണ്ടോ?
 മൂരാച്ചി പത്രങ്ങള്‍ വീടിനെ ക്കുറിച്ച് പ്രചരിപ്പിക്കുന്ന അപസര്‍പ്പക കഥകള്‍ കേട്ട് ലോക്കല്‍ കമ്മറ്റികള്‍ വരെ വീട് കാണാന്‍ പ്രതിനിധി  സംഘത്തെ അയക്കുന്നതായി വാര്‍ത്ത വരുമ്പോഴും, കേരളത്തിലെ പത്രക്കാരെ തന്‍റെ വീട്ടിലേക്ക് ഒന്ന് ക്ഷണിച്ച് ഒന്ന് കണ്ടിട്ടുപോയ്ക്കൊ എന്ന് പിണറായി പറയാത്തത് എന്തു കൊണ്ടാണ്?,
 പോട്ടെ നമ്മുടെ സ്വന്തം കൈരളിയും ദേശാഭിമാനിയും ഉണ്ടല്ലോ ഒരു ഫോടോയെടുത്ത് കൊടുത്താല്‍ പ്രശ്നം തീര്‍ന്നില്ലേ?,
ഇമെയില്‍ഇല്‍ പ്രചരിക്കുന്നത് സഖാവിന്‍റെ വീട് അല്ല എന്ന് ആവര്‍ത്തിക്കുകയും കേസുകൊടുക്കുകയും ചെയ്യുമ്പോള്‍ പിന്നെ ഏതാണ് ആ വീട് എന്നൊരാകാംക്ഷ ജനത്തിന് ഉണ്ടാകില്ലേ?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ മണ്ടത്തരങ്ങളുടെ ഭാഗമാണോ ഇതും ?
അല്ലെങ്കില്‍ പിണറായിസം പാര്‍ട്ടിയില്‍ ലയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ രൂക്ഷമായി ത്തുടങ്ങിയ, കണ്ണൂര്‍ ലോബിയുടെ മുഖമുദ്രയായ, ദാര്‍ഷ്ട്യവും പുച്ഛവുമാണോ?
ഈ പാര്‍ട്ടിയുടെ നേതാവിന്‍റെ വീട് കാണണമെന്ന്‍ പറയാന്‍ നീ യൊക്കെ ആരാടാ കഴുവേറികളെ എന്ന ഭാവം.

സഖാവിന്‍റെ വീട് കാണാന്‍ ബംഗാളില്‍ നിന്നും ആയമ്മ വന്നാലെങ്കിലും അതൊന്ന്‍ ലൈവായി കാണാമല്ലോ,   എത്രകാലമായി ഈ മൊതലിനെ ക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്,

ഒരു കാര്യത്തില്‍ സമാധാനിക്കാം,  ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്ത വരില്‍ സാക്ഷാല്‍ ദൈവം തംബുരാന്‍ പോലും ഉണ്ടാകും .                           

Monday, 4 June 2012

ബ്രൂട്ടസ് നീ എവിടെയാണ് ?
ബ്രൂട്ടസ്, നീ എവിടെയാണ്?
നിന്നെ മാത്രമേ കാണാതുള്ളൂ
സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളുമായ ബാക്കി എല്ലാവരും നിരന്നു കഴിഞ്ഞിരിക്കുന്നു.
ചിലര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു,
കൊല്ലാനാണ് അവര്‍ ഉദ്ദേശിച്ചതെങ്കിലും അവര്‍ക്കതിനായിട്ടില്ല.
അവരുണ്ടാക്കിയ മുറിവുകളിലൂടെ രക്തം വരുന്നത് കണ്ട് ആഹ്ലാദിക്കുകയാണവര്‍.
ചത്തു വീഴാത്തതിലെ ദുഖം അവരുടെ മുഖത്ത് നിഴലിച്ചത് കാണാം
കുത്താനുള്ള അടുത്ത അവസരവും കാത്ത് അവര്‍ ചുറ്റിനും നടക്കുന്നു.
ചിലര്‍ ആയുധങ്ങള്‍ മറച്ചുപിടിച്ചിരിക്കുന്നു.
ഞാന്‍ കാണുമോഎന്ന ആശങ്ക. പേടികൊണ്ടൊന്നും അല്ല, ഒരു ജാള്യം
കൂടെ നടന്ന്‍ കുറെ നക്കിയതല്ലേ?

നീ ഇന്നല്ലെങ്കില്‍ നാളെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു ബ്രൂട്ടസ്.
നിനക്കു വരാതിരിക്കാനാവില്ല.
കാരണം കഥ അവസാനിപ്പിക്കേണ്ടവന്‍ നീയല്ലേ.
നിന്നെയല്ലേ ജനം എന്‍റെ വിശ്വസ്തനായി കണ്ടത്.

പക്ഷേ ബ്രൂട്ടസ്, നീ ഒന്നറിയുക
എന്‍റെ മുറിവുകളിലെ രക്ത പ്രവാഹം കൂട്ടാന്‍ നിനക്ക് കഴിയും
സകല ശത്രുക്കളും കുത്തിയ മുറിവില്‍ തന്നെയാണല്ലോ നിന്‍റെയും പ്രയോഗം.
എന്നെ കൊല്ലാന്‍ നിനക്കാവില്ല ബ്രൂട്ടസ്.
ഇന്ന് നിന്നെയടക്കം വരുതിയിലാക്കി ആര്‍ത്തു ചിരിക്കുന്ന ഒരാള്‍ക്കും
എന്നെ കൊല്ലാനാവില്ല ബ്രൂട്ടസ്.
കാരണം, എന്നില്‍ ചില ശരികളുണ്ട്. എന്‍റെ കൊച്ചു കൊച്ചു അബദ്ധങ്ങളെയും അപാകതകളെയും ഊതിപ്പെരുപ്പിച്ച് നിങ്ങള്‍ എന്നെ കുറ്റവാളിയാക്കി ആര്‍ത്തു ചിരിക്കുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും അറിയാം പല തെറ്റുകളും ഞാന്‍ കണ്ടില്ലെന്നു നടിച്ചത് നീ അടക്കമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു.

നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന എന്‍റെ വലിയ ശരികള്‍ എന്നെ ജീവിപ്പിക്കും ബ്രൂട്ടസ്, ഞാന്‍ തിരിച്ചു വരുന്ന ദിവസം പ്രതികാരത്തിന്‍റെ തായിരിക്കില്ല
ഒളിഞ്ഞും തെളിഞ്ഞും എന്നെ കുത്തിയവര്‍ എന്നെ മുഖം കാണിക്കാന്‍ പാല്‍ പുഞ്ചിരിയുമായി കാത്തു നില്‍ക്കുന്ന ദിവസം വരും.
അന്ന് നിന്‍റെയൊക്കെ മനസ്സ് നിന്ന് കത്തുന്നുണ്ടാവും,
ഇന്നലെകളെ പഴിച്ച് കൊണ്ട്.

അന്നും ഞാന്‍ ചിരിക്കും ബ്രൂട്ടസ്,
 എന്‍റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും,
 പക്ഷേ എന്‍റെ മനസ്സ് ഇനി പഴയകാലത്തേക്ക് തീരിച്ചുവരില്ല                           

ഹൃദ്യയം ചിലതൊക്കെ തിരിച്ചറിഞ്ഞിരിക്കുന്നു.

നീ എവിടെ ബ്രൂട്ടസ്, വേഗം വരൂ, നീ മാത്രമേ ഇനി വരാനുള്ളൂ,
നിന്‍റെ കുത്തുകൂടി ഏറ്റുവാങ്ങാന്‍ ഞാന്‍ കാത്തിരിക്കുന്നു.
മുന്നില്‍ നിന്ന് കുത്താന്‍ നിനക്കാവില്ല, നീ പിന്നിലൂടെയേ വരൂ,
തിളക്കുന്ന ഹൃദയത്തോടെ ഞാന്‍ നിന്നെ കാത്തിരിക്കുന്നു.
ബ്രൂട്ടസ് നീ വരിക. വേഗം വരിക

സമര്‍പ്പണം : ചില ആത്മസുഹൃത്തുക്കള്‍ക്ക്  

Sunday, 3 June 2012

സി പി എം കൊണ്ടറിയുന്നു

കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന് പഴമൊഴി,
പഴമൊഴിയില്‍ പതിരില്ലെന്ന് വേറൊരു പഴമൊഴി,

പോലീസിന്റെ മൊഴിയെടുക്കലും പത്രക്കാരുടെ മൊഴി എഴുതലും ഒക്കെ ജോറായിനടക്കുന്നു.
വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ ക്രൂരമായി വേട്ടയാടുന്നു എന്നാണ്    പിണറായി യുടെ പരാതി.
സംഗതി ഒരു പരിധി വരെ സത്യവുമാണ്.
 പക്ഷേ ഇങ്ങനെ ഒരു പരാതി പറയാന്‍ സി പി എമ്മിന് അര്‍ഹത യുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
കാരണം  മാധ്യമങ്ങളുടെ ഈ സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുമ്പ് പലരും ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടുണ്ട്. അന്നൊക്കെ സി പി എമ്മും അതിന്‍റെ കീഴിലുള്ള പത്രമാധ്യമങ്ങളും വേട്ടക്കാരുടെ കൂടെ, ഒരല്‍പം മുന്‍പന്തിയില്‍ തന്നെയായിരുന്നു.

ഡി എച്ച് ആര്‍ എം എന്ന ദളിത് സംഘടനക്കെതിരെ ഇതേപോലൊരു വേട്ടയാടല്‍ നടന്നു.
 ഒരു വഴിപോക്കന്‍റെ കൊലപാതകമാണ് വിഷയം.
ഇന്നും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആ കേസില്‍ ദളിത് പ്രവര്‍ത്തകരെ, സ്ത്രീകളെ അടക്കം പോലീസ് ചവിട്ടിയരച്ചു. അന്ന് ആ സംഘടനയെ കടിച്ചു കീറാന്‍ കഥ മെനഞ്ഞവരില്‍ ദേശാഭിമാനി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
 മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച അതേ കഥകള്‍ പാര്ട്ടി പത്രവും പ്രസിദ്ധീകരിച്ചു,
 ഏഷ്യാനെറ്റിന്‍റെയും , മനോരമാ ന്യൂസിന്‍റെയും കഥകള്‍ പീപ്പ്ള് ചാനല്‍ കോപ്പിയടിച്ചു സംപ്രേഷണം ചെയ്തു.
 അന്നൊന്നും ഇല്ലാത്ത നീതി ബോധമാണ് ഇപ്പോള്‍ പിണറായി സഖാവിന്

അദ്ധ്യാപകന്‍റെ കൈവെട്ടിയതു മായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രെണ്ടിനെതിരെ ഇതുപോലൊരു മാധ്യമ ആക്രമണം നടന്നു.
 അന്നും വേട്ടക്കാരുടെ മുന്‍പന്തിയില്‍ പാര്ട്ടി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു.
 ഒരു കൈവെട്ടിയപ്പോള്‍ ഉണ്ടായ പുകിലിനെക്കാള്‍ ഒട്ടും കുറയരുതല്ലോ മുഖത്ത് അന്‍പതിലേറെ വെട്ട് വെട്ടി കൊന്നുകളയുമ്പോള്‍ എന്ന്‍ മാധ്യമങ്ങള്‍ക്ക് തോന്നിയോ ?

മാധ്യമ വിചാരണയുടെയും 'പ്രതികളുടെ മൊഴികള്‍' പത്രക്കാര്‍  പോലീസുപോലും എഴുതുന്നതിന്റെ മുമ്പ് പകര്‍ത്തിയെഴുതുന്നതിന്റെയും ഒക്കെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
 അത് ചോദിക്കേണ്ടത് പക്ഷേ പിണറായിയെപ്പോലെ ഒരു അല്‍പനല്ല,
 സി പി എമ്മിനെപ്പോലെ നെറികേടിന് കൂട്ട് നില്ക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടിയും അല്ല.

നെഹ്രു പറഞ്ഞിട്ടുണ്ടത്രേ "താങ്കള്‍ പറയുന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കണമെന്നില്ല, പക്ഷേ താങ്കള്‍ക്ക് അത് പറയാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ താങ്കളോടൊപ്പം സമരം ചെയ്യും" - അതാണ് നീതി ബോധം.

നീതിയുടെ ഭാഗത്ത് നില്‍ക്കാന്‍ ആത്മാവിന് ബലം വേണം. ഇന്ന് സി പി എമ്മിന് നേരെ കുതിര കയറുമ്പോള്‍ കൈകൊട്ടി ചിരിക്കുന്ന മറ്റ് ചിലപാര്‍ട്ടികള്‍ ഉണ്ട്, അവരും നാളെ ഈ അവസ്ഥയില്‍ എത്തും. അന്ന് അവര്‍ വലിയ വായില്‍ പരിതപിക്കുന്നത് നമുക്ക് കേള്‍ക്കാം.

കരുണാകരന്‍ ആഭ്യന്തര മന്ത്രി യായിരിക്കെ ഗുരുവായൂരില്‍ ആര്‍ എസ് എസ്സുകാരന്‍ കൊല്ലപ്പെട്ടയുടനെ സി പി എമ്മാണ് അത് ചെയ്തത് എന്ന്‍ പ്രചരിപ്പിച്ച് അവസാനം അന്വേഷണം നടത്തിയപ്പോള്‍ സി പി എം അല്ല എന്ന് കണ്ടെത്തിയ കഥ ഇന്ന്‍ പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു.

 ഇതിന് സമാനമായ ഒരു കഥ തലശേരിയില്‍ നടന്നത് പക്ഷേ സഖാവ് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഫസല്‍ വധം. ഫസല്‍ കൊല്ലപ്പെട്ട ഉടനെ അതിനു പിന്നില്‍ ആര്‍ എസ് എസ്സാണ് എന്ന് പ്രഖ്യാപിച്ചു ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, അന്വേഷണം നടത്തിയപ്പോള്‍ പ്രതി കൊടിയേരിയുടെ സ്വന്തം പാര്‍ട്ടിക്കാരന്‍, ഈ കഥ പക്ഷേ പിണറായിക്ക് ഓര്‍ത്തുവെക്കാന്‍ പറ്റിയെന്ന് വരില്ല .

കണ്ടാമൃഗത്തിന് പിണറായി വിജയന്‍റെ അത്ര തൊലിക്കട്ടി ഉണ്ടാകുമോ എന്ന്‍ ചോദിക്കേണ്ടതാണ്, കാണ്ടാമൃഗം എങ്ങാനും മാന നഷ്ടത്തിന് കേസ് കൊടുത്താലോ.?

ഏതായാലും പത്രങ്ങള്‍ അപസര്‍പ്പക കഥകള്‍ മെനയുന്നതിനെതിരെ സി പി എം കോടതിയില്‍ പോയത് നല്ല കാര്യമാണ്. കോടതിയില്‍ നിന്നു അനുകൂല വിധി ഉണ്ടായാല്‍ സി പി എമ്മിന് ഗുണകരമായില്ലെങ്കില്‍ പോലും ഭാവിയില്‍ മാധ്യമങ്ങളുടെ ചവിട്ടിക്കൂട്ടലിന് വിധേയമാകാന്‍ ഇടയുള്ള പലര്‍ക്കും വിധി പ്രയോജന പ്പെട്ടേക്കും.

           

Saturday, 2 June 2012

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കണ്ടേ ?സി പി എമ്മിനെ ആര് രക്ഷിക്കും?

ഇതൊരു രക്ഷപ്പെടേണ്ട സാധനമാണോ?

ബംഗാളില്‍ മുപ്പത് കൊല്ലം തുടര്‍ച്ചയായി ഭരിച്ചിട്ടും ഇവിടത്തെ വലത് പക്ഷ പിന്തിരിപ്പന്‍ ഭരണക്കാരെക്കാള്‍ മോശം ഭരണം കാഴ്ച വെച്ച ഒരു പാര്‍ട്ടിക്ക് ഇനിയും നിലനില്‍ക്കേണ്ടത് ആവശ്യമാണോ ?

കേരളത്തില്‍ പലതവണ ഭരണം ലഭിച്ചിട്ടും വലത് പക്ഷത്തെ പ്പോലെ മറ്റൊരു പക്ഷം എന്നതില്‍ കവിഞ്ഞ് എന്തു പ്രസക്തിയാണ് ഈ പാര്‍ട്ടി നേടിയത് ?


പാര്‍ട്ടി ഗ്രാമങ്ങളും, പാര്‍ട്ടി കാംപസ്സുകളും ഉണ്ടാക്കാന്‍ എത്ര നിരപരാധികളെയാണ് ഇവര്‍ കൊന്നുതള്ളിയതും  അടിച്ചു വീഴ്ത്തിയതും. ഈ അക്രമി സംഘം ഇനിയും ഇവിടെ വേണോ ?

നമ്മുടെ മാധ്യമങ്ങള്‍ പൊതുസമൂഹത്തില്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്ന 'പ്രസക്തമായ' ചോദ്യങ്ങള്‍ ആണിത്.

ഇന്നത്തെ നിലയില്‍ സി പി എം എന്ന പാര്‍ട്ടി നിലനില്‍ക്കണോ വേണ്ടേ എന്നത് ആ പാര്‍ട്ടിയുടെ മുതലാളിമാരുടെ മാത്രം പ്രശ്നമാണ്.
ആ കട പൂട്ടിപ്പോയാല്‍ നഷ്ടം മുതലാളിമാര്‍ക്ക് മാത്രം ജനം വേറെ കടയില്‍ കയറും.

പക്ഷേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍റെ ജനപക്ഷ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് നിലനില്‍ക്കേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. ഇല്ലെങ്കില്‍ ജാതി മത ശക്തികള്‍ കേരളത്തെ റാഞ്ചിക്കളയും. പണ്ടേ സ്വാമിജി ഭ്രാന്താലയം എന്ന്‍ വിളിച്ച നാടാണിത്. സുകുമാരന്‍ നായരും, വെള്ളാപ്പള്ളിയും, വൈദീക പ്രഭുക്കളും, തങ്ങന്‍മാരും, മുസ്ലിയാക്കന്മാരും....... സകല ഞാഞ്ഞൂലുകളും വിഷം വമിക്കുന്ന മുഴു ഭ്രാന്താലയം ആവാതെ നാടിനെ കാക്കാന്‍ മത ജാതി ചിന്തകള്‍ക്കപ്പുറം മനുഷ്യനെ അഭിമുഖീകരിക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ വേണം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
 കമ്യൂണിസത്തെ വ്യഭിചരിക്കുന്ന ആണും പെണ്ണും കേട്ട നേതാക്കളെ കെട്ടു കെട്ടിക്കാന്‍ പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് കഴിയണം.
പിണറായി, കൊടിയേരി.  ജയരാജാദികളെ  പടിക്ക് പുറത്ത് നിര്‍ത്താന്‍ വിപ്ലവ വീര്യമുള്ള യുവത ഉയര്‍ന്നു വരണം. ഇവരൊന്നും വെറും വ്യക്തികളല്ല, പാര്‍ട്ടിയില്‍ അടിഞ്ഞു കൂടിയ ചില സ്വഭാവ രീതികളും കൂടിയാണ്.
ഇല്ലായ്മ ചെയ്യേണ്ടത് ഇവര്‍ പാര്‍ട്ടിക്കകത്തേക്ക് വലിച്ചു കയറ്റിയ മാലിന്യത്തെയാണ്.
വി എസ്സിനെ പ്പോലെ ആണും പെണ്ണും കെട്ട ഒരു വിടുവായിത്ത ക്കാരനെ പകരം വെക്കാനല്ല,
ഉത്തരാധുനീക- ആഗോളീകരണ കാലത്തും ആഡംബരങ്ങളെ വലിച്ചെറിയാന്‍ ശേഷിയുള്ള, അധികാരത്തെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള പാവപ്പെട്ട മനുഷ്യന്‍റെ വികാര വിചാരങ്ങളെ നെഞ്ചിലേറ്റാന്‍ കെല്‍പ്പുള്ള പുതിയൊരു നേതൃത്വം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉയര്‍ന്നു വരണം.
കാലം അതാവശ്യപ്പെടുന്നുണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചവറ്റുകൊട്ടകളാണെന്ന് സ്വയം തെളിയിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ജനം വേറെ വഴിതേടും, നാടിനോട് കൂറുള്ള വിദ്യാ സമ്പന്നരായ യുവത്വം സടകുടഞ്ഞെഴുന്നേല്‍ക്കുക തന്നെ ചെയ്യും, അവരെ അരാഷ്ട്രീയ വാദത്തിന്റെ പുറമ്പോക്കിലേക്ക് എഴുതിത്തള്ളി 'സായൂജ്യമടയാമെന്ന്' കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്, ഇത് തിരിച്ചറിയാനും ഇനിയും മാറ്റത്തിന് തയ്യാറാവാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറം പകരാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയും, തിരിച്ചറിവിനുള്ള അവസാന അവസരവും അവരെ കടന്ന് പോവുകയാണ്, നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നെഞ്ചുറപ്പുള്ള ഒരു യുവത്വം കടന്ന് വരിക തന്നെചെയ്യും, ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന സാധാരണക്കാരന്‍ പട്ടുമെത്ത വിരിച്ച് ആ വിപ്ലവത്തെ സ്വീകരിക്കും.                
അത് യഥാര്‍ഥ്യമായില്ലെങ്കില്‍ രക്തസാക്ഷികള്‍ വെറും മിഥ്യ യാണെന്ന് പറയേണ്ടി വരും.
നാടിനും മനുഷ്യനും വേണ്ടി സ്വന്തം സ്വപ്നങ്ങളില്‍ ചൂടു ചോര വാരി പ്പൂശീയ രക്ത സാക്ഷികള്‍ സത്യമല്ലാതെ വരുമോ?,
 ഇല്ല രക്ത സാക്ഷിക്ക് മരണമില്ല. ഇങ്കിലാബ് സിന്ദാബാദ്.