Monday, 2 February 2015

നാദാപുരത്തെ മാറാടാക്കരുത്, രമേശ് ചെന്നിത്തലക്ക് ഒരു തുറന്ന കത്ത്


ബഹുമാന്യനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക്,
സര്‍,
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാദാപുരത്ത് നടന്ന കൊലപാതകവും അക്രമവും താങ്കളുടെ ശ്രദ്ധയില്‍ പെട്ടു കാണുമോ എന്നറിയില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമയത്ത് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്തയിലായിരിക്കാം താങ്കള്‍, കേരളത്തെ തോക്കിന്‍ കുഴല്‍ വിപ്ലവത്തിലൂടെ കീഴടക്കാനിറങ്ങിയ വയനാടന്‍ കാടുകളെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന നാലും മൂന്നും ഏഴ് മാവോവാദികളെ പിടികൂടാന്‍ കേരളാ പോലീസിനെയും അവരെ സഹായിക്കാന്‍ കേന്ദ്രസേനയെയും ഇറക്കുന്ന തിരക്കിനിടയില്‍ അങ്ങേക്ക്  നാദാപുരത്ത് നടന്നതെന്ത് എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ വരിക വെറും സ്വഭാവികം മാത്രമാണ്. അത് കൊണ്ട് അങ്ങയുടെ അറിവിലേക്കായി സംഭവം ചുരുക്കി പറയാം.2015 ജനുവരി 24 നുനാദാപുരത്തിനടുത്ത് തൂണേരിയില്‍    ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെടുന്നു. അടുത്ത ദിവസം നാദാപുരത്തെ മുസ്ലിം വീടുകള്‍ക്കും  സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമം, നൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. പ്രദേശത്ത് ഇന്നും അസ്വസ്ഥത നിലനില്‍ക്കുന്നു.
ആരാണ് അക്രമികള്‍? സി പി എമ്മോ ലീഗോ? പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലേ? തുടങ്ങിയ പഴിചാരല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്,
പക്ഷേ, ഉത്തരവാദിത്തപ്പെട്ട ഒരു ഭരണാധികാരിയും സാമൂഹ്യ ബോധമുള്ള ഒരു സമൂഹവും പഴിചാരലുകള്‍ക്ക് ചെവികൊടുക്കുകയല്ല ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു, ഇനി വേദനിക്കുകയും നഷ്ടം സംഭവിക്കുകയും ചെയ്തവര്‍ക്ക് ആശ്വാസം നല്‍കുകയും, അക്രമം പടരാതിരിക്കാന്‍ നടപടിസ്വീകരിക്കുകയുമാണ് അടിയന്തിരമായി ചെയ്യേണ്ടത്. രണ്ടാമതായി ഇനിയൊരിക്കലും ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ള നടപടി സ്വീകരിക്കുകയും വേണം.

കഴിഞ്ഞ ദിവസം നാദാപുരം സന്ദര്‍ശിച്ച അനുഭവത്തില്‍ നിന്നു പറയട്ടെ. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും താങ്കള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം നിര്‍വ്വഹിച്ചിട്ടില്ല.
ഷിബിനെ കൊന്ന കേസില്‍ 8 പേരെ പിടികൂടുകയും പിടികിട്ടാനുള്ള രണ്ട് പേര്‍ക്കുവേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിന്‍റെ പേരില്‍ നിരപരാധികളായ കുറെ മനുഷ്യരുടെ സ്വത്തുവകകള്‍ കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ലീഗും സി പി എമ്മുമായി ഒരു ബന്ധവുമില്ലാത്തവരെ എന്തിന് ആക്രമിച്ചു എന്ന്‍ ചോദിക്കാനും പ്രതികളെ പിടികൂടാനുമുള്ള ഒരു ശ്രമവും ഉണ്ടായില്ല, പകലന്തിയോളം പണിയെടുത്ത് കെട്ടിപ്പടുത്ത വീടും സമ്പാദ്യവും നഷ്ട്ടപ്പെടുന്നതിന്റെ വേദന പണിയെടുത്ത് ജീവിച്ച് ശീലമില്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. അവനവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് നഷ്ട്ടപ്പെടുമ്പോള്‍,  അപഹരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മരോഷം അതൊരു വല്ലാത്ത തീയാണ് സര്‍.

ആ തീ നാദാപുരത്ത് പടരുന്നുണ്ട്. ഇത് പോലൊരു സംഭവം അങ്ങയുടെ ആരാധ്യനായ നേതാവ് ആന്‍റണി അങ്ങയുടെ വകുപ്പ് ഭരിച്ച കാലത്തും ഉണ്ടായിരുന്നു, കോഴിക്കോടിനടുത്ത മാറാട്ട്. ഒരു കലാപം,  പരസ്പരം വീടുകളും സ്വത്ത് വകകളും അടിച്ചു തകര്‍ക്കല്‍. അന്ന് ഒരു വിഭാഗത്തിന് അനുകൂലമായി പോലീസ് പ്രവര്‍ത്തിച്ചു, ഒരു വിഭാഗത്തിലെ അക്രമികള്‍ മുണ്ടും മടക്കിക്കുത്തി റോഡില്‍ വിലസുകയും മറുവിഭാഗത്തിലെ നിരപരാധികള്‍ പോലും വേട്ടയാടപ്പെടുകയും ചെയ്തു. നീതി കിട്ടുന്നില്ല എന്ന പരാതിയില്‍ തുടങ്ങിയ ആ തീ പിന്നീട് രണ്ടാം മാറാട് കലാപമായി കത്തിപ്പടര്‍ന്നപ്പോള്‍ ജീവന്‍ നഷ്ട്ടപ്പെട്ടത് 9 പേര്‍ക്കാണ്. മരിച്ചവര്‍ക്ക് 1 കോടി വീതം നഷ്ടപരിഹാരവുമായി താങ്കളുടെ 'ജനപ്രിയ നേതാവ് ഓടിയെത്തി. എല്ലാവരും സടകുടഞ്ഞെഴുന്നേറ്റു, കഥയും കവിതയും പ്രതിഷേധവും സത്യാഗ്രഹവും ജഗപൊക..!! 9 പേരുടെ ജീവന്‍ വിലകൊടുക്കേണ്ടി വന്നു പൊതു സമൂഹത്തിനും ആന്‍റണിക്കും ബോധം വീഴാന്‍.

ഇതേ സാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയാണ് നാദാപുരത്ത്. ഒരു
സമുദായത്തെ പകല്‍ക്കൊള്ള നടത്തിയത് കാണാനും ആശ്വസിപ്പിക്കാനും പ്രതിഷേധിക്കാനും ആരുമില്ല. നഷ്ടപരിഹാരമോ ആശ്വാസവാക്കുകളോ പോലും എവിടെനിന്നും വരുന്നില്ല. ചുറ്റും നിക്കുന്നവരുടെ മൌനവും സ്വയം  പ്രതിരോധിക്കാന്‍ സാധിച്ചില്ല എന്ന കുറ്റബോധവും നീറിപ്പുകയുകയാണ് ഇതിന്‍റെ പരിണിതി എന്താണെന്ന് താങ്കള്‍ക്ക് ഊഹിക്കാമല്ലോ..
ഭരണത്തില്‍ ഇരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത ലീഗിനെതിരെ,
ലീഗിന്‍റെ സഖ്യ കക്ഷി ആയിരുന്നിട്ടും ലീഗിന് സ്വാധീനമുള്ള ഒരു പ്രദേശത്ത് നടന്ന അക്രമങ്ങള്‍ കാണാതെ പോകുന്ന,  ആശ്വാസവുമായി കടന്നു ചെല്ലാന്‍ അറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്സിനെതിരെ യു ഡി എഫിനെതിരെ പ്രതിഷേധം പടര്‍ന്ന് പിടിക്കുകയാണ്. ഗവര്‍ണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെങ്കില്‍ നാം നീതി പിടിച്ചു വാങ്ങണം എന്ന ആഹ്വാനം ഉയരുകയാണ്. 'മറ്റവന്‍മാരുടെ' വീടുകള്‍ക്ക് കൂടി തീ ഇട്ടാല്‍ നഷ്ടപരിഹാരം അവര്‍ക്കും നമ്മക്കും കിട്ടും, നമുക്ക് സ്വന്തമായി നഷ്ടപരിഹാരം തരാന്‍ മതേതര ഖജനാവില്‍ കാശുണ്ടാവില്ല എന്ന് പറയുന്നത് വരെ കേട്ടു, നാദാപുരത്ത്.

സാര്‍, താങ്കളും ഇതിന് കാത്തിരിക്കുകയാണോ..? മാണിയെയും മന്ത്രിസഭയെയും രക്ഷിക്കാന്‍ നാദാപുരത്തുകാരുടെ ജീവന്‍ ബലിയായി വീഴുന്നത് കാത്തിരിക്കുകയാണോ ഈ നാടിന്‍റെ ആഭ്യന്തര മന്ത്രി?
12 വര്‍ഷം മുമ്പ് രണ്ടാം മാറാട് നടന്നതിനെക്കാള്‍ ഭയാനകമാണ് ഇപ്പോഴത്തെ സാഹചര്യം. ഒന്നാമതായി നാദാപുരത്തെ മുസ്ലികള്‍ സമ്പത്ത്-ആരോഗ്യം-വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ എല്ലാം വിജയം വരിച്ചവരാണ്, പുതിയ തലമുറയിലെ യുവാക്കള്‍ 'ഞാനും എന്‍റെ ഓളും ഒരു തട്ടാനും' എന്ന സ്വപ്നവുമായി ജീവിക്കുന്ന അന്തം കമ്മികള്‍ അല്ല. എന്തിനും പോന്നവരാണ്
എസ് ഡി പി ഐ യുടെ സ്വാധീനമാണ് അതിലേറെ ആശങ്കയുളവാക്കുന്നത്. ലീഗ് ഒരു നപുംസകമാണ് അതിനെ ഒന്നിന്നും കൊള്ളില്ല, തല്ലുകൊള്ളാതെ ജീവിക്കണമെങ്കില്‍ എസ് ഡി പി ഐ യുടെ കൊടിപിടിച്ചോ... എന്ന ആഹ്വാനം സ്വീകരിക്കാന്‍ ആളുണ്ട്. അടിച്ചാല്‍ തിരിച്ചടിക്കണം എന്ന് പറയുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എസ് ഡി പി ഐ യുടെ 'പ്രതിരോധം' കൊണ്ടേ ഇനി ജീവിക്കാനാകൂ എന്ന് നാദാപുരത്തെ പ്രായമുള്ളവര്‍ പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആഭ്യന്തര മന്ത്രിയായ താങ്കള്‍ക്ക് എസ് ഡി പി ഐ യെ ക്കുറിച്ച് വിവരം ഇല്ലാതിരിക്കില്ലല്ലോ... എന്തിനും തയ്യാറുള്ള കേഡറുകളെ കേരളത്തില്‍ ഉടനീളം  വളര്‍ത്തിയെടുത്തിട്ടുണ്ട് ആ പാര്‍ട്ടി..., പൊരുതി മരിച്ചാല്‍ കാത്തിരിക്കുന്നത് സ്വര്‍ഗ്ഗമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടര്‍ തെരുവില്‍ ഇറങ്ങിയാല്‍, മരണത്തെ ഭയക്കുന്ന, മരണത്തോടെ എല്ലാം തീരും എന്ന് വിശ്വസിക്കുന്നവരെപ്പോലെയോ അടുത്ത ജന്മത്തില്‍ പട്ടിയാകുമോ പാമ്പാകുമോ എന്നുറപ്പില്ലാത്തവരെപ്പോലെയോ ആവില്ല. പണ്ട് മാര്‍ക്സ് പറഞ്ഞ മനുഷ്യനെ മയക്കുന്ന കറുപ്പിന്‍റെ ഏറ്റവും നല്ല വിപണികളില്‍ ഒന്നാണ് കേരളം. താങ്കള്‍ ഇപ്പോള്‍ ഈ കറുപ്പ് വില്‍ക്കാന്‍ വിപണി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അക്രമിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനും നഷ്ടപരിഹാരം കൊടുത്ത് തീ അണക്കാനും ശ്രമിക്കുന്നതിന് പകരം താങ്കള്‍ നടത്തുന്ന അഭ്യാസത്തിന് വലിയ വില നല്‍കേണ്ടി വരും.
       
നാദാപുരത്തിന്റെ മനസ്സില്‍ കത്തിപ്പടരുന്ന തീ അണക്കാന്‍ ബാധ്യതയുള്ള സമൂഹം അത് ചെയ്യണം, അക്രമത്തില്‍ പ്രതിഷേധിക്കാനും ധര്‍ണ്ണ നടത്താനും കവിതയെഴുതാനും കാത്തിരിക്കുന്നവര്‍ അതിപ്പോള്‍ ചെയ്യണം, കുറെ ജീവനുകള്‍കൂടി വെട്ടി വീഴ്ത്തുന്നത് വരെ കാത്തിരിക്കരുത്. വര്‍ഗീയ സ്വഭാവമുള്ള ഏതൊരു അക്രമത്തിനെയും പ്രോല്‍സാഹിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സംഘപരിവാര്‍ ഒരു വശത്തുണ്ട്. കലാപങ്ങളാണ് അധികാരത്തിലേക്കുള്ള കുറുക്കുവഴി എന്ന് തിരിച്ചറിഞ്ഞ വരണാവര്‍. താങ്കളുടെ നിസ്സംഗത നശിപ്പിക്കുക , താങ്കളുടെ  പാര്‍ട്ടിയെ മാത്രമല്ല, ഈ നാടിനെയും കൂടിയാണ്. മതവും ജാതിയും രാഷ്ട്രീയവും കഞ്ചാവും കൊക്കെയ്നും അധികാരവും ഒന്നും തലക്കുപിടിക്കാത്ത കുറെ മനുഷ്യരുണ്ടിവിടെ, ഞങ്ങള്‍ക്കിവിടെ ജീവിക്കണം, സ്വസ്ഥമായി ജീവിക്കണം.ഇനി വരുന്ന  തലമുറകള്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിക്കണം
അത് കൊണ്ട് സാര്‍,
നാദാപുരത്തെ മാറാട് ആക്കിമാറ്റരുത്, രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള ഈ മൌനം ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്, അത് മതിയാക്കൂ  സര്‍. നാദാപുരത്തിന്റെ മുറിവുണക്കാന്‍ വേണ്ടത് ചെയ്യൂ.. ഇനി ഒരു നാദാപുരം ആവര്‍ത്തിക്കപ്പെടരുത്, കുറ്റവാളികളെ തുറുങ്കില്‍ അടച്ചു കൊണ്ട് സ്വൈര്യ ജീവിതം ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസം നല്‍കൂ...നാടിന്റെ നന്മയ്ക്ക് ആര് മുന്നിട്ടിറങ്ങിയാലും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ കൂടെയുണ്ടാകും.

ശുഭപ്രതീക്ഷയോടെ
ബ്ലോഗന്‍                                                    
           

3 comments:

 1. Well Written Mr. Blogan

  ReplyDelete
 2. All such appeals will fall into deaf ears..... no political party is ready to come up with sincere efforts to establish and maintain peace and harmony in the area.... consequence will be really disastrous as blogan rightly explained.... Feeling helpless and terrified.

  ARPV KSA

  ReplyDelete
 3. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ട വാക്കുകൾ വെച്ച് പറഞ്ഞ ബ്ലോഗനു സകല ഭാവുകങ്ങളും നേരുന്നു

  ReplyDelete