Monday 31 December 2012

ബൂലോകമോ അതോ 'ബ്ലൂ'ലോകമോ ?



ബൂലോകം എന്ന  പോര്‍ട്ടലിനെ  തുടക്കം മുതല്‍ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒട്ടേറെ 'വായനക്കാരില്‍' ഒരുവനാണ് ബ്ലോഗനും...
കാരണം ലളിതം...
ബ്ലോഗുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവരും നിലവാരമുള്ള  ലേഖനങ്ങള്‍ ഒരിടത്ത് പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിച്ചിരുന്നു....
സ്വയം വില്‍പനക്ക് വെച്ച.... താന്‍ ഒരു സംഭവം ആണെന്ന് ഓരോരുത്തരും വിശ്വസിക്കുന്ന.... ഞാന്‍ അലവലാതി ആണേ.. എന്ന് പ്രൊഫൈലില്‍ വിളിച്ച് പറയുന്നതില്‍ പോലും സുഖം കണ്ടെത്തുന്ന... സോഷ്യല്‍ മീഡിയ യുടെ 'മടിത്തട്ടില്‍' വിജൃംഭിച്ചു നില്‍ക്കുന്ന മഹാന്മാരാണ് ബ്ലോഗ് പരിസരത്ത് കൂടുതലും ഉള്ളത്....
നിലവാരമുള്ള എഴുത്തുകാര്‍ തുലോം തുച്ഛം...
ഈ തുച്ഛം പേര്‍ പക്ഷേ മുഖ്യധാര  മാധ്യമങ്ങളിലെ  ഇരുത്തം വന്ന 'പുലികളെ' പ്പോലും വെല്ലുവിളിക്കാന്‍ മാത്രം പ്രതിഭയുള്ളവരാണ്.
ബ്ലോഗ് ലോകത്ത് വായനക്കാരെ പിടിച്ച് നിര്‍ത്തുന്നത് ഈ മിടുക്കന്‍മാരാണ്, ഇവരെത്തേടിയാണ് ഈ-ലോകത്ത്  വായനക്കാര്‍ എത്തുന്നത്

Sunday 29 July 2012

മനുഷ്യ സ്ത്രീയെ കിട്ടാനുണ്ടോ ?


ഒന്നു വേളി കഴിക്കണം എന്നുണ്ട്?
ഒരു മനുഷ്യ സ്ത്രീയെ കിട്ടാന്‍ ഏത് 'മാട്രിമോണിയല്‍' ഏജന്‍സിയെ പിടിക്കണം ?
ഭാരതീയ സംസ്കാരത്തിന്‍റെ അപ്പോസ്തലന്മാരായ പത്രക്കാര്‍ കൊടുക്കുന്ന പരസ്യങ്ങള്‍ കണ്ടില്ലേ?
പുരോഗതി... ആധുനീകത... ശാസ്ത്രം... കോപ്പ്.
ദിനം പ്രതി ജാതി-മത സങ്കുചിത്വത്തിലേക്ക് വീഴുകയാണ് മലയാളികള്‍.,
ജാതി ചോദിക്കരുത് പറയരുത് എന്ന് പറഞ്ഞ മഹാനുഭാവന്‍റെ നാട്ടില്‍,
ജാതി അലങ്കാരമായി കൊണ്ട് നടക്കുന്ന കോമരങ്ങള്‍.
അവന്‍റെയൊക്കെ ലവിടത്തെ 'മാട്രിമോണി' പ്ഫൂ......
 

Friday 13 July 2012

പി സി ജോര്‍ജ്ജും അച്ചാരം ഓമനയും



പണ്ടൊക്കെ എല്ലാ നാട്ടിന്‍ പുറങ്ങളിലും ഓരോ 'ഡ്രൈവിങ്' സ്കൂളുകള്‍ ഉണ്ടാകുമായിരുന്നു, പാളയം ശോഭന, കടവന്ത്ര ജമീല.... തുടങ്ങി പേരും 'പ്രശസ്തിയും'  ഉള്ളവരും ഇല്ലാത്തതുമായ കഥാപാത്രങ്ങള്‍.. എന്‍റെ നാട്ടിലും ഉണ്ടായിരുന്നു ഒരു 'അച്ചാരം ഓമന'  . 
നാട്ടിലെ പ്രമാണിമാരൊക്കെ വഴിയേ പോകുമ്പോള്‍ ഓമന ചെന്ന്‍  ചില സഹായങ്ങള്‍ ചോദിക്കുന്നത് കാണാം. 'കാരുണ്യവാന്മാരായ' കാരണവന്‍മാര്‍ എന്താ വേണ്ടതെന്ന് വെച്ചാല്‍ കൊടുത്ത് വീടും. പാവമല്ലേ , കഷ്ടപ്പാടല്ലേ ജീവിച്ചുപോയ്കോട്ടെ എന്ന ഭാവത്തില്‍.

കാരണവന്‍മാരുടെ ദയാവായ്പ്പിന്‍റെ കാരണം പക്ഷേ വേറെയാണ്.
ഒന്നുകില്‍ പണ്ടെങാണ്ട് വകതിരിവില്ലാത്ത കാലത്ത് ആ വഴിക്ക് പോയിരിക്കും, ഇപ്പഴും പോകുന്നവരും കാണും, തീരെ പോകാത്തവരും കാണും.
ഏത് ലിസ്റ്റിലായാലും ഓമന ഉടക്കിയാല്‍ അടുത്ത ഡയലോഗ്
 " താനൊക്കെ എന്‍റെയടുത്ത് കുറെ ഉടുതുണിയും പോക്കിക്കോണ്ട് വന്നതല്ലേടാ കോപ്പേ, അവനൊരു മാന്യന്‍ ചമയുന്നു.. നേരം ഇരുട്ടിയാല്‍ താനൊക്കെ പൊക്കിപ്പിടിച്ചോണ്ട് അങ്ങോട്ട് വാ..... "
സകല മാന്യന്‍റെയും പണി തീരും.
ഓമന നല്ല ഫോമില്‍ ആണെങ്കില്‍ തെറിയുടെ കെട്ടഴിയും, പിന്നെ അമിട്ടുകളുടെ പൂരമാണ്. ഓടിക്കൂടുന്നവരും ഓടി രക്ഷപ്പെടുന്നവരും ഒരേ ശ്വാസത്തില്‍ പറയും ദാണ്ടെ, ഓമനയുടെ കുരുപൊട്ടി, ഈ കുരുപൊട്ടല്‍ ചെറിയ ഇടവേളകളില്‍  വീണ്ടും വീണ്ടും  അരങ്ങേറും.....  

ഓമന വാ തുറക്കാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ അടുത്തുകൂടുന്നത്  എക്സ്ക്ളൂസീവ് എന്തെങ്കിലും കിട്ടും എന്നപ്രതീക്ഷയിലാണ്.
ഓമനയോട്  നിങ്ങള്‍ ഉടക്കുന്ന കാര്യം എന്തുമാവട്ടെ, ന്യായമോ അന്യായമോ ആകട്ടെ.. ആദ്യ ഡയലോഗിന് മാറ്റം ഉണ്ടാകില്ല.
ആരും ഓമനയോട്  മുട്ടാന്‍ പോകില്ല,  'മാനം' പേടിച്ച്,
ആധുനീക ഓമനമാര്‍ മൊബൈല്‍ ഫോണില്‍ തുണിയുരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ കൂടി എടുത്ത് വെക്കാന്‍ സാധ്യത ഉള്ളത് കൊണ്ട്, ആ പരിസരത്ത് കൂടിപ്പോയവരൊക്കെ ശിഷ്ട കാലം 'ഓമനയെ പേടിച്ച് ജീവിച്ച് തീര്‍ക്കണം.

ഓമനയെ ഇപ്പോള്‍ ഓര്‍മ്മയില്‍ എത്തിച്ചത് നമ്മുടെ പി സി ജോര്‍ജ്ജ് പുണ്യാളനാണ്. ഗണേശുമായി ജോര്‍ജ്ജ് ഉടക്കി വിഷയം നെല്ലിയാമ്പതി, പക്ഷേ ജോര്‍ജ്ജിന്റെ ആദ്യ ഡയലോഗ് ഓമനയുടെതിന് തുല്യം. "ഗണേഷ് മഹാ വൃത്തികെട്ടവനാണ് . തെളിവ് എന്‍റെ പക്കല്‍ ഉണ്ട്. ആ നാറ്റക്കഥകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്, വേണ്ടി വന്നാല്‍ പുറത്തു പറയും"

ജോര്‍ജ്ജ് ആരോട് തെറ്റിയാലും ആദ്യം അരക്ക് താഴോട്ടുള്ള തെളിവുമായാണ് വരുന്നത്, ഓമനയുടെ ഡയലോഗ് കേള്‍ക്കാന്‍ ചുറ്റും കൂടുന്ന നാട്ടുകാരെപ്പോലെ  നമ്മുടെ ചാനല്‍ കുമാരന്മാരും കുമാരിമാരും ജോര്‍ജ്ജിന് അടുത്ത് കൂടും.
പണ്ട് അച്ചുതണ്ടിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ഭൂമി ഇപ്പോള്‍ പെണ്ണുങ്ങളുടെ അരക്ക് ചുറ്റുമാണല്ലോ കറങ്ങുന്നത്.

ഇത് ആദ്യമായല്ല ജോര്‍ജ്ജിന് കുരുപൊട്ടുന്നത് ഇടക്കിടെ അത് പൊട്ടിക്കൊണ്ടിരിക്കും, പിന്നെ വൃത്തികെട്ട ചലവും മണവും.......
കാതുപൊത്തി ഓടിയൊളിക്കുന്നവര്‍ക്കും, കാതു കൂര്‍പ്പിച്ച് ഓടിയടുക്കുന്നവര്‍ക്കും കാത്തിരിക്കാം.  ചാനലുകര്‍ക്ക് ചാകരതീര്‍ക്കാന്‍ ജോര്‍ജ്ജിന്‍റെ കുരു ഇനിയും പൊട്ടും. ദേഷ്യമോ സ്നേഹമോ ആഹ്ലാദമോ അനുകമ്പയോ വികാരം ഏതുമാകട്ടെ  ജോര്‍ജ്ജ്  വിജൃംഭിതനായാല്‍ പിന്നെ കുരു പൊട്ടണം,.....എങ്കിലേ ഒരാശ്വാസം വരൂ.   

പണ്ടെങ്ങോ ജോര്‍ജ്ജിന്‍റെ കേറോഫില്‍ 'ഉടുമുണ്ട് പോക്കിയിട്ടുള്ള എല്ലാ മാന്യന്‍മാരും, ശിഷ്ട ജീവിതം ജോര്‍ജ്ജിന് എന്താ വേണ്ടതെന്ന് വെച്ചാല്‍ സാധിച്ചു കൊടുത്ത് കഴിഞ്ഞു കൂടുക വേറെ ഗതിയില്ല.
ജോര്‍ജിന്‍റെ പുതിയ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക, ഒന്ന് വ്യായാമം ചെയ്യണം എന്ന്‍ തോന്നിയാല്‍ ജോര്‍ജ്ജ് അറിയാതെ  കാര്യം സാധിക്കുക, നാളെ നിങ്ങളും ഒരു മന്ത്രി ആയേക്കാം.
കേരള രാഷ്ട്രീയത്തില്‍ ഒരു ലിസ്റ്റിലും പെടുത്താന്‍ പറ്റാത്ത ഇനമാണ് ജോര്‍ജ്ജ്, 'അശ്ലീല കേരളത്തിന്‍റെ അംബാസ്സിഡര്‍,
നാണം മരുന്നിന് പോലും ഇല്ലെങ്കില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ എന്ത് വ്യത്യാസം.?
എന്ന്‍ കരുതി ജോര്‍ജ്ജിനെ പന്നി പട്ടി കഴുത എന്നൊക്കെ വിളിക്കാന്‍ എനിക്ക് പേടിയാണ്. മൃഗങ്ങളോ മൃഗസ്നേഹികളോ മാനനഷ്ടത്തിന് കേസ് കൊടുത്താലോ?
ജോര്‍ജ്ജിനോട് ഉപമിച്ചു മാനം കളഞ്ഞതിന് !!                                             .  

Tuesday 10 July 2012

മുസ്ലിം വേട്ടയും, മുസ്ലിം നേതൃത്വവും



മുസ്ലിംയുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്നതിതിരെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കൂട്ടായ്മ ഉയര്‍ത്തിയ ചിലചിന്തകള്‍. 

മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന കാടടച്ചുള്ള വേട്ടയില്‍ പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നവരില്‍ സാന്നിധ്യം കൊണ്ടും അസാനിധ്യം കൊണ്ടും ചിലര്‍ ശ്രദ്ധേയരായി. നയ്യാര്‍....... ,..  അഗ്നിവേശ്,.....അജിത്ത് സാഹി... സീമാ മുസ്തഫ... തുടങ്ങിയവര്‍ ഇതില്‍ സംബന്ധിച്ചത് ഇതൊരു മുസ്ലിം പ്രശ്നം ആയതിനാല്‍ അല്ല. ഇതൊരു മാനുഷീക പ്രശ്നം ആയതിനാല്‍ ആണ്, ആദിവാസികളുടെയും, നകസല്‍-, മാവോ ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട വരുടെയും മോചനത്തിന് അവര്‍ ഇത് പോലെ ഒത്തു ചേര്‍ന്നിട്ടുണ്ട്.

പങ്കെടുത്ത അടുത്ത വിഭാഗം രാഷ്ട്രീയക്കാരാണ്, ഫാറൂക് അബ്ദുല്ല, പാസ്വാന്‍, രാജ.. ബര്‍ദാന്‍.. ഹനുമന്ത റാവു  തുടങ്ങിയവര്‍...
ഇവരുടെലക്ഷ്യം എന്താണ്?  ഞങ്ങളും മുസ്ലിംകളുടെ കൂടെയുണ്ട് എന്ന്‍ കാണിക്കുക. അതില്‍ അപ്പുറം ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍, കാസ്മി, ഫസീഹ്, തുടങ്ങി ബട്ട്ല ഹൌസ് സംഭവം വരെ മന്ത്രി സഭയിലും പാര്‍ലമെന്‍റിലും ഒക്കെ നിരന്തരമായി ഉന്നയിക്കപ്പെടുമായിരുന്നു . ഇവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തു   കൊണ്ട് തന്നെ നമുക്ക് ഇവരെ അഭിനന്ദിക്കാം, കാരണം ഇത്തരം ഒരു വേദിയില്‍ സാന്നിധ്യം അറിയിച്ചല്ലോ, ഫാറൂക്ക് അബ്ദുല്ല സംഘാടകര്‍  ക്ഷണിക്കുക പോലും ചെയ്യാതെ യാണ് പങ്കെടുത്തത് എന്നും വാര്‍ത്ത കണ്ടു, നല്ല കാര്യം.

അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായവരില്‍ മുന്‍പന്തിയില്‍ മുസ്ലിം ലീഗ് ആണ്. കേന്ദ്രത്തില്‍ സ്വന്തമായി ഒരു മന്ത്രിയും എംപിമാരും ഉള്ള അഖിലേന്ത്യാ പാര്‍ട്ടി. മാത്രമല്ല മുസ്ലിം ക്ഷേമമാണ് മുഖ്യ അജണ്ട. പക്ഷേ മുസ്ലിംകള്‍ നേരിടുന്ന ഇത്തരം ജീവല്‍ പ്രശ്നങ്ങളില്‍ ലീഗ് മിണ്ടിയ ചരിത്രമില്ല.( അഞ്ചാം മന്ത്രിയെ കിട്ടിയില്ലെങ്കില്‍ പക്ഷേ പാണക്കാട്ടെ തങ്ങള്‍ വരെ നേരിട്ടു ഗോദയില്‍ ഇറങ്ങും. ) ആരെങ്കിലും ലീഗിനെ തീവ്രവാദി പ്രസ്ഥാനം എന്ന് വിളിച്ച് കളയുമോ? നേതാക്കളെ അറെസ്റ്റ് ചെയ്ത് കളയുമോ? അയ്യഞ്ച് കൊല്ലം കൂടുംബോള് കേരളത്തില്‍ കയ്യിട്ട് വരാന്‍ കിട്ടുന്ന അവസരം കൈവിട്ടുപോകുമോ ? തുടങ്ങി ലീഗിന് ഒരു പാട് ബേജാറുകള്‍ ഉണ്ട്. ലീഗിനെ കൊണ്ട്  സമുദായത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സമുദായം നേരിടുന്ന ജീവല്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.          
ശിഹാബ് തങ്ങള്‍ വ്യക്തിപരമായി നല്ല മനുഷ്യന്‍ ആണെന്ന്‍ കേട്ടിട്ടുണ്ട്, പക്ഷേ രാഷ്ട്രീയ മായി ലീഗ് ശണ്ഢീകരിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കാലത്താണ്, സി എച്ചിനെ പ്പോലുള്ള സമുദായ സ്നേഹികള്‍ ഇരുന്ന കസേരകളില്‍ ഒന്നാന്തരം ഫ്രൊഡുകളെ ഇരിക്കാന്‍ അനുവദിച്ചത് ശിഹാബ് തങ്ങള്‍ ആണ്. 

ഇസ്ലാം ലീഗിന് ജീവവായു ആയിരുന്ന കാലം ഉണ്ടായിരുന്നു, ഞാന്‍ രാജ്യത്തെ സ്നേഹിക്കുന്നു, കാരണം അതെന്‍റെ പ്രവാചകന്‍റെ ചര്യയാണ്, ഞാന്‍ ഇതര മതസ്ഥരെ ബഹുമാനിക്കുന്നു... ഞാന്‍ മനുഷ്യനെ സ്നേഹിക്കുന്നു, രാജ്യപുരോഗതിക്കായ് പ്രവര്‍ത്തിക്കുന്നു... ഇതെല്ലാം എന്‍റെ പ്രവാചകന്‍റെ ഉപദേശങ്ങള്‍ ആണ് എന്ന് പറയാന്‍ കഴിഞ്ഞിരുന്ന നേതാക്കള്‍, അവരെ നാട് ബഹുമാനിച്ചിരുന്നു, ജാതിമത ഭേദമന്യേ.  നിങ്ങള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടുക നീതിയുടെ ഭാഗത്ത് ഉറച്ച് നില്‍ക്കുക, നിങ്ങളെ വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ശക്തിയുള്ളവന്‍ അല്ലാഹു മാത്രമാണ് എന്ന്‍ വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്നു വിളിച്ച് പറയുന്നതില്‍ വിശ്വസിച്ചിരുന്ന, നേതാക്കളും അണികളും..... 

ഇന്നത്തെ സ്ഥിതിയോ? അല്ലാഹു അങ്ങനെ പലതും പറയും , സ്വന്തം കാര്യം നോക്കിയാല്‍ അവനവന് നന്ന് എന്ന 'പ്രായോഗിക' നിലപാടല്ലേ ലീഗിന്‍റേത്? റജീനക്ക് കാശ് കൊടുക്കുന്ന കാര്യത്തില്‍ പടച്ചോന്‍ കൂടെ നിക്കൂല അതുകൊണ്ട് മൂപ്പരെ വിട്ടുകളയാം എന്ന ' ഈമാന്‍' ഉള്ള കുഞ്ഞാലികുട്ടി യും, അത്ര പോലും ഇല്ലാത്ത തങ്ങന്‍മാരും അല്ലേ ലീഗിനെ നയിക്കുന്നത്?

ലീഗ് നാളെ മുതല്‍ എന്‍ ഡി എഫ് ആകണം എന്നല്ല ഇപ്പറഞ്ഞതിന് അര്‍ത്ഥം. 
പണക്കാട്ട് തങ്ങളുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി അഹമ്മദും, ലീഗ് എംപിമാരും, കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ഉള്‍പ്പെടുന്ന ഒരു സംഘം സോണിയാ ഗാന്ധിയെയും, മന്‍മോഹന്‍ സിങ്ങിനെയും സന്ദര്‍ശിച്ച്, സമുദായത്തോടുള്ള നീതികേട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും, അന്വേഷണ ഏജന്‍സികളെ രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്... എന്നൊരാവശ്യം ഉന്നയിച്ചു എന്ന് വെക്കുക. ഭരണമുന്നണിക്ക് അത് അവഗണിക്കാന്‍ കഴിയുമോ? മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കണ്ടില്ലെന്ന്‍ വെക്കാന്‍ ആകുമോ?  ഇരകള്‍ക്ക് അത് എത്രത്തോളം  ആത്മവിശ്വാസം നല്കും ? ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധം ചെറുപ്പക്കാരെ 'പക്വതയില്ലാത്തവരുടെ പിന്നില്‍ അണിനിരക്കുന്നതില്‍ നിന്ന്‍ പിന്തിരിപ്പിക്കില്ലേ        

ഏതൊരു ജനവിഭാഗത്തിന്റെയും ഏറ്റവും അടിസ്ഥാന പ്രശ്നങ്ങളില്‍ ഒന്നാണ് ആത്മാഭിമാനം. സമുദായത്തിന് എതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച്  കുതിരകയറാന്‍ വരുന്നവരുടെ മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുന്നതിന്‍റെ പേരല്ല മതേതരത്വം. ഇന്ത്യാ രാജ്യത്തിന്‍റെ മതേതര, ജനാതിപത്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തന്നെ നീതികേടിനെതിരെ പ്രതികരിക്കാന്‍ കഴിയും, അത് പ്രയോജനപ്പെടുത്താന്‍ ധൈര്യം കാണിക്കാത്ത മുസ്ലിം സംഘടനകളില്‍ പ്രഥമ സ്ഥാനം ലീഗിനാണ്. നേതാക്കള്‍ പെണ്ണ് കേസില്‍ പെട്ടത് കൊണ്ടാണ്. ലീഗിന് ഇങ്ങനെ തല പൂഴ്ത്തേണ്ടി നില്‍ക്കേണ്ടി വരുന്നത് എന്ന്‍ ചിന്തിക്കുന്നവരെ കുറ്റം പറയാന്‍ ആകുമോ? 

അഭാവം കൊണ്ട് ശ്രദ്ധേയരായവരില്‍ മറ്റൊരു വിഭാഗം രാജ്യത്തെ മുസ്ലിം പണ്ഡിതരാണ്. ഇത്തരം വിഷയങ്ങളില്‍ ഇതുവരെ ഒരു നിലപാടും എടുക്കാത്ത ഈ ആത്മീയ നേതാക്കന്മാരുടെ പ്രശ്നവും 'വയറ്റുപ്പിഴപ്പാണ്' , യതീം ഖാന കളുടെ മറവില്‍ ജോറായി നടക്കുന്ന 'ഖാന പീന'  മുടങ്ങാതെ നോക്കേണ്ടതാണല്ലോ അവരുടെ സമുദായ പ്രവര്‍ത്തനം. 
കേരളത്തില്‍ ഇക്കാര്യത്തില്‍ ഏറ്റവും വിമര്‍ശിക്കപ്പെടേണ്ടയാള്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.
 വേറെ ചില ഊളന്‍മാര്‍ ലീഗിന്‍റെ പോക്കറ്റില്‍ ഉണ്ട്, അവര്‍ മിണ്ടിയാല്‍ എന്ത്? മിണ്ടിയില്ലെങ്കില്‍ എന്ത് ? 40 പണ്ഡിതന്മാര്‍ അടങ്ങുന്ന സഭക്കാണ് ഇവരുടെയും നേതൃത്വം. ഈ നാല്‍പ്പത് പേര്‍ പരസ്പരം കണ്ടിട്ടുണ്ടോ എന്നത് വേറെ കാര്യം.' കിത്താബ് തിരിയും' എന്നതിലപ്പുറം വെറും നിര്‍ഗുണ പരബ്രഹ്മങ്ങള്‍.  

നാട്ടുകാരെ മൊത്തം തൌഹീദ് പടിപ്പിക്കാന്‍ നടക്കുന്ന അഭിനവ ചിംബാന്‍സികള്‍ ആണ് മറ്റൊരു കൂട്ടര്‍, വലിയ പാത്രത്തില്‍ എണ്ണ തിളപ്പിച്ച് മരിച്ച് ചെല്ലുന്നവരെ ഒക്കെ പൊരിച്ച് കളിയ്ക്കാന്‍ കാത്തിരിക്കുന്ന അല്ലാഹുവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം ഈ ചിംബാന്‍സികളുടെ കയ്യിലേ ഉള്ളൂ. ദുനിയാവിനെ പറ്റി അവര്‍ക്ക് വലിയ ചിന്തയൊന്നുമില്ല, ചിന്തിച്ചിട്ടും വലിയ പ്രയോജനവും ഇല്ല, ഇവരെയും നമുക്ക് വെറുതെ വിടാം 
പക്ഷേ കാന്തപുരം വിമര്‍ശിക്കപ്പെടണം       അദ്ദേഹം  സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറിയാണ്, അതിലേറെ ഭരണാധികാരികള്‍ ശ്രദ്ധിക്കുന്ന  ശബ്ദവുമാണ്.  പക്ഷേ ഇത്തരം കാര്യങ്ങള്‍ ഒന്നും മുസ്ലിയാര്‍ മിണ്ടാറില്ല, എന്തിനാ ആവശ്യമില്ലാത്ത ഉപദ്രവങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത് എന്ന ചിന്തയാവും? ദുഷിച്ച പണ്ഡിതന്‍റെ ലക്ഷണങ്ങളില്‍ ഇമാം ഗസ്സാലി എണ്ണിപ്പറഞ്ഞ  കാര്യങ്ങളില്‍ ഒന്ന്‍ 'അധികാരികളുടെ അന്യായങ്ങളോട് മൌനം പാലിക്കുന്നവന്‍  ' എന്നാണ് മുസ്ലിയാര്‍ക്ക് ഈ വിശേഷണം ചേരുന്നുണ്ടോ ? അതോ ഇമാം ഗസ്സാലിക്ക് കിതാബ് തിരിഞ്ഞിട്ടില്ലേ?

ഔദ്യോഗിക മുസ്ലിം സംഘടനകളും നേതാക്കളും മാളത്തില്‍ ഒളിക്കുന്നത്, വൈകാരീക മായി ചിന്തിക്കുന്ന, പക്വതയില്ലാത്ത ചെറുപ്പക്കാരെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കും, അത് നാടിന് ദോഷമായിത്തീരും എന്ന സാമാന്യ ബുദ്ധിയെങ്കിലും എന്നാവും രാഷ്ട്രീയ-പണ്ഡിത പ്രഭുക്കന്‍മാര്‍ക്ക് ഉണ്ടാവുക?      

ഡല്‍ഹിയില്‍ നടന്ന സെമിനാറിന്‍റെ വാര്‍ത്ത മലയാളത്തില്‍ ''മുസ്ലിം' പത്രങ്ങളേ റിപ്പോര്‍ട് ചെയ്തിട്ടുള്ളൂ, മതേതര പത്രക്കാര്‍ അവരുടെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിച്ചു.

വാല്‍കഷ്ണം : മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അന്യായത്തില്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരില്‍ ഒട്ടേറെ പ്രമുഖര്‍ അമുസ്ലീംകള്‍ ആണ്. മുസ്ലിംകള്‍ അല്ലാത്ത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ അവരോടൊപ്പം സമരത്തിനിറങ്ങുന്ന മുസ്ലിംകള്‍ എത്രവരും, ജനസംഖ്യാനുപാതികമായ സംവരണം എങ്കിലും ഇക്കാര്യത്തില്‍ ഉണ്ടോ? 
ഞമ്മന്‍റെ ന്യായം മാത്രമല്ലല്ലോ ന്യായം.      

Tuesday 3 July 2012

മുത്തശ്ശിയുടെ പുന്നാര മകള്‍




യൂറോപ്പിയന്‍ കപ്പ് ഫൈനല്‍ മല്‍സരം ആവേശ പൂര്‍വ്വം ആസ്വദിക്കുന്ന സ്പെയ്ന്‍ ആരാധികയാണ് ചിത്രത്തില്‍.,നിറഞ്ഞ മാറിലെ പാല്ക്കുടങ്ങള്‍ മറച്ചു വെക്കാന്‍ ഈ ചേച്ചിക്ക് കിട്ടിയത് സ്വല്പം പെയിന്റാണ്... 'നയനാന്ദകരമായ കാഴ്ച  

നമുക്ക് ഇക്കിളികള്‍ സമ്മാനിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന കോട്ടയത്തെ പത്രമുത്തശ്ശിയാണ് ഈ പടം  പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

ആധുനിക മലയാളി സ്ത്രീയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന സുഹൃത്തും വഴികാട്ടിയുമായി എന്നും മലയാളി മങ്കയോടൊപ്പം സഞ്ചരിക്കുന്ന 'വനിതാ' പ്രസിദ്ധീകരണത്തില്‍   ചിത്രത്തില്‍ കാണുന്ന കൊച്ചിന്‍റെ ബ്ലൌസ് എങ്ങനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, ഇത്തരം ബ്ലൌസുകള്‍ ഇട്ടു നമുക്കെങ്ങനെ സുന്ദരിമാരാകാം തുടങ്ങിയ വിവരങ്ങള്‍ തരുണീ മണികള്‍ക്ക് വൈകാതെ വായിക്കാം.  

സൌന്ദര്യ മല്‍സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സംഘാടകയും  പ്രമുഖ ഫാഷന്‍ ഡിസൈനറുമായ  ടി. ബ്ലൌസ് ധരിച്ച യുവതിയെ പീഡിപ്പിച്ച് പരുവമാക്കി കൂട്ട ബലാല്‍സംഗം ചെയ്തു കൊന്നുകളഞ്ഞ കളഞ്ഞ കശ്മലന്മാരെക്കുറിച്ച് അവര്‍ ഉയര്‍ത്തുന്ന സാമൂഹ്യ വിപത്തിനെക്കുറിച്ച് ഒന്നാം പേജ് വാര്‍ത്തകളും പരമ്പകളുമായി സുപ്രഭാതങ്ങള്‍ തേടിയെത്തും, അക്രമികള്‍ യുവതിയുടെ ഏതൊക്കെ 'പ്രദേശങ്ങളില്‍' ഏത് തരം ആക്രമണങ്ങള്‍ നടത്തിയെന്ന സചിത്ര വിവരണം ഉള്‍പേജുകളില്‍,... ഏതൊക്കെ 'പോസില്‍'  ബലാല്‍സംഗം നടന്നിട്ടുണ്ടാവാം എന്ന് രേഖാചിത്ര വിദഗ്ധര്‍ വരച്ചു കാണിക്കും (ഇതിന്‍റെ കളര്‍ വേര്‍ഷന്‍ പത്രത്തിന്‍റെ സൈറ്റില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാന്‍ സൌകര്യം ഏര്‍പ്പെടുത്തും)      

ഞരമ്പു രോഗികളുടെ കിഡ്നിക്കാണോ ക്‍ണാപ്പിനാണോ കുഴപ്പം? എന്ന ചര്‍ച്ചയുമായി സമദൂരത്തിലുള്ള ചാനല്‍ ചര്‍ച്ചകളാണ് അടുത്ത ഊഴത്തില്‍, സകലവന്‍മാരുടെയും 'ക്ണാപ്പ്' തന്നെയാണ് പ്രശ്നം , ഒന്നിന് പോകാന്‍ ഇത്രേം വേണോ? അത്  കണ്ടിച്ചു പ്രശ്നം പരിഹരിക്കണം, ക്ണാപ്പ് ഇല്ലാതെയും ലോകത്ത് ജീവിക്കാം എന്ന സിസ്റ്റര്‍ പെട്രിഷ്യ ഫെര്‍ണാണ്ടോയുടെ, ചര്‍ച്ചയില്‍ ഫെമിനിസ്റ്റുകളുടെ കയ്യടി നേടിയ വാക്കുകള്‍, ആവര്‍ത്തിച്ച് അവതാരകന്‍ ഗുഡ്ബൈ പറയും, അടുത്ത ഗ്ലാസ്സ് റബ്ബര്‍ പാല്‍ കുടിക്കാന്‍..,....            

നേരെചൊവ്വേ മാനവും മര്യാദയും ആയി ജീവിച്ച ഒരു കൊച്ചു പെണ്കുട്ടിക്കുണ്ടായ ദുരനുഭവം, കുടുംബം നോക്കിയിരുന്ന പെണ്ണിന് പുറത്തിറങ്ങാന്‍ പറ്റാതായതോടെ  കുടുംബം സങ്കടക്കടലിലായ കഥ എല്ലാം വിധി എന്നു കരുതി സമാധാനിക്കുന്ന അച്ഛനും അമ്മയും, ഇനിയാര്‍ക്കും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്ന അയല്‍ക്കാര്‍,. ചേച്ചി പോയി, പഠനം മുമ്പോട്ട് കൊണ്ട് പോവാന്‍ വഴിയില്ല, ചേച്ചിയെപ്പോലെ തൊഴിലെടുത്ത് ജീവിക്കണം, ചേച്ചിയുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കണം  ഫാഷന്‍ ഡിസൈനിങ്ങിനോ , ബ്യൂട്ടീഷന്‍ കോഴ്സിനോ പോകണം.. ഉദാരമതികളുടെ സഹായം കാത്തിരിക്കുന്ന അനിയത്തിമാര്‍..,... സങ്കടങ്ങളുടെ നേര്‍ചിത്രങ്ങള്‍ വായിക്കാം വാരികയില്‍, 'വിധിയുടെ വിളയാട്ടം' സ്ത്രീ ജനങ്ങളുടെ ഇഷ്ട പംക്തിയില്‍...,....വാരിക ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയത് കൊണ്ട് ഇനി നോക്കി നില്ക്കാന്‍ പറ്റില്ല,..ഉടന്‍ 'തീരുമാനമുണ്ടാക്കും':  സ്ത്രീപീഡന കമ്മീഷന്‍  എന്ന 'എക്സ്ക്ളൂസീവ്' കവര്‍ പേജില്‍ തന്നെ വായിക്കാം വടിവൊത്ത അക്ഷരങ്ങളില്‍..,...      

നല്ല കളര്‍ ഫുള്‍ ബ്ലൌസ് ധരിച്ച ഒരു ചേച്ചിയുടെ ബ്ലൌസിന്‍റെ നടുക്ക് ഒരു കറുത്ത പുള്ളി കണ്ടപ്പോള്‍ വല്ല ചെളി തെറിച്ചതും ആയിരിയ്ക്കും എന്ന് കരുതി തൂവാല കൊണ്ട് ഒന്നു തടവിക്കൊടുക്കുന്നതിനിടെ റോഡരികിലെ ഓടയില്‍ വീണ് സ്ത്രീ മരിക്കാനിടയായതിന്റെ  പേരില്‍ സ്ത്രീപീഡകര്‍, ബാലാസംഗവീരന്‍മാര്‍, കൊലപാതകികള്‍ എന്ന് മുദ്രകുത്തപ്പെട്ട്, നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട്, നരകിച്ച് ജീവിക്കേണ്ടിവന്ന  പാവം യുവാക്കളുടെ , മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെട്ട കഥന കഥയുമായി  നമ്മളെത്തേടിയെത്തും  പൂശാഭാഷിണി, റിട്ടയ്ഡ് ജസ്റ്റിസുമാര്‍, മനശാസ്ത്ര മാസികയില്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് 'സ്വാന്തനം' നല്‍കിയ മനശാസ്ത്ര വിദഗ്ധന്‍, കാല്‍ നൂറ്റാണ്ടായി നഷ്ടപ്പെട്ട് പോയ കന്യാസ്ത്രീയുടെ മാനവും തേടി അലയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍, 40 കൊല്ലത്തെ ഔദ്യോഗിക ജീവിതത്തില്‍ പതിനൊന്നാര കേസുകള്‍ തെളിയിച്ച് കേരളാ പോലീസിന്‍റെ ഏറ്റവും നല്ല കുറ്റാന്വേഷകനുള്ള 'അവാര്‍ഡ്' വാങ്ങിയ റിട്ടയേര്‍ഡ് ഡിജിപി.... കനപ്പെട്ട ലേഖനങ്ങളും നിരീക്ഷണങ്ങളും ഓരോ പേജിലും പ്രതീക്ഷിക്കാം,.           

തലമുറകളെ ധാന്യമാക്കുന്ന മുത്തശ്ശിമാരുടെ നാട്ടില്‍ ആനന്ദ ലബ്ദിക്ക് ഇനി എന്തുവേണം?        
          

Monday 2 July 2012

മീനയെ കല്ലെറിയാതെ, ഗാന്ധിജിയെയും















മീന കന്ദസ്വാമിക്ക് ഒരു ആമുഖം ആവശ്യമില്ല. ദലിത് എഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയ മീന ഗാന്ധിജിയെക്കുറിച്ച്  ഒരു പതിറ്റാണ്ടു മുമ്പ് എഴുതിയ കവിത ഈയിടെ ചിന്ത പബ്ലിക്കേഷന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കവിതാ സമാഹാരങ്ങളുടെ  പ്രകാശന കര്‍മ്മത്തില്‍  സുഗത കുമാരി പങ്കെടുക്കാതിരിക്കുകയും പകരം കെ ഇ എന്‍  കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത പുസ്തകത്തിലെ 
ഗാന്ധി 'നിന്ദ' വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബഷീര്‍ വള്ളിക്കുന്ന്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇത് സംബന്ധിച്ചു എഴുതിയ ലേഖനത്തിനുള്ള  പ്രതികരണം ഒരു പോസ്റ്റാക്കി പേസ്റ്റി യതാണ് ചുവടെ.

 (മീനയുടെ കവിത )  

Who? Who? Who?
Mahatma. Sorry no.
Truth. Non-violence.
Stop it. Enough taboo.

That trash is long overdue.
You need a thorough review.
Your tax-free salt stimulated our wounds
We gonna sue you, the Congress shoe.

Gone half-cuckoo, you called us names,
You dubbed us pariahs—“Harijans”
goody-goody guys of a bigot god
Ram Ram Hey Ram—boo.

Don’t ever act like a holy saint.
we can see through you, impure you.
Remember, how you dealt with your poor wife.
But, they wrote your books, they made your life.

They stuffed you up, the imposter true.
And sew you up—filled you with virtue
and gave you all that glossy deeds
enough reason we still lick you.

You knew, you bloody well knew,
Caste won’t go, they wouldn’t let it go.
It haunts us now, the way you do
with a spooky stick, a eerie laugh or two.

But they killed you, the naked you,
your blood with mud was gooey goo.
Sadist fool, you killed your body
many times before this too.

Bapu, bapu, you big fraud, we hate you.


ഗാന്ധിജിയെ അപമാനിക്കുന്ന ഈ കവിത യും എഴുത്തുകാരിയും നല്ല 'ജമണ്ടന്‍' തെറി വിളികള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദേശസ്നേഹം പ്രകടിപ്പിക്കാന്‍ സ്വാഭാവികമായും അത് ചെയ്യുകയും വേണം പ്രതിഷേധത്തിന്റെ ആവേശമൊക്കെ തീര്‍ന്ന് ഹൃദയസ്പന്ദനം സാധാരണ ഗതിയില്‍ ആവുമ്പോള്‍ ഒരല്‍പ്പം സമചിത്തതയോടെ വിഷയത്തെ സമീപിക്കാന്‍ തയ്യാറായാല്‍  ചില കാര്യങ്ങള്‍ സമ്മതിക്കേണ്ടി വരും.

ഗാന്ധിജിയെക്കുറിച്ച് ഒരു ദളിത് എഴുത്തുകാരിക്ക് നടത്താവുന്ന ഏറ്റവും മാന്യമായ വിമര്‍ശനം മാത്രമേ മീന നടത്തിയിട്ടുള്ളൂ.
ഇന്ത്യയിലെ അധസ്ഥിത വിഭാഗത്തിന്‍റെ പക്ഷത്ത് നിന്ന് ഇതിലും വലിയ വിമര്‍ശനങ്ങള്‍ ഗാന്ധിജിക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്.
ഗാന്ധിജിയുടെ സമകാലീകരായ ദളിത് നേതാക്കളും, വി ടി രാജശേഖരിനെ പ്പോലുള്ള പില്‍ക്കാല നേതാക്കളും ഉപയോഗിച്ച ഭാഷയുടെ പത്തിലൊന്ന് പോലും രൂക്ഷമല്ല മീനയുടെ കവിത  അവസാനത്തെ ഒരു വരിയിലെ fraud, hate എന്നീ രണ്ടുപദങ്ങളെ മാത്രമേ 'സഭ്യത' യുടെ പക്ഷത്ത് നിന്ന് വിചാരണ ചെയ്യാനുള്ളൂ.


we hate you, എന്നെഴുതിയതിനെ നിന്നെ ഞങ്ങള്‍ വെറുക്കുന്നു എന്ന് പരിഭാഷപ്പെടുത്തുന്നു ബഷീര്‍ , അതിനെ താങ്കളെ ഞങ്ങള്‍ വെറുക്കുന്നു എന്നോ, അങ്ങയെ ഞങ്ങള്‍ വെറുക്കുന്നു എന്നോ പരിഭാഷ പ്പെടുത്തിയാല്‍ ബഷീറിന്‍റെ  ലേഖനത്തിന്‍റെ ഇഫക്ടിനെ ബാധിക്കും. (നായിന്‍റെ മോനേ.. എന്ന് വിളിക്കുന്നതും, ശുനക പുത്രാ.. എന്ന്‍ വിളിക്കുന്നതും ഒരേ ഇഫക്റ്റല്ലല്ലോ തരുന്നത്, അല്ലേ?)

ഗാന്ധിജിയെ ക്കുറിച്ച് എഴുതപ്പെട്ട അനേകം വിമര്‍ശനാത്മക കവിതകളില്‍ നിന്ന് മീനയുടെ കവിതയെ വ്യത്യസ്ഥമാക്കിയത് ഉപയോഗിച്ച വാക്കുകളിലെ ഇഫക്ട് തന്നെയാണ്. മാന്യതയും സഭ്യതയും ഒക്കെ അളക്കപ്പെടുന്നത് അവനവന്റെ സ്കെയില്‍ വച്ചാണ്. ഗാന്ധിജിയെ സ്നേഹിക്കുന്ന നമുക്ക് അവര്‍ പറഞ്ഞതിനെ എതിര്‍ക്കാതിരിക്കാന്‍ ആവില്ല. സ്വന്തം കൂടപ്പിറപ്പുകളെ സ്നേഹിക്കുന്ന അവര്‍ക്ക് അത് പറയാതിരിക്കാനും കഴിയില്ല.

മത വിഭാഗങ്ങളുടെ ആരാധനാ മൂര്‍ത്തികളെയും പ്രവാചകന്മാരെയും അധിക്ഷേപിച്ച് പ്രശ്തരാവുന്ന വരുടെ നിലവാരത്തിലേക്ക് മീന താഴുന്നു എന്ന താങ്കളുടെ വിമര്‍ശനം ഒരു ആരോപണം മാത്രമയെ കാണാന്‍ പറ്റൂ. മറ്റ് മത മൂര്‍ത്തികളെ വിമര്‍ശിച്ചവര്‍ ആരും വ്യക്തിപരമായി ആ മൂര്‍ത്തി തനിക്കൊ തന്‍റെ സമുദായത്തിനോ നേരിട്ടു അവകാശ നിഷേധം നടത്തി എന്ന് പറഞ്ഞിട്ടില്ല. ഗാന്ധിജി അടക്കമുള്ളവര്‍ ദലിതരുടെ ഇന്നത്തെ ദുരവസ്ഥക്ക് നേരിട്ട് കാരണമായിട്ടുണ്ട്  എന്നാണ് ദലിതരുടെ ആരോപണം.
ഇത് രണ്ടും രണ്ടാണ്. അത് കൊണ്ടാണ്  അധിക്ഷേപത്തിന്‍റെയും വിമര്‍ശനത്തിന്റെയും അതിരുകളെ വേര്‍തിരിച്ചെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള അവരുടെ വാക്കുകള്‍ ഇത്രകാലം കാര്യമായ വിവാദമില്ലാതെ വിശ്രമിച്ചത്. ഇംഗ്ലിഷില്‍ അവരുടെ കവിത ഇക്കാലമത്രയും ആരും വായിച്ചിട്ടില്ല, വായിച്ചവര്‍ക്കൊന്നും ഗാന്ധി സ്നേഹം ഉണ്ടായിരുന്നില്ല, അവര്‍ക്ക് കവിത മനസ്സിലായിട്ടില്ല.. എന്നൊന്നും താങ്കള്‍ പറയില്ലെന്ന് കരുതുന്നു.    


ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ബഹുമാനിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവാണ് മാഹാത്മജി
 ഒട്ടേറെ മഹത്തായ സന്ദേശങ്ങള്‍ നല്‍കിയ മാഹാനുഭാവന്‍.
 പക്ഷേ ഗാന്ധിജി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല.
 ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ദലിതുകളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും മുന്നേറ്റം തടസ്സപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ച നേതാക്കളില്‍ നമ്മുടെ രാഷ്ട്രപിതാവ് മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു എന്ന വസ്തുത ചരിത്രം സത്യസന്ധമായി പഠിക്കുന്ന ഏതൊരാളും 'വേദനയോടെ' സമ്മതിക്കേണ്ടിവരും.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി ദലിത് ആക്റ്റിവിസ്റ്റുകള്‍ ഇത് ഉറക്കെ പറയുന്നുണ്ട്.

പ്രശസ്തിക്ക് വേണ്ടി മീന 'വിവാദ' കവിത എഴുതുന്നു എന്ന  ആരോപണം  ശരിയല്ല. പത്ത് വര്‍ഷം മുമ്പ് തന്‍റെ പതിനേഴാമത്തെ വയസ്സില്‍ ആണ് മീന ഈ കവിത എഴുതിയത്. ഇനിയൊരു പത്ത് കൊല്ലം കഴിഞ്ഞ് വിവാദം ഉണ്ടാക്കി പ്രശ്തയായിക്കളയാം എന്ന് കണക്ക് കൂട്ടിയിട്ടാണ് അന്ന് കവിത എഴുതിയത് എന്ന്  പറയുന്നത് ശുദ്ധ വിവരക്കേടല്ലേ .

 പത്ത് വര്‍ഷത്തിന് ശേഷം ഇത് പരിഭാഷ ചെയ്ത് പുറത്തിറക്കിയ പ്രസാധകര്‍ക്ക് വിവാദമുണ്ടാക്കി 'കച്ചവടം' നടത്താം എന്ന ലക്ഷ്യമുണ്ട് എന്ന്‍ വേണമെങ്കില്‍ ആരോപിക്കാം, അതിലൊരു യുക്തിയും മര്യാദയും ഒക്കെ ഉണ്ട്.
പതിനേഴാം വയസ്സില്‍ ഇത്ര വിപ്ലവാത്മകമായ ഒരു കവിത എഴുതിയ മീന അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി രക്ത സാക്ഷിത്വം വഹിച്ച, ജയിലില്‍ കിടന്ന്‍ പീഡനങ്ങള്‍ അനുഭവിച്ച ആയിരങ്ങളെ ആദരിച്ചു കൊണ്ട് മറ്റൊന്ന് കൂടി പറയട്ടെ.
വാസ്കോഡഗാമയുടെ വരവോട് കൂടിത്തന്നെ ഇന്ത്യയില്‍ വൈദേശിക ശക്തികള്‍ക്ക് എതിരായ ചെറുത്ത് നില്‍പ്പും ആരംഭിച്ചിട്ടുണ്ട്. നാലുനൂറ്റാണ്ടിലേറെ  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വാതന്ത്ര്യ സമരങ്ങള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ അവസാന കാലഘട്ടത്തില്‍ ആണ്, റെയില്‍വേ, നാണയം, തുടങ്ങി രാജ്യത്തെ ഏകീകൃത സ്വഭാവമുള്ള ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്, അത് കൊണ്ട് തന്നെ ഗാന്ധിജിക്ക് സമരങ്ങളെ ഏകീകരിക്കാന്‍ കഴിഞ്ഞു. അത് പക്ഷേ ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കിയത്, ഇന്നും നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും വൈദേശിക ഇടപെടലുകളും നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ ബാക്കി പത്രങ്ങളാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന് പങ്കുണ്ടോ? ഉണ്ടെങ്കില്‍ ഇതേ ബ്രിട്ടീഷുകാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് ഏത് സമരത്തെ പേടിച്ചാണ്? മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍ തുടങ്ങി നീണ്ടു പരന്നു കിടക്കുന്ന കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിദേശ ആധിപത്യത്തില്‍ നിന്നു മോചനം നേടിക്കൊടുത്തത് ഏത് ഗാന്ധിയാണ്?

നമ്മുടെ ചരിത്രവും സംസ്കാരവും നേതാക്കളും നമുക്ക് വലുതും പ്രിയപ്പെട്ടതുമാണ്. നമ്മുടെ ദേശീയതയുടെ ചിന്നങ്ങള്‍ ആണ്. നമുക്കവയെ സ്നേഹിക്കാം ആദരിക്കാം. പക്ഷേ ചരിത്രത്തിന്‍റെ യാഥാര്‍ഥ്യങ്ങളെ സമചിത്തതയോടെ അംഗീകരിക്കാന്‍ കൂടി കഴിയണം. 'അതാണ് പുരോഗമന സ്വഭാവമുള്ള സമൂഹത്തിന്‍റെ ലക്ഷണം.          


  

   


Wednesday 13 June 2012

മൈനയും ഹമീദും പിന്നെ മാതൃഭൂമിയും




(മാതൃഭൂമിയില്‍ മൈനാ ഉമൈബാന്‍ എന്ന 'എഴുത്തുകാരിയുടെ' കിടിലന്‍ സ്ത്രീപക്ഷ ലേഖനങ്ങളില്‍ ഒന്ന്‍ വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം. ) 

മൈ നത്താത്ത യുടെ ലേഖനത്തിലേക്കുള്ള ലിങ്ക് 
(http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-275453)

പുരുഷാധിപത്യത്തിനെതിരെയുള്ള വിലാപങ്ങള്‍ എന്നാണ് തുടങ്ങിയത് ?
 ഹവ്വ തന്നെ തുടങ്ങിവെച്ചിട്ടുണ്ടാകും. 
ഇനിയും എഴുതിയും പറഞ്ഞും തീരാതെ വിലാപങ്ങള്‍ തുടരുക തന്നെയാണ്. ലോകാവാസാനത്തോടെ അവസാനിച്ചെങ്കില്‍ ആയി.
 മൈനയുടെ  എഴുത്തുകളില്‍ മിക്കവയിലും പൊതുവായി രണ്ടു വിഷയങ്ങള്‍ കടന്നു വരാറുണ്ട് ഒന്ന്. പുരുഷ വിരുദ്ധത (എല്ലാ പുരുഷന്മാരെയും അല്ല, എന്ന മുന്‍കൂര്‍ ജാമ്യം കോപ്പി പേസ്റ്റ് ആയി സ്ഥിരം കാണാം)
 രണ്ട് മുസ്ലിം വിരുദ്ധത. മുസ്ലിം ജീവിത രീതിയെ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മിക്ക ലേഖനങ്ങളിലും വിമര്‍ശിച്ചു കാണുന്നു. 

പുരുഷന്‍ എതിര്‍ക്കപ്പെടേണ്ടവന്‍ അല്ല, ലോകത്തെ എല്ലാ പുരുഷന്മാരും സല്‍ഗുണ സമ്പന്നരാണ്. എന്ന അഭിപ്രായം വെളിവുള്ള ആര്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല.
മുസ്ലിംകള്‍ ഒരു കാര്യത്തിലും എതിര്‍ക്കപ്പെടേണ്ടവരേ  അല്ല, പത്തരമാറ്റ് ശുദ്ധമായ സംസ്കാര ചിത്തരാണ് എന്നൊരു വാദം മുസ്ലിംകള്‍ക്കുപോലും ഉണ്ടാവില്ല.

ചില പ്രത്യേക വിഷയങ്ങള്‍ എഴുതുന്നതു കൊണ്ട് മാത്രം എഴുതാനിടം കിട്ടുന്ന എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ട്.
ഇതില്‍ ഒന്നാമന്‍ ഹമീദ് ചേന്നമങ്ങലൂര്‍ ആണ്.
ഭൂലോകത്തെ ഏതൊരു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിനെ മുസ്ലിം വിരുദ്ധ പശ്ചാത്തലത്തില്‍ എങ്ങനെ അവതരിപ്പിക്കാം എന്ന കാര്യത്തില്‍ ഹമീദിനുള്ള മിടുക്ക് അസാമാന്യമാണ്.
മാതൃഭൂമിയാണ്. ഹമീദിന്‍റെ സ്പോണ്‍സര്‍, '
ആനുകാലികങ്ങള്‍' എന്നറിയപ്പെടുന്ന വാരികകളില്‍ പ്രത്യേകിച്ച് മാതൃഭൂമിയില്‍ ഈ കാലത്തിനും പ്രായത്തിനും ഇടക്ക് ഹമീദ് എഴുതിയിട്ടുള്ള ലേഖനങ്ങള്‍ ഒന്നു സമാഹരിച്ചാല്‍ 'നാനാത്വത്തിലെ ഏകത്വം' കണ്ട് നാം ഞെട്ടും.
 നാനാജാതി വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ മുസ്ലിം വിരുദ്ധത എന്ന ഏകത്വത്തില്‍ എത്തിനില്‍ക്കുന്നു.

അടുത്ത കാലത്ത് കോഴിക്കോട്ട് യുക്തിവാദികളുടെ  നേത്ര്ത്വത്തില്‍ കാന്തപുരം മുസ്ലിയാരുടെ 'ആത്മീയ തട്ടിപ്പിനെതിരെ ഒരു സംഗമം നടന്നു.
ഹമീദ് ഘോരമായ ഒരു പ്രസംഗം ചെയ്തു.
പ്രധാന ഉള്ളടക്കം ഇതാണ്.
 കേരളത്തില്‍ വിദ്യാലയങ്ങളെക്കാള്‍ ആരാധനാലയങ്ങള്‍ വളര്‍ന്ന് വരുന്നു . എണ്‍പതുകള്‍ മുതലാണ് ഇത് തുടങ്ങിയത്, മുസ്ലിംകള്‍ നാടുനീളെ അറബിപ്പണം കൊണ്ട് പള്ളിയുണ്ടാക്കി തുടങ്ങി യപ്പോള്‍ ഗത്യന്തരമില്ലാതെ മറ്റ് മതക്കാരും അതിനിറങ്ങി.
ഞങ്ങള്‍ യുക്തിവാദികള്‍ പറയുന്നത് നിങ്ങളൊക്കെ ഒരു ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞു പിന്തുടരും അതാണ് ഞങ്ങളുടെ മിടുക്ക്,
 വെള്ളിയാഴ്ച പള്ളിയിലെ പ്രസംഗം മലയാളത്തില്‍ ആക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു ഇപ്പോള്‍ നിങ്ങള്‍ അങ്ങനെ ആക്കികൊണ്ടിരിക്കുന്നു.
ഇനി ബാങ്ക് മലയാളത്തില്‍ ആക്കണം എന്ന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു നിങ്ങള്‍ ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞാല്‍ അങ്ങനെ ആക്കും.
ഇതാണ് ഹമീദിന്‍റെ യുക്തി,
അബ്ദുല്‍ ഹമീദ് എന്ന തന്‍റെ പേര് എന്തു കൊണ്ട് മലയാളത്തില്‍ ആക്കുന്നില്ല എന്ന്‍ ആരോ ചോദിച്ചത്രേ,
 ആക്കുന്നത് കൊണ്ട് വിരോധമില്ല എന്നായിരുന്നു മറുപടി,
 പിന്നെന്ത് കൊണ്ട് മാറ്റുന്നില്ല.? ഈ പേരില്‍ ആണ് എല്ലാം ഉള്ളത് ഈ അറബി പേര് പോയാല്‍ ഹമീദിന് പകരം വാസുദേവന്‍ എന്നായാല്‍ മാതൃഭൂമി വേറെ ആളെ തിരയും.

മുസ്ലിം വിവാഹ സംബ്രദായത്തെ അതൊരു കരാര്‍ ആണ് എന്ന് പറഞ്ഞു കളിയാക്കുന്ന ഹമീദ് സ്വന്തം മകളുടെ/മകന്‍റെ കല്യാണത്തിന് തലയില്‍ കര്‍ച്ചീഫ് കെട്ടി പള്ളിയിലെ മുക്രിയുടെ കൈപിടിച്ച് ടി കരാര്‍ ഏറ്റു ചൊല്ലിയതിനെ  ശ്രീ ഓ അബ്ദുല്ല കണക്കിന് കളിയാക്കിയിട്ടുണ്ട്.

ഹമീദിന്‍റെ കൂടെ ഒരു വണ്ടിക്ക് കെട്ടാന്‍ പറ്റുന്ന ഒത്ത 'ഉരു' വാണ് താന്‍ എന്ന്‍ മൈന ഉമൈബാന്‍ നിരന്തരം തെളിയിക്കുന്നു        

 കുട്ടിക്കാലത്ത് വികൃതി കാണിച്ച 'അവനെയും' , നടി വിവാഹിതയായതിനെക്കുറിച്ച് കമ്മന്‍റടിച്ച 'അവനെയും' ഒക്കെ പുരുഷന്‍റെ പ്രതീകങ്ങളാക്കി പുരുഷനെതിരെ  വികാരം കൊള്ളുകയാണ് മഹതി.
പ്രസവിച്ച കുഞ്ഞിനെ കുപ്പതൊട്ടിയില്‍ വലിച്ചെറിയുന്ന സ്ത്രീക്കും, പെണ്‍വാണിഭങ്ങളില്‍ ഇടനിലക്കാരിയാകുന്ന സ്ത്രീക്കും, സീരിയല്‍-സിനിമ മേഖലകളിലെ അറിയപ്പെടുന്ന 'നക്ഷത്ര വേശ്യകള്‍ക്കും' സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം എന്ന ആനുകൂല്യം അനുവദിക്കുന്ന ഫെമിനിസ്റ്റ് (?)കള്‍ പുരുഷന് ആരായാലും അവന്‍റെ പ്രവര്‍ത്തിയെ ലോക പുരുഷന് മേല്‍ വെച്ചുകെട്ടാന്‍ മടിക്കുന്നില്ല.
     
മദ്രസ്സാധ്യാപകന്‍ താന്‍ വരച്ച ചിത്രം, താന്‍ പെണ്ണായതിനാല്‍   കീറി വലിച്ചെറിഞ്ഞു എന്ന്‍ പരിതപ്പിക്കുകയും അതേപോലൊരു ചിത്രം  ഒരു ആണ്‍  കുട്ടി വരച്ചപ്പോള്‍ അതിനെ പ്രശംസിച്ചു എന്നും എഴുതുംബോള്‍ 'പച്ചക്കളം എന്ന്‍ വായനക്കാരന് തോന്നിപ്പോകുന്നില്ലേ?

തനിക്ക് ഊമകത്തുകള്‍ വരുന്നു, തലയില്‍ തട്ടമിടാന്‍ പറയുന്നു...അടങ്ങി വീട്ടില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.... മൈനയുടെ സ്ഥിരം പല്ലവികള്‍ ആണ് ഇതൊക്കെ....
ഊമകത്തുകള്‍ അയക്കുന്ന ഭീരുവിനെക്കാള്‍, മാനസീക രോഗിയെക്കാള്‍ ഭേദമാണോ അതില്‍ അമര്‍ഷം കൊള്ളുന്ന ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരിയുടെ വിലാപങ്ങള്‍ ?        .

മുസ്ലിം വിഷയങ്ങളെ പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധയാണ്. അകക്കാമ്പില്ലാത്ത ഇത്തരം 'എഴുത്തുകാരെ വളര്‍ത്തുന്നത്' ഇവര്‍ എന്തു ചവര്‍ എഴുതിയാലും പ്രതികരണങ്ങള്‍ വരും, ശ്രദ്ധിക്കപ്പെടും. ഉത്തരാധുനീക കാലത്ത് 'മഹാനായ' എഴുത്തുകാരന്‍ എന്നാല്‍ കൂടുതല്‍ പ്രസിദ്ധി കിട്ടുന്നവന്‍ എന്നാണല്ലോ,
 പ്രസിദ്ധി, സുപ്രസിദ്ധി യാണോ കുപ്രസിദ്ധിയാണോ എന്ന് ആര് നോക്കുന്നു ?


Tags : maina umaibaan, Hameed chennamangaloor, Mathrubhoomi, feminism,

Friday 8 June 2012

വീണ്ടും ചില 'വീട്ടു' കാര്യങ്ങള്‍


('ശത്രുക്കള്‍' പിണറായിക്ക് 'നല്‍കിയ' വീടുകളില്‍ ചിലത് ) 




കേരള ചരിത്രത്തില്‍ പലവീടുകളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്.
രാഷ്ട്രീയ വിവാദത്തിന് സ്ഥിരം വേദിയായ ഒരേയൊരു വീടെ നമ്മുടെ ഓര്‍മയിലുള്ളൂ. അത് പിണറായി വിജയന്റെ വീടാണ്,

രമ്യ ഹര്‍മ്മം എന്നും, കൊച്ചു കൂര എന്നും ശത്രുക്കളും മിത്രങ്ങളും മാറി മാറി വിശേഷിപ്പിക്കുന്ന ആ വീട്,
 മഹാ ശ്വേതാ ദേവിയുടെ പ്രസ്ഥാവനയോടെ വീണ്ടും ചര്‍ച്ചയില്‍ എത്തുകയാണ്.
തന്‍റെ വീട് കാണാന്‍ ആയമ്മയെ സഖാവ് ക്ഷണിക്കുക കൂടി ചെയ്തിരിക്കുന്നു.

വീട് വിവാദത്തിന്‍റെ പിന്നില്‍ സത്യത്തില്‍ ആരാണ്?
സംശയമെന്ത്, വലത് പക്ഷ മൂരാച്ചികളും സിണ്ടികേറ്റ് പത്രങ്ങളും.

വിവാദത്തിന് ഇത്ര വളം വെച്ച് കൊടുത്തത് ആരാണ്?
സംശയംവേണ്ട, വിജയന്‍ സഖാവും പാര്‍ട്ടിയും.

പിണറായിയുടെ വീട് ഒരല്‍പം വലുതായിപ്പോയി എന്നത് കേരള രാഷ്ട്രീയത്തെ ഒട്ടും ബാധിക്കേണ്ട കാര്യമല്ല.
അതൊരു ബൂര്‍ഷ്വയുടെ രമ്യഹര്‍മത്തിന് തുല്യമാണെങ്കില്‍ പക്ഷേ അതൊരു വിഷയം തന്നെയാണ്. കമ്മ്യൂണിസം വെറും വോട്ടുപിടുത്തവും തെരെഞ്ഞെടുപ്പും അധികാരവും മാത്രമല്ലല്ലോ അതൊരു ജീവിത രീതി കൂടിയല്ലേ ?

സിണ്ടികേറ്റ്കാര്‍ പറയുന്ന പോലെ ഒരു രമ്യഹര്‍മ്മ മാണോ സഖാവിന്‍റെ വീട്?
അല്ലെന്നും തലശേരി - മമ്പറം റൂട്ടില്‍ പിണറായി എന്ന ഗ്രാമത്തില്‍ റോഡിലൂടെ പോകുന്ന ആര്‍ക്കും കാണാവുന്ന ഒരു വീടാണ് ഇതെന്നും സോഷ്യല്‍ മീഡിയ കളില്‍ കമ്മ്യൂണിസ്റ്റുകാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
സിണ്ടികെറ്റ് പത്രങ്ങള്‍ക്ക് സ്വതന്ത്രമായി ചെന്ന്‍ ഒരു ഫോട്ടോ എടുത്ത് കൊടുക്കാന്‍ പാകത്തിന് റോഡരികിലുള്ള ഒരു വീടിനെക്കുറിച്ചാണത്രേ ഇത്രേം വലിയ പുകില്.

ഇവിടെയാണ് പാവം ജനം കുടുങ്ങുന്നത്, അങ്ങ് ബംഗാളില്‍ ഇരിക്കുന്ന മഹാ ശ്വേതാ ദേവിയെ സഖാവ് വീട് കാണാന്‍ വിളിക്കുന്നു.
ഇത് നിങ്ങള്‍ ആ വിചാരിച്ച മൊതലൊന്നും അല്ല എന്നു ബോധ്യപ്പെടുത്താന്‍. ഇതേ ബോധ്യം കേരളീയര്‍ക്ക് നല്‍കാന്‍ പക്ഷേ സഖാവിന് ഒരു വൈക്ലബ്യം ഉണ്ടോ?
 മൂരാച്ചി പത്രങ്ങള്‍ വീടിനെ ക്കുറിച്ച് പ്രചരിപ്പിക്കുന്ന അപസര്‍പ്പക കഥകള്‍ കേട്ട് ലോക്കല്‍ കമ്മറ്റികള്‍ വരെ വീട് കാണാന്‍ പ്രതിനിധി  സംഘത്തെ അയക്കുന്നതായി വാര്‍ത്ത വരുമ്പോഴും, കേരളത്തിലെ പത്രക്കാരെ തന്‍റെ വീട്ടിലേക്ക് ഒന്ന് ക്ഷണിച്ച് ഒന്ന് കണ്ടിട്ടുപോയ്ക്കൊ എന്ന് പിണറായി പറയാത്തത് എന്തു കൊണ്ടാണ്?,
 പോട്ടെ നമ്മുടെ സ്വന്തം കൈരളിയും ദേശാഭിമാനിയും ഉണ്ടല്ലോ ഒരു ഫോടോയെടുത്ത് കൊടുത്താല്‍ പ്രശ്നം തീര്‍ന്നില്ലേ?,
ഇമെയില്‍ഇല്‍ പ്രചരിക്കുന്നത് സഖാവിന്‍റെ വീട് അല്ല എന്ന് ആവര്‍ത്തിക്കുകയും കേസുകൊടുക്കുകയും ചെയ്യുമ്പോള്‍ പിന്നെ ഏതാണ് ആ വീട് എന്നൊരാകാംക്ഷ ജനത്തിന് ഉണ്ടാകില്ലേ?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ മണ്ടത്തരങ്ങളുടെ ഭാഗമാണോ ഇതും ?
അല്ലെങ്കില്‍ പിണറായിസം പാര്‍ട്ടിയില്‍ ലയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ രൂക്ഷമായി ത്തുടങ്ങിയ, കണ്ണൂര്‍ ലോബിയുടെ മുഖമുദ്രയായ, ദാര്‍ഷ്ട്യവും പുച്ഛവുമാണോ?
ഈ പാര്‍ട്ടിയുടെ നേതാവിന്‍റെ വീട് കാണണമെന്ന്‍ പറയാന്‍ നീ യൊക്കെ ആരാടാ കഴുവേറികളെ എന്ന ഭാവം.

സഖാവിന്‍റെ വീട് കാണാന്‍ ബംഗാളില്‍ നിന്നും ആയമ്മ വന്നാലെങ്കിലും അതൊന്ന്‍ ലൈവായി കാണാമല്ലോ,   എത്രകാലമായി ഈ മൊതലിനെ ക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്,

ഒരു കാര്യത്തില്‍ സമാധാനിക്കാം,  ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്ത വരില്‍ സാക്ഷാല്‍ ദൈവം തംബുരാന്‍ പോലും ഉണ്ടാകും .



                           

Monday 4 June 2012

ബ്രൂട്ടസ് നീ എവിടെയാണ് ?




ബ്രൂട്ടസ്, നീ എവിടെയാണ്?
നിന്നെ മാത്രമേ കാണാതുള്ളൂ
സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളുമായ ബാക്കി എല്ലാവരും നിരന്നു കഴിഞ്ഞിരിക്കുന്നു.
ചിലര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു,
കൊല്ലാനാണ് അവര്‍ ഉദ്ദേശിച്ചതെങ്കിലും അവര്‍ക്കതിനായിട്ടില്ല.
അവരുണ്ടാക്കിയ മുറിവുകളിലൂടെ രക്തം വരുന്നത് കണ്ട് ആഹ്ലാദിക്കുകയാണവര്‍.
ചത്തു വീഴാത്തതിലെ ദുഖം അവരുടെ മുഖത്ത് നിഴലിച്ചത് കാണാം
കുത്താനുള്ള അടുത്ത അവസരവും കാത്ത് അവര്‍ ചുറ്റിനും നടക്കുന്നു.
ചിലര്‍ ആയുധങ്ങള്‍ മറച്ചുപിടിച്ചിരിക്കുന്നു.
ഞാന്‍ കാണുമോഎന്ന ആശങ്ക. പേടികൊണ്ടൊന്നും അല്ല, ഒരു ജാള്യം
കൂടെ നടന്ന്‍ കുറെ നക്കിയതല്ലേ?

നീ ഇന്നല്ലെങ്കില്‍ നാളെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു ബ്രൂട്ടസ്.
നിനക്കു വരാതിരിക്കാനാവില്ല.
കാരണം കഥ അവസാനിപ്പിക്കേണ്ടവന്‍ നീയല്ലേ.
നിന്നെയല്ലേ ജനം എന്‍റെ വിശ്വസ്തനായി കണ്ടത്.

പക്ഷേ ബ്രൂട്ടസ്, നീ ഒന്നറിയുക
എന്‍റെ മുറിവുകളിലെ രക്ത പ്രവാഹം കൂട്ടാന്‍ നിനക്ക് കഴിയും
സകല ശത്രുക്കളും കുത്തിയ മുറിവില്‍ തന്നെയാണല്ലോ നിന്‍റെയും പ്രയോഗം.
എന്നെ കൊല്ലാന്‍ നിനക്കാവില്ല ബ്രൂട്ടസ്.
ഇന്ന് നിന്നെയടക്കം വരുതിയിലാക്കി ആര്‍ത്തു ചിരിക്കുന്ന ഒരാള്‍ക്കും
എന്നെ കൊല്ലാനാവില്ല ബ്രൂട്ടസ്.
കാരണം, എന്നില്‍ ചില ശരികളുണ്ട്. എന്‍റെ കൊച്ചു കൊച്ചു അബദ്ധങ്ങളെയും അപാകതകളെയും ഊതിപ്പെരുപ്പിച്ച് നിങ്ങള്‍ എന്നെ കുറ്റവാളിയാക്കി ആര്‍ത്തു ചിരിക്കുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും അറിയാം പല തെറ്റുകളും ഞാന്‍ കണ്ടില്ലെന്നു നടിച്ചത് നീ അടക്കമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു.

നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന എന്‍റെ വലിയ ശരികള്‍ എന്നെ ജീവിപ്പിക്കും ബ്രൂട്ടസ്, ഞാന്‍ തിരിച്ചു വരുന്ന ദിവസം പ്രതികാരത്തിന്‍റെ തായിരിക്കില്ല
ഒളിഞ്ഞും തെളിഞ്ഞും എന്നെ കുത്തിയവര്‍ എന്നെ മുഖം കാണിക്കാന്‍ പാല്‍ പുഞ്ചിരിയുമായി കാത്തു നില്‍ക്കുന്ന ദിവസം വരും.
അന്ന് നിന്‍റെയൊക്കെ മനസ്സ് നിന്ന് കത്തുന്നുണ്ടാവും,
ഇന്നലെകളെ പഴിച്ച് കൊണ്ട്.

അന്നും ഞാന്‍ ചിരിക്കും ബ്രൂട്ടസ്,
 എന്‍റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും,
 പക്ഷേ എന്‍റെ മനസ്സ് ഇനി പഴയകാലത്തേക്ക് തീരിച്ചുവരില്ല                           

ഹൃദ്യയം ചിലതൊക്കെ തിരിച്ചറിഞ്ഞിരിക്കുന്നു.

നീ എവിടെ ബ്രൂട്ടസ്, വേഗം വരൂ, നീ മാത്രമേ ഇനി വരാനുള്ളൂ,
നിന്‍റെ കുത്തുകൂടി ഏറ്റുവാങ്ങാന്‍ ഞാന്‍ കാത്തിരിക്കുന്നു.
മുന്നില്‍ നിന്ന് കുത്താന്‍ നിനക്കാവില്ല, നീ പിന്നിലൂടെയേ വരൂ,
തിളക്കുന്ന ഹൃദയത്തോടെ ഞാന്‍ നിന്നെ കാത്തിരിക്കുന്നു.
ബ്രൂട്ടസ് നീ വരിക. വേഗം വരിക

സമര്‍പ്പണം : ചില ആത്മസുഹൃത്തുക്കള്‍ക്ക്  

Sunday 3 June 2012

സി പി എം കൊണ്ടറിയുന്നു





കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന് പഴമൊഴി,
പഴമൊഴിയില്‍ പതിരില്ലെന്ന് വേറൊരു പഴമൊഴി,

പോലീസിന്റെ മൊഴിയെടുക്കലും പത്രക്കാരുടെ മൊഴി എഴുതലും ഒക്കെ ജോറായിനടക്കുന്നു.
വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ ക്രൂരമായി വേട്ടയാടുന്നു എന്നാണ്    പിണറായി യുടെ പരാതി.
സംഗതി ഒരു പരിധി വരെ സത്യവുമാണ്.
 പക്ഷേ ഇങ്ങനെ ഒരു പരാതി പറയാന്‍ സി പി എമ്മിന് അര്‍ഹത യുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
കാരണം  മാധ്യമങ്ങളുടെ ഈ സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുമ്പ് പലരും ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടുണ്ട്. അന്നൊക്കെ സി പി എമ്മും അതിന്‍റെ കീഴിലുള്ള പത്രമാധ്യമങ്ങളും വേട്ടക്കാരുടെ കൂടെ, ഒരല്‍പം മുന്‍പന്തിയില്‍ തന്നെയായിരുന്നു.

ഡി എച്ച് ആര്‍ എം എന്ന ദളിത് സംഘടനക്കെതിരെ ഇതേപോലൊരു വേട്ടയാടല്‍ നടന്നു.
 ഒരു വഴിപോക്കന്‍റെ കൊലപാതകമാണ് വിഷയം.
ഇന്നും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആ കേസില്‍ ദളിത് പ്രവര്‍ത്തകരെ, സ്ത്രീകളെ അടക്കം പോലീസ് ചവിട്ടിയരച്ചു. അന്ന് ആ സംഘടനയെ കടിച്ചു കീറാന്‍ കഥ മെനഞ്ഞവരില്‍ ദേശാഭിമാനി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
 മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച അതേ കഥകള്‍ പാര്ട്ടി പത്രവും പ്രസിദ്ധീകരിച്ചു,
 ഏഷ്യാനെറ്റിന്‍റെയും , മനോരമാ ന്യൂസിന്‍റെയും കഥകള്‍ പീപ്പ്ള് ചാനല്‍ കോപ്പിയടിച്ചു സംപ്രേഷണം ചെയ്തു.
 അന്നൊന്നും ഇല്ലാത്ത നീതി ബോധമാണ് ഇപ്പോള്‍ പിണറായി സഖാവിന്

അദ്ധ്യാപകന്‍റെ കൈവെട്ടിയതു മായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രെണ്ടിനെതിരെ ഇതുപോലൊരു മാധ്യമ ആക്രമണം നടന്നു.
 അന്നും വേട്ടക്കാരുടെ മുന്‍പന്തിയില്‍ പാര്ട്ടി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു.
 ഒരു കൈവെട്ടിയപ്പോള്‍ ഉണ്ടായ പുകിലിനെക്കാള്‍ ഒട്ടും കുറയരുതല്ലോ മുഖത്ത് അന്‍പതിലേറെ വെട്ട് വെട്ടി കൊന്നുകളയുമ്പോള്‍ എന്ന്‍ മാധ്യമങ്ങള്‍ക്ക് തോന്നിയോ ?

മാധ്യമ വിചാരണയുടെയും 'പ്രതികളുടെ മൊഴികള്‍' പത്രക്കാര്‍  പോലീസുപോലും എഴുതുന്നതിന്റെ മുമ്പ് പകര്‍ത്തിയെഴുതുന്നതിന്റെയും ഒക്കെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
 അത് ചോദിക്കേണ്ടത് പക്ഷേ പിണറായിയെപ്പോലെ ഒരു അല്‍പനല്ല,
 സി പി എമ്മിനെപ്പോലെ നെറികേടിന് കൂട്ട് നില്ക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടിയും അല്ല.

നെഹ്രു പറഞ്ഞിട്ടുണ്ടത്രേ "താങ്കള്‍ പറയുന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കണമെന്നില്ല, പക്ഷേ താങ്കള്‍ക്ക് അത് പറയാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ താങ്കളോടൊപ്പം സമരം ചെയ്യും" - അതാണ് നീതി ബോധം.

നീതിയുടെ ഭാഗത്ത് നില്‍ക്കാന്‍ ആത്മാവിന് ബലം വേണം. ഇന്ന് സി പി എമ്മിന് നേരെ കുതിര കയറുമ്പോള്‍ കൈകൊട്ടി ചിരിക്കുന്ന മറ്റ് ചിലപാര്‍ട്ടികള്‍ ഉണ്ട്, അവരും നാളെ ഈ അവസ്ഥയില്‍ എത്തും. അന്ന് അവര്‍ വലിയ വായില്‍ പരിതപിക്കുന്നത് നമുക്ക് കേള്‍ക്കാം.

കരുണാകരന്‍ ആഭ്യന്തര മന്ത്രി യായിരിക്കെ ഗുരുവായൂരില്‍ ആര്‍ എസ് എസ്സുകാരന്‍ കൊല്ലപ്പെട്ടയുടനെ സി പി എമ്മാണ് അത് ചെയ്തത് എന്ന്‍ പ്രചരിപ്പിച്ച് അവസാനം അന്വേഷണം നടത്തിയപ്പോള്‍ സി പി എം അല്ല എന്ന് കണ്ടെത്തിയ കഥ ഇന്ന്‍ പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു.

 ഇതിന് സമാനമായ ഒരു കഥ തലശേരിയില്‍ നടന്നത് പക്ഷേ സഖാവ് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഫസല്‍ വധം. ഫസല്‍ കൊല്ലപ്പെട്ട ഉടനെ അതിനു പിന്നില്‍ ആര്‍ എസ് എസ്സാണ് എന്ന് പ്രഖ്യാപിച്ചു ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, അന്വേഷണം നടത്തിയപ്പോള്‍ പ്രതി കൊടിയേരിയുടെ സ്വന്തം പാര്‍ട്ടിക്കാരന്‍, ഈ കഥ പക്ഷേ പിണറായിക്ക് ഓര്‍ത്തുവെക്കാന്‍ പറ്റിയെന്ന് വരില്ല .

കണ്ടാമൃഗത്തിന് പിണറായി വിജയന്‍റെ അത്ര തൊലിക്കട്ടി ഉണ്ടാകുമോ എന്ന്‍ ചോദിക്കേണ്ടതാണ്, കാണ്ടാമൃഗം എങ്ങാനും മാന നഷ്ടത്തിന് കേസ് കൊടുത്താലോ.?

ഏതായാലും പത്രങ്ങള്‍ അപസര്‍പ്പക കഥകള്‍ മെനയുന്നതിനെതിരെ സി പി എം കോടതിയില്‍ പോയത് നല്ല കാര്യമാണ്. കോടതിയില്‍ നിന്നു അനുകൂല വിധി ഉണ്ടായാല്‍ സി പി എമ്മിന് ഗുണകരമായില്ലെങ്കില്‍ പോലും ഭാവിയില്‍ മാധ്യമങ്ങളുടെ ചവിട്ടിക്കൂട്ടലിന് വിധേയമാകാന്‍ ഇടയുള്ള പലര്‍ക്കും വിധി പ്രയോജന പ്പെട്ടേക്കും.

           

Saturday 2 June 2012

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കണ്ടേ ?



സി പി എമ്മിനെ ആര് രക്ഷിക്കും?

ഇതൊരു രക്ഷപ്പെടേണ്ട സാധനമാണോ?

ബംഗാളില്‍ മുപ്പത് കൊല്ലം തുടര്‍ച്ചയായി ഭരിച്ചിട്ടും ഇവിടത്തെ വലത് പക്ഷ പിന്തിരിപ്പന്‍ ഭരണക്കാരെക്കാള്‍ മോശം ഭരണം കാഴ്ച വെച്ച ഒരു പാര്‍ട്ടിക്ക് ഇനിയും നിലനില്‍ക്കേണ്ടത് ആവശ്യമാണോ ?

കേരളത്തില്‍ പലതവണ ഭരണം ലഭിച്ചിട്ടും വലത് പക്ഷത്തെ പ്പോലെ മറ്റൊരു പക്ഷം എന്നതില്‍ കവിഞ്ഞ് എന്തു പ്രസക്തിയാണ് ഈ പാര്‍ട്ടി നേടിയത് ?


പാര്‍ട്ടി ഗ്രാമങ്ങളും, പാര്‍ട്ടി കാംപസ്സുകളും ഉണ്ടാക്കാന്‍ എത്ര നിരപരാധികളെയാണ് ഇവര്‍ കൊന്നുതള്ളിയതും  അടിച്ചു വീഴ്ത്തിയതും. ഈ അക്രമി സംഘം ഇനിയും ഇവിടെ വേണോ ?

നമ്മുടെ മാധ്യമങ്ങള്‍ പൊതുസമൂഹത്തില്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്ന 'പ്രസക്തമായ' ചോദ്യങ്ങള്‍ ആണിത്.

ഇന്നത്തെ നിലയില്‍ സി പി എം എന്ന പാര്‍ട്ടി നിലനില്‍ക്കണോ വേണ്ടേ എന്നത് ആ പാര്‍ട്ടിയുടെ മുതലാളിമാരുടെ മാത്രം പ്രശ്നമാണ്.
ആ കട പൂട്ടിപ്പോയാല്‍ നഷ്ടം മുതലാളിമാര്‍ക്ക് മാത്രം ജനം വേറെ കടയില്‍ കയറും.

പക്ഷേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍റെ ജനപക്ഷ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് നിലനില്‍ക്കേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. ഇല്ലെങ്കില്‍ ജാതി മത ശക്തികള്‍ കേരളത്തെ റാഞ്ചിക്കളയും. പണ്ടേ സ്വാമിജി ഭ്രാന്താലയം എന്ന്‍ വിളിച്ച നാടാണിത്. സുകുമാരന്‍ നായരും, വെള്ളാപ്പള്ളിയും, വൈദീക പ്രഭുക്കളും, തങ്ങന്‍മാരും, മുസ്ലിയാക്കന്മാരും....... സകല ഞാഞ്ഞൂലുകളും വിഷം വമിക്കുന്ന മുഴു ഭ്രാന്താലയം ആവാതെ നാടിനെ കാക്കാന്‍ മത ജാതി ചിന്തകള്‍ക്കപ്പുറം മനുഷ്യനെ അഭിമുഖീകരിക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ വേണം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
 കമ്യൂണിസത്തെ വ്യഭിചരിക്കുന്ന ആണും പെണ്ണും കേട്ട നേതാക്കളെ കെട്ടു കെട്ടിക്കാന്‍ പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് കഴിയണം.
പിണറായി, കൊടിയേരി.  ജയരാജാദികളെ  പടിക്ക് പുറത്ത് നിര്‍ത്താന്‍ വിപ്ലവ വീര്യമുള്ള യുവത ഉയര്‍ന്നു വരണം. ഇവരൊന്നും വെറും വ്യക്തികളല്ല, പാര്‍ട്ടിയില്‍ അടിഞ്ഞു കൂടിയ ചില സ്വഭാവ രീതികളും കൂടിയാണ്.
ഇല്ലായ്മ ചെയ്യേണ്ടത് ഇവര്‍ പാര്‍ട്ടിക്കകത്തേക്ക് വലിച്ചു കയറ്റിയ മാലിന്യത്തെയാണ്.
വി എസ്സിനെ പ്പോലെ ആണും പെണ്ണും കെട്ട ഒരു വിടുവായിത്ത ക്കാരനെ പകരം വെക്കാനല്ല,
ഉത്തരാധുനീക- ആഗോളീകരണ കാലത്തും ആഡംബരങ്ങളെ വലിച്ചെറിയാന്‍ ശേഷിയുള്ള, അധികാരത്തെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള പാവപ്പെട്ട മനുഷ്യന്‍റെ വികാര വിചാരങ്ങളെ നെഞ്ചിലേറ്റാന്‍ കെല്‍പ്പുള്ള പുതിയൊരു നേതൃത്വം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉയര്‍ന്നു വരണം.
കാലം അതാവശ്യപ്പെടുന്നുണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചവറ്റുകൊട്ടകളാണെന്ന് സ്വയം തെളിയിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ജനം വേറെ വഴിതേടും, നാടിനോട് കൂറുള്ള വിദ്യാ സമ്പന്നരായ യുവത്വം സടകുടഞ്ഞെഴുന്നേല്‍ക്കുക തന്നെ ചെയ്യും, അവരെ അരാഷ്ട്രീയ വാദത്തിന്റെ പുറമ്പോക്കിലേക്ക് എഴുതിത്തള്ളി 'സായൂജ്യമടയാമെന്ന്' കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്, ഇത് തിരിച്ചറിയാനും ഇനിയും മാറ്റത്തിന് തയ്യാറാവാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറം പകരാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയും, തിരിച്ചറിവിനുള്ള അവസാന അവസരവും അവരെ കടന്ന് പോവുകയാണ്, നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നെഞ്ചുറപ്പുള്ള ഒരു യുവത്വം കടന്ന് വരിക തന്നെചെയ്യും, ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന സാധാരണക്കാരന്‍ പട്ടുമെത്ത വിരിച്ച് ആ വിപ്ലവത്തെ സ്വീകരിക്കും.                
അത് യഥാര്‍ഥ്യമായില്ലെങ്കില്‍ രക്തസാക്ഷികള്‍ വെറും മിഥ്യ യാണെന്ന് പറയേണ്ടി വരും.
നാടിനും മനുഷ്യനും വേണ്ടി സ്വന്തം സ്വപ്നങ്ങളില്‍ ചൂടു ചോര വാരി പ്പൂശീയ രക്ത സാക്ഷികള്‍ സത്യമല്ലാതെ വരുമോ?,
 ഇല്ല രക്ത സാക്ഷിക്ക് മരണമില്ല. ഇങ്കിലാബ് സിന്ദാബാദ്.              


Thursday 31 May 2012

എന്‍റെ ബ്ലോഗര, നിങ്ങളുടെയും



ബ്ലോഗര, എന്‍റെ കൊച്ചു ഗ്രാമം,

പശ്ചിമഘട്ട  മലമടക്കുകള്‍ക്ക് താഴെ കൊച്ചരുവികളും പാറക്കൂട്ടങ്ങളും ചെടികളും പൂക്കളുമൊക്കെ യുള്ള കുടിയേറ്റ ഗ്രാമം.
കവികളെയും കഥാകാരന്മാരെയും മാടിവിളിക്കുന്ന ആറുകളും വയലേലകളും ഒന്നും എന്‍റെ ഗ്രാമത്തില്‍ ഇല്ല.
എന്തിനേറെ ഒരു വായനശാല പോലും ഉണ്ടായത് ഈ അടുത്ത കാലത്താണ്. ബസ്സും ജീപ്പും ഓട്ടോറിക്ഷയും വന്നു തുടങ്ങിയതേ ഉള്ളൂ ,
പരിഷ്കൃതന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഓണം കേറാമൂല.
പക്ഷേ എന്‍റെ ഗ്രാമത്തെ എനിക്ക് ഇഷ്ടമാണ്.

കുട്ടനാട്ടിലും എറനാട്ടിലും ഒക്കെയുള്ള 'നോസ്റ്റാള്‍ജിക്' ഗ്രാമങ്ങളിലൊക്കെ ഞാന്‍ പോയിട്ടുണ്ട് ഒക്കെ എനിക്ക് പെട്ടെന്ന് മടുക്കുന്നു, എങ്ങനെയെങ്കിലും എന്‍റെ ബ്ലോഗര പറ്റിയാല്‍ ആശ്വാസം.
ഡല്‍ഹിയും, ബോംബെയും , മദ്രാസും , കല്‍കട്ടയും അങ്ങ് കടലിനക്കരെ ദുബായിയും, റിയാദും , സിംഗപ്പൂരും, മോസ്കോയും ഒന്നും എന്‍റെ കൊച്ചു ഗ്രാമം തരുന്ന സുഖം എനിക്ക് തന്നിട്ടില്ല.
അതിന് ഒരു കാരണമേയുള്ളൂ എന്‍റെ ഗ്രാമം 'എന്‍റേതാണ്'

പണ്ട് കൂടെ പഠിച്ച സജീവന്‍ അവന്‍റെ ഗ്രാമത്തിന്‍റെ മനോഹാരിത പറഞ്ഞത് കേട്ടു കേട്ട് ഒന്ന് പൊയ്ക്കളയാം എന്ന് കരുതി
പാലക്കാട് ജില്ലയിലെ ഒരു മൊട്ടക്കുന്ന്.
കുന്നിന് മുകളില്‍ അവന്‍റെ സ്കൂള്‍, കുറച്ച് കടകള്‍,
ഒന്ന് വീതം മൂന്ന് നേരം  കെ എസ് ആര്‍ ടി സി ബസ്സ്. ... തീര്‍ന്നു ,
പക്ഷേ അവന്‍റെ ഗ്രാമം അവന് ജീവനാണ്, കാരണം അത് 'അവന്‍റേതാണ് '

കോഴിക്കോട് മുതലക്കുളം മൈതാനത്തിനടുത്ത് ഇടുങ്ങിയ ഇടവഴിയിലൂടെ കടന്നാണ് നജീബിന്‍റെ വീട്ടിലേക്ക് പോകേണ്ടത്, നാല് സെന്‍റില്‍ ഓടിട്ട കൊച്ചു വീട്. ഇത് വിറ്റ് ഒരല്‍പം മാറി നല്ലൊരു വീടെടുത്ത് താമസിച്ചുകൂടെ ? അവന്‍റെ ഉപ്പക്കും ഉമ്മക്കും ജേഷ്ഠനും ഒക്കെ ഒരൊറ്റ മറുപടിയേ ഉള്ളൂ. മുതലക്കുളം വിട്ട് എങ്ങോട്ടും ഇല്ല മോനേ . ഇവിടത്തെ ഒരു സുഖം ഇവിടത്ത് കാര്‍ക്കെ മനസ്സിലാകൂ

സത്യത്തില്‍ നമ്മള്‍ ഓരോരുത്തരും ഓരോ 'ബ്ലോഗര' ക്കാരല്ലേ.?
നമ്മുടെ ഗ്രാമത്തെ പട്ടണത്തെ, നാം ഇഷ്ടപ്പെടുന്നു, അതിന് ഒരു കാരണമേയുള്ളൂ അത് അവനവന്‍റേത് മാത്രമാണ്,
എന്തുകൊണ്ട് ഇഷ്ടം? എന്നൊരു ചോദ്യത്തിന് എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു മറുപടി അസാധ്യം. ഓരോരുത്തര്‍ക്കും അവരവരുടെ ബോധ്യമാണ്.

ഈ ഒരു 'എന്‍റേത്' എന്ന വികാരം മറ്റ് പലതിലും നമ്മോടൊപ്പം ഉണ്ട്. എന്‍റെ ജില്ല, എന്‍റെ സംസ്ഥാനം എന്‍റെ രാജ്യം എന്‍റെ മതം എന്‍റെ ജാതി, എന്‍റെ പാര്‍ട്ടി ...  ഈ 'എന്‍റെ ' തിനെ തെരെഞ്ഞെടുക്കുന്നതില്‍ നമുക്കെന്തെങ്കിലും റോളുണ്ടോ ? ഇല്ലേ ഇല്ല.
നാം ഭൂമിയില്‍ ജനിച്ചു വീണ് ബോധം വെച്ച് തുടങ്ങിയപ്പോള്‍ കുറെ എന്റേതുകള്‍ സ്വന്തമായി കഴിഞ്ഞിരിക്കുന്നു.
 ലോകത്താകമാനം 'എന്‍റെ'തുകള്‍ക്ക് വേണ്ടി കുത്തും വെട്ടും കൊലപാതകവും നടക്കുന്നു.
എന്‍റെ മതമാണ് ശരി,
എന്‍റെ ജാതിയാണ് ശരി
എന്‍റെ രാജ്യമാണ് ശരി,
എന്‍റെ പാര്‍ട്ടിയാണ് ശരി...
എന്‍റെ ശരികളുടെ നിലനില്‍പ്പിനും വിജയത്തിനും ഞാന്‍ ഏതറ്റം വരെയും പോകും.
എന്‍റെ രാജ്യത്തോട് എനിക്കുള്ള സ്നേഹം രാജ്യസ്നേഹം , അവന്‍റെ രാജ്യത്തോട് അവനുള്ള സ്നേഹം പക്ഷേ എനിക്ക് രാജ്യദ്രോഹമാണ് കാരണം അവന്‍റെ രാജ്യം എന്‍റെ രാജ്യത്തിനെതിരാണ്.

ഈ എന്‍റെതിന്‍റെ വലയത്തില്‍ നിന്ന് കൊണ്ട് എങ്ങനെ ഒരാള്‍ക്ക് നീതിമാനാവാന്‍ കഴിയും?
ഞാനും എന്‍റെ മതക്കാരും മാത്രമാണ് സ്വര്‍ഗ്ഗാവകാശികള്‍ എന്ന് വിശ്വസിക്കുന്നവരല്ലേ മിക്കവരും?

എന്‍റെ ബ്ലോഗര ഗ്രാമത്തില്‍ നിന്ന് കൊണ്ട്, ബ്ലോഗരയെ സ്നേഹിച്ചു കൊണ്ട് എനിക്ക് മറ്റ് ഗ്രാമങ്ങളെയും പട്ടണങ്ങളെയും സ്നേഹിക്കാന്‍ കഴിഞ്ഞേക്കാം.
പക്ഷേ ഇന്ത്യയെ സ്നേഹിച്ചു കൊണ്ട്, പാകിസ്ഥാനെയും , ബംഗ്ലാദേശിനെയും, ചൈനയെയും നമുക്ക് സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?
എന്‍റെ മതത്തെ സ്നേഹിച്ചു കൊണ്ട് അവന്‍റെ മതത്തെയും സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ? ഒരല്‍പം ശ്രമകരമാണ് കാര്യം.

അതിര്‍ത്തികള്‍ വെറും പുറം പൂച്ചുകള്‍ ആണെന്ന്‍ നാം തിരിച്ചറിയുന്നതെന്നാണ്.?
ബ്ലോഗര യിലും ഗ്രാമങ്ങളായ ഗ്രാമങ്ങളിലും പട്ടണങ്ങളിലും രാജ്യങ്ങളിലും
'മതങ്ങളിലും' 'ജാതികളിലും' പാര്‍ട്ടികളിലും അധിവസിക്കുന്ന മനുഷ്യനെയും മൃഗങ്ങളെയും സസ്യലതാതികളെയും 'എന്‍റേതില്‍' നിന്ന് കൊണ്ട് തന്നെ നമുക്ക് സ്നേഹിക്കാന്‍ കഴിയുമോ ?


എന്‍റെ ബ്ലോഗര, എല്ലാവരുടെയും ബ്ലോഗരയാകട്ടെ.

എന്‍റെ അമ്മ, എന്‍റെ അച്ഛന്‍, എന്‍റെ സഹോദരങ്ങള്‍... ഭാര്യ മക്കള്‍ , അവര്‍ക്ക് വേണ്ടി  ഞാന്‍ പാടുപെടുന്നു, എന്‍റെ മതത്തിന് എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ജാതിക്ക് എന്‍റെ രാജ്യത്തിന്....    
'എന്‍റേത്' എന്നവികാരമാണ് ലോകത്തെ നിലനിര്‍ത്തുന്നത്.
അതില്ലാതാക്കാന്‍ ആവില്ല.  പകരം, എന്‍റെതും  അവന്‍റെതും അല്ല.         
എന്‍റെ 'എന്‍റെതും', അവന്‍റെ 'എന്‍റെതും' എന്ന് നാം മാറി ചിന്തിച്ചാല്‍ ലോകം എത്ര സുന്ദരമാകും.
.ഇതായിരിക്കില്ലെ നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് യേശു പറഞ്ഞതിന്‍റെ പൊരുള്‍..
എന്‍റെ വീട്ടിലിരിക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ അയല്‍ക്കാരന്‍...
ഞാന്‍ തൃശൂര്‍ ക്കാരന്‍ ആകുമ്പോള്‍ മലപ്പുറത്തുകാരും, പാലക്കാട്ടുകാരും, എറണാകുളം കാരും അയല്‍ക്കാര്‍.
ഞാന്‍ കേരളീയന്‍ ആകുമ്പോള്‍ തമിഴ്നാട്ടുകാരനും കര്‍ണാടകക്കാരനും അയല്‍ക്കാരന്‍ .
ഞാന്‍ ഇന്ത്യക്കാരനാകുമ്പോള്‍ പാകിസ്ഥാനിയും നേപ്പാളിയും ബംഗ്ലാദേശിയും, ബര്‍മ്മക്കാരനും, ശ്രീലങ്കനും, ചൈനക്കാരനും,......  എന്‍റെ അയല്‍ക്കാര്‍.......,.....
ഇവരെയൊക്കെ എനിക്കു സ്നേഹിക്കാന്‍ കഴിഞ്ഞാല്‍............................., ഭൂമിയിലും മനസ്സുകളിലും നാം വരച്ചുകൂട്ടിയ അതിര്‍വരമ്പുകളും, കൊടിയടയാളങ്ങളും പരസ്പരം സ്നേഹിക്കാനും അംഗീകരിക്കാനും തടസ്സമാകാതിരുന്നാല്‍....,.....

യേശുവിന് സ്തോത്രം.
പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിച്ച എല്ലാ പ്രവാചകന്‍മാര്‍ക്കും , ദര്‍ശനങ്ങള്‍ക്കും, ഇസങ്ങള്ക്കും സ്തോത്രം.

എന്‍റെ 'ബ്ലോഗര' ഗ്രാമം സുന്ദരമാണ്,
അത് നല്ല അയല്‍ക്കാരെ കാത്തിരിക്കുന്നു


Tuesday 29 May 2012

ഞാന്‍, ബ്ലോഗന്‍.






ദേ വന്നു ... ദാ  പോയി....
മലയാളത്തിലെ എണ്ണമറ്റ ബ്ലോഗ്ഗന്‍മാരുടെ സ്ഥിയിതാണ്.
എത്രയെത്ര ബ്ലോഗ്ഗുകള്‍ ആണ് തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ കാടുകേറി കിടക്കുന്നത്.
പ്രതിഭാധനരായ എത്രയോ ചെറുപ്പക്കാര്‍ ആവേശ പൂര്‍വ്വം ബ്ലോഗി തുടങ്ങും.
നമ്മുടെ മണിയാശാന്‍റെ സ്റ്റയില്‍ ആണ്.
വണ്‍, ടൂ, ത്രീ....ട്ടോ .... ട്ടോ.... ട്ടോ... വെടിതീര്‍ന്നു. 
രാവിലെ നടക്കാന്‍ പോകുക, കരാട്ടെ പഠനം, ജിമ്മില്‍ പോവുക... ബ്ലോഗ്ഗ് തുടങ്ങുക.....ഒക്കെ ഒരു ആരംഭ ശൂരത്വമാണ്. കൊണ്ടുനടക്കാന്‍ വലിയ പാടാണ്. അപൂര്‍വ്വം പേര്‍ക്കേ കഴിയൂ. 
എന്നാലും രണ്ടുമാസം കഴിഞ്ഞു വീണ്ടും ആവേശത്തോടെ പോയി ജിമ്മില്‍  അഡ്വാന്‍സ് കൊടുക്കും... വീണ്ടും തഥൈവ.....
 പിന്നേയും തുടരും. ഇന്നല്ലെങ്കില്‍ നാളെ നന്നാകും എന്ന പ്രതീക്ഷയില്‍....
ബ്ലോഗ്ഗര്‍ മാരും തുടക്കം ഒരു ആവേശമാണ്, ഈ നാടിനെ ഞാന്‍ എഴുതി വിറപ്പിച്ചു കളയും എന്ന മട്ടിലുള്ള വരവ്. 
പതുക്കെ പതുക്കെ മടുക്കും, വെറുതെ സമയം കളഞ്ഞിട്ടെന്ത്? 
ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല.... കുറ്റം വ്യവസ്ഥിതിക്കിരിക്കട്ടെ.

പറഞ്ഞ് വന്നത് എന്നെക്കുറിച്ച് തന്നെയാണ്. 
ഇടക്കിടെ വരുന്ന ഒരാവേശമാണ്,
പലതവണ ബ്ലോഗ്ഗില്‍ അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്.
ഈ ആവേശം പക്ഷേ അത്ര മോശം കാര്യമാണോ?
ഇടക്കെങ്കിലും മിണ്ടണം എന്ന് തോന്നുന്നുണ്ടല്ലോ. 
സ്വന്തം ബുദ്ധിയും വിവേകവും ആരാന്റെ ആലയില്‍ പണയം വെച്ച് കണ്ണുമടച്ച് സിന്ദാബാദ് വിളിക്കുന്ന ആധുനിക യുവത്വത്തെക്കാള്‍ കേമം തന്നെയല്ലേ.

ഇടക്ക് വെച്ച്  ഇട്ടേച്ചു പോകുന്ന  എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കുമായി ഈ ബ്ലോഗ്ഗ് സമര്‍പ്പിക്കുന്നു. 
മാസത്തില്‍ ഒരു പോസ്റ്റ് എങ്കിലും എഴുതി ബ്ലോഗ്ഗുകളെ കൊണ്ടുനടക്കുന്ന ബ്ലോഗ്ഗേട്ടന്‍മാര്‍ക്കും ബ്ലോഗ്ഗേച്ചി മാര്‍ക്കും അഭിവാദ്യങ്ങള്‍..

പണ്ട് കഥാ പ്രസംഗക്കാര്‍  പാടിത്തുടങ്ങുന്നത് പോലെയാണ് എന്‍റെ സ്ഥിതി
കാഥികനല്ല, കലാകാരനല്ല ഞാന്‍  .............
പിന്നെ താന്‍ ആരുവാ .......

ദൈവം  മതത്തിന് അതീതന്‍ ആണെന്ന്‍ വിശ്വസിക്കുന്നു.
രാഷ്ട്രീയം  പാര്‍ട്ടികള്‍ക്ക് അതീതമാണ് എന്ന്‍ വിശ്വസിക്കുന്നു.
ഞാന്‍ എനിക്ക് അതീതനാണ് എന്ന്‍ വിശ്വസിക്കുന്നു.
ഭൂലോകത്തുള്ള സകല മനുഷ്യരും എന്നെക്കാള്‍ നല്ലവരാണ് എന്ന് വിശ്വസിക്കുന്നു 

പേര്, വിലാസം, പോസ്റ്റ്.... എല്ലാം വഴിയേ... ഒരു വര്‍ഷം എങ്കിലും കൊണ്ട് നടക്കാന്‍ പറ്റുമോ എന്ന്‍ നോക്കട്ടെ.
ഉള്ള ചീത്തപ്പേര് കളയാണ്ടല്ലോ. എന്തേയ്......      

സ്വന്തം,
വണ്‍ബ്ലോഗന്‍
(ഒരു ബ്ലോഗന്‍, അല്ലെങ്കില്‍ ബ്ലോഗ്ഗന്‍മാരില്‍ ഒരുവന്‍.)