Tuesday 25 July 2017

മലയാള സിനിമയിലെ നടിമാരെല്ലാം മാലാഖാമാരാണ്, നടന്മാരെല്ലാം പരമ ചെറ്റകളും, 'അമ്മ വെറും ആഭാസന്മാരുടേതാണ്....പ്രേക്ഷക ലക്ഷങ്ങൾക്ക് സുഖം തന്നെയല്ലേ...?

നടി ആക്രമിക്കപ്പെട്ട കേസോടെ മലയാള സിനിമക്ക് അകത്തുള്ള പുഴുക്കുത്തുകൾ പതുക്കെയെങ്കിലും പുറത്തേക്ക് കണ്ടു തുടങ്ങുന്നുണ്ട്, മലയാളിയുടെ മനസ്സിലെ പുഴുക്കുത്തു അതിലേറെ തെളിമയോടെ കാണുന്നുമുണ്ട്, പത്തു കാശും കുറച്ചു പ്രശസ്തിയും ഉള്ളവരോടൊക്കെ ഭൂരിപക്ഷം മലയാളികൾക്കും ഉള്ള സ്ഥായീ ഭാവമാണ് പുച്ഛം, നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ തെളിഞ്ഞു കാണുന്ന നീതി ബോധത്തിന്റെ അങ്ങേത്തലക്കൽ   ഈ പുച്ഛഭാവം പല്ലിളിച്ച് കാണിക്കുന്നുണ്ട്, ഇപ്പോഴിതാ ജീൻ പോളിനെതിരെ ഒരു 'നടി' കേസുകൊടുത്തതോടെ സിനിമയിലെ സാംസ്കാരിക/സദാചാര  തകർച്ചയിൽ ധാർമ്മിഷ്ഠനായ ടി മലയാളിയുടെ കുരു വീണ്ടും പൊട്ടി ഒലിക്കുകയാണ്.



ഒരു പഴയ അനുഭവം അയവിറക്കിക്കൊണ്ട് തുടങ്ങാം, ഏതാണ്ട് 20 കൊല്ലം മുമ്പാണ്, പിന്നീട് ഭക്തി മാർഗ്ഗം സ്വീകരിച്ച ഒരു പഴയകാല പ്രമുഖ സംവിധായകനും, എന്റെ സുഹൃത്തായ തിരക്കഥാ കൃത്തും ചില മൂന്നാം നിര നടന്മാരും കൂടി ഒരു വലിയ വീട് വാടകക്കെടുത്തു പുതിയത് സിനിമയുടെ പണിപ്പുരയിലാണ്, സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയ ഞാൻ ഉൾപ്പടെ ഉള്ളവർ സംസ്സാരിച്ചു ഇരിക്കുന്നതിനിടെ ഒരു കാർ വന്നു നിന്നു, അമ്മയും മകളും പുറത്തിറങ്ങി, ഒരു 'സുഹൃത്തിന്റെ' റെക്കമെന്റേഷനിൽ മകളെ അഭിനയിപ്പിക്കാൻ സംവിധായകനെ കാണാൻ വന്നതാണ് അമ്മയും മോളും, എല്ലാവരോടും കൈകൂപ്പി കാണിച്ചു രണ്ടുപേരും ഇരുന്നു, കൂടെ കൊണ്ട് വന്ന മോളുടെ വ്യത്യസ്ത ഭാവങ്ങളോടെയുള്ള ഫോട്ടോകൾ 'അമ്മ സംവിധായകനെ കാണിച്ചുകൊണ്ടിരുന്നു, സ്‌കൂളിലെയും കോളേജിലെയും മോളുടെ അഭിനയ പ്രകടനങ്ങളെക്കുറിച്ചു വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു,
"എന്നാപ്പിന്നെ ഞാൻ ആലോചിച്ചു വിളിക്കാം ഷൂട്ട് തുടങ്ങാൻ ഒരു രണ്ടു മാസമെങ്കിലും കഴിയും, നിങ്ങൾ ഇപ്പൊ പൊയ്ക്കോളൂ എന്ന് സംവിധായകൻ, വീണ്ടും കൈകൂപ്പി വണങ്ങി എഴുന്നേറ്റു വാതിലിനടത്തു വരെ നടന്ന 'അമ്മ വീണ്ടും ഒന്ന് തിരിഞ്ഞു നിന്നു, എന്തോ ചോദിക്കാൻ ഉള്ളത് പോലെ.... നടന്മാരിൽ ഒരാൾ എഴുന്നേറ്റ് ചെന്ന് ചോദിച്ചു, "എന്തേ..?" "സ്വരം താഴ്ത്തി 'അമ്മ : "സാർ ഞങ്ങൾ ഇന്നിവിടെ നിക്കണോ", സ്ലോമോഷനിൽ കഴുത്തു തിരിച്ചു നടൻ സംവിധായകനെ നോക്കി, വിട്ടു കളയടെ എന്ന് ആംഗ്യം "പിന്നെ വിളിക്കാം" എന്ന് നടൻ അമ്മക്ക് തർജ്ജമ ചെയ്തു കൊടുത്തു, മനസ്സില്ലാ മനസ്സോടെ 'അമ്മ മോളെയും കൂട്ടി പുറത്തിറങ്ങി... അത്യാവശ്യം തരക്കേടില്ലാത്ത അലവലാതികളായ ഇവന്മാർ എന്തെ ആ 'ഭാവി നടിയെയും ഒരു 'ഒന്നൊന്നര' അമ്മയെയും വിട്ടു കളഞ്ഞു, എന്ന ചോദ്യത്തിന് എന്റെ സുഹൃത്ത് നൽകിയ മറുപടി "അവന്മാർക്ക് ഇന്നത്തെ ആവശ്യത്തിനുള്ള 'സാധനങ്ങൾ' മുകളിലെ മുറിയിൽ ഉണ്ട്" എന്നായിരുന്നു...!

നമുക്ക് 2017 ലേക്ക് വരാം
ഒരു നടി ആക്രമിക്കപ്പെടുന്നു,
സിനിമാലോകം ഒന്നാകെ പ്രതിഷേധിക്കുന്നു,
മുഖ്യമന്ത്രിയെ വിളിക്കുന്നു,
നടിയെ നേരിൽ വിളിച്ചു ഞങ്ങൾ കൂടെ ഉണ്ട് എന്ന് പറയുന്നു.... കേസ് അന്വേഷണം ശക്തമാക്കണം എന്ന് പോലീസിനോട് ആവശ്യപ്പെടുന്നു...
ഇതിലപ്പുറം ഒരു സംഘടനയും സഹപ്രവർത്തകരും എന്താണ് ചെയ്യേണ്ടത്?

ദിവസങ്ങൾക്കകം ഒരു നടൻ പ്രതിയാണ് എന്ന അഭ്യൂഹം വരുന്നു,
താൻ അല്ല എന്ന് നടൻ ആണയിട്ടു പറയുന്നു,
'അമ്മ എന്ന സംഘടനാ എന്ത് ചെയ്യണം?,
ദിലീപിനെതിരെ ഒരു തെളിവുമില്ലാത്ത,
സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഇല്ല എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയ ആ നാളുകളിൽ, "ആക്രമിക്ക പെട്ട നടിക്ക് നീതികിട്ടണം, " ഒരു തെളിവുമില്ലാതെ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ല, രണ്ടു പേർക്കും നീതികിട്ടണം"
ഇതല്ലാതെ പിന്നെ എന്താണ് ഒരു സംഘടന പറയുക?
പക്ഷെ മാധ്യമണങ്ങൾക്കും അവർ സൃഷ്ടിച്ചെടുത്ത പൊതു ബോധത്തിനും അത് പോരായിരുന്നു.... 'അമ്മ പിന്നെ എന്ത് നിലപാട് സ്വീകരിക്കണം?എന്ന ചോദ്യം വായുവിൽ ലയിച്ചു! അമ്മക്കെതിരെ തൊണ്ടകീറിയ വിമർശനങ്ങൾ ഉച്ചത്തിൽ മുഴങ്ങി   ,
ദിലീപ് കേസിൽ അറസ്റ്റിലായി,
'അമ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ചു,
ദിലീപിനെ പുറത്താക്കി!
'അമ്മ വേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്?
ദിലീപിനെ പരിചയമുള്ള അയാളോടൊപ്പം തൊഴിലെടുക്കുന്ന പല നടന്മാരും ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ല, അയാൾ അങ്ങനത്തെ ആളല്ല എന്ന് പറഞ്ഞു,
എന്താ പറഞ്ഞു കൂടെ?
അവർക്ക് അറിയുന്ന ദിലീപ് അക്രമിയല്ല എന്ന് പറയാനുള്ള അവകാശം അവർക്കില്ലേ...?
ടി പി യെ വെട്ടി നുറുക്കി കൊലചെയ്തവരുടെ കേസുനടത്താനും ന്യായീകരിക്കാനും ഇവിടെ ആളുണ്ട്, അതിൽ ആർക്കും പരാതിയില്ല, സകല രാഷ്ട്രീയ പാർട്ടികളൂം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു പ്രതികൾക്കായി പിരിവു നടത്തുന്നു ആർക്കും പരാതിയില്ല....
സിനിമാക്കാർ അയാൾ അങ്ങനെ ചെയ്യാൻ സാധ്യതയില്ല എന്നൊരു പ്രസ്താവന ഇറക്കിയാൽ ചാനലികളിൽ ഒച്ചപ്പാടായി,
കാശും പ്രശസ്തിയും ഉള്ളവനോടുള്ള കണ്ണുകടി! വേറെന്ത്?

ഇന്നസെന്റ്റ് പെണ്ണുങ്ങളെ പറ്റി വേണ്ടാത്തത് പറഞ്ഞത്രേ..!
സിനിമയിൽ പെണ്ണുങ്ങൾ മിക്കവാറും നല്ലവരാണ്, ഏതെങ്കിലും മോശക്കാർ കിടന്നു കൊടുക്കുണ്ടാവും എന്നാണ് ഇന്നസെന്റ് പറഞ്ഞത്.. !! അത് പക്ഷെ സദാചാര മലയാളിക്ക് രസിച്ചില്ല. !
സിനിമയിൽ ആരൊക്കെ കിടക്കും, ആരൊക്കെ കിടക്കില്ല, കിടക്കുന്നവരുടെ വെറുതെ കിടക്കുമോ..റേറ്റ് എത്രയാണ് എന്ന കാര്യങ്ങളൊക്കെ പരസ്യമായ രഹസ്യമാണ്,
പുതിയ തലമുറയിലെ നല്ല വിദ്യാഭ്യാസവും വ്യക്തിത്വും ഉള്ള നടിമാരോടൊന്നും ഒന്ന് മുട്ടി നോക്കാൻ പോലും ആരും ധൈര്യപ്പെടാറില്ല, കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അവർക്കു അവസരം വന്നു ചേരുന്നത്.. എന്നാൽ അവസരത്തിനും കാശിനും  വേണ്ടി എന്തിനും തയ്യാറുള്ളവരും ഇതേ ഇൻഡസ്ട്രിയിൽ ഉണ്ട്,
മലയാള സിനിയമിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ എന്നല്ല, ലോകത്തു എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെയാണ് കാര്യങ്ങൾ. "എന്റെ മോളെ ഒരച്ഛൻ കാണാൻ പാടില്ലാത്ത വിധത്തിൽ എനിക്ക് കാണേണ്ടി വന്നു, അമ്മയാണ് അവളെ നശിപ്പിക്കാൻ കൂട്ട് നിന്നത് എന്ന്, എറണാകുളം പ്രസ്‌ക്ലബ്ബിൽ പത്രസമ്മേളനം നടത്തേണ്ടി വന്ന അച്ഛനുള്ള നാടാണ് നമ്മുടേത്..! അവിടെയാണ് മോശക്കാരുണ്ടെങ്കിൽ മോശം പണി ചെയ്യുന്നുണ്ടാവും അതിനു നമുക്കെന്തു ചെയ്യാൻ കഴിയും എന്ന ഇന്നസെന്റിന്റെ ചോദ്യം അപരാധമായി മാറുന്നത്?

രാജ്യത്തെ കള്ളപ്പണം ഒഴുകുന്ന കടലാണത്രെ സിനിമാ വ്യവസായം!, നടന്മാരും നടിമാരും സംവിധായകന്മാരും, സിനിമാക്കാരും എല്ലാരും കള്ളപ്പണക്കാർ...!!

24 മണിക്കൂറും രാഷ്ട്രീയ പ്രവർത്തനം നടത്തി പാർട്ടിയിൽ നിന്നു ശമ്പളം വാങ്ങി ജീവിക്കുന്നവർ കൊട്ടാര സമാനമായ വീട് വെക്കുന്നതും, മക്കളെ വിദേശത്തു അയച്ചു പഠിപ്പിക്കുന്നതും പക്ഷെ വെള്ളപ്പണം കൊണ്ടാണ്,
നാട്ടിൽ തേരാപാരാ നടന്നിരുന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ രണ്ടുമൂന്നു കൊല്ലം കൊണ്ട് തിളങ്ങുന്ന കുപ്പായവും, സ്വത്തു വകകളും സ്വന്തമാക്കിയത് വെള്ളപ്പണം കൊണ്ടാണ്,
സകല നഗരങ്ങളിലും അംബര ചുംബികളായ കെട്ടിടങ്ങൾ ഉയർന്നു പൊങ്ങുന്നത് വെള്ളപ്പണം കൊണ്ടാണ്!
രാഷ്ട്രീയ പാർട്ടികൾ രാഷ്‌ട്രപതി ഭവനെ വെല്ലുന്ന ഓഫീസ് സമുച്ഛയങ്ങൾ കെട്ടി പൊക്കുന്നത് വെള്ളപ്പണം കൊണ്ടാണ്
കൂണുപോലെ മുളച്ചു പൊങ്ങുന്ന മാധ്യമ ഭീമന്മാരൊക്കെയും എടുത്തെറിയുന്നത് വെള്ളപ്പണമാണ് !
സിനിമക്കാരുടേത് മാത്രം 'കള്ളപ്പണം' !
സിനിമക്കാരോടുള്ള അരിശം തീർക്കാൻ ഇനി എന്തൊക്കെയാണ് പാണന്മാർ പാടി നടക്കുന്നത്?

മമ്മുട്ടി മിണ്ടിയില്ല, മോഹൻലാൽ വാതുറക്കാനില്ല.....
ഒന്ന് വീതം മൂന്നു നേരം ചാനലുകളെ വിളിച്ചു പ്രതിഷേധം അറിയിക്കാൻ ഇരിക്കുകയാണല്ലോ, മമ്മുട്ടിയും മോഹൻലാലുമൊക്കെ... !! നിങ്ങളീ പറയുന്ന 'കുത്തഴിഞ്ഞ' സിനിമാലോകത്ത് ആരെക്കൊണ്ടും 'പറയിക്കാതെ' അന്തസ്സായി പതിറ്റാണ്ടുകളായി ജീവിക്കുവരാണ് മമ്മൂട്ടിയും  മോഹൻലാലും ഉൾപ്പടെയുള്ള സിനിമാക്കാർ. !
സിനിമ എന്ന കലാരൂപത്തോട് ഉള്ള ഭ്രമം കൊണ്ട് മാത്രം ചേക്കേറിയവർ, പകലന്തിയോളം തൊഴിലെടുത്ത് ജീവിക്കുന്നവർ,
'ഇരിക്കക്കൂര' പണയപ്പെടുത്തി  ലോണെടുത്ത് സിനിമ പിടിക്കുന്ന സുഹൃത്തുക്കൾ! ഒരു സിനിമ തുടങ്ങാൻ തീരുമാനിച്ചത് മുതൽ 'പെട്ടിയിലാക്കി' തിയേറ്ററിൽ എത്തുന്നത് വരെ ഊണും ഉറക്കവും ഉപേക്ഷിച്ചു സന്യാസ ജീവിതം നയിക്കുന്ന സിനിമാ സ്നേഹികളായ
ചെറുപ്പക്കാർ അണിയറ പ്രവർത്തകർ, ഇവരുടേത് ഒക്കെയാണ് സിനിമ, ഇവിടെ എല്ലാവരുമുണ്ട് സമൂഹത്തിന്റെ നന്മയുടെയും തിന്മയുടെയും പരിച്ഛേദം സിനിമയിലുമുണ്ട്, 'സദാചാര മലയാളിയുടെ' പഴകിപ്പുളിച്ച കുശുമ്പിനോട് പ്രതികരിക്കാൻ അവർക്കു മനസ്സില്ല,! സമയവുമില്ല



ഇപ്പോഴിതാ ജീൻ പോളിനെതിരെ കേസുമായി വന്നിരിക്കുന്നു നടി !, 2016 ൽ ലൈംഗീക ചുവയോടെ സംസാരിച്ചത്രേ! എല്ലാവരും ഇരയോടൊപ്പം തന്നെ കാണണം, പെണ്ണാണല്ലോ എന്നും ഇര! തന്നെക്കാൾ കാശും പ്രശസ്തിയും ഉള്ളവരോട് മലയാളിക്കുള്ള അസൂയയുടെയും വിദ്വെഷത്തിന്റെയും ചൂണ്ടയിൽ കുടുങ്ങിയ ഇര ! 

No comments:

Post a Comment