കേരളം അരക്കെട്ടില്‍ നിന്ന് ചുണ്ടുകളിലേക്ക് 'ഉയര്‍ന്നിട്ടുണ്ട്', സരിതാ നായരും ശാലിനി മേനോനും ബിന്ദ്യ തോമസും സാമൂഹ്യ രാഷ്ട്രീയ ചര്‍ച്ചകള്‍ 'നിയന്ത്രിച്ചിരുന്ന' ഇന്നലെകളില്‍ നിന്ന് ചുംബന സമരക്കാരുടെ ചുണ്ടുകളിലേക്ക് ചര്‍ച്ചകള്‍ പടര്‍ന്ന് കയറുമ്പോള്‍ 'ആഭാസം' അല്‍പം കുറഞ്ഞിട്ടില്ലേ...? ഏതായാലും ചുബന സമരത്തില്‍ നിങ്ങള്‍ ഏത് പക്ഷത്ത് എന്ന ചോദ്യം പിണറായി പോലും നേരിടേണ്ടി വരുന്നു, അപ്പുറത്തോ ഇപ്പുറത്തോ എന്ന് പലര്‍ക്കും വലിയ പിടിയില്ല. ചുംബനത്തെ അനുകൂലിക്കണം എന്നുണ്ട് സദാചാരം പിടിവിടാനും പാടില്ല, ഡി വൈ എഫ് ഐ ഉള്‍പ്പടെയുള്ള യുവജന സംഘടനകളില്‍ വരെയുണ്ട് ഈ അങ്കലാപ്പ്. ബ്ലോഗനോടും പലരും ചോദിക്കുന്നു എന്താണ് ചുംബന സമരത്തോടുള്ള താങ്കളുടെ നിലപാട്? ഉത്തരം : ഞാന്‍ ആ സമരത്തെ അനുകൂലിക്കുന്നു, നൂറു വട്ടം.
എന്തു കൊണ്ട്?
ചുംബന സമരം എന്നത് നടുറോട്ടില്‍ ചുംബിക്കാന്‍ സ്വാതന്ത്ര്യം വേണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സമരമുറയല്ല, ക്ഷേത്ര പ്രവേശന സമരത്തെ പ്പോലെ അതൊരു അവകാശ സമരവുമല്ല, അതൊരു ചെറുത്തു നില്‍പ്പ് മാത്രമാണ്. കോഴിക്കോട്ടെ റെസ്റ്റോറന്‍റില്‍ നടന്ന സങ്കികളുടെ സദാചാര പോലീസിങ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ ഒരു കാരണമായി എന്നേയുള്ളൂ, ഫാസിസം സമൂഹത്തെ മുച്ചൂടും വരിഞ്ഞു മുറുക്കാന്‍ ശ്രമിക്കുമ്പോള്‍, വ്യക്തി സ്വാതന്ത്ര്യം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ ചെറുത്ത് നില്‍പ്പ് അതാണ്, അത് മാത്രമാണ് ചുംബന സമരം... അല്ലാതെ തെരുവുകള്‍ കാമകേളികള്‍ക്ക് തുറന്നു കൊടുക്കാന്‍ വേണ്ടിയല്ല ഈ സമരം.
സദാചാരം ഇത്ര മോശം പദമാണോ.... ? നടുറോട്ടില്‍ പരസ്പരം ചുംബിക്കുന്നത് ആഭാസമല്ലേ.... ?
സുഹൃത്തേ, സദാചാരം വളരെ നല്ല പദമാണ്. പക്ഷേ ഈ ആണും പെണ്ണും തമ്മിലുള്ള വിഷയത്തില്‍ മാത്രമേ താങ്കള്‍ക്ക് സദാചാരവും ആഭാസവും കാണാന്‍ പറ്റുന്നുള്ളോ...?
തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പൊതു ഖജനാവ് കട്ടുമുടിക്കുന്നതിനെക്കാള്‍ വലിയ ആഭാസമാണോ പൊതു സ്ഥലത്ത് ചുംബിക്കുന്നത്?
വര്‍ഗ്ഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മില്‍ അടിപ്പിച്ച് 'അധികാരത്തില്‍ കയറാന്‍ ശ്രമിക്കുന്നവരുടെ ആഭാസത്തെക്കാള്‍ വലുതാണോ രണ്ടു പേര്‍ കെട്ടി
പിടിക്കുമ്പോള്‍ സംഭവിക്കുന്ന ആഭാസം?
പിടിക്കുമ്പോള്‍ സംഭവിക്കുന്ന ആഭാസം?
ഒരു സംസ്ഥനത്തെ മുഖ്യമന്ത്രി യും മന്ത്രിമാരും ഒരു പെണ്ണിന്‍റെ 'വലയില്‍' കുരുങ്ങി ഭരണകൂടം ചക്രശ്വാസം വലിക്കേണ്ടി വരുന്ന ആഭാസത്തെക്കാള്‍ വലുതാണോ ചുംബിക്കുന്ന ആഭാസം?
നിരവധി പേര്‍ ചേര്‍ന്ന് ഒരു പെണ്‍ കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ തനിക്കറിയാം, എനിക്ക് ഭരണം തരൂ ഞാന്‍ അവരെ തെരുവിലൂടെ കയ്യാമം വെച്ച് നടത്തിക്കാം എന്ന്‍ ജനങ്ങള്‍ക്ക് വാക്ക് കൊടുത്ത് അഞ്ചു വര്‍ഷം സസുഖം ഭരണത്തില്‍ ഇരുന്ന്‍ മൂടും തട്ടി ഇറങ്ങിപ്പോയ ആഭാസനെക്കാള്‍ വലിയ ആഭാസനാണോ പാവം പശുപാലന്‍?
മാസങ്ങളായി പൊള്ളുന്ന കാലുകളും ഉരുകുന്ന നെഞ്ചുമായി കുറെ ആദിവാസികള്‍ നടത്തുന്ന സമരത്തെ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയ-സംസ്കാരീക നേതൃത്വത്തിന്‍റെ ആഭാസത്തെക്കാള്‍ വലുതാണോ രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ സംഭവിക്കുന്നത്?
മാസങ്ങളായി പൊള്ളുന്ന കാലുകളും ഉരുകുന്ന നെഞ്ചുമായി കുറെ ആദിവാസികള്‍ നടത്തുന്ന സമരത്തെ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയ-സംസ്കാരീക നേതൃത്വത്തിന്‍റെ ആഭാസത്തെക്കാള്‍ വലുതാണോ രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ സംഭവിക്കുന്നത്?
ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ആഭാസങ്ങള്‍ കണ്ടു നില്‍ക്കുക മാത്രമല്ല, പല ആഭാസന്‍മാര്‍ക്കും ജയ് വിളിക്കുക കൂടി ചെയ്യുന്ന താങ്കളുടെ ആഭാസത്തോളം വരില്ല സുഹൃത്തേ ഒരു കൂട്ട ചുംബനവും.
കിടപ്പറയില്‍ കാണിക്കുന്നത് തെരുവില്‍ കാണിക്കരുതെന്ന് പിണറായി സഖാവ് പോലും പറഞ്ഞല്ലോ...?
കിടപ്പറക്ക് പുറത്തുള്ള ചുംബനം എന്തെന്നറിയാതെ ഒരു പുരുഷ ജീവിതം പാഴായിപ്പോയ സഖാവിനോട് നമുക്ക് സഹതപിക്കാം, കിടപ്പറയില്‍ നാം ചുംബിക്കാറുണ്ട്, ആ ചുംബനം ചൂണ്ടുകളില്‍ ഒതുങ്ങുന്നതല്ല.... ആ ചുംബനം റോഡില്‍ വേണം എന്നാരും പറയുന്നില്ല, കാമം ഇല്ലാതെയും ചുംബനങ്ങളുണ്ട്, കാമം ഇല്ലാത്ത സ്നേഹവുമുണ്ട്, ആ ചുംബനമേ സമരക്കാര്‍ ചെയ്യുന്നുള്ളൂ....
ചുംബനം ഒരു സമരായുധം മാത്രമാണ്, ഞങ്ങള്‍ക്കിഷ്ടപ്പെടാത്ത തെന്തും തല്ലിത്തകര്‍ക്കും എന്ന് ആക്രോശിക്കുന്ന ഫാസിസത്തിന്റെ മുഖമടച്ച് ആട്ടുകയാണ് ചുംബന സമരം.
കുറെ 'അരാഷ്ട്രീയ'ക്കാരായ ചെറുപ്പക്കാരല്ലാതെ വേറെ ആരുണ്ട് ഈ സമരത്തിന്?
രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നാട്ടിലുള്ള ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആലയില്‍ സ്വന്തം തലച്ചോര്‍ കെട്ടിയിടുകയും നേതാക്കളുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുന്ന കലാപരിപാടിയാണ് എന്ന് തെറ്റിദ്ധരിച്ച 'രാഷ്ട്രീയക്കാരുടെതാണ് ഈ അരാഷ്ട്രീയ വിലാപങ്ങള്‍, ചുംബന സമരം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്, വ്യവസ്ഥിതിയോട് ഇടഞ്ഞു നില്‍ക്കാന്‍ നെഞ്ചുറപ്പുള്ളവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിന് പ്രാപ്തിയുള്ള ചുരുക്കം പേരെ ഏത് സമൂഹത്തിലും ജനിക്കുന്നുള്ളൂ, നിലവിലുള്ള വിശ്വാസങ്ങളെയും സാഹചര്യങ്ങളെയും പിന്തുണച്ച് സുരക്ഷിതത്വം നേടുന്നവരാകും എണ്ണത്തില്‍ കൂടുതല്‍.., എന്നും അങ്ങനെ ആയിരുന്നു.
മതവിശ്വാസികള്‍ എല്ലാം ചുംബന സമരത്തിനെതിരാണല്ലോ...?
ആരുപറഞ്ഞു? സംഘപരിവാര്‍ ഏത് മതവിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നത്? ഏത് സംസ്കാരത്തെയാണ്? , നാട്ടില്‍ മത സ്പര്‍ദ്ധ വളര്‍ത്തി അധികാരം നേടാന്‍ ശ്രമിക്കുന്ന വരുടെ കയ്യിലെ വെറും കളിപ്പാവകള്‍ മാത്രമാണ് സങ്കികള്‍, ശാഖകളില്‍ നിന്ന് കുത്തികയറ്റിയ കാള കൂട വിഷമാണ് വര്‍ക്ക് ഔട്ട് ആകുന്നത്. ഹിന്ദുക്കള്‍ ചുംബന സമരത്തിന് എതിരല്ല.
അപ്പോള്‍ മുസ്ലിംകളോ...?
ചില മുസ്ലിം സംഘടനകള്‍ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണ്, ആദ്യം എതിര്‍ത്ത ചിലരൊക്കെ പിന്നോട്ട് വലിഞ്ഞിട്ടുണ്ട്, ഫാസിസത്തിനെതിരെ യുവതലമുറ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഏത് സമരവും ഫാസിസത്തിന്റെ ഏറ്റവും വലിയ ഇരകളായ മുസ്ലിംകള്‍ പിന്തുണക്കുകയാണ് വേണ്ടത്.., മത വിശ്വസം ഒരു തടസ്സമായി തോന്നുന്നു എങ്കില്‍ മിണ്ടാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം.
സമരക്കാര്‍ നാടുനീളെ തല്ല് കൊള്ളുകയാണല്ലോ...?
തല്ലാന്‍ ഇറങ്ങുന്നവന്‍റെ ശൌര്യമല്ല, തല്ല് കൊള്ളാന്‍ ഇറങ്ങുന്നവന്‍റെ ധീരതയാണ് ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാക്കിയത്, ആള്‍കൂട്ടത്തില്‍ നിന്ന് തല്ലാന്‍ ഏത് പുല്ലനും പറ്റും. തല്ല് കിട്ടും എന്നുറപ്പുണ്ടായിട്ടും ആള്‍കൂട്ടത്തിലേക്ക് സമരം ചെയ്യാന്‍ ഇറങ്ങണമെങ്കില്‍ അമ്മയുടെ മുലപ്പാല് കുടിച്ചു വളരണം.
പിന്നെ ചുംബന സമരം ഒരു പ്രസ്ഥാനമല്ല, അതൊരു പ്രതിഷേധം മാത്രമാണ്, അത് പതുക്കെ കെട്ടടങ്ങും, വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന എവിടേയും അത് മറ്റൊരു രൂപത്തില്‍ തലപൊക്കും, മുലക്കരം ചോദിച്ച രാജഭടന് മുമ്പില്‍ മുലയറുത്ത് ഇലയില്‍ വെച്ചു കൊടുത്തും , ബലാല്‍സംഗം ചെയ്ത പട്ടാളക്കാര്‍ക്ക് മുമ്പില്‍ ഉടുതുണിയുരിഞ്ഞും ആ സമര രീതി ഇവിടെ നില നിന്നിരുന്നു... ഇനിയും അത് നിലനില്‍ക്കും.
ഇത്രയൊക്കെ പറഞ്ഞല്ലോ, താങ്കളുടെ ഭാര്യയെ ഈ സമരത്തിന് വിടുമോ..?
തീര്‍ച്ചയായും വിടും, ഞാന്‍ കിടപ്പറയില്‍ മാത്രമല്ല പുറത്തു വെച്ചും ചുംബിക്കാറുണ്ട്, ഭാര്യയെയോ മക്കളെയോ മാതാപിതാക്കളെയോ മാത്രമല്ല, എന്‍റെ ആണ്‍ പെണ്‍ സുഹൃത്തുക്കളെയും കെട്ടിപ്പിടിക്കാറും ചുംബിക്കാറുമുണ്ട്. അവരുമായുള്ള ബന്ധത്തിന്‍റെ ഊഷ്മളതായനുസരിച്ച് പ്രകടനങ്ങളില്‍ വ്യത്യാസമുണ്ടാവാം, കല്യാണ വീട്ടിലോ റോഡിലോ എവിടെക്കണ്ടാലും ഓടി വന്ന്‍ വട്ടം പിടിക്കുന്ന പല പെണ്‍ സുഹൃത്തുക്കളും എനിക്കുണ്ട്, അവരാരും എന്നെ തൊടുമ്പോള്‍ എനിക്ക് കാമം തോന്നാറില്ല. ഞാനല്ലാത്ത ലോകത്തെ എല്ലാ പുരുഷന്മാരും പൂശാന്‍ മുട്ടി നടക്കുന്നവരാണ് എന്ന വിശ്വസം എനിക്കില്ല അത് കൊണ്ട് തന്നെ എന്‍റെ ഭാര്യയുടെ കാര്യത്തില്‍ എനിക്ക് വേവലാതിയുമില്ല.
തന്‍റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും ചുംബന സമരത്തിന് വിടുമോടാ എന്ന് ചോദിക്കുന്ന പുരുഷനെ ഭയക്കണം, കാരണം അവന്‍റെ അമ്മയും പെങ്ങളുമല്ലാത്ത ഏത് പെണ്ണിനെയും ഭോഗിക്കാന്‍ കാത്തു നില്‍ക്കുകയാണ് അവന്‍റെ മനസ്സും ശരീരവും.
തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പൊതു ഖജനാവ് കട്ടുമുടിക്കുന്നതിനെക്കാള്‍ വലിയ ആഭാസമാണോ പൊതു സ്ഥലത്ത് ചുംബിക്കുന്നത്? സദാചാരം പറയുന്നവനെ നിശബ്ദനാക്കാൻ ഈ ഒറ്റ ചോദ്യം മതി
ReplyDeleteഈ മൂര്‍ച്ചയുള്ള വരികള്‍ക്ക് ഒരു പാട് നന്ദി സുഹൃത്തേ
ReplyDeleteThis comment has been removed by the author.
ReplyDeleteതാങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ..
ReplyDeleteതന്‍റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും ചുംബന സമരത്തിന് വിടുമോടാ എന്ന് ചോദിക്കുന്ന പുരുഷനെ ഭയക്കണം, കാരണം അവന്‍റെ അമ്മയും പെങ്ങളുമല്ലാത്ത ഏത് പെണ്ണിനെയും ഭോഗിക്കാന്‍ കാത്തു നില്‍ക്കുകയാണ് അവന്‍റെ മനസ്സും ശരീരവും.
ReplyDelete