Saturday, 14 December 2013

ആം ആദ്മിയുടെ ഡല്‍ഹി ഭരണം എത്രനാള്‍?

ഡല്‍ഹി  തെരെഞ്ഞെടുപ്പ് ഫലത്തിന്‍റെ തലേദിവസം തലസ്ഥാനത്തെ  പത്രപ്രവര്‍ത്തകരുടെ ആസ്ഥാനമായ ഐ എന്‍ എസ്  ബില്‍ഡിങ്ങിലെ കാന്റീനില്‍ ഇരുന്ന്‍ വൈകുന്നേരത്തെ ചായകുടിക്കുമ്പോള്‍ നാളത്തെ 'വിധിയില്‍ , എ എ പി എവിടെയെത്തും എന്ന ഒറ്റ ചര്‍ച്ചയാണ് എല്ലായിടത്തും കേട്ടത്. ഏറ്റവും വലിയ ശുഭാപ്തി വിശ്വാസികള്‍ പോലും 15 നും 20 നും ഇടക്ക് സീറ്റേ പ്രവചിച്ചുള്ളൂ , തലനാരിഴകീറി തെരെഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ സുഹൃത്ത് 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞു. ഫലം പക്ഷേ ഞെട്ടിച്ചു കളഞ്ഞു, 28 സീറ്റ് നേടി എ എ പി ഡല്‍ഹിയെ കയ്യിലെടുത്തു, ഒരാഴ്ചത്തെ സ്വാഭാവിക ആഘോഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ പത്രലോകത്തിന്റെ സ്വകാര്യ ചര്‍ച്ചകള്‍ 'ആം ആദ്മി എത്രനാള്‍ ? എന്ന ചോദ്യത്തിലേക്ക് മാറിയിരിക്കുന്നു.

കാര്യം ലളിതം, തിരിഞ്ഞുകുത്താന്‍ അവസരം ലഭിച്ചാല്‍ ജനം 'കാലുമാറും' എന്നു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ജനമുന്നേറ്റത്തിന് അടക്കം കെട്ടേണ്ടത് മുഖ്യധാര പാര്‍ട്ടികളുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്, ഒരു പാട് സമരങ്ങളെയും മുന്നേറ്റങ്ങളെയും മുനയൊടിച്ചു കയ്യില്‍കൊടുത്ത പാരമ്പര്യമുള്ള   ദേശീയ പാര്‍ട്ടികള്‍ക്ക് അതത്ര വിഷമകരമായ കാര്യമല്ല. പ്രത്യേകിച്ചു എ എ പ്പിയുടെ മുന്നേറ്റം നിരാശപ്പെടുത്തുന്ന മറ്റ് ചില പ്രഭല വിഭാഗങ്ങളുടെ പിന്തുണകൂടിയുള്ളപ്പോള്‍ .

എ എ പി യെ വല്ലാതെ പേടിക്കുന്ന ഒരു കൂട്ടര്‍ കോര്‍പ്പറേറ്റ് കമ്പനികളാണ്, ഡെല്‍ഹി രാഷ്ട്രീയ കാലിത്തൊഴുത്തായി  നില്‍ക്കേണ്ടതിന്റെ ഏറ്റവും വലിയ ആവശ്യക്കാര്‍ അവരാണ്, മന്‍മോഹനും മോഡിയും രാഹുലും അവര്‍ക്ക് തുല്യരാണ്. വാജ്പേയി അധികാരത്തില്‍ ഇരുന്ന നാളുകളില്‍ സ്വന്തം പ്രതിനിധിയെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഭരണത്തില്‍ ഇടപെട്ട അംബാനി ഗ്രൂപ്പ് അഞ്ചു കൊല്ലം കൊണ്ട് നേടിയ അഭൂതപൂര്‍വ്വമായ വളര്‍ച്ച മന്‍മോഹന്‍ കാലഘട്ടത്തിലും അവര്‍ക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. അംബാനി മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള ഏതൊരു ബിസിനസ്സ് ഗ്രൂപ്പിനും ഡെല്‍ഹിയില്‍ 'സ്വാധീന കേന്ദ്രങ്ങള്‍ ' പ്രവര്‍ത്തിക്കുന്നുണ്ട്, പ്രമുഖ രാഷ്ട്രീയക്കാര്‍ക്കെല്ലാം ഡെല്‍ഹിയില്‍ സ്വന്തം ഏജന്റുമാര്‍ ഉണ്ട്, ഉമ്മഞ്ചാണ്ടിയുടെ കുരുവിളയെപ്പോലെ. കേരളത്തില്‍ നിന്നുമാത്രം ഒരു ഡസന്‍ 'രാഷ്ട്രീയ പിംബുകള്‍ ' ഇടത്തും വലത്തുമുള്ള നേതാക്കള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ പലതും എ എ പി യെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്, കോര്‍പ്പറേറ്റ്-രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ  മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ഡല്‍ഹിയില്‍ ഉള്ള കാര്യം ഇന്ന് ഒരു രഹസ്യമേയല്ല, മുഖ്യധാരയിലെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും ഈ കൂട്ടുകെട്ടിന്‍റെ ബിനാമികളുമാണ്, ഇവരാണ് എ എ പ്പിക്ക് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുക, ഡല്‍ഹി പീഡനം പോലൊരു സംഭവം കെജ്രിവാള്‍ ഭരിക്കുന്ന ഡല്‍ഹിയില്‍ അരങ്ങേറിയാല്‍ ഒറ്റ ദിവസം കൊണ്ട് എ എ പി യുടെ ഗ്രാഫ് കുത്തനെ ഇറക്കാനുള്ള വിദ്യ അവര്‍ക്കറിയാം.      

തൊഴുത്ത് വൃത്തിയാക്കാന്‍ ശ്രമിക്കുന്ന ആം ആദ്മികള്‍ക്ക് പണികൊടുക്കുക ഡെല്‍ഹിയില്‍ അത്രശ്രമകരമൊന്നും അല്ല. india against corruption movement ന്റ്റെ വക്താവായിരുന്ന എ എ പിയുടെ പ്രമുഖ നേതാവ്,  ശാസിയ ഇല്‍മിക്ക് പണി കൊടുത്തത് നാം കണ്ടതാണ്. അങ്ങനെ ഒരു ചെറിയ പണികൊടുത്ത് ഒതുക്കുക എന്ന ലക്ഷ്യത്തിലല്ല 'ശത്രുക്കള്‍ ' .
ഒരു തവണ അധികാരം കയ്യില്‍ കൊടുത്താല്‍ കേന്ദ്രത്തിന്‍റെ അധികാരത്തിന് ചുവട്ടില്‍ 'പരിമിതമായ സംസ്ഥാന അധികാരം കയ്യാളുന്ന ഡല്‍ഹിയില്‍ പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ കഴിയാതെ പരാജിതരായിക്കോളും എന്നാണ് കോണ്‍ഗ്രസ്സ്  നേതാക്കളുടെ കണക്ക് കൂട്ടല്‍ . ഭരണത്തിന്റെ മുഖം കെടുത്തുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ദൽഹി പോലിസ് കേന്ദ്രത്തിന്റെ 'അധികാരത്തിനു' കീഴിലാണ് .  വര്‍ഷങ്ങളായി കുത്തക രാഷ്ട്രീയക്കാരുടെ പിണിയാളൂകളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് 'ഒന്നും നടക്കായ്ക' നടപ്പാക്കാന്‍ എളുപ്പവുമാണ്, ചക്കരക്കുടം കണ്ടാല്‍ കയ്യിട്ട് വാരാതെ എത്രകാലം ആം ആദ്മികള്‍ക്ക് പിടിച്ച് നില്‍ക്കാനാകും? അധികാരത്തില്‍ കയറ്റുക, വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ്സ് ആലോചിക്കുന്നത്. ടി എന്‍ ശേഷന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആയതുപോലെ ഒരു അപകടവും കെജ്രിവാളില്‍ കോണ്‍ഗ്രസ്സുകാര്‍ കാണുന്നുണ്ട്, സ്വകാര്യ സംഭാഷണങ്ങളില്‍ നേതാക്കള്‍ ഈ ഭീതി പങ്കുവെക്കുന്നുണ്ട്.  മോഡിയുടെ ഭീഷണി ഡമോക്ലാസിന്റെ വാളുപോലെ തലക്ക് മുകളിലുള്ളപ്പോള്‍ എ എ പി സ്വയം നശിക്കും എന്ന 'ശുഭ' പ്രതീക്ഷയ്ക്ക് മാത്രമേ കോണ്‍ഗ്രസ്സിന് പാങ്ങുള്ളൂ.

എന്നാല്‍ ബി ജെ പി യുടെ സ്ഥിതി അങ്ങനെയല്ല, മോഡിക്ക് പ്രധാനമന്ത്രിയാവാനുള്ള വഴിയില്‍ എ എ പി തടസ്സമായേക്കും എന്ന്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു,   മാധ്യമ- മാനേജ്മെന്‍റ് കമ്പനികളുടെ    മേല്‍നോട്ടത്തില്‍ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് ആളും അര്‍ത്ഥവും ചിലവഴിച്ച് അശ്രാന്ത പരിശ്രമം നടത്തി മോഡി നേടിയെടുത്ത 'ഭാവി പ്രധാനമന്ത്രി' ഇമേജിന്റെ കാറ്റ് പോകുന്നത് നോക്കിയിരിക്കാന്‍ അവര്‍ക്ക് സാധിക്കില്ല, എ എ പി യുടെ നടുവൊടിക്കുന്ന,  ആം ആദ്മികള്‍ ഇനി രാജ്യത്ത് എവിടെ പൊങ്ങിവന്നാലും ജനം സംശയത്തോടെ വീക്ഷിക്കും വിധം 'വഷളാക്കുന്ന' പദ്ധതികളാവും  മോഡി ബ്രിഗേഡ് തേടുന്നത്. കോര്‍പ്പറേറ്റുകള്‍ , മുഖ്യധാര മാധ്യമങ്ങള്‍ തുടങ്ങി രാജ്യത്തെ രഹസ്യ പോലീസ് സംവിധാനവും, ഉദ്യോഗസ്ഥ പ്രഭുക്കളും എന്നുവേണ്ട സകല മൂര്‍ഖന്‍ പാമ്പുകളും നീര്‍ക്കോലികളും പത്തിവിടര്‍ത്തിയാടാന്‍ കോപ്പുകൂട്ടുന്നുണ്ട് അണിയറയില്‍ .

കഴിഞ്ഞ ദിവസം ശാന്തി ഭൂഷണിന്‍റെ പേരില്‍ മെയില്‍ ടുഡെ പത്രത്തില്‍ വന്ന ലേഖനം ചിലത് വിളിച്ച് പറയുന്നുണ്ട്, ഇന്ത്യക്കാരനെ നശിപ്പിക്കുന്നതില്‍ എക്കാലവും മുഖ്യ പങ്ക് വഹിച്ച വര്‍ഗ്ഗീയത തന്നെയാണ് വീണ്ടും തുരുപ്പ് ചീട്ടാകുന്നത്, ഇന്ത്യയില്‍ ഒരു 'ഹിന്ദു' പ്രാധാനമന്ത്രി ഉണ്ടാവുകയാണ് ഏറ്റവും അത്യാവശ്യം അതിനു തുരങ്കം വെക്കാന്‍ ശ്രമിക്കുന്നവരുടെ ട്രോജന്‍ കുതിരയാണ് കെജ്രിവാള്‍ , 'ഹിന്ദുക്കള്‍ ' അയാളെ തള്ളിക്കളയണം എന്ന ആഹ്വാനം വന്നു തുടങ്ങിയിട്ടുണ്ട് , ശാന്തി ഭൂഷണിന്‍റെ പേരില്‍ വ്യാജ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം മാപ്പ് പറഞ്ഞു, നേരത്തെ കരുതിവെച്ച ഒരു മാപ്പാണിത് എന്നു വ്യക്തം. ചിലര്‍ക്ക് ചിലത് പറയാനുണ്ടായിരുന്നു അത് ശാന്തി ഭൂഷണിന്‍റെ പേരില്‍ പറയുകയാണ് ചെയ്തത്.        

എ എ പി ക്കാരും അവരെ സ്നേഹിക്കുന്നവരും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശുഭകരമായ ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നവരും കണ്ണും കാതും കൂര്‍പ്പിച്ച് ജാഗരൂകരായി ഇരിക്കേണ്ട സമയമാണിത്, ആപ്പിന്‍റെ ഡല്‍ഹി ഭരണം പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പിന് അപ്പുറം പോകാന്‍ ഒരു വിധ സാധ്യതയും ഇല്ലെങ്കിലും  എ എ പി ക്കുമുകളില്‍ ഏത് നിമിഷവും ഒരു ഇടിത്തീ വന്നു വീഴാം, കൈക്കൂലി, രാജ്യദ്രോഹം, തീവ്രവാദം, തട്ടികൊണ്ടുപോകല്‍, സ്ഫോടനം......പെണ്ണ് കേസ്   ഏത് രീതിയിലും അത് വന്നു വീഴാം. എന്ത് വിലകൊടുത്തും എ എ പിയുടെ ചീട്ടുകീറാന്‍ കച്ചമുറുക്കുന്നവര്‍ വാള്‍തലകള്‍ മൂര്‍ച്ച കൂട്ടുന്നതിന്റെ ശബ്ദം ഡല്‍ഹിയില്‍ കേട്ടു തുടങ്ങിയിരിക്കുന്നു ബി ജെ പിയും കോണ്‍ഗ്രസ്സും എസ് പി - ബി എസ് പികളാദി   പ്രഭൃതികളും മാത്രമല്ല ഇടതുപക്ഷ പാര്‍ട്ടികള്‍ വരെ  കത്തിമിനുക്കുന്നുണ്ട്.
ഇതൊക്കെ വെറുമൊരു വിടുവായിത്തമായി തോന്നുന്നവര്‍ ഉണ്ടാകാം, ഡല്‍ഹിയെ, ദേശീയ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച് ധാരണയുള്ള ആര്‍ക്കും പക്ഷേ അങ്ങനെ തോന്നില്ല. വോട്ട് രാഷ്ട്രീയത്തിന് തിണ്ണബലം കൂട്ടാന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ സ്വന്തം പാര്‍ലമെന്റിന് നേരെ 'ഭീകരാക്രമണം' സംഘടിപ്പിച്ചവര്‍ എന്ന ആരോപണം നേരിടുന്നവരാണ് 'ദേശീയ' രാഷ്ട്രീയക്കാര്‍ എന്ന്‍ തിരിച്ചറിയുക
കാത്തിരുന്ന് കാണുക, എ എ പി യുടെ ദീര്‍ഘായുസ്സിന് പ്രാര്‍ഥിക്കുക, കെജ്രിവാളിന്‍റെയും.    

വാല്‍കഷ്ണം : ആപ് മോഡിയുടെ ട്രോജന്‍ കുതിരയാണെന്ന ഒരു ആരോപണമുണ്ട്, പ്രത്യക്ഷത്തില്‍ അത് ശരിയല്ല എന്നു തന്നെ പറയണം, പക്ഷേ ആപ്പിന്റെ അഴിമതി വിരുദ്ധ മുന്നേറ്റം കോണ്‍ഗ്രസ്സിന് പാരയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട, ഒരു പക്ഷേ മോഡിയുടെ വഴി എളുപ്പമാക്കാന്‍ ആപ്പിന് പറ്റും.    

Related Posts
AAP കാണുന്നുണ്ടോ ആപ്പുവരുന്ന വഴി
     

4 comments:

 1. നഗ്ന സത്യങ്ങൾ.., വലിച്ച് കീറി അടുപ്പിൽ വെക്കാൻ ചെന്നായ്ക്കൾ തക്കം പാർത്തിരിക്കുന്നു.

  ReplyDelete
 2. എന്തായാലും കാര്യങ്ങൾ ഇത്തറ്റം ആയ സ്ഥിതിക്ക്
  ഇനി കാത്തിരുന്നു കാണുക തന്നെ. വ്യവസായ ലോബിയുടെ
  കരാള ഹസ്തങ്ങളിൽ അമർന്നു പോകാതിരുന്നാൽ ഭാഗ്യം
  നല്ലത് വരാൻ ആശിക്കാം. ആശംസിക്കാം
  ഗൾഫ് മാധ്യമത്തിൽ നിന്നും ഇവിടെത്തി
  വീണ്ടും വരാം
  ആശംസകൾ

  ReplyDelete
 3. ഒരു കുടുംബതതിന്റെ ശക്തി മക്കളാണ്‌. ഒരു സമൂഹത്തിന്റെ ശക്തി ജനങ്ങളാണ്...... അങ്ങനെ എങ്കില്‍ ഒരു നാടിന്റെ ശക്തി ജനങ്ങള്‍ ജനങ്ങള്‍ തന്നെ ആണ്. ഒരു വ്യവസായിക്കും തകര്‍ക്കാന്‍ പറ്റാത്തതും ജനങ്ങളുടെ ഈ ശക്തിയേ ആണ്. അതു കൊണ്ട് ആം ആത്മീ പാര്ടീ ഇന്ത്യയില്‍ ശക്തമായി തന്നെ വരും......

  ReplyDelete
 4. വളരെ ശരിയാണ് ...... മനസിലെ വെറും വിചാരമാനെങ്കിലും 100% സത്യവുമായി ചേര്ന്നിരിക്കുന്നു.... AAP യെ സ്നേഹിക്കുന്ന എല്ലാവര്ക്കും ആത്മാർഥമായി ആഗ്രഹിക്കാം ...... ഈ ലേഖനത്തിലുല്ലതുപോലെ സംഭവിക്കല്ലേ എന്ന്.

  ReplyDelete