Tuesday, 19 August 2014

ബഷീറ് നല്ലവനാ... പക്ഷേ ആ സതീശന്‍.....?!

നൊസ്റ്റാള്‍ജിയയുടെ അനുഭൂതി തേടി പോകാന്‍ ഇഷ്ട്ടപ്പെടുന്ന ഒന്നാമത്തെ ഇടം എന്‍റെ ഹൈ സ്കൂളിന്‍റെ പരിസരം തന്നെയാണ്, നീണ്ട ഇടവേളക്ക് ശേഷം ഈയിടെ ആ വഴിയൊന്ന് പോകാന്‍ അവസരം ലഭിച്ചു. സ്കൂളും പരിസരവും ആകെ മാറിയിട്ടുണ്ടെങ്കിലും മാറാതെ നില്‍ക്കുന്ന ഒന്നുണ്ട്. ചന്ദ്രേട്ടന്‍റെ ചായക്കട. സ്കൂള്‍ കോമ്പൌണ്ടിനോട് ചേര്‍ന്നുള്ള സ്വന്തം വസ്തുവില്‍ ചന്ദ്രേട്ടന്‍ ചായക്കട തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായിക്കാണും, ജീവിക്കാന്‍ വേറെ 'വഴിയുള്ള' ചന്ദ്രേട്ടന് പിള്ളാര്‍ക്ക് വേണ്ടി മാത്രമുള്ള ആ ചായക്കട കുട്ടികളില്ലാത്തതിന്റെ ദുഖം മറക്കാനുള്ള ഒറ്റമൂലിയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ചോറ് പൊതിയും, വലിയ ടെസ്റ്റ് ബുക്കുകളും തുടങ്ങി 'വിലപ്പെട്ട' പലതും സൂക്ഷിച്ചിരുന്നത് ചന്ദ്രേട്ടന്‍റെ കടയിലാണ്, പോകുമ്പോഴും വരുമ്പോഴും സ്ഥിരമായി അവിടെ ഹാജര്‍ വെക്കും. ഇത്തവണത്തെ യാത്രയും അവിടെ ഹാജര്‍ വെച്ചു കൊണ്ട് തുടങ്ങാം എന്ന്‍ തീരുമാനിച്ചു, സ്കൂളിന്‍റെ പരിസരത്തുള്ള 'ക്ലാസ്സ്മേറ്റ്സില്‍' പലരും ഇന്നും മുടങ്ങാതെ അവിടെ ഒപ്പുവെക്കുന്നവരാണ്, എല്ലാവരെക്കുറിച്ചുമുള്ള 'അടിസ്ഥാന വിവരങ്ങള്‍' ചന്ദ്രേട്ടനില്‍ നിന്ന് ലഭിക്കും.ഇന്‍റര്‍വെല്‍ സമയത്ത് പിള്ളേര് കടക്കു സമീപം കൂട്ടം കൂടി നില്‍ക്കുന്ന സമയത്താണ് കയറി ചെന്നത്. ചന്ദ്രേട്ടന്‍റെ കെട്ടിപ്പിടുത്തവും സ്നേഹപ്രകടനങ്ങളും നടന്നു കൊണ്ടിരിക്കെ ബെല്ലടിച്ചു കുട്ടികള്‍ ക്ലാസ്സുകളിലേക്കോടി.   പഴയ 'സൂപ്പര്‍ സ്റ്റാറുകളെ'ക്കുറിച്ചുള്ള അന്വേഷണങ്ങളും അയവിറക്കലുകളും.... തുടരവേ ചന്ദ്രേട്ടന്‍ പറഞ്ഞു "നമ്മളെ ബഷീറുണ്ടല്ലോ... നല്ലവനാ കുടുംബം നോക്കാന്‍ അറിയുന്നോന്‍, വീടും കാറും സൌകര്യങ്ങളും ഒക്കെണ്ട്, മക്കള് രണ്ടാളും സെന്‍റ് ജോസഫിലാണ്. മിടുക്കനാ അവന്‍. സ്വന്തം കാര്യം വിട്ട് ഒരു കളിയുല്ല്യ.., പക്ഷേ നെന്‍റെ ആ സതീശനുണ്ടല്ലോ നേരെ വലത്താണ്, അന്നും ഇന്നും ഒനേക്കൊണ്ട് കുടുംബത്തിന് ഒരു കൊണവും ഇല്ല്യ.... അതിനെങ്ങനാ നാട്ട്കാരെ പ്രശ്നം കഴിഞ്ഞിട്ട് വേണ്ടേ വീട്ട്ല് പോകാന്‍, എന്നാ ഓനൊക്കെ ഒന്ന് ജീവിക്കാന്‍ പഠിക്ക്യാ... "

ചന്ദ്രേട്ടനെ നമുക്ക് ഇവിടെ വിടാം
ബഷീറിനെയും സതീശനെയും ഒന്ന് പരിചയപ്പെടണ്ടേ...
ബഷീര്‍, ആറാം തരം മുതല്‍ പത്താം തരം വരെ കൂടെ പഠിച്ചവന്‍, ഇന്നും നല്ലൊരു സുഹൃത്ത്. ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് വണ്ടികയറി, കല്ല്യാണം കഴിച്ചു  കുട്ടികളായി വീടായി, സ്വന്തം കുടുംബവും ജീവിതവും ചുരുക്കം ചില സുഹൃത്തുക്കളും അതാണ് അവന്റെ ലോകം, അത്യാവശ്യം പത്രവായനയും രാഷ്ട്രീയവും ബഷീറിനുണ്ട്, തെരെഞ്ഞെടുപ്പ് സമയത്തൊക്കെ ആള്‍ സജീവ പാര്‍ട്ടിക്കാരനാകും, പാര്‍ട്ടി തോറ്റാലും ജയിച്ചാലും ഇരുട്ടുന്നതിന് മുമ്പ് ബഷീര്‍ വീട്ടിലെത്തും.
ഞങ്ങള്‍ സതി എന്ന് വിളിക്കുന്ന സതീശന്‍ എട്ടാം ക്ലാസ്സിലാണ് എന്‍റെ ഡിവിഷനില്‍ എത്തിയത്,അച്ഛന്‍ കൂലിപ്പണിക്കാരന്‍.   സ്കൂള്‍ രാഷ്ട്രീയം കത്തിനിന്ന കാലം, ഞാനും സതിയും കുട്ടിരാഷ്ട്രീയക്കാര്‍, രണ്ടാളും രണ്ടു പക്ഷത്ത്. എന്‍റെ ഏറ്റവും അടുത്ത  സുഹൃത്തുകളില്‍ ഒരാള്‍ സതിയാണ് ആവറേജ് പഠിത്തക്കാരന്‍, ഇടക്കൊക്കെ അവധി ദിവസങ്ങളില്‍ എന്‍റെ കൂടെ വീട്ടില്‍ വന്നു താമസിക്കും, ഉപ്പക്ക് അവനെ വലിയ കാര്യമായിരുന്നു.
ഇതൊക്കെയാണെങ്കിലും സതീശനെ ഞാന്‍ തിരിച്ചറിഞ്ഞത് എട്ടാം ക്ളാസ്സില്‍ പഠിക്കവേ സ്കൂളില്‍ നിന്ന് കന്യാകുമാരിയിലേക്ക് ടൂറു പോകുന്ന വിവരം വീട്ടില്‍ പറഞ്ഞപ്പോഴാണ്. 200 രൂപയാണ് ടൂറിന് വേണ്ടത് സാധാരണ ഗതിയില്‍ രണ്ടു മൂന്നു തവണ മാറ്റിവെച്ച  ശേഷമേ ടൂറ് 'ബില്ല്' പാസ്സാവറുള്ളൂ, ഇത്തവണ പക്ഷേ അല്‍ഭുതം സംഭവിച്ചു 200 നു പകരം 400 തന്നിട്ട് ഉപ്പ പറഞ്ഞു, നിന്‍റെ ലോഹ്യക്കാരന്‍ സതീശനില്ലേ...അവനുള്ളതാണ് 200. ! എന്‍റെ തല പെരുത്തു പോയി ഇതെന്ത് മറിമായം.?

പിന്നീട്,  എന്‍റെ കൂടെ വീട്ടില്‍ 'കൂടാന്‍' വരുമ്പോള്‍ ഉപ്പയെ 'സ്വാധീനിച്ച്' സതി സംഭാവനയായി വാങ്ങിയ നോട്ട് പുസ്തകങ്ങളാണ്  എന്‍റെ ക്ലാസിലെ തന്നെ പച്ച പ്പാവങ്ങളായ കൌസുവും (കൌസല്യ), ആമിനുവും പൊതിയിട്ട് കൊണ്ട് നടക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ വെറും കൊച്ചായിപ്പോയി, സതിയും ഉപ്പയും തമ്മിലുള്ള ബന്ധം ഇന്നും തുടരുന്നു, എത്ര ടൈറ്റാണെന്ന് പറഞ്ഞാലും സതിക്ക് 'വായ്പ' കൊടുക്കാന്‍ ഉപ്പയുടെ കയ്യില്‍ കാശുണ്ടാവും, "ചോദിച്ചിട്ട് കിട്ടിയില്ലെങ്കില്‍ 'ഇനിയിപ്പോ സതിയെക്കൊണ്ട്  വാങ്ങിപ്പിക്കേണ്ടി വരും' എന്നൊരു പഴഞ്ചൊല്ല് തന്നെ വീട്ടില്‍ പിറവിയെടുത്തിട്ടുണ്ട്.
മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിയുന്നവനാണ് സതി, അവന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല, എല്‍ ഐ സി ഏജന്‍റാണെന്നാണ് പറയുന്നത്, എന്നെ പ്പോലും എല്‍ ഐ സിയില്‍ ചേര്‍ക്കാന്‍ അവന് പറ്റിയിട്ടില്ല , മക്കള്‍ മൂന്ന് പേരും സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നു, പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും തരക്കേടില്ലാത്ത ഒരു വീട് വെച്ചു താമസം തുടങ്ങിയിട്ട് ആറ് വര്‍ഷമായി.
ചന്ദ്രേട്ടന്‍ പറഞ്ഞത് നേരാണ് സതിക്ക് പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമില്ല പ്രശ്നങ്ങള്‍ എല്ലാം നാട്ടുകാരുടേത് ആണെന്ന് മാത്രം.

ചന്ദ്രേട്ടനെ പാതിവഴിയില്‍ വിട്ടതല്ലേ , എന്‍റെ സതിയെയും ബഷീറിനെയും നിങ്ങള്‍ ഇവിടെ വിട്ടേക്കുക.
നിങ്ങല്‍ക്കോരോരുത്തര്‍ക്കും സ്വന്തമായി സതിയും ബഷീറും ഉണ്ടാവും, ഏത് നാട്ടിലും അവരുണ്ട്. സ്വന്തം കാര്യത്തിനപ്പുറം ഒരു ചിന്തയുമില്ലാത്ത സഹജീവികളുടെ കാര്യത്തില്‍ പ്രത്യേക 'ബേജാറൊന്നും' ഇല്ലാത്ത കുറെ പേര്‍ കാറും പണവും വീടും സൌകര്യങ്ങളും.... എല്ലാ വിധ സമ്പാദ്യങ്ങളുമുള്ള ഒരു കൂട്ടര്‍. അവരാണ് നമ്മുടെ സമൂഹത്തിലെ മിടുക്കന്‍മാര്‍ ജീവിതത്തില്‍ വിജയിച്ചവര്‍!
മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് വേണ്ടി ഓടുകയും രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു കാര്യവുമായി പകലന്തിയോളം പാടുപെടുകയും, സ്വന്തം 'ജീവിതം' മറക്കുകയും  ചെയ്യുന്ന യുവാക്കള്‍  ഒന്നിനും കൊള്ളാത്തവര്‍ , ജീവിക്കാന്‍ അറിയാത്തവന്‍! കണ്ട വണ്ടിയും വലയും വലിച്ചു തോളത്തുകേറ്റുന്നവന്‍!

എപ്പോഴാണ് നാം ഇങ്ങനെ മാറിപ്പോയത് ?
മനുഷ്യത്വത്തിന്‍റെ മഹിതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന തലമുറ എപ്പോഴാണ് അപ്രത്യക്ഷമായി തുടങ്ങിയത്?
മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് വല്ല പ്രശ്നവുമുണ്ടാക്കി വീട്ടില്‍ വരുന്ന കുട്ടികളോട് നമ്മുടെ ഉപദേശമെന്താണ്?
 "സ്വന്തം കാര്യം നോക്കി ജീവിച്ച് പഠിക്കെടാ... ആരാന്‍റെ കാര്യത്തില്‍ തലയിടാന്‍ നടക്കുന്നു!! "
പണമാണ് എല്ലാം, കുറെ പണം സമ്പാദിക്കാനും ഭൌതീക സുഖങ്ങള്‍ വാരിക്കൂട്ടാനുമുള്ളതാണ് ജീവിതം, അതില്‍ വിജയിക്കുന്നവനാണ് സമര്‍ത്ഥന്‍ എന്ന തലത്തിരിഞ്ഞ പാടം നാം പഠിച്ചു  വെച്ചത് എപ്പോഴാണ്. ?
രാഷ്ട്രീയ പ്രവര്‍ത്തകരില്‍ കള്ള നാണയങ്ങള്‍ കയറിക്കൂടി എന്ന ന്യായം പറഞ്ഞ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം പിന്തിരിയുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന മാന്യന്‍മാര്‍ തലപൊക്കിത്തുടങ്ങുകയും പൊതു പ്രവര്‍ത്തകര്‍ അപഹസിക്കപ്പെടുകയും തന്‍റെ മക്കള്‍ സ്വന്തം കാര്യം നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന നല്ല മക്കളാവണം എന്ന് അച്ഛനമ്മമാര്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാലത്ത് ഒന്ന് കണ്ണാടിയില്‍ നോക്കുക, സ്വയത്തിലേക്കൊന്നു നോക്കുക എവിടെയാണ് നമ്മുടെ നില്‍പ്പ്? എന്താണ് നമ്മുടെ തനി 'സ്വരൂപം'?
നമ്മില്‍ പലര്‍ക്കും നിസ്സാരമായി പരിഹരിച്ച് കൊടുക്കാന്‍ കഴിയുന്ന പ്രശ്നങ്ങളുമായി നമ്മുടെ കണ്ണിന്‍ മുമ്പിലൂടെ തലപെരുത്ത് നടക്കുന്നവരെ കാണാന്‍ കഴിയാത്ത നാം 'കാഴ്ചയുള്ളവര്‍' തന്നെയാണോ?
രോഗവും കടവും പെരുകിപ്പെരുകി ഉരുകി ജീവിക്കുന്ന മനുഷ്യരാണ് ചുറ്റും, ആത്മഹത്യയുടെ തലേന്ന് വരെ ഒരാള്‍ക്കും തിരിച്ചറിയനാവാതെ പോയ എത്രയെത്ര പേര്‍? അവര്‍ക്കൊന്ന് പറഞ്ഞുകൂടായിരുന്നോ എന്ന് ചോദിക്കുന്ന നാം എന്നാണ് അവര്‍ക്ക് മനസ്സ് തുറക്കാന്‍ അവസരം കൊടുത്തിട്ടുള്ളത്? ആരെങ്കിലും ഒന്നു ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍ പൊട്ടിക്കരയുമായിരുന്ന എത്ര ജീവനാണ് ഗത്യന്തരമില്ലാതെ എല്ലാം ഉള്ളിലൊതുക്കി ലോകം ഉപേക്ഷിച്ചു പോയത്?
ഉയിര്  വിലനല്‍കേണ്ട പ്രയാസങ്ങളില്‍ പ്പെട്ട് ആടിഉലയുന്ന പല മനുഷ്യരെയും സ്വാന്തനം  നല്‍കി പിടിച്ചു നിര്‍ത്തുന്നത് നാം 'ഒന്നിനും കൊള്ളരുതാത്തവന്‍' എന്നെഴുതി തള്ളിയ നാട്ടിന്‍ പുറത്തെ പൊതു പ്രവര്‍ത്തകരാണ്.  ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഇടാന്‍ 'വിവരമില്ലാത്ത' അത്തരക്കാരെ മനസ്സുകൊണ്ട് നമിക്കാനെങ്കിലും വിവരമുള്ള നമുക്ക് കഴിയേണ്ടതല്ലേ... ?  
    
കമലിന്റെ ഗദ്ദാമ യില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ...? അതുപോലത്തെ നിരവധി കഥാപാത്രങ്ങളെ കാണാം അറബ് നാട്ടില്‍. പകലന്തിയോളം  മാടിനെപ്പോലെ പണിയെടുത്ത് "ഞാനും എന്‍റെ ഓളും ഒരു തട്ടാനും" എന്ന് മുദ്രാവാക്യം വിളിച്ച് നാട്ടില്‍ രമ്യഹര്‍മ്മങ്ങള്‍ പണിയുന്നവരെയും കാണാം അറബ് നാട്ടില്‍. മലയാളനാട്ടിലെത്തിയാല്‍ ഇവരില്‍ ആരാണ് സമൂഹത്തിനും സമുദായത്തിനും വേണ്ടപ്പെട്ടവര്‍ എന്ന് കണ്ടിട്ടുണ്ടോ..? പണമുണ്ടാക്കിയവനേ അവിടെ അംഗീകാരമുള്ളൂ...

നാട് നന്നാക്കാന്‍ ഇറങ്ങി 'മുടിഞ്ഞ'വര്‍ പോലും അത് നിര്‍ത്തുന്നതായി കാണാന്‍ കഴിയില്ല. സമൂഹവും ബന്ധുക്കളും എത്ര 'ചവിട്ടിക്കൂട്ടിയാലും ആരെയെങ്കിലും സഹായിക്കാനുള്ള അവസരം ഒത്തുവന്നാല്‍ അവര്‍ വീണ്ടും ചാടിപ്പുറപ്പെടും, എന്താണ് കാരണം?
മറ്റൊരാളെ സഹായിക്കുന്നതിന്‍റെ അനുഭൂതി അറിഞ്ഞവന് അതില്ലാതെ പറ്റില്ല. ദൈവം മനുഷ്യനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് സഹായ ഹസ്തവുമായി സഹജീവികളിലേക്ക് ചെല്ലുന്നത്. മനുഷ്യനോ പക്ഷി മൃഗാദികളോ ആവട്ടെ, ദൈവത്തിന്‍റെ കൈകള്‍ അവരിലേക്ക് നീളുമ്പോള്‍ ആരുടെ കൈയാണോ പ്രത്യക്ഷത്തില്‍ കാണുന്നത് അവന്‍ ദൈവത്തിന്‍റെ സമീപസ്ഥനാണ്... ദൈവ സാമീപ്യത്തേക്കാള്‍ വലിയ അനുഭൂതിയുണ്ടോ?
സ്പിരിറ്റ് കലക്കിയ കളറ് വെള്ളവും,  അരക്കെട്ടിലെ അരമണിക്കൂറൂം മാത്രമാണ് ലോകത്തെ സുഖങ്ങള്‍ എന്ന് തെറ്റിദ്ധരിച്ച മാനവന്‍ മനസ്സ് തുറക്കട്ടെ.      

എന്‍റെ പള്ളിയില്‍ (മസ്ജിദ് ന്നബവി) ഭജനം ഇരിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് പുണ്യം നിങ്ങളുടെ സഹോദരന്‍റെ പ്രയാസം തീര്‍ക്കാന്‍ അവന്‍റെ കൂടെ പുറപ്പെടുന്നതാണ് - പരിശുദ്ധ പ്രവാചകന്‍(സ)   
   
     
           
                       

               

9 comments:

 1. sathyam , sathyam , sathyam...nalla nireekshanangal ..namukkellaam ariyaavunnathum ennaal paalikkaan madikkapedunnathumaaya kurach sathyangal...mahathvam enna vaakkinu mattu pala arthangalum kalppikkapedunna thalamurayil jeevikkendavar nammal ...valare ishtapettu..

  ReplyDelete
 2. ഈ ബ്ലോഗില്‍ ഞാന്‍ വായിച്ച മികച്ച ലേഖനങ്ങളില്‍ ഒന്ന് . സോഷ്യല്‍ മീഡിയകളില്‍ സ്ഥിരമായി കാണുന്ന ഒന്നുണ്ട് . മനുശ്യ സ്നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചും വാതോരാതെ സംസാരിച്ചു ലൈകും കമന്റ് സും വാങ്ങിക്കൂട്ടും , എന്നാല്‍ ആര്‍ക്കേലും അത്യാവശ്യമായി കുറച്ചു ബ്ലഡ് വേണം എന്നോ മറ്റോ ഉള്ള ഒരു പോസ്റ്റ്‌ ഷെയര്‍ ചെയ്താല്‍ ആ ഭാഗം തിരിഞ്ഞു നോക്കില്ല ..ഒരു ചേതവും ഇല്ലാത്ത ഉപകാരവും ചെയ്യാത്ത തനി സെല്ഫികള്‍ ആയിപ്പോയി നമ്മള്‍ :(

  ReplyDelete
 3. ബലറാം പോസ്റ്റിൽ ഒരു വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു . എന്നാൽ ഈ പോസ്റ്റിൽ ഒരു അനുമോദനം നൽകുന്നതിൽ സന്തോഷമുണ്ട് . എത്ര സുന്ദരമായാണ് നാമെല്ലാം മറന്നു പോകുന്ന മാനുഷികതയെ പറ്റി എഴുതിയിരിക്കുന്നത് .. എല്ലാ അഭിനന്ദനങ്ങളും മാഷെ ..

  ഈ ലേഖനം കുറെ പേരുടെ എങ്കിലും കണ്ണ് തുറപ്പിക്കും എന്ന് കരുതുന്നു . സഹജീവികളോടുള്ള കരുണ അപ്രത്ക്ഷമയികൊണ്ടിരിക്കുന്ന ഈ കാലത്ത് തുറന്നു പറയാനും ആരെങ്കിലും വേണം

  ReplyDelete
 4. സ്പിരിറ്റ് കലക്കിയ കളറ് വെള്ളവും, അരക്കെട്ടിലെ അരമണിക്കൂറൂം മാത്രമാണ് ലോകത്തെ സുഖങ്ങള്‍ എന്ന് തെറ്റിദ്ധരിച്ച മാനവന്‍ മനസ്സ് തുറക്കട്ടെ. Muhamed ALi

  ReplyDelete
 5. അല്ല ഫ്ലോഗാ ഇതെന്താ പരിപാടി?
  താൻ മനുഷ്യനെ സ്നേഹിക്കുന്നതിനെ പറ്റി പറയുന്നു സഹായിക്കുന്നതിനെ പറ്റി പറയുന്നു കേരളം കണ്ട ഏറ്റവും മഹാനായ സാമൂഹ്യ പ്രവർത്തകൻ കാന്തപുരം ഉസ്താദിനെ തെറിവിളിക്കുകയും ചെയ്യുന്നു ഇതെവിടത്തെ ന്യായമാണ് ?????

  അബ്ദുൽ മാലിക് സഖാഫി

  ReplyDelete
 6. സഹോദരാ...
  കാന്തപുരത്തെ താങ്കള്‍ കാണുന്നത് പോലെ കാണാന്‍ എല്ലാവരെയും നിര്‍ബന്ധിക്കരുത്, കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തകന്‍ കാന്തപുരമാണ്, താങ്കള്‍ക്ക്. എനിക്ക് കേരളം കണ്ട ഒട്ടനവധി സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രമുഖനായ ഒരാള്‍ മാത്രമാണ് കാന്തപുരം.
  ഈ ബ്ലോഗ്ഗ് ആരെയും ശത്രു പക്ഷത്ത് നിര്‍ത്തി ആക്രമിക്കാറില്ല, ക്രിയാതമാകമായ വിമര്‍ശനങ്ങള്‍ നടത്താറുണ്ട് അതും കാര്യ കാരണ സഹിതം.
  തിരുകേശ സംബന്ധിയായി കാന്തപുരത്തെ വിമര്‍ശിച്ചിട്ടുണ്ട്.. സ്വന്തം സംഘടനയിലെ ചില പ്രമുഖ നേതാക്കളുടെ പേരെടുത്ത് പറഞ്ഞു കൊണ്ട് അവരെക്കൊണ്ടു പരസ്യമായി മുടിക്കനുകൂലമായി പ്രസ്താവന ഇറക്കാമോ എന്ന് ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഇപ്പൊഴും നില നില്‍ക്കുന്നു.
  കാന്തപുരത്തിന്റെ കൂടെ നടക്കുന്നവര്‍ അദ്ദേഹത്തെ തിരുത്തേണ്ടിടത്ത് തിരുത്താതെ സ്വകാര്യമായി എതിര്‍ത്തു പറയുകയും സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുകയും ചെയ്യുന്നുണ്ട്... അതിനെയും ഈ ബ്ലോഗ്ഗില്‍ വിമര്‍ശിച്ചിട്ടുണ്ട്.
  കാന്തപുരത്തിന്റെ മകനെതിരെ നടത്തിയ വിമര്‍ശനം സത്യസന്ധമായിരുന്നു വെന്ന് അദ്ദേഹം തന്നെ തനിക്ക് അബദ്ധം പിണഞ്ഞതായി പ്രസ്താവന നടത്തിയപ്പോള്‍ താങ്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവുമല്ലോ.
  ശത്രു പക്ഷത്ത് നിര്‍ത്തി ആക്രമിക്കുന്ന പരിപാടി ഈ ബ്ലോഗില്‍ ഇല്ല, വിമര്‍ശിക്കുകയും തിരുത്താന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
  ഭാഷ കടുത്തു പോകുന്നു എന്നൊരു പരാതി പലരും പറയാറുണ്ട്, ഭാഷയുടെ കടുപ്പം കൊണ്ടാണ് പലപ്പോഴും പറയുന്ന കാര്യങ്ങള്‍ എത്തേണ്ടിടത്ത് എത്തുന്നത്... പല രാഷ്ട്രീയ/മത നേതാക്കളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചിലപ്പോള്‍ അനുമോദിക്കുകയും ചെയ്തിട്ടുണ്ട്.

  തെറിവിളി എന്നത് താങ്കളുടെ ആരോപണം മാത്രമാണ്
  വിമര്‍ശനത്തിന് നന്ദി
  ബ്ലോഗന്‍

  ReplyDelete
 7. മേരി ലില്ലിയുടെ ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇവിടെ എത്തിയത്‌.."ജീവിതത്തില്‍ വിജയിച്ചവര്‍" എന്ന് സമൂഹം പറയുന്ന ബഷീരുമാര്‍ എല്ലാ നാട്ടിലും കാണാം.
  "തന്‍റെ മക്കള്‍ സ്വന്തം കാര്യം നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന നല്ല മക്കളാവണം എന്ന് അച്ഛനമ്മമാര്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാലത്ത് ഒന്ന് കണ്ണാടിയില്‍ നോക്കുക..."
  കണ്ണ് തുറപ്പിക്കുന്ന ലേഖനം

  ReplyDelete
  Replies
  1. മേരി ,ഒരു കാര്യം പറയാം ,ഇന്നുള്ള സുഹൃത്തുക്കളിൽ ഒരു എഴുപത് -എണ്‍പത് ശതമാനവും സ്വന്തം കാര്യം സിന്ദാബാദ്കാരാണ് .അവർക്ക് എന്തേലും നേടാൻ ഉണ്ടേൽ മാത്രം സൗഹൃദം മോഹിക്കുന്നവർ ,അല്ലാത്തപ്പോൾ ആലുവ മണപ്പുറത്തു വച്ച് കണ്ട ഭാവം പോലും കാട്ടാത്തവർ .ബഷീരുമാർ രക്ഷപ്പെടും സതീശന്മാർ തള്ളപ്പെടും .തിരിച്ചറിവ് ഉള്ളവർ സതീശന്മാർ ആകില്ല .

   Delete
 8. നല്ല ലേഖനം ഹൃദയത്തില്‍ കൊള്ളുന്ന എഴുത്ത്. താങ്ക്സ് ടു മേരി ലില്ലി
  ബ്ലോഗന്‍.... you are really great...

  ശ്രീനി, tvm

  ReplyDelete