Sunday, 10 February 2013

കരണത്തടി ആദ്യം വേണ്ടതാര്‍ക്ക്? വി എസ്സിനോ ബസന്തിനോ?

ജസ്റ്റിസ് ബസന്തിന് പിന്നാലെയാണ് ഡ്രാക്കുളമാര്‍.,.. കരണത്തടിക്കണം, എറിഞ്ഞു കൊല്ലണം, നാട് കടത്തണം,.....വിപ്ലവപ്പാര്‍ട്ടികള്‍ മുതല്‍ പശുവാദി പാര്‍ട്ടികള്‍ വരെ ബസന്തിനെതിരെ ഉറഞ്ഞുതുള്ളുകയാണ്, കോലം കത്തിക്കുന്നു, വഴിതടയുന്നു..... വീടിന് കല്ലെറിയുന്നു. സാംസ്കാരിക കേരളത്തിന്‍റെ സംരക്ഷകരും അപ്പോസ്തലന്മാരും കൂടി ചേര്‍ന്ന് നാടിനെ പിടിച്ച് കുലുക്കുകയാണ്.ഇങ്ങനെ ആക്രോശിക്കാന്‍ മാത്രം  ജസ്റ്റിസ് ബസന്ത് ചെയ്ത തെറ്റ് എന്താണ്? 7 വര്‍ഷം മുമ്പ് സൂര്യനെല്ലി കേസില്‍ താന്‍ എഴുതിയ ഒരു വിധി ശരിയായിരുന്നു എന്ന്‍ ആവര്‍ത്തിച്ചു പറയുകയല്ലേ ബസന്ത് ചെയ്തത്.?
എന്തു കൊണ്ട് താന്‍ അങ്ങനെ ഒരു വിധി എഴുതി എന്ന്‍ ഒരു പെണ്ണിന്‍റെ മുമ്പില്‍ വിശദീകരിച്ചു, പുറത്തു പറയരുത് എന്ന നിബന്ധനയോടെ.
ഒരു എക്സ്ക്ളൂസീവ് കിട്ടുമെങ്കില്‍ അടിവസ്ത്രം വരെ അഴിക്കാന്‍ തയ്യാറാകുന്ന വിധം ചാനല്‍  'ഗേള്‍സ്' പുരോഗമിച്ച കാര്യം അറിയാതെ പോയത് മാത്രമല്ലേ ജസ്റ്റിസ് ബസന്ത്  ചെയ്ത തെറ്റ്?

വേറെ വല്ല തെറ്റും ബസന്ത് ചെയ്തിട്ടുണ്ടോ?
ഉണ്ടല്ലോ, ആ കുട്ടിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞില്ലേ? അവള്‍ ബാല വേശ്യാവൃത്തി ചെയ്തതാണ് ബലാല്‍സംഗം അല്ല നടന്നത് എന്ന് പറഞ്ഞില്ലേ? ഒരു പെണ്ണിനെ കടിച്ചു കീറിയ നരാധമന്‍ മാരെ മുഴുവനും വെറുതെ വീട്ടില്ലേ? സുപ്രീം കോടതിയിലെ വലിയ ഏമാന്‍മാര്‍ തന്‍റെ വിധിപ്രസ്താവം മുഴുവനും വായിച്ചു നോക്കണം എന്ന് അഹങ്കരിച്ചില്ലേ ?

ശരിയാണ്. ബസന്ത് തന്‍റെ വിധിന്യായത്തില്‍ ഇതൊക്കെപ്പറഞ്ഞു. ഒരു ജഡ്ജി വിധി പ്രസ്താവിക്കുന്നത് തന്‍റെ മുമ്പില്‍ വരുന്ന തെളിവുകള്‍ പരിഗണിച്ചു കൊണ്ടാണ്. പെണ്ണിന്‍റെ വീട്ടില്‍പോയി തെളിവെടുക്കുന്ന പണി ജഡ്ജിയുടേതല്ല അത് പോലീസിന്‍റേതാണ്. പോലീസ് സമര്‍പ്പിക്കുന്ന തെളിവുകളില്‍ കീറിമുറിക്കുന്ന വാദപ്രതിവാദങ്ങളാണ് കോടതി മുറിയില്‍ നടക്കുന്നത്. അതില്‍ നിന്ന്  ജഡ്ജിമാര്‍ക്ക് ബോധ്യപ്പെടുന്ന കാര്യങ്ങളാണ് അവരുടെ 'വിധികള്‍'.
കീഴ്ക്കോടതികള്‍ വെറുതെ വിട്ട പ്രതികളെ  മേല്‍ക്കോടതികള്‍ ശിക്ഷിക്കുന്നതും, കീഴ്ക്കോടതികള്‍ ശിക്ഷിച്ച പ്രതികളെ മേല്‍ക്കോടതികള്‍ വെറുതെ വിടുന്നതും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ സര്‍വ്വസാധാരണമല്ലേ? തന്‍റെ വിധിന്യായത്തെ കുറിച്ച്, ആ വിധി തയ്യാറാക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഒരു ചാനല്‍ പെണ്ണിനോട് റെകോര്‍ഡ് ചെയ്യില്ല എന്ന ഉറപ്പില്‍ പറഞ്ഞ വാക്കുകള്‍ ഇത്ര വലിയ ബഹളത്തിന് കരണമാവേണ്ടതുണ്ടോ?  എന്തുകൊണ്ടാണ്  പലരും ബസന്തിന്‍റെ രക്തത്തിന് ദാഹിക്കുന്നത്? അതറിയാന്‍ രക്ത ദാഹികളില്‍ ചിലരെ നമുക്ക് പരിചയപ്പെടാം.

കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വി  എസ് അച്യുതാനന്ദന്‍ പറഞ്ഞത്. പെണ്‍കുട്ടികള്‍  ബസന്തിന്‍റെ കരണത്തടിക്കണം എന്നാണ്. കേരളം കണ്ട രാഷ്ട്രീയ ഫ്രോഡുകളില്‍ ഒന്നാം സ്ഥാനക്കാരന്‍ ഈ വി എസ് അല്ലേ?  സൂര്യനെല്ലി അടക്കം പെണ്‍വാണിഭ ക്കേസുകളുടെ പേരില്‍ വോട്ട് പിടിച്ച് അധികാരത്തില്‍ വന്ന വി എസിന്‍റെ ഭരണ കാലത്ത് എത്ര കേസുകള്‍ തെളിയിച്ചു? പെണ്‍വാണിഭക്കാരെ കയ്യാമം വെക്കും എന്ന് ഗീര്‍വാണം അടിച്ച വി എസ് എത്ര പേര്‍ക്ക് കയ്യാമം വെച്ചു?
ഇതേ സൂര്യനെല്ലി കേസില്‍ കുര്യന്‍ പ്രതിയാണെന്ന് പറഞ്ഞത് കേസിലെ വക്കീലും പാര്‍ട്ടിക്കാരനുമായ  ജനാര്‍ദ്ധനാകുറുപ്പാണ്, അന്ന് കുര്യനെ രക്ഷിക്കാന്‍ തയ്യാറായ നായനാരും ശശിയും അടക്കമുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അതേ പാര്‍ട്ടിയില്‍ ഇന്നും പ്രവര്‍ത്തിക്കുന്നില്ലേ  ഇയാള്‍?....സൂര്യനെല്ലി കേസില്‍ താന്‍ മുഖ്യമന്ത്രി ആയ കാലത്ത് എന്തു ചെയ്തു എന്ന്‍ പറയാമോ വി എസിന്?
പതിനേഴ് വര്‍ഷമായി കേസിന് പിന്നാലെ നടക്കുന്നു, നീതി കിട്ടിയില്ല, ഇനിയും നീതികിട്ടും എന്ന്‍ പ്രതീക്ഷയില്ല  ഇനി വയ്യ, കേസുകളില്‍ നിന്ന് രക്ഷപ്പെടുത്തി ജീവിക്കാന്‍    അനുവദിക്കണം എന്ന്‍ ആവശ്യപ്പെട്ട് കേരളമുഖ്യമന്ത്രിക്ക്   വിതുര പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി കത്തെഴുതിയത് കഴിഞ്ഞ ആഴ്ചയാണ്.

ജസ്റ്റിസ് ബസന്തിന്‍റെ പ്രഖ്യാപനത്തെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമല്ലേ ഇത്. നീതി നിഷേധത്തില്‍ മനം മടുത്ത ഒരു ഇരയുടെ നിലവിളി ഇപ്പോള്‍ വായിട്ടലക്കുന്ന ഒരു മാടമ്പിയും കേട്ടില്ല,  ഇക്കാര്യത്തില്‍ വി എസ് മിണ്ടിയില്ല, കാരണം പെണ്‍കുട്ടി പറഞ്ഞ പതിനേഴ് വര്‍ഷത്തില്‍ പത്ത് വര്‍ഷവും കേരളം ഭരിച്ചത് വി എസിന്‍റെ പാര്‍ട്ടിയാണ് അതില്‍ അഞ്ചു വര്‍ഷം കേരളം ഭരിച്ചത് സാക്ഷാല്‍ വി എസ് തന്നെയാണ്. സൂര്യനെല്ലി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബസന്ത് വിധി പറഞ്ഞത് എങ്കില്‍ കുര്യന്‍ അടക്കമുള്ള വരെ രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ ഉണ്ടാക്കി കോടതിയില്‍ എത്തിച്ച സിബി മാത്യൂസ് അടക്കമുള്ള ഉദ്യോഗസ്തരല്ലേ 'പ്രതികള്‍'?
ബസന്തിന്‍റെ കരണത്തടിക്കണം എന്ന് പറയുന്ന വി എസ് ഈ ഉദ്യോഗസ്ഥരില്‍  ആരെയെങ്കിലും അടിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ?
എന്താ പറയാത്തത്? ഒരു റിട്ടേര്‍ഡ് ജഡ്ജിയുടെ മെക്കിട്ട് കയറിയാല്‍ ഒന്നും സംഭവിക്കില്ല എന്ന്‍ വി എസ്സിന് അറിയാം, പക്ഷേ ഉദ്യോഗസ്ഥര്‍ അങ്ങനെയല്ല. തന്‍റെയും മകന്‍റെയും പേരിലുള്ള കേസുകള്‍ അന്വേഷിക്കുന്നത് ഉദ്യോഗസ്ഥരാണ് അവരുടെ നേരെ വാ തുറന്നാല്‍ വിവരമറിയും... അത് കൊണ്ട് കിട്ടിയ തക്കത്തിന് ബസന്തിന്‍റെ നേരെ പാഞ്ഞ് കയറുകയാണ് . പ്രതിപക്ഷത്തിരിക്കുമ്പോള്‍ പെണ്ണുങ്ങളുടെ മാനത്തോട് വല്ലാത്തൊരു അഭിനിവേശം കാണിക്കുന്നുണ്ട് വി എസ്.
ബസന്തിന്‍റെ കരണത്തടിക്കുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ രണ്ടു വട്ടം ആലോചിക്കുക.....കേരളത്തിലെ പെണ്‍കുട്ടികളുടെ മാനത്തിന് വിലപറഞ്ഞ് അധികാരത്തില്‍ കയറിയ ശേഷം എല്ലാ കുറ്റവാളികള്‍ക്കും കുട പിടിച്ച,  ഇപ്പോള്‍ വീണ്ടും പെണ്ണിന്‍റെ 'മാനം' അന്വേഷിച്ച് ഇറങ്ങിയ  ഈ കാരണവരുടെ ഏത് കുറ്റിക്കാണ് അടിക്കേണ്ടതെന്ന്‍,...  

ബസന്തിന്‍റെ കോലം കത്തിക്കുന്ന, വീടിന് നേരെ കല്ലെറിയുന്ന, മുഷ്ടി ചുരുട്ടി തൊള്ളതുറക്കുന്ന ഇടതുപക്ഷ യുവജന ഗുണ്ടകള്‍ ഈ കേസില്‍ നിന്ന് പ്രതികളെ രക്ഷപ്പെടുത്തിയ നായനാര്‍ക്കും പി ശശിക്കും എതിരെ മുദ്രാവാക്യം വിളിക്കുമോ? സി ബി മാത്യൂസിന്‍റെ കോലം കത്തിക്കുമോ? വിതുര കേസിലും കവിയൂര്‍ കേസിലും കിളിരൂര്‍ കേസിലും ഉരുണ്ടുകളിക്കുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ നാവനക്കുമോ?  സൂര്യനെല്ലി പെണ്‍കുട്ടിയെ അപഹസിക്കാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് മലയാള മനോരമായാണ്. മനോരമയിലേക്ക് ഒരു പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ടോ സ്ത്രീ സ്നേഹിപുംഗവന്‍മാര്‍ ?    എന്നും കണ്ണാടി നോക്കുന്നത് കൊണ്ട് ജനങ്ങള്‍ കഴുതകള്‍ ആണെന്ന വിചാരമുള്ള ഈ യുവജന പ്രസ്ഥാനക്കാരോട് ഒന്നും പറയാനില്ല, നല്ല രണ്ട് തെറി കേള്‍ക്കാനുള്ള യോഗ്യത പോലും അവര്‍ക്കില്ല.

ബസന്തിനെ മൂക്കില്‍ വലിച്ചു കേറ്റാന്‍ നടക്കുന്ന അടുത്തയാള്‍ മഹിളാ കോണ്‍ ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണയാണ്. സൂര്യനെല്ലി കേസില്‍ പെണ്‍ കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണമുള്ള കുര്യനെ അനുകൂലിച്ചു കൊണ്ട് പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയ  അതേ ബിന്ദു കൃഷ്ണ !!!!പീഡിപ്പിച്ച തന്‍റെ നേതാവ് പരിശുദ്ധാത്മാവും വിധി പറഞ്ഞ ജഡ്ജി നീചനുമാണെന്ന് പറയുന്ന വനിതാ നേതാവ്!!! പാളയത്തും കിഴക്കേകോട്ടയിലും തമ്പാനൂരു മൊക്കെയുള്ള ഊടുവഴികളില്‍ നിന്ന് ഇതിലും നല്ല ചാരിത്ര പ്രസംഗങ്ങള്‍ കേട്ടു തഴമ്പിച്ചില്ലായിരുന്നെങ്കില്‍ കേരളം ഞെട്ടിപ്പോയെനെ. !!!

ബി ജെ പി മുതല്‍ പി ഡി പി വരെയുണ്ട് ബസന്ത് വിരുദ്ധ പ്രക്ഷോഭത്തില്‍.,. ബസന്തിനെതിരെ മിണ്ടിയാല്‍ ഒന്നും സംഭവിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രം മിണ്ടുന്നവര്‍., കേരളം കണ്ട ഒരുപാട് സ്ത്രീ പീഡനക്കേസുകളില്‍ ഒന്നും മിണ്ടാത്തവര്‍.,  ഉത്തരത്തില്‍ ഇരിക്കുന്ന ഇത്തരം പല്ലികളുടെ പ്രസ്താവനകള്‍ സുകുമാരന്‍ നായരുടെ പ്രസ്താവന പോലെ ചവറ്റു കൊട്ടയില്‍ കിടക്കും.
    
സ്ത്രീ പീഡനക്കാരായ  രാഷ്ട്രീയക്കാരുടെ ആസനം കഴുകുന്ന വി എസ് മുതല്‍ ബിന്ദു കൃഷ്ണ വരെയുള്ള ഫ്രോഡുകള്‍ ബസന്തിനെതിരെ തുള്ളുന്നത് സ്വന്തം കഴിവുകേട് മറച്ചു വെക്കാനാണ്. പെണ്ണും അവളുടെ മാനവും അവര്‍ക്ക് അധികാരത്തിലേക്കുള്ള വഴികള്‍ മാത്രമാണ്,.
അപ്പോള്‍ വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞതോ?  
കൃഷ്ണയ്യര്‍ക്ക് പറയാം, കൃഷ്ണയ്യരെപ്പോലെ ഏത് നീതികേടിനും എതിരെ പ്രതികരിക്കുന്ന ഒരു പാട് പേര്‍ കേരളത്തില്‍ ഉണ്ട്. അവര്‍ക്ക് ബസന്തിനെ കുറ്റം പറയാന്‍ അവകാശമുണ്ട്. കുര്യനെതിരെയും, നായനാര്‍ ക്കെതിരെയും പി ശശിക്കും, ശ്രീമതിക്കും, കുഞ്ഞാലിക്കുട്ടിക്കും, സി ബി മാത്യൂസിനും എതിരെ പറയാന്‍ ധൈര്യം കാണിച്ച ആര്‍ക്കും ബസന്തിനെ എതിര്‍ക്കാം. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്.

അപ്പോള്‍ ബസന്ത് പറഞ്ഞത് ശരിയോ?
ബസന്ത് പുതുതായി എന്തെങ്കിലും പറഞ്ഞോ? 7 വര്‍ഷം മുമ്പുള്ള തന്‍റെ വിധി പ്രസ്താവന ശരിയായിരുന്നു എന്ന്‍ ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു കാരണ വശാലും   റെക്കോര്‍ഡ് ചെയ്യരുത് എന്ന്‍ പറഞ്ഞിട്ടാണ് ചാനലുകാരിയോട് സംസാരിച്ചത് എന്ന്‍ ബസന്ത് പറയുന്നത് ശരിയാണെങ്കില്‍, അദ്ദേഹത്തിന്‍റെ വാക്കുകളില്‍  തെറ്റ് കാണാന്‍ വയ്യ. തന്നെ ബലാല്‍ക്കരമായി പിടിച്ചു വെച്ചതായിരുന്നു എന്ന്‍ പറയുന്ന പെണ്‍കുട്ടിയെ, തൊണ്ട വേദനക്ക് ചികില്‍സിക്കാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോള്‍ പോലും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. അത് കൊണ്ട് നടന്നത് ബലാല്‍സംഗം അല്ല എന്ന്‍ ഒരാള്‍ക്ക് അഭിപ്രായം ഉണ്ടെങ്കില്‍ ആ അഭിപ്രായം പറയാന്‍ ഇവിടെ സ്വാതന്ത്ര്യം വേണം. ഒരു സ്വകാര്യ സംഭാഷണത്തില്‍ അത് പറഞ്ഞതിന്‍റെ പേരില്‍ അയാളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നത് കാടത്തമാണ്? സ്വകാര്യ സംഭാഷണങ്ങളില്‍ ആളുകള്‍ എന്തൊക്കെപ്പറയുന്നു? സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ആര്‍ക്കൊക്കെ പുറത്തിറങ്ങി നടക്കാന്‍ കഴിയും?
അതേ സമയം പെണ്‍കുട്ടിയെ അപഹസിക്കുക എന്ന ലക്ഷ്യത്തോടെ ചാനലുകാര്‍ക്കുമുമ്പില്‍ പ്രസ്താവന നടത്തിയതാണെങ്കില്‍ അത് തെറ്റാണ്., ഭീകരമായ തെറ്റാണ്. ആണോ പെണ്ണോ ആവട്ടെ ഒരു മനുഷ്യന്‍റെ വ്യക്തിത്വത്തിന് നേരെ കടന്നാക്രമണം നടത്തുന്ന പ്രസ്താവനകള്‍ക്ക് ന്യായീകരണം ഇല്ല.
പക്ഷേ വി എസ് അച്യുതാനന്ദന്‍ ചെയ്ത തെറ്റിനോളം വരില്ല അത്, സിന്ധുവിനെയും ലതികയെയും നിരവധി പത്രക്കാര്‍ക്ക് മുമ്പില്‍ തരം താഴ്ത്തിയ സ്ത്രീയെ വിശേഷിപ്പിക്കാവുന്നതില്‍ ഏറ്റവും മോശം ഭാഷയില്‍ വിശേഷിപ്പിച്ച വി എസിനോളം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല ബസന്ത്.

അപ്പോള്‍ പെണ്‍ കുട്ടി തന്നെയാണോ തെറ്റുകാരി?
ഇവിടെ പെണ്‍ കുട്ടിക്ക് വേണ്ടി സംസാരിക്കുന്നവര്‍ പോലും പറയുന്നത്, സീരിയലില്‍ അഭിനയിപ്പിക്കാം എന്ന്‍ വ്യാമോഹിപ്പിച്ച് കൊണ്ട് പോയി ചൂഷണം ചെയ്തു എന്നാണ്, അപ്പോള്‍ ഏതാണ് തെറ്റ്? സീരിയലില്‍ അഭിനയിപ്പിച്ചില്ല എന്നതോ ചൂഷണം ചെയ്തു എന്നതോ? ഈ കുട്ടിയെ സീരിയലില്‍ അഭിനയിപ്പിച്ചിരുന്നുവെങ്കില്‍  'പീഡനം' പുറത്ത് വരില്ലായിരുന്നോ? സിനിമാ സീരിയല്‍ മേഖലയില്‍ ഇങ്ങനെ പലതും നടക്കുന്നുണ്ട്. അഭിനയിക്കാന്‍ അവസരം കിട്ടാന്‍ വേണ്ടി പെണ്‍ കുട്ടികള്‍ 'അഡ്ജസ്റ്റ്' മെന്റുകള്‍ക്ക് തയ്യാറാകുന്നുണ്ട്. സീരിയല്‍ നടിമാരെ ഹോട്ടല്‍ മുറിയില്‍ നിന്നും മറ്റ് പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നിന്നും പിടി കൂടിയ വാര്‍ത്തകള്‍ എത്ര വട്ടം നാം 'ലൈവായി' കണ്ടിരിക്കുന്നു. ഇതൊന്നും ഇപ്പോള്‍ നടക്കുന്നില്ല എന്നാണോ 'സാംസ്കാരിക കേരളത്തിന്‍റെ' വിചാരം?

താങ്കളും ആ പെണ്‍കുട്ടിയെ അപമാനിക്കുകയാണോ?
ഒരിക്കലും അല്ല, സ്ത്രീകളെ പ്രലോഭിപ്പിക്കുക എളുപ്പമാണ് കൌമാരപ്രായത്തില്‍ ഉള്ള ഒരു പെണ്‍ കുട്ടിയെ പ്രലോഭിപ്പിക്കുക വളരെ  എളുപ്പമാണ്. എന്ത് വാഗ്ദാനത്തിന്റെ പേരില്‍ ആയാലും പെണ്‍ കുട്ടി അതില്‍ തെറ്റുകാരിയല്ല, ഒരു ബസ് കണ്ടക്ടര്‍ സ്നേഹം നടിച്ചപ്പോള്‍ അത് നാട്യമാണ് എന്ന്‍ തിരിച്ചറിയാതെ പോയത് അവളുടെ തെറ്റല്ല. വെള്ളിത്തിരയുടെ പ്രലോഭനങ്ങള്‍ നല്‍കിയാല്‍ ഒരു പെണ്‍കുട്ടി വീണുപോകും അതവളുടെ തെറ്റല്ല. ഭീഷണിപ്പെടുത്തിയാല്‍ ഒരു പെണ്‍കുട്ടി എന്തിനും തയ്യാറാകും അതവളുടെ തെറ്റല്ല.....അവളെ ദുരുപയോഗം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.അതില്‍ തര്‍ക്കമില്ല. ഇത് എന്‍റെ നിലപാടാണ്,കേരളത്തിലെ മഹാഭൂരിപക്ഷം ആളുകളുടെയും നിലപാട് ഇതാണ്. എന്നാല്‍ പെണ്‍ കുട്ടി സൂക്ഷിക്കേണ്ടിയിരുന്നു, അവള്‍ അറിഞ്ഞുകൊണ്ട് ഇരയായതാണ് എന്ന്‍ വിശ്വസിക്കുന്നവര്‍ ഉണ്ട്, അവര്‍ക്ക് അതിനുള്ള ന്യായീകരണങ്ങളും ഉണ്ട്. അത് അംഗീകരിച്ച് കൊടുക്കണം. ഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തിന് എതിരെ പറഞ്ഞവനെ കരണത്തടിക്കണം, അവന്‍റെ വീട് ആക്രമിക്കണം എന്ന്‍ പറയുന്നത് തോന്ന്യാസമാണ്.        

ഒരു പെണ്ണിന്‍റെ മാനം വെച്ച് രാഷ്ട്രീയ  അധമന്‍മാര്‍ വീണ്ടും വീണ്ടും മുതലെടുക്കുന്നത് അനുവദിക്കാന്‍ ആവില്ല. പെണ്ണിന്‍റെ മാനം വിറ്റ് അധികാരത്തില്‍ കയറിയവരും പെണ്ണിന്‍റെ മാനം പീച്ചി ചീന്തിയവരും അതേ പെണ്ണിന് വേണ്ടി ഒച്ചവെക്കുന്നത് ലജ്ജാകരമാണ്. ഇരുട്ടി വെളുത്താല്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മറ്റൊരു പെണ്ണിന്‍റെ മാനത്തിന് വിലപറയാന്‍ മടിക്കാത്തവരുടെ മുദ്രാവാക്യങ്ങള്‍ സമൂഹം ഏറ്റുവിളിക്കുന്നത്  വൃത്തികേടാണ്. അവര്‍ കരണത്തടിക്കണം എന്ന് പറയുമ്പോള്‍ കയ്യടിക്കുന്നത് ഫാസിസമാണ്.  സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുന്നവരും സമചിത്തത വീണ്ടെടുക്കുന്നത് നല്ലതാണ്.
സീരിയലും സിനിമയും പ്രലോഭിപ്പിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഇന്നും പീഡനത്തിന്  ഇരയാകുന്നുണ്ട് എന്ന യാഥാര്‍ത്യത്തിന് നേരെ കണ്ണടച്ച് കൊണ്ടുള്ള നിലവിളികളും ആക്രോശങ്ങളും വ്യര്‍ഥമാണ്.  


അപ്പോള്‍ ഇന്ത്യാവിഷ്യന്‍?
ബസന്തിന്‍റെ തനിനിറം പുറത്ത് കൊണ്ടുവന്നുവത്രെ ഇന്ത്യാവിഷന്‍?
തന്‍റെ വിധി ന്യായത്തില്‍ ഉള്ള കാര്യങ്ങള്‍ ഏഴ് വര്‍ഷം കഴിഞ്ഞും ശരിയാണ് എന്ന് ആവര്‍ത്തിക്കുകയാണ് ബസന്ത്. സുപ്രീം കോടതി നിരാകരിച്ചിട്ടു പോലും തന്‍റെ ശരികളില്‍ അയാള്‍ ഉറച്ച് നില്ക്കുന്നു,  താന്‍ പണ്ട് പറഞ്ഞത് ജസ്റ്റിസ് മാറ്റിപ്പറഞ്ഞിരുന്നു എങ്കില്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം ഉണ്ടാകുമായിരുന്നു. മാറിയ സാഹചര്യത്തില്‍  സ്ത്രീ പീഡനത്തിന്റെ 'വാര്‍ത്താമൂല്യം' പരിഗണിച്ച് ഒരു പൊറാട്ട് നാടകം നടത്തുകയല്ലേ ഇന്ത്യാവിഷന്‍ ചെയ്തത്? ബസന്തിന്‍റെ വിധി ന്യായത്തില്‍ ഇല്ലാത്ത ഏത് 'വാര്‍ത്തയാണ്' ഇന്ത്യാ വിഷന്‍ പുറത്തു കൊണ്ടുവന്നത്?
അര ഡസനിലേറെ ചാനലുകള്‍ക്ക് ജീവിക്കാന്‍ ഉള്ള 'ഓക്സിജന്‍' കേരളത്തില്‍ ഇല്ല. ചിലരെങ്കിലും മരിച്ചേ പറ്റൂ, ഒരു ജീവന്‍ മരണ പോരാട്ടമാണ് നടക്കുന്നത്. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി. പീപ്പിള്‍ എന്നീ വാര്‍ത്താ ചാനലുകല്‍ക്കുള്ള സാമ്പതീക സാമ്പത്തികേതര അടിത്തറ ഇല്ലാത്ത ചാനലുകള്‍ ആണ് റിപ്പോര്‍ട്ടറും ഇന്ത്യാവിഷനും. ആര് മരിക്കും എന്ന ചോദ്യം ആദ്യം നേരിടുന്നത് ഈ രണ്ട് ചാനലുകള്‍ ആണ്. ഇത് പോലെ ചില  പിടച്ചിലുകളും, നിലവിളികളും ഇനിയും പുറത്ത് വരും. മരണക്കിടക്കയിലും, ഇനിയും ഒരുപാട് കാലം ജീവിക്കാം എന്ന്‍ ചിലര്‍ പ്രതീക്ഷിക്കും. അതവരുടെ വിശ്വാസമാണ്. വിശ്വാസം അതല്ലേ എല്ലാം.      
                                                                    

9 comments:

 1. ബസന്തിന്‍റെ കരണത്തടിക്കുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ രണ്ടു വട്ടം ആലോചിക്കുക.....കേരളത്തിലെ പെണ്‍കുട്ടികളുടെ മാനത്തിന് വിലപറഞ്ഞ് അധികാരത്തില്‍ കയറിയ ശേഷം എല്ലാ കുറ്റവാളികള്‍ക്കും കുട പിടിച്ച, ഇപ്പോള്‍ വീണ്ടും പെണ്ണിന്‍റെ 'മാനം' അന്വേഷിച്ച് ഇറങ്ങിയ ഈ കാരണവരുടെ ഏത് കുറ്റിക്കാണ് അടിക്കേണ്ടതെന്ന്‍,.

  ReplyDelete
 2. സുര്യനെല്ലി പെണ്‍കുട്ടി 'sub normal' ആണെന്ന് ജസ്റ്റിസ് ബസന്ത് തന്‍റെ റിപ്പോര്‍ട്ടില്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. ഇത് തെളിയിച്ചാല്‍ (മന:ശാസ്ത്രജ്ഞന്റെ സഹായത്തോടെ )തന്നെ പ്രതികള്‍ (യഥാര്‍ത്ഥ )കുടുങ്ങും. പെണ്‍കുട്ടി കാശിനു വേണ്ടി വിളിച്ചു പറയുന്ന പേരൊക്കെ പ്രതികളാക്കിയാല്‍ പിന്നെ ഇവിടെ കോടതിയും പോലീസും വേണ്ടല്ലോ!

  ReplyDelete
 3. മികച്ച പല പോസ്റ്റുകളും എഴുതിയിട്ടുള്ള താങ്കളില്‍ നിന്നും ഇത് പോലൊരു പക്ഷപാതപരമായ പോസ്റ്റ്‌ പ്രതിക്ഷിച്ചില്ല.താങ്കള്‍ മനസ്സില്‍ ഉദ്ദേശിച്ച കാര്യം എഴുത്തില്‍ പ്രതിഫലിച്ചോ എന്നും സംശയിക്കുന്നു.നിരാശപെടുത്തി.
  better luck next time..

  ReplyDelete
  Replies
  1. only truth he wrote, what is wrong in this lines?.പക്ഷേ വി എസ് അച്യുതാനന്ദന്‍ ചെയ്ത തെറ്റിനോളം വരില്ല അത്, സിന്ധുവിനെയും ലതികയെയും നിരവധി പത്രക്കാര്‍ക്ക് മുമ്പില്‍ തരം താഴ്ത്തിയ സ്ത്രീയെ വിശേഷിപ്പിക്കാവുന്നതില്‍ ഏറ്റവും മോശം ഭാഷയില്‍ വിശേഷിപ്പിച്ച വി എസിനോളം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല ബസന്ത്. .

   Delete
 4. @അജ്ഞാതന്‍,
  അഭിപ്രായ പ്രകടനത്തിന് നന്ദി.ഈ പോസ്റ്റ് 'പക്ഷപാതപരം' ആകുന്നത് എങ്ങിനെ എന്നറിയില്ല, വി എസ്സിനെ സ്ത്രീ വിമോചകരുടെ അപ്പോസ്തലനായി കൊണ്ട് നടക്കുന്നത് 'അശ്ലീലം' ആണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. സ്തീപക്ഷ വിഷയങ്ങളില്‍ മാധ്യമ ശ്രദ്ധയല്ലാതെ മറ്റൊരു ലക്ഷ്യവും തനിക്കില്ല എന്ന്‍ ഭരണം കിട്ടിയ നാളുകളില്‍ വി എസ് തെളിയിച്ചിട്ടുണ്ട്. പിന്നെ പലര്‍ക്കും ഹിതകരം അല്ലാത്ത ഒരു അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ ഒരാളെ 'കരണത്തടിക്കണം' എന്ന്‍ ആഹ്വാനം ചെയ്യുന്നത് ജനാധിപത്യപരമാണോ? അങ്ങനെയെങ്കില്‍ ചെരിപ്പൂരി അടിക്കേണ്ട പല പ്രസ്താവനകളും വി എസ് നടത്തിയിട്ടില്ലേ?
  മനസ്സില്‍ ഉദ്ദേശിച്ചത് എഴുത്തില്‍ പ്രതിഫലിച്ചില്ല എന്ന അഭിപ്രായം ഞാന്‍ സന്തോഷപൂര്‍വ്വം മുഖവിലക്കെടുക്കുന്നു, വിമര്‍ശനത്തിന് അഭിനന്ദനം. ഒറ്റയിരുപ്പിന് എഴുതിത്തീര്‍ത്ത് പോസ്റ്റ് ചെയ്യുകയാണ് എന്‍റെ രീതി. ബ്ലോഗ്ഗിനെ വളരെ സീരിയസ്സ് ആയി എടുക്കാന്‍ കഴിഞ്ഞിട്ടില്ല, സമയക്കുറവ് തന്നെ കാരണം. ഞാന്‍ തരക്കേടില്ലാത്ത ഒരു മടിയനുമാണ്. ഏതായാലും അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം

  ReplyDelete
 5. നന്നായിട്ടുണ്ട്.

  ReplyDelete
 6. വി എസ്സിന്‍റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കാനുള്ള ശ്രമങ്ങള്‍ വേണ്ടത്ര നടന്നിട്ടില്ല. വെറും നാട്യങ്ങള്‍ ആണ് വി എസ് നടത്തുന്നത്. കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് ഇയാള്‍. തന്‍റെ ഭരണകാലത്ത് വി എസ് എന്തുണ്ടാക്കി? സി പി എമ്മിന് എതിര് പറയുന്നതു കൊണ്ട് മുഖ്യധാര മാധ്യമങ്ങള്‍ വി എസ്സിനെ മഹത്വവല്‍ക്കരിക്കുകയാണ്. ഇത്രയെങ്കിലും താങ്കള്‍ പറഞ്ഞുവല്ലോ...... നന്നായി

  ReplyDelete
 7. nannayirikkunnu.... nalla abhiprayangal.... pakshe nalla abhiprayangalkku comment boxil vilayilla

  ReplyDelete