Thursday, 31 May 2012

എന്‍റെ ബ്ലോഗര, നിങ്ങളുടെയും



ബ്ലോഗര, എന്‍റെ കൊച്ചു ഗ്രാമം,

പശ്ചിമഘട്ട  മലമടക്കുകള്‍ക്ക് താഴെ കൊച്ചരുവികളും പാറക്കൂട്ടങ്ങളും ചെടികളും പൂക്കളുമൊക്കെ യുള്ള കുടിയേറ്റ ഗ്രാമം.
കവികളെയും കഥാകാരന്മാരെയും മാടിവിളിക്കുന്ന ആറുകളും വയലേലകളും ഒന്നും എന്‍റെ ഗ്രാമത്തില്‍ ഇല്ല.
എന്തിനേറെ ഒരു വായനശാല പോലും ഉണ്ടായത് ഈ അടുത്ത കാലത്താണ്. ബസ്സും ജീപ്പും ഓട്ടോറിക്ഷയും വന്നു തുടങ്ങിയതേ ഉള്ളൂ ,
പരിഷ്കൃതന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഓണം കേറാമൂല.
പക്ഷേ എന്‍റെ ഗ്രാമത്തെ എനിക്ക് ഇഷ്ടമാണ്.

കുട്ടനാട്ടിലും എറനാട്ടിലും ഒക്കെയുള്ള 'നോസ്റ്റാള്‍ജിക്' ഗ്രാമങ്ങളിലൊക്കെ ഞാന്‍ പോയിട്ടുണ്ട് ഒക്കെ എനിക്ക് പെട്ടെന്ന് മടുക്കുന്നു, എങ്ങനെയെങ്കിലും എന്‍റെ ബ്ലോഗര പറ്റിയാല്‍ ആശ്വാസം.
ഡല്‍ഹിയും, ബോംബെയും , മദ്രാസും , കല്‍കട്ടയും അങ്ങ് കടലിനക്കരെ ദുബായിയും, റിയാദും , സിംഗപ്പൂരും, മോസ്കോയും ഒന്നും എന്‍റെ കൊച്ചു ഗ്രാമം തരുന്ന സുഖം എനിക്ക് തന്നിട്ടില്ല.
അതിന് ഒരു കാരണമേയുള്ളൂ എന്‍റെ ഗ്രാമം 'എന്‍റേതാണ്'

പണ്ട് കൂടെ പഠിച്ച സജീവന്‍ അവന്‍റെ ഗ്രാമത്തിന്‍റെ മനോഹാരിത പറഞ്ഞത് കേട്ടു കേട്ട് ഒന്ന് പൊയ്ക്കളയാം എന്ന് കരുതി
പാലക്കാട് ജില്ലയിലെ ഒരു മൊട്ടക്കുന്ന്.
കുന്നിന് മുകളില്‍ അവന്‍റെ സ്കൂള്‍, കുറച്ച് കടകള്‍,
ഒന്ന് വീതം മൂന്ന് നേരം  കെ എസ് ആര്‍ ടി സി ബസ്സ്. ... തീര്‍ന്നു ,
പക്ഷേ അവന്‍റെ ഗ്രാമം അവന് ജീവനാണ്, കാരണം അത് 'അവന്‍റേതാണ് '

കോഴിക്കോട് മുതലക്കുളം മൈതാനത്തിനടുത്ത് ഇടുങ്ങിയ ഇടവഴിയിലൂടെ കടന്നാണ് നജീബിന്‍റെ വീട്ടിലേക്ക് പോകേണ്ടത്, നാല് സെന്‍റില്‍ ഓടിട്ട കൊച്ചു വീട്. ഇത് വിറ്റ് ഒരല്‍പം മാറി നല്ലൊരു വീടെടുത്ത് താമസിച്ചുകൂടെ ? അവന്‍റെ ഉപ്പക്കും ഉമ്മക്കും ജേഷ്ഠനും ഒക്കെ ഒരൊറ്റ മറുപടിയേ ഉള്ളൂ. മുതലക്കുളം വിട്ട് എങ്ങോട്ടും ഇല്ല മോനേ . ഇവിടത്തെ ഒരു സുഖം ഇവിടത്ത് കാര്‍ക്കെ മനസ്സിലാകൂ

സത്യത്തില്‍ നമ്മള്‍ ഓരോരുത്തരും ഓരോ 'ബ്ലോഗര' ക്കാരല്ലേ.?
നമ്മുടെ ഗ്രാമത്തെ പട്ടണത്തെ, നാം ഇഷ്ടപ്പെടുന്നു, അതിന് ഒരു കാരണമേയുള്ളൂ അത് അവനവന്‍റേത് മാത്രമാണ്,
എന്തുകൊണ്ട് ഇഷ്ടം? എന്നൊരു ചോദ്യത്തിന് എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു മറുപടി അസാധ്യം. ഓരോരുത്തര്‍ക്കും അവരവരുടെ ബോധ്യമാണ്.

ഈ ഒരു 'എന്‍റേത്' എന്ന വികാരം മറ്റ് പലതിലും നമ്മോടൊപ്പം ഉണ്ട്. എന്‍റെ ജില്ല, എന്‍റെ സംസ്ഥാനം എന്‍റെ രാജ്യം എന്‍റെ മതം എന്‍റെ ജാതി, എന്‍റെ പാര്‍ട്ടി ...  ഈ 'എന്‍റെ ' തിനെ തെരെഞ്ഞെടുക്കുന്നതില്‍ നമുക്കെന്തെങ്കിലും റോളുണ്ടോ ? ഇല്ലേ ഇല്ല.
നാം ഭൂമിയില്‍ ജനിച്ചു വീണ് ബോധം വെച്ച് തുടങ്ങിയപ്പോള്‍ കുറെ എന്റേതുകള്‍ സ്വന്തമായി കഴിഞ്ഞിരിക്കുന്നു.
 ലോകത്താകമാനം 'എന്‍റെ'തുകള്‍ക്ക് വേണ്ടി കുത്തും വെട്ടും കൊലപാതകവും നടക്കുന്നു.
എന്‍റെ മതമാണ് ശരി,
എന്‍റെ ജാതിയാണ് ശരി
എന്‍റെ രാജ്യമാണ് ശരി,
എന്‍റെ പാര്‍ട്ടിയാണ് ശരി...
എന്‍റെ ശരികളുടെ നിലനില്‍പ്പിനും വിജയത്തിനും ഞാന്‍ ഏതറ്റം വരെയും പോകും.
എന്‍റെ രാജ്യത്തോട് എനിക്കുള്ള സ്നേഹം രാജ്യസ്നേഹം , അവന്‍റെ രാജ്യത്തോട് അവനുള്ള സ്നേഹം പക്ഷേ എനിക്ക് രാജ്യദ്രോഹമാണ് കാരണം അവന്‍റെ രാജ്യം എന്‍റെ രാജ്യത്തിനെതിരാണ്.

ഈ എന്‍റെതിന്‍റെ വലയത്തില്‍ നിന്ന് കൊണ്ട് എങ്ങനെ ഒരാള്‍ക്ക് നീതിമാനാവാന്‍ കഴിയും?
ഞാനും എന്‍റെ മതക്കാരും മാത്രമാണ് സ്വര്‍ഗ്ഗാവകാശികള്‍ എന്ന് വിശ്വസിക്കുന്നവരല്ലേ മിക്കവരും?

എന്‍റെ ബ്ലോഗര ഗ്രാമത്തില്‍ നിന്ന് കൊണ്ട്, ബ്ലോഗരയെ സ്നേഹിച്ചു കൊണ്ട് എനിക്ക് മറ്റ് ഗ്രാമങ്ങളെയും പട്ടണങ്ങളെയും സ്നേഹിക്കാന്‍ കഴിഞ്ഞേക്കാം.
പക്ഷേ ഇന്ത്യയെ സ്നേഹിച്ചു കൊണ്ട്, പാകിസ്ഥാനെയും , ബംഗ്ലാദേശിനെയും, ചൈനയെയും നമുക്ക് സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?
എന്‍റെ മതത്തെ സ്നേഹിച്ചു കൊണ്ട് അവന്‍റെ മതത്തെയും സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ? ഒരല്‍പം ശ്രമകരമാണ് കാര്യം.

അതിര്‍ത്തികള്‍ വെറും പുറം പൂച്ചുകള്‍ ആണെന്ന്‍ നാം തിരിച്ചറിയുന്നതെന്നാണ്.?
ബ്ലോഗര യിലും ഗ്രാമങ്ങളായ ഗ്രാമങ്ങളിലും പട്ടണങ്ങളിലും രാജ്യങ്ങളിലും
'മതങ്ങളിലും' 'ജാതികളിലും' പാര്‍ട്ടികളിലും അധിവസിക്കുന്ന മനുഷ്യനെയും മൃഗങ്ങളെയും സസ്യലതാതികളെയും 'എന്‍റേതില്‍' നിന്ന് കൊണ്ട് തന്നെ നമുക്ക് സ്നേഹിക്കാന്‍ കഴിയുമോ ?


എന്‍റെ ബ്ലോഗര, എല്ലാവരുടെയും ബ്ലോഗരയാകട്ടെ.

എന്‍റെ അമ്മ, എന്‍റെ അച്ഛന്‍, എന്‍റെ സഹോദരങ്ങള്‍... ഭാര്യ മക്കള്‍ , അവര്‍ക്ക് വേണ്ടി  ഞാന്‍ പാടുപെടുന്നു, എന്‍റെ മതത്തിന് എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ജാതിക്ക് എന്‍റെ രാജ്യത്തിന്....    
'എന്‍റേത്' എന്നവികാരമാണ് ലോകത്തെ നിലനിര്‍ത്തുന്നത്.
അതില്ലാതാക്കാന്‍ ആവില്ല.  പകരം, എന്‍റെതും  അവന്‍റെതും അല്ല.         
എന്‍റെ 'എന്‍റെതും', അവന്‍റെ 'എന്‍റെതും' എന്ന് നാം മാറി ചിന്തിച്ചാല്‍ ലോകം എത്ര സുന്ദരമാകും.
.ഇതായിരിക്കില്ലെ നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് യേശു പറഞ്ഞതിന്‍റെ പൊരുള്‍..
എന്‍റെ വീട്ടിലിരിക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ അയല്‍ക്കാരന്‍...
ഞാന്‍ തൃശൂര്‍ ക്കാരന്‍ ആകുമ്പോള്‍ മലപ്പുറത്തുകാരും, പാലക്കാട്ടുകാരും, എറണാകുളം കാരും അയല്‍ക്കാര്‍.
ഞാന്‍ കേരളീയന്‍ ആകുമ്പോള്‍ തമിഴ്നാട്ടുകാരനും കര്‍ണാടകക്കാരനും അയല്‍ക്കാരന്‍ .
ഞാന്‍ ഇന്ത്യക്കാരനാകുമ്പോള്‍ പാകിസ്ഥാനിയും നേപ്പാളിയും ബംഗ്ലാദേശിയും, ബര്‍മ്മക്കാരനും, ശ്രീലങ്കനും, ചൈനക്കാരനും,......  എന്‍റെ അയല്‍ക്കാര്‍.......,.....
ഇവരെയൊക്കെ എനിക്കു സ്നേഹിക്കാന്‍ കഴിഞ്ഞാല്‍............................., ഭൂമിയിലും മനസ്സുകളിലും നാം വരച്ചുകൂട്ടിയ അതിര്‍വരമ്പുകളും, കൊടിയടയാളങ്ങളും പരസ്പരം സ്നേഹിക്കാനും അംഗീകരിക്കാനും തടസ്സമാകാതിരുന്നാല്‍....,.....

യേശുവിന് സ്തോത്രം.
പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിച്ച എല്ലാ പ്രവാചകന്‍മാര്‍ക്കും , ദര്‍ശനങ്ങള്‍ക്കും, ഇസങ്ങള്ക്കും സ്തോത്രം.

എന്‍റെ 'ബ്ലോഗര' ഗ്രാമം സുന്ദരമാണ്,
അത് നല്ല അയല്‍ക്കാരെ കാത്തിരിക്കുന്നു


Tuesday, 29 May 2012

ഞാന്‍, ബ്ലോഗന്‍.






ദേ വന്നു ... ദാ  പോയി....
മലയാളത്തിലെ എണ്ണമറ്റ ബ്ലോഗ്ഗന്‍മാരുടെ സ്ഥിയിതാണ്.
എത്രയെത്ര ബ്ലോഗ്ഗുകള്‍ ആണ് തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ കാടുകേറി കിടക്കുന്നത്.
പ്രതിഭാധനരായ എത്രയോ ചെറുപ്പക്കാര്‍ ആവേശ പൂര്‍വ്വം ബ്ലോഗി തുടങ്ങും.
നമ്മുടെ മണിയാശാന്‍റെ സ്റ്റയില്‍ ആണ്.
വണ്‍, ടൂ, ത്രീ....ട്ടോ .... ട്ടോ.... ട്ടോ... വെടിതീര്‍ന്നു. 
രാവിലെ നടക്കാന്‍ പോകുക, കരാട്ടെ പഠനം, ജിമ്മില്‍ പോവുക... ബ്ലോഗ്ഗ് തുടങ്ങുക.....ഒക്കെ ഒരു ആരംഭ ശൂരത്വമാണ്. കൊണ്ടുനടക്കാന്‍ വലിയ പാടാണ്. അപൂര്‍വ്വം പേര്‍ക്കേ കഴിയൂ. 
എന്നാലും രണ്ടുമാസം കഴിഞ്ഞു വീണ്ടും ആവേശത്തോടെ പോയി ജിമ്മില്‍  അഡ്വാന്‍സ് കൊടുക്കും... വീണ്ടും തഥൈവ.....
 പിന്നേയും തുടരും. ഇന്നല്ലെങ്കില്‍ നാളെ നന്നാകും എന്ന പ്രതീക്ഷയില്‍....
ബ്ലോഗ്ഗര്‍ മാരും തുടക്കം ഒരു ആവേശമാണ്, ഈ നാടിനെ ഞാന്‍ എഴുതി വിറപ്പിച്ചു കളയും എന്ന മട്ടിലുള്ള വരവ്. 
പതുക്കെ പതുക്കെ മടുക്കും, വെറുതെ സമയം കളഞ്ഞിട്ടെന്ത്? 
ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല.... കുറ്റം വ്യവസ്ഥിതിക്കിരിക്കട്ടെ.

പറഞ്ഞ് വന്നത് എന്നെക്കുറിച്ച് തന്നെയാണ്. 
ഇടക്കിടെ വരുന്ന ഒരാവേശമാണ്,
പലതവണ ബ്ലോഗ്ഗില്‍ അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്.
ഈ ആവേശം പക്ഷേ അത്ര മോശം കാര്യമാണോ?
ഇടക്കെങ്കിലും മിണ്ടണം എന്ന് തോന്നുന്നുണ്ടല്ലോ. 
സ്വന്തം ബുദ്ധിയും വിവേകവും ആരാന്റെ ആലയില്‍ പണയം വെച്ച് കണ്ണുമടച്ച് സിന്ദാബാദ് വിളിക്കുന്ന ആധുനിക യുവത്വത്തെക്കാള്‍ കേമം തന്നെയല്ലേ.

ഇടക്ക് വെച്ച്  ഇട്ടേച്ചു പോകുന്ന  എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കുമായി ഈ ബ്ലോഗ്ഗ് സമര്‍പ്പിക്കുന്നു. 
മാസത്തില്‍ ഒരു പോസ്റ്റ് എങ്കിലും എഴുതി ബ്ലോഗ്ഗുകളെ കൊണ്ടുനടക്കുന്ന ബ്ലോഗ്ഗേട്ടന്‍മാര്‍ക്കും ബ്ലോഗ്ഗേച്ചി മാര്‍ക്കും അഭിവാദ്യങ്ങള്‍..

പണ്ട് കഥാ പ്രസംഗക്കാര്‍  പാടിത്തുടങ്ങുന്നത് പോലെയാണ് എന്‍റെ സ്ഥിതി
കാഥികനല്ല, കലാകാരനല്ല ഞാന്‍  .............
പിന്നെ താന്‍ ആരുവാ .......

ദൈവം  മതത്തിന് അതീതന്‍ ആണെന്ന്‍ വിശ്വസിക്കുന്നു.
രാഷ്ട്രീയം  പാര്‍ട്ടികള്‍ക്ക് അതീതമാണ് എന്ന്‍ വിശ്വസിക്കുന്നു.
ഞാന്‍ എനിക്ക് അതീതനാണ് എന്ന്‍ വിശ്വസിക്കുന്നു.
ഭൂലോകത്തുള്ള സകല മനുഷ്യരും എന്നെക്കാള്‍ നല്ലവരാണ് എന്ന് വിശ്വസിക്കുന്നു 

പേര്, വിലാസം, പോസ്റ്റ്.... എല്ലാം വഴിയേ... ഒരു വര്‍ഷം എങ്കിലും കൊണ്ട് നടക്കാന്‍ പറ്റുമോ എന്ന്‍ നോക്കട്ടെ.
ഉള്ള ചീത്തപ്പേര് കളയാണ്ടല്ലോ. എന്തേയ്......      

സ്വന്തം,
വണ്‍ബ്ലോഗന്‍
(ഒരു ബ്ലോഗന്‍, അല്ലെങ്കില്‍ ബ്ലോഗ്ഗന്‍മാരില്‍ ഒരുവന്‍.)