നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്, കൃത്യമായിപ്പറഞ്ഞാല്‍
കൃസ്തുവര്‍ഷം 2013 ജനുവരി മാസത്തില്‍.,
കരപ്രമാണിമാര്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് നാട്ടിലെ സമ്പത്തും അധികാരവും ഓഹരിവെച്ചെടുക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു അക്കാലത്ത്. ഇത് ജനാധിപത്യം എന്ന് അറിയപ്പെട്ടു.
ഈ സംവിധാനത്തില്‍, കുതികാല്‍ വെട്ട്, പാരവെപ്പ്, കുതിരക്കച്ചവടം, നക്കികൊല്ലുക.... തുടങ്ങി നിരവധി അടവുകള്‍ ഉണ്ടായിരുന്നു. ആദ്യകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് നടത്തിയിരുന്ന ഇത്തരം അടവുകള്‍ ആഗോളവല്‍കരണത്തിന്‍റെ ഭാഗമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ഈ വക ജോലികള്‍ ഏറ്റെടുത്ത സ്വകാര്യ സംരംഭകര്‍ സമുദായ സംഘടനകള്‍, ജാതി-മത സംഘടനകള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ചരിത്രം ഇവരെ രേഖപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘങ്ങള്‍ എന്ന പേരിലാണ്.
മുന്‍സിഫ് കോടതികളിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ മുതല്‍ വിവിധ ഗവണ്‍മെന്‍റ് ബോര്‍ഡുകളിലെ മെമ്പര്‍ ചെയര്‍മാന്‍, യൂണിവേര്‍സിറ്റി വി സി തുടങ്ങി മന്ത്രി , കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ പദവികള്‍ക്ക് വരെ ഇവര്‍ ക്വട്ടേഷന്‍ സ്വീകരിക്കാറുണ്ട് . കണ്ണുരുട്ടി കാണിച്ചാല്‍ നിക്കറില്‍ മുള്ളുന്ന ധീരന്മാരായ രാഷ്ട്രീയക്കാരെ ഞെട്ടിച്ച് കാര്യം സാധിക്കാന്‍ മിടുക്കുള്ള ക്വട്ടേഷന്‍ സംഘങ്ങളില്‍ ഏറ്റവും ശക്തിയുള്ളത് സുകുരാമന്‍ നായരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച എന്‍ എസ്സ് എസ് എന്ന സംഘത്തിനാണ് . ഇവരുടെ മുന്‍ സംഘത്തലവന്‍മാര്‍ നല്ല മെയ് വഴക്കം ഉള്ളവരും അഭ്യാസികളുമായിരുന്നു. മര്‍മ്മവിദഗ്ധരായ ഇവര്‍ മര്‍മ്മം ഒഴിവാക്കി അടിക്കുന്നത് കൊണ്ട് അടികൊണ്ടവന്‍ ജീവച്ഛവം ആയാലും ചാകാതെ രക്ഷപ്പെടുമായിരുന്നു . എന്നാല്‍ സുകുരാമന്‍ നേതൃത്വം ഏറ്റെടുത്തതോടെ കളരിയും കുറിവടിയുമൊക്കെ കളഞ്ഞ് 'എ കെ 47 കയ്യില്‍ എടുത്ത് തുരുതുരാ വെടിവെക്കുന്ന ശൈലി ആവിഷ്കരിച്ചത് കൊണ്ട് സംഘത്തിന് ഇഷ്ടം പോലെ 'സംബത്തും കുപ്രസിദ്ധിയും കൈവന്നു. രാഷ്ട്രീയക്കാര്‍ക്കും മറ്റും പേടിസ്വപ്നമായി ഈ സംഘത്തെ വളര്‍ത്തിയെടുത്തത് സംഘത്തലവന്‍റെമിടുക്കുതന്നെയായിരുന്നു.
സംഘത്തലവന്‍ സുകുരാമന്‍ നായരുടെ ഒരു മൈതാന പ്രസംഗം വലിയ കോളിളക്കം ഉണ്ടാക്കി. തന്‍റെ സംഘാംഗം ആയ രമേശന്‍ നായര്‍ ചേനത്തലക്ക് ഖജനാവിന്‍റെ താക്കോല്‍ കൊടുത്തില്ലെങ്കില്‍ ഖജനാവ് ഒന്നാകെ എടുത്ത് അറബിക്കടലിലേക്ക് എറിഞ്ഞു കളയും എന്നായിരുന്നു പ്രസ്താവം, ചെറുപ്പത്തില്‍ അമ്പലവാസിയായി ജീവിച്ച ഈ നായര്‍ക്ക് ഇടക്കിടെ 'കോമരം' ഇളകാറുണ്ടായിരുന്നു. പ്രായം കൂടി വന്നതോടെ ദീനവും കൂടി ദിവസവും ഒന്നുവീതം മൂന്നു നേരം തുള്ളി പ്പറയും എന്ന അവസ്ഥ വന്നു. വൈകുന്നേരങ്ങളില്‍ , കോട്ടിട്ട്, ടൈകെട്ടി, മുല്ലപ്പൂ ചൂടി, വീടുവീടാന്തരം കയറി നാക്കിട്ടടിക്കുന്ന ചാനല്‍ കുമാരികുമാരന്‍ അല്ലാതെ വെളിവുള്ളവര്‍ ആരും നായരുടെ തുള്ളിപ്പറച്ചിലിന് ചെവി കൊടുത്തിരുന്നില്ല. ആയതിനാല്‍ നായരുടെ മൈതാന പ്രസംഗവും ഈ ഗണത്തില്‍ പ്പെടുത്താനേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ പിറ്റേ ദിവസം സാക്ഷാല്‍ രമേശന്‍ നായര്‍ ഒരു പത്രസമ്മേളനം വിളിച്ചു ദുഖം ഘനീഭവിച്ച മുഖവുമായി അദ്ധേഹം പറഞ്ഞു "എനിക്കെതിരെ ആരോ ഗൂഡാലോചന നടത്തുകയാണ്, ഇവിടെ എന്തൊക്കെയോ നടക്കുന്നു, എനിക്ക് സങ്കടം പറയാന്‍ വേറെ ആരും ഇല്ല, പത്രക്കാരേ എന്‍റെ ശത്രുക്കള്‍ ആരാണ് എന്ന്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണം" പിണങ്ങാറായി, അച്യുമാമന്‍ തുടങ്ങിയ സഖാക്കളെപ്പോലെ രമേശനും അന്ന് നാടുഭരിച്ചിരുന്ന തിരുവള്ളൂര്‍ രാമകൃഷന്‍റെ പോലീസില്‍ വിശ്വസം ഉണ്ടായിരുന്നില്ല, അത് കൊണ്ടാണ് അദ്ധേഹം കാവല്‍നായകള്‍, വളര്‍ത്തുനായകള്‍, തെരുവ് നായകള്‍ തുടങ്ങി കയ്യില്‍ ഇരുപ്പിന്‍റെ തോത് അനുസരിച്ച് വ്യത്യസ്ഥ നായക്കൂട്ടങ്ങള്‍ ആയി അറിയപ്പെട്ടിരുന്ന പത്രക്കാരെ സമീപിച്ചത്.
അടുത്ത മുഖ്യമന്ത്രി ആകാന്‍ 'കുപ്പായം' തുന്നി കാത്തിരിക്കുന്ന രമേശന്‍ നായര്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് തകര്‍ത്തു കളഞ്ഞ് വെറും ക്വട്ടേഷന്‍ കാരുടെ പിണിയാള്‍ ആക്കിയതിന് പിന്നില്‍ ആരാണ്? സുകുരാമന്‍ നായര്‍ക്ക് ഈ ക്വട്ടേഷന്‍ കൊടുത്തത് ആരാണ്? വെളുത്തുപോയ മുടി കറുപ്പിക്കുന്നപോലെ കറുത്തുപോയ ഇമേജ് വെളുപ്പിച്ചെടുക്കാന്‍ രമേശനെ ആര് സഹായിക്കും? പത്രക്കാര്‍ ഇക്കാര്യത്തില്‍ വലിയ വേവലാതി ഒന്നും കാണിച്ചില്ല. പക്ഷേ മറ്റൊരാള്‍ ജാഗരൂകനായി എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.
നിരവധി കുഴഞ്ഞ് മറിഞ്ഞ ക്രിമിനല്‍ കേസുകള്‍ അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുത്ത പ്രഗല്‍ഭനായ ഉദ്യോഗസ്ഥന്‍., ഒരു കാലഘട്ടത്തിന്‍റെ രോമാഞ്ചമായിരുന്ന സര്‍വ്വകലാ വല്ലഭന്‍, സി ബി ഐ എന്ന അന്വേഷണ ഏജന്‍സിക്ക് പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുത്ത ഏക ഉദ്യോഗസ്ഥന്‍, സേതുരാമയ്യര്‍ , അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ സി ബി ഐ എന്ന പേര് സര്‍ക്കാര്‍ അദ്ദേഹത്തിന് ഇനീഷ്യല്‍ ആയി വെച്ചു കൊടുത്തു. അങ്ങനെ അദ്ധേഹം സേതുരാമയ്യര്‍ സിബിഐ എന്ന് അറിയപ്പെട്ടു
നായര്‍ വേഴ്സസ് നായന്മാര്‍ എന്ന് പില്‍ക്കാലത്ത് ചരിത്രരേഖകളില്‍ സ്ഥാനം നേടിയ ഈ കേസ് നേരിട്ട് ഏറ്റെടുക്കണം എന്ന്‍ അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അറുപത് വയസ്സ് കഴിഞ്ഞവരെ പെന്‍ഷന്‍ കൊടുത്ത വീട്ടില്‍ ഇരുത്തുന്ന സംബ്രദായം നിലനിന്ന കാരണം കേസ് ഔദ്യോഗികമായി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തിലെ കുറ്റാന്വേഷകന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.
എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയാതെ ദൈവം ബാക്കിവെച്ച തെളിവുകള്‍ക്ക് കാത്തിരിക്കുന്ന അന്വേഷകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കൊരു ചെറിയ തുംബെങ്കിലും കിട്ടാന്‍ സഹായക മായേക്കാവുന്ന ചില സാഹചര്യതെളിവുകള്‍ പരിഗണിച്ച് കൊണ്ട് കുറ്റാന്വേഷണ വിദഗ്ധന്‍ ആയ സേതുരാമയ്യര്‍ സിബി ഐ എഴുതിയ.
വേറൊരു സി ബി ഐ ഡയറിക്കുറിപ്പ്.
വന്‍കിട രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ ക്വട്ടേഷന്‍ എടുക്കുന്ന ചുരുക്കം സംഘങ്ങളെ കേരളത്തില്‍ ഉള്ളൂ വെങ്കിലും അവര്‍ പ്രബലരാണ്. ജാതി-മത സംഘടനകളുടെ ബാനറില്‍ ആണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പ്രബലരായ ക്വട്ടേഷന്‍ സംഘം ചങ്ങനാശേരി കേന്ദ്രമാക്കി സുകുരാമന്‍ നായരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
രമേശന്‍ നായരുടെ കേസില്‍ ഈ സംഘം നേരിട്ട് ഇടപെട്ടതായി സംഘത്തലവന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്, ക്വട്ടേഷന്‍ സംഘം ഇവര്‍ തന്നെ എന്ന്‍ ഉറപ്പിക്കാം.
ആരാണ് ക്വട്ടേഷന്‍ കൊടുത്തത്?
എന്തിന് ക്വട്ടേഷന്‍ കൊടുത്തു ?
ഏറ്റവും പ്രസക്തമായ ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം.
എന്തിന് വേണ്ടിയാവണം രമേശന് പണി കൊടുത്തത് ? കൊല്ലാന്‍ വേണ്ടി ആണെങ്കില്‍ കൊടി സുനി, വടി ജയന്‍, തുടങ്ങിയ ചെറുകിട ഗുണ്ടകളെ ഏല്‍പ്പിച്ചാല്‍ മതിയായിരുന്നല്ലോ, ജീവന്‍ അപായപ്പെടുത്തുക ലക്ഷ്യം അല്ലെങ്കില്‍ ജീവനെക്കാള്‍ വിലപ്പെട്ട വസ്തുക്കള്‍ക്ക് വേണ്ടിയാവും ആക്രമണം അതെന്താണ്? പണവും അധികാരവും. രമേശന്‍ നായര് വഹിക്കാത്തതും അദ്ദേഹം സ്വപ്നം കാണുന്നതും ആയ ഒരേ ഒരു പദവി മാത്രമേ ഇനി കേരള രാഷ്ട്രീയത്തില്‍ ഉള്ളൂ. മുഖ്യമന്ത്രി പദം.
കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രി ക്രിസ്ത്യാനിയായ തൊമ്മന്‍ കിണ്ടിയാണ് . ഇടക്കാലത്ത് മന്ത്രിസഭമാറുകയോ അടുത്ത തെരെഞ്ഞെടുപ്പിന് ശേഷം അവസരം വരികയോ ചെയ്താല്‍ ഒരു നായരോ അതില്‍ കൂടിയ ഇനമോ ആയ ഒരാള്‍ക്കാണ് ചാന്‍സ്. (മുസ്ലിംകള്‍ക്ക് നോ എന്‍ട്രി ഉള്ള മേഖലയാണിത്)
സുകുരാമന്‍ നായരുടെ ക്വട്ടേഷന്‍ സംഘത്തിനും ഒരു പ്രത്യേകതയുണ്ട് നായരില്‍ കുറഞ്ഞവരുടെ ക്വട്ടേഷന്‍ ഈ സംഘം സ്വീകരിക്കില്ല.ഇങ്ങനെ ഒട്ടേറെ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍, ആലിന്‍ ചുവട്ടിലെ തണലും കാറ്റും ഏറ്റ് കൂര്‍ത്ത് മൂര്‍ത്ത് വളര്‍ന്ന എന്നിലെ കുറ്റാന്വേഷകന്‍ ചെന്ന് നില്‍ക്കുന്നത് നാല് പേരിലേക്കാണ് . ചുരളീധരന്‍ , കെ സി ബാലഗോപാല്‍ , ക്വട്ടേഷന്‍ തലവന്‍ സാക്ഷാല്‍ സുകുരാമന്‍ നായര്‍ . പിന്നെ കേസിലെ വാദിയും പ്രമുഖ നടനുമായ രമേശന്‍ നായര്‍ ചേനത്തല.
പ്രതിസ്ഥാനത്ത് വരേണ്ട രണ്ട് പേരെ സാഹചര്യത്തെളിവുകള്‍ പരിഗണിച്ച് ഒഴിവാക്കിയിരിക്കുന്നു
ഒന്നാമന്‍ . കോശി തിരൂര്‍ ., കേരള മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു പിടി പിടിച്ച് നോക്കാന്‍ ശേഷി ഉള്ള ആളാണ്, ഒന്നാം തരം ഡല്‍ഹി നായര്. പക്ഷേ ആള്‍ ഇന്‍റെര്‍നാഷണല്‍ റോമിങ് ആണ്, കേരളത്തിലെ കൂതറ ക്വട്ടേഷന്‍ കാരെയൊന്നും പുള്ളി പരിഗണിക്കില്ല, അഥവാ കൊട്ടേഷന്‍ കൊടുത്താല്‍ വല്ല അന്തരാഷ്ട്ര സംഘങ്ങള്‍ക്കും മാത്രമേ കൊടുക്കൂ, കേരളത്തിലെ യു ഡി എഫ് എന്ന കറക്ക് കമ്പനിയിലെ എല്ലാ ഫ്രോഡുകളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള തൊലിക്കട്ടി അദ്ദേഹത്തിന് ഉണ്ടാവാനുള്ള സാധ്യതയും കുറവാണ്. ഡല്‍ഹിയും കാശ്മീരും ദുബായിയും പെണ്ണും പൂക്കളും ഇഷ്ട്ടപ്പെടുന്ന അദ്ദേഹത്തെ സാഹചര്യത്തിന്‍റെ ആനുകൂല്യം നല്‍കി നമുക്ക് 'പ്രതി' പട്ടികയില്‍ ഒഴിവാക്കാം.
രണ്ടാമന്‍ തിരുവള്ളൂര്‍ രാമകൃഷ്ണന്‍ .
ആള് നായര്‍ ആണ്, മിടുക്കന്‍ ആണ്, മുഖ്യമന്ത്രി സ്ഥാനത്തിന് എന്തുകൊണ്ടും 'അര്‍ഹന്‍' തന്നെയാണ്. പക്ഷേ ഈ കേസില്‍ ക്വട്ടേഷന്‍ എടുത്ത സംഘം ഇദ്ദേഹത്തിന്റെ ക്വട്ടേഷന്‍ ഒരു കാരണവശാലും പരിഗണിക്കാന്‍ ഇടയില്ല. കാരണം ക്വട്ടേഷന്‍ സംഘത്തിന് വെറും നായര്‍ ആയാലും പോര, തറവാടിന്റെ പേരിന് കളങ്കം വരുത്തുന്ന കറുത്ത നായന്മാരെ പറ്റില്ല, നല്ല നിറം ഉള്ള നായര്‍ തന്നെ വേണം. നിറം പാരമ്പര്യമായി നായന്‍മാരുടെ വീക്ക്നെസ്സ് ആണ്. പണ്ട് 'സംബന്ധം' കൂടിയിരുന്ന കാലത്ത് പോലും നിറം കുറഞ്ഞ ആണുങ്ങളെ പരിഗണിക്കാന്‍ നായര്‍ സ്ത്രീകള്‍ തയ്യാറായിട്ടില്ല. നല്ല പേശിബലവും 'കാര്യ'ശേഷിയും ഉള്ള ചെക്കന്‍മാര്‍ നാട്ടില്‍ സുലഭമായിരുന്നപ്പോള്‍ പോലും കുടവയറന്‍മാരായ നമ്പൂരി മാരെയാണ് പരിഗണിച്ചത്, കാരണം കുടവയറിനെയും മറികടന്ന് വല്ലതും 'നടന്നാല്‍' പിള്ളക്ക് നിറം വേണം, നമ്പൂരിയുടെ വെളുത്ത നിറം, അത് കൊണ്ട് നിറം കുറഞ്ഞ നായരായ തിരുവള്ളൂരിന്റെ ക്വട്ടേഷന്‍ സുകുരാമന്‍ നായരുടെ സംഘം എടുക്കില്ല, സോ തിരുവള്ളൂര്‍ രാമകൃഷ്ണനെയും വെറുതെവിടാം.
സംശയിക്കപ്പെടുന്നവരില്‍ ഒന്നാമന്‍.
ചുരളീധരന്‍ , മാരാര്‍ ആണെങ്കിലും നായരില്‍ പരിഗണിക്കും, രമേശനുമായി പ്രത്യക്ഷത്തില്‍ തന്നെ ശത്രുത പുലര്‍ത്തുന്ന ആളാണ്. ഇവര്‍ തമ്മില്‍ നിരവധി സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൈക്കമാന്‍റ് കോടതിയില്‍ വരെ കേസ് എത്തിയിട്ടുണ്ട്, നിരവധി കൊട്ടേഷന്‍ സംഘങ്ങളുമായി നല്ല ബന്ധം ഉള്ള ചുരളി അടുത്തയിടെ സുകുരാമന്‍റെ ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് ഇദ്ദേഹത്തിന്‍റെ അച്ഛന്‍ കേരളത്തിലെ ഏറ്റവും 'മിടുക്കനായ' രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു, സകല വിഷപ്പാമ്പുകളും ഉള്ള കൂട്ടില്‍ കിടന്നപ്പോഴും അദ്ദേഹത്തെ വര്‍ഗ്ഗീയ വിഷം തീണ്ടിയിട്ടില്ല, അദ്ധേഹം അത് ചീറ്റിയിട്ടും ഇല്ല. പക്ഷേ മകന്‍ അടുത്ത കാലത്ത് വര്‍ഗ്ഗീയത പുറത്തെടുക്കാന്‍ കിട്ടുന്ന ഒരവസരവും കളഞ്ഞിട്ടില്ല, ക്വട്ടേഷന്‍ സംഘത്തിന്‍റെ പ്രീതി പിടിച്ചുപറ്റാന്‍ കൂടിയാണോ ഇയാള്‍ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്നത് എന്ന കാര്യം പരിഗണിക്കണം, ഏതായലും രമേശന്‍ നായരുടെ ചീട്ടു കീറിയാല്‍ കുറി അടിക്കാന്‍ ഭാഗ്യം തെളിഞ്ഞു കാണുന്ന നായന്മാരില്‍ പ്രമുഖന്‍ ചുരളീധരന്‍ ആണ്. ഉടുതുണി ഉരിയാനും കൂക്കി വിളിക്കാനും സ്വന്തം പെങ്ങളെ ഓടിക്കാന്‍ വരെ മുമ്പ് കൊട്ടേഷന്‍ കൊടുത്ത് പരിചയം ഉള്ള വ്യക്തിയാണ്. രമേശന്‍ നായര്‍ കൊട്ടേഷന്‍ സംഘത്തിന്‍റെ ആളാണ് എന്ന് സംഘം തന്നെ വിളിച്ച് പറഞ്ഞാല്‍ ഇമേജ് തകര്‍ന്ന് രമേശന്‍ മൂലയ്ക്ക് ഇരിക്കുമ്പോള്‍ മുഖ്യമന്ത്രി ക്കസേരയില്‍ ഇരുന്നുകളയാം എന്ന്‍ കുബുദ്ധിക്ക് പേരുകേട്ട ചുരളീധരന് തോന്നാന്‍ ഉള്ള സാധ്യത വളരെക്കൂടുതല്‍ ആണ്. ചുരളിയും സുകുരാമനും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ ആണോ ഇത്. ചുരളീധരന്‍ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.
രണ്ടാമന്‍, കെ സി ബാലഗോപാല്‍ നിലവില്‍ കേന്ദ്രമന്ത്രി, നംബ്യാര്‍ ജാതി, നായരില്‍ പരിഗണിക്കും. ചെറുപ്പം മുതല്‍ സംശുദ്ധ രാഷ്ട്രീയ ചരിത്രം . സുകുരാമന്‍ നായരുടെ സംഘത്തിന് ഹൈക്കമാന്‍റ് ബന്ധം ഉണ്ടാക്കുന്നതില്‍ ഇടനിലക്കാരന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുകുരാമനുമായി നല്ല ബന്ധം. തൊമ്മന്‍ കിണ്ടിക്ക് ശേഷം അടുത്ത ഊഴം ജാതിയില്‍ മികച്ചവന് കൈവന്നാല്‍ രണ്ടുപേര്‍ ഭീഷണി, ചുരളിയും ചേനത്തലയും.ഡല്‍ഹിയില്‍ പുതിയ യുവരാജാവ് യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കണം എന്ന് പറയുന്നുണ്ട് ചുരളിക്ക് ആവശ്യത്തില്‍ അധികം ചീത്തപ്പേര് ഡല്‍ഹിയില്‍ ഉണ്ട്. ചക്രവര്‍ത്തിനി മാടത്തെ ഭള്ളൂ വിളിച്ച കാസറ്റ് ചാനല്‍ കുമാരന്മാരെ ക്കൊണ്ട് ഒന്ന് റീപ്ലേ ചെയ്യിച്ചാല്‍ ചുരളിയെ പിടിച്ച് കെട്ടാം . കാശ് കൊടുത്താല്‍ അവന്മാര്‍ അതും അതില്‍ അപ്പുറവും ചെയ്യും ശംബളം കൊടുക്കാന്‍ പരസ്യക്കാരന്‍റെ തിണ്ണ നിരങ്ങുന്ന 'കോട്ടുകാര്‍ക്ക്' ഗോപലന്‍റെ കാശ് പുളിക്കില്ലല്ലോ. ചുരളിമാറിയാല്‍ പിന്നെ ഭീഷണി ചേനത്തല മാത്രം,... ബാലഗോപാലനില്‍ പല വിധ മനോരഥങ്ങള്‍ക്കും സാധ്യതയുണ്ട്. അതായത് സുകുരാമന് രമേശന്‍റെ കൊട്ടേഷന്‍ കൊടുത്തത് ബാലഗോപാലന്‍ ആവാനുള്ള സാധ്യത വളരെക്കൂടുതല്‍ ആണ്.
മൂന്നാമന്‍.
സാക്ഷാല്‍ സുകുരാമന്‍ നായര്‍
രമേശന്‍ മുമ്പ് ഒരു കൊട്ടേഷന്‍ കൊടുത്തിരുന്നു സുകുരാമന്, മുഖ്യമന്ത്രിപ്പണിക്ക്. ഡല്‍ഹിയിലും കേരളത്തിലും ആയി സുകുരാമന്‍ ഊണും ഉറക്കവും ഒഴിച്ച് പണിയെടുത്തു കാലുപിടിച്ചും പാലം വലിച്ചും പലപണിയും നോക്കി . പക്ഷേ നടന്നില്ല, കുഞ്ഞാപ്പ എന്നൊരു മലബാറുകാരന്‍ കിങ് മേക്കര്‍ ഉണ്ട് അമ്പിനും വില്ലിനും അടുക്കുന്നില്ല. കുഞ്ഞാപ്പയുടെ ബലത്തില്‍ ആണ് തൊമ്മന്‍ കയറി ഇരുന്നത്. തരം കിട്ടുമ്പോള്‍ ഒക്കെ കുഞ്ഞാപ്പയെ തെറിവിളിച്ച് സുകുരാമന്‍ കലിപ്പ് തീര്‍ക്കാറുണ്ട്. ഡല്‍ഹിയിലെ പിടിപാടും പറഞ്ഞ് തന്‍റെ അടുത്ത് നിന്നു കിട്ടാവുന്നതൊക്കെ വാങ്ങിയെടുത്ത്,കോഴിക്കാലും കുപ്പിയും അടിച്ച് മാറ്റി "ഇപ്പം ശര്യാക്കിത്തരാം" എന്ന പതിവ് പല്ലവി പറയുന്ന സുകുരാമനോട് രമേശന് ഉള്ളില്‍ ഒരു അനിഷ്ടം ഉണ്ട്.
ഇതിനിടയില്‍ ആണ്, "ഡേയ്... ആ കേരള യൂണിവേര്‍സിറ്റിയിലെ വി സി കസേരല്ല്യേ നമ്മടെ കുമാരിക്ക് അതില്‍ ശ്ശി മോഹണ്ട്. അത് വേണം, പകരം അടുത്ത മുഖ്യന്‍ നീയ്യ് തന്നെ" .രമേശനോട് സുകുരാമന്‍റെ മധുരം ചേര്‍ത്ത ആജ്ഞ.
രണ്ടര കൊല്ലമായി ഇതേ പോലെ പല നമ്പരും ഇറക്കിയിട്ടുള്ള സുകുരാമനെ "അത്രക്ക്യങ്ങട്" മൈന്‍റ് ചെയ്യണ്ടാന്ന് രമേശന് ഒരു ദുര്‍ബല നിമിഷത്തില്‍ തോന്നിപ്പോയി.
നായര് വിടുമോ? കുമാരി എത്രകാലയിട്ട് കാത്തിരിക്കുന്ന കസേരയാ അത്. ഇവനൊക്കെ വേണ്ടി ഒരുപാട് ക്വട്ടേഷന്‍ എടുത്തിട്ടുള്ള എനിക്ക് ഒരാവശ്യം വന്നപ്പോള്‍ തിരിഞ്ഞുനോക്കാത്ത ഒരു നായരോ? അങ്ങനെ ഒരുത്തന്‍ ഇവിടെ വേണ്ട. അതായത് സുകുരാമന്‍ തന്‍റെ കസ്റ്റമറുമായി തെറ്റി, അയാള്‍ക്ക് പണികൊടുക്കാന്‍ സ്വന്തം കൊട്ടേഷന്‍ ഏറ്റെടുത്തു. ഒരു രമേശന്‍ പോയാല്‍ നൂറ് രമേശന്‍ മാര് ആപ്പീസില്‍ ക്യു നില്‍ക്കും, കേരളത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍റ് കൊട്ടേഷന്‍ കമ്പനിയോടാ അവന്‍റെ കളി.
ഒരു നിമിഷത്തെ ബുദ്ധിമോശത്തിന് രമേശന്‍ നായര്‍ക്ക് പണികിട്ടിയതാവാനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂട. ക്രിമിനല്‍സിനോട് ഡീല്‍ ചെയ്യുമ്പോള്‍ വളരെ സൂക്ഷിക്കണം, ഇരുതല മൂര്‍ച്ചയുള്ള വാളാണ് എന്നൊക്കെ, രമേശന്‍റെ ആത്മീയഗുരു കരുണന്‍ജി പണ്ട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. പക്ഷേ ഗുരുവില്‍ നിന്ന് ഗുരുത്വത്തെക്കാള്‍ ഗുരുത്വക്കേട് അല്ലേ രമേശന് വാങ്ങിവെച്ചിരിക്കുന്നത് ,സുകുരാമനും മകളുടെ വി സി ക്കസേരയും തന്നെയാണോ 'പാര' യായത്, അന്വേഷണം ഈ വഴിക്ക് കൂടി കൊണ്ട് പോകേണ്ടതാണ്.
ഇനി ഒട്ടും തള്ളിക്കളയാന്‍ പറ്റാത്ത മറ്റൊരു സാധ്യത കൂടി ഉണ്ട്, പെരുന്ന നായര്‍ക്ക് ഈ ക്വട്ടേഷന്‍ കൊടുത്തത് രമേശന്‍ നായര്‍ ചേനത്തല തന്നെ ആയിക്കൂടെ? ചില സിനിമകളില്‍ കാണുന്ന പോലെ സ്വന്തം ക്വട്ടേഷന്‍ !!!, യെസ്, വലിയ മതേതരന്‍ ആണ് എന്നൊക്കെ സ്വന്തമായും ചാനലുകാര്‍ വഴിയും വിളിച്ച് പറയുന്നു എന്നല്ലാതെ 'മതേതരത്വം' പ്രതിസന്ധി നേരിട്ടപ്പോള്‍ ഒന്നും രമേശനെ ആ വഴിക്ക് കണ്ടിട്ടില്ല. മാത്രമല്ല മതേതരം എന്ന ബിസിനെസ്സിനെക്കാള്‍ ലാഭകരം മതകീയം എന്ന ബിസിനസ്സ് ആണ് എന്ന്‍ അയല്‍ രാജ്യങ്ങളില്‍ ചില യെദിയൂരപ്പന്‍ മോഡിയപ്പന്‍ തുടങ്ങിയ ചില രാജാക്കന്മാര്‍ തെളിയിച്ചിട്ടുണ്ട്,. കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സ്റ്റേജുകള്‍ കയ്യടക്കിയ 'അഞ്ചാം മന്ത്രിക്കൊരു പച്ച സാരി' എന്ന നാടകത്തില്‍ മുഖ്യനടനായി രമേശന്‍ ഉണ്ടായിരുന്നു, ഈ നാടകത്തിന്‍റെ രചയിതാവ് ഇദ്ദേഹം ആണെന്നും, രമേശനും സുകുരാമനും ചേര്‍ന്നാണ് നാടകം രചിച്ചത് എന്നും രണ്ട് അഭിപ്രായങ്ങള്‍ നാടക നിരൂപകര്‍ക്കുണ്ട്. ഇപ്പോള്‍ കളിച്ചു തുടങ്ങിയ '33 സ്കൂളും മലപ്പുറം കത്തിയും' എന്ന പുതിയ നാടകത്തിന് പിന്നിലും രമേശന്‍റെ രചനാ വൈഭവം ഉണ്ടെന്ന് 'കാണികള്‍' വിശ്വസിക്കുന്നുണ്ട്. കാരണം അഞ്ചാം മന്ത്രി.... നാടകത്തിലെ പല രംഗങ്ങളും ഡയലോഗുകളും 33 ലും അതേപടി ആവര്‍ത്തിക്കുകയാണ്,. മതേതരമോ, മൃദുഹിന്ദുത്വമോ ഏതിനാണ് കേരളത്തില്‍ മാര്‍ക്കറ്റ് എന്ന് ഒന്നുരച്ചുനോക്കാന്‍ മതേതര വഞ്ചിയില്‍ നിന്ന് മറ്റേ കാലും കൂടി വലിച്ചു കളയാന്‍ രംഗ മൊരുക്കുകയാണോ രമേശന്‍?
അപ്പോള്‍ അങ്ങേര് പത്രക്കാര്‍ക്ക് മുമ്പില്‍ കരഞ്ഞതോ? അത് കേസിലെ പ്രധാന പോയിന്‍റാണ്, താനൊരു നല്ല നടനാണെന്ന് പത്രസമ്മേളന വേദിയില്‍ രമേശന്‍ മുമ്പും തെളിയിച്ചിട്ടുള്ളതായി നാടക നിരൂപകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ പ്രിയപ്പെട്ട ഗുരു നാട് നീങ്ങിയപ്പോള്‍ നല്ല ഭാവാഭിനയം കാഴ്ച വെച്ചിരുന്നു അദ്ദേഹം, ചിലര്‍ എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി എന്ന ചരിത്ര പ്രസിദ്ധമായ നിലവിളി ഗുരുജിയില്‍ നിന്നുണ്ടായത് രമേശനെ ഉദ്ദേശിച്ചാണ്, രമേശനെ തന്നെ ഉദ്ദേശിച്ചാണ്, രമേശനെ മാത്രം ഉദ്ദേശിച്ചാണ്. എന്ന് ഇതേ കേസില്‍ സംശയിക്കപ്പെടുന്ന പ്രതികളില്‍ ഒരാളായ ചുരളീധരന്‍ പലതവണ വിളിച്ച് പറഞ്ഞിട്ടുണ്ട്. സ്വയം കുറ്റം ചെയ്യുകയും ഒരു കാരണവശാലും തെളിയിക്കപ്പെടില്ല എന്ന ഉറപ്പോടെ ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കി സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ച ടെയ് ലര്‍ മണിയെപ്പോലെ മറ്റൊരു അവതരമാണോ രമേശന്‍ നായര്‍? അന്വേഷണം ആ വഴിക്ക് കൂടി നീങ്ങണം.
ഡയറിക്കുറിപ്പുകള്‍ അവസാനിക്കുന്നില്ല തല്‍ക്കാലം ഒരു കോമ ഇടുകയാണ് എന്‍റെ വലം കയ്യായ അന്വേഷണ ഉദ്യോഗസ്ഥന്‍ 'വിക്രം' ഒരു അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലാണ്, അദ്ദേഹം പുറത്തിറങ്ങിയാല്‍ പെരുന്നയിലേക്ക് ഒന്ന് വിടണം, നായന്മാര്‍ ഒരിക്കലും സംശയിക്കാത്ത വിധം ഒരു 'പള്ളിമുക്രി' യുടെ വേഷത്തില്‍ വിക്രം അവിടെ ചെല്ലും,....വിക്രം ചോര്‍ത്തിയെടുക്കുന്ന വിവരങ്ങളുമായി ഡയറി തുടരും.
അന്വേഷണ കൊതുകുകള്‍ ആയ പത്രശിരോമണികള്‍ക്ക് ഇത്രയും തെളിവുകള്‍ വെച്ചു കേസ് തെളിയിക്കാന്‍ ആകും എന്ന് ഉറപ്പാണ്, ചാരക്കേസ്, ലവ് ജിഹാദ് തുടങ്ങിയ കേസുകളില്‍ പ്രാവീണ്യം തെളിയിച്ച സ്വ. ലേ. മാര്‍ക്ക് മേല്‍പ്പറഞ്ഞ പ്രതിപ്പട്ടികയില്‍ ഉള്ള മൂന്ന് പേരെയും അവരുടെ നാല് തലമുറയെയും റോഡിലിറങ്ങാന്‍ പറ്റാത്ത വിധം നാറ്റിക്കാന്‍ ഈ തെളിവുകള്‍ ധാരളമാണ്.
പുതിയ കുറ്റാന്വേഷണങ്ങളുമായി ഞാന്‍ ഇവിടതന്നെ കാണും, എന്നെ പ്രോല്‍സാഹിപ്പിക്കാന്‍ സുകുരാമന്‍ മാര്‍ പുതിയ കൊട്ടേഷനുകള്‍ ഇനിയും ഇനിയും എടുക്കണം
മൂന്നരക്കോടി ആളുകളില്‍ നിന്ന് നാല് പേരിലേക്ക് അന്വേഷണം എത്തിക്കാന്‍ ഉള്ള എന്‍റെ മിടുക്കിനെ ആരും അഭിനന്ദിച്ചില്ലേലും കുഴപ്പമില്ല , കാറ്റ് പോയ ശേഷം പൊക്കിപ്പറയാനും ജ്ഞാനപീഠം തരാനും മറക്കരുത്
.സേതു രാമയ്യര്‍ സിബിഐ
(ഒപ്പ് )
തിരുവനന്തപുരം തൈക്കാട് മ്യൂസിയത്തില്‍ 'സൂക്ഷിച്ചിരിക്കാന്‍ ഇടയുള്ള ' സേതുരാമയ്യരുടെ ഡയറിക്കുറിപ്പുകളിലെ ചില താളുകള്‍ ഇവിടെ പുനപ്രസിദ്ധീകരിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവം ആണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ മരിച്ചവരോ മരിക്കാന്‍ പോകുന്നവരോ ആയ ആരുമായും ഈ സംഭവങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല., ലൈക്ക് അടിച്ചാല്‍ ലോക്കപ്പില്‍ ഇട്ട് ഏമാന്‍മാര്‍ ലൈക്കുന്ന കാലമാണ് ലൈക്കുന്നവര്‍ രണ്ടും കല്‍പ്പിച്ച് മാത്രം ലൈക്കുക - ബ്ലോഗന്‍.
തിരുവനന്തപുരം തൈക്കാട് മ്യൂസിയത്തില്‍ 'സൂക്ഷിച്ചിരിക്കാന്‍ ഇടയുള്ള ' സേതുരാമയ്യരുടെ ഡയറിക്കുറിപ്പുകളിലെ ചില താളുകള്‍ ഇവിടെ പുനപ്രസിദ്ധീകരിച്ചിരിക്കുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ മരിക്കാന്‍ പോകുന്നവരോ ആയ ആരുമായും ഈ സംഭവങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല., ലൈക്ക് അടിച്ചാല്‍ ലോക്കപ്പില്‍ ഇട്ട് ഏമാന്‍മാര്‍ ലൈക്കുന്ന കാലമാണ് ലൈക്കുന്നവര്‍ രണ്ടും കല്‍പ്പിച്ച് മാത്രം ലൈക്കുക - ബ്ലോഗന്‍.
ReplyDeleteകൊള്ളാം ആശാനെ കലക്കി,,,,
ReplyDeleteblogaaaaaaaaaaaa
ReplyDeletesuperrrrrrrr
superrrrrrrrrrrrrr
superrrrrbbbbbbbbbbbbbbb
കലക്കി കലക്കി നൂറായിരം കലക്കൽസ്
ReplyDeleteഇത് സൂപ്പര്‍ തന്നെ.. തലങ്ങും വേലങ്ങും വീശിയിട്ടുണ്ടല്ലോ...
ReplyDeleteഎല്ലാരും സംശയത്തിന്റെ നിഴലിലാണല്ലോ
ReplyDeleteone of the best article I ever read, thank you very much
ReplyDelete