Wednesday, 6 February 2013

സൌദിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള ദൂരം; സ്ത്രീകള്‍ക്ക്

മനാല്‍ അല്‍  ശരീഫിനെ നമുക്കെല്ലാം അറിയാം, സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാത്ത ലോകത്തെ ഒരേയൊരു രാജ്യമായ സൌദി അറേബ്യയില്‍ 'ഡ്രൈവിങ്' അവകാശത്തിന് വേണ്ടി പൊരുതുന്ന സ്ത്രീകളുടെ നേതാവും വക്താവും ആണ്  മനാല്‍.,. സൌദി നിരത്തിലൂടെ വണ്ടിയോടിച്ച് യൂടുബീല്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ ജയില്‍ ശിക്ഷ വാങ്ങിയ മനാലിനെ 'സൌദിയിലെ സ്ത്രീ അസ്വാതന്ത്ര്യത്തിന്റെ' പ്രതീകമായി ലോകമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അതിന്‍റെ അലയൊലികള്‍ മലയാള മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പ്രത്യക്ഷപ്പെട്ടു. സൌദി എന്ന യാഥാസ്ഥിക രാജ്യത്തെക്കുറിച്ച് അവിടത്തെ സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച് പരമാവധി വലിപ്പത്തില്‍  'ഉലക്കമുക്കി'യ എഴുത്തുകള്‍ ലോകമാസകലം പരന്നു.

സൌദിയില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് കിട്ടുന്നതില്‍ 'ബേജാറുള്ള' ഒരേയൊരു കൂട്ടരേ ഉണ്ടാവാന്‍ സാധ്യത ഉള്ളൂ... അത് അവിടെ ജോലി ചെയ്യുന്ന വിദേശികളാണ് .പ്രത്യേകിച്ചു മലയാളികള്‍. , സൌദിയില്‍ ഏറ്റവും എളുപ്പത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍  കിട്ടുന്ന വിസയാണ് 'ഹൌസ് ഡ്രൈവര്‍' വിസ. സാധാരണ ജോലിക്കാര്‍ മുതല്‍ സ്ഥാപന ഉടമകള്‍ വരെ 'പ്രൊഫഷണലി' ഹൌസ് ഡ്രൈവര്‍മാരാണ്,  സൌദിയിലെ മലയാളികളായ പല ബൂര്‍ഷ്വാ മുതലാളിമാരില്‍ പലരും  ഹൌസ് ഡ്രൈവര്‍ വിസക്കാരാണ് എന്നറിയുമ്പോഴേ സൌദിയിലെ വിദേശികളുടെ വിശിഷ്യ മലയാളികളുടെ ജീവിതം അവിടത്തെ സ്ത്രീ സ്വാതന്ത്ര്യവുമായി എത്രത്തോളം കെട്ടുപിണഞ്ഞു എന്ന്‍ മനസ്സിലാവൂ...

സ്ത്രീക്ക് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ വേണം എന്ന ഒറ്റ പരിഗണയിലാണ് ഇത്രയേറെ വിസകള്‍ അനുവദിക്കുന്നത്.
രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് രസാവഹമായ ഒരു കണക്ക് പുറത്തു വന്നു. വിദേശികള്‍ക്ക് നല്‍കിയ ആകെ ഡ്രൈവിങ് ലൈസന്‍സുകളെക്കാള്‍ കൂടുതലാണ് ഹൌസ് ഡ്രൈവര്‍ വിസക്കാരുടെ എണ്ണം. അതായത് ഹൌസ് ഡ്രൈവര്‍ വിസക്കാരില്‍ മഹാഭൂരിപക്ഷവും ഡ്രൈവിങ് ലൈസന്‍സ് പോലും ഇല്ലാത്തവരാണ്.!! (ഹൌസ് ഡ്രൈവര്‍ വിസക്കാര്‍  നിര്‍ബന്ധമായും ഡ്രൈവിങ് ലൈസന്‍സ് എടുക്കണം എന്ന നിയമം ഇപ്പോള്‍ കര്‍ശന മായതായി കേള്‍ക്കുന്നു)

ഏതായലും സൌദിയിലെ സ്ത്രീ സ്വാതന്ത്ര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഉള്ളുകാളിയത് പ്രവാസികള്‍ക്ക് ആണ്. സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഹൌസ് ഡ്രൈവര്‍ വിസ ഇല്ല. ലക്ഷക്കണക്കിന് പ്രവാസികളുടെ കാര്യം കട്ടപ്പൊകയാകും, വിസാ നിയമം കര്‍ശനമായ സൌദിയില്‍ ഒരു ഒരു തൊഴില്‍ വിസ കിട്ടാന്‍ ഒരു കടിഞ്ഞൂല്‍ പേറിന്റെ പണിയാണെന്നാണ് (പെണ്ണുങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍).),) പറഞ്ഞു കേള്‍ക്കുന്നത്. ആ സ്ഥിതിക്ക് അവിടത്തെ സ്ത്രീകളുടെ ഡ്രൈവിങ് സ്വാതന്ത്ര്യത്തെക്കാള്‍ വലുത് പാവം പ്രവാസിയുടെ കഞ്ഞികുടി ആണെന്ന്‍ വിശ്വസിക്കുന്നവരൊക്കെ മനസ്സാ സ്ത്രീ ഡ്രൈവിങ് വിപ്ലവത്തിന് എതിരായിരുന്നു. പക്ഷേ പുറത്തു കാണിച്ചില്ല, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വെറുതെ പിന്തിരിപ്പന്‍ എന്ന ചീത്തപ്പേര് ചോദിച്ചു വാങ്ങണ്ടല്ലോ...

പക്ഷേ സൌദി പ്രവാസിയുടെ ഈ 'ഗതികേടില്‍' വലിയ ബേജാര്‍ ഇല്ലാത്തവരൊക്കെ സ്ത്രീ ഡ്രൈവിങ് വിപ്ലവത്തിന് അനുകൂലമായി ഫെയിസ് ബുക്കില്‍ കമ്മന്‍റ് പാസ്സാക്കിയെങ്കിലും പിന്തുണ പ്രഖ്യാപിച്ചു, പ്രതേകിച്ച് സൌദിക്ക് പുറത്തും യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള മലയാളികള്‍ 'സൌദി ഫെയിസ് ബുക്ക്കാരെ ചിത്രവധം ചെയ്തു. കൂട്ടത്തില്‍ ഇസ്ലാമിനെക്കൂടി രണ്ടിടി ഇടിക്കാന്‍ അവസരം കിട്ടിയ 'പുരോഗമന' ഭീകരന്‍മാര്‍. ശരിക്കും ആഘോഷിക്കുക തന്നെ ചെയ്തു.

ഈ 'പഴയ' കഥ വീണ്ടും ഓര്‍ക്കാന്‍ കാരണം രണ്ടു ദിവസം മുമ്പ് കണ്ട വാര്‍ത്തയാണ്. ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് ട്രൌസര്‍ ഉടുക്കാന്‍ സ്വാതന്ത്ര്യം കൊടുത്തുവത്രെ. ശരിക്കും അതൊരു ഞെട്ടിക്കുന്ന വാര്‍ത്ത യായിരുന്നു. വിപ്ലവത്തിന്‍റെ   കളിത്തൊട്ടില്‍ ആയ ഫ്രാന്‍സില്‍ 1800 മുതല്‍ നിലവില്‍ ഉള്ള നിയമം അനുസരിച്ചു പെണ്ണുങ്ങള്‍ ജീന്‍സ്, പാന്‍റ് തുടങ്ങിയവയൊന്നും ഉടുക്കാന്‍ പാടില്ല. രണ്ട് കാലും വെവ്വേറെ കണ്ടാല്‍ ഗുഹ്യസ്ഥാനം കൃത്യമായി മനസ്സിലാവുമത്രേ.  1892 , 1909 വര്‍ഷങ്ങളില്‍ പാസ്സാക്കിയ ഭേദഗതി പ്രകാരം സൈക്കിള്‍ ഓടിക്കുമ്പോഴും കുതിരപ്പുറത്ത് യാത്ര ചെയ്യുമ്പോഴും ഇടാം. അല്ലാത്ത അവസരങ്ങളില്‍ ട്രൌസര്‍ ഉടുക്കണം എന്ന്‍ നിര്‍ബന്ധമുള്ളവര്‍ ലോക്കല്‍ പോലീസില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങണം.!!!
സിസിലി ഡിഫിലോട്ട് എന്ന വനിതാ മന്ത്രി ജീന്‍സ് ധരിച്ച് മന്ത്രിസഭാ യോഗത്തിന് ചെന്നതുപോലും അവിടെ വലിയ പുലിവാലായിരുന്നുവത്രെ.
ഈ നിരോധനം എടുത്തുകളഞ്ഞതായി വനിതാവകാശ മന്ത്രി നജാത്ത് വലോഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴാണ് 'ലോകം' കഥ അറിയുന്നത്
എങ്ങനെയുണ്ട് ഫ്രാന്‍സിലെ സ്ത്രീ സ്വാതന്ത്ര്യം?

കാറോടിക്കാന്‍ അവകാശം ഇല്ലാത്ത സൌദിയോ ട്രൌസര്‍ ഉടുക്കാന്‍ അനുവാദം ഇല്ലാത്ത ഫ്രാന്‍സോ ആരാണ് കൂടുതല്‍ 'മെച്ചം'?
മറ്റൊരു ചോദ്യം കുറച്ച് കൂടി പ്രസക്തമാണ്.          
സ്ത്രീകളുടെ ഡ്രൈവിങ് ലൈസന്‍സിന്‍റെ പേരില്‍ സൌദിയുടെ മെക്കിട്ട് കേറിയവരൊക്കെ ഇത്രകാലം ഫ്രാന്‍സിലെ ട്രൌസറിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയോ? എവിടെയായിരുന്നു പുരോഗമന വാദികളൊക്കെ?

ഉത്തരം റെഡിയാണ്.
സൌദി മുസ്ലിം രാജ്യമല്ലേ,... മുസ്ലിംകളുടെ മെക്കിട്ട് കേറാന്‍ അല്ലേ എലാവര്‍ക്കും താല്‍പര്യം ഉള്ളൂ... ഫ്രാന്‍സിലും അമേരിക്കയിലും ഒക്കെ എന്തും ആവാമല്ലോ?
ഈ ഉത്തരത്തില്‍ ശരി ഇല്ലാതില്ല. പക്ഷേ ഇതിലും വലിയ ശരി വേറെ ഇല്ലേ? ഫ്രാന്‍സിന് ഇട്ടു ഒരു 'പണികൊടുക്കാന്‍' പറ്റിയ ഈ തുറുപ്പുചീട്ട് കയ്യില്‍ കിട്ടിയാല്‍ എടുത്തു വീശുന്നവരല്ലേ നമ്മില്‍ മിക്കവരും. ഫ്രാന്‍സല്ലേ മിണ്ടണ്ട എന്ന് കരുതുന്നവര്‍ തുലോം തുച്ചമായിരിക്കും, ഇനി സൌദി പക്ഷക്കാര്‍ ഈ ചീട്ട് കയ്യില്‍ കിട്ടിയാല്‍ ഇറക്കിക്കളിക്കുമായിരുന്നു എന്ന കാര്യത്തില്‍ വല്ല സംശയവും ഉണ്ടോ?
ഫ്രാന്‍സില്‍ മുസ്ലിം സ്ത്രീകള്‍ തലമറക്കുന്നതുമായിബന്ധപ്പെട്ട വിവാദം ആളിക്കത്തിയപ്പോഴും 'ട്രൌസര്‍ പ്രശ്നം' ആരും പറഞ്ഞില്ല.


 സംഗതി വളരെ സിമ്പിള്‍ ആണ്. ഇന്‍റെര്‍നെറ്റും മറ്റ് ആധുനീക മീഡിയകളും വാര്‍ത്തകളുമായി 'ഇന്‍ഫര്‍മേഷന്‍ ടെക്‍നാളജി' പുരോഗതിയുടെ ഉച്ചിയിലാണ്  എന്ന്‍ അവകാശപ്പെടുമ്പോഴും നമുക്കൊക്കെ 'വിവരം' വളരെ കുറവാണ്.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ഉള്ളൂ ഇന്‍ഫര്‍മേഷന്‍ കയ്യിലില്ല.

പാശ്ച്യത്യ ലോകത്തെക്കുറിച്ച് അവിടുത്തെ മീഡിയകള്‍ പറയുന്ന ഏറ്റവും പോസിറ്റീവ് ആയ വാര്‍ത്തകള്‍ മാത്രമാണ് നമ്മുടെ മീഡിയകള്‍ക്ക് കിട്ടുന്നത്. നമ്മുടെ മീഡിയകള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് നമ്മുടെ 'ജനറല്‍ നോളേജില്‍' കുത്തിനിറക്കുന്നത്. ബ്രിട്ടന്‍ അമേരിക്ക കാനഡ ഓസ്ട്രേലിയ തുടങ്ങി ഇംഗ്ലീഷ് സംസാരിക്കുന്ന, കുടിയേറ്റം അനുവദിക്കുന്ന, രാജ്യങ്ങളുമായി നമുക്കുള്ള ബന്ധം അവിടത്തെ വാര്‍ത്തകളെ നമ്മിലേക്ക് എത്തിക്കുന്നുണ്ട്. പക്ഷേ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി(ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഒഴിവ്)  തുടങ്ങി ഇംഗ്ലീഷില്‍ വലിയ പിടിപാടില്ലാത്ത രാജ്യങ്ങളെ കുറിച്ചുള്ള നമ്മുടെ പിടിപാട് 'ശൂന്യം' തന്നെയാണ്.

മതവും ജാതിയും രാഷ്ട്രീയവും ലേശം  കൂടിയും കുറഞ്ഞും ഇരിക്കാം പക്ഷേ ഒരേ റേഷന്‍ കടയിലെ അരി മുതല്‍  ഒരേ ബിവറേജസിലെ 'സാധനം' വരെ യുള്ള ചേരുവകള്‍ ഒരുമിച്ച് 'അനുഭവിക്കുന്ന 'നാം . ബുദ്ധിയുടെ കാര്യത്തില്‍  തുല്യരാണ്.  .
ഫ്രാന്‍സിനെ തലങ്ങും വിലങ്ങും ചീത്തവിളിക്കാന്‍ പറ്റുന്ന ഉഗ്രന്‍ ഒരു സ്കൂപ്പ് 212 കൊല്ലം കൊണ്ട് പോലും കണ്ടുപിടിക്കാന്‍ പറ്റാതിരുന്ന നമ്മുടെ ലോകവിവരത്തിന് ഒരു കിഴുക്ക് കൊടുക്കാന്‍ പറ്റിയ സമയമാണിത്.

ആത്മഗതം:- എന്നാലും എന്‍റെ ഫ്രാന്‍സേ,... എന്തൊക്കെ മുന്തിയ ഇനം തെറികള്‍ വച്ചു കാച്ചാനുള്ള  അവസരമായിരുന്നു?

                                   

7 comments:

 1. മതവും ജാതിയും രാഷ്ട്രീയവും ലേശം കൂടിയും കുറഞ്ഞും ഇരിക്കാം പക്ഷേ ഒരേ റേഷന്‍ കടയിലെ അരി മുതല്‍ ഒരേ ബിവറേജസിലെ 'സാധനം' വരെ യുള്ള ചേരുവകള്‍ ഒരുമിച്ച് 'അനുഭവിക്കുന്ന 'നാം . ബുദ്ധിയുടെ കാര്യത്തില്‍ തുല്യരാണ്. .

  ReplyDelete
 2. ട്രൌസര്‍ വിഷയം ഇപ്പഴാണല്ലോ അറിയുന്നത്

  ReplyDelete
 3. എല്ലാറ്റിനും ജാതിയുടെയും മതത്തിന്റെയും നിറം കൊടുക്കുന്നതിലെ ചിലര്‍ക് താല്പര്യമുള്ളൂ. അതിനപ്പുറം കാര്യങ്ങള് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. സൌദിയില്‍ ഡ്രൈവിംഗ് ലൈസന്‍സൊ സഞ്ചാര സ്വാതന്ത്രമോ ഇല്ലാത്തതു മാത്രമല്ല സ്ത്രീകളുടെ പ്രശ്നം. സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടമുള്ള ജോലി ചെയ്യാനോ അങ്ങനെ ഒന്നിനും തന്നെ സ്വാതന്ത്രമില്ല. ഏറെക്കുറെ ഒരു വീട്ടു തടങ്കലില്‍ ആണ് എന്നതാണ് സ്ഥിതി(ആവിഷ്കാര സ്വാതന്ത്രമോ പരിഷ്കൃത സമൂഹത്തില്‍ കാണുന്ന ഏതെങ്കിലും രീതിയിലുള്ള മറ്റു സ്വാതന്ത്രങ്ങളോ ഒന്നും ആണിനോ പെണ്ണിനോ ഇല്ലാത്തതു കൊണ്ട് അത് എടുത്തു പറയുന്നില്ല.) ഇത്ര ഭീകരമായ സ്ഥിതി ലോകത്ത് ഒരിടത്തും ഇല്ല. അപ്പോള്‍ പിന്നെ അത് ചര്‍ച്ച ചെയ്യപ്പെടുന്നത് സ്വാഭാവികം. അതിനെന്തിനാ വെറുതെ മതത്തിന്റെ വര്‍ണം കാണുന്നത് ? അതൊരു മനുഷ്യാവകാശ പ്രശനം ആയി കാണുന്നതല്ലേ ശരി ? അതാണോ ഫ്രാന്‍സിലെ സ്ഥിതി ? അവിടെ ഇത് പോലുള്ള എണ്ണപ്പെട്ട പരിമിതികളെ ഉള്ളൂ എന്നത് ഒരു സത്യമാണ്. വളരെ അധികം അഭിപ്പ്രായ സ്വാതന്ത്രം ഉള്ള ഒരു രാജ്യമായിട്ടു കൂടി അവിടെ നിന്ന് ഇത് പോലുള്ള വാര്‍ത്തകള്‍ കൂടുതലായി വരാത്തത് അങ്ങനത്തെ വാര്‍ത്തകള്‍ കൂടുതലായി ഇല്ലാത്തതു കൊണ്ട് കൂടിയാണ് എന്ന് മനസ്സിലാക്കാം.

  ReplyDelete
 4. ട്രൌസര്‍ ധരിക്കാന്‍ അനുവദിക്കാത്ത ഫ്രാന്‍സിനെ കളിയാക്കിയത് ഇഷ്ടമായി,പ്രാവാസികളില്‍ കൂടുതലും ഡ്രൈവര്‍ വിസക്കാരാണെന്നു പറഞ്ഞു വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി കൊടുക്കാത്ത സൗദിഅറേബിയെ ന്യായായീകരിച്ചത് എനിക്ക് ഇഷടമായില്ല

  ReplyDelete
 5. എഫ് റ്റി വി കാണുന്നവർക്ക് അറിയാം,അവിടെ ട്രൌസർ ധരിക്കാൻ അനുവാദം വേണമെന്ന്

  ReplyDelete
 6. ...Though it has been ignored for decades, formally it remained on the statute books....
  ഇതു വായിച്ചില്ല അല്ലേ?

  ReplyDelete