Thursday, 30 July 2015

യാക്കൂബ് മേമന്‍റെ കൊല മുസ്ലിംകളോട് പറയുന്നത്

യാക്കൂബ് മേമനെ, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ മറയാക്കി ഫാസിസം തൂക്കി കൊന്നിരിക്കുന്നു..,
നിരവധി കലാപങ്ങളിലും കൊലപാതകങ്ങളിലും നേരിട്ട് പങ്കുള്ള നിരവധി പേര്‍ അവര്‍ മുസ്ലിംകള്‍ അല്ലാത്തത് കൊണ്ട് മാത്രം നിയമ വ്യവസ്ഥയുടെ കണ്ണില്‍ പെടാതെ നടക്കുമ്പോള്‍, ഒരു മുസ്ലിമിനെ സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതിന്‍റെ പേരില്‍ തൂക്കിലേറ്റിക്കൊണ്ട് ഫാസിസം മുസ്ലിം കളോട് പറയുന്നത് പ്രകോപിതരാവുക എന്നാണ്.ഇരകളെ പ്രകോപിതരാക്കി, അവരില്‍ നിന്ന് പ്രതികരണങ്ങള്‍ ഉണ്ടാവാന്‍ കാത്തിരിക്കുകയാണ് ഫാസിസം, സ്വാതന്ത്ര്യ സമരത്തില്‍ പോലും പങ്കെടുപ്പിക്കാതെ നിങ്ങളുടെ ഊര്ര്‍ജ്ജം മുസ്ലിമിനെ കൊല്ലാനുള്ളതാണ് എന്ന് ആര്‍ എസ് എസ് ആയിരം തവണ ഉരുവിട്ട് പഠിപ്പിച്ച 'കാവി ഭടന്മാര്‍' തയ്യാറായി നില്‍പാണ്‌, ഒരു തീപ്പൊരി വീണാല്‍ അവരീ രാജ്യം കത്തിക്കും, ഗുജറാത്തില്‍ അവരത് പരീക്ഷിച്ചു വിജയിച്ചതാണ്. ഗുജറാത്ത് പരീക്ഷണ കാലത്ത് ഭരണത്തിന് ചുക്കാന്‍ പിടിച്ച് അക്രമികള്‍ക്ക് കാവല്‍ നിന്ന അതേ മാന്യ ദേഹമാണ്, ഇന്ത്യമൊത്തം ഫാസിസത്തിന് കാവല്‍ നില്‍ക്കുന്നത്.

ആളും അര്‍ത്ഥവും കോടതിയും പട്ടാളവും പോലീസും എല്ലാം കൈപ്പിടിയില്‍ ഒതുക്കി ഫാസിസം കൂട്ടക്കശാപ്പിന് കോപ്പ് കൂട്ടുന്നത് ന്യുനപക്ഷങ്ങളും രാജ്യത്തെ സ്നേഹിക്കുന്നവരും തിരിച്ചറിയണം, ഒന്നല്ല പത്ത് മേമന്മാരെ തൂക്കിലേറ്റിയാലും പ്രകോപിതരാവതിരിക്കുക, നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് പ്രതികരണത്തെയും മറയാക്കി ഫാസിസം രാജ്യത്തെ ചുട്ടു ചാമ്പലാക്കും. , അവര്‍ക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല, കാരണം അവര്‍ ഈ രാജ്യത്തിന് ഒന്നും നല്‍കിയിട്ടില്ല. ആധുനീക ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി യായിരുന്നു ബ്രിട്ടിഷ് ഭരണം, രാജ്യത്തെ ബ്രിട്ടിഷുകാരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മറ്റെല്ലാ വിഭാഗീയതകളും മറന്ന് രാജ്യം ഒറ്റക്കെട്ടായപ്പോള്‍ അതിനു പോലും തുരങ്കം വെച്ചു ബ്രിട്ടിഷുകാരോടൊപ്പം നിന്നവരാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍, ഒടുവില്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍  അതിനു നേതൃത്വം നല്‍കിയ മഹാത്മാവിനെ നിര്‍ദ്ദയം കൊന്നു കളഞ്ഞവരാണ്  ഇന്ത്യന്‍ ഫാസിസ്റ്റുകള്‍, കൊന്നിട്ടും കലിപ്പ് തീരാതെ കൊന്നവനെ പൂജിക്കുകയും ഗാന്ധിയെ തെറിവിളിക്കുകയും ചെയ്യുന്ന ചെന്നായ്ക്കൂട്ടമാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍.

അവര്‍ക്ക് എന്തുമാവാം, അവര്‍ക്ക് വേണ്ടത് ചോരയാണ്, നമുക്ക് പക്ഷെ അത് പറ്റില്ല, ഈ രാജ്യത്തെ ഊടും പാവും നല്‍കി വളര്‍ത്തിയവരുടെ പിന്മുറക്കാര്‍ ഇവിടത്തെ സാധാരണ മനുഷ്യരാണ്, ഹിന്ദുവും മുസ്ലിമും ദലിതനും  ക്രിസ്ത്യാനിയും സിക്ക്കാരനും കമ്മ്യുണിസ്റ്റ് കാരനും അടക്കമുള്ള ഇവിടത്തെ മനുഷ്യര്‍, ആര്‍ എസ് എസ്സിന് ഇനിയും കീഴടങ്ങാത്ത മനുഷ്യരുടെ ഇന്ത്യ. ഈ രാജ്യത്തെ ചങ്കിലെ ചോര നല്‍കിയും നാം സംരക്ഷിച്ചു നിര്‍ത്തണം. ഫാസിസത്തിന്‍റെ കുതന്ത്രങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഫാസിസ്റ്റ് ദുഷ് പ്രചരണ ങ്ങളില്‍ വഞ്ചിതരായിപ്പോയ മനസ്സുകളെ വീണ്ടെടുത്ത് കൊണ്ടാണ്, ഇനിയുമൊരു ഇന്ത്യക്കാരനും ഫാസിസത്തിന്റെ കോടാലിപ്പിടിയാവാതെ സൂക്ഷിച്ചു കൊണ്ടാണ്.

മുസ്ലിംകള്‍ ഭാഗ്യം ചെയ്തവരാണ്,
കുഞ്ഞാലിമരക്കാരുടെ പിന്തുടര്‍ച്ചക്കാരാണ് അവര്‍., തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ രാജ്യം ഭരിച്ച ഹിന്ദു രാജാവിനും രാജ്യത്തിനും ആപത്ത് വരരുതെന്ന് വിശ്വസിച്ച് പറങ്കിപ്പടയുമായി മുന്നണിയില്‍ നിന്ന് യുദ്ധം നയിച്ചവര്‍... ഇവിടെ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. ഫാസിസം കണ്ടെടുത്ത ആദ്യ ശത്രുവാണ് മുസ്ലിംകള്‍ , മുസ്ലികളെ കൊന്ന് തീരുന്നത് വരെ മറ്റെല്ലാ ന്യുനപക്ഷങ്ങളും സുരക്ഷിതരാണ്‌. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ കൂടുതല്‍ ജാഗ്രത കാണിച്ചേ പറ്റൂ.. ഫാസിസത്തിന്റെ ഏതു കടുത്ത പ്രകോപനങ്ങളെയും അതിജീവിക്കാനും ജനാധിപത്യമാര്‍ഗ്ഗത്തില്‍  ഫാസിസത്തെ തുരത്താനുമുള്ള ബാധ്യത മുസ്ലിംകള്‍ക്കുണ്ട്,
ആയുധമെടുക്കുകയല്ലാതെ രക്ഷയില്ല എന്ന് ചെവിയില്‍ മന്ത്രിക്കാന്‍ വരുന്നവരെ സമുദായം കരുതിയിരിക്കുക തന്നെ വേണം.
ഓരോ ജനാധിപത്യ വിശ്വാസിയും ജാഗരൂകരത കാണിക്കണം, ഫാസിസത്തിന്‍റെ കെണിവലകളില്‍ പെട്ട് പോകാതെ പരസ്പരം തുണയാവാന്‍ ഇന്ത്യയിലെ എല്ലാ ഫാസിസ്റ്റ് വിരുദ്ധര്‍ക്കും സാധിക്കണം.., നാളെകള്‍ നമ്മുടെതാണ്‌, അക്രമികള്‍ക്ക് ആയുസ്സ് കുറവാണ് ചരിത്രം നമുക്കത് കാണിച്ചു തന്നിട്ടുണ്ട്. ചരിത്രം അവരെ ചവറ്റു കൊട്ടയിലേക്ക് എറിയുക തന്നെ ചെയ്യും.
അന്നും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിക്കുകാരനും.......മറ്റെല്ലാവരും അടങ്ങുന്ന പച്ച മനുഷ്യര്‍ ഇവിടെ വേണം.
ഇന്ത്യ മരിക്കരുത്, നമുക്ക് ജീവിക്കണം.

വാല്‍കഷ്ണം:
യാക്കൂബ് മേമന്‍ അപരാധിയോ നിരപരാധിയോ എന്ന ചോദ്യത്തെക്കാള്‍ മേമന്‍റെ ചോര പ്രസക്തമാക്കുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥിയുടെ കള്ളക്കളികളെയാണ്, മേമന്‍ അപരധിയെങ്കില്‍ തൂക്കപ്പെടട്ടെ, പക്ഷെ അതിലും വലിയ അപരാധം ചെയ്തവര്‍, ക്യാമറ കണ്ണുകള്‍ക്ക് മുമ്പില്‍ വെച്ച് പോലും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച  കൊലകള്‍ നടത്തിയ, കൊന്നു എന്ന് അഭിമാനപൂര്‍വ്വം വിളിച്ചു പറയുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ വിഹരിക്കുന്ന ഈ രാജ്യത്ത് യാക്കൂബ് മേമെന്റ്റെ കൊല അശ്ലീലമാണ്. വെറും അശ്ലീലം
       

1 comment:

  1. വളരെ ഏകപക്ഷീയ വിവരണം

    ReplyDelete