Sunday, 31 March 2013

സൌദിയിലെ നിതാഖാത്ത് അഥവാ വീണ്ടും മുല്ലപ്പെരിയാര്‍ !!

മനുഷ്യനെ പേടിപ്പിക്കുന്ന  വാര്‍ത്തകളോടാണ് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇഷ്ടം. ബലാല്‍സംഗമായാല്‍ ഒരു പത്തു പ്രതികള്‍ എങ്കിലും വേണം, അപകടമരണമായാലും ആളുകളുടെ എണ്ണം കൂടണം, വാര്‍ത്ത ഭയാനകമായി 'ബ്രേക്ക്' ചെയ്യണം... ആഘോഷിക്കണം... ഒരു വാര്‍ത്തയുടെ കെട്ടിറങ്ങുംബോഴേക്ക് അടുത്തത് വരണം...വരുത്തണം... ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നിന്ന് കൂടുതല്‍ ഭയാനകമായ വാര്‍ത്തകളിലേക്ക് അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള മാധ്യമ ലോകത്തിന് കിട്ടിയ പുതിയ ചാകരയാണ് സൌദിയിലെ നിതാഖത്ത്...മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന്‍ തല്‍സമയ അട്ടഹാസം നടത്തി കേരളത്തെ 'ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം, ഇത്ര നല്ലൊരു തുറുപ്പ് ചീട്ട് വേറെ കിട്ടിയിട്ടില്ല. സൌദി എന്നു കേള്‍ക്കുമ്പോള്‍ കലി കയറുന്ന വര്‍ഗ്ഗീയത തലക്ക്പിടിച്ച് വെളിവു നഷ്ടപ്പെട്ട ഫേസ് ബുക്ക് ബുജികള്‍ പോലും 'നിതാഖാത്' കേട്ട് ഞെട്ടുകയാണ്...അവര്‍ക്ക് പോലും അറിയാം അറബ് നാട്ടില്‍ നിന്ന്‍ കിട്ടുന്ന 'ഭിക്ഷ' കൊണ്ടാണ് കേരളം ആളോഹരി 8.5 ലിറ്റര്‍  കള്ള്‍ കുടിച്ച് നാല് കാലില്‍ എഴുന്നേറ്റ് നടക്കുന്നതെന്ന്.....കൂലിപ്പണിക്കാര്‍ മുതല്‍ സ്വര്‍ണ്ണക്കടക്കാര്‍ വരെയുള്ളവരുടെ നെഞ്ചില്‍ ഒരു പോലെ തീ കോരിയിടാന്‍  പറ്റുന്ന 'നിതാഖത്തിനെ' മാധ്യമലോകം എങ്ങനെ ആഘോഷമാക്കാതിരിക്കും?....സത്യത്തില്‍ ഈ പറയുന്നത്ര ഭീകരമാണോ നിതാഖാത് ? 
നമുക്കു കണ്ടുപിടിക്കാം....
ഫ്രീ വിസയും നിതാഖാത്തും തമ്മില്‍ എന്ത് ?         
മാധ്യമങള്‍ക്ക്  നിതഖാത് വാര്‍ത്തയില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത വാക്കാണ് ഫ്രീ വിസ, സത്യത്തില്‍ ഇവതമ്മില്‍ വല്ല ബന്ധവും ഉണ്ടോ? എന്താണ് ഫ്രീ വിസ?  

ഒരു സ്വദേശി സ്പോണ്‍സര്‍  തനിക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ചു തരപ്പെടുത്തിയെടുത്ത വിസ അനധികൃതമായി ഏജന്റുമാര്‍ക്ക് വില്‍ക്കുന്നു, ഏജന്‍റ് 'വിസക്ക്' കാശുവാങ്ങി  നാട്ടില്‍ നിന്നും ആളെക്കൊണ്ടുവരുന്നു.. വന്നയാള്‍ പുറത്തെവിടെയെങ്കിലും ജോലി ചെയ്തുകൊള്ളണം, പ്രതിമാസം ഒരു ചെറിയ തുക (200-300 റിയാല്‍ വരെ) സ്പോണ്‍സര്‍ക്ക് നല്‍കണം, നാട്ടില്‍ പോകാനും വിസ പുതുക്കാനും മറ്റും സ്പോണ്‍സര്‍ക്ക് പിന്നേയും ചില 'കൈമടക്കുകള്‍ ' കൊടുക്കേണ്ടി വരും...ഇട നിലക്കാരന്‍/ ഉണ്ടെങ്കില്‍ അയാള്‍ക്കും കൊടുക്കണം...'സ്വതന്ത്രമായി(?) 'പുറത്തെവിടെയും പോയി പണിയെടുക്കാവുന്ന ഈ 'അനധികൃത' കലാപരിപാടിയുടെ പേരാണ് ഫ്രീ വിസ,  ഫ്രീ വിസക്കാരില്‍ മഹാഭൂരിപക്ഷവും ഹൌസ് ഡ്രൈവര്‍ വിസക്കാര്‍ ആണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കൊടുക്കാത്തത് കൊണ്ട് ഈ വിസ പെട്ടെന്ന് പാസ്സാക്കി എടുക്കാം...രണ്ടു വര്‍ഷം മുമ്പ് സൌദി ഗവര്‍മെന്‍റിന് ഒരു ഞെട്ടിക്കുന്ന കണക്ക് കിട്ടി.. രാജ്യത്തുള്ള ആകെ 'വിദേശി' ഡ്രൈവര്‍മാരുടെ എണ്ണം ആകെ ഇഷ്യൂ ചെയ്ത ഹൌസ് ഡ്രൈവര്‍ വിസയെക്കാള്‍ കുറവാണ്...അതായത് ഹൌസ് ഡ്രൈവര്‍ വിസയില്‍ വരുന്നവര്‍  ഡ്രൈവിങ് ലൈസന്‍സ് പോലും എടുക്കാതെ വേറെ പണിക്ക് പോകുകയാണ്., 2010 മുതലാണ്  ഹൌസ് ഡ്രൈവര്‍ വിസയില്‍ വന്നവര്‍ നിര്‍ബന്ധമായും ഡ്രൈവിങ് ലൈസന്‍സ് എടുക്കണം എന്ന്‍ സൌദി നിഷ്കര്‍ഷിച്ചു തുടങ്ങിയത്. 

ഗള്‍ഫ് രാജ്യങ്ങളിലെ  തൊഴില്‍ സാഹചര്യത്തെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍ നിരന്തരമായി പരാതികള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു...സൌദിയും, കുവൈത്തും, ഖത്തറും, യു എ ഇ യുമൊക്കെ അന്താരാഷ്ട്ര വേദികളില്‍ തൊഴിലാളികളോടുള്ള സമീപനത്തിന്‍റെ പേരില്‍ പല തവണ 'നഗ്നരാക്കപ്പെട്ടിട്ടുണ്ട്'.  അമിതമായി ജോലി ചെയ്യിക്കുക, ശംബളവും ആനുകൂല്യങ്ങളും നല്‍കാതിരിക്കുക, തുടങ്ങി നിരവധി പരാതികള്‍ , ഗള്‍ഫ് മേഖലയില്‍ ഒരല്‍പം 'സ്വാതന്ത്ര്യക്കൂടുതല്‍ , അനുഭവിക്കുന്ന ദുബായില്‍ 2005-2006 വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ച്  സമരം നടത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇടംപിടിച്ച് നാണക്കേട് ഉണ്ടാക്കിയപ്പോള്‍ യു എ ഇ ഗവണ്‍മെന്‍റ് പ്രശനപരിഹാരത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങി....

വിദേശികളായ  'മുതലാളിമാര്‍ ,  വിദേശികളായ തൊഴിലാളികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്നു... ചീത്തപ്പേര് സ്വദേശത്തിന്.... വിസാ നിയമങ്ങളിലെ 'ലൂപ്പ് ഹോളുകള്‍ '   ആണ് പ്രധാന വില്ലന്‍ എന്നു കണ്ടെത്തിയ യു എ ഇ, ആദ്യം 'ഫ്രീ വിസ' നിരോധിച്ചു... അതാത് സ്ഥാപനത്തിന്റെ പേരില്‍ വിസയെടുത്തവര്‍ അവിടെ തന്നെ ജോലിചെയ്യണം..പിടിക്കപ്പെട്ടാല്‍ ജോലികൊടുത്ത സ്ഥാപനത്തിന് അരലക്ഷം ദിര്‍ഹം ഫൈന്‍, വിസകൊടുത്ത സ്ഥാപനത്തിന് ഒരു ലക്ഷം ഫൈന്‍, തൊഴിലാളിക്ക് നാടുകടത്തല്‍ (ലൈഫ് ടൈം ബാന്‍),.) 
കാസര്‍ഗോഡ് എംബസ്സി വഴിയും മറ്റും, സൈം വിസ, പോത്ത് വിസ...തുടങ്ങി പലപേരുകളിലും അറിയപ്പെട്ട 'ഒരു കടലാസും ഇല്ലാത്ത വിസക്കാര്‍ക്ക് 'രക്ഷപ്പെടാന്‍' പൊതു മാപ്പ് നല്‍കി....പൊതു മാപ്പിന് ശേഷം പിടിക്കപ്പെടുന്നവരെ ശിക്ഷിക്കും എന്ന്‍ മുന്നറിയിപ്പ് കൊടുത്തു 
അടുത്ത ഘട്ടം തൊഴിലാളികള്‍ക്ക് ശംബളം ബാങ്ക് അക്കൌണ്ട് വഴി കൊടുക്കണം എന്ന് നിഷ്കര്‍ഷിച്ചു, സാലറി അക്കൌണ്ടുകള്‍ തൊഴില്‍ മന്ത്രാലയവുമായി ലിങ്ക് ചെയ്തു... ശംബളം കൊടുക്കുന്നത് മന്ത്രാലയം വഴി...മൂന്നു മാസം തുടര്‍ച്ചയായി ശംബളം വൈകിയാല്‍ കമ്പനിയുടെ ഫയലുകള്‍ ബ്ലോക്കാവും... 

2006 മുതല്‍ തുടങ്ങി 2009 ഓടെ പൂര്‍ത്തീകരിച്ച ഈ ഏര്‍പ്പാട് കൊണ്ട് തൊഴില്‍ മേഖലയില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടായി.... ഇതിന്‍റെ ഗുണം മുഴുവനും ലഭിച്ചത് തൊഴിലാളികള്‍ക്കാണ് , കൃത്യമായ വേതനം, ആനുകൂല്യങ്ങള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ എല്ലാം യു എ ഇ യിലെ തൊഴിലാളികള്‍ ക്കുലഭിക്കുന്നു, തൊഴില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഗണ്യമായിക്കുറഞ്ഞു... അനധികൃത തൊഴിലാളികള്‍ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ കുറഞ്ഞു, പിടിച്ച് പറിയും മോഷണവും കുറഞ്ഞു... 
ഈ നിയമങ്ങളെ ഒക്കെ വെട്ടിച്ച് മിടുക്കന്മാരായി വിലസുന്ന മുതലാളിമാരും തൊഴിലാളികളും ഇപ്പോഴും യു എ ഇ യില്‍ ഉണ്ട്....അവര്‍ക്ക് പണികൊടുക്കാനാണ് ഏതാനും മാസം മുമ്പ് ഒരു പൊതു മാപ്പ് കൂടി പ്രഖ്യാപിച്ച് അനധികൃത 'താമസക്കാരോട്' സ്ഥലം വിടാന്‍ ആവശ്യപ്പെട്ടതും ഇപ്പോള്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നതും...
യു എ ഇ വിജയകരമായി നടപ്പാക്കിയ ഈ 'പരിഷ്കാരം' അതേ പോലെ നടപ്പാക്കാന്‍ മറ്റ് രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്, ഖത്തറും, കുവൈത്തും, ബഹ്റൈനും ഒമാനും സൌദിയും എല്ലാം ഈ പാതയിലാണ്. ഒരു കടലാസുമില്ലാതെ ലോഞ്ചില്‍ ചെന്ന് കടലില്‍ നീന്തി കരപറ്റിക്കൊണ്ടാണ് മലയാളിയുടെ ഗള്‍ഫ് പ്രവാസം തുടങ്ങിയത്, ഹജ്ജ് വിസയില്‍ മുങ്ങിയും, ഉംറ വിസയില്‍ ചാടിയും. തലവെട്ടിയ ഇഖാമയും, കള്ളപ്പാസ്പ്പോര്‍ട്ടും... എല്ലാം മലയാളി പ്രവാസിയുടെ ചരിത്രത്തില്‍ ഉണ്ട്... ഈ 'ആനുകൂല്യങ്ങള്‍ ' എല്ലാം എക്കാലവും കിട്ടണം എന്ന ശാഠ്യം നമുക്ക് ഭൂഷണമാണോ? ഐ സ്കാനും, ഫിംഗര്‍ പ്രിന്‍റുമൊക്കെയായി ലോകം പുരോഗമിക്കുന്നുണ്ട് ..എന്‍റെ ഭാരതാംഭയുടെ കോഴി കൂവിയാലേ നേരം വെളുക്കൂ എന്ന്‍ വാശിപിടിച്ചിട്ട് കാര്യമുണ്ടോ?

ഒരു കാര്യം ഉറപ്പിച്ചുപറയാം... ഫ്രീ വിസ ഉള്‍പ്പടെ അനധികൃത വിസകള്‍ ഇല്ലാതാവുന്നതിന്‍റെ നഷ്ടം, തൊഴിലാളികളെക്കൊണ്ട് 12 മുതല്‍ 18 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുന്ന 'ഗള്‍ഫ്'   മുതലാളിമര്‍ക്കാണ്, ഇതില്‍ മലയാളി മുതലാളിമാരും പെടും, സൌദിയില്‍ ബൂഫിയയും, ബക്കാലയും നടത്തുന്ന വരില്‍  മഹാ ഭൂരിപക്ഷവും മലയാളി മുതലാളിമാരാണ്, സ്വന്തം നാട്ടില്‍ പണിയെടുക്കാന്‍ മടിയുള്ള മലയാളികളുടെ 'ദുരഭിമാനത്തെ' സമര്‍ത്ഥമായി ഉപയോഗിച്ച് മാടുകളെപ്പോലെ പണിയെടുപ്പിച്ച കൊച്ചു മുതലാളിമാര്‍ക്ക് ഒരല്‍പം പരിഭവം ഉണ്ടാകും, നഷ്ടം വരുന്നത് കൊണ്ടല്ല, ലാഭത്തില്‍ കുറവ് വരുന്നത് കൊണ്ട്... ഫ്രീ വിസ ഇല്ലാതായാല്‍ സ്വന്തം വിസയില്‍ ജോലിക്കാരെ കൊണ്ട് വരേണ്ടി വരും...അവര്‍ക്ക് ശംബളവും ആനുകൂല്യങ്ങളും നല്‍കേണ്ടി വരും...തൊഴിലാളികള്‍ക്ക് ഇത് ഗുണം ചെയ്യും, ഫ്രീ വിസ ഇല്ലാതാവുന്നത് കൊണ്ട് തൊഴില്‍ നഷ്ടം ഉണ്ടാകില്ല. അനധികൃതമായി തൊഴില്‍ ചെയ്യുന്ന ചിലര്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെടാന്‍ ഇടയുണ്ട് പക്ഷേ ആ തൊഴില്‍ 'നിയമവിധേയമായി' തൊഴില്‍ ചെയ്യുന്ന മറ്റൊരാള്‍ക്ക് കിട്ടും.  
ചുരുക്കത്തില്‍ ,  കൂട്ടരേ....  'കറ നല്ലതാണ്............ '  

* ഗള്‍ഫ് കാര്‍ നിരന്തരമായി പരാതിപറയുന്ന യാത്രാ പ്രശ്നത്തില്‍ പോലും പരിഹാരം കാണാന്‍ കഴിയാത്ത ഒരു 'കഴുത മോറന്‍' ഡല്‍ഹിയിലിരുന്ന് പറയുന്നു....മടങ്ങിവരുന്ന പ്രവാസികളുടെ കാര്യം കേന്ദ്രം ഏറ്റെടുക്കും!!
മൂക്ക് പോത്താതെ കേറാന്‍ പറ്റുന്ന ഒരു പബ്ലിക് ടോയിലറ്റ് പോലും ഇല്ലാത്ത ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നു - നിതാഖാതിനെ പേടിക്കണ്ട, എല്ലാം കേരള സര്‍ക്കാര്‍ ഏറ്റു!!!!
എന്താണ് നിതഖാത്? നിതഖാത് തൊഴില്‍ നഷ്ടം ഉണ്ടാക്കുമോ? ചാനലുകളിലും പത്രങ്ങളിലും മുഴങ്ങിക്കേല്‍ക്കുന്ന നിതഖാത് അട്ടഹാസം എത്ര വലിയ വിഡ്ഡിത്തമാണ് !!!
ബ്ലോഗന്‍ തുടരും - സൌദിയിലെ നിതാഖാത് അഥവാ വീണ്ടും മുല്ലപ്പെരിയാര്‍ - 2          

                                   
                   

3 comments:

  1. വെറുതെ ചാനലുകൾ പ്രശ്നം പെരുപ്പിക്കിന്നു, എന്തിന്ന് പേടിക്കണം, നമ്മൾ ഇന്ത്യക്കാർ ആണ് ഇത് സൗദിയാണ് നമ്മുടെ ജീവിതം നാട്ടിൽ തന്നെയാണ് തീർച്ചയായും തിരിച്ച് വരേണ്ടി വരും

    ReplyDelete
  2. ബ്ലോഗന്‍ സാറേ.....എവിടെ രണ്ടാം ഭാഗം????????

    ReplyDelete