Wednesday, 3 April 2013

കന്തറയില്‍ നിന്ന് നിതാഖാത്തിലേക്ക്...

സൌദിയില്‍ നടന്നുവരുന്ന നിതാഖാത്ത് 'പുകിലിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങേണ്ടത് കന്തറ പാലത്തിന് ചുവട്ടില്‍ നിന്നാണ്, ഒട്ടേറെ 'കുബ്രി' (പാലം )കള്‍ ഉള്ള   ജിദ്ദ നഗരത്തിലെ  ഷറഫിയ്യയിലുള്ള ഒരു പാലമാണ് കന്തറ പാലം, ഈ പാലത്തിന് ചുവട്ടിലെ മനുഷ്യാത്മാക്കളുടെ കഥന കഥകള്‍ പലരും പലപ്പോഴായി എഴുതിയിട്ടുണ്ട്, അനധികൃതമായി രാജ്യത്ത് കടന്നവര്‍ തിരിച്ചു പോവാന്‍ വേണ്ടി കാത്തിരിക്കുന്ന സ്ഥലമാണ് കന്തറ , ഇടക്കിടെ പോലീസ് വണ്ടി വരും, കന്തറ യിലെ അഭയാര്‍ഥികള്‍ ഓടിച്ചെല്ലും പോലീസിന് പിടികൊടുക്കാന്‍, കൊണ്ടുവന്ന വണ്ടിയില്‍ കൊള്ളാവുന്നത്രയും പേരെ കയറ്റി വണ്ടിവിടും, 'ഭാഗ്യവാന്മാര്‍ ' വണ്ടിക്കകത്ത്, ബാക്കിയുള്ളവര്‍ അടുത്ത പോലീസ് വണ്ടിയും കാത്ത് പിന്നേയും കന്തറയില്‍ . പിടിച്ച് കൊണ്ട് പോകുന്നവര്‍ ഇന്ത്യ പോലെ ഒരു 'പട്ടിയും' തിരിഞ്ഞു നോക്കാത്ത നാട്ടില്‍ നിന്നും വന്നവരായത് കൊണ്ട് സൌദി ഗവര്‍ണ്‍മെന്‍റ് സ്വന്തം ചെലവില്‍ നാട്ടിലേക്ക് കയറ്റി വിടും... മീന്‍ പിടിച്ച് ഉപജീവനം തേടുന്ന പാവപ്പെട്ട മുക്കുവനെ  നടുക്കടലില്‍  രാജ്യാതിര്‍ത്തി ലംഘിച്ചതിന്‍റെ പേരില്‍  ആയുഷ്കാലം മുഴുവന്‍ ജയിലില്‍ അടക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ഒക്കെയുള്ള ഭൂഗോളത്തില്‍ തന്നെയാണ് പൂര്‍ണ്ണ ബോധ്യത്തോടെ നിയമലംഘനം നടത്തി കടന്ന് കൂടിയവര്‍ക്ക്  തിരിച്ചു പോകാന്‍  സാഹചര്യം ഒരുക്കുന്നതെന്നറിയുമ്പോള്‍ കന്തറ യുടെ 'മഹത്വം' കാണാതിരിക്കാന്‍ ആവില്ല.


ഗതികേടുകൊണ്ട് കേരളത്തില്‍ നിന്ന് ഉഡായിപ്പ് വിസകളില്‍ സൌദിയില്‍ എത്തി ജോലിചെയ്യേണ്ടി വന്ന മലയാളികള്‍ മാത്രമല്ല കന്തറ പാലത്തിനടിയില്‍ 'പോലീസിനെ കാത്തിരിക്കുന്നത്,  എത്യോപ്യ സൊമാലിയ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്ന് പട്ടിണികൊണ്ട് പൊറുതി മുട്ടി രായ്ക്കുരാമാനം  ബോട്ടുകളില്‍ ഇക്കരെ കടക്കുന്ന പതിനായിരങ്ങളുണ്ട് സൌദിയില്‍ ഒരു 'കടലാസും' ഇല്ലാതെ ജീവിക്കുന്ന ഇവരൊക്കെ കാലങ്ങളായി നാട്ടില്‍ പോകുന്നത് 'കന്തറ' വഴിയാണ് , ഭിക്ഷാടനവും, മയക്കുമരുന്ന് വ്യപാരവും, പിടിച്ച് പറിയും  തൊഴിലാക്കുന്നവരും ഇവര്‍ക്കിടയില്‍ ധാരാളമുണ്ടെങ്കിലും പതിറ്റാണ്ടുകളായി 'മാനുഷീക' പരിഗണനയുടെ പേരില്‍ സൌദി സര്‍ക്കാര്‍ കന്തറയെ നിലനിര്‍ത്തുകയായിരുന്നു, അന്താരാഷ്ട്ര മാധ്യമങ്ങള്‍ കന്തറയിലെ ദുരിതത്തെ സൌദിയുടെ തലയില്‍ കെട്ടിവെച്ചപ്പോള്‍ ആണ്, ഒന്നരവര്‍ഷം മുമ്പ് കന്തറ 'ക്ലീനാക്കാന്‍' സൌദി തയ്യാറായത്... ഇന്നലെ മാധ്യമം പത്രത്തില്‍ കരളലിയിക്കുന്ന കന്തറയുടെ കഥന കഥ  എഴുതിയ കാസിം ഇരിക്കൂര്‍ പോലും കന്തറയുടെ  ഈ മറുവശം കണ്ടതായി നടിച്ചില്ല...

അതാണ് സൌദിയുടെ പ്രശ്നവും, അനധികൃതമായി രാജ്യത്ത് കുറെപ്പേര്‍ കടന്ന് കൂടുന്നു, അനധികൃതമായി തന്നെ ജോലിചെയ്യുന്നു, അവര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ 'കുറ്റം' സൌദിക്ക്, വ്യാജ തൊഴിലുടമ ശംബളം കൊടുക്കാതിരുന്നാല്‍ പഴി സൌദിക്ക്, അവരെ പിടിച്ച് നാട്ടിലേക്കയച്ചാലും തെറ്റ് സൌദിയുടേത് !! ഇന്ത്യക്കാര്‍ തന്നെയായ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടാക്കുന്ന 'സാമൂഹ്യ-ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയും അന്വേഷണ സമിതികള്‍ ഉണ്ടാക്കുകയും രജിസ്ട്രേഷനും  തിരിച്ചറിയല്‍ രേഖകളും നിര്‍ബന്ധമാക്കുകയും ചെയ്യൂന്ന കേരളീയനാണ്, ഇതേ കാര്യം സ്വന്തം നാട്ടില്‍ നടപ്പാക്കുന്ന, നാലഞ്ച് പതിറ്റാണ്ട് എല്ലാ നിയമലംഘനങ്ങളും സഹിച്ച സൌദിക്കെതിരെ 'പുലി വരുന്നേ...പുലി' എന്നാര്‍ത്ത് വിളിക്കുന്നത്...വിവരമില്ലായ്മ ഒരു പാപമല്ല, എന്ന് വെച്ച് കേരളത്തിലെ പത്രമാധ്യമങ്ങളെപ്പോലെ  അതൊരാലങ്കാരമായി കൊണ്ട് നടക്കുന്നത് ഭൂഷണമാണോ?

സൌദിയുടെ ആശങ്ക അവിടെയും തീരുന്നില്ല, ലോകമാസകലം തഴച്ചു വളരുന്ന 'ഭീകരത'യുടെ വേരുകള്‍ സൌദിയിലും ഉണ്ട്, ഭീകരതയുടെ മൊത്തക്കച്ചവടക്കാരായ അമേരിക്ക പോലുള്ള  രാജ്യങ്ങളുമായി അവര്‍ക്ക് നല്ല ബന്ധമാണ്, ഒരു പരിധി വരെ 'സുഖലോലുപതയില്‍' ജീവിക്കുന്ന സൌദി സ്വദേശികളെ 'പൊട്ടിത്തെറിക്കാന്‍' കിട്ടാത്തത് കൊണ്ടാണ് സൌദി ശാന്തമായിരിക്കുന്നത്, പക്ഷേ കാശ് കിട്ടിയാല്‍ ചാവേറാകാന്‍ വരെ തയ്യാറുള്ള 'ജിഹാദികളെ' ആവശ്യത്തിന് കിട്ടാനുള്ള പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അനധികൃത 'തൊഴിലാളികള്‍ ' സൌദിയില്‍ എത്തുന്നുണ്ട്, മയക്കുമരുന്ന് കേസില്‍ ഏറ്റവും കൂടുതല്‍ തലപോയത് ഈ രാജ്യക്കാരുടെതാണ്..സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കാര്യമായി വര്‍ദ്ധിക്കുകയും, അവരില്‍ അസംതൃപ്തി വളരുകയും ചെയ്തിട്ടുണ്ട്, അറബ് ലോകത്ത് ആഞ്ഞുവീശിയ രാജ ഭരണത്തിനെതിരെ യുള്ള 'മുല്ലപ്പൂവിപ്ലവം' സൌദിയെ തൊടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്, തലസ്ഥാനമായ റിയാദില്‍ 2010 ഓഗസ്റ്റില്‍  പ്രകടനം നടത്തുമെന്ന പ്രചരണം വരെ എത്തിയ 'വിപ്ലവശ്രമം' ഒരു വിധം ഒതുക്കിത്തീര്‍ത്ത സൌദി ഭരണകൂടം തൊഴില്‍ രഹിത, അസംതൃപ്ത യുവത്വത്തെയും അവരില്‍ മസ്തിഷ്ക പ്രക്ഷാളനം നടത്താന്‍ ഇടയുള്ള 'വിദേശ' ഇടപെടലുകളെയും ഭയപ്പെടുന്നുണ്ട്, സലഫിസത്തിന്‍റെ നിയന്ത്രണത്തില്‍ 'മതകീയ' ഭരണം നടക്കുന്ന സൌദിയില്‍, അവരുടെ 'പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ടുള്ള ചിലമാറ്റങ്ങള്‍ അനിവാര്യമാണ്, തൊഴില്‍ മേഖലയില്‍ ഒരു ശുദ്ധി കലശം നടത്തി, സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള, ഏതാനും വര്‍ഷങ്ങളായി കൊണ്ട് പിടിച്ച ശ്രമങ്ങളുടെ പുതിയൊരു അദ്ധ്യായമാണ് നിതാഖാത്ത്...

നിതാഖാത്ത് എന്താണ്? ചര്‍ച്ച തുടരാം, അതിനു മുമ്പ് ഒരു കാര്യം ഉറപ്പിച്ച് പറയാം ഇപ്പോള്‍ നടക്കുന്ന കാടിളക്കലിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടാകൂ.... ഇപ്പോഴത്തെ സാഹചര്യത്തില്‍ നിതഖാത്ത് ഒറ്റയടിക്ക് നടപ്പാക്കാന്‍ സൌദിക്ക് കഴിയില്ല, സൌദിയിലെ സംരംഭകരില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു , കേരളത്തിലെ നിതാഖാത്ത് കോലാഹലം  ശ്രീമതി യാമീനി തങ്കച്ചി ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്....
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സൌദി നിതാഖാത്ത് നിയമം ഭാഗികമായെങ്കിലും നടപ്പാക്കും, പ്രവാസികള്‍ക്കും സര്‍ക്കാരിനും എന്തൊക്കെ മുന്‍ കരുതലുകള്‍ സ്വീകരിക്കാം.....(തുടരും)
                                                 
          

5 comments:

 1. >>>> അതിനു മുമ്പ് ഒരു കാര്യം ഉറപ്പിച്ച് പറയാം ഇപ്പോള്‍ നടക്കുന്ന കാടിളക്കലിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടാകൂ.... ഇപ്പോഴത്തെ സാഹചര്യത്തില്‍ നിതഖാത്ത് ഒറ്റയടിക്ക് നടപ്പാക്കാന്‍ സൌദിക്ക് കഴിയില്ല, സൌദിയിലെ സംരംഭകരില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു , <<<<
  ബ്ലോഗൻ താങ്കളുടെ പ്രവചനം ഫലിച്ചു
  അനധികൃത ജോലിക്കര്ക്കുള്ള തെരച്ചിൽ തല്കാലം നിർത്തിവെച്ചതായി വാര്ത്ത ഇപ്പോൾ വായിച്ചു http://www.madhyamam.com/news/220515/130404

  Ameen, Perinthalmanna

  ReplyDelete
 2. ഈ ബ്ലോഗ്‌ ഇന്നാണ് കാണുന്നത്. യാഥാർത്യങ്ങളുടെ, നേർക്കാഴ്ചകളുടെ ഈ തുറന്നു പറച്ചിൽ തുടരുക

  ഒരു നല്ല എഴുത്തുകാരന്റെ ഭാഷയും അവതരണ മികവും കൊണ്ട് ഒന്ന് വ്യക്തം, താങ്കള് മറ്റെവിടെയോ മുഖം വെളിപ്പെടുത്തി എഴുതുന്നുണ്ട്.

  ഇവിടെയും അതായിക്കൂടെ എന്നൊരു ആഗ്രഹം.

  ReplyDelete
 3. മറ ഉയര്‍ത്തിയാല്‍ തൂലികയുടെ മൂര്‍ച്ച കുറയും ല്ലേ???

  ReplyDelete
 4. http://www.vallikkunnu.com/2013/05/fousiya-musthafa-co-indiavisham.html
  ഇന്ത്യാ വിഷൻ പർദയെ കൂട്ട ബലാൽസംഗം ചെയ്തത് ബ്ലോഗൻ ശ്രദ്ധിക്കാതെ പോയോ .
  https://www.facebook.com/photo.php?fbid=581084635255261&set=a.176860775677651.37351.100000611880528&type=1&theater

  ReplyDelete