Monday 26 January 2015

ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തിന് വേണ്ടി, ഞാന്‍ നിലകൊള്ളുന്നു എന്‍റെ രാജ്യത്തിന് വേണ്ടി.

എന്‍റെ രാജ്യമെന്നാല്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഹിമാലയവും അതിര്‍ത്തി പങ്കിടുന്ന വെറും മണ്ണ് മാത്രമല്ല. അതിനകത്തുള്ള സര്‍വ്വ ചരാചരങ്ങളും അടങ്ങിയതാണ്.
വ്യത്യസ്ത ഭാഷകളും സംസ്കാരവും ഭക്ഷണ-വസ്ത്ര-വിശ്വാസ രീതികളും ഉള്‍ക്കൊള്ളുന്ന മഹത്തായ രാജ്യം,ഇന്ത്യ.
ലോക ജനസംഖ്യയുടെ ആറില്‍ ഒന്നിന് ദൈവം പാര്‍പ്പിടം ഒരുക്കിയത് എന്‍റെ ഇന്ത്യയിലാണ്,
ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തെ സര്‍വ്വരുടെയും സമാധാനത്തിനും സൌഖ്യത്തിനും വേണ്ടി



ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്, നരേന്ദ്ര മോഡിക്ക് വേണ്ടി.
അതെ, മോഡിക്ക് വേണ്ടി തന്നെ.
രാജ്യത്തോടും  ജനങ്ങളോടും സ്നേഹവും പ്രതിബദ്ധതയുമുള്ള ഒരു ഭരണാധികാരിയായി മാറാനുള്ള നല്ല മനസ്സ് അദ്ദേഹത്തിന് കൊടുക്കണേ എന്ന്നിരന്തരമായി പ്രാര്‍ഥിക്കാറുണ്ട്,
കാട്ടാളനില്‍ നിന്ന് സന്യാസിയെയും ആ സന്യാസിയില്‍ നിന്ന് ശ്രീ രാമനെയും 'സൃഷ്ടിച്ച' എന്‍റെ ദൈവത്തിന് മോഡിയെ നന്നാക്കാനാണോ പ്രയാസം?
 മോഡി നശിച്ചു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം മോഡി നന്നായിക്കാണാനാണ്.
മോഡിക്കെന്നല്ല, ഈ രാജ്യത്തെ എല്ലാ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൌരന്മാര്‍ക്കും സല്‍ബുദ്ധി കൊടുക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്, ആര്‍ എസ് എസ്സ് കാരനും വി എച് പി ക്കാരനും തൊഗാഡിയയും സുബ്രഹ്മണ്യ സ്വാമിയും ശശികലയും വരെ എന്‍റെ പ്രാര്‍ഥനക്ക് പുറത്തല്ല.
ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും പ്രജാ തല്‍പരരായ ഭരണാധികാരികള്‍ ആയിക്കണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട് പ്രാര്‍ഥിക്കാറുമുണ്ട്...    

എന്‍റെ രാജ്യത്തിനകത്തുള്ള പലതിനെയും ഞാന്‍ എതിര്‍ക്കാറുണ്ട്, പക്ഷെ ഒന്നിനെയും വെറുക്കാറില്ല.
വെറുക്കാന്‍ ഞാന്‍ ആരാണ്?
ജീവിതത്തിനും മരണത്തിനുമിടക്ക് ഏതാനും ദിവസങ്ങള്‍ മാത്രം (70 വയസ്സ് വരെ ജീവിച്ചാല്‍ ഏതാണ്ട് ഇരുപത്തി അയ്യായിരം  ദിവസം മാത്രം !!) ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യരില്‍ ഒരുവനാണ് ഞാനും അതില്‍ മൂന്നിലൊന്ന് ഉറങ്ങിത്തീര്‍ക്കുന്നവന്‍. ഉറക്കത്തില്‍ ബില്‍ഗെറ്റ്സും ഭിക്ഷക്കാരനും സമന്മാരാണല്ലോ.
ലോകത്ത് പലതും സംഭവിച്ചിട്ടുണ്ട്, സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനും ജോര്‍ജ്ജ് ബുഷും ഭരിച്ചിട്ടുണ്ട്, ഒബാമയും മോഡിയും ഭരിക്കുന്നുണ്ട്  ഒന്നും എന്നെന്നേക്കുമല്ല, വെറും ദിവസങ്ങളുടെ ആയുസ്സേയുള്ളൂ എനിക്കും ഞാന്‍ കാണുന്ന എല്ലാവര്‍ക്കും,

എനിക്ക് വേവലാതികളുണ്ട്.
ഈ രാജ്യത്തെ എന്‍റെ കുടുംബത്തെ ക്കുറിച്ചും എന്‍റെ രാജ്യത്തെക്കുറിച്ചുംലോകത്തെക്കുറിച്ചുമെല്ലാം,
ഞാന്‍ മനുഷ്യനാണ്, എനിക്ക് ബാധ്യതകളുണ്ട് എന്‍റെ കുടുംബത്തിന് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുക മാത്രമല്ല, പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്നു. എന്‍റെ രാജ്യത്തിന് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുക മാത്രമല്ല പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്നു.
എന്‍റെ കുടുംബത്തെ ഞാന്‍ സ്നേഹിക്കുന്നു, എന്ന് വെച്ചാല്‍ എന്‍റെ കുടുംബത്തില്‍ ആര് എന്ത് കൊള്ളരുതായ്മ കാണിച്ചാലും ഞാന്‍ കണ്ണുമടച്ചു സപ്പോര്‍ട്ട് ചെയ്യുകയല്ല, നല്ലതിനെ പിന്തുണക്കുകയും തെറ്റിനെ എതിര്‍ക്കുകയും ഒച്ച വെക്കേണ്ടപ്പോള്‍ ഒച്ച വെക്കുകയും വടിയെടുക്കേണ്ടി വന്നാല്‍ വടിയെടുക്കുകയും ചെയ്യുന്നു. എന്‍റെ രാജ്യത്തോടും എനിക്ക് ഇതേ നിലപാടാണ്.                    


ഞാന്‍ സ്വപ്നം കാണുന്നു.
സമാധാനവും ഐശ്വര്യവും ഉള്ള ഇന്ത്യയെ, എന്‍റെ ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യവ്വുമില്ല ഈ ഭൂമുഖത്ത്. 'നാനാത്വത്തില്‍ ഏകത്വം' എന്ന എന്‍റെ രാജ്യത്തിന്‍റെ മുദ്രാവാക്യത്തോളം മഹത്തായ വേറെ ഏത് രാഷ്ട്രീയ മുദ്രാവാക്യമാനുള്ളത്.?
എന്‍റെ രാജ്യം ഞാന്‍ തെരഞ്ഞെടുത്തതല്ല, ഇവിടെ ജനിച്ചതില്‍ എനിക്കൊരു  ഒരു റോളുമില്ല. എന്‍റെ രൂപമോ നിറമോ ആകാരമോ ഞാന്‍ തെരഞ്ഞെടുത്തതല്ല. ഞാന്‍ പിറന്നു വീണത് ഇങ്ങനെയാണ്, ഇവിടെയാണ്‌. എന്നെക്കാള്‍ സുന്ദരന്മാര്‍ ഈ ലോകത്ത് നിരവധിയുണ്ട്, അവരെയൊന്നും കാണുമ്പോള്‍ പക്ഷെ കണ്ണാടിയില്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നതിന്‍റെ അനുഭൂതി എനിക്ക് കിട്ടാറില്ല., അത് പോലെ യാണെന്റെ രാജ്യവും. എന്‍റെ രാജ്യത്തെക്കാള്‍ മികച്ച പല രാജ്യങ്ങളെയും ഞാന്‍ കാണുന്നുണ്ട്, പക്ഷെ എന്തോ എന്‍റെ രാജ്യം നല്‍കുന്ന 'സുഖം' അവിടെയൊന്നും എനിക്ക് കിട്ടുന്നില്ല.
ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
എന്നെ ഇവിടെ ജനിപ്പിച്ചതിന്.
ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു
എന്‍റെ രാജ്യത്തെ മനുഷ്യന്‍റെയും മണ്ണിന്റെയും സകല ജീവജാലങ്ങളുടെയും ഒരു പുല്‍ക്കൊടിയുടെ വരെ സമാധാനത്തിനും സന്തോഷത്തിനും.

എനിക്കറിയാം എന്‍റെ കടപ്പാടുകള്‍.
ഈ രാജ്യത്തിന്‍റെ ഐശ്വര്യവും  സമൃദ്ധിയും എന്‍റെ ലക്ഷ്യമാണ്‌ അതിന് വിഘാതം സൃഷ്ടിക്കുന്ന ആരെയും ഞാന്‍ എതിര്‍ക്കും. എന്‍റെ രാജ്യത്തെ നയിക്കുന്നവര്‍ക്ക് വഴി തെറ്റുന്നു എന്ന് തോന്നിയാല്‍ ഞാന്‍ ഒച്ചവെക്കും വേണ്ടി വന്നാല്‍ വടിയെടുക്കും. അതെന്‍റെ നന്ദിയാണ് ഈ രാജ്യത്തോടും എന്നെ ഇവിടെ സൃഷ്ടിച്ച എന്‍റെ സൃഷ്ടാവിനോടും.

എന്‍റെ ജന്മ നാട് ഈ ഭൂമുഖത്തെ  ഏറ്റവും സമൃദ്ധിയും സന്തോഷവും കളിയാടുന്ന രാജ്യമാകുന്ന ദിവസം ഞാന്‍ സ്വപ്നം കാണുന്നു.
എന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനാണ് എന്‍റെ മരണമെങ്കില്‍ അതില്‍പരം വേറെന്തു സന്തോഷമുണ്ട്?

എല്ലാവര്‍ക്കും ബ്ലോഗന്‍റെ  ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകള്‍.

                     

1 comment:

  1. Same to you.... and appreciate your prayers in wider canvas....

    ARPV KSA

    ReplyDelete