Tuesday, 23 April 2013

ബ്ലോഗ് മീറ്റുകളില്‍ ഉണ്ടാകുന്നതും ഉണ്ടാകേണ്ടതും....

കഴിഞ്ഞ ദിവസം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ സംഗമം ശ്രദ്ധേയമായി, ചെറുതും വലുതുമായ ബ്ലോഗ്ഗ് മീറ്റുകള്‍ പലയിടങ്ങളിലും നടന്നുവരാറുണ്ട്, ദുബായിലെ സഫാപാര്‍ക്കും സബീല്‍ പാര്‍ക്കും ബ്ലോഗ്ഗ് / ഫേസ് ബുക്ക് കൂട്ടായ്മകളുടെ സ്ഥിരം വേദികളാണ്, പരിചയപ്പെടലും, ചില്ലറ ഒച്ചപ്പാടും ഭക്ഷണവുമാണ് പ്രവാസി സംഗമങ്ങളിലെ സ്ഥിരം അജണ്ട, അല്പം കൂടി വിപുലവും ഗൌരവപൂര്‍വ്വവുമായിരുന്നു തുഞ്ചന്‍പറമ്പിലെ ഒത്തുചേരല്‍ , എത്ര ചെറുതാണെങ്കിലും ഈ ഒത്തുചേരലുകള്‍ എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ് , മലയാളത്തിലെ നൂറോളം സജീവ എഴുത്തുകാരാണ് തുഞ്ചന്‍പറമ്പില്‍ സംഗമിച്ചത്...നിര്‍ജ്ജീവ എഴുത്തുകാര്‍ എത്രവരും? ഏകാന്തതയുടെ തുരുത്തുകളിലിരുന്ന് എഴുതിത്തുടങ്ങുന്നവരാണ് മിക്ക ബ്ലോഗ്ഗര്‍മാരും...ഒന്നോരണ്ടോ പോസ്റ്റുകള്‍ എഴുതും ചിലപ്പോള്‍ ഒന്നുരണ്ട് വര്‍ഷത്തോളം മെയിന്‍റൈന്‍ ചെയ്യും....പിന്നെ പതുക്കെ ഗ്യാസ് പോകും, വായനക്കാര്‍ കാര്യമായി ഉണ്ടാവില്ല... ഞാന്‍ ഈ നാടിനെ എഴുതി നന്നാക്കിക്കളയും, മലയാള സാഹിത്യത്തെ സമുദ്ധരിച്ചു കളയും എന്നൊക്കെ വാശിപിടിച്ച് എഴുതാന്‍ വരുന്നവരും, ഒരു നേരംബോക്കിന് എഴുതുന്നവരും വരെ ആരംഭ ശൂരത്വം കാണിച്ച് അപ്രത്യക്ഷരാകുന്ന കാഴ്ചയാണ് കാലങ്ങളായി ഇ-ലോകത്ത് കാണുന്നത്...


പക്ഷേ കഴിഞ്ഞ 8 വര്‍ഷത്തെ മലയാള ബ്ലോഗ്ഗ് ചരിത്രത്തില്‍  മുങ്ങിയും  പൊങ്ങിയും സാന്നിധ്യമറിയിച്ച എഴുത്തുകാരുണ്ട്, പുതിയ എഴുത്തുകാരിലും തുടങ്ങിയത് മുതല്‍ സജീവമായി തുടരുന്നവരുണ്ട്.... ഇവര്‍ക്ക് ഒരു പൊതു സ്വഭാവം കാണാം..ബ്ലോഗ്ഗ് പേജുകളില്‍ നിന്ന് പുറത്തേക്ക് ബന്ധങ്ങളെ വളര്‍ത്താന്‍ ഈഷ്ട്ടപ്പെടുന്നവരാണ് ഇവര്‍ ... ചെറിയ ചെറിയ കൂട്ടായ്മകളും കൂടിച്ചേരലുകളും നല്‍കുന്ന ആത്മവിശ്വാസമാണ് ഇവരില്‍ പലരുടേയും ബ്ലോഗ്ഗുകളെ ആത്മഹത്യയില്‍ നിന്ന്‍ രക്ഷിച്ച് നിര്‍ത്തുന്നത്,  ബ്ലോഗ്ഗ് മീറ്റുകള്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് നല്‍കുന്നത് ജീവവായുവാണ്. ബ്ലോഗ്ഗുകളെ മരണത്തില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല, ജീവിക്കാനുള്ള ഊര്‍ജ്ജം കൂടി കൊടുത്തു വിടുന്നുണ്ട് ഓരോ ബ്ലോഗ്ഗ് മീറ്റുകളും....തുഞ്ചന്‍പറമ്പില്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാരുടെ ബ്ലോഗ്ഗുകള്‍ അടുത്ത മൂന്ന് മാസം ശ്രദ്ധിക്കുക....അവര്‍ക്ക് കിട്ടിയ 'ടോണിക്ക്' എത്രമാത്രം ആരോഗ്യദായകമാണ് എന്ന്‍ കാണാന്‍ കഴിയും...ഈ കിട്ടിയ മരുന്നിന്‍റെ കെട്ടിറങ്ങും മുമ്പ് അടുത്തത് കൊടുക്കാന്‍ മലയാളം ബ്ലോഗ്ഗര്‍ ഗ്രൂപ്പിലെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ഇല്ലാത്തവരുമായ 'ഡോക്ടര്‍മാര്‍ക്ക്' കഴിയട്ടെ എന്നാശംസിക്കുന്നു.....

ഈ ഒത്തുചേരല്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. സാങ്കേതികമായ അറിവുകള്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്, ആശയങ്ങളും അനുഭവങ്ങളും നുകരുകയും പകരുകയും ചെയ്യുന്നുണ്ട്..  അതോടൊപ്പം പൊതു സമൂഹത്തിന് ബ്ലോഗ്ഗര്‍മാര്‍ എന്തു നല്‍കുന്നു എന്ന്‍ ചിന്തിക്കാന്‍ കൂടി നമ്മുടെ ബ്ലോഗ്ഗ് മീറ്റുകള്‍ക്ക് കഴിയേണ്ടതല്ലേ? തുഞ്ചന്‍പറമ്പിലെ ചര്‍ച്ചകള്‍ ബ്ലോഗ്ഗുകളുടെയും ബ്ലോഗ്ഗര്‍മാരുടെയും താല്‍പര്യങ്ങളിലാണ് കറങ്ങിത്തിരിഞ്ഞത്,  (ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങിയത്  ബ്ലോഗന്‍റെ 'ബൂലോകമോ അതോ ബ്ലൂലോകമോ' എന്ന പോസ്റ്റ് സ്റ്റേജില്‍ 'വായിച്ചപ്പോഴായിരുന്നു' :))

മാധ്യമ ലോകത്തും പൊതു സമൂഹത്തിലും സോഷ്യല്‍ മീഡിയക്ക് അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്വാധീനം ചര്‍ച്ച ചെയ്യപ്പെടുന്നു, പക്ഷേ ഇതേ 'ആയുധം' സമൂഹത്തില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ കണ്ടില്ലെന്ന്‍ നടിക്കുന്നത് ശരിയാണോ? മത വര്‍ഗ്ഗീയതയും രാഷ്ട്രീയ വര്‍ഗ്ഗീയതയും തലക്കുപിടിച്ചവര്‍ സോഷ്യല്‍ മീഡിയ വഴി വിഷം വാരിവിതറുമ്പോള്‍ സാമൂഹ്യ ബോധമുള്ള എഴുത്തുകാരുടെ കൂട്ടായ്മകള്‍ വെറും കാഴ്ചക്കാരായി നിന്നാല്‍ മതിയോ? മലയാളി സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വിവിധ വിഭാഗങ്ങളില്‍ അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന മാനസീക അകല്‍ച്ചയാണ്...  ജനങ്ങളെ പരസ്പരം അന്യവല്‍ക്കരിക്കുന്ന, തീ കത്തിച്ച് അതില്‍ എണ്ണയൊഴിച്ച് വീണ്ടും വീണ്ടും ആളി കത്തിക്കാന്‍ ശ്രമിക്കുന്നവരുടെ കിരാത ചെയ്തികള്‍ വേണ്ടവിധം തുറന്നു കാണിക്കപ്പെടുന്നില്ല... ഇരുട്ടിന്‍റെ ശക്തികളില്‍ നിന്ന് പണം പറ്റി വെറുപ്പ് വിതറുന്നവരില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഉണ്ടെന്ന സത്യം പകല്‍ പോലെ വ്യക്തമായിരിക്കുന്നു..സോഷ്യല്‍ മീഡിയയില്‍  മാത്രമാണ് ഇനി പ്രതീക്ഷ...മലയാളി മനസ്സുകള്‍ക്കിടയില്‍  'സംശയത്തിന്റെയും വെറുപ്പിന്റെയും വിഷവിത്തുകള്‍ അടിഞ്ഞു കൂടിയതിന് കാരണങ്ങള്‍ പലതുണ്ട്.... പലരുടേയും മനസ്സില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന നെരിപ്പോടുകളെ തല്ലിക്കെടുത്തിയില്ലെങ്കില്‍  അത് കത്തിപ്പടരും...

കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ 'പുരോഗതി' ഇംഗ്ലിഷ് മീഡിയങ്ങളുടെ വരവ് പരസ്പരം അറിയാനുള്ള അവസരം നമുക്ക് നിഷേധിച്ചിട്ടുണ്ട്.... വ്യത്യസ്ഥ മതവിഭാഗങ്ങളുടെ മാനേജ്മെന്‍റുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആ മതക്കാര്‍ മാത്രം പഠിക്കുന്നത് നല്ല പ്രായത്തില്‍ ഇടകലരാനുള്ള അവസരം ഇല്ലാതാക്കിയിട്ടുണ്ട്... സെന്‍റ്......, അല്‍ ....., ......താനന്ദ,  തുടങ്ങിയ സല്‍പേരുകളില്‍ നാടുനീളെ ഉയര്‍ന്നു പൊങ്ങിയ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ സാമൂഹ്യ ബന്ധങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കിയ വിള്ളലുകള്‍ പരിഹരിക്കപ്പെടണം.....വിദ്യാലയങ്ങള്‍ക്ക് പുറത്ത് നാടിന്‍റെ ഒത്തു ചേരല്‍ കേന്ദ്രങ്ങള്‍ ആയിരുന്ന ക്ലബ്ബുകള്‍ അന്യം നിന്ന് പോയില്ലേ? മത-ജാതി-രാഷ്ട്രീയ വേലിക്കെട്ടുകള്‍ ഇല്ലാതെ യുവാക്കള്‍ സംഗമിച്ചിരുന്ന പ്രാദേശിക ക്ലബ്ബുകള്‍ നല്‍കിയിരുന്ന  ഐക്യം എത്ര മനോഹരമായിരുന്നു. അവ നഷ്ടപ്പെട്ട പശ്ചാത്തലം എന്തുമാകട്ടെ...നഷ്ടപ്പെട്ടിരിക്കുന്നു എന്ന യഥാര്‍ഥ്യം നാം അംഗീകരിക്കണം. പഴയ ക്ലബ്ബുകളുടെ പുതിയ പതിപ്പാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ . നഷ്ടപ്പെട്ടുപോയതിനെ പുതിയ പ്ലാറ്റ്ഫോമില്‍ തിരിച്ചു പിടിക്കണം... വാഴക്ക് നനക്കുമ്പോള്‍ ചീരയും നനയുന്നത് പോലെ കൂട്ടായ്മകള്‍ക്കിടയില്‍ അതങ്ങ് സംഭവിച്ചാല്‍ പോര.... ചീരക്ക് തന്നെ നനക്കണം.... ചുറ്റിലുമുള്ള രോഗംപരത്തുന്ന കീടങ്ങളെക്കുറിച്ച് ചര്‍ച്ചകളും ഇടക്കൊക്കെ മരുന്ന് തളിക്കലും ഉണ്ടാവണം...

ബ്ലോഗെഴുത്ത് കാരില്‍ മഹാഭൂരിപക്ഷത്തിനും കാണുന്ന സവിശേഷത അവര്‍ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെന്നതാണ്.. തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയങ്ങളിലും പണയം വെച്ച് അവരുടെ ആജ്ഞക്കനുസരിച്ച് ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്ന 'കുഞ്ഞിരാമന്‍മാരുടെ' ലോകത്ത് തലച്ചോര്‍ സ്വന്തം 'കയ്യില്‍ ' സൂക്ഷിക്കുകയും താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ജാഗരൂകരാവുകയും ചെയ്യുന്നത്  മഹത്തരമാണ്.
ബ്ലോഗെഴുത്ത്  കാര്‍ ചെറിയ തോതിലെങ്കിലും ആക്റ്റിവിസ്റ്റുകള്‍ കൂടിയായാല്‍ അത് സമൂഹത്തിന് ഗുണം ചെയ്യും.... മലയാളം ബ്ലോഗേഴ്സ്  ഗ്രൂപ്പുപോലെ 'പ്രതിഭാധനരായ' ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ക്ക് കാലത്തിന്‍റെ നിലവിളി കേള്‍ക്കാന്‍ കഴിയണം....ഇരുട്ട് പരത്തുന്നവന്‍റെ മുഖത്തേക്ക് ഒരു 'ടോര്‍ച്ച് വെട്ടം' പായിക്കാന്‍, കൂരിരുട്ട് വീഴുന്നതിന് മുമ്പ് ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കാന്‍ കഴിയുമ്പോഴാണ് കൂട്ടായ്മകള്‍ വിജയിക്കുന്നത്... നമുക്കതിന് കഴിയും...കഴിയണം.

വാല്‍കഷ്ണം:- ദര്‍ശന ടി വി യിലെ ഇ-ലോകം പരിപാടി ബ്ലോഗ്ഗര്‍മാര്‍ക്ക് നല്‍കിയ അംഗീകാരം പ്രശംസനീയമാണ്, വെറും 'എ-ലോകത്ത്' കറങ്ങിനടക്കുന്ന ചാനലുകള്‍ക്കിടയില്‍ ഇ-ലോകത്തെയും ബ്ലോഗ്ഗര്‍മാരെയും കണ്ടെത്തിയ ദര്‍ശനക്കും അവതാരകന്‍ റിയാസിനും അഭിവാദ്യങ്ങള്‍ .....                     


                          

18 comments:

 1. ബ്ലോഗ്ഗെഴുത്ത് കാരില്‍ മഹാഭൂരിപക്ഷത്തിനും കാണുന്ന സവിശേഷത അവര്‍ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെന്നതാണ്.. തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയങ്ങളിലും പണയം വെച്ച് അവരുടെ ആജ്ഞക്കനുസരിച്ച് ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്ന 'കുഞ്ഞിരാമന്‍മാരുടെ' ലോകത്ത് തലച്ചോര്‍ സ്വന്തം 'കയ്യില്‍ ' സൂക്ഷിക്കുകയും താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ജാഗരൂകരാവുകയും ചെയ്യുന്നത് മഹത്തരമാണ്.

  ReplyDelete
 2. തീര്ച്ചയാ യും ബ്ലോഗെയുത്തിനു ഒരു പ്രചോദനം തന്നെയാണ് ഈ മീറ്റുകള്‍ ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ അതിലൂടെ ബ്ലോഗുലകം വികസിക്കട്ടെ ഈ ബ്ലോഗനേയും ആളുകള്‍ക്ക് നേരില്‍ കാണാന്‍ സാധിക്കട്ടെ

  ReplyDelete
 3. കൂരിരുട്ട് വീഴുന്നതിന് മുമ്പ് ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കാന്‍ കഴിയുമ്പോഴാണ് കൂട്ടായ്മകള്‍ വിജയിക്കുന്നത്...
  ഇതും ഒന്ന് വായിച്ചു നോക്കുമല്ലോ http://parayathebakivachath.blogspot.in/2013/04/tirurbloggersmeet.html

  ReplyDelete
 4. മീറ്റുകൾ തുടരട്ടെ, ബ്ലോഗ് വളരട്ടെ.........................

  ReplyDelete
 5. നല്ലൊരു പോസ്റ്റ്.. ആശംസകൾ.

  ReplyDelete
 6. സമചിത്തതയോടെ ബ്ലോഗ് പോസ്റ്റുകൾ എഴുതേണ്ടതെങ്ങനെയെന്ന് ചില 'ബ്ലൂ'ലോകംകാരും മുണ്ടനെലികളും ഈ പോസ്റ്റു് കണ്ടു പഠിക്കട്ടെ!

  ReplyDelete
 7. വളരെ നല്ല പോസ്റ്റ്‌.
  മതവും രക്ഷ്ടീയവും കാര്‍ന്നു തിന്നുന്ന ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഐക്യം ഏത് മേഖലയിലായാലും അത് സന്തോഷം പകരുന്ന കാര്യങ്ങളല്ലേ? ഇവിടെ പ്രതിപാദിച്ച നല്ല ക്ലബ്ബുകളുടെ,വായനശാലകളുടെ, നല്ല വിദ്യാലയങ്ങളുടെ ഒക്കെ അഭാവം ഇത്തരത്തിലുള്ള കൂട്ടായ്മവഴിയെങ്കിലും നികരട്ടെ.

  ReplyDelete
 8. ഒരു പാട് പ്രചോദനം നല്‍കുന്ന പോസ്റ്റ് ...ആശംസകള്‍...:)

  ReplyDelete
 9. കൂട്ടായ്മകള്‍ ഇനിയുമുണ്ടാവട്ടെ...

  അതുവഴി മലയാളം ബ്ലോഗേഴ്സും!!!!

  ReplyDelete
 10. ഇനിയുള്ള വായന ഈ ലോകത്ത് ആണ് അത് തിരിച്ചറിയാതെ പോകുന്നത് എഴുത്തുകാരന്റെ നഷ്ട്ടം ആണ്..മാധ്യമ ലോകത്തിന്റെയും...വിദേശ രാജ്യങ്ങളില്‍ പല മാധ്യമങ്ങളും അച്ചടി എഡിഷനുകള്‍ നിര്‍ത്തി തുടങ്ങി ...നല്ലൊരു പോസ്റ്റ് കൂട്ടായ്മകള്‍ വളരട്ടെ..ബ്ലോഗ്‌ ഉലകം വിളയട്ടെ...

  ReplyDelete
 11. പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു (എഴുതി)

  ReplyDelete
 12. nannayi thanne ezhuthi.. blog meettukal prachodana daayakam thanne..

  ReplyDelete
 13. ഈ ലേഖനം മുന്നോട്ടു വയ്ക്കുന്ന ആശയത്തോട് യോജിക്കുന്നു. തലച്ചോറും ശരീരവും ആർക്കും പണയം വെക്കാത്തവർ, ഇവിടെയുള്ള കൂട്ടായ്മയും ഐക്യബോധവും നിലനിർത്തി ഊർജ്ജ്വസ്വലരായി സമൂഹത്തിലേക്കിറങ്ങേണ്ടതുണ്ട്. നമ്മുടെ നാടും പരിസരവും വലിയ പ്രതിസന്ധികൾ നേരിടുന്നു..

  ReplyDelete
 14. പ്രസക്തമായ് നിരീക്ഷണങ്ങൾ, തീർച്ചയായും സംഘടിത ശക്തിക്കും എഴുത്തുകാർക്കും സമൂഹത്തിന് പലതും ചെയ്യാൻ കഴിയും. ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നതും അത് സംഘടിപ്പിക്കുന്നതിലെല്ലാം അരിശം തോന്നുന്നവരുണ്ടെങ്കിൽ അവർ മാന്തിത്തീർക്കട്ടെ

  ആശംസകൾ

  ReplyDelete
 15. തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയങ്ങളിലും പണയം വെച്ച് അവരുടെ ആജ്ഞക്കനുസരിച്ച് ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്ന 'കുഞ്ഞിരാമന്‍മാരുടെ' ലോകത്ത് തലച്ചോര്‍ സ്വന്തം 'കയ്യില്‍ ' സൂക്ഷിക്കുകയും താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ജാഗരൂകരാവുകയും ചെയ്യുന്നത് മഹത്തരമാണ്.

  ReplyDelete
 16. കോമയിലായ എന്റെ ബ്ലൊഗ്ഗിനെ ഓരോ തവണയും തിരിച്ചുകൊണ്ട് വരുന്നത് ബ്ലോഗേഴ്സ് മീറ്റുകളാണ്

  ReplyDelete
 17. നല്ല പോസ്റ്റ്‌ സുഹൃത്തെ

  ReplyDelete
 18. തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയങ്ങളിലും പണയം വെച്ച് അവരുടെ ആജ്ഞക്കനുസരിച്ച് ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്ന 'കുഞ്ഞിരാമന്‍മാരുടെ' ലോകത്ത് തലച്ചോര്‍ സ്വന്തം 'കയ്യില്‍ ' സൂക്ഷിക്കുകയും താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ജാഗരൂകരാവുകയും ചെയ്യുന്നത് മഹത്തരമാണ്.

  ReplyDelete