Saturday, 15 March 2014

ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട്?

തെരെഞ്ഞെടുപ്പ് വിജ്ഞ്ജാപനം വന്നു, കാര്യങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന ചോദ്യത്തിന് കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, "വരട്ടെ ആര്‍ക്കെങ്കിലും ഒന്ന് കുത്തണം, ഒക്കെ കണക്കാന്നേ" , എന്നാല്‍ ഈ വര്‍ഷം അതില്‍ മാറ്റമുണ്ട്, കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ നടന്നത് 'സെലക്ഷന്‍' ആയിരുന്നു ഉള്ളതില്‍ നിന്ന് ഒന്നിനെ തെരെഞ്ഞെടുക്കുക, രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ജനാധിപത്യത്തില്‍ പങ്കാളിയാവാന്‍ ഏതെങ്കിലും ഒന്നിന് കുത്തിയേ പറ്റൂ, ഈ തവണ അതില്‍ മാറ്റം ഉണ്ട് ആം ആദ്മി പാര്‍ട്ടി വ്യത്യസ്ഥമാണ്.

ആം ആദ്മിക്കു വോട്ട് ചെയ്യാന്‍ എന്താണ് കാരണം എന്നൊരു ചോദ്യത്തിന് ഒരു പക്ഷേ ഒരു പ്രസക്തിയും ഇല്ല. പക്ഷേ പെയ്ഡ് മീഡിയ നിരന്തരമായി നുണകള്‍ കുത്തിവെച്ചുകൊണ്ടിരിക്കുന്നു, ബിജെപിയെയും കോണ്‍ ഗ്രസ്സിനെയും മഹത്വ വല്‍ക്കരിക്കാന്‍ ഒരു വിധ അറപ്പുമില്ലാത്ത മുക്കിയധാര മാധ്യമങ്ങളുടെ ഓരിയിടലുകള്‍ക്കിടയില്‍ വീണ്ടും വീണ്ടും ഉറക്കെ വിളിച്ച് പറയണം, എന്‍റെ വോട്ട് ആം ആദ്മിക്ക് തന്നെ.

എന്തു കൊണ്ട്  ആം ആദ്മിക്ക് വോട്ട് ചെയ്യുന്നു?
ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ട്, കോര്‍പ്പറേറ്റ് മുതലാളിലാരും അവരുടെ ഏജന്റുമാരായ രാഷ്ട്രീയക്കാരും ചേര്‍ന്ന് നാടിനെ കൊള്ളയടിക്കുന്നത് കണ്ട് നെടുവീര്‍പ്പിടുകയായിരുന്നു ഇതുവരെ, അതിനെതിരെ പ്രതികരിക്കാന്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം മനുഷ്യര്‍ രംഗത്തിറങ്ങിയിരിക്കുന്നു അവരെ പിന്തുണച്ചില്ലെങ്കില്‍ പിന്നെ എനിക്ക് ഇന്ത്യാക്കാരന്‍ എന്ന് പറയാന്‍ എന്ത് യോഗ്യത? എന്‍റെ രാജ്യത്തെ ഞാന്‍ സ്നേഹിക്കുന്നു എന്ന്‍ പറയാന്‍ എന്തവകാശം.
     
ആം ആദ്മി ഇത്ര വലിയ സംഭവമാണോ? അവരെക്കൊണ്ട് എന്തെങ്കിലും നടക്കുമോ?
ആം ആദ്മി ഒരു സംഭവം തന്നെയാണ്, സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ സംഭവം, അതില്‍ പ്രവര്‍ത്തിക്കുന്നത് ആത്മാര്‍ത്ഥതയുള്ള, വിദ്യാസംബന്നരായ യുവാക്കളാണ്, അവര്‍ക്ക് ഈ രാജ്യത്തിന്‍റെ വിധി മാറ്റി എഴുതാന്‍ കഴിയും, അവര്‍ക്കേ കഴിയൂ.

അവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ ഒന്നും പോവുന്നില്ലല്ലോ, വെറുതെ വോട്ട് വെയിസ്റ്റ് ആക്കണോ?
ആം ആദ്മി വെറും അധികാരം പിടിക്കലല്ല, അതൊരു തിരുത്തല്‍ ശക്തിയാണ് അന്‍പത് സീറ്റ് എങ്കിലും ഈ തെരെഞ്ഞെടുപ്പില്‍ AAP നേടിയാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഗതി മാറും, പരസ്പരം പുറം ചൊറിയുന്ന റാന്‍ മൂളികള്‍ അല്ലാത്ത ചെറുപ്പക്കാര്‍ പാര്‍ലമെന്‍റിനു ജീവന്‍ നല്‍കും, കൂക്കിവിളിയും പേപ്പര്‍ സ്പ്രേയും അല്ല പാര്‍ലമെന്‍റ് എന്ന്‍ അവര്‍ നമ്മെ ബോധ്യപ്പെടുത്തും.  നൂറു സീറ്റ് നേടാന്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ AAP ഭരണത്തില്‍ സ്വാധീനം ചെലുത്തും, തോല്‍ക്കുമെന്നുറപ്പുള്ള ഒരു AAP സ്ഥാനര്‍ത്തിക്ക് ചെയ്യുന്ന വോട്ടുപോലും മാറ്റത്തിനുള്ള വോട്ടാണ്, അത് ഈ രാജ്യത്തിനുള്ള വോട്ടാണ്.

വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബി ജെ പി യെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുകയല്ലേ വേണ്ടത്?
ഈ നംബര്‍ കോണ്‍ഗ്രസ്സ് ഇറക്കാന്‍ കാലം കുറെയായി  കാലമായി, കഴിഞ്ഞ രണ്ടു തെരെഞ്ഞെടുപ്പുകളിലും ഫാസിസ്റ്റ് പേടി ഇളക്കിയാണ് കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നത്, എന്നിട്ടോ, ഫാസിസ്റ്റുകള്‍ കൂടുതല്‍ ശക്തരാവുകയാണ് ചെയ്തത്, നുണകളുടെ ചീട്ടുകൊട്ടാരങ്ങളിലാണ് ഫാസിസം പടുത്തുയര്‍ത്തുന്നത് അതിനെ തകര്‍ക്കാന്‍ കെജ്രിവാളിനെപ്പോലെ നട്ടെല്ലുള്ള ഒരാളാണ് വേണ്ടത്, ഞഞ്ഞാപിഞ്ഞാ രാഹുല്‍ പോരാ, രാഹുലും കോണ്‍ഗ്രസ്സും ഇവിടെതന്നെ ഉണ്ടായിരുന്നു, പക്ഷേ കെജ്രിവാള്‍ ആണ് മോഡിയുടെ യഥാര്‍ത്ഥ മുഖം എന്ത് എന്ന് വിളിച്ചു പറഞ്ഞത്.    

രാജ്യത്തെ നയിക്കാന്‍ AAP നു ശേഷിയുണ്ടോ?
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ ഒരു ഭരണ വ്യവസ്ഥിതിയുണ്ട് അതിനെ നന്നായി ചലിപ്പിക്കാന്‍ കഴിയുന്ന ഒരു ടീം ആണ് വേണ്ടത്, ഒരു ഏകാധിപതിയല്ല, ആം ആദ്മിക്കുള്ള പോലെ വകതിരിവും തലയില്‍ ആള്‍പ്പാര്‍പ്പവുമുള്ള ഒരു ടീം വേറെ ഏത് പാര്‍ട്ടിക്കുണ്ട്.

അവര്‍ക്ക് ഭരിക്കാന്‍ അറിയില്ല, ഡല്‍ഹി യില്‍ തന്നെ ഭരണം ഇട്ട് ഓടിയത് കണ്ടില്ലേ.. ?
എങ്ങോട്ടാണ് ഓടിയത്?, ജനങ്ങളിലേക്ക്. കോണ്‍ഗ്രസ്സിന്‍റെ ഊരയില്‍ താങ്ങിയല്ല, ഒറ്റയ്ക്ക് നിന്നു ഭരിക്കാന്‍ ശക്തിവേണം.  ആ ശക്തി ചോദിച്ചു കൊണ്ടാണ് ആം ആദ്മി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്, അത് പടിയിറക്കമല്ല പടയൊരുക്കമാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ആം ആദ്മി ഡല്‍ഹിയില്‍ തിരിച്ചു വരും. ഡല്‍ഹിയില്‍ ആം ആദ്മി ഭരണത്തില്‍ കയറുമ്പോള്‍ തന്നെ ലോക്സഭാ തെരെഞ്ഞെടുപ്പിന് അപ്പുറം ഭരണം പോവില്ല എന്ന്‍ മിക്ക രാഷ്ട്രീയ നിരീക്ഷകരും  പ്രവചിച്ചിരുന്നു  . ഡല്‍ഹിയില്‍ AAP ശ്രമിച്ചത് ഭരിക്കാനല്ല, ജനങ്ങളെ ചിലത് ബോധ്യപ്പെടുത്താനാണ് അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.  

അഴിമതി ലോകം മൊത്തം ഉള്ള ഒരു പ്രതിഭാസമല്ലേ, നമ്മള്‍ ഒച്ചവെച്ചിട്ട് വല്ല കാര്യവുമുണ്ടോ?
ഇന്ത്യയിലെ അഴിമതി മറ്റ് രാജ്യങ്ങളിലെപ്പോലെയല്ല, ഇവിടെ ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍പോലും നിര്‍വ്വഹിച്ചു കൊടുക്കാതെ ഭരണക്കാര്‍ മോഷ്ട്ടിക്കുകയാണ്, കോടിക്കണക്കിനു പേര്‍ പട്ടിണി കിടക്കുമ്പോള്‍ അരി കുത്തകകള്‍ക്ക് മറിച്ച് വിറ്റ് ലാഭം കൊയ്യുന്ന തെമ്മാടികളുടെ അഴിമതിയാണ് ഇന്ത്യയില്‍, നമ്മള്‍ ഒച്ചവെക്കണം,  റിലയന്‍സ് പോലുള്ള കുത്തക മുതലാളിമാരുടെ ഗുമസ്തന്‍മാരാണ് നാട്  ഭരിക്കുന്നത് രാജ്യത്തെ അവര്‍ ഊറ്റിക്കുടിക്കുകയാണ്, ഇത് തുറന്ന് പറയാനും അവര്‍ക്കെതിരെ പടവാള്‍ ഉയര്‍ത്താനും ജീവന്‍ പണയം വെച്ചു കൊണ്ടാണ് ചില യുവാക്കള്‍ രംഗത്ത് വന്നത്, നമ്മുടെ ഓരോ വോട്ടും അവര്‍ക്കുള്ള പിന്തുണയും പ്രചോദനവുമാണ്.

നമ്മുടെ രാജ്യത്തിന് ഒരു പാട് ശത്രുക്കള്‍ ഉണ്ട്, അകത്തും പുറത്തും.. അക്രമങ്ങളും സ്ഫോടനങ്ങളും നിരന്തരം നടക്കുന്നു, ഇതൊക്കെ നേരിടാനുള്ള ശേഷി AAP  നുണ്ടോ?
ആരാണ് നമ്മുടെ ശത്രുക്കള്‍, പാക്കിസ്ഥാനോ? ചൈനയോ?  ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ വളരുന്ന ശത്രുത രണ്ട് രാജ്യത്തെയും രാഷ്ട്രീയക്കാര്‍ തമ്മിലുള്ള ഒത്തുകളിയാണ്, ഈ ശത്രുതയുടെ പേരിലാണ് ഇരു രാജ്യങ്ങളും കോടികളുടെ ആയുധങ്ങള്‍ വാങ്ങി കമ്മീഷന്‍ അടിക്കുന്നത്. അകത്തുള്ള ശത്രുക്കള്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരും രാഷ്ട്രീയക്കാരുമാണ്, സ്ഫോടനങ്ങളും കലാപങ്ങളുമെല്ലാം അവരുടെ വകയാണ്.ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് അവരാണ്, അവരെ പിടിച്ചുകെട്ടിയാല്‍ നാട് താനേ ശാന്തമാകും

ഭരണം കിട്ടിയാല്‍ ആം ആദ്മികളും മറ്റവന്മാരെപ്പോലെ ആകില്ല എന്ന് എന്താണ് ഉറപ്പ്?
ആകും എന്ന് എന്താണ് ഉറപ്പ്? , ഈ ചോദ്യം വീണ്ടും വീണ്ടും കുത്തിവെക്കുന്നത് മോഡിയുടെ പണം വാങ്ങിയ മീഡിയകളാണ്.   ആം ആദ്മിയും അഴിമതിക്കാരാകും എന്നുറപ്പുണ്ടോ? ഒരു ചെറിയ സാധ്യത അല്ലേ ഉള്ളൂ... ജനം ജാഗരൂകരാണെങ്കില്‍ ആ സാധ്യതയെ മറികടക്കാം, വെറും 'സാധ്യത' മാത്രമുള്ളവരെ പരീക്ഷിക്കുന്നതല്ലേ കാട്ടുകള്ളന്മാരെ നിലനിര്‍ത്തുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത്.

അഴിമതി എന്ന ഒറ്റ വിഷയമേ  ഇവര്‍ക്കറിയൂ, രാജ്യം നേരിടുന്ന ഒരു പാട് നീറുന്ന പ്രശ്നങ്ങള്‍ വേറെയുമുണ്ട്.?
മറ്റെല്ലാ പ്രശ്നങ്ങളും അഴിമതിയുടെ ഉപോല്‍പ്പന്നങ്ങളാണ്, അഴിമതി മറച്ചു പിടിക്കാനാണ് കലാപങ്ങളും സ്ഫോടനങ്ങളും സൃഷ്ടിക്കുന്നത്, ഭരണം പിടിക്കാനാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്, ഭരണം കൊണ്ടുള്ള ലക്ഷ്യം അഴിമതിയാണ്, അഴിമതി തടാഞ്ഞാല്‍ എല്ലാ പ്രശ്നങ്ങളും പതുക്കെ കെട്ടടങ്ങും. ഇന്ത്യയെ കട്ടു കടത്താന്‍ സായിപ്പന്മാര്‍ കണ്ടു പിടിച്ച വിദ്യയാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍, അന്ന് 'വെളുത്ത'സായിപ്പ് ചെയ്തത് ഇന്ന്‍ കറുത്ത സായിപ്പന്മാര്‍ ചെയ്യുന്നു.

പല  വിഷയങ്ങളിലും AAP  നു നിലപാടില്ല, കാശ്മീര്‍, അയോധ്യ തുടങ്ങിയ പ്രശ്നങ്ങളിലൊക്കെ ആം ആദ്മിയുടെ നിലപാട് എന്താണ്?
ഇത്തരം വൈകാരീക പ്രശ്നങ്ങളില്‍ അഭിരമിക്കുകയാണ് മറ്റ് പാര്‍ട്ടികള്‍ ആം ആദ്മിയും അതിനു തലവെച്ചു കൊടുക്കുകയാണോ വേണ്ടത്, ഒരിയ്ക്കലും അല്ല, ആം ആദ്മിക്ക് നിലപാടുകള്‍ രൂപപ്പെടുത്താന്‍ ഇനിയും സമയമുണ്ട്, സാധാരണക്കാരോട് ചര്‍ച്ച ചെയ്താണ് നിലപാടുകള്‍ ഉണ്ടാക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വൈകാരീക പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയാണ് ആം ആദ്മി ചെയ്യേണ്ടത്, അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവല്‍ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ രാഷ്ട്രീയക്കാര്‍ കണ്ടെത്തിയ വഴികളാണ് അംബലവും പള്ളിയും ഇനിയെങ്കിലും നമുക്ക് ബോധം വരണം.

ഫാസിസത്തെ തടയാന് AAP ക്കു പറ്റുമോ?
ഫാസിസത്തിന്റെ കള്ളക്കളികളെ സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്താല്‍ ജനങ്ങള്‍ തന്നെ അതിനെ പരാജയപ്പെടുത്തിക്കൊള്ളും, അത് ആപ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനങ്ങളും വര്‍ഗ്ഗീയതയും വിദ്വേഷവും തൊട്ട് തീണ്ടിയിട്ടില്ലാത്ത വെറും പച്ച മനുഷ്യരാണ്. വര്‍ഗ്ഗീയ വാദികള്‍ തുലോം തുച്ഛം. സാദാരണക്കാരില്‍ വിശ്വസം അര്‍പ്പിക്കുക, അവര്‍ ഈ രാജ്യത്തെ രക്ഷിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നോക്കുക കുബേരന്മാരും വര്‍ഗ്ഗീയ വാദികളും ബ്രിട്ടീഷുകാരോടൊപ്പം നിന്നപ്പോള്‍ സാധാരണക്കാര്‍ മത-ജാതി വ്യത്യാസങ്ങള്‍ മറന്ന് ഗാന്ധിജിയോടൊപ്പം നിന്നു, അവരാണ് ഈ രാജ്യത്തിന്‍റെ പ്രതീക്ഷ, അവര്‍ പിന്തുണക്കുമെങ്കില്‍ AAP ചരിത്രം തിരുത്തി എഴുതും.

AAP നു എവിടെയാണ് സ്വാധീനം? ഡല്‍ഹിയില്‍ മാത്രമല്ലേ AAP ഉള്ളൂ?
ആപ്പിന്റെ സ്വാധീനം ജനമനസ്സുകളിലാണ്, കേവലം ഒരു വര്ഷം കൊണ്ടാണ് AAP ഇന്ത്യന്‍ മനസ്സുകളില്‍ കത്തിപ്പടര്‍ന്നത്, ഗുജറാത്തിലും മഹാരാഷ്ട്രയിലും AAP നടത്തിയ സമ്മേളനങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങളാണ്, ദിവസക്കൂലിയും ഭക്ഷണപ്പൊതിയും  കൊടുത്ത് ബിജെപിയും കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളും റാലികള്‍ക്ക് ആളെ കൂട്ടുംബോഴാണ് ആയിരങ്ങള്‍ AAP റാലിയിലേക്ക് ഒഴുകിവരുന്നത്, ഇന്ത്യയില്‍ എവിടേയും AAP തരംഗം ഉണ്ട്. മനസ്സുകൊണ്ട് ഒരു AAP ക്കാരന്‍ അല്ലാത്ത ആരുണ്ടിവിടെ?        

ഇതൊക്കെ വെറും സ്വപ്നമല്ലേ....?
അതേ, ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നം, ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു, അബ്ദുള്‍ കലാം പറഞ്ഞ പോലെ നാം നല്ല സ്വപ്നങ്ങള്‍ കാണുകയായിരുന്നു ഇത് വരെ, ഇപ്പോള്‍ ആ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സമയമായിരിക്കുന്നു, വോട്ട് ആം ആദ്മിക്ക് ചെയ്യുക. നിങ്ങള്‍ കോണ്‍ഗ്രസ്സുകാരനോ, ബി ജെ പി ക്കാരനോ, കമ്മ്യൂണിസ്റ്റുകാരനോ, ലീഗുകാരനോ ..... ആരുമാകട്ടെ. സ്വന്തം മനസാക്ഷിയോട് ചോദിക്കുക, ഇത്രകാലം വോട്ട് കൊടുത്ത് വിജയിപ്പിച്ചുവിട്ട പാര്‍ട്ടികളില്‍ വിശ്വാസമുണ്ടോ? ഇല്ലെന്ന്  മനസാക്ഷി പറയും, പിന്നേയും അതേ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മറ്റെന്തൊക്കെയോ താല്‍പര്യങ്ങളാണ്, അതെന്തായാലും രാജ്യത്തോടുള്ള താല്‍പര്യമല്ല. ഇത്തവണ AAP വോട്ട് ചെയ്യാതിരിക്കുന്നത് മനസാക്ഷിയെ വഞ്ചിക്കലാണ്, ഈ രാജ്യത്തെ വഞ്ചിക്കലാണ്, അല്ലേ... നിങ്ങള്‍ സ്വയം ചോദിക്കുക ഒരു നൂറ് വട്ടം. ഓരോ തവണയും നിങ്ങളില്‍ നിന്ന് തന്നെ ഉത്തരം വരും. അതേ എന്‍റെ രാജ്യത്തോട് കൂറ് കാണിക്കണം. എന്‍റെ രാജ്യവും ഇവിടത്തെ ശതകോടി ജനങ്ങളുമാണ് എന്‍റെ പാര്‍ട്ടി-ജാതി-മത താള്‍പര്യങ്ങളെക്കാള്‍ പ്രധാനം, ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരിന്ത്യക്കാരനാണ്.
ഇനി നിങ്ങള്‍ തീരുമാനിക്കുക
AAP നു വോട്ട് ചെയ്യുന്നോ, അതോ സ്വന്തം മനസാക്ഷിയെയും സ്വന്തം രാജ്യത്തെയും വഞ്ചിക്കുന്നോ...?    


Related Posts 
എം പി മാരെ തെരെഞ്ഞെടുക്കുമ്പോള്‍
മോഡിയുടെ ഭീകരാക്രമണം നേരിടാന്‍ ആപ്പിന് ശേഷിയുണ്ടോ ?
AAP കാണുന്നുണ്ടോ ആപ്പുവരുന്ന വഴി?                                
                                                                         

                       

4 comments:

  1. good work.. add questions and answers regarding right to recall, transparent funding etc..

    ReplyDelete
  2. good post...Jai Hind

    ReplyDelete
  3. yaar.........super post...thank you

    ReplyDelete