Monday, 3 August 2015

വിടി ബലറാമില്‍നിന്ന് കോടിയേരി ബാലകൃഷ്ണന് പഠിക്കാനുള്ളത്....

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ ഇത്തിരി പോന്ന ഒരു കോണ്‍ഗ്രസ്സ് എം എല്‍ എ യില്‍ നിന്ന് പഠിക്കണമത്രേ..., താനാരുവാടെ...? മൂരാച്ചി തനിക്ക് ഈ പാര്‍ട്ടിയെ പറ്റി എന്തറിയാം, കോടിയേരിയെ താന്‍ കണ്ടിട്ടുണ്ടോഡാ അലവലാതി....?
"എന്‍റെ സഖാവേ ഇതാണ് നിങ്ങളുടെ നിങ്ങളുടെ ഒരു ജന്മസിദ്ധമായ കുഴപ്പം, ആട് തോമയോട് ശങ്കരാടി പറയുന്ന പോലെയാണ് കാര്യങ്ങള്‍ സകലകലാവല്ലഭന്‍ പക്ഷെ വകതിരിവ് കഷ്ടി!
അങ്ങ് ബംഗാളില്‍ മരുന്നിന് ചേര്‍ക്കാന്‍ പോലും കിട്ടാത്ത വിധം പാര്‍ട്ടി അപ്രത്യക്ഷമായി വരികയും, ഇങ്ങ് കേരളത്തില്‍ അഴിമതിയിലും പെണ്ണ് കേസിലും മുങ്ങി മാനംകെട്ട ഒരു സര്‍ക്കാരിന് മുന്നില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സഖാക്കളേ..., വലിച്ചു പിടിച്ചു വെച്ച ആ ശ്വാസം വിട്ടുകളഞ്ഞ് നിങ്ങള്‍ ഇത് കേട്ടേ പറ്റൂ..., മിണ്ടുന്നവനെയൊക്കെ പാര്‍ട്ടി വിരുദ്ധനെന്ന്‍ വിളിച്ച് ‘ശത്രു പക്ഷത്തെത്തിക്കാന്‍ ചില നേതാക്കള്‍ കാണിച്ച ആവേശം എത്രത്തോളം വിനാശകരമായിരുന്നു വെന്ന് പാര്‍ട്ടിയിലെ യുവാക്കള്‍ വരെ പരസ്യമായി സമ്മതിച്ചു തുടങ്ങിയിരിക്കുന്ന കാലം വന്നിരിക്കുന്നു"    
          
അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ഒരു സ്വകാര്യ ചടങ്ങില്‍ കോടിയേരിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു “വര്‍ഗ്ഗീയത കടന്നു കയറുകയാണ്,  ബി ജെ പി യുടെ വളര്‍ച്ച അപ്രതീക്ഷിതമാണ്, മാധ്യമങ്ങള്‍ക്ക് ഇതില്‍ നല്ലൊരു പങ്കുണ്ട്, നമ്മുടെ മിക്ക ചാനലുകളും പെയിഡട് ആയി മാറി, പ്രധാന പത്രങ്ങളൊക്കെ പണ്ടേ അപ്പുറത്തല്ലേ.....”
പാര്‍ട്ടി സെക്രട്ടറിയുടെ നിരീക്ഷണത്തെ നമുക്കൊന്ന് സൂക്ഷ്മമായി നിരീക്ഷിക്കാം.
അതെ  വര്‍ഗ്ഗീയത കടന്നു കയറുകതന്നെയാണ്, അതായത് വര്‍ഗ്ഗീയതയെ നിരന്തരം പ്രതിരോധിക്കുന്നു എന്ന് അവകാശപ്പെടുന്ന സി പി എമ്മിന്‍റെ പ്രതിരോധങ്ങള്‍ ഫലിക്കുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന ആര്‍ എസ് എസ് – സി പി എം അക്രമങ്ങളെയും കൊലപാതകങ്ങളെയുമാണ്‌ സി പി എം ഫാസിസത്തിനെതിരെയുള്ള പ്രതിരോധമായി വരവ് വെക്കുന്നത്, ഇത് പൂര്‍ണ്ണമായും തെറ്റാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ആര്‍ എസ് എസ് നടത്തുന്ന പ്രതിരോധവും ചിലയിടങ്ങളില്‍ ശാഖാ ഗ്രാമങ്ങള്‍ പടുത്തുയര്‍ത്താനുള്ള ആര്‍ എസ് എസ് നീക്കത്തിനെതിരെ സി പി എം നടത്തുന്ന പ്രതിരോധവുമാണ് കണ്ണൂരിലെ അക്രമങ്ങളുടെ അടിസ്ഥാനം., പതിറ്റാണ്ടുകള്‍ നീണ്ടപ്പോള്‍ അത് കുടിപ്പകയായി വളരുകയും കൊല്ലും കൊലയും നിത്യ സംഭവമായി മാറുകയും ചെയ്തു എന്നെയുള്ളൂ. കണ്ണൂരിനെ ചൂണ്ടിക്കാട്ടി ഫാസിസ്റ്റ് പ്രതിരോധം പ്രസംഗിക്കുന്നത് ശുദ്ധ അസംബന്ധമാണ്.. ഫാസിസത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി പരാജയപ്പെടുക മാത്രമല്ല, ബി ജെ പി വളര്‍ച്ചക്ക് സഹായകരമാവുക കൂടി ചെയ്യുന്ന ദുരന്തമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് 

ഫാസിസ്റ്റുകള്‍ വരുന്ന വഴിയിലാണ് അവരെ പ്രതിരോധിക്കേണ്ടത്, ഏത് വഴിയാണ് ഫാസിസ്റ്റുകള്‍ വരുന്നത് എന്ന് പലരും നമുക്ക് ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്, ഇടതു പക്ഷ ബുദ്ധിജീവികള്‍ പലവട്ടം ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്, സക്കറിയയെപ്പോലുള്ള എഴുത്തുകാര്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും കെ ഇ എന്നിനെ പോലുള്ളവര്‍ പാര്‍ട്ടിക്ക് മനസ്സിലാവുന്ന ഭാഷയിലും പലതവണ നമ്മോട് വര്‍ഗ്ഗീയതയുടെ കടന്നു കയറ്റത്തെക്കുറിച്ച് പറഞിട്ടുണ്ട്, അത് കടന്നു വരുന്ന ഊടുവഴികളെക്കുറിച്ച് ഉല്‍ബോധിപ്പിച്ചിട്ടുണ്ട്, അതായത് ബി ജെ പി യുടെ വിജയം അപ്രതീക്ഷിതമായിരുന്നു എന്ന വിലയിരുത്തല്‍ തെറ്റാണ്, ഇവിടെ പലരും അത് പ്രതീക്ഷിക്കുകയും സി പി എമ്മിനോട് പലവുരു പറയുകയും ചെയ്തിട്ടുണ്ട്. (സഹികെട്ടപ്പോള്‍ ബ്ലോഗന്‍ വരെ പിണറായിയെ ഭള്ളു വിളിച്ചിട്ടുണ്ട്).
ഫാസിസം കടന്നു വരുന്നത് ശത്രുവിനെ സൃഷ്ടിച്ചു കൊണ്ടാണ്., ഇന്ത്യയില്‍ അവര്‍ കണ്ടെത്തിയ ആദ്യ ശത്രു ഇവിടത്തെ ഏറ്റവും വലിയ ന്യുനപക്ഷ വിഭാഗമായ മുസ്ലിംകളാണ്, നിരന്തരമായ വിദ്വേഷ പ്രചാരണങ്ങളും കള്ള പ്രചരണങ്ങളും നടത്തിക്കൊണ്ടാണ് ഫാസിസം ജന മനസ്സുകളെ സ്വാധീനിക്കുന്നത്. ഇത് മനസ്സിലാക്കുന്നിടത്തും പ്രതിരോധിക്കുന്നിടത്തും സി പി എം അമ്പേ പരാചയപ്പെട്ടു എന്ന് മാത്രമല്ല, പലപ്പോഴും ബി ജെ പി യുടെ കയ്യിലെ ചട്ടുകമായി മാറി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ഉയര്‍ന്നു വന്ന ബിജെപി-മാധ്യമ ഗൂഡാലോചനയില്‍ നിന്ന് പൊട്ടി മുളച്ച വിദ്വേഷ പ്രചരണങ്ങളെ സി പി എം ഏറ്റെടുത്ത് വിജയിപ്പിച്ചതിന് എത്രയെത്ര ഉദാഹരണങ്ങള്‍ ഉണ്ട്.
അഞ്ചാം മന്ത്രി, പച്ച സാരി, പച്ച ബോര്‍ഡ്, ചോദ്യപ്പേപ്പറിലെ ചന്ദ്രക്കല തുടങ്ങി ലീഗിനെ ഉന്നം വെച്ചു കൊണ്ട് വര്‍ഗ്ഗീയത കളിച്ചപ്പോള്‍ മുന്നില്‍ നിന്നത് സി പി എമ്മാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയില്‍ ജനസംഖ്യാനുപാതീകമായി അല്ലെങ്കില്‍ എം എല്‍ എ മാരുടെ എണ്ണത്തിന് ആനുപാതീകമായി മുസ്ലിം മന്ത്രിമാര്‍ ഉണ്ടായപ്പോള്‍, അന്ന് വരെ നായന്മാരും ക്രിസ്ത്യാനികളും പലപ്പോഴും ആനുപാതീകത്തിന് ഒരുപാട് മുകളിലും ഈഴവരും മുസ്ലിംകളും ആനു പാതീകത്തിന് ഒരു പാട് താഴെയുമായി നിരവധി മന്ത്രിസഭകള്‍  സി പി എം നേതൃത്വത്തില്‍ പോലും കടന്നു പോയപ്പോള്‍ അതില്‍ ഒരു വിധ അസുന്തുലിതത്വവും അനുഭവപ്പെടാത്തവര്‍ക്ക് ലീഗിന് ഒരു മന്ത്രിയെ കൂടുതല്‍ കിട്ടിയപ്പോള്‍ വയറിളകാനുള്ള കാരണം മനസ്സിലാക്കുന്നിടത്ത് സി പി എമ്മിന് പിഴച്ചു, മുസ്ലിംകള്‍ എന്തൊക്കെയോ വാരിക്കൊണ്ട് പോകുന്നു എന്ന് ഹിന്ദുക്കളെ ‘ബോധ്യപ്പെടുത്താന്‍’ നടത്തിയ ആ ഓപ്പറേഷന്‍ വിജയിപ്പിച്ചു കൊടുക്കാന്‍ സി പി എം മുന്‍ നിരയില്‍ നിന്നു., കേരളം രൂപീകരിക്കപ്പെട്ട ശേഷം ഇന്ന് വരെ എല്ലാ-മത ജാതി വിഭാഗങ്ങളും സര്‍ക്കാറില്‍ നിന്ന് നേടിയെടുത്ത ആനുകൂല്യങ്ങളുടെ ധവളപത്രമിറക്കൂ..., അവകാശമുള്ളതിന്റെ നാലയലത്ത് പോലും മുസ്ലിംകള്‍ക്ക് കിട്ടിയിട്ടില്ല, വാരിക്കൊണ്ട് പോയത് മുസ്ലിംകളല്ല എന്ന് ചില മുസ്ലിം സംഘടനകള്‍ നിലവിളിച്ചു നോക്കിയെങ്കിലും മാധ്യമങ്ങളോ സി പി എമ്മോ പോലും കേട്ടതായി നടിച്ചില്ല. ഹിന്ദു ഭൂരിപക്ഷത്തിന് മുസ്ലിംകള്‍ വാരിക്കൊണ്ട് പോകുന്നു ഹിന്ദു ഐഡന്റിറ്റി യില്‍ സംഘടിക്കുകയെ രക്ഷയുള്ളൂ എന്ന സന്ദേശം കൊടുത്ത ദുഷ്പ്രചരണം, തുടര്‍ന്ന് പച്ച ബോര്‍ഡ് പച്ച സാരി ചന്ദ്രക്കല തുടങ്ങിയ വിദ്യഭ്യാസ മന്ത്രിക്കോ പാര്‍ട്ടിക്കോ ഒരു വിധ ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ പോലും ‘മുസ്ലിം ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളായി പ്രച്ചരിപ്പിക്കപ്പെട്ടപ്പോള്‍ മുന്നില്‍ നിന്ന് കൊടുത്തത് സി പി എമ്മാണ്. അതിന്‍റെ ഫലമാണ് അരുവിക്കരയില്‍ കണ്ടത്. വര്‍ഗ്ഗീയ ലീഗിന് പകരം വര്‍ഗ്ഗീയ ബി ജെ പി പുല്‍കാനാണ് ഭൂരിപക്ഷം താല്‍പര്യം പ്രകടിപ്പിച്ചത് അല്ലാതെ സി പി എമ്മിനെ അല്ല.
കോണ്ഗ്രസ്സ് , കേരള കോണ്‍ ഗ്രസ്സ്, മുതല്‍ ജനതാദള്‍ വരെയുള്ള യു ഡി എഫ് സഖ്യ കക്ഷികളെയും അവരുടെ മന്ത്രിമാരുടെ ഭരണപരാജയങ്ങളെയും എതിര്‍ക്കുമ്പോള്‍ കാണിക്കാത്ത ഒരസുഖം സി
പി എം ലീഗിനെ എതിര്‍ക്കുമ്പോള്‍ കാണിക്കാറുണ്ട്, വര്‍ഗ്ഗീയത! തൊട്ടതിനും പിടിച്ചതിനും ഒക്കെ ലീഗില്‍ വര്‍ഗ്ഗീയത ആരോപിക്കുന്ന സി പി എമ്മിന് ഭൂരിപക്ഷ സമുദായം കൊടുത്ത സമ്മാനമാണ് അരുവിക്കര, ലീഗിന്‍റെ വര്‍ഗ്ഗീയതയെ വിലയിരുത്തുന്ന അല്‍പം സ്ഥലകാല ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഒരു ലേഖനം വി ടി ബാലറാം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്, അതിന്‍റെ ലിങ്ക് ഇതാ സഖാക്കള്‍ വായിച്ചു പഠിക്കുക.

ഒന്ന് കൂടി ആവര്‍ത്തിക്കുന്നു,
‘മുസ്ലിം പ്രീണനം’ എന്ന വാക്കാണ് ബി ജെ പി, സി പി എം-കോണ്‍ ഗ്രസ്സ് വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ചത്, കൂരിരുട്ടില്‍ ഈ ഇല്ലാത്ത പൂച്ചയെ തിരയാന്‍ മെനക്കെട്ട കോണ്‍ ഗ്രസ്സ് മൃദു ഹിന്ദുത്വം കളിച്ചു നോക്കി, അതിന്‍റെ ഫലമാണ് കേന്ദ്രത്തില്‍ കണ്ടത്.
എന്താണ് മുസ്ലിം പ്രീണനം, എവിടെയാണ് മുസ്ലിംകള്‍ക്ക് അനര്‍ഹമായി എന്തെങ്കിലും കൊടുത്തത്? എന്ന് തിരിച്ചു ചോദിക്കാന്‍ ആരും ചെന്നില്ല, പകരം മറ്റവന്മാര്‍ പ്രീണനം ആരോപിക്കുന്ന സ്ഥിതിക്ക് ഉള്ളതും കൂടി കുറക്കാന്‍ ശ്രമം നടന്നു, പ്രീണനം ഉണ്ട് എന്ന് സി പി എം നേതാക്കള്‍ പോലും ഇടക്ക് പറഞ്ഞു പോകുന്നുണ്ട്, അത്രത്തോളം ശക്തമാണ് ബി ജെ പി യുടെ ചിത്രവല.!

കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ ഇന്നും മുസ്ലികളുടെ ആനുപാതം ജനസംഖ്യനുപാതത്തിന്റെ പകുതിയിലും താഴെയാണ്, കേരളത്തില്‍ പോലും അനുപാതത്തിന്റെ വളരെ താഴെയാണ്.., സച്ചാര്‍ കമ്മിറ്റി അടക്കം പലസമിതികളും ഇത് തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്, കേരളത്തിലെ മുസ്ലിംകളുടെ ജീവിത നിലവാരത്തില്‍ ഉണ്ടായ പുരോഗതി അവര്‍ അറബ് നാടുകളില്‍ ചോരനീരാക്കി ഉണ്ടാക്കിയതാണ്, അത് സര്‍ക്കാര്‍ വകയല്ല. ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍  സെക്രട്ടറിമാര്‍ എല്ലാവരും മുസ്ലിംകളാണ് , അവര്‍ക്കെല്ലാം സര്‍ക്കാര്‍ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം കൊടുക്കുന്നു എന്ന സങ്കി പ്രചാരണത്തിന് പോലും സഖാക്കള്‍ ലൈക്കടിക്കുന്നുണ്ട്. പ്രൈവറ്റ് സെക്രട്ടറിമാരെ വെക്കുന്നത് പാര്‍ട്ടിയാണ്, കേരളകോണ്‍ഗ്രസ്സ് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ ക്രിസ്ത്യാനികളാണ് കാരണം ആ പാര്‍ട്ടില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ് മരുന്നിന് ചില അന്യമതക്കാരെ കണ്ടെങ്കിലായി എന്നേയുള്ളൂ, കേന്ദ്രത്തില്‍ ബി ജെ പി മന്ത്രിമാരുടെ സെക്രട്ടറിമാര്‍ എല്ലാവരും ഹിന്ദുക്കളാണ്, ആ പാര്‍ട്ടിയില്‍ അവരാണ് ഭൂരിപക്ഷം., പക്ഷെ ആക്രമണം മുസ്ലിം ലീഗിന് നേരെ മാത്രമാണ്, ഇവിടെപ്പോലും കാര്യങ്ങള്‍ തുറന്നു പറയുന്നതിന് പകരം ലീഗിന് പണി കിട്ടുന്നത് കണ്ട് സഖാക്കള്‍ രസിക്കുമ്പോള്‍ വോട്ട് ചോരുന്നത് സി പി എമ്മിന്‍റെ പെട്ടിയില്‍ നിന്നാണ്.                
ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യുനപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ക്കുക എന്ന  സി പി എം നയത്തെയും സക്കറിയയെ പ്പോലുള്ളവര്‍ ചോദ്യം ചെയ്തിട്ടുണ്ട്, ന്യുനപക്ഷ വര്‍ഗീയത വളര്‍ന്നാല്‍ നിയമ സംവിധാനത്തിന് അതിനെ പിടിച്ചു കെട്ടാന്‍ കഴിയും ഭൂരിപക്ഷ വര്‍ഗ്ഗീയത സകല നിയമ വ്യവസ്ഥകളെയും കയ്യില്‍ എടുത്തു കളയും, ഞാന്‍ മുസ്ലിംകളെ വീടുകളില്‍ കയറി ചുട്ടുകൊന്നു എന്ന് വിളിച്ചു പറഞ്ഞ ബാബു ബജ്രംഗിയും സുരക്ഷിതനായിരിക്കുകയും, സ്ഫോടനക്കേസില്‍ മാപ്പുസാക്ഷിയവാന്‍ തയ്യാറായി വന്ന യാക്കൂബ് മേമന്‍ തൂക്കിലേറ്റ പ്പെടുകയും ചെയ്തത് കാണുക, മയാകൊട്നിയും ഇന്ത്രേഷ് കുമാറും അമിത്ഷായും മോഡിയും വിഹരിക്കുന്നത് കാണുക,
വിടി കുറച്ചു കൂടി സിമ്പിളായി കാര്യം പറഞ്ഞിട്ടുണ്ട്, അരുവിക്കരയില്‍ നോട്ടക്കും പിറകെ നില്‍ക്കുന്ന എസ് ഡി പി ഐ യെയും മുപ്പത്തയ്യായിരം വോട്ട് നേടിയ ബി ജെ പി യെയും ഒരു പോലെ എതിര്‍ത്താല്‍ മതിയോ...? ബി ജെ പി യെ അല്‍പം കൂടുതല്‍ എതിര്‍ക്കെണ്ടതല്ലേ...?

ഇനി ഒരു പോലെ എതിര്‍ക്കുക എന്ന കൃത്യത്തിലും സി പി എം നന്നായി വെള്ളം ചേര്‍ക്കുന്നുണ്ട്, മഅദനീയുടെ കാര്യം എടുക്കുക, പ്രകോപന പ്രസംഗത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ആദ്യം അറസ്റ്റു ചെയ്യുന്നത് ഇടതു പക്ഷ ഭരണകൂടമാണ്‌, ഏതാണ്ട് മുപ്പതോളം കേസുകള്‍ ചുമത്തി മദനിക്കെതിരെ, അത് ഭരണ നേട്ടമായി ഉല്‍ഘോഷിക്കുകയും ചെയ്തു, നല്ലത് തന്നെ. പക്ഷെ  ഇതേ കേരളത്തില്‍ ഇതേ സി പി എം സര്‍ക്കാരിന്‍റെ മൂക്കിനു താഴെ കൊടിയ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ക്കെതിരെ സി പി എം വിരലനക്കിയിട്ടുണ്ടോ...? നിരവധി തവണ കേരളത്തില്‍ വന്ന് കൊടിയ വര്‍ഗ്ഗീയത പ്രസംഗിച്ച തൊഗാടിയയെ ഒരു തവണ അറ്റസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നെങ്കില്‍ മതേതര കേരളത്തിനും സി പി എമ്മിനും കിട്ടാവുന്ന മൈലേജ് ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിക്ക് തോന്നിയോ?
ഈ ഇരട്ടത്താപ്പിന്റെ വിലയാണ് അരുവിക്കരയില്‍ ബി ജെ പി കൊണ്ട് പോയ വോട്ടുകള്‍.
ലവ് ജിഹാദ്,ക്ഷേത്രങ്ങളുടെ ഫണ്ട് മുസ്ലിംകള്‍ക്ക് കൊടുക്കുന്നു, മലപ്പുറത്ത് ശബരിമല സീസണില്‍ കറുത്ത തുണിക്ക് നിരോധനം തുടങ്ങി നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന നുണകള്‍ പോലും പൊളിച്ചടുക്കാന്‍ സി പി എം വരുന്നില്ല. ഇവിടെയാണ്‌ വിടി ബലറാമില്‍ നിന്ന് കോടിയേരിക്ക് പഠിക്കാനുള്ളത്., ഫാസിസം കടന്നു വരുന്നത് നുണ പ്രചരണങ്ങളിലൂടെയാണ് അവയെ വാചക ക്കസര്‍ത്തു കൊണ്ടല്ല  വസ്തുതകള്‍ നിരത്തി പൊളിച്ചടുക്കാതെ ഫാസിസത്തെ പ്രധിരോധിക്കനാവില്ല, ഓരോ നുണപ്രചരണവും ബി ജെ പി ക്കുള്ള വോട്ടാണ്, അത് പോകുന്നത് സി പി എമ്മിന്റെയോ കോണ്‍ ഗ്രസ്സിന്റെയോ പെട്ടിയില്‍ നിന്നാണ്, വലിയ പെട്ടി സി പി എമ്മിന്റെത് ആയത് കൊണ്ട് കൂടുതല്‍ നഷ്ട്ടപ്പെടുക സി പി എമ്മിനാണ്.,

കേരളത്തില്‍ പലയിടത്തും അമ്പലങ്ങളില്‍ പശു വിന്‍റെ തല കൊണ്ടുചെന്നിട്ടും മറ്റും വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബി ജെ പി നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞു വീണപ്പോള്‍ പോലും അതൊരു പ്രശ്നമാക്കി എടുക്കാനോ കേരളത്തെ വര്‍ഗീയ കലുഷിതമാക്കി മാറ്റാനുള്ള ബി ജെ പി ശ്രമത്തിനെതിരെ സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു കാമ്പയിനോ എന്തിന് ഒരു പത്രസമ്മേളനമോ പോലും സംഘടിപ്പിക്കാന്‍ സി പി എം മെനക്കെട്ടിട്ടില്ല. ബി ജെ പി ബോധപൂര്‍വ്വം നടത്തുന്ന വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചാരണങ്ങളെ തുറന്ന് കാണിച്ചു കൊണ്ടല്ലാതെ സി പി എമ്മിന് നില നില്‍ക്കാന്‍ കഴിയില്ല, ചെറുതോ വലുതോ ഭൂരിപക്ഷമോ ന്യുനപക്ഷമോ ആരുമാകട്ടെ സെക്കുലറിസത്തിന്
പരിക്കേല്‍പ്പിക്കുന്നവരെ കാര്യകാരണ സഹിതം പ്രതിരോധിച്ചില്ലെങ്കില്‍ സി പി എമ്മിന് കട പൂട്ടേണ്ടി വരും.

തെരഞ്ഞെടുപ്പ് അടുത്താല്‍ ജാതി മേലാളന്മാരെയും പാതിരിമാരെയും മുസ്ലിയാക്കന്മാരെയും ചാക്കിട്ട് കൂടെ നിര്‍ത്തി അധികാരത്തില്‍ എത്തുന്ന അടവ് നയം സി പി എമ്മും കോണ്‍ഗ്രസ്സും അവസാനിപ്പിക്കാന്‍ സമയമായി, മതേതരത്വത്തിന്റെ വേലിക്കെട്ടിനുള്ളില്‍  ജീവിക്കുന്ന ആ പാര്‍ട്ടികള്‍ ആ വേലി  പൊളിയാതെ നോക്കണം അത് പൊളിഞ്ഞാല്‍ പിന്നെ കെട്ടിപൊക്കുക ഒട്ടും എളുപ്പമല്ല, ആ വേലിക്കെട്ടിന് പുറത്ത് ഈ പാര്‍ട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയില്ല.        
സഖാക്കളേ,  ബംഗാള്‍ ഒട്ടും ദൂരെയല്ല, മുപ്പതു കൊല്ലം കയ്യില്‍ കിട്ടിയിട്ടും വികസനം സ്വപ്നമാക്കി അവശേഷിപ്പിച്ച പിന്തിരിപ്പന്‍ സി പി എമ്മിനെയാണ് ബംഗാളില്‍ ജനം പുറം കാലു കൊണ്ട് ചവിട്ടിയതെങ്കില്‍ ഇവിടെ ഇന്ത്യയിലെ ‘മാനുഷീകതക്കും മതമൈത്രിക്കും പേര് കേട്ട കേരളത്തില്‍ ഫാസിസ്റ്റുകള്‍ പിന്നാമ്പുറത്ത് കൂടിയും ഇപ്പോള്‍
ഇതാ മുന്‍ വാതിലിലൂടെയും ഇടിച്ചു കയറാന്‍ ശ്രമം നടത്തുമ്പോള്‍ കണ്ണ് പൊത്തി കളിച്ചതിന്റെ പേരിലാവും പാര്‍ട്ടിയെ ചവിട്ടി പുറത്താക്കുക.
ശ്വാസം വിടുകയും, കുറച്ചൊക്കെ ചിരിക്കുകയും, ‘ബൂര്‍ഷ്വാസികളുടെ’ കൂടെപ്പിറപ്പായ കുടവയറും, റേഞ്ച് റോവറും, ഉപേക്ഷിക്കുകയും ചെയ്യണമെന്ന സ്ഥിരം ഉപദേശം നല്‍കാന്‍ അടിയന്‍ ആളല്ല. മക്കളൊക്കെ വിദേശത്ത് പഠിച്ചോട്ടെ, അവരുടെ വ്യക്തിപരമായ താല്‍പര്യം പരിഗണിക്കണമല്ലോ..., സ്വന്തം മക്കള്‍ക്കും കൂട്ടക്കാര്‍ക്കും താല്‍പര്യം നഷ്ടപ്പെട്ടു വെങ്കിലും ഇനിയും ഇടതു പക്ഷത്തോട് താല്‍പര്യം നഷ്ടപ്പെടാത്ത സാധാരണ മനുഷ്യരെ പരിഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്, ചരിത്രപരമായ മറ്റൊരു വിഡ്ഢിത്തം ആവര്‍ത്തിക്കാതിരിക്കട്ടെ.., ഫാസിസത്തെ എതിര്‍ക്കാന്‍ സഖാക്കളേ മസ്സില്‍ പവര്‍ മാത്രം പോര.., 
അത് പഠിക്കാന്‍, അറുപതു കഴിഞ്ഞ സഖാക്കള്‍ പോലും കട്ടങ്കാപ്പിയുമായി സോഷ്യല്‍ മീഡിയയിലേക്ക് കയറിചെല്ലുന്ന കാലത്ത് എളുപ്പ വഴി വിടി ബലറാം എം എല്‍ എ യെഫോളോ ചെയ്യുകയാണ്. കോടിയേരി സാറിനടക്കം പലതും അവിടെ പഠിക്കാനുണ്ട്, 
വര്‍ഗ്ഗീയതയെ നിര്‍വചിക്കുന്നിടത്തും പ്രതിരോധിക്കുന്നിടത്തും പാര്‍ട്ടിക്ക് പിഴച്ചിട്ടുണ്ട്.., കൂട്ടരേ മന്ത് മറ്റേ കാലിലാണ്.
ശ്വാസം വിട്ടേക്കുക.., 
വിജ്ഞാനത്തിന് വലിപ്പച്ചെറുപ്പമില്ലല്ലോ.. 

ലാല്‍ സലാം                 
                                                
     

6 comments:

 1. https://www.facebook.com/photo.php?fbid=1015269511817091&set=p.1015269511817091&type=1

  ReplyDelete
 2. കിറു കൃത്യമായ നിരീക്ഷണം

  ReplyDelete
 3. Great job, Mr. blogan
  u said it
  all political party members must read this article, especially communists

  ReplyDelete
 4. league enthu kanichu enna? 20 mla mar ulla league nu 5 manthrimar kooduthal ano? pinne Abdu Rubb vilakku kathikkathathil ithrem prashnam undakkenda karyam entha.. Athu adhehathinte vishwasam.

  ReplyDelete
 5. കൃത്യമായ നിരീക്ഷണം സി പി എം പ്രവർത്തകർ നിര്ബന്ധമായും വായിക്കേണ്ട ലേഖനം

  ReplyDelete
 6. old but gold,CPM workers should read this article

  ReplyDelete