Tuesday 8 January 2013

ആര്‍ എസ് എസ്സിനെ കല്ലെറിയും മുമ്പ്.....



ആര്‍ എസ് എസ്സ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ 'സ്ത്രീ വിരുദ്ധ' പ്രസ്താവനയാണ് നാടെങ്ങും ചര്‍ച്ച, സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ചും, ഡല്‍ഹി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മിണ്ടുന്നതൊക്കെ 'വിവാദം' ആകുന്ന സീസണ്‍ ആണിത്, സ്ത്രീകള്‍ ഉടുക്കണം എന്ന്‍ പറഞ്ഞാല്‍ വിവാദം ഉടുക്കണ്ട എന്ന്‍ പറഞ്ഞാല്‍ അതിലേറെ വിവാദം. ഈ വിവാദ ഭൂമികയില്‍ നിന്ന് കൊണ്ട്, ആര്‍ എസ്സ് എസ്സ് എന്ന പിന്തിരിപ്പന്‍ സംഘടനയോടും മോഹന്‍ ഭഗവത് എന്ന നേതാവിനോടും ഉള്ള  എല്ലാ വിധ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് ഒരല്‍പം സമചിത്തതയോടെ മോഹന്‍ ഭഗവത്തിന്റെ 'സ്ത്രീ വിരുദ്ധ' പ്രസ്താവനയെ ഒന്ന് ചര്‍ച്ചക്കെടുത്തുകൂടെ?


 സ്വകാര്യ ചാനലിന് മോഹന്‍ ഭാഗവത് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭാര്യാഭര്‍ത്തൃ കരാറില്‍ സ്ത്രീ  കുടുംബം നോക്കുകയും ഭര്‍ത്താവിനെ പരിചരിക്കുകയും വേണം . പകരം ഭാര്യയുടെ സംരക്ഷണം ഭര്‍ത്താവും ഏറ്റെടുക്കണം . സ്ത്രീകള്‍ നന്നായി കുടുംബം പരിചരിക്കുന്നതില്‍ പരാജയപ്പെട്ടാലും ഭര്‍ത്താവ് അവളെ സംരക്ഷിക്കും. അവര്‍ തമ്മിലെ കരാര്‍ ഭാര്യ  ലംഘിച്ചാല്‍ ഭര്‍ത്താവിന് അവരെ ഉപേക്ഷിക്കാം. പുരുഷനാണ് അനാദരവ് കാണിക്കുന്നതെങ്കില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഭാര്യക്കും അവകാശമുണ്ട്.

കരാര്‍ ലംഘിച്ചാല്‍ ഉള്ള ഉപേക്ഷിക്കല്‍ 'ഖണ്ഡം' മാറ്റിവെച്ച് ബാക്കി ഭാഗം ഒന്ന് കൂടി വായിച്ചു നോക്കൂ.... ഇത് തന്നെയല്ലേ   ഇന്ത്യാ മഹാരാജ്യത്തെ മഹാ ഭൂരിപക്ഷം കുടുംബങ്ങളിലും നടന്നു വരുന്നത്?
എന്‍റെ കുടുംബത്തിലും ഇങ്ങനെയാണ്, കച്ചവടക്കാരനായ എന്‍റെ പിതാവ് കുടുംബത്തിന് വേണ്ടി അധ്വാനിക്കുകയും, മാതാവ് ഭര്‍ത്താവിനെയും, കുട്ടികളെയും, വീടിനെ മൊത്തത്തില്‍ തന്നെ നന്നായി പരിപാലിക്കുകയും ചെയ്യുന്ന ഒരു സന്തുഷ്ട കുടുംബത്തില്‍ ആണ് ഞാന്‍ വളര്‍ന്നത്,
 എന്‍റെ സ്ഥിതിയും മറിച്ചല്ല, ഞാന്‍ ജോലിചെയ്യുന്നു... ഭാര്യ കുടുംബം നോക്കുന്നു, എന്‍റെ സുഹൃത്തുക്കളിലും, നാട്ടുകാരിലും   മഹാ ഭൂരിപക്ഷവും ഇങ്ങനെ തന്നെയാണ്, ഇത് ഒന്ന് വിളിച്ച് പറഞ്ഞ മോഹന്‍ ഭാഗവതിന്‍റെ മെക്കിട്ട് കേറാന്‍ എനിക്കു ധാര്‍മ്മിക മായി അവകാശമില്ല, ഇത് വായിക്കുന്ന എത്രപേര്‍ക്ക് അതിന് അവകാശം ഉണ്ട്? 

സ്ത്രീ ജോലി ചെയ്യുന്നതാണോ കൂടുതല്‍ മഹത്വം? ജോലിക്കാരായ സ്ത്രീകള്‍ ആണോ കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണ മായ ജീവിതം നയിക്കുന്നത്? അവരാണോ കൂടുതല്‍ സന്തോഷ വതികള്‍? സുരക്ഷിതര്‍?
 എന്‍റെ അറിവില്‍ അങ്ങനെ അല്ല, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഒരു പാട് സ്ത്രീ സുഹൃത്തുക്കളും ബന്ധുക്കളും എനിക്ക് 'സ്വന്തമായി' ഉണ്ട്. കഷ്ടപ്പാടും പരിഭവം പറച്ചിലും തീര്‍ന്ന ആരും ഇക്കൂട്ടത്തില്‍ ഇല്ല എന്ന് പറയുന്നതായിരിക്കും ശരി..
അധ്യാപികയായി  ജോലിനോക്കുന്ന എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വീണയെ ക്കുറിച്ച് പറയാം, ഭാര്യക്കും ഭര്‍ത്താവിനും ജോലി, രണ്ടു കുട്ടികള്‍ പഠിക്കുന്നു .കൂട്ടികള്‍ക്ക് നല്ല 'വിദ്യാഭ്യാസം കൊടുക്കാന്‍ ടൌണിലെ നല്ല സ്കൂളില്‍ വിടുന്നു, അവരുടെ യാത്ര 'എളുപ്പമാക്കാന്‍ സ്കൂളിന്‍റെ രണ്ടു കി. മീ. പരിധിയിലാണ്    താമസം, റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് പത്ത് കിലോമീറ്റര്‍ യാത്ര ചെയ്യണം ഓഫീസില്‍ എത്താന്‍, വീണക്ക് അത് പതിനാറ് കിലോമീറ്റര്‍ ആണ്.
രാവിലെ നാലര മണിക്ക് എഴുന്നേല്‍ക്കും, കുട്ടികള്‍ക്കും ഭര്‍ത്താവിനും പ്രാതല്‍  തയാറക്കണം, ഉച്ചക്കുള്ള ടിഫിന്‍ വേണം..മക്കളെ വിളിച്ചുണര്‍ത്തി കുളിപ്പിക്കണം, ഒരുക്കണം, യൂണിഫോം, പൊട്ട്... പൌഡര്.... ടൈം ടേബിള്‍...പുസ്തകങ്ങള്‍, വാട്ടര്‍ ബോട്ടില്‍ വരെ ,തുടര്‍ന്നു  ഭക്ഷണം കഴിപ്പിക്കണം, സ്കൂള്‍ ബസ്സില്‍ കയറ്റി വിടണം,അത് കഴിഞ്ഞ് ഓടിപ്പിടിച്ച് ഒരു കുളി,... പ്രാതല്‍,... ഡ്രെസ്സിംഗ് (സാരിയൊക്കെ ഉടുക്കാന്‍ മൂന്നേ മൂന്നു മിനിറ്റ് മതി) , ബാഗും ടിഫിനും തോളിലിട്ട്    ഭര്‍ത്താവിന്‍റെ കൂടെ സ്കൂട്ടറില്‍ ജംഗ്ഷന്‍ വരെ, പിന്നെ ബസ്സില്‍ ഇടിച്ചു കയറ്റം, സ്കൂളില്‍ എത്തിയാലോ വൈകുന്നേരം വരെ 'വായിട്ടലക്കണം' (പ്രയോഗം അവളുടേത്), തിരിച്ചു വീട്ടില്‍ എത്തിയാല്‍ കുട്ടികള്‍ എത്തി കാത്തിരിക്കുന്നുണ്ടാവും വീണ്ടും അവരുടെ കാര്യങ്ങള്‍, ഭക്ഷണം... വസ്ത്രം.. 'പരീക്ഷ പേപ്പര്‍' നോക്കലും പിള്ളേരുടെ പ്രോജക്റ്റ് വര്‍ക്കിന്‍റെ പണിയും എല്ലാം കൂടി കഴിഞ്ഞ് കട്ടിലിലേക്ക് മറിഞ്ഞൊരു വീഴ്ചയാണ്.., അവധി ദിവസങ്ങളില്‍ ആണ് വീട് വൃത്തിയാക്കുന്നതും അലക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍, ഇതിനൊക്കെ ഇടയില്‍ മറ്റൊന്ന് കൂടിയുണ്ട്, ഭര്‍ത്താവിന്‍റെ അമ്മ...പ്രായമായി ഒറ്റ മകനേയുള്ളൂ..അമ്മ പൊന്നു പോലെ വളര്‍ത്തിയ മകനാണ്, തിരിച്ച് അതേ സ്നേഹം മകനും ഉണ്ട്, കൂടെ താമസിക്കുന്നു അവരുടെ ഭക്ഷണം മരുന്ന്, കുളി ജപം എല്ലായിടത്തും വീണയുടെ ഒരു കണ്ണു വേണം ..(അമ്മക്ക് മരുമകളും ജീവനാണ്)
വീണക്ക്  ദിവസത്തില്‍ ഇരുപത്തി നാല് മണിക്കൂര്‍ ഒന്നിനും തികയില്ല.
'നീ ഭാഗ്യവതിയാടി, ഞാനിനി എത്ര കാലം ഇങ്ങനെ ഓടണം? ആ...ജനിച്ച് പോയില്ലേ ജീവിച്ചല്ലേ പറ്റൂ" എന്‍റെ ഭാര്യയുമായുള്ള അത്യപൂര്‍വ്വമായി കിട്ടുന്ന കൊച്ചു വര്‍ത്തമാനങ്ങളിലെ വീണയുടെ സ്ഥിരം ആത്മഗതങ്ങളില്‍  ഒന്നാണിത് ..... ,
 രവിയേട്ടന്‍ സഹായിക്കില്ലേ വീണേചീ? എന്ന ഭാര്യയുടെ ചോദ്യത്തിന് വീണയുടെ മറുപടി ഇങ്ങനെയാണ് "ആണുങ്ങള്‍ എത്ര സഹായിച്ചാലും ഒരു പരിധിയില്ലെടീ, നമ്മള്‍ ചെയ്യുന്നത് പോലെ വീട്ടുകാര്യങ്ങള്‍ അവരെക്കൊണ്ടാകുമോ?"
വേലക്കാരികളെ തേടി വീണയുടെ അലച്ചില്‍ പതിവാണ് 'ബഡ്ജറ്റില്‍' നില്‍ക്കുന്ന തിനെ കിട്ടാന്‍ വലിയ പാടാണ്, അമ്മ യെ ഒറ്റക്കാക്കി പോകാന്‍ ബുദ്ധി മുട്ട് ഉള്ളത് കൊണ്ട് ഒരു പ്രായം ചെന്ന ചേച്ചി വന്ന് നില്‍ക്കും, അതിന് വീട്ട് ജോലികള്‍ ചെയ്യാനുള്ള ആവതില്ല, വിളിച്ചാല്‍ കേള്‍ക്കാന്‍ ഒരാള് വേണ്ടേ? 
ഈ പ്രാരാബ്ദങള്‍ക്കൊക്കെപ്പുറമെ, കെ എസ് എഫ് ഇ യിലെ കുറി, കാറിന്‍റെ ലോണ്‍ വീടിന്‍റെ ലോണ്‍ ... തുടങ്ങിയ സാമ്പത്തീക 'വിഷമങ്ങള്‍' വീണക്ക് വേറെയും ഉണ്ട്, പക്ഷേ ഏറ്റവും വലിയ വിഷമമായി എപ്പോഴും അവള്‍ പറയാറുള്ളത് എന്‍റെ രണ്ടു മക്കള്‍ക്കും ശരിക്ക് മുലകൊടുക്കാന്‍ പോലും പറ്റിയിട്ടില്ല എന്ന പരിവേദനമാണ്... 

വീണയുടെ അനുഭവത്തില്‍ നിന്ന് അല്‍പ്പം കൂടിയോ കുറഞ്ഞോ ഇരിക്കും ഒട്ടു മിക്ക 'ഉദ്യോഗസ്ഥ' കളുടെയും അനുഭവം. സ്വദേശത്തും വിദേശത്തും ഒക്കെ ഇത് തന്നെ സ്ഥിതി, രാവിലെ ആറ് മണിക്ക് മാസങ്ങള്‍ മാത്രം പ്രായമുള്ള കൊച്ചുകുട്ടികളെയും കൊണ്ട് 'ഡേ കെയറിലേക്ക്' പായുന്ന അമ്മമാര്‍ ദുബായ് അടക്കമുള്ള ഗള്‍ഫ് നഗരങ്ങളിലെ സ്ഥിരം കാഴ്ചയാണ്, ഡേ കെയര്‍ ഒത്തു കിട്ടാത്തത് കൊണ്ട് പ്രസവിച്ച് ഇരുപതാം ദിവസം മകളെ അമ്മയുടെ അടുത്ത് കൊണ്ട് ചെന്നാക്കി അടുത്ത ഫ്ലൈറ്റിന് തിരിച്ച് വന്ന 'ചങ്ങനാശ്ശേരി ക്കാരി മേഴ്സിയും എന്‍റെ സുഹൃത്താണ്., 

എന്തൊക്കെയാണ് ഈ സ്ത്രീകള്‍ നഷ്ടപ്പെടുത്തുന്നത്?
ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍..,. ആര്‍ക്കും ഒന്നും കൊടുക്കാനാവാതെ നെട്ടോട്ടമോടി തീര്‍ക്കുകയല്ലേ ജീവിതം? ലൈഗീക ജീവിതത്തെ പ്പോലും ബാധിക്കുന്ന വിധം 'സ്ട്രെസ്സ്' അനുഭവിക്കുകയല്ലേ പല സ്ത്രീകളും?  അയല്‍ക്കാരോട് പോലും മനസ്സറിഞ്ഞു മിണ്ടുന്നത് വല്ലപ്പോഴും മാത്രമല്ലേ? 
എന്തൊക്കെയാണ് അവര്‍ നേടുന്നത്? കുറച്ച് പണം. പിന്നെന്ത്? അന്തസ്സോ? ഭര്‍ത്താവ് ഉപേക്ഷിച്ചാലും സ്വന്തം കാലില്‍ നില്‍ക്കാം എന്ന ധൈര്യമോ? 
ജീവിക്കാന്‍ വേണ്ടി ജോലിചെയ്യുകയാണ് നമ്മില്‍ പലരും, പക്ഷേ 'ഇരുവരും' ജോലി ചെയ്യുന്ന കുടുംബങ്ങളില്‍ ജോലിചെയ്യാന്‍ വേണ്ടി ജീവിക്കുകയാണ്, 
ജീവിക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുകയല്ല കഷ്ട്ടപ്പെടാന്‍ വേണ്ടി ജീവിക്കുകയാണ്.

പുരുഷന്മാര്‍ ജോലിചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നു, എന്നാല്‍ സ്ത്രീകളുടെ വരുമാനം മിക്കപ്പോഴും ഒരു അഡീഷണല്‍ ഇന്‍കം മാത്രമാണ് എന്ന് തോന്നിയിട്ടില്ലേ...?
ഭര്‍ത്താവ് ഉപേക്ഷിക്കുക, പീഡിപ്പിക്കുക, മരണപ്പെടുക  തുടങ്ങിയ സാഹചര്യങ്ങളില്‍  ജോലി യുള്ള സ്ത്രീ സുരക്ഷിതയാണ് എന്ന കാര്യം ശരിയാണ്. പക്ഷേ ഉപേക്ഷിക്കാനാണോ വിവാഹിതരാവുന്നത്? സമാധാനമായി ജീവിക്കുന്നവര്‍ അല്ലേ സമൂഹത്തില്‍ മഹാ ഭൂരിപക്ഷവും? 
ഡിവോര്‍സ് ഏറ്റവും കൂടുതല്‍ നടക്കുന്നത് ഭാര്യക്കും ഭര്‍ത്താവിനും വരുമാനമുള്ളവര്‍ക്കിടയില്‍ ആണ് എന്ന് ലോകത്തെ പല രാജ്യങ്ങളിലും നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 
ഭര്‍ത്താവില്ലാത്ത/നിസ്സഹായനായ  സാഹചര്യത്തില്‍ ഒറ്റയ്ക്ക് 'അധ്വാനിച്ച്' മക്കളെ നന്നായി വളര്‍ത്തിയ ഒരു പാട് അമ്മ മാര്‍ ഉണ്ട്, അവരെ വിസ്മരിക്കുകയല്ല.  സമൂഹത്തില്‍ പൊതു വായി നില നില്‍ക്കുന്ന യഥാര്‍ഥ്യങ്ങള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ കുടുംബം ശ്രദ്ധിക്കുകയും പുരുഷന്‍ കുടുംബത്തിന് വേണ്ടി വരുമാനം കണ്ടെത്തുകയും ചെയ്യുന്ന സാഹചര്യമാണ് കൂടുതല്‍ അഭികാമ്യം എന്ന് ബോധ്യപ്പെടും,  സ്ത്രീകള്‍ക്ക്  സാമൂഹിക-രാഷ്ട്രീയ-പൊതു വിഷയങ്ങളില്‍ ഇടപെടാനുള്ള സമയവും അവസരവും ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടുതല്‍ ലഭിക്കും .
ഇത്രയൊക്കെയല്ലേ നമ്മുടെ ഭഗവത് അണ്ണനും പറഞ്ഞത്? ഇടക്കിടെ വേണ്ടാത്തത് വിളിച്ച് കൂവുന്ന ആള്‍ എന്ന നിലക്ക് മെക്കിട്ട് കേറാന്‍ ഒരു ആവേശം ഉണ്ടാകും അതാരുടെയും കുറ്റമല്ല,...
പക്ഷേ സ്ത്രീ ശാക്തീകരണം പുരോഗതി ആധുനീകത എന്നൊക്കെപ്പറഞ്ഞാല്‍  പെണ്ണ്‍ രാവും പകലും അധ്വാനിച്ച് ഓടിതളരുക എന്ന വര്‍ത്തമാന കാല യഥാര്‍ത്യമാണോ?
 അതോ മുലപ്പാലും, നല്ല ഭക്ഷണവും പരിചരണവും, വിദ്യാഭ്യാസവും, നല്‍കി ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പങ്ക് വഹിക്കുക എന്നാണോ? പുരുഷന് താങ്ങും തണലും ആയി സമൂഹത്തിന് സ്നേഹവും ധര്‍മ്മബോധവും പ്രധാനം  ചെയ്യുന്ന ഉത്തമ കുടുംബിനികള്‍ അല്ലേ നമുക്ക് വേണ്ടത്?
 മൂല്യ ബോധമുള്ള സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി കുടുംബത്തിലും സമൂഹത്തിലും ഇടപെടാനുള്ള ബോധവവും സമയവും ഉള്ള ശാക്തീകരിക്കപ്പെട്ട ഒരു സ്ത്രീ സമൂഹത്തെ സ്വപ്നം കണ്ടു കൂടെ? 

ആര്‍ എസ്സ് എസ്സിനെയും ഭഗവതിനെയും എറിയാന് കല്ലെടുത്ത് വെച്ചവര്‍ക്ക് അതാകാം, പക്ഷേ തന്‍റെ പ്രസ്താവനയുടെ പേരില്‍ 'രണ്ടുവരി' കാരുണ്യം അദ്ദേഹം അര്‍ഹിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ , തല്‍ക്കാലം എറിയാന് കഴിയാതെ നിരാശരാകുന്നവര്‍ കാത്തിരിക്കുക, അടുത്ത ഊഴവുമായി ഭഗവത് അണ്ണന്‍ ഉടനെ വരും, മറ്റൊരു വിഷയവുമായി അടുത്ത എപ്പിസോഡില്‍.......,....(ബ്ലോഗനും) 
                  


വാല്‍കഷ്ണം:- എന്‍റെ 'കുബുദ്ധിയില്‍' തെളിയുന്ന മറ്റൊരു ഐഡിയ കൂടി പറഞ്ഞോട്ടെ, നമ്മുടെ സ്ത്രീകള്‍ എടുക്കുന്ന ജോലികള്‍ എല്ലാം പുരുഷന്‍മാര്‍ക്ക് കൊടുക്കുകയാണെങ്കില്‍ ഇവിടെ തൊഴിലില്ലായ്മ കുറയില്ലേ? എല്ലാ കുടുംബങ്ങളിലും വരുമാനം എത്തില്ലേ? (ഇതിനുള്ള തെറിവിളി ഇപ്പഴേ കാതില്‍ മുഴങ്ങുന്നുണ്ട്)       
                                                                              

7 comments:

  1. Naked truths. You said it.. Congratulations

    ReplyDelete
  2. കാര്യമുണ്ട് ലേഖനത്തില്‍

    ReplyDelete
  3. കല്ലെറിയുന്നതും വിമര്‍ശിക്കുന്നതും ആളും തന്ജവുമൊക്കെ നോക്കിയാണ് .മോഹന്ഭാഗവത് ആയതു കൊണ്ട്.സ്ത്രീകള്‍ക്കെതിരെ എന്ന പറഞ്ഞു .ഒരു മുസ്ലിം നേതാവാനെങ്കില്‍ താലി ബാനിസമായിരിക്കും?...അദ്ദേഹം പറയുന്നത് എല്ലാം അങ്ങികരിക്കാന്‍ പറ്റില്ലെങ്കിലും ഇപ്പ്റ ഞ്ഞതില്‍ തെറ്റ് പറയാന്‍ പറ്റില്ല.ആലോചിക്കുകയാണെങ്കില്‍ ഇതില്‍ കാര്യമുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്

    ReplyDelete
  4. ee divorce divorce ennu paraynnathu athra valya sambavamaano?makkalkku athoru valiya kaaryamaanu.pandu divorce illayirunnu ,kudumbathil athukondu sneham kooduthalaayirunno?atho amma athellam sahikkukayaayirunno?achanu kudumbathinte praraabdam muzhuvan chumakkan thraani eppozhum undaayirunno?jeevithakaalam muzhuvan ore reethiyil chinthichu pravarthichu adukkalayil muradichu jeevikkunnathinekkal nallathaanu jolyum athinte praraabdhangalum thirakkum.sthreekku joly undo illayo ennathallallo parasparam engane adjust cheythu jeevikkunnu ennathilalle kaaryam?

    ReplyDelete
  5. Man is the income generator only in middle class and upper middle class families. In a labourer's family both husband and wife go for work and they do all the household chores without a servant.

    In Veena's case, its true that her life is tough than the author's wife. But she will be happy in helping her her husband. If only her husband is working, their income will be less, so their living condition wont be good as now. Blogger may be rich and his wife has smaller ambitions than Veena, so you can fulfill her needs. But Veena is doing her job (she can quit that if she is not happy with it)to help her husband just like any loving wife. If the wife is not working (if she gets a job)and just spending her husband's hard earned money, she is just living as a parasite on him. And she may lack self respect and equality in her own house.
    My mother is like Veena, She is a working women, She does all the household works and goes to school. But she is happy and our life style is better than many those families where only husbands works. this is the case of middle class family. Blogger indirectly pointed that working women stealing the job opportunities of men. But in most of the cases, especially poor an middle class families,mothers are the main income generators. Men go for work, but they spend their income in alcohol, gambling and all, even though the children are starving at home. But mother's income totally spends for the well fare of the family and children. In some rural development projects, they give more jobs to women than men and concentrate on women empowerment because this ensures the well being of the family and the upcoming generation.

    ReplyDelete
  6. പറഞ്ഞിട്ട് എന്ത് കാര്യം ... എന്തും ജാതിയാവും വര്‌ഗ്ഗീയവുമായി മാത്രം കാണുന്ന കണ്ണുകള്‍ക്ക്‌ ഈ ന്യായം ദഹിക്കില്ല... പകരം ബ്ലോഗ്‌ കുമാരാ... താങ്കളെ ദഹിപ്പിക്കും...!!!

    ReplyDelete