Sunday, 17 February 2013

മറുനാടന്‍ മലയാളി മനോരമയുടെ ആരായിട്ടുവരും?

മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള വെബ്സൈറ്റുകളില്‍  ഒന്നാണ് മറുനാടന്‍ മലയാളി. വായനക്കാരെ വികാര വിജൃംഭിതരാക്കുന്ന തലക്കെട്ടുകളും ഒരല്‍പം അതിവായനയും  കൂടി ചേര്‍ത്താണ് മറുനാടന്‍  വിഭവങ്ങള്‍. ഒരുക്കുന്നത്. വഴിയോരത്ത് വ്യാപാരം നടത്തുന്നവനും ഷോപ്പിങ് മാളില്‍ വ്യാപാരം നടത്തുന്നവനും വ്യാപാരിയാണ്, എന്നു കരുതി ഷോപ്പിങ് മാളിലെ സെയില്‍സ് മാനെപ്പോലെ കോട്ടും സ്യൂട്ടും ഇട്ട്, ശ്വാസം വലിച്ചു പിടിച്ച് ശബ്ദം താഴ്ത്തി മുഖത്തൊരു മന്ദഹാസവുമായി നിന്നാല്‍ തെരുവില്‍ കച്ചവടം നടക്കുമോ? അവിടെ ഒന്ന് വിളിച്ച് കൂവേണ്ടി വരും, ആദായ വില, ഒന്നെടുത്താല്‍ നാലെണ്ണം ഫ്രീ.... നാലെടുത്താല്‍ നാല്‍പത് ഫ്രീ....ചേച്ചീ, ചേട്ടാ ഒന്ന് കേറിയിട്ട് പോ....  , തെരുവുകച്ചവടം ഒരു മോശം കാര്യം അല്ലാത്തതിനാലും വഴിപോക്കര്‍ തിരിഞ്ഞു നോക്കാന്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കുന്നത് ഒരു തെറ്റല്ലാത്തതുകൊണ്ടും മറുനാടന്‍റെ  പൊടിക്കൈകള്‍ നമുക്ക് സമ്മാനിക്കുക ഒരു ചെറു ചിരി മാത്രമാണ്.

മുഖ്യധാര മാധ്യമങ്ങള്‍ പരിഗണിക്കാന്‍ മടിക്കുന്ന പല വിഷയങ്ങളും വായനക്കാര്‍ക്ക് മുമ്പില്‍ ചര്‍ച്ചക്കിടാന്‍ തയ്യാറാവുന്ന പ്രശംസനീയമായ ദൌത്യങ്ങള്‍ മറുനാടന്‍ നിര്‍വ്വഹിക്കുന്നു എന്ന വസ്തുതയും കാണാതിരുന്നു കൂട.  ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടുമെങ്കിലും പലപ്പോഴും മറുനാടന്‍ വില്‍പന നടത്തുന്നത്  'മുന്തിയ' കടകളില്‍ വില്‍ക്കുന്ന     ബ്രാന്‍റഡ് ഐറ്റംസിനോട് കിടപിടിക്കുന്നവയാണ്,
അത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു വിമര്‍ശനം ആവശ്യമായി വരുന്നത്.
അധ്യാപകന്‍ ഒരു 'ഫാവിയും' കാണാത്ത, ഒട്ടും പഠിക്കാത്ത,കുട്ടി ചില്ലറ അക്രമങ്ങള്‍ക്കൊന്നും തല്ലുവാങ്ങിക്കണം എന്നില്ല. എന്നാല്‍ ഇവന് 'ഫാവി'യുണ്ട് എന്ന്‍ അദ്ധ്യാപകന് തോന്നിയാല്‍ ചെറിയ തെറ്റുകള്‍ക്കും അടികിട്ടും. ആ അടി നല്ലതിനായിരുന്നു എന്ന്‍ ഇപ്പോള്‍ മനസ്സിലായില്ലെങ്കിലും ഭാവിയില്‍ അവന് മനസ്സിലാകും, നന്നായി തല്ലിയ അദ്ധ്യാപകനോട് പില്‍കാലത്ത് നല്ല സ്നേഹമുള്ള ഒരുപാട് പേര്‍ നമുക്കിടയില്‍ ഉണ്ടല്ലോ...
മറുനാടന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനം കാണുകശ്രദ്ധേയമായ ലേഖനം, മനോരമയുടെ നേതൃത്വത്തില്‍ നടക്കുന്ന മാവോയിസ്റ്റാക്രമണം,  എന്ന ഉണ്ടായില്ല വെടിയെ കണക്കിന് പരിഹസിക്കുകയും    ചാരക്കേസ്, ലവ് ജിഹാദ് തുടങ്ങി മുമ്പ് ഇവര്‍പൊട്ടിച്ച 'വെടികളെ' ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ലേഖനത്തില്‍.,. സൂര്യനെല്ലി, കെ എസ് ആര്‍ ടി സി , വിലക്കയറ്റം തുടങ്ങിയ   'സര്‍ക്കാര്‍' വിരുദ്ധ വാര്‍ത്തകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഭരണകൂട തന്ത്രമാണ് മാവോക്ക് പിന്നില്‍ എന്ന്‍ ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുമുണ്ട്. മനോരമയോടൊപ്പം വെടിപൊട്ടിക്കാന്‍ മല്‍സരിക്കുന്ന മാതൃഭൂമിയെയും കൌമുദിയെയുമൊക്കെ കണക്കിന് കളിയാക്കുന്ന ലേഖനം പറഞ്ഞു വെക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ കരുതിയിരിക്കണം എന്നു തന്നെയാണ്.  ഒരു ചെറിയ 'ത്രെഡ്' കിട്ടിയാല്‍ അതില്‍ കല്‍പനീക കഥകളും  മസാലയും  ചേര്‍ത്ത് ജങ്ക് ഫുഡ്ഡാക്കി വിളമ്പുന്ന    മുഖ്യധാര മാധ്യമങ്ങളെ നേര്‍വഴിക്ക് നടത്താന്‍ പര്യാപ്തമായ  പോസിറ്റീവ് ആയ ഒരിടപെടല്‍ നടത്തിയ മറുനാടനില്‍ പക്ഷേ ആ ലേഖനത്തിന്‍റെ ചൂടാറും മുമ്പ് കണ്ട മറ്റൊരു 'ലേഖനം' ബ്ലോഗ്ഗനെ ഞെട്ടിച്ചു.

അതിങ്ങനെയാണ്.


ബാങ്കോക്കില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ A 380 വിമാനം, 27000 അടിമുകളില്‍ വെച്ച് എമര്‍ജന്‍സി  ഡോറിനകത്ത് കൂടി വായു അകത്തേക്ക് കടക്കുന്നു, യാത്രക്കാരും ജീവനക്കാരും പേടിച്ച് നിലവിളിക്കുന്നു, നമ്മള്‍ മരിക്കാന്‍ പോകുന്നു എന്ന്‍ എയര്‍ഹോസ്റ്റസ് പൈലറ്റിനോട് പറയുന്നു, പൈലറ്റ് പക്ഷേ അടിയന്തിരമായി വിമാനം നിലത്തിറക്കുന്നതിന് പകരം തലയിണയും കമ്പിളിപ്പുതപ്പും കൊണ്ട് ഓട്ടയടക്കാന്‍ നിര്‍ദ്ദേശിക്കുന്നു.  ഏതായാലും യാത്രക്കാരുടെ ഭാഗ്യം കൊണ്ട് 'തലനാരിഴ'ക്ക്  രക്ഷപ്പെട്ടു.  വിമാനത്തില്‍ ഉണ്ടായിരുന്ന ഡേവിഡ് റൈഡ് എന്ന യാത്രക്കാരനാണ് 'വിവരം' പുറത്തറിയിച്ചത്. ഇങ്ങേര്‍ ഒരു പൈലറ്റുകൂടിയാണെന്നും വാര്‍ത്തയില്‍ പറയുന്നു.

മറുനാടന്‍റെ വകയില്‍ ഒരു  അമ്മാവന്‍റെ  അനന്തരവന്‍ ആയിട്ട് വരാന്‍ സാധ്യതയുള്ള യൂറോപ്പിയന്‍ മലയാളി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കാണൂ.യൂറോപ്പിയന്‍ മലയാളിയുടെ ഭാവന വിടര്‍ന്നപ്പോള്‍ വിമാനത്തിന്‍റെ വാതില്‍ തുറന്നു പോയി...യാത്രക്കാര്‍ ആര്‍ത്തു വിളിച്ചു. ഭീകരാക്രമണം ആണോ എന്ന്‍ സംശയിച്ചു.!!!

ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരേയൊരു യാത്രക്കാരന്‍ മാത്രമേ പരാതി പറഞ്ഞുള്ളൂ.!!!, അതും സംഭവം നടന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം!!  ഫ്ലൈറ്റില്‍ ഉള്ള മറ്റ് യാത്രക്കാര്‍ ജീവന് വേണ്ടി നിലവിളിച്ചെങ്കിലും പുറത്തിറങ്ങിയ ശേഷം ആരോടും ഒന്നും പറഞ്ഞില്ല  !!!
സോഷ്യല്‍ മീഡിയ ഇങ്ങനെ സജീവമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നാളെ രാവിലെ ഫേസ് ബുക്കില്‍ ഒരു നൂറു ലൈക്ക് കിട്ടുന്ന എന്ത് നമ്പറിടും , എന്ന്‍ ചിന്തിച്ച് ഉറങ്ങാന്‍ കിടക്കുന്ന ചെറുപ്പക്കാരാണ് ലോകം മുഴുവനും. എന്നിട്ടും ഒരാഴ്ച മുമ്പ്, ഫെബ്രവരി 11 നു നടന്ന സംഭവം പുറത്തുവന്നത് ഇന്നലെയാണ്!!
2010 ല്‍ എമിറേറ്റ്സ് എയര്‍ എയര്‍ ഗട്ടറില്‍ കുടുങ്ങി 200(1000?)  മീറ്റര്‍ താഴ്ത്തിയപ്പോള്‍ ഉണ്ടായ കശപിശ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ഫ്ലൈറ്റ് താഴെ ഇറങ്ങുന്നതിന് മുമ്പ് ബ്രേക്കിങ് ന്യൂസ് ചാനലുകളില്‍ വന്നു തുടങ്ങിയിരുന്നു.

ചേരുംപടി ചേരാത്ത കുറെ വരികളുള്ള   ഇങ്ങനെ ഒരു വാര്‍ത്ത കിട്ടിയാല്‍ അതിന്‍റെ നിജസ്ഥിതി അറിയാന്‍ ഒന്നു ശ്രമിക്കേണ്ടത് സാമാന്യ മര്യാദയല്ലേ?
എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്ന്‍ സ്വാഭാവികമായും അന്വേഷിക്കേണ്ടതല്ലേ? ഈ വാര്‍ത്ത റിപ്പോര്‍ട് ചെയ്ത ബ്രിട്ടനിലെ ഡെയ്ലി മെയില്‍ പത്രം അത് ചെയ്തു.
അവര്‍ വാര്‍ത്ത  ക്കൊടുവില്‍ എയര്‍ബസ്സും എമിറേറ്റ്സും എന്തു പറയുന്നു എന്ന്‍ വിശദീകരിക്കുന്നു.  

An Airbus spokesman said: ‘It is not possible for a cabin door to open on an A380 or on any aircraft whilst in flight, as doors open inwards and have locking mechanisms.’ 

An Emirates spokesman later updated the company's statement responding to Mr Reid's claims, saying : 'At no time during the flight did one of the upper deck doors open. There was also no loss in cabin pressurisation at any time during the flight.
'The noise from the door was caused by a small dimensional difference between the inflated door seal and the door lower frame striker plate, when the door is in the closed position. 
'This is currently under investigation in conjunction with Airbus. Emirates have now fixed the problem.
'The blankets were placed around the door to abate the whistling sound emanating from the door, not to prevent the door from opening.
'There was no point during the incident where the safety of the flight was in jeopardy.
'In addition, the green light next to the door does not represent that the door is open. It is an Attendant Indication Panel and is used for communication information for the Cabin Crew.'

ഡെയ്ലി മെയിലില്‍ നിന്ന് അടിച്ചുമാറ്റിയതാവാന്‍ ഇടയുള്ള  വാര്‍ത്തയുടെ ഈ ഭാഗം മറുനാടന്‍ മുക്കി. ഉള്ളത് പറഞ്ഞാല്‍ പിന്നെ വര്‍ത്തയില്‍ എന്ത് കൌതുകം!

വിമാനത്തില്‍ ഉണ്ടായ ഒരു ചെറിയ സംഭവത്തെ ഒരു യാത്രക്കാരന്‍ ഇത്രവലിയ പരാതിയായി പറഞ്ഞത് എന്തുകൊണ്ടായിരിക്കും? 

പരാതി പറഞ്ഞ യാത്രക്കാരന്‍ ഒരു പൈലറ്റും കൂടിയാണ് എന്ന വസ്തുത ഉത്തരം എളുപ്പമാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എമിറേറ്റ്സ് എയര്‍ലൈന്‍സിനെതിരെ യൂറോപ്പില്‍ വ്യാപകമായ നീക്കങ്ങള്‍  നടക്കുന്നുണ്ട്. എമിറേറ്റ്സിന്‍റെ സര്‍വീസുകള്‍ യൂറോപ്പിലെ പല എയര്‍ ലൈനുകള്‍ക്കും പാരയാകുന്നുണ്ട്, താരതമ്യേന കുറഞ്ഞ ചിലവില്‍ നല്ല സര്‍വീസ് നല്‍കുന്ന എമിറേറ്റ്സിന് പണി കൊടുക്കാന്‍ ഔദ്യോഗികവും അനൌദ്യോഗീകവുമായ ഇടപെടലുകള്‍ നിരവധി തവണ നടന്നിട്ടുണ്ട്. പത്രം വായിക്കുന്ന ആര്‍ക്കും അത് ഓര്‍ത്തെടുക്കാവുന്നതേയുള്ളൂ.     

ഒരാഴ്ച മുമ്പ് നടന്ന സംഭവം ഒരു 'പണി' കൊടുക്കാന്‍ പറ്റിയ മുതലാണെന്ന റേഡിന് ആരോ ബുദ്ധി ഉപദേശിച്ചതാവനാണ്  സാധ്യത.  
അതിശയോക്തി കലര്‍ന്ന ഇത്തരം ഒരു വാര്‍ത്ത കയ്യില്‍ കിട്ടിയാല്‍ അതിന്‍റെ പിന്നാമ്പുറം  ചെറുതായൊന്ന് പരിശോധിക്കുകയും, വാര്‍ത്തയില്‍ ആരോപിക്കപ്പെടുന്നവര്‍ക്ക്' അവരുടെ ഭാഗം പറയാന്‍ അവസരം കൊടുക്കുകയും ചെയ്യുകയാണ് മാന്യമായ  രീതി, വാര്‍ത്ത പടച്ചുണ്ടാക്കുന്നതും, മറ്റുള്ളവര്‍ പടച്ചുണ്ടാക്കുന്ന വാര്‍ത്ത അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. 
(മനോരമ തുടങ്ങിവെക്കുന്നു,  അടുത്ത ദിവസം മംഗളവും കൌമുദിയും മനോരമയെ കടത്തിവെട്ടുന്നു എന്ന 'നാട്ടുനടപ്പ്')   

അപ്പോള്‍ വിമാനത്തില്‍ ഒന്നും സംഭവിച്ചില്ലേ?
സംഭവിച്ചു. അത് എയര്‍ലൈന്‍സ് കമ്പനി തന്നെ പറയുന്നുണ്ട്,  അതിനെ പര്‍വ്വതീകരിച്ച്  എമിറേറ്റ്സ് വിരോധിയായ ഒരു പൈലറ്റ്  'പൊളിഞ്ഞു വീഴാറായ വിമാനവും കൊണ്ട് സര്‍വ്വീസ് നടത്തുന്ന, യാത്രക്കാരുടെ സുരക്ഷയില്‍ ഒരു ജാഗ്രതയും ഇല്ലാത്ത  ഒരു പരട്ട കമ്പനിയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് എന്ന് വിളിച്ച് പറഞ്ഞപ്പോള്‍,  അത് തൊണ്ടതൊടാതെ വിഴുങ്ങുകയും എമിറേറ്റ്സിന്‍റെ വാര്‍ത്താക്കുറിപ്പ് കണ്ടില്ലെന്ന്‍ നടിക്കുകയും ചെയ്തത് 'കഥകള്‍ മെനയുന്നവര്‍ക്കെതിരെ വാളോങ്ങുന്നവരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത 'അബദ്ധമാണ്' എന്നാണ് പറഞ്ഞത്. 
( ഈ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം  പുന പ്രസിദ്ധീകരിക്കുകയും മലയാളത്തിലെ പ്രമുഖ ബ്ലോഗ് എഴുത്തുകാരനാണ്  ലേഖകന്‍ എന്ന്‍ വിശേഷിപ്പിക്കുകയും ചെയ്ത മറുനാടനോട് ഈ ചതി ...... എന്‍റെ ദൈവമേ എന്നെക്കൊണ്ട് തന്നെ ഇതൊക്കെ ചെയ്യിക്കണോ?)

        

6 comments:

 1. ഒരാഴ്ച മുമ്പ് നടന്ന സംഭവം ഒരു 'പണി' കൊടുക്കാന്‍ പറ്റിയ മുതലാണെന്ന റേഡിന് ആരോ ബുദ്ധി ഉപദേശിച്ചതാവനാണ് സാധ്യത.
  അതിശയോക്തി കലര്‍ന്ന ഇത്തരം ഒരു വാര്‍ത്ത കയ്യില്‍ കിട്ടിയാല്‍ അതിന്‍റെ പിന്നാമ്പുറം ചെറുതായൊന്ന് പരിശോധിക്കുകയും, വാര്‍ത്തയില്‍ ആരോപിക്കപ്പെടുന്നവര്‍ക്ക്' അവരുടെ ഭാഗം പറയാന്‍ അവസരം കൊടുക്കുകയും ചെയ്യുകയാണ് മാന്യമായ രീതി, വാര്‍ത്ത പടച്ചുണ്ടാക്കുന്നതും, മറ്റുള്ളവര്‍ പടച്ചുണ്ടാക്കുന്ന വാര്‍ത്ത അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല.
  (മനോരമ തുടങ്ങിവെക്കുന്നു, അടുത്ത ദിവസം മംഗളവും കൌമുദിയും മനോരമയെ കടത്തിവെട്ടുന്നു എന്ന 'നാട്ടുനടപ്പ്')

  ReplyDelete
 2. വാര്‍ത്തകളുണ്ടാകുന്നത്........

  ReplyDelete
 3. താങ്കളുടെ വിമര്‍ശനം ഗൌരവമായി തന്നെ എടുക്കുന്നു. ഒരു ടസനില്‍ അധികം പേരാണ് ഇതിനു വേണ്ടി വര്‍ക്ക്‌ ചെയ്യുന്നത്. ചിലപ്പോള്‍ ഇത്തരം പിശകുകള്‍ വരാം. തുറന്നു പോയി എന്നല്ല, വിള്ളല്‍ കണ്ടു എന്ന് തന്നെയാണ് എഴുതേണ്ടി ഇരുന്നത്. ആ വാര്‍ത്ത‍ ഒന്ന് കൂടി വായിച്ചാലെ എന്തെങ്കിലും വിശദീകരണം നല്കാന്‍ പറ്റൂ. എന്തായാലും ക്രിയല്മകമായ വിമര്‍ശനത്തിനു നന്ദി.

  ReplyDelete
  Replies
  1. ഞാന്‍ മരുനടന്റെ എഡിറ്റര്‍ ആണ് എന്ന് വ്യക്തമാക്കട്ടെ.

   Delete
 4. നന്നായിട്ടുണ്ട്.

  ReplyDelete
 5. ഇതാണ് എട്ടിന്‍റെ പണി. ബ്ലോഗന് അഭിനന്ദനങ്ങള്‍ വിമര്‍ശനത്തെ പോസിറ്റീവ് ആയി സമീപിച്ച ഷാജന്‍ സ്കറിയ ക്കും അഭിനന്ദനം. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അതേ സമയം ക്രിയാത്മകത നിലനിര്‍ത്തുകയും ചെയ്യുന്ന ബ്ലോഗന്‍റെ ശൈലി ഇഷ്ടമായി.

  ReplyDelete