Tuesday, 31 December 2013

പിണറായി സഖാവേ, നടുക്കടലിലും നക്കിക്കുടിക്കണോ ?

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍ , സംഗതി നായയെപ്പറഞ്ഞിട്ടു കാര്യമില്ല, ഗ്ലാസില്‍ ഒഴിച്ച് കുടിക്കാനോ സ്ട്രോവെച്ച് വലിച്ചു കുടിക്കാനോ അതിനു കഴിയില്ലല്ലോ? പക്ഷേ പിണറായി വിജയന്‍റെ കാര്യം അങ്ങനെയാണോ, അടുത്ത കേരള മുഖ്യമന്ത്രി എന്ന് ജനം ഏറെക്കുറെ വിധി എഴുതി വെച്ചിരിക്കുന്ന കഥാപാത്രമാണ്, ചലചിത്ര-മീഡിയ രംഗത്തുള്ള പലരും അതുറക്കെ പറഞ്ഞു കഴിഞ്ഞു. അഞ്ചു കൊല്ലം വലതുപക്ഷം വെറുപ്പിച്ചാല്‍ അടുത്ത അഞ്ചു വര്ഷം ഇടതുപക്ഷത്തിന് വെറുപ്പിക്കാന്‍ അവസരം കൊടുക്കുന്ന മലയാളിയുടെ പതിവ് രീതി അനുസരിച്ച് അടുത്ത ഭരണം ഇടതിനാണ്, ലാവ്ലിന്‍ പ്രേതത്തെ ഏതോ ഒരു 'ശുംഭന്‍' തല്‍ക്കാലത്തേക്ക് എങ്കിലും ആല്‍ മരത്തില്‍ തറച്ചതിനാല്‍ മുഖ്യമന്ത്രി പദം പാര്‍ട്ടിയുടെ 'മുഖ്യതന്ത്രിക്ക്' തന്നെ ലഭിക്കും,  എതിരുപറയാനോ ഒന്നു കണ്ണുരുട്ടാനോ പോലും ഒരു 'വെളിച്ചപ്പാടും' മുന്നോട്ട് വരാത്ത വിധം അനുകൂല സാഹചര്യമാണ്, അതായത് ഒരിടത്തിരുന്നു ഗ്ലാസില്‍ ഒഴിച്ചോ സ്ട്രോ വെച്ചോ ആസ്വദിച്ച് കുടിക്കാനുള്ള സാഹചര്യമാണ് മുമ്പില്‍ ഉള്ളത്. പക്ഷേ നക്കിയേ കുടിക്കൂ എന്ന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യും?


വലതു പക്ഷ മാധ്യമങ്ങള്‍ക്ക് പറഞ്ഞാല്‍ തീരാത്ത കുറ്റവും കുറവും ഉണ്ടാകും പിണറായി വിജയനെക്കുറിച്ച്, ഇടതു പക്ഷ പാര്‍ട്ടിയെ വലത്തോട്ട് വലിച്ചടുപ്പിച്ച് ഇടതും വലതും തമ്മില്‍ വലിയ വ്യത്യാസമില്ലാതാക്കിയത് പിണറായി വിജയന്‍റെ കാലഘട്ടത്തില്‍ ആണെന്ന ബുദ്ധിജീവി പക്ഷ ആരോപണവും ശക്തമാണ്, പണത്തിനും, പാര്‍ക്കിനും, 'മുതലാളിത്ത' ജീവിതരീതിക്കും പുറകെ  പാര്‍ട്ടി നടത്തുന്ന ഹാഫ് മാരത്തോണ്‍ നയിക്കുന്നത് പിണറായി തന്നെയാണ്, ഒട്ടും നിസ്സാരമല്ലാത്ത ഈ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഈ കുറിപ്പുകാരന്‍ അടക്കമുള്ളവര്‍ പിണറായി വിജയനെ പിന്തുണച്ചിരുന്നു കാരണം ഒന്നേ ഉള്ളൂ... ജാതി-മത വര്‍ഗീയത തിമര്‍ത്താടുന്ന കേരളത്തില്‍ ആത്മീയ പുറംപൂച്ചുകാരോട് മുട്ടിനില്‍ക്കാന്‍ ത്രാണിയുള്ള ഒരു നേതാവെ ഉണ്ടായിരുന്നുള്ളൂ പിണറായി വിജയന്‍, 

'അരിവാള്‍ ' സുന്നി എന്നറിയപ്പെട്ട ഇടതുപക്ഷ സുന്നിയുടെ നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ 'മുടിയിടപാടുമായി വന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പിണറായിക്ക് വോട്ട് ബാങ്ക് തടസ്സമായില്ല, പെരുന്നയിലെ ജാതിക്കോമരം വല്ലാതെ ഉറഞ്ഞുതുള്ളിയപ്പോള്‍ മുഖമടച്ച് ഒന്ന് കൊടുത്തത് പിണറായി വിജയനാണ്, പള്ളിയും പട്ടക്കാരും വിചാരിക്കുന്ന പോലെ ഭരണം നടക്കാതെ വരുമ്പോള്‍ കളിയിലാകുന്ന പാതിരിയെ നോക്കി 'നികൃഷ്ടജീവി' യെന്ന് വിളിക്കാനും പിണറായിക്കേ ധൈര്യം വന്നുള്ളൂ... അനുദിനം വര്‍ഗീയമായി വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, ഇരുട്ടിന്റെയും വെറുപ്പിന്റെയും ശക്തികള്‍ പകല്‍ വെളിച്ചത്തില്‍ പോലും ഉറഞ്ഞു തുള്ളുന്ന കേരളത്തില്‍ പിണറായിയുടെ നിലപാട് മറ്റെല്ലാ കുറവുകളെയും മറന്നു കൊണ്ട് സഖാവിനെ സല്യൂട്ട് ചെയ്യാന്‍ പ്രേരണ നല്‍കിയിരുന്നു, പക്ഷേ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് പിണറായി നിലപാട് മാറ്റുന്ന കാഴ്ചയാണ് ഏതാനും നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്. 

മനുഷ്യത്വമുള്ള ഏതൊരു 'മനുഷ്യനെയും' വേദനിപ്പിക്കുകയും ആശങ്കപ്പെടുത്തുകയുംചെയ്യുന്ന ചിലകാഴ്ചകള്‍ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നു, മനുഷ്യരെ തമ്മില്‍ അടിപ്പിക്കാന്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നു, അമ്പലക്കാളയെ കൊന്ന്‍ ക്ഷേത്ര വളപ്പില്‍ കൊണ്ടിട്ട ശേഷം 'വിശ്വാസികളെയും കൂട്ടി' പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച സംഭവം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്, തൊട്ടടുത്ത ദിവസം സംഘപരിവാറുകാരനായ രാജേഷ് എന്ന പ്രതി പിടിക്കപ്പെട്ടപ്പോള്‍ സഘപരിവാറിന്റെ പത്രത്തില്‍ മാത്രം പ്രതിയുടെ പേര് ജോസഫ് !!!
സമാന സംഭവങ്ങള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തില്‍ പലയിടങ്ങളിലായി നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നു,

സ്വന്തം രക്ത സാക്ഷി സ്തൂപം തകര്‍ത്ത് പ്രതിഷേധ പ്രകടനം നടത്തിയ ആര്‍ എസ് എസ്സുകാര്‍   സി സി ടി വി യില്‍ കുടുങ്ങിയ വാര്‍ത്ത വന്നത് കണ്ണൂരില്‍ നിന്നാണ്. ക്ഷേത്രങ്ങള്ക്കും ഹിന്ദു സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തി കുറ്റം മറ്റ് മതസ്തരില്‍ ആരോപിച്ച് 'ഹിന്ദു വോട്ടും പിന്തുണയും പെട്ടിയിലാക്കുന്ന ഈ വൃത്തികേട് ആര്‍ എസ് എസ്സ് തുടങ്ങിയിട്ട് കാലം കുറെയായി,  ഉത്തരേന്ത്യയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ എസ് എസ്സ് സ്ഥിരമായി ചെയ്യുന്ന ഏര്‍പ്പാടാണിത് എന്ന്‍ പല അന്വേഷണ കമ്മീഷനുകളും കണ്ടെത്തിയിട്ടുണ്ട്, കേരളത്തില്‍ മലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയില്‍ ഏതാണ്ട് ഇരുപതു വര്ഷം മുമ്പ് ശോഭായാത്രയ്ക്ക് നേരെ എറിയാന്‍ ബോംബ് ഉണ്ടാക്കുന്നതിനിടെ അപകടത്തില്‍ പെട്ട് ആര്‍ എസ് എസ്സുകാര്‍ക്ക് പരിക്കേറ്റ സംഭവം ഉണ്ടായിരുന്നു, അന്ന്‍ "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു - ഉമ്മന്‍ കോശി" എന്ന തലക്കെട്ടുമായി പത്രങ്ങള്‍ പുറത്തിറങ്ങി, ജില്ലാ പോലീസ് സൂപ്രണ്ട് ഉമ്മന്‍ കോശി പത്രസമ്മേളനം നടത്തി,  സ്വന്തം കുരുന്നുകളെ ബോംബെറിഞ്ഞു കൊന്ന്‍ അതിന്‍റെ ഉത്തരവാദിത്വം മറ്റ് മതസ്തരില്‍ കെട്ടി വെച്ചു കലാപം നടത്താനുള്ള ഗൂഡാലോചന യാണ് അന്ന് പോലീസ് പൊളിച്ചടുക്കിയത്..  സമാനമായ ശ്രമങ്ങള്‍ ഇന്ന് നടക്കുമ്പോള്‍ വര്‍ഗ്ഗീയ വാദികളുടെ മുഖം മൂടി വലിച്ചു കീറാന്‍ ആരുമില്ല.   മതേതര ഇടതുപക്ഷ നായകന്‍ പിണറായിയുടെ പോലും ശബ്ദം പുറത്തു വരുന്നില്ല, പകരം മോഡിയുടെ പേരിലുള്ള ആര്‍ എസ് എസ്സിന്‍റെ സമാന്തര സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനിക്കുന്നത്. 

പിണറായിയുടെയും പാര്‍ട്ടിയുടെയും ഉളിലിരുപ്പ്  വ്യക്തം, മുസ്ലിം കൃസ്ത്യന്‍ വോട്ട് ഏറെക്കുറെ ചോര്‍ന്ന് പോയിരിക്കുന്നു, മുസ്ലിംകളിലെ മുസ്ലിം ലീഗ് വിരുദ്ധര്‍ക്ക് വോട്ട് ചെയ്യാന്‍ പണ്ട് ഇടതുപക്ഷത്തിന്‍റെ പെട്ടി മാത്രമേഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ പെട്ടിയുടെ എണ്ണം കൂടി, കൂട്ടത്തില്‍ എസ് ഡി പി ഐ യുടെ പെട്ടി അല്‍പം സ്ട്രോങ് ആണെന്ന് പാര്‍ട്ടി കരുതുന്നു, ക്രിസ്ത്യന്‍ വോട്ടുകളില്‍ പണ്ടേ പാര്‍ട്ടിക്ക് അത്രപിടുത്തം പോര, കേരള കോണ്‍ഗ്രസ്സുകളുടെ ഔദാര്യത്തില്‍ കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ ഇനിയും പെട്ടിയില്‍ വരണമെങ്കില്‍ ജോസഫിനെയോ സാക്ഷാല്‍ മാണിയെയോ തന്നെ മറുകണ്ടം ചാടിക്കണം...മോഡി വേണോ രാഹുല്‍ വേണോ എന്ന കാര്യത്തില്‍ ശങ്കിച്ചു നില്‍ക്കുന്നവരെ പാട്ടിലാക്കുക  അല്‍പം ശ്രമകരമാണ്...അച്ചായന്‍ ചോദിക്കുന്നത് കൊടുക്കേണ്ടി വരും. പിന്നെ എളുപ്പ വഴി എന്താണ്? ഹിന്ദു വോട്ട് ഉറപ്പിക്കുക , ഹിന്ദുത്വത്തോട് വിരോധമില്ല എന്നൊരു സന്ദേശം വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ച് കൊടുക്കാനാണ് പാര്‍ട്ടി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതും, വേണ്ടിടത്ത് വായ മൂടിക്കെട്ടുന്നതും. നാളെ പിണറായി മുഖ്യമന്ത്രിയായാൽ 'ഹിന്ദുത്വർക്ക്' അത് സ്വന്തം ഭരണമായി ഫീൽ ചെയ്യും എന്നൊരു സന്ദേശമല്ലേ സഖാവ് കൊടുക്കുന്നത്?   

നടുക്കടലില്‍ നക്കിക്കുടിക്കാന്‍ ശ്രമിക്കുന്ന പിണറായിക്കും പാര്‍ട്ടിക്കും ഇനിയും മനസ്സിലാവാത്ത ചിലതുണ്ട്, ലവ് ജിഹാദും അഞ്ചാം മന്ത്രിയും ഉള്‍പ്പടെ സകല വിഷക്കോലുകളും ഇട്ട് ഇളക്കിയിട്ടും ഇളകാത്ത മനുഷ്യരുടെ എണ്ണം പാര്‍ട്ടി കണക്കുകൂട്ടുന്നതിനെക്കാള്‍ കൂടുതലാണ് , വര്‍ഗ്ഗീയതയോട് ഓരം ചേര്‍ന്ന് നില്‍ക്കുന്നവന് വോട്ട് ചെയ്യാന്‍ മാത്രം ഇനിയും കേരളത്തിലെ മഹാഭൂരിപക്ഷവും അധപ്പതിച്ചിട്ടില്ല.  ജാതിയും മതവും അംഗീകരിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുമ്പോള്‍ തന്നെ വെറുപ്പിന്‍റെ വിഷം ബാധിക്കാത്ത പച്ച മനുഷ്യര്‍ ഇനിയും ഒരുപാടുണ്ട് ഇവിടെ. പാര്‍ട്ടിക്കാരന്റെയും മതക്കാരന്റെയും ജാതിക്കോമരങ്ങളുടെയും തീട്ടൂരങ്ങള്‍ അവരവരുടെ നേട്ടത്തിന് മാത്രമുള്ളതാണ് എന്ന്‍ തിരിച്ചറിയുന്ന ഒരു തലമുറയെ തിരിച്ചറിയാന്‍ കഴിയാതെ പോയാല്‍ സഖാവേ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്,  ചൂലുകളും അടിച്ചു തളിക്കാരും നാട്ടില്‍ സുലഭമാണ്, അവര്‍ ദിനം പ്രതി പെരുകി വരികയാണ്. ഒരു ജനതയുടെ അഭിമാനവും സ്വൈര്യ ജീവിതവും കൊത്തിപ്പറിക്കുന്ന കഴുകന്മാരോട് രാജിയായി ഭരിച്ചു കളയാം എന്ന മോഹം പണ്ട് ഇമ്മിണി ബല്യ സഖാവ് പറഞ്ഞപോലെ ചരിത്രപരമായ മണ്ടത്തരമായി അവശേഷിക്കും. തീര്‍ച്ച  

വാല്‍കഷ്ണം:- എന്താ സേര്‍ പിണറായിയോട് മാത്രം ഇത്രകലിപ്പ് ? മറ്റ് രാഷ്ട്രീയക്കാരോടും ഇതേ ചോദ്യം ചോദിക്കണ്ടേ? 
"ആരോട് ചോദിക്കും, ചെന്നിത്തലയോടോ? ഉമ്മഞ്ചാണ്ടിയോടോ ? കുഞ്ഞാപ്പയോടോ? മാണിയോടോ? മുന്തിയ ചരക്കുകളല്ലെ"      

Related Posts

പിണറായി സഖാവിന് ഒരു റെഡ് സല്യൂട്ട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കണ്ടേ
സി പി എം കൊണ്ടറിയുന്നു

                                              

2 comments:

  1. വളരെ നല്ല ഒരു പോസ്റ്റ്‌.. വായിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  2. ഹഹഹ.... കണ്ണൂരിൽ സന്ഗികൾ കൂട്ടത്തോടെ സി പി എമ്മിലേക്ക്.ഒരേ ലക്ഷ്യത്തിനു എന്തിനാ രണ്ടു കോടികൾ എന്ന് കരുതുന്നുണ്ടാവും

    ReplyDelete