Monday, 15 December 2014

കെ ബി ഗണേഷ് കുമാര്‍ സദാചാര കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമ്പോള്‍...

കെ ബി ഗണേഷ് കുമാറിനെ അറിയാത്തവര്‍ ആരും ഉണ്ടാവില്ല, സുപ്രസിദ്ധിയും കുപ്രസിദ്ധിയുമായി 'പ്രസിദ്ധി' വേണ്ടുവോളമുള്ള സിനിമാ-രാഷ്ട്രീയ നായകനാണ് ഗണേഷ്. ഇന്നലെ മുതല്‍  ഗണേഷ് കുമാറിന് മറ്റൊരു അംഗീകാരം ഗണേഷിനെ തേടിയെത്തി. സദാചാര കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. ഏഷ്യാനെറ്റ് ടി വി യിലെ നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാമ്മില്‍ വെച്ചാണ് ഗണേശന്‍ ഈ അംഗീകാരം നേടിയെടുത്തത്. ചുംബന സമരവുമായി ബന്ധപ്പെട്ട് നടത്തിയ ആ ചര്‍ച്ചയില്‍ ഗണേഷ് നടത്തിയ മഹത്തായ ഒരിടപെടല്‍ സോഷ്യല്‍ മീഡിയ കൊണ്ടാടുകയാണ്.

Thursday, 11 December 2014

ഞാന്‍ ചുംബന സമരത്തെ അനുകൂലിക്കുന്നു, കാരണം....

കേരളം അരക്കെട്ടില്‍ നിന്ന് ചുണ്ടുകളിലേക്ക് 'ഉയര്‍ന്നിട്ടുണ്ട്', സരിതാ  നായരും ശാലിനി മേനോനും ബിന്ദ്യ തോമസും സാമൂഹ്യ രാഷ്ട്രീയ ചര്‍ച്ചകള്‍ 'നിയന്ത്രിച്ചിരുന്ന' ഇന്നലെകളില്‍ നിന്ന് ചുംബന സമരക്കാരുടെ ചുണ്ടുകളിലേക്ക് ചര്‍ച്ചകള്‍ പടര്‍ന്ന് കയറുമ്പോള്‍ 'ആഭാസം' അല്‍പം കുറഞ്ഞിട്ടില്ലേ...? ഏതായാലും ചുബന സമരത്തില്‍ നിങ്ങള്‍ ഏത് പക്ഷത്ത് എന്ന ചോദ്യം പിണറായി പോലും നേരിടേണ്ടി വരുന്നു, അപ്പുറത്തോ ഇപ്പുറത്തോ എന്ന് പലര്‍ക്കും വലിയ പിടിയില്ല. ചുംബനത്തെ അനുകൂലിക്കണം എന്നുണ്ട് സദാചാരം പിടിവിടാനും പാടില്ല, ഡി വൈ എഫ് ഐ ഉള്‍പ്പടെയുള്ള യുവജന സംഘടനകളില്‍ വരെയുണ്ട് ഈ അങ്കലാപ്പ്. ബ്ലോഗനോടും പലരും ചോദിക്കുന്നു എന്താണ് ചുംബന സമരത്തോടുള്ള താങ്കളുടെ നിലപാട്? ഉത്തരം : ഞാന്‍ ആ സമരത്തെ അനുകൂലിക്കുന്നു, നൂറു വട്ടം.

Thursday, 27 November 2014

പീഡനത്തിന്റെ രാഷ്ട്രീയവും ചില 'മറുനാടന്‍' ചാണകപ്പുഴുക്കളും.

പീഡനക്കേസുകളോട് മലയാളികള്‍ക്ക് വല്ലാത്തൊരു 'ഇത്' ഉണ്ട്. അരയ്ക്ക് താഴോട്ടുള്ള വിഷയങ്ങളോട് പൊതുവേയുള്ള താല്‍പര്യത്തിന്‌ പുറമേയുള്ള ആ 'ഇത്' ഉണ്ടാക്കുന്നത് പീഡനക്കേസിന്റെ ശത്രു സംഹാര സാധ്യതകളാണ്, എത്രപണവും സ്വാധീനവും ഉണ്ടെങ്കിലും പീഡന ക്കേസില്‍ ഉള്‍പ്പെട്ടു പോയാല്‍ ആ സല്‍പേര് കാലാകാലവും നിലനില്‍ക്കും, ഒരു നിലക്കും ഒതുക്കാനാവാത്ത ശത്രുവിനെ പെണ്ണൊരുംബെട്ടാല്‍ വലിച്ചു കീറിക്കളയാം. കാലിക്കറ്റ്  യുനിവേര്‍സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഈയിടെ പെണ്ണുങ്ങള്‍  തനിച്ച് തന്‍റെ ഓഫിസില്‍ വരുന്നത് നിരോധിച്ചിരുന്നു, വൈസ് ചാന്‍സലറെ തുരത്താനുള്ള എല്ലാ കുരുട്ടുബുദ്ധിയും പരാജയപ്പെട്ടു നില്‍ക്കുന്ന കാലമാണ് ഒരു വനിതാ സഖാവ് വിചാരിച്ചാല്‍ ഇമവെട്ടുന്ന നേരം മതി യുനിവേര്‍സിറ്റി യുടെ ചാന്‍സലര്‍ പീഡനത്തിന്റെ ചാന്‍സിലര്‍ ആയി മാറാന്‍...!

Wednesday, 19 November 2014

ബാലീകാ പീഡനം, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടാന്‍ കാട്ടുമാക്കാന്‍മാര്‍.

നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കേരളം കേട്ടത് ഞെട്ടലോടെയല്ല, വേദനയോടെയാണ്. ഇത്തരം വാര്‍ത്തകള്‍ കേട്ടു കേട്ട് ഞെട്ടലൊക്കെ എന്നോ വിട്ടുപോയിരിക്കുന്നു, പീഡനം നടന്ന വാര്‍ത്തക്ക് പിന്നാലെ സ്കൂളിലെ ബസ് ക്ലീനറെ പ്രതിയാക്കി യഥാര്‍ത്ത പ്രതികളെ രക്ഷിക്കാന്‍ സ്കൂള്‍ മാനെജ്മെന്റ് ശ്രമം നടത്തുന്നതായി ആരോപിച്ചു കൊണ്ട് നടന്ന ജനകീയ പ്രക്ഷോഭമാണ് ഈ പീഡന വാര്‍ത്തയെ കൂടുതല്‍ 'കുപ്രസിദ്ധമാക്കിയത്' ,പിന്നീട് ഈ സ്ഥാപന സമുച്ചയത്തില്‍ മത പഠനം നടത്തുന്ന രണ്ടു വിദ്യാര്‍ഥികളെ പോലിസ് പിടിച്ചു കൊണ്ട് പോയി, പോലിസ് പിടിച്ചവര്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടു കൊണ്ട് സ്ഥാപനത്തിന്‍റെ തലവനും കാന്തപുരം ഗ്രൂപ്പ് സുന്നിയുടെ പ്രമുഖ നേതാവുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫി പത്രസമ്മേളനം നടത്തിയതോടെ സോഷ്യല്‍ മീഡിയയില്‍  പേരോടിനെതിരെയുള്ള പൊങ്കാല ശക്തി പ്രാപിച്ചിരിക്കുന്നു, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്ന കാട്ടുമാക്കാന്മാരെ പരിചയപ്പെടുന്നതിന് മുമ്പ് പാഠം ഒന്ന് 'ബാലീക പീഡനം'.

Thursday, 23 October 2014

നെഹ്രു മുതല്‍ രാഹുല്‍ വരെ... ഉന്നം തെറ്റിയ വെടിയുണ്ടകള്‍ നെഹ്രു-ഗാന്ധി കുടുംബത്തെ വേട്ടയാടുന്നത് എന്തു കൊണ്ട്?

ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ സംഘപരിവാര്‍ 'ആക്രമണം' ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്, ഇന്ദിരയുടെയും രാജീവിന്‍റെയും പേരില്‍ രാജ്യത്തുള്ള സര്‍ക്കാര്‍ നിയന്ത്രിത സേവന പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു, അവരുടെ ജന്മദിനങ്ങളെ ഭരണകൂടം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു, ആ കുടുംബത്തിലെ ഇളം തലമുറക്കാരനെതിരെ  ബി ജെ പി നേതാക്കള്‍ ഒന്നു വീതം മൂന്ന് നേരം അധിക്ഷേപം ചൊരിയുന്നു, വിദേശി എന്നാക്ഷേപിക്കുന്നു, കുടുംബാധിപത്യം ഇന്ത്യയുടെ ശാപമാണെന്ന് മുറവിളികൂട്ടുന്നു, നെഹ്രു കുടുംബത്തെ മാറ്റിനിര്‍ത്തിയാല്‍ അല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല എന്ന്‍ ഓരിയിടുന്നു,  സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും അധിക്ഷേപങ്ങളുടെ അലയൊലി കോണ്‍ ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ നിന്ന്‍ തന്നെ മുഴങ്ങുന്നുണ്ട്, എല്ലാ പരാജയങ്ങള്‍ക്കും കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ന്യൂജനറേഷന്‍ നേതാക്കള്‍ പോലും അടക്കം പറയുന്നു... ,   സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഉടനീളം നെഹ്രു-ഗാന്ധി കുടുംബത്തിനെതിരെ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളും നടന്നതായി കാണാന്‍ കഴിയും, എന്തു കൊണ്ടാണിത്?

Tuesday, 21 October 2014

മറുനാടന്‍ മലയാളി നന്നാകുമോ....? റൈറ്റ് തിങ്കേഴ്സിന് പോലും പ്രതീക്ഷയോ... ?

എഫ് ബി യിലെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പില്‍  ashkar lessirey  ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇട്ട സ്റ്റാറ്റസ് ഒന്നു പിടിച്ചു നിര്‍ത്തുന്നതാണ്. മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്കറിയയുടെ  , മറുനാടനെ ഒന്നു സീരിയസ്സ് ആക്കാന്‍ ശ്രമിക്കുന്നു.......  എന്ന  സ്റ്റാറ്റ്സ് അഷ്കര്‍ തികച്ചും പോസിറ്റീവ് ആയി ചര്‍ച്ചക്കിടുകയാണ് ചെയ്തിരിക്കുന്നത്. ഷാജനും അഷ്കറും തമ്മിലുള്ള കെമിസ്ട്രി വായനക്കാര്‍ക്ക് അറിയാമായിരിക്കുമല്ലോ,  മറുനാടന്‍ മലയാളിയെ വിമര്‍ശിക്കാന്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങിക്കളഞ്ഞ കക്ഷികളുടെ 'നേതാവാണ്' അഷ്കര്‍. നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ മറുനാടനെ തുണി ഉരിഞ്ഞു നിര്‍ത്തിയ അഷ്കറിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഈ യിടെ മറുനാടനില്‍ പ്രസിദ്ധീകരിച്ച തന്‍റെ ആത്മകഥയില്‍ ചില അധ്യായങ്ങള്‍ തന്നെ ഷാജന്‍ മാറ്റിവെച്ചു കളഞ്ഞു അഷ്കറിന് പണികൊടുക്കാന്‍, ആ അഷ്കറാണ് മറുനാടന്‍ സീരിയസ്സ് ആവാന്‍ പോകുന്നു എന്ന ഒരു വാക്ക് കേട്ടതോടെ ശുഭാപ്തി വിശ്വാസിയായി മാറുന്നത്...
എന്തായിരിക്കും ഇതിന്‍റെ ഗുട്ടന്‍സ്?

Tuesday, 16 September 2014

ഇരവാദത്തിന്‍റെ ഇരകളോടു എന്ത് പറയാനുണ്ട് ? ..... റൈറ്റ് തിങ്കെഴ്സ്...... - 3

ഇന്ത്യ കയ്യടക്കാനുള്ള വന്‍കിട കുത്തക കമ്പനികളുടെ ഗൂഡ പദ്ധതിയുടെ ഇരകളായി എന്നും 'പരിഗണിക്കപ്പെട്ടത്‌ ' മുസ്ലിംകളാണ്‌. യഥാര്‍ത്ഥത്തില്‍ മുസ്ലിംകളെക്കാള്‍ വലിയ ഇരകള്‍ രാജ്യത്തെ ഹിന്ദുക്കളായിരുന്നു, 'താഴ്ന്ന' ജാതി ഹിന്ദുക്കള്‍.  ഹിന്ദുത്വത്തെ വിലക്കെടുത്ത് കോര്‍പറേറ്റുകള്‍  നടത്തിയ നൂറുകണക്കിന് കലാപങ്ങളില്‍ കൊന്നും കൊലവിളിച്ചും മുന്നില്‍ നിന്നതും 'ഹിന്ദു' പക്ഷത്ത് നിന്ന് മരിച്ചു വീണതും, വോട്ടുകുത്തിയതും  സാധാരണക്കാരായ ഹിന്ദുക്കളാണ്. കോര്‍പറേറ്റുകളുടെ കൊട്ടേഷന്‍ ഏറ്റെടുത്ത സവര്‍ണ്ണ ഹിന്ദുത്വ വാദികളില്‍ ഒരാളും തെരുവില്‍ മരിച്ചു വീണിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ടിട്ടില്ല. ഇരു സമുദായങ്ങള്‍ക്കിടയില്‍  പരസ്പര വിദ്വേഷം വളര്‍ത്താന്‍ നിരന്തരമായി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ വിശ്വസിച്ചു ബലിയാടാവരുതെന്ന് ഉപദേശിക്കാന്‍  ആരുമുണ്ടായിട്ടില്ല. പകയും വിദ്വേഷവും ഹിന്ദു യുവാക്കളില്‍ കുത്തിവെച്ചു കൊണ്ടിരിക്കുന്ന 'കാപാലികരെ തുറന്നു കാണിക്കാന്‍ പോലും ആരും മെനക്കെട്ടിട്ടില്ല. അവര്‍ കൊന്നലെന്ത്? ചത്താലെന്ത്?

Monday, 15 September 2014

മോഡിയുടെ ഭരണം അഥവാ ഇന്ത്യയുടെ പതനം

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഇന്ത്യയില്‍ പയറ്റിയത് വെള്ളക്കാരാണ്, അതിന് മുമ്പ് ഹിന്ദുക്കളും മുസ്ലിംകളുമായ രാജാക്കന്മാര്‍ മാറി മാറി നൂറ്റാണ്ടുകളോളം ഈ രാജ്യത്തെ ഭരിച്ചെങ്കിലും പ്രജകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല, അത് തുടങ്ങി വെച്ചത് സായിപ്പിന്‍റെ കുബുദ്ധിയാണ്, മതവും ജാതിയും ഭാഷയുമൊക്കെ ഇന്ത്യക്കാര്‍ക്ക് പരസ്പരം തല്ല് കൂടാനുള്ള മുന്തിയ ഉപാദികളാണ് എന്നു കണ്ടെത്തിയ ബ്രിട്ടീഷുകാര്‍ സകല സ്വത്വ ചിന്നങ്ങളെയും പ്രകോപിപ്പിച്ച് രണ്ടു നൂറ്റാണ്ടിലേറെയാണ് ഇന്ത്യ ഭരിച്ചത്. ബ്രിട്ടീഷുകാര്‍ പോയതോടെ വിഭജന രാഷ്ട്രീയം പയറ്റാന്‍ ഇറങ്ങിയത് ബ്രിട്ടുഷുകാരുടെ തന്നെ തണലില്‍ വളര്‍ന്ന ആര്‍ എസ് എസ് ആണ്. "ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനുള്ളതല്ല ഹിന്ദുവിന്‍റെ ഊര്‍ജ്ജം, ബ്രിട്ടീഷുകാര്‍ നമ്മുടെ സുഹൃത്തുക്കളാണ്, രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചും , ഇന്ത്യയെ വിഭജിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയും എന്തിനേറെ രാഷ്ട്രപിതാവിനെ കൊന്നു കൊലവിളിച്ചിട്ടുപോലും രാജ്യത്തിന്‍റെ ആത്മാവിനെ തൊടാന്‍ കഴിയാതെ തീണ്ടാപ്പാടകലെ നില്‍ക്കേണ്ടി വന്നു ആര്‍ എസ് എസിന്.!!  നിരന്തരമായി വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിട്ടിട്ടും  വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ശരീരങ്ങളെയല്ലാതെ മനസ്സുകളെ കീറിമുറിക്കാന്‍ ആര്‍ എസ് എസ്സിന് സാധിച്ചില്ല. അത് സാധിച്ചെടുത്തത് വേറൊരു കൂട്ടരാണ്, കറുത്ത സായിപ്പന്മാര്‍!

റൈറ്റ് തിങ്കേര്‍സ്; സോഷ്യല്‍ മീഡിയയുടെ നേര്‍ചിത്രവും നുറുങ്ങുവെട്ടവും

സോഷ്യല്‍ മീഡിയ എന്ന വാക്ക് നമുക്ക് പരിചിതമായിട്ട് ഏറെയൊന്നും ആയിട്ടില്ല, ഫേസ്ബുക്കും ട്വിറ്ററും 'പൊതു' ചുമരുകള്‍ നിര്‍മ്മിച്ച് 'പരസ്യം പതിക്കുക' എന്നെഴുതി വെച്ചതോടെയാണ് സോഷ്യല്‍ മീഡിയ എന്ന പ്രയോഗത്തിന് വ്യാപ്തി കൈവന്നത്. ഓരോ വ്യക്തിക്കും  ചിന്തകളും അഭിരുചികളും  പരസ്യപ്പെടുത്താന്‍ കിട്ടിയ ചുമരുകളില്‍ കണ്ടുമുട്ടിയ സമാന പരസ്യങ്ങളാണ് ലോകത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന പുതിയ ശക്തിയായി പരിണമിച്ചത്. ജനകീയ വിപ്ലവങ്ങളും തെരെഞ്ഞെടുപ്പ് വിജയങ്ങളും സോഷ്യല്‍ മീഡിയയുടെ അക്കൌണ്ടില്‍ വരവ് വെക്കപ്പെട്ടത് വളരെ പെട്ടെന്നാണ്, ലോകത്തെല്ലായിടത്തും എല്ലാഭാഷകളിലും സര്‍വ്വത്ര അതിര്‍വരമ്പുകളെയും തകര്‍ത്തുകൊണ്ടുള്ള മനുഷ്യന്‍റെ കൂടിച്ചേരല്‍  മനുഷ്യ കുലത്തിന്‍റെ അത് വരെയുള്ള സ്വഭാവിക ഒഴുക്കിനെ ഒന്നു പിടിച്ചു കുലുക്കിയപ്പോള്‍ ഇരുട്ടിന്‍റെ ശക്തികള്‍ ഒന്ന് വിറച്ചുപോയി, ഏകാധിപതികളില്‍ തുടങ്ങി വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് പഴയ പോലെ ഉറങ്ങാന്‍ പറ്റാതായി, മടിയില്‍ കനമുള്ളവര്‍ക്കെല്ലാം പേടികലശലായ നാളുകളില്‍  മാന്യതയുടെ മുഖം മൂടികള്‍ കൊഴിഞ്ഞു വീണത് കൂട്ടത്തോടെയാണ്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും മാത്രമല്ല വിശുദ്ധ പശുക്കളായ മാധ്യമങ്ങള്‍ വരെ ഉടുതുണി വലിച്ചു കീറപ്പെട്ട ജാള്യതയില്‍ മുഖത്തോട് മുഖം നോക്കി നിന്നുപോയ നാളുകള്‍ പക്ഷേ പെട്ടെന്നവസാനിച്ചു, ആരാണോ സോഷ്യല്‍ മീഡിയയെ ഭയപ്പെട്ടിരുന്നത് അവരെല്ലാം അതിന്‍റെ വക്താക്കളായി മാറുകയും മറ്റൊരു ചൂഷണോപാധിയായി സോഷ്യല്‍ മീഡിയയെ മാറ്റിയെടുക്കുകയും ചെയ്തത് വളരെപ്പെട്ടെന്നാണ്.

Thursday, 21 August 2014

ആദിവാസികളുടെ നില്‍പ്പ് സമരം മലയാളിയോട് പറയുന്നത്....

തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് പറയാറുണ്ട്, ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇത് നൂറു ശതമാനം ശരിയാണെന്ന് പറയേണ്ടി വരും. വയനാട്ടില്‍ നിന്നെത്തിയ കുറെ ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ്പ് സമരം തുടങ്ങിയത് ജൂലൈ 9 നാണ്. ഒന്നര മാസം പിന്നിട്ടപ്പോഴും അവര്‍ നില്‍പ്പ് തുടരുകയാണ്. രാഷ്ട്രീയ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന തെമ്മാടികള്‍ തിരിഞ്ഞു നോക്കുന്നില്ല, ആദിവാസികള്‍ ഇനി എന്തു ചെയ്യണം? എത്ര കാലം ഇങ്ങനെ നില്‍ക്കണം? ആദിവാസികളെ പ്രകോപിതരാക്കി വീണ്ടും തോക്കെടുക്കാനും  അക്രമം നടത്താനും പ്രേരിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന മാധ്യമപ്പരിഷകളെയും  ആദിവാസികള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാത്രം കടമയായി എഴുതിത്തള്ളിയ  പൊതു സമൂഹത്തെയും തിരണ്ടി വാലുകൊണ്ടടിക്കേണ്ട സമയം അതിക്രമിച്ചില്ലേ....?


Tuesday, 19 August 2014

ബഷീറ് നല്ലവനാ... പക്ഷേ ആ സതീശന്‍.....?!

നൊസ്റ്റാള്‍ജിയയുടെ അനുഭൂതി തേടി പോകാന്‍ ഇഷ്ട്ടപ്പെടുന്ന ഒന്നാമത്തെ ഇടം എന്‍റെ ഹൈ സ്കൂളിന്‍റെ പരിസരം തന്നെയാണ്, നീണ്ട ഇടവേളക്ക് ശേഷം ഈയിടെ ആ വഴിയൊന്ന് പോകാന്‍ അവസരം ലഭിച്ചു. സ്കൂളും പരിസരവും ആകെ മാറിയിട്ടുണ്ടെങ്കിലും മാറാതെ നില്‍ക്കുന്ന ഒന്നുണ്ട്. ചന്ദ്രേട്ടന്‍റെ ചായക്കട. സ്കൂള്‍ കോമ്പൌണ്ടിനോട് ചേര്‍ന്നുള്ള സ്വന്തം വസ്തുവില്‍ ചന്ദ്രേട്ടന്‍ ചായക്കട തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായിക്കാണും, ജീവിക്കാന്‍ വേറെ 'വഴിയുള്ള' ചന്ദ്രേട്ടന് പിള്ളാര്‍ക്ക് വേണ്ടി മാത്രമുള്ള ആ ചായക്കട കുട്ടികളില്ലാത്തതിന്റെ ദുഖം മറക്കാനുള്ള ഒറ്റമൂലിയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ചോറ് പൊതിയും, വലിയ ടെസ്റ്റ് ബുക്കുകളും തുടങ്ങി 'വിലപ്പെട്ട' പലതും സൂക്ഷിച്ചിരുന്നത് ചന്ദ്രേട്ടന്‍റെ കടയിലാണ്, പോകുമ്പോഴും വരുമ്പോഴും സ്ഥിരമായി അവിടെ ഹാജര്‍ വെക്കും. ഇത്തവണത്തെ യാത്രയും അവിടെ ഹാജര്‍ വെച്ചു കൊണ്ട് തുടങ്ങാം എന്ന്‍ തീരുമാനിച്ചു, സ്കൂളിന്‍റെ പരിസരത്തുള്ള 'ക്ലാസ്സ്മേറ്റ്സില്‍' പലരും ഇന്നും മുടങ്ങാതെ അവിടെ ഒപ്പുവെക്കുന്നവരാണ്, എല്ലാവരെക്കുറിച്ചുമുള്ള 'അടിസ്ഥാന വിവരങ്ങള്‍' ചന്ദ്രേട്ടനില്‍ നിന്ന് ലഭിക്കും.

Wednesday, 13 August 2014

മലയാള മാധ്യമങ്ങളും മൂന്ന് പെണ്ണുങ്ങളും; ഒരു മത സൌഹാര്‍ദ്ദ ചരിതം

വല്ലാത്തൊരു സ്ഥിതിയിലാണ് മലയാളത്തിലെ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും തൊട്ടതിനും പിടിച്ചതിനുമൊക്കെ സമൂഹത്തിലെ 'മാന്യന്‍മാര്‍' മാധ്യമങ്ങളെ പഴിചാരുകയാണ്, നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു, ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു... എന്തൊക്കെ ആരോപണങ്ങളാണ്!! മാധ്യമ പ്രവര്‍ത്തകന്‍റെ ഐഡന്‍റിറ്റി കഴുത്തില്‍ തൂക്കി ഒറ്റക്ക് നടക്കാന്‍ പോലും പേടിയായി തുടങ്ങിയിരിക്കുന്നു, ഏത് നിമിഷവും സഹികെട്ട ജനം കൈവെക്കുമെന്ന അവസ്ഥയാണ്! സോഷ്യല്‍ മീഡിയയിലെ ആക്റ്റിവിസ്റ്റുകള്‍ക്കാണെങ്കില്‍ രാവിലെ എഴുന്നേറ്റാല്‍ പല്ല് തേക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ രണ്ടു തെറിവിളിച്ചില്ലെങ്കില്‍ അന്ന് ശോദന കിട്ടില്ല എന്നായിരിക്കുന്നു, പത്രക്കാര്‍ക്കോ ചാനലുകാര്‍ക്കോ വല്ല അബദ്ധവും പറ്റിയാല്‍ വിളിച്ചു കൂവാന്‍ ആക്രാന്തം കാണിക്കുന്ന ഇവന്മാരൊന്നും നല്ലത് കണ്ടാല്‍ മിണ്ടില്ല, അടുത്തയിടെ മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഒരു മത സൌഹാര്‍ദ്ദ യജ്ഞ്ജത്തെ അവഗണിച്ചു കളഞ്ഞ 'മാന്യന്മാരോടുള്ള' പകയാണ് ഈ പോസ്റ്റ് 

Friday, 1 August 2014

വി ടി ബലറാം വേട്ടയാടപ്പെടുമ്പോള്‍....

തൃത്താല എം എല്‍ എ യും കോണ്‍ ഗ്രസ്സിന്റെ യുവനേതാക്കളില്‍ പ്രമുഖനുമായ വി ടി ബലറാം സോഷ്യല്‍ മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹത്തെ അറിയാം, 140 എം എല്‍ എ മാരുള്ള കേരളത്തില്‍ എല്ലാ മലയാളികള്‍ക്കും പേരുപറഞ്ഞാല്‍ അറിയാവുന്ന വിരലില്‍ എണ്ണാവുന്ന എം എല്‍ എ മാരില്‍ ഒരാളാണ് അദ്ദേഹം. പതിറ്റാണ്ടുകളായി നിയമസഭയില്‍ ഇരിക്കുന്ന തെക്കന്‍ കേരളത്തില്‍ ഉള്ള പല നേതാക്കളുടെയും പേരുപറഞ്ഞാല്‍ മലബാറുകാര്‍ക്ക് അറിയില്ല, മലബാറിലെ 'പ്രമുഖരായ' പല നേതാക്കളെയും പറഞ്ഞാല്‍ തെക്കുള്ളവര്‍ക്കും അറിയില്ല, പലതവണ മന്ത്രിമാരും, പ്രമുഖ പാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനം വഹിച്ചവരുമായ ചിലരെ മാത്രമേ കേരളത്തിന് 'മൊത്തത്തില്‍' പരിചയമുള്ളൂ , ഈ സുപ്രസിദ്ധര്‍ക്കൊപ്പം വി ടി ബലറാം എങ്ങനെ സ്ഥാനമുറപ്പിച്ചു എന്ന് പഠിക്കേണ്ടതാണ്
(വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ അമ്മയെ തല്ലിയാല്‍ അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്‌)

Sunday, 20 April 2014

പ്രവാചക സ്നേഹവും രണ്ടുതരം മുസ്ലിംകളും........

ഫേസ്ബുക്കിലെ റൈറ്റ് തിങ്കേര്‍സ് ഗ്രൂപ്പില്‍ ഇടക്കിടെ കാണാറുള്ള പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ ക്കുറിച്ചുള്ള ചില ചര്‍ച്ചകളാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പ്രേരകം.പ്രവാചകനെക്കുറിച്ചുള്ള മിക്ക ചര്‍ച്ചകളിലും  മുസ്ലിംകള്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം... എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി  ഈ രണ്ടു ഗ്രൂപ്പുകളും വ്യത്യസ്ഥ രീതിയിലാണ് പ്രവാചകനെ വിശ്വസിക്കുന്നത് എന്നാണ്. ഫെയിസ് ബുക്കില്‍ മാത്രമല്ല മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ഉടനീളം ഈ രണ്ടുതരം മുസ്ലിംകളെ കാണാം, രണ്ടുതരം മുസ്ലിംകള്‍ എന്നു തന്നെ പറയാന്‍ കാരണം ഒരാള്‍ മുസ്ലിം ആയിരിക്കാന്‍ പ്രവാചനിലുള്ള വിശ്വസം അല്ലാഹുവിലുള്ള വിശ്വസം പോലെ തന്നെ പ്രധാനമാണ് എന്നതുകൊണ്ടാണ്.  രണ്ടുതരത്തില്‍ വിശ്വസിക്കുന്നവരെ ഒരേ തരം വിശ്വാസികള്‍ എന്നു പറയാന്‍ പറ്റില്ലല്ലോ.

Saturday, 15 March 2014

ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട്?

തെരെഞ്ഞെടുപ്പ് വിജ്ഞ്ജാപനം വന്നു, കാര്യങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന ചോദ്യത്തിന് കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, "വരട്ടെ ആര്‍ക്കെങ്കിലും ഒന്ന് കുത്തണം, ഒക്കെ കണക്കാന്നേ" , എന്നാല്‍ ഈ വര്‍ഷം അതില്‍ മാറ്റമുണ്ട്, കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ നടന്നത് 'സെലക്ഷന്‍' ആയിരുന്നു ഉള്ളതില്‍ നിന്ന് ഒന്നിനെ തെരെഞ്ഞെടുക്കുക, രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ജനാധിപത്യത്തില്‍ പങ്കാളിയാവാന്‍ ഏതെങ്കിലും ഒന്നിന് കുത്തിയേ പറ്റൂ, ഈ തവണ അതില്‍ മാറ്റം ഉണ്ട് ആം ആദ്മി പാര്‍ട്ടി വ്യത്യസ്ഥമാണ്.

Friday, 14 March 2014

എം പി മാരെ തെരെഞ്ഞെടുക്കുമ്പോള്‍......

വീട്ടില്‍ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ ഒരു ടൂഷ്യന്‍ ടീച്ചറെ വേണമെന്ന് കരുതുക. എന്തായിരിക്കും നിങ്ങളുടെ മാനദണ്ഡം?. ടീച്ചര്‍ക്ക് നന്നായി കുക്ക് ചെയ്യാന്‍ അറിയണം, പട്ടിയെ കുളിപ്പിക്കാന്‍ അറിയണം, പാട്ടുപാടാന്‍ അറിയണം...ഒഴിവ് സമയത്ത് ടീച്ചര്‍ക്ക് ഇതൊക്കെ ചെയ്യാമല്ലോ... അത് കൊണ്ട് ഈ കഴിവുകളൊക്കെ പരിഗണിച്ച് ആകുമോ ടീച്ചറെ വെക്കുന്നത്? അതോ അവര്‍ക്ക് കണക്ക് പഠിപ്പിക്കാന്‍ അറിയുമോ എന്നാണോ അന്വേഷിക്കുക? അഞ്ചു കൊല്ലം ട്യൂഷന്‍ എടുക്കാന്‍ വന്ന ടീച്ചര്‍ വീണ്ടും ജോലിക്ക് അപേക്ഷിച്ചാല്‍ കണക്കില്‍ നയാപൈസയുടെ വിവരമില്ലാത്ത ടീച്ചറെ അവര്‍ നന്നായി പാട്ടുപാടും പിള്ളേര്‍ക്കൊരു നേരമ്പോക്കാകുമല്ലോ, അവര്‍ നന്നായി ബിരിയാണി യുണ്ടാക്കും നമുക്ക് ഉരുട്ടി വിഴുങ്ങാമല്ലോ എന്ന് കരുതി നിങ്ങള്‍ 'ട്യൂഷന്‍' ടീച്ചറാക്കി നിയമിക്കുമോ? അതോ കണക്കില്‍ അവര്‍ക്ക് എത്രത്തോളം വിവരമുണ്ട്, കുട്ടികളെ പഠിപ്പിക്കാന്‍ അറിയാമോ എന്ന കാര്യമാണോ ഏറ്റവും പ്രാഥമീകമായി പരിഗണിക്കുക?

Wednesday, 12 March 2014

അമൃതാനന്ദമയിയെ കല്ലെറിയുന്നവരോട്....

അമൃതാനന്ദമായിക്കെതിരെ, മുന്‍ സന്തത സഹചാരി ഗെയില്‍ ട്രേഡ്  വെല്‍ പുസ്തകത്തിലൂടെ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ എങ്ങുമെത്താതെ എന്നാല്‍ പിടിവിടാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, കേരളീയ സമൂഹത്തില്‍ നിന്ന് അമ്മയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരുടെ മനസ്ത്ഥിതി എന്താണ്?
ഒരു അമ്മ അനുഭവത്തില്‍ നിന്ന് തുടങ്ങാം.
നാലു വര്‍ഷം മുമ്പ്, ദുബായി യാത്രക്കിടെ ഒരു സുഹൃത്തിനെക്കാണാന്‍ ജബല്‍ അലിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി,

Tuesday, 4 March 2014

അമ്മയും കാന്തപുരവും മാധ്യമത്തിന്റെ ചുവടുമാറ്റവും.

മാധ്യമം പത്രത്തെക്കുറിച്ച് ഈ ബ്ലോഗ്ഗില്‍ ഒന്നിലേറെ തവണ എഴുതിയിട്ടുണ്ട്, മാധ്യമത്തിന്റെ ഉടമസ്ഥരായ ജമാഅത്തെ ഇസ്ലാമിയോടു പലകാര്യങ്ങളിലും വിയോജിക്കുമ്പോള്‍ പോലും മാധ്യമം മലയാളി സമൂഹത്തില്‍ ഒരു അനിവാര്യതയാണെന്ന്  വിശ്വസിക്കുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും ശക്തമായ അംഗീകാരം നേടിയെടുക്കാന്‍ മാധ്യമത്തിന് കഴിഞ്ഞത് അതിന്റെ നിലപാടിലെ സത്യസന്ധത കൊണ്ടാണ്. കോപ്പികളുടെ എണ്ണത്തെക്കാള്‍ വിശ്വാസ്യതയ്ക്കും മാന്യതയ്ക്കും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാധ്യമം തന്നെയാണ് കേരളത്തിലെ ഒന്നാമത്തെ പത്രം. കാല്‍നൂറ്റാണ്ടിന്‍റെ പ്രയാണത്തിനിടയില്‍ നാടോടുംബോള് നടുവെ ഓടാനുള്ള പ്രവണത ചിലപ്പോഴൊക്കെ മാധ്യമത്തില്‍ കണ്ടിട്ടുണ്ടെങ്കിലും നാടിനെയും മറികടന്ന് കൊണ്ട് ഓടാനുള്ള ആവേശം കണ്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്, വെള്ളിമാടുകുന്നിലെ ഹെഡ് ആഫീസില്‍ നിയമിതരായ ന്യൂജനറേഷന്‍ മാനേജര്‍മാരുടെ  പരിഷ്കാരമാണോ ചുവടുമാറ്റത്തിന് കാരണം എന്നറിയില്ല, ഏതായാലും കണ്ണടച്ചുള്ള ഈ പാലുകൂടി കണ്ണുള്ള ചിലര്‍ കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ. 

Monday, 3 March 2014

ഒരു ഭീകരാക്രമണം മണക്കുന്നുവോ...?

ഇന്ത്യ അഴിമതിയുടെ കൂത്തരങ്ങാണ് എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല, ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പ് ഏതാണെന്ന് ചോദിച്ചാലും ഒരേയൊരു ഉത്തരമേയുള്ളൂ ..പ്രതിരോധവകുപ്പ്, ഏറ്റവും അവസാനം റോള്‍സ് റോയ്സുമായി ബന്ധപ്പെട്ട ഇടപാടില്‍ നടന്ന അഴിമതി അന്വേഷിക്കാന്‍ പ്രതിരോധമന്ത്രി ആന്‍റണി ഉത്തരവിട്ടത് വെറും 24 മണിക്കൂര്‍ മുമ്പാണ്. ഓരോ വര്‍ഷവും ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കുന്നത് പ്രതിരോധത്തിനാണ്, ആരെ പ്രതിരോധിക്കാന്‍ എങ്ങനെ പ്രതിരോധിക്കാന്‍ എന്നൊന്നും ചോദിക്കാന്‍ പൊതുജനത്തിന് അവകാശമില്ല, വിഷയം രാജ്യ രക്ഷയുമായി ബന്ധപ്പെട്ടതാണ്, ചോദിച്ചവന്‍ ആപ്പിലാകും, പ്രത്യക്ഷത്തില്‍ ഒരു യുദ്ധവും നടക്കാത്ത രാജ്യത്ത് ചില 'നിഴല്‍'യുദ്ധങ്ങള്‍ നടത്തി രാജ്യം അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് ആയുധ ഇറക്കുമതി കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ആക്രമണങ്ങള്‍ക്ക് പ്രോല്‍സാഹനവും പണവും നല്‍കുന്നത് എന്ന രഹസ്യം പുറത്തു പറയാന്‍ കഴിയില്ല. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന്‍ അന്വേഷിക്കാന്‍ ചന്ദ്രായന്‍ പറഞ്ഞയച്ച് ലോകത്തെ ഞെട്ടിച്ചു കളഞ്ഞ ഇന്ത്യാ മഹാരാജ്യം, വെറും തോക്കുകളും വെടിക്കോപ്പുകളും കോടികള്‍ മുടക്കി മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ചോദിച്ചു കൂട.

ഭീകരാക്രമണങ്ങള്‍ വരുന്ന വഴി.....

പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ചിത്രം മാറുകയാണ്, പരമാവധി നൂറു സീറ്റുകള്‍ നേടാന്‍ കഴിയും എന്നതിലപ്പുറം കോണ്‍ഗ്രസ്സ് ചിത്രത്തിലില്ല, കോടികള്‍ വാരിയെറിഞ്ഞു കൊണ്ടുപിടിച്ച പ്രചരണങ്ങളും പെയ്ഡ് സര്‍വ്വേയുമായി മോഡി കുതിക്കുന്നു എന്ന് തോന്നുമെങ്കിലും സംഗതി കുതിപ്പല്ല കിതപ്പാണ് എന്ന് സൂക്ഷിച്ചു നോക്കുന്നവര്‍ ഒന്നടങ്കം പറയുന്നു, ഭരണത്തില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഈ തെരെഞ്ഞെടുപ്പിലെ താരം കെജ്രിവാള്‍ തന്നെയാണ്, റിലയന്‍സ് അടക്കം കുത്തക കമ്പനികളുടെ ദല്ലാളുമാരാണ്  ഇന്ത്യഭരിക്കുന്നതെന്ന് ഇത്ര ഉച്ചത്തില്‍ ഒരാള്‍ വിളിച്ച് പറയുന്നത് ആദ്യമായാണ് , ആം ആദ്മിയെയും അതിന്റെ പ്രചരണങ്ങളെയും എങ്ങനെ ഒതുക്കാം എന്ന ഗവേഷണത്തിലാണ് 'മുഖ്യധാര' പാര്‍ട്ടികളൊക്കെയും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏറ്റവും ബലഹീനമായ ഒരിടത്തുകൂടി ഒരു ആക്രമണം മണക്കുന്നുണ്ട്, അങ്ങനെ ഒരു ആക്രമണം വന്നാല്‍  ആം ആദ്മിയും 'വിഷണ്ണരായി' നിന്ന് പോകുകയെ ഉള്ളൂ എന്ന്   ഇത് വരെയുള്ള അനുഭവം വെച്ചു പറയാന്‍ കഴിയും.
കാര്യം മനസ്സിലാവണമെങ്കില്‍ ആം ആദ്മികള്‍ ഒരല്‍പം സമചിത്തതയോടെ വായിക്കണം. 

Tuesday, 25 February 2014

വി എം സുധീരന്‍; അഴിഞ്ഞു വീണത് മുഖം മൂടിയോ, ഉടുതുണിയോ?

ഒരു സാധാരണ മലയാളിയെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി കണ്ടു വരുന്നത്, രാഷ്ട്രീയത്തില്‍ ഇനിയും അന്യം നിന്ന് പോയിട്ടില്ലാത്ത സാമൂഹ്യ ബോധത്തിന്റെയും , പരിസ്ഥിതി-സഹജീവി പരിഗണയുടെയും പ്രതീകങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെട്ടിരുന്ന വി എം സുധീരന്‍ എന്ന വിഗ്രഹം ഉടഞ്ഞു വീണിരിക്കുന്നു,  ദിവസങ്ങള്‍ കൊണ്ടാണ്  മലയാളി സമൂഹത്തിന് മുമ്പില്‍ വി എം സുധീരന്‍ നഗ്നനാക്കപ്പെട്ടത്, ഉടുതുണി പറിച്ചെറിഞ്ഞുള്ള ഈ നില്‍പ്പ് അസഹനീയമാണ്. കെ പി സി സി പ്രസിഡന്‍റിനെ നിയമിക്കുന്നത് ഒരു വര്‍ഷം മുമ്പാണെങ്കില്‍ ചിത്രത്തില്‍ എവിടേയും സുധീരന്‍ ഉണ്ടാവില്ലായിരുന്നു, ആംആദ് മി ഇഫക്‍ടാണ് എല്ലാ താപ്പാനകളെയും മറികടന്നു കൊണ്ട്, മുഖ്യമന്ത്രിയെപ്പോലും അവഗണിച്ചു കൊണ്ട് സുധീരനെ തെരെഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പ്രേരണയായത്, ജനപക്ഷത്ത് നില്‍ക്കുന്ന, സ്വന്തമായി നിലപാടുള്ള, അഴിമതിക്കാരനല്ലാത്ത രാഷ്ട്രീയക്കാരന്‍ എന്ന സല്‍പേര് തന്നെയാണ് തെരെഞ്ഞെടുക്കപ്പെടാനുള്ള ഏക മാനദണ്ഡവും.

Friday, 21 February 2014

കേരളത്തില്‍ ഭരണമാറ്റം ആസന്നം; ആരാവും അടുത്ത മുഖ്യമന്ത്രി?

ഇടത്-വലത് മുന്നണികള്‍ മാറി മാറി അഞ്ചു വര്‍ഷം വീതം ഭരിക്കുക എന്ന കേരളമോഡലിന് തിരശ്ശീല വീഴാന്‍പോകുന്നു. ഏതാനും മാസങ്ങളായി അടക്കം പറച്ചിലുകള്‍ മാത്രമായിരുന്ന ഭരണമാറ്റ ചര്‍ച്ച   കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയിലാണ് വല്ലാതെ ചൂടുപിടിച്ചത്. ടി പി വധത്തിലെ ഗൂഡാലോചന സി ബി ഐ അന്വേഷിക്കട്ടെയെന്ന് തീരുമാനിച്ചതോടെ സര്‍ക്കാരിനെ താഴെ ഇറക്കാതെ നിവര്‍ത്തിയില്ലെന്ന്  സി പി എം തിരിച്ചറിഞ്ഞിരിക്കുന്നു, ഒരു തെരെഞ്ഞെടുപ്പിലേക്ക് എടുത്തുചാടാനുള്ള 'ബുദ്ധിമോശം' കാണിക്കാന്‍ സി പി എം ഒരുക്കമല്ല, കയ്യാലപ്പുറത്ത് ഇരിക്കുന്ന ഉമ്മഞ്ചാണ്ടി സര്‍ക്കാരിനെ മറിച്ചിട്ട് ഒരു പുതിയ തട്ടിക്കൂട്ടിനുള്ള ശ്രമമാണ് നടക്കുന്നത്.   തിരുവനന്തപുരത്ത് നടക്കുന്ന ഭരണമാറ്റ .അണിയറ നാടകത്തിലെ  വിദൂഷകന്‍റെ റോള്‍ പി സി ജോര്‍ജ്ജിനാണ്, അണിയറയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടാം. 

Thursday, 20 February 2014

കള്ളന്‍ ഭാസ്കരനും മലയാള മനോരമയും

എന്‍റെ നാട്ടില്‍ ഒരു കള്ളനുണ്ടായിരുന്നു, ഭാസകരന്‍. ചേക്കിന്റെ മീശമാധവനെപ്പോലെ ഗ്രാമത്തിന്‍റെ ആസ്ഥാന കള്ളന്‍, കള്ളന്‍ ഭാസ്കരന്‍ എന്ന് നാട്ടുകാര്‍ വിളിക്കുമെങ്കിലും വെറുമൊരു കള്ളന്‍ മാത്രമായിരുന്നില്ല ഭാസ്കരന്‍, നാട്ടിലെ അറിയപ്പെടുന്ന കഥികനും   കൂടിയായിരുന്നു, വെടിവഴിപാട് കഥകള്‍  സരളമായി അവതരിപ്പിക്കാനുള്ള വല്ലാത്തൊരു കഴിവുണ്ടായിരുന്നു ഭാസ്കരന്, അതുകൊണ്ട് തന്നെ ഒളിഞ്ഞും തെളിഞ്ഞും ഭാസ്കരന്‍റെ വഴിപാട് കഥ കേള്‍ക്കാത്തവര്‍ വിരളം, ഭാസ്കരന്‍റെ കഥ  കേട്ടാല്‍ തന്നെ ഒരു വിധപ്പെട്ടവര്‍ക്കൊക്കെ 'രതി മൂര്‍ച്ച' ലഭിച്ചിരുന്നു എന്നൊരു സ്വകാര്യവും കൂടിയുണ്ട് കേട്ടോ... ഭാസകരന്‍ പറയുന്ന കഥകളിലെ നായികമാര്‍ മിക്കവരും നാട്ടിലെ നല്ല വീടുകളിലെ പെണ്ണുങ്ങളാണ്, ഭാസ്കരന്‍ കഥാനായകനായി എത്തുന്നത് അപൂര്‍വ്വമാണ്, എപ്പോഴും ദൃക്സാക്ഷിയാണ് ഭാസ്കരന്‍, .

Wednesday, 19 February 2014

SDPI മഅദനിയെ മല്‍സരിപ്പിക്കണം.

ഇതെന്തെഡേയ് ഇത്.... ഒരുമാതിരി അലുവയും മത്തിക്കറിയും പോലെ, സി പി എം വി എം സുധീരനെ മല്‍സരിപ്പിക്കണം എന്ന് പറയും പോലെ, പി‌ഡി‌പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ വേറൊരു പാര്‍ട്ടി മല്‍സരിപ്പിക്കണമെന്നോ? അതെ അത് തന്നെയാണ് കാര്യം.
മഅദനിയെക്കുറിച്ച്   ഒരു വിശദീകരണം ആവശ്യമില്ലല്ലോ.... പത്ത് വര്‍ഷം ചെയ്യാത്ത കുറ്റത്തിന് വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുക, വീണ്ടും അതെ നിയമ വ്യവസ്ഥിതിയില്‍ വിചാരണ തടവുകാരനായി വര്‍ഷങ്ങള്‍ ,  ശരീരത്തെ വിവിധ രോഗങ്ങള്‍ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുമ്പോള്‍ 'ജാമ്യം' നല്‍കാന്‍ ഉന്നത നീതി പീഢം കനിയാതിരിക്കുക, ഒരു വികലാംഗന്‍ എന്ന പരിഗണ പോലും കൊടുക്കാതെ പീഡിപ്പിക്കുക.... ഇന്ത്യയില്‍ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതീകം മഅദനിതന്നെയാണ്, കൊല്ലപ്പെട്ടവര്‍ നിരവധിയുണ്ടാവാം, ജയില്‍വാസം അനുഭവിക്കുന്നവര്‍ ആയിരക്കണക്കിനുണ്ട്, പക്ഷേ ഒരു പൊതു പ്രവര്‍ത്തകന്‍ ഭരണകൂടത്തിന്‍റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്നതിന് മഅദനിയെക്കാള്‍ ക്രൂരമായ ഉദാഹരണങ്ങള്‍ വേറെയില്ല, സുപ്രീം കോടതി വരെ എത്തിനില്‍ക്കുന്ന, പലതവണ തള്ളിയും മാറ്റിവെച്ചും ഒരു പ്രതീക്ഷയുമില്ലാതെ കിടക്കുന്ന ജാമ്യാപേക്ഷ മാത്രമാണ് 'ദുനിയാവില്‍ ' ആ മന്‍ഷ്യന്‍റെ പ്രതീക്ഷ. 
ഇന്ത്യന്‍ മനസാക്ഷിയുടെയും സുപ്രീം കോടതിയുടെയും കണ്ണുതുറപ്പിക്കാന്‍ മഅദനിക്കു മുമ്പില്‍ ഇനി ഒരു വഴിയേ ഉള്ളൂ.... ലോക് സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുക. 

Tuesday, 18 February 2014

Tolerance; പാണക്കാട് തങ്ങന്‍മാരില്‍ മാതൃകയുണ്ടോ?

Tolerance = the ability or willingness to tolerate the existence of opinions or behaviour that one dislikes or disagrees with: മലയാളത്തില്‍ ഇതിനെ നിര്‍വചിക്കാന്‍ ഒറ്റവാക്കുണ്ടോ? സഹനം , സഹിഷ്ണുത ...തുടങ്ങി പലതുമുണ്ടെങ്കിലും ഒറ്റവാക്കില്‍ പറയുക പ്രയാസകരം,  നമുക്ക്  ഇഷ്ടമില്ലാത്ത കാര്യത്തെയും അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ് എന്ന് സാമാന്യമായി പറയാം. tolerance എന്ന് കേട്ടിട്ടില്ലാത്തവര്‍ പോലും ജീവിതത്തില്‍ ഒരു പാട് tolerate ചെയ്യുന്നുണ്ട്. ഭാര്യയിലും, ഭര്‍ത്താവിലും, കുട്ടികളിലും, അച്ഛനമ്മമാരിലും, സുഹൃത്തുക്കളിലും, സഹപ്രവര്‍ത്തകരിലും എല്ലാം നമുക്കിഷ്ടപ്പെടാത്ത പലതും ഉണ്ടെങ്കിലും നാം അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്, ഈ ഒരു അഡ്ജസ്റ്റ്മെന്‍റ് ആണ് മനുഷ്യനെ ഒരു സാമൂഹ്യ ജീവിയായി നിലനിര്‍ത്തുന്നത്, ഒരു പക്ഷേ മനുഷ്യ സമൂഹത്തിന്റെ സൌന്ദര്യം പോലും ഈ tolerance തന്നെയാണ്. 

Wednesday, 15 January 2014

വി എസ് ഒരു 'പെരിയ' ആപ്പാണ്, ആപ് കാരാ

ആം ആദ്മിയെക്കുറിച്ച് പറയാനെ എല്ലാവര്‍ക്കും സമയമുള്ളൂ , ആപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും.....ഉപദേശങ്ങളും കാര്യങ്ങള്‍ പൊടിപൊടിക്കുകയാണ്. ന്യൂസ് ഹവറുകാരുടെ തീന്‍മേശയില്‍  ആം ആദ്മികള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഭവമായി സ്ഥാനം പിടിച്ചിരിക്കുന്നു. തരക്കേടില്ലാത്ത പെര്‍ഫോര്‍മന്‍സ് ചാനലുകളില്‍ അവര്‍ കാഴ്ചവെക്കുന്നുണ്ട് എന്ന് സമ്മതിക്കുകയും വേണം. പക്ഷേ AAP നേ ക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ "ആട് അറിയുമോ അങ്ങാടി വാണിഭം?" എന്ന് ചോദിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.  വെള്ളവും തീറ്റയും കൊടുത്ത് പ്ലാവില കാണിച്ച് യജമാനന്‍ കൊണ്ടുപോകുന്നത് മാര്‍ക്കറ്റിലെ അറവുശാലയിലേക്ക് ആണെന്ന്‍ തിരിച്ചറിയാതെ തലയും കുലുക്കി സന്തോഷ പൂര്‍വ്വം നടന്നു നീങ്ങുന്ന ആടിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് AAP കേരള ഘടകം.